Wednesday, June 28, 2017

19. നിഴലും നിലാവും

ഭാഗം: പത്തൊമ്പത്.

തെളിഞ്ഞൊഴുകുന്ന നദി പോലെ സമാധാന പൂര്‍ണ്ണമായിരുന്നു സൈനുവിന്റെ കുടുബജീവിതം. കൂലിപ്പണി ചെയ്ത് കുഞ്ഞുവിന് ലഭിക്കുന്നത് കൊണ്ട് അരിഷ്ടിച്ചാണെങ്കിലും അവര്‍ സന്തോഷത്തോടെ കഴിഞ്ഞു. നാല് വര്‍ഷം കഴിഞ്ഞ് നജുമുദ്ധീന്‍ ജനിച്ചത് അബ്ദുവും ഫാത്തിമയും തമ്മിലുള്ള വിവാഹത്തിന്റെ പിറ്റേന്ന് ആയിരുന്നു. തിരൂര്‍ പുതിയങ്ങാടിയിലെ വലിയ തറവാട്ടിലെ കുട്ടിയായിരുന്നു ഫാത്തിമ. അടുത്ത സഖി അലീമു നല്‍കിയ കൈയ്പ്പുള്ള അനുഭവങ്ങള്‍ ഉരുക്കിയ സൈനുവിനെ തിരിച്ച് കൊണ്ട് വന്നത് ഫാത്തിമയായിരുന്നു.

കാലപ്രവാഹത്തില്‍ നാട്ടുമ്പുറത്തിനും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടായിരുന്നു. പല ഇടവഴികളും നടവരുമ്പുകളും റോഡുകളായി രൂപാന്തരപ്പെട്ടു. മേല്‍മുറിയിലെ പഴയ ഓത്തുപ്പള്ളി സ്കൂളും മദ്രസയും ആയി മാറി. തൊള്ളായിരത്തി അറുപത്തി എട്ടില്‍ വട്ടപറമ്പില്‍ ഐ.വി നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു. നാരായണന്‍ എമ്പ്രാന്തിരിയായിരുന്നു അധ്യാപകന്‍. സല്‍മുവിനെ അഞ്ചാം വയസ്സില്‍ കുഞ്ഞു സ്കൂളിലും മദ്രസയിലും ചേര്‍ത്തു. നാട്ടിന്റെ വളര്‍ച്ചയുടെ പതിന്മടങ്ങ് വേഗത്തില്‍ അവശ്യ സാധനങ്ങളുടെ വിലയും വര്‍ദ്ധിച്ചു. ഒരു റാത്തല്‍ അരിക്ക് രൂപ മൂന്നും, അഞ്ചും ആയപ്പോഴും സാധാരണക്കാരന് ദിവസക്കൂലി എട്ടണയായിരുന്നു. അത് കൊണ്ട് അരപ്പട്ടിണി ഗ്രാമീണജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു.

ദാരിദ്ര്യത്തിന്റെ ചൂടറിഞ്ഞപ്പോഴെല്ലാം കൂടെ ജോലിക്ക് പോയി സഹായിക്കാന്‍ സൈനു തയ്യാറായിരുന്നെങ്കിലും കുഞ്ഞുവിന് സമ്മതമല്ലായിരുന്നു. ഇല്ലായ്മ ആരെയും അറിയിക്കാതെ അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും ആ കുടുബം മുന്നോട്ട് നീങ്ങി. വര്‍ഷക്കാലത്തിന്റെ ആഗമനത്തിന് മുമ്പ് സ്വരുക്കൂട്ടിവെച്ചിരുന്ന സമ്പാദ്യം കൊണ്ട് ഓലയും പുല്ലും വാങ്ങിച്ച് രണ്ടാളും കൂടിയാണ് വീട് മേഞ്ഞത്. പക്ഷേ കര്‍ക്കിടം എല്ലാ കരുത്തോടും കൂടി പെയ്തിറങ്ങിയപ്പോള്‍ വീട് വീണ്ടും നനഞ്ഞൊലിച്ചു. കൊല്ലപ്പഴക്കമുള്ള തൊപ്പിക്കുട ഉപയോഗശൂന്യമായതിനാല്‍ പുറത്തിറങ്ങാന്‍ പോലും പറ്റാതെയായി. മഴയൊഴിഞ്ഞ ദിവസം പണിക്ക് ഇറങ്ങുമ്പോള്‍ “മഴയുണ്ടെങ്കില്‍ അത് കൊള്ളണ്ട... ഒരു തൊപ്പിക്കുട വാങ്ങീട്ട് മതി..” എന്ന് സൈനു പറഞ്ഞിരുന്നു. “തല്‍കാലം പാളത്തൊപ്പി ഉണ്ടല്ലോ” എന്ന് സമാധാനിപ്പിച്ചാണ് ഇറങ്ങിയത്. അധികം വൈകാതെ ആകാശം കോരിച്ചൊരിഞ്ഞു. തോട്ടുവക്കത്തെ പാറാത്തിന്റെ മറവിലേക്ക് മാറി നിന്നെങ്കിലും, വൈകുന്നേരം തന്റെ കയ്യിലെ അരിസഞ്ചി കാത്തിരിക്കുന്ന ആ‍റ് കണ്ണുകളെ ഓര്‍ത്തപ്പോള്‍ മഴയിലേക്കിറങ്ങി. വൈകീട്ട് തിരിച്ച് കയറുമ്പോള്‍ വിറച്ച് തുടങ്ങിയിരുന്നു.

കുളിച്ച് വീട്ടിലെത്തിയപ്പോഴും കുളിരൊഴിഞ്ഞിരുന്നില്ല. ചൂടുള്ള കഞ്ഞിവെള്ളം കുടിച്ച് മൂടിപ്പുതച്ച് കിടന്നിട്ടും തണുപ്പകന്നില്ല.. പിന്നെ കുലുങ്ങിപ്പനിച്ചു,അര്‍ദ്ധരാത്രി ആയപ്പോഴേക്ക് പിച്ചും പേയും പറയാന്‍ തുടങ്ങി. സല്‍മുവിനേയും കൂട്ടി പാതി തോര്‍ന്ന മഴയില്‍ സൈനു ബീത്താത്തയുടെ വീട്ടിലെത്തി. മുടി നരച്ച് ആരോഗ്യം ക്ഷയിച്ച് നടുവൊടിഞ്ഞ് അവര്‍ തീര്‍ത്തും വൃദ്ധയായിരിക്കുന്നു. വിവരമറിഞ്ഞപ്പോള്‍ അവര്‍ കൂടെ ഇറങ്ങാനൊരുങ്ങി. “ഇമ്മ ഇപ്പൊ പോരണ്ട... ഓല്‍ക്ക് കൊറവ് ഇല്ല്യങ്കി ഞാന്‍ ഇങ്ങട്ട് വരാ...” എന്ന് പറഞ്ഞ് ഗോരോചനാദി ഗുളികയുമായി സൈനു തിരിച്ചിറങ്ങി. വീടെത്തി അത് ഇഞ്ചിനീരില്‍ കലക്കി കൊടുത്തപ്പോള്‍ പനി വിട്ടെങ്കിലും അധികം വൈകാതെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വന്നു.

രണ്ട് ദിവസം കഴിഞ്ഞും അസുഖത്തിന് ഒരു മാറ്റവും ഇല്ലാതായപ്പോള്‍ ഹംസ പോയി ദാമോദരന്‍ വൈദ്യനെ കൊണ്ടു വന്നു. വൈദ്യന്റെ കഷായവും നാട്ടുമരുന്നുകളും കുറവൊന്നും വരുത്തിയില്ലെന്ന് മാത്രമല്ല, പനിയോടൊപ്പം കുത്തികുത്തിയുള്ള ചുമ കൂടി കൂട്ടിനെത്തി. ശബ്ദം പാടെ നഷ്ടമായി. ഡോക്ടര്‍മാരെ കാണിക്കാന്‍ ചിലരൊക്കെ ഉപദേശിച്ചെങ്കിലും പണം തന്നെയായിരുന്നു അതിന് പ്രധാന തടസ്സം. പത്താം ദിവസം “കുട്ട്യേ ഇനീം വെച്ചോണ്ടിരിക്കണ്ട... ഇത് ഇന്നെ കൊണ്ട് കൂട്ട്യാ കൂടുംന്ന് തോന്ന്ണ് ല്യാ... മലപ്പൊറത്ത് അമേരിക്കന്‍ ആസ്പത്രീലൊന്ന് കാണിച്ച് നോക്കണം. ഇഞ്ഞും വൈക്യാ നമ്മളെ കയ്യിന്ന് പോവും.” എന്ന് വൈദ്യന്‍ തീര്‍ത്ത് പറഞ്ഞു.

“ഞമ്മക്ക് ഇഞ്ഞ് ആസ്പത്രീല് പോവാ... ഇത് സാദാരണ പനീം കൊരിം അല്ലാന്ന് ഇന്നലെ വൈച്ചേര്യ് പറഞ്ഞീന്ന്... ഞമ്മക്ക് ഒവ്ടേങ്കിലും ഒന്ന് പോയി നോക്കല്ലേ...” രാവിലെ എണീപ്പിച്ചിരുത്തി ചായ കൊടുക്കുമ്പോള്‍ സൈനു പറഞ്ഞു.
“പോയി നോക്കാം സൈന്വോ... പക്ഷേ ഇന്റെര്ത്ത് ഒരണ കൂടി ഇല്ല്യാന്ന് അനക്കറീല്ലേ... രണ്ടായ്ച ആയി പണിക്ക് പോയീ‍റ്റ് ... കിട്ടുന്നട്ത്ത്ന്നൊക്കെ കടും വാങ്ങീട്ടുംണ്ട്..”
“ഞാന്‍ പെരീലൊന്ന് പോയി വരാം... അബ്ദൂന്റെ എര്ത്ത്ന്ന് കൊറച്ച് പൈസ വാങ്ങി വരാം... ന്ന്ട്ട് ഇന്ന് ഒവ്ടേങ്കിലും ഒന്ന് പോയി നോക്കണം”
“അവരോട് കായി ചോയ്ക്കണ്ട.... ഓന്റെ എര്ത്തും ഇപ്പോ കായിണ്ടാവുല്ല... ”
“ഇങ്ങനെ പറഞ്ഞ് നീട്ടീട്ടാ ഇത് ഇത്രറീം കൂടിയത്... ഞാന്‍ പോയി നോക്കട്ടേ... സല്‍മു മദ് റസീന്ന് വരുമ്പോത്ത്ന് ഞാന്‍ വേം വരാ... ഇന്ന്ട്ട് കുട്ട്യേളെ അമ്മായിന്റെ അട്ത്താക്കി ഞമ്മക്ക് പോവാ..”

കുഞ്ഞു അതൃപ്തിയോടെ തിരിഞ്ഞ് കിടന്നപ്പോള്‍ “കൈക്കെ കായി ല്ലങ്കി ഞമ്മക്ക് പട്ടിണി കെടക്കാം... പക്ഷേ സുഖക്കേട് വന്നാല്‍ ന്താ കാട്ടാ... ഞാന്‍ പോയി വേം വരാ...” എന്ന് പറഞ്ഞ് സൈനു വാതില് ചാരി നജ് മുവിനെയും എടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു.

വിവരങ്ങള്‍ അറിഞ്ഞപ്പോല്‍ ബാപ്പ “ജ്ജ് ന്തേ കുട്ട്യേ നേരത്തെ അറിയിക്കാഞ്ഞ്... ഈ മായ തോരാത്തത് കൊണ്ട് ഇനിക്ക് അങ്ങട്ട് വരാനും പറ്റീല്ല” എന്ന് പരാതിപ്പെട്ടു.
“അതൊന്നും ഒല്‍ക്ക് ഇഷ്ടല്ല്യാ ബാപ്പാ അതോണ്ടാ...”
“കായി ഞാന്‍ ഓട്ന്നേങ്കിലും ഒപ്പിക്കാം... പക്ഷേ എങ്ങനെ പോവും ഓനൊറ്റക്ക്..”
“ഞാന്‍ പെയ്ക്കോളാ... കുട്ട്യേളെ അവിടെ ഉമ്മാന്റെ അട്ത്ത് ആക്ക്യാ മത്യല്ലോ...”
“പെരീന്ന് പൊറത്ത് എറങ്ങാത്ത ഇജ്ജ് പോയീറ്റ് ന്താ കാര്യം.. ഞാന്‍ തായത്ത്ക്ക് ഒന്ന് എറങ്ങി നോക്കട്ടേ.. അബ്ദു അങ്ങ്ട്ട് വരും... ഒല് രണ്ടാളും കൂടെ ആസ്പത്രീല് പൊയ്ക്കൊള്ളും..”
“ന്നാ ഓനോട് ബേം വരാന്‍ പറീ... അവ്ടെ ആരും ല്ല്യാ... “

സൈനു തിരിച്ച് വീട്ടിലേക്കോടാന്‍ ഒരുങ്ങുമ്പോള്‍ ഉമ്മ കുറച്ച് നെല്ല് സഞ്ചിയില്‍ തയ്യാറാക്കിവെച്ചിരുന്നു. തിരിച്ച് പടികടക്കുമ്പോള്‍ കുഞ്ഞു കൊലായില്‍ മൂടിപ്പുതച്ചിരിപ്പുണ്ട്. വിവരങ്ങളെല്ലാം പറഞ്ഞു.. പെട്ടൊന്ന് നെല്ല് കുത്തി അടുപ്പത്തിട്ടു. ചൂടുള്ള കഞ്ഞിയും കുടിച്ച് അബ്ദുവിന്റെ കൂടെ ഇറങ്ങുമ്പോള്‍ ‘ഇങ്ങനെ സുഖമില്ലാതെ എങ്ങനെ കോട്ടക്കല്‍ വരെ നടക്കും ‘ എന്നതായിരുന്നു സൈനൂന്റെ ഭയം. “എടക്കൊക്കെ ഇരുന്ന് പിന്നെ നടക്കാം... അല്ലാതെപ്പോ ന്താ ചെയ്യാ... കോട്ടക്കല് എത്ത്യാ മഞ്ചേരീക്ക് ബസ്സ് ണ്ടാവും. മലപ്പൊറത്ത് എറങ്ങ്യാല്‍ മതി.” എന്ന്‍ അബ്ദു സമാധാനിപ്പിച്ചു‍.

അമേരിക്കന്‍ ആസ്പത്രി എന്ന് വിളിക്കുന്ന മലപ്പുറം മിഷന്‍ ഹോസ്പിറ്റല്‍ മാത്രമായിരുന്നു അന്ന് തൊട്ടടുത്ത് ഉണ്ടായിരുന്ന ചികിത്സാലയം. അത്യപൂര്‍വ്വം ആളുകള്‍ക്ക് മാത്രമേ ആശുപത്രിയും ഡോക്ടറേയും കാണേണ്ട കാര്യമുണ്ടാവാറൊള്ളൂ. വല്ലപ്പോഴും വരുന്ന അസുഖത്തിന് മണ്ണാന്‍ ആയ്യപ്പനും ദാമോദരന്‍ വൈദ്യനും ധാരാളമായിരുന്നു. ഒടിവോ ചതവോ പറ്റിയാല്‍ ചങ്ങമ്പള്ളി കുരുക്കന്മാര്‍ ആയിരുന്നു ആശ്രയം. വൈദ്യന്മാര്‍ ആശുപത്രിയിലേക്ക് പോവാന്‍ പറഞ്ഞാല്‍ അത് മിക്കവാറും ജീവന്‍ തിരിച്ച് കിട്ടാത്ത അസുഖങ്ങള്‍ക്കാവും. അത് കൊണ്ട് തന്നെ കുഞ്ഞു ഹോസ്പിറ്റലിലേക്ക് ഇറങ്ങുമ്പോള്‍ സൈനുവും കൂടെപോവാന്‍ ഒരുങ്ങിയതാണ് ... “ആ പെണ്ണ് ഇപ്പോ മദ്രസീന്ന് വരും... ഓക്ക് ഇസ്കൂള്‍ക്ക് പോവും വേണ്ടെ... ഞാനും അബ്ദും കൂടെ പോയ്ക്കോളാം... ഇജ്ജ് പ്പോ പോരണ്ട എന്ന് കുഞ്ഞു തീര്‍ത്ത് പറഞ്ഞു.

പരിശോധകള്‍ക്ക് ശേഷം അബ്ദുവിനെ ഡോക്ടര്‍ അകത്തെക്ക് വിളിച്ചു. അസുഖം മാരകമായ ക്ഷയം ആണെന്നും എത്രയും പെട്ടന്ന് വണ്ടൂര് ആശുപത്രിയില്‍ എത്തിക്കണം എന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞതിന്റെ ചുരുക്കം. അന്ന് തന്നെ രണ്ടാളും കൂടി വണ്ടൂരിലേക്ക് പുറപ്പെടാന്‍ തയ്യാറായിരുന്നെങ്കിലും അതിനുള്ള പണം കണ്ടെത്തണമായിരുന്നു.

6 comments:

Rasheed Chalil said...

നിഴലും നിലാവും...

കാട്ടിപ്പരുത്തി said...

ഇടക്കു ചിരിയും ഇടക്കു കരച്ചിലുമായി വെട്ടം മുന്നോട്ട്

ഇട്ടിമാളു അഗ്നിമിത്ര said...

ഇടിവെട്ടിയവനെ പാമ്പ് കടിച്ചാൽ.. :(

Unknown said...

ഇടക്കൊന്നു തെളിഞ്ഞ നിലാവില്‍ വീണ്ടും കരിനിഴല്‍..?!

Mubarak Merchant said...

ഇനി എന്തൊക്കെ കാണാന്‍ കെടക്കുന്നു!!

ആര്‍ബി said...

appo sainooonu iniyum kanneeru kudikkano////

illaathirikkatte..

adutha baagam pettennaavatte.