Wednesday, June 28, 2017

12. മൈലാഞ്ചിച്ചോപ്പ്.

ഭാഗം : പന്ത്രണ്ട്.

ഹസ്ബീ റബ്ബീ ജല്ലാല്ലാ... മാഫീ ഖല്‍ബീ ഖൈറുല്ലാ...
നൂറ് മുഹമ്മദ് സല്ലലാ... ഹഖ്..., ലാഇലാഹാ ഇല്ലല്ലാ...

സല്‍മൂനെ തോളിലിട്ട് വരാന്തയില്‍ നടക്കുന്ന ഉമ്മയുടെ താരാട്ട് അടുക്കളയില്‍ കേള്‍ക്കുന്നുണ്ട്. സാധാരണ ആ തോളില്‍ കിടന്നാണ് അവള്‍ ഉറങ്ങാറുള്ളത്. പക്ഷെ ഇന്ന് ഇപ്പോഴും ഏങ്ങിക്കരച്ചില്‍ അടങ്ങിയിട്ടില്ല. പറ്റിക്കിടക്കുന്ന അവളെ തലോടി അച്ചാലും മുച്ചാലും നടക്കുമ്പോഴും മുഖത്തോട് ചേര്‍ന്നിരിക്കുന്ന അവളുടെ നെറ്റിയില്‍ ഇടക്കിടെ ചുണ്ട് പതിയുന്നുണ്ടവും. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വീട്ടിലെ ആദ്യത്തെ കുട്ടി എന്ന നിലക്ക് എല്ലാവര്‍ക്കും അവളെ വലിയ കാര്യമാണ്. അത് കൊണ്ട് തന്നെ അവളുടെ സന്തോഷം ഇവിടെ എല്ലാവരുടെയും സന്തോഷമാണ്. അവള്‍ക്ക് അസുഖം വന്നാല്‍ പിന്നെ സങ്കടവും... എന്നെങ്കിലും വീട്ടിലേക്ക് പോയാല്‍ വീടുറങ്ങി എന്നാണ് ഉമ്മ പറയാറ്. എല്ലാവരുടെയും ഓമന ആയത് കൊണ്ട് നിലത്തിരുത്തിയാല്‍ ചിണുങ്ങിക്കരയും. മുട്ട് കുത്താന്‍ തുടങ്ങിയത് മുതല്‍ വീട് മൊത്തം അവളെത്തും. നടുമുറിയിലെ കട്ടിലിനിടയില്‍ ഒതുക്കിവെച്ചത് വലിച്ച് പുറത്തിടും. ആരെങ്കിലും എടുക്കാന്‍ ചെന്നാല്‍ കണ്ണിറുക്കിച്ചിരിക്കും... അത് കാര്യമാക്കാതെ വലിച്ചെടുത്താല്‍ ചിണുങ്ങിക്കരയും. ‘കുന്നന്‍ വായ്ക’ യും ‘ഞവര’ നെല്ലും “കല്‍കണ്ടവും“ കൊണ്ട് അവള്‍ക്ക് പൊടി ഉണ്ടാക്കിയത് ഉമ്മ തന്നെ ആയിരുന്നു. അത് ചീന ഭരണിയിലാക്കി തുണികൊണ്ട് മൂടിക്കെട്ടുമ്പോള്‍ ‘ഇതൊക്കെ പടിച്ചോ പെണ്ണേ... ന്റെ കാലം കയിഞ്ഞാല്‍ ഇജ്ജ് ന്നെ ണ്ടാക്കണ്ടി വരും...” എന്ന് പറയുകയും ചെയ്തു. സല്‍മൂന് ഞാനില്ലെങ്കിലും ഉമ്മ മതി. ഉണര്‍ന്ന് കരഞ്ഞാല്‍ ആദ്യം അറിയുന്നതും ഉമ്മ തന്നെ.


നാളെ പെരുന്നാളാണ്. അതിനുള്ളതെല്ലാം തിടുക്കത്തിരുക്കാന്‍ ഒന്ന് തൊട്ടിലില്‍ ഇട്ടതായിരുന്നു. സാധാരണ മഗ് രിബ് കഴിഞ്ഞാല്‍ ഒന്ന് കണ്ണ് ചിമ്മും... അപ്പൊഴാണ് മിക്കവാറും അടുക്കളപ്പണി തീര്‍ക്കാറുള്ളത്. പലവട്ടം ശ്രമിച്ചിട്ടും ഉറങ്ങാതായപ്പോള്‍ സധാരണ പോലെ ഉമ്മ എടുത്തു. മഗ് രിബ് നിസ്കരിച്ച് യാസീനും തബാറക്കയും (ഖുര്‍ആനിലെ അധ്യായങ്ങള്‍) ഓതിക്കഴിഞ്ഞ് അഅദമുസ്സലാത്തും ഹദ്ദാദും (പ്രാര്‍ത്ഥനകള്‍) ചൊല്ലിത്തീര്‍ത്ത് ഇശാ കൂടി നിസ്കരിച്ചെ ഉമ്മ നിസ്കാരപ്പായയില്‍ നിന്ന് എഴുന്നേല്‍ക്കാറുള്ളൂ. അതും കഴിഞ്ഞ് തസ് ബീഹ് മാലയുമായി കോലയിലേക്ക് ഇരിക്കുമ്പോഴേക്ക് പണി തീര്‍ത്ത് ഇശാഉം നിസ്കരിച്ച് ഞാനും കൂട്ടിനെത്തും. ഓത്തുപള്ളിയിലെ കാലവും, വിവാഹവും, പിന്നെ ഭര്‍ത്താവിന്റെ മരണവും പിന്നെ തനിച്ച് മൂന്ന് മക്കളെ പോറ്റാനുള്ള പെടാപാടും എല്ലാം . അങ്ങനെ സംസാരിച്ചിരിക്കുമ്പോഴേക്കും ഓലും (മലബാര്‍ പ്രദേശത്ത് ഭര്‍ത്താവിനെ മുമ്പ് സംബോധന ചെയ്തിരുന്ന രീതി) അനിയന്മാരും എത്തും. വരുന്ന വഴിക്ക് തന്നെ കാരിക്കും കരിമ്പനും പുല്ല് ഇട്ടുകൊടുക്കും, ആട്ടിന്‍ കൂടില്‍ പ്ലാവിലക്കമ്പ് തൂക്കിയിടും. കല്ല്യാണം കഴിഞ്ഞെത്തിയ ശേഷം ആദ്യമായി വാങ്ങിത്തന്നതാണ് പാത്തയെ. കൊണ്ട് വന്നപ്പോള്‍ തന്നെ ഇഷ്ടായി. വെള്ളനിറം, രണ്ട് ചെവിയിലും വെളുത്ത പാണ്ട്... ഓടിച്ചാടി നടക്കുന്ന പ്രായം കഴിഞ്ഞതേ ഉള്ളൂ... വളര്‍ത്തി വലുതാക്കി... ഇപ്പോള്‍ രാവിലെ നാല് ഗ്ലാസ്സ് കറക്കും.


കഞ്ഞി കുടി കഴിഞ്ഞ് അടുക്കളയില്‍ ഉമ്മയും മക്കളും സംസാരിച്ചിരിക്കും. അപ്പോഴേക്ക് പാത്രങ്ങള്‍ കഴുകി ഒതുക്കണം. കല്യാണം കഴിഞ്ഞെത്തിയിട്ട് വര്‍ഷങ്ങള്‍ അഞ്ച് കഴിഞ്ഞു. സ്വന്തം വീട്ടില്‍ നിന്ന് പോരുമ്പോള്‍ മനസ്സ് നിറയെ ഭയമായിരുന്നു. അന്ന് വരെ ‘ബീത്താത്ത‘ എന്ന് വിളിച്ചിരുന്നതിന് പകരം ‘ഉമ്മ‘ എന്ന് വിളിച്ച് തുടങ്ങി. അവര്‍ സ്വന്തം ഉമ്മയെപ്പോലെ തന്നെയായിരുന്നു.

“അല്ലാഹു അക് ബറുല്ലാഹു അകബറുല്ലാഹു അകബര്‍... ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക് ബര്‍... അല്ലാഹു അക് ബര്‍ വലില്ലാഹില്‍ ഹംദ്...”

ദൂരെ പള്ളിയില്‍ നിന്ന് ഉയരുന്ന തക് ബീറിന്റെ ശബ്ദം ചെറുതായെങ്കിലും കേള്‍ക്കുന്നുണ്ട്. പള്ളിയുടെ ജനലിനോട് ചേര്‍ന്ന് നിന്ന് മുക്രികാക്ക രണ്ട് ചെവികളിലും കൈകള്‍ അമര്‍ത്തി, തല ഇത്തിരി ഉയര്‍ത്തിപ്പിടിച്ച് അത്യുച്ചത്തില്‍ ബാങ്ക് വിളിക്കുന്നത് ഓത്തുപ്പള്ളി പ്രായത്തില്‍ നോക്കി നിന്നിട്ടുണ്ട്.. പള്ളിയില്‍ നിന്ന് വീട്ടിലേക്ക് അധികം ദൂരമില്ലാത്തതിനാല്‍ ബാങ്കും തക് ബീറുമൊക്കെ നന്നായി കേള്‍ക്കുമായിരുന്നു. പെരുന്നാള്‍ തലേന്ന് ഉച്ചത്തില്‍ ഉയരുന്ന തക് ബീറിനൊപ്പം വരാന്തയില്‍ അബ്ദുവിന്റെ കൂടെ ഇരുന്ന് ചൊല്ലാറുള്ള കുട്ടിക്കാലം ഓര്‍ത്തു. പെരുന്നാളിന് ദിവസങ്ങള്‍ക്ക് മുമ്പേ ഒരുങ്ങിത്തുടങ്ങും. ഓത്തുപ്പള്ളിയില്‍ നിന്ന് വരുന്ന വഴി മൈലാഞ്ചി ഊരി ഇലയില്‍ പൊതിഞ്ഞ് സൂക്ഷിച്ച് വെക്കും. പെരുന്നാളിന്റെ രണ്ട് ദിവസം മുമ്പേ മൈലാഞ്ചി എല്ലാവരും കൂടി തീര്‍ത്തിരിക്കും. ഒരു വര്‍ഷം ഇച്ചിരി നേരത്തെ ഊരി വെച്ചത് കൊണ്ട് ചീഞ്ഞ് പോയ മൈലാഞ്ചി കണ്ട് കരഞ്ഞതും ആല്‍ പറമ്പില്‍ പോയി ബാപ്പ ഇച്ചിരി മൈലാഞ്ചി കൊണ്ടുവന്നതും ബാല്യകാല ഓര്‍മ്മകളില്‍ തന്നെ.


പെരുന്നാളിനും ദിവസങ്ങള്‍ക്ക് മുമ്പേ കല്‍പ്പൂഴിയും കരിയും ഉപയോഗിച്ച് വീടൊരുക്കും. കട്ടിലും പാത്രങ്ങളും പലകളും (ഇരിക്കാനുള്ള നാലുകാലുള്ള പലക (കൊരണ്ടി)) അടക്കം എല്ലാം പാറത്തിന്റെ ഇല ഉപയോഗിച്ച് ഉരച്ച് കഴുകി വൃത്തിയാക്കും. തൊടിയിലെ ചമ്മല്‍ അടിച്ച് കൂട്ടി കത്തിക്കും... അങ്ങനെ പെരുന്നാളിന് വേണ്ടി വീടും വീട്ടുകാരും നേരത്തെ ഒരുങ്ങും.പെരുന്നാള്‍ തലേന്ന് വീട്ടില്‍ ബഹളമാണ്. മൈലാഞ്ചി അരക്കുന്നത് ഉമ്മയാണ്. പിന്നെ ആദ്യം അബ്ദുവിന് ഉള്ളം കൈയില്‍ മൈലാഞ്ചി ഇട്ട് കൊടുക്കും. ഇശാ നിസ്കാരം കഴിഞ്ഞ് ഉപ്പയും വല്ലിപ്പയും എത്തിയാല്‍ ഭക്ഷണം വിളമ്പും... പിന്നെ കൈ നിറയെ മൈലാഞ്ചിയിട്ട് ചേമ്പില കൊണ്ട് പൊതിഞ്ഞ് ഉറങ്ങാന്‍ കിടക്കും. പക്ഷേ ഉറക്കം ഉണ്ടാവില്ല. നേരം പുലരും മുമ്പേ കഴുകാന്‍ ഒരുങ്ങുമ്പോള്‍ ഉമ്മ പറയും “കൊറച്ചൂടെ കഴിഞ്ഞോട്ടെന്റെ സൈന്വോ... അത് ചോത്തിട്ട് ണ്ടാവൂല്ല.” പക്ഷെ അത് കേള്‍ക്കാന്‍ നില്‍ക്കാതെ കൈകള്‍ നന്നയി കഴുകി കയ്യിലെ ചോപ്പ് കണ്ടാലേ സമാധാനമാവൂ.


പെരുന്നാള്‍ ദിവസം രാവിലെ കുളിച്ചൊരുങ്ങും... അതിരാവിലെ തന്നെ വല്ലിപ്പയും ബാപ്പയും അബ്ദുവും പള്ളിയിലേക്ക് പുറപ്പെടും. അതിന് മുമ്പ് മരപ്പെട്ടി തുറക്കുമ്പൊഴേക്ക് ഞാനും അബ്ദുവും അവിടെ ഓടിയെത്തും. പെട്ടിയില്‍ നിന്ന് അത്തറ് പുറത്തെടുത്ത് പുത്തന്‍ കുപ്പായത്തില്‍ പുരട്ടിത്തരും. ദിവസങ്ങളോളം അതിന്റെ മണം കുപ്പായത്തില്‍ പറ്റിപ്പിടിച്ചിരിക്കും. പിന്നെ ഒരു ഓട്ടമുക്കാലും വല്ലിപ്പയുടെ വക പെരുന്നാള്‍ സമ്മാനമാണ്. കഴിഞ്ഞ വര്‍ഷമാണ് വല്ലിപ്പ മരിച്ചത്. റമദാന്‍ മാസത്തിലെ അവസാനപ്പത്തില്‍... ഓര്‍ക്കുമ്പോഴെല്ലാം കണ്ണ് നിറയും. “സൈനുട്ട്യേ... എന്ന വിളി ഇപ്പോഴും ചെവികളില്‍ നിന്ന് മാഞ്ഞിട്ടില്ല. അസുഖം ഒന്നും ഉണ്ടായിരുന്നില്ല. മരണ ദിവസവും നോമ്പെടുത്തിരുന്നു. നോമ്പ് തുറന്ന് മഗ് രിബ് നിസ്കാ‍രം കഴിഞ്ഞ് കിടന്നതാണ്. വര്‍ഷം ഒന്ന് കഴിഞ്ഞു.

“സൈന്വോ ഈ പെണ്ണ്... ഒറങ്ങ്ണ് ല്ല്യാ...” ഉമ്മയാണ്.
“ന്നാ ഈണ്ട് തന്നാളി... ഓള് ബ്ടെ ഇര് ന്നോളും... ഇങ്ങളെ ചെല്ലിപ്പറച്ചില്‍ (പ്രാര്‍ത്ഥനകള്‍) എല്ലാം മൊടങ്ങീല്ലേ..”
“സാരല്യ... ഇജ്ജ് ബേം ആ പുളിഞ്ചാറ് ശര്യക്കിക്കോ... ഇല്ല്യേങ്കി നാളെ ബട്ക്കിണീന്ന് (അടുക്കളയില്‍ നിന്ന്) കേരാന്‍ നേരണ്ടാവൂല്ല.... ഇജ്ജ് കരിക്കൂട്ണ നേരത്ത് (സന്ധ്യാ സമയം) ഈ പെണ്ണിനേം കൊണ്ട് പെറത്ത് എറങ്ങ്യാ... ചിലപ്പോ അതോണ്ടാവും ഈ സൊര്യക്കേട്..”
“ഇല്ല്യാമ്മാ... ഒള് ഉച്ചക്ക് നന്നായി ഒറങ്ങീക്ക്ണ്.. അതാവും.”
“ന്നാ വേം പണി തീര്‍ക്ക്... “

നിസ്കാരപ്പായയില്‍ നിന്ന് നേരെ അടുക്കളയിലേക്കാണ് ഇറങ്ങിയതാണ്. പെരുന്നാള്‍ ദിവസത്തേക്കുള്ള ചാറും കൂട്ടാനും ഉണ്ടാക്കുമ്പോഴാണ് പതിവുള്ള ‘യാസീനും’ ‘തബാറക്ക’ യും ഓതിത്തീര്‍ത്തത്. ചോറൂറ്റി പുളിഞ്ചാറ് ഒരുക്കുമ്പോഴാണ് അലീമു വന്നത്. കല്ല്യാണം കഴിഞ്ഞെത്തുന്നതിന് മുമ്പേ സുഹൃത്താണ് അലീമു. ഓത്തുപള്ളിയില്‍ നിന്നുള്ള പരിചയം. അവളുടെ വീട് കുറച്ചകലെയാണ്. കല്ല്യാണം കഴിഞ്ഞ് എത്തിയത് തൊട്ടടുത്തേക്കും.
“ഇജ്ജ് മൈലാഞ്ചി അരച്ചോ സൈന്വോ....”
“ഇല്ല്യടീ... ഇതൊന്ന് ഒരുക്കട്ടേ.. പിന്നെ പെണ്ണ് ഒറങ്ങീട്ടും ഇല്ല്യാ...”
“ന്നാ ഞാനും കൂടാ... ഇജ്ജ് ആ തേങ്ങ ചിരണ്ടിയത് (ചിരകിയത്) ഇങ്ങ്ട് കൊണ്ടോ... ഞാന്‍ അരക്കാം...”

തോളില്‍ കിടന്നിരുന്ന കദീജുവിനെ അകത്ത് കൊണ്ട് പോയി കിടത്തി, ചിരകിയ തേങ്ങയും മഞ്ഞളും മൊളകും ജീരകവുമായി അലീമു അരക്കാന്‍ നിന്നു. വേഗം ചോറൂറ്റി കുമ്പളങ്ങ അടുപ്പത്ത് വെച്ചു. ചാറ് കൂടി വെന്ത് ഇറക്കി വെച്ചപ്പോഴേക്കും സമയം കുറെ ആയിരുന്നു. പെരുന്നാള്‍ തലേന്ന് ആയത് കൊണ്ട് ഓല് എത്താന്‍ വൈകും. അലീമുവിന്റെ ഭര്‍ത്താവിന്റെ ഉമ്മയും ഉപ്പയും ജീവിച്ചിരിപ്പില്ല. വീട്ടില്‍ അവളും ഭര്‍ത്താവും ഇപ്പോള്‍ കദീജുവും മാത്രമാണ്... ഭര്‍ത്താവ് വീട്ടിലില്ലങ്കില്‍ അവള്‍ ഓടിയെത്തും. കൂടെ പഠിച്ച കൂട്ടുകാരി അടുത്തുണ്ടായത് കല്യാണം കഴിഞ്ഞെത്തിയ കാലത്ത് വലിയ ആശ്വസമായിരുന്നു.


ആസിയ യുടെ കല്ല്യാണ ദിവസം ആണ് ഈ വിവാഹത്തെ കുറിച്ച് ഉമ്മ, ഉമ്മയോട് പറഞ്ഞത്. അന്ന് ഓത്തുപള്ളിയില്‍ പോവുന്ന പ്രായമായിരുന്നു. പിന്നീട് വീട്ടില്‍ ഉപ്പയും വല്ലിപ്പയും തമ്മിലുള്ള ആലോചനകള്‍ക്കിടെ ഉമ്മ പറഞ്ഞു “ബീത്താത്ത പറഞ്ഞത് ഓല്‍ക്ക് പെണ്‍കുട്ട്യേളില്ല... ഞമ്മളെ കുട്ടിയെ മരോളായല്ല.. മോളായി വേണംന്നാ...”
“ആ ചെക്കന്‍ നാടൊക്കെ വിട്ട് പോയി വന്നതാ... ഒന്നുങ്കൂടെ അലോചിട്ട് പോരെ...” എന്നായി വല്ലിപ്പ.
“അയ് ന് നാളെ തന്നെ കെട്ടിച്ചയക്കൊന്നും വേണ്ട... രണ്ട് കൂട്ടര്‍ക്കും സമ്മതം ആണെങ്കില്‍ നിക്കാഹ് നടത്തിയിടാം... രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞ് കൂട്ടിക്കൊണ്ട് പോയാല്‍ മതി. ” ബാപ്പ പറഞ്ഞു.
“ന്നാ തെറ്റൊന്നുല്ല്യാ... നമ്മക്ക് ആലോയിക്കാം.. ഓന്റെ പ്രായക്കാരോടൊക്കെ ഒന്ന് ചോയ്ക്കണം... വല്ല ബടക്കത്തരൊം ഉണ്ടോന്ന്...”
“അതൊക്കെ നോക്കീട്ട് മതി ഏതായാലും...”


ദിവസങ്ങള്‍ക്കകം ആ ആലോചന മുറുകി... പിന്നെ പള്ളിയില്‍ വെച്ച് നിക്കാഹ്... അതും കഴിഞ്ഞ് പുത്തന്‍ തുണിയും കുപ്പായവുമായി ബീത്താത്ത വന്നു. പുത്തനുടുപ്പ് കിട്ടുന്നതിനപ്പുറം വിവാഹത്തെ കുറിച്ച് ഒന്നുമറിയാത്ത പ്രായം.പിന്നീട് ഓത്തുപ്പള്ളിയില്‍ നിന്ന് സഹപാഠികളുടെ പരിഹാസത്തിലൂടെയാണ് ഞാന്‍ വിവാഹിതയാണെന്നും ഒരു ഭര്‍ത്താവുണ്ടെന്നും ഉള്ള ബോധം ഉള്ളില്‍ കയറിയത്. നിക്കാഹിന് ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് ഈ വീ‍ട്ടിലെത്തിയത്. വീട് വിട്ടിറങ്ങുമ്പോള്‍ പൊട്ടിക്കരഞ്ഞിരുന്നു... അന്നേവരെ വീട് വിട്ട് തമസിക്കാത്തതിന്റെ ഭയം.. ഉപ്പയും ഉമ്മയും കരഞ്ഞ് കൊണ്ട് തന്നെയാണ് ആശ്വസിപ്പിച്ചത്. കല്യാണപിറ്റേന്ന് ഉദയത്തിന് മുമ്പേ വല്ലിപ്പ എത്തിയിരുന്നു. കണ്ടപ്പോള്‍ രണ്ട് പേരുടേയും കണ്ണ് നിറഞ്ഞു... കുറച്ച് കഴിഞ്ഞ് ഉമ്മയും ബാപ്പയും അബ്ദുവും വന്നു... അവര്‍ പോയ ശേഷമാണ് അലീമു വന്നത്. അന്ന് അത് വലിയ ആശ്വസം ആയിരുന്നു.

“സൈന്വോ ഇജ്ജ് പോയി വെളഞ്ഞീന്‍ എട്ത്ത് വാ... പുള്ളിക്കുത്ത് ഇടണ്ടെ...” അലീമുവാണ്.
“തൊവുത്തിന്റെ എറീല്ണ്ടായിരുന്നു... ഞാന്‍ ഒന്ന് നോക്കട്ടേ...”
മുമ്പെങ്ങോ വെച്ച വെളഞ്ഞീന്‍ കൊള്ളി (ചക്കമുളഞ്ഞിന്‍ തുടച്ചെടുത്ത കമ്പ്) തിരയുമ്പോഴാണ് ഉമ്മ വിളിച്ചത്. “സൈന്വോ ഇജ്ജ് ഒവ്ടെ...”
“ഞാന്‍ ഇവ്ടെ തൊഴുത്തില്ണ്ട് മ്മാ... ആ വെളഞ്ഞീന്‍ കൊള്ളി എടുക്കായിരുന്നു.. ”


കാരിയും കരിമ്പനും മുഖത്തേക്ക് തന്നെ നോക്കി നില്‍പ്പാണ്... പുല്ലൂട്ടില്‍ നോക്കിയപ്പോള്‍ പുല്ല് തീര്‍ന്നിരിക്കുന്നു. രണ്ട് കന്ന് കുടഞ്ഞിട്ടു കൊടുത്തു . പുല്ലൂട്ടിന്‍ പുറത്ത് ഒതുക്കിവെച്ച പിലാവിന്‍ കൊമ്പില്‍ രണ്ടെണ്ണം ആട്ടിന്‍ കൂട്ടിലേക്ക് തിരുക്കിവെച്ചു. അവളും നോക്കിനില്‍പ്പാണ്. സാധാരണ വൈക്കോല്‍ ഇട്ട് കൊടുക്കുമ്പോള്‍ പതിവുള്ളതാണ് പ്ലാവില.


മൈലാഞ്ചി അരക്കുമ്പോള്‍ വരാന്തയില്‍ നിന്ന് ഉമ്മ അന്വേഷിച്ചു... “അന്റെ പണി തീര്‍ന്നോ കുട്ട്യേ... ഇവള് ഒറങ്ങി... ഞാന്‍ കൊണ്ടോടി കെടത്തിക്കൊള്ളാം...”
“ മൈലാഞ്ചി അരക്കാണ് മ്മാ... ഇപ്പ വരാ... “
“ന്നാ വേം നോക്ക്... സൈയ്തു വന്ന്ക്ക്ണ്... ചോറും വെയ്ച്ചിട്ട് ഇങ്ങക്ക് മൈലാഞ്ചി ഇടാന്‍ ഇരിക്കാം...”
“ഞാന്‍ ഇതാ വെരുണൂ....”


രാത്രി കഞ്ഞി കുടി കഴിഞ്ഞ ശേഷമാണ് മൈലാഞ്ചിയുമായി ഇരുന്നത്. മണ്ണെണ്ണ വിളക്കിന്റെ നാളത്തില്‍ കാട്ടി ഉരുക്കിയ വെളഞ്ഞീന് (ചക്ക മുളഞ്ഞിന്) കഴുകി വൃത്തിയാക്കിയ ഉള്ളം കയ്യിലേക്ക് ഇറ്റുമ്പോള്‍ കൈ പൊള്ളുന്നുണ്ടായിരുന്നു. കൈവെള്ള നിറയെ പുള്ളി വെച്ച് അരച്ച മൈലാഞ്ചി പരത്തുമ്പോള്‍ അലീമു അന്വേഷിച്ചു... “സൈന്വോ... ഇജ്ജ് സെയ്തുക്കാന്റെ ഒപ്പം വയനാട്ട്ക്ക് പോണ്ണ്ടോ...”
“ഇല്ല്യാ ആരാ അന്നോട് പറഞ്ഞത്...”
“അല്ല അങ്ങനെ കേട്ടു... അന്നോട് അങ്ങനെ ചോയ്ച്ചപ്പോ ഇജ്ജ് ഇല്ല്യാന്ന് പറഞ്ഞുന്ന് കേട്ട്...”
“ന്നോട് കൂടെ പോരുന്നോന്ന് ചോയ്ച്ചു... അനക്കറീല്ലേ... സല്‍മൂന് ആറ് മാസം കയിഞ്ഞ്ട്ടല്ലേ ഉള്ളൂ... ഉമ്മയും ന്റെ മ്മയും ബാപ്പയും ഒക്കെ പറിണത് ഇപ്പൊ പോണ്ടാന്നാ... ഒലൊക്കെ സമ്മയ്ച്ചാല്‍ വരാന്ന് ഞാന്‍ പറയേം ചെയ്തു... ന്നാലും അന്നോട് ആരാ പറഞ്ഞത്...”
“ന്നോട് ആണ് ചോയ്ച്ചീന്നെങ്കില്‍ ഞാന്‍ അപ്പോ തന്നെ പോരും ന്ന് പറയും...” അലീമു കള്ളച്ചിരിയോടെ മുഖമുയര്‍ത്തി... മറുപടി ഇല്ലാത്തത് കൊണ്ട് മിണ്ടാതിരുന്നു... പക്ഷേ ‘ഞങ്ങള്‍ക്കിടയിലെ രഹസ്യം‘ എങ്ങനെ ഇവളറിഞ്ഞു എന്ന് മനസ്സ് ചോദിച്ചുകൊണ്ടിരുന്നു.

13 comments:

Rasheed Chalil said...

ഭാഗം : പന്ത്രണ്ട്

ആര്‍ബി said...

sho...
pani pattichallo ithiree

perunnaalinte ormakal ezhuthi oru postidaan ninnathaanu... with same mailaanchi and vilanji,,
athippo ivide vaayichu,,


ennaalum ithilenostalgia... athu vere thanne,,,
nammale ezhuth ivideyonnum ethillallo...:)


thank you ithiree,,,
marichu poya uppa, ikka ,, pinne maanhu poya baalyam.. perunnaal.. elllaam manassil odiyethi,,

ഭായി said...

ഇത്തിരീ കഥ നന്നായിട്ടുണ്ട്!
നാട്ടിന്‍പുറത്തെ സാധാരണക്കാരന്റെ പെരുന്നാളിന്റെ പിന്നാംബുറത്തിലൂടെ കഥ പറഞ ശൈലി നന്നായിരിക്കുന്നു!

അഭിനന്ദനങള്‍!

ഇവിടെ എത്താന്‍ വൈകിയതില്‍ ഖേദിക്കുന്നു!
വീണ്ടും വരും.

വാഴക്കോടന്‍ ‍// vazhakodan said...

ഇതൊരു ബുക്കോണ്ടൊന്നും നിക്കില്ലാ ! :) അപ്പോ എന്നാ അടുത്ത പ്രകാശനം ??

ശ്രീ said...

നന്നാകുന്നുണ്ട് മാഷേ.

തുടരന്‍ ആയത് കൊണ്ട് എല്ലാം കൂടെ വായിച്ചെത്തിയ്ക്കാന്‍ പറ്റിയിട്ടില്ല... :(

yousufpa said...

പഴയകാലത്തിന്‍റെ ഓര്‍മ്മച്ചെപ്പില്‍ നിന്നും പെറുക്കിയെടുത്ത മുത്തുകള്‍ക്ക് അനുഭവത്തിന്‍റെ ചുവയുണ്ട്. എഴുത്ത് തുടരുക...എല്ലാ വിധ ഭാവുകങ്ങളും .

yousufpa said...

ബായേന്‍റെ നാക്കും ബാക്കും പൊന്നാകട്ടെ..ആമീന്‍ .

സുല്‍ |Sul said...

ഈ ഭാഗവും നനായിട്ടുണ്ട് ഇത്തിരീ.

ഈ ഡീറ്റയിത്സ് എല്ലാം അനുഭവങ്ങളില്‍ നിന്നാവാനേ തരമുള്ളു. എന്നാലും അതിനും വേണം ഒരു ശ്രദ്ധ. ഭാവുകങ്ങള്‍.

-സുല്‍

പകല്‍കിനാവന്‍ | daYdreaMer said...

ന്റെ ഇത്തിരിയെ..
ജ്ജ് ഒരു ഒന്നാംതരം ഒത്തിരി വെട്ടമാ..!
എല്ലാ വിധ ഭാവുകങ്ങളും.

Mubarak Merchant said...

ന്നാലും അലീമു എന്തായിരിക്കും അങ്ങനെ പറഞ്ഞെ?

Unknown said...

ഒറ്റയിരുപ്പില്‍ എല്ലാം വായിച്ചു, മടുപ്പില്ലാതെ, സമയം പോയതറിഞ്ഞില്ല. മനോഹരമായ അവതരണം.

മുന്‍പ് നിങ്ങളുടെ 'സാര്‍ത്ഥവാഹക സംഘത്തോടൊപ്പം' ഇവിടെ ഇ-മയില്‍ ആയി കിട്ടിയിരുന്നു, എല്ലാം വായിച്ചു. നേരിട്ട് കാണാത്ത സ്ഥലങ്ങളും സംഭവങ്ങളും വിവരിച്ചു കണ്ടപ്പോള്‍, ആ സ്ഥലങ്ങള്‍ നേരിട്ട് കാണാന്‍ ഭാഗ്യം ലഭിച്ച എനിക്ക് വളരെ അധികം അത്ഭുതം തോന്നി. അന്ന് ബ്ലോഗിനെക്കുറിച്ച് അറിയാതിരിന്നുഅത് കൊണ്ട് ഇവിടെ എത്താനും പറ്റിയില്ല.
ഇപ്പോള്‍ ദുബായ് മീറ്റിന്റെ വിവരങ്ങളില്‍ നിന്നാണ് അറിയാന്‍ കഴിഞ്ഞത്. സന്തോഷമുണ്ട്.

എഴുത്ത് തുടരുക, വായിക്കാന്‍ ഞാനുമുണ്ടാകും.

കുഞ്ഞന്‍ said...

ഇത്തിരി മാഷെ..

എത്ര സൂക്ഷ്മതയോടെയാണ് ഓരൊ ഫ്രെയ്മും സൃഷ്ടിച്ചിരിക്കുന്നത്. ഒറ്റവായനയിൽ ചില സന്ദർഭങ്ങൾ മനസ്സിലാകുന്നില്ലെങ്കിലും വീണ്ടും നിർത്തിനിർത്തി വായിക്കുമ്പോൾ ആ രംഗം അങ്ങിനെതന്നെ കണ്ണുകളുടെ മുന്നിൽ തെളിയുന്ന് ഇത്തിരിവെട്ടത്തിലല്ല നല്ല തെളിച്ചമുള്ള വെട്ടത്തിലാണ്..!

തുടരുക..

Rasheed Chalil said...

വായനക്കാര്‍ക്കും, അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും ഒത്തിരി നന്ദി.