Wednesday, November 04, 2009

പക.

ഭാഗം : പതിനൊന്ന്.

ഇശാ നമസ്കാരം കഴിഞ്ഞെത്തി കാരിക്കും കരിമ്പനും പുല്ലിട്ട് കൊടുക്കുമ്പോഴാണ് അമ്മായി കഞ്ഞികുടിക്കാന്‍ വിളിച്ചത്. സെയ്തുക്ക അയക്കുന്ന പൈസ ഒരുമിച്ച് കൂട്ടി വാങ്ങിച്ചതാണ് കാരിയേയും കരിമ്പനെയും. കിഴക്കേ കൊളമ്പില്‍ ഒരു ഏര് (രണ്ടെണ്ണം) മൂരികളെ വില്‍ക്കാനുണ്ടെന്ന് അഹമ്മദ് കാക്കയാണ് പറഞ്ഞത്. കണ്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. പിന്നെ കച്ചോടം ഉറച്ചതും വാങ്ങിച്ചതും തൊഴുത്ത് ശരിയാക്കിയതും എല്ലാം പെട്ടന്നായിരുന്നു. എല്ലാ ദിവസവും ഇശാ കഴിഞ്ഞെത്തിയാല്‍ ആദ്യത്തെ പണി അവയ്ക്ക് വെള്ളം കാട്ടി പുല്ലിട്ട് കൊടുക്കലാണ്. അഥവാ അത് മറന്ന് വീട്ടിലേക്ക് കയറിയാല്‍ തൊഴുത്തില്‍ ബഹളം തുടങ്ങും. രാത്രി പുറത്ത് പോയാലും വരുന്നത് വരെ ഇത് തന്നെ പതിവ്. അമ്മായി പറയാറുണ്ട്... “ഇജ്ജ് ഇവ്ടെ ഇല്ല്യങ്കി ഇവറ്റ നാട്ട്കാരെ മുഴുവന്‍ അറ് ളി അറിയിക്കും“ എന്ന്.

പാത്രത്തിന് മുമ്പിലിരുന്നപ്പോള്‍ പതിവ് പോലെ അമ്മായി “ന്റെ കുട്ടി ന്തേലും കുടിച്ച്ട്ട് ണ്ടാ ന്നാവം...” എന്ന് കണ്ണ് നിറച്ചു. സൈയ്തുക്കാക്ക് വേണ്ടിയുള്ള അന്വേഷണങ്ങളെല്ലാം എവിടെയുമെത്താതെ അവസാനിച്ചതായിരുന്നു. അമ്മായി ആരോട് എന്ത് സംസാരിച്ചാലും അത് ആ മകനിലേക്കെത്തും. “ന്റെ മോനെ കുറിച്ച് ന്തേലും വിവരം കിട്ടാന്‍ ങ്ങള് ദുആര്ക്കണം (പ്രാര്‍ത്ഥിക്കണം) എന്ന പതിവ് പല്ലവിയില്‍ വാക്കുകള്‍ അവസാനിക്കുമ്പോഴേക്കും തൊണ്ട ഇടറിയിരിക്കും, കണ്ണുകള്‍ നിറഞ്ഞിരിക്കും.

പാടത്ത് വരമ്പ് പണിയുള്ള ഒരു ദിവസം... കെട്ടിനില്‍ക്കുന്ന വെള്ളത്തിനടിയില്‍ നിന്ന് നനഞ്ഞ മണ്ണ് കൈക്കോട്ട് കൊണ്ട് കോരിയെടുത്ത് പുല്ല് ചെത്തിയ വൃത്തിയാക്കിയ വരമ്പില്‍ പിടിപ്പിച്ച്, കൈക്കോട്ട് കൊണ്ടുതന്നെ തേച്ച് ഉറപ്പിക്കണം. പണികഴിഞ്ഞാല്‍ അത് വഴി നടത്തം ഒഴിവാക്കാന്‍ വരമ്പിന്റെ രണ്ട് അറ്റത്തും കുത്താന്‍ വേണ്ടി രാവിലെ ഇറങ്ങുമ്പോള്‍ തന്നെ കാറമുള്ളിന്റെ കുറച്ച് കൊമ്പുകളും എടുത്തിരുന്നു. പക്ഷേ പണി തുടങ്ങി കുറച്ചായപ്പോഴേക്കും മാനം കറുത്തു. വീശിയടിച്ച കാറ്റിനൊപ്പം മഴ ഇരമ്പിപ്പെയ്തു.

തൊപ്പിക്കൊട എടുക്കാന്‍ തോട്ടുവക്കത്തെ പൊട്യെണ്ണി(ഒരു മരം)യുടെ അടുത്തെത്തിയപ്പോഴേക്കും അടിമുടി നനഞ്ഞു. വെച്ചുതീര്‍ത്ത വരമ്പ് മഴയില്‍ കുതിര്‍ന്നൊലിച്ച് പോവുന്നത് നോക്കിയിരിക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. തോരുകയില്ലെന്ന് തോന്നിയപ്പോള്‍ തോട്ടിലെ കലക്കവെള്ളത്തില്‍ നിന്ന് കൈക്കോട്ടും കൈകാലുകളും കഴുകി. ഒരു വിധം ചെട്ട്യേരുടെ ചായപ്പീടികയില്‍ എത്തി. കല്ല് പോലെ പതിച്ച മഴത്തുള്ളി കാരണം വിറച്ച് തുടങ്ങിയിരുന്നു. അവിടെ വെച്ചാണ് ശിപായി കുഞ്ഞന്‍ നായരെ കണ്ടത്.

“കുഞ്ഞ്വോ... ഇങ്ങളെ കാത്താ കുഞ്ഞന്‍ നായര് നിക്ക്ണത്.” ചെട്ട്യേരാണ്.
“ഇന്നെ കാത്തോ...”
“ബി വി നിങ്ങളുടെ ആരാ...” കുഞ്ഞന്‍ നായരാണ്
“ന്റെ പ്പാന്റെ പെങ്ങളാ... ”
“അവര്‍ക്കൊരു കത്തുണ്ട്... പൈസയും..”
“ഏ... !”
“സൈയ്തുമുഹമ്മത് അയച്ചതാണ്... ആ രാജ്യം വിട്ട ചെക്കനാവും... ല്ലേ”
“ആ... എവ്ട്ന്നാ ഇത് അയച്ച്ക്ക്ണ്...!”
“അതറീല... പക്ഷേ അന്റെ അമ്മായി ഒപ്പ് ഇട്ടാലെ കത്തും പൈസയും തരാന്‍ പറ്റൂ...”
“അയ് നെന്താ... ഇങ്ങളും കൂടെ പോരീ...” മഴ കുറഞ്ഞപ്പോള്‍ കുഞ്ഞന്‍ നായരെയും കൂട്ടി ഇറങ്ങി.

വിരലില്‍ മഷിപുരട്ടി ഒപ്പ് വെപ്പിച്ച ശേഷം കത്തും നാല് അഞ്ചിന്റെ നോട്ടും ഏല്‍പ്പിച്ച്, കൊടുത്ത ചായക്കാശും വാങ്ങി ശിപായി ഇറങ്ങി. സൈയ്തുക്കാക്ക് വയനാട്ടില്‍ ജോലി ഉണ്ടെന്നും അവിടെ സുഖമണെന്നും ആയിരുന്നു ഉള്ളടക്കം‍. ഇരുപത് രൂപ കത്തിനോടൊപ്പം അയക്കുന്നുണ്ട്. ഇനി എല്ലാമാസവും ശമ്പളത്തില്‍ നിന്ന് അയക്കാം. ഉമ്മ ഇനി മുതല്‍ കഷ്ടപ്പെടേണ്ട കാര്യമില്ല. മറുപടി എഴുതാനുള്ള അഡ്രസ്... ഇതൊക്കെയായിരുന്നു കത്തിലുണ്ടായിരുന്നത്. കത്ത് വായിച്ച് ആദ്യം സങ്കടവും പിന്നെ രോഷവുമായിരുന്നു അമ്മയിയുടെ പ്രതികരണം. മറുപടി എഴുതിച്ചപ്പോള്‍ ‘നീ അവിടെ കിടന്ന് കഷ്ടപ്പെടണ്ട .. ഇങ്ങട്ട് പോരെ.’ എന്ന് മുന്നോ നാലോ വട്ടം എഴുതിച്ചു. ഹംസയും അയമുദുവും പുറംപണിക്ക് പോയിത്തുടങ്ങുകയും സെയ്തുക്ക പണം അയക്കാനും കൂടി തുടങ്ങിയപ്പോള്‍ പട്ടിണി മാറിത്തുടങ്ങി. അമ്മായി വീട്ടുപ്പണി മാത്രമായി ഒതുങ്ങി.

“സൈയ്തുക്ക സുഗായി കഴിയ് ണ് ണ്ടാവും അമ്മായിയേ... ഇങ്ങ് ള് കഞ്ഞി കുടിച്ച് ഒറങ്ങാന്‍ നോക്കി... ഇച്ച് ഇന്നും വെള്ളം കെട്ടാന്‍ പോവാണ്ട്.”
“ന്നാ‍ ഇജ്ജ് ബേം കുടിച്ച് പെയ്ക്കോ... നട്ടാറ് വേനകാലമാ... കണ്ണീക്കണ്ട എയജന്തുക്കളൊക്കെ പുറത്ത് ഇറങ്ങ്ന്ന കാലാണ്... ആ റാന്തല് എട്കാന്‍ മറക്കണ്ട. “

ചൂരലും റാന്തലുമെടുത്തു... നല്ല നിലാവുണ്ട്... ‘പുഞ്ച‘ (വേനല്‍കാല കൃഷി) ആയത് കൊണ്ട് കന്നോകുണ്ടില്‍ നിന്നുള്ള വെള്ളം കൊണ്ട് വേണം എല്ലാവര്‍ക്കും നനയ്ക്കാന്‍... പടത്തിനടുത്തൂടെ ഒഴുകുന്ന ചെറിയ ചാലില്‍ നിന്ന് വെള്ളം തിരിച്ചിട്ടു... വരമ്പുകളിലെ ഞെണ്ടു മടകള്‍ അടച്ചു. ഒരോ കണ്ടവും നിറയുമ്പോള്‍ അതിലേക്കുള്ള ‘കയായി‘ ( അടുത്ത കണ്ടത്തിലേക്ക് വെള്ളം ഒഴുക്കാനായി വരമ്പില്‍ ഉണ്ടക്കുന്ന ചെറിയ വിടവ്) അടച്ചു. തിരിച്ചെത്തിയപ്പോള്‍ പാതിര കഴിഞ്ഞിരുന്നു. കിണറ്റിന്‍ കരയില്‍ നിന്ന് കുളിച്ച് പടാപുറത്ത് പായവിരിച്ച് കിടന്നു. കൂട്ടക്കരച്ചില്‍ കേട്ടാണ് ഞെട്ടിയുണര്‍ന്നത്.
അമ്മായി വാതില്‍ തുറക്കുന്നു.... “ന്താ ന്റെ റബ്ബേ ഒരു കൂട്ടനെലോളി...”

“ഓട്ന്നാ ന്ന് അറീല്ല (എവിടെ നിന്നാണെന്ന് അറിയില്ല)... ന്നാലും ഞാന്‍ ഒന്ന് പോയിനോക്കട്ടേ...” നിലാവത്ത് ഇറങ്ങി ഓടി...ചുറ്റുവട്ടം മുഴുവന്‍ ഉണര്‍ന്നിരിക്കുന്നു... ഇടവഴി കഴിഞ്ഞപ്പോള്‍ കുറച്ച് ദൂരെ പുക ഉയരുന്നത് കണ്ടു.... “മണ്ടി വരേയ്.... ഞങ്ങളെ പെര കത്ത്ണേയ്...” ആരുടെയോ വീടിന് തീപ്പിടിച്ചിരിക്കുന്നു. കാലിന്റെ അടിയില്‍ നിന്ന് ഒരു തരിപ്പ് മുകളിലേക്ക് കയറി. നല്ല വേനലാ‍ണ്. മേഞ്ഞ ഓലയും പുല്ലും ഉണങ്ങി നില്‍ക്കുന്ന സമയം.. ഒരു പൊരി വീണാല്‍ മതി.

ഓടിവരുന്ന ഹസ്സന്‍ പറഞ്ഞു... “ഞമ്മളെ മെയ്തുട്ടികാക്കന്റെ പെര ആണെന്ന് തോന്നുന്നു...”
“മൊയ്തുട്ട്യാക്കിം കുഞ്ഞാപ്പുവും പാടത്ത് തേവാണ്... ഞാന്‍ പുഞ്ചപ്പാടത്ത്ന്ന് വരുമ്പോ കണ്ടീന്ന്.”
“പടച്ചോനെ ന്നാ ആ പെരീല് പെണ്ണ്ങ്ങളും കുട്ട്യേളും മാത്രേ കാണൂ... എന്തേ ണ്ടായീന്നാവം...”

ഓടിച്ചെല്ലുമ്പോള്‍ തൊടി നിറയെ ആളുണ്ട്. മേല്‍ക്കൂര നിന്ന് കത്തുന്നു... ചിലര്‍ തോട്ടത്തിലെ കിണറ്റില്‍ നിന്ന് വെള്ളം കൊണ്ട് വന്ന് തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. ബാക്കിയുള്ളവര്‍ ഇനി എന്ത് ചെയ്യണം എന്ന് ആലോചിക്കുന്നു. എല്ലാവരും എല്ലോരോടുമായി അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു.

“ഇങ്ങനെ നിന്നാല്‍ തിയ്യ് തൊയുത്ത്ക്കും (തൊഴുത്ത്) പടരും...“ഇഞ്ഞ് പെരന്റെ ഉള്ള്ല് ആരെങ്കിലും ണ്ട...”
“ഇല്ല്യാ അയ്റ്റ്ങ്ങളെ എല്ലാരും പൊറത്ത് ഇണ്ട്... ആ തോട്ടീ കെടക്ക്ണ് കുട്ടിക്ക് കൊറച്ച് പോള്ളീക് ണാലാ...”
“വെള്ളം ഒയിച്ചിട്ടൊന്നും ഒരു കാര്യൂല്ലാ... ഇത് നിക്കും ന്ന് തോന്ന്ണ് ല്യാ...”
“വെള്ളം എത്രാന്ന് വെച്ചാ കോര് ആ... മനക്കലെ വല്യെ ഇഞ്ചിന്‍ കിട്ടീന്നങ്കി ന്തേലും ചെയ്യാന്‍ പറ്റും...”
“ഇപ്പാരാണ്ണീ അത് ഏറ്റികൊണ്ടര്ണ്... ഇഞ്ഞ് കൊട്ന്നാ തന്നെ അത് ഇവ്ടെ എത്തുന്പോക്ക്ന് പെര കത്തിത്തീരും...”
“ഞാന്‍ പോയി നാല് കൊടം കൂടി കിട്ട്വൊന്ന് നോക്കട്ടേ...“
“അയമുദ്വോ... ഇജ്ജ് ആ പൈക്കളുടെ കയറ് അറത്താളാ... അയ്റ്റങ്ങള് രചപ്പെട്ടോട്ടേ...”

കയററ്റതോടെ പശുവും കുട്ടിയും ഇറങ്ങി ഓടി... കൂടും തുറന്നിട്ടും പുറത്തിറങ്ങാന്‍ കൂട്ടക്കാതിരുന്ന ആടുകളെ വലിച്ച് പുറത്തിറക്കി തോട്ടത്തില്‍ കൊണ്ട് പോയി കെട്ടി. ആളുകള്‍ കൂടീ കൂടി വന്നു.. “ആ ചായ്പ്പില് രണ്ട് ചാക്ക് നെല്ല് ണ്ട്... അതെങ്ങനെങ്കിലും പൊറത്ത് ക്ക് ഇട്ക്കാന്‍ പറ്റ്വോന്ന് നോക്കീ... അയറ്റ്ങ്ങക്ക് കഞ്ഞിയെങ്കിലും ണ്ടാ‍ക്കി കുടിച്ചാ“ രായീന്‍ ഹാജിയാണ്.

“അയ്ന് അയിന്റെ ഉള്ള്ക്ക് എങ്ങനെ കേരും ആജ്യേരേ... തിജ്ജല്ലേ കത്ത്ണ്..”
“ഒരു ദണ്ഡ്യ (ദണ്ട്) ഇട്ട് ആ കൌകോല്‍ ഒന്ന് പിടിച്ചാല്‍ മതി... അത് പൊറത്ത് എട്ക്കാം..”

വെട്ടിയിട്ടിരുന്ന കവുങ്ങിന്‍ കഷ്ണവുമായി മുന്നാലാള് വീഴാന്‍ പോവുന്ന കൌകോല് തടഞ്ഞ് പിടിച്ചു. മുഴുവന്‍ അകത്തേക്ക് കയറാതെ ചാക്കിന്റെ മൂല പിടിച്ച് വലിച്ചു... മുകളില്‍ നിന്ന് കത്തുന്ന ഒലയുടെ ഭാഗം തോളിലേക്ക് വീണു... തട്ടിക്കളയുമ്പോള്‍ രായീന്‍ ഹാജി പറഞ്ഞു “മക്കളേ ബേം നോക്കി... അല്ലങ്കി ഒക്കെ കത്തിത്തീരും..” തീയുടെ നീറ്റല്‍ മറന്ന് ചാക്കിന്റെ മൂലയില്‍ പിടിച്ച് വലിച്ച് പുറത്തെത്തിച്ചു...

“ആ വാഴക്കൊല വെട്ടിക്കാളാ... ഇല്ല്യങ്കി പിന്നേ കീട്ടുല്ലാ...”
“ആ കോയിക്കൂട് തൊറന്ന് വിട്ട്ട്ട് ല്ല്യേ... “
“അയ്റ്റേള് കൂട്ടന്ന് പോറത്ത് ഇറങ്ങ്ണ് ല്യാ...”
“ഞാന്‍ ഒന്ന് നോക്കട്ടേ... “ ആരോ ഒരാള്‍ അതിന് വേണ്ടി ഓടി.

“ഇതാ ഇബടക്കെ തീ പുടിച്ചിട്ട് ല്ല്യാ... ഞമ്മള് ന്തെങ്കിലും നമ്മക്ക് പുറത്ത്ക്ക് കിട്ടും...” അഞ്ചാറാളോടൊപ്പം അതിലൂടെ അകത്ത് കയറി. തള്ളപ്പെരയുടെ മേല്‍ക്കൂര മുഴുവന്‍ കത്തി വീണ് തുടങ്ങിയെങ്കിലും അട്ടം ഉണ്ടായത് കൊണ്ട് താഴേക്ക് എത്തിയിട്ടില്ല. രണ്ടും കല്‍പ്പിച്ച് അകത്തേക്ക് കയറി. ഒരോന്നായി പുറത്ത് എത്തിച്ചു... പുറത്തെടുക്കാന്‍ പറ്റാത്ത കട്ടിലിന്റെ കാല് അയമുട്ടിക്കാക്ക “ആ പലക എങ്കിലും അയ്റ്റ്ങ്ങള്‍ക്ക് ബാക്യാവട്ടേ” എന്ന് പറഞ്ഞ് ചവുട്ടി മുറിച്ചു... പലകയും മുറിഞ്ഞ കാലുകളും പുറത്തെത്തിച്ചു. അടുക്കളലെ പാത്രങ്ങളില്‍ ചിലതൊക്കെ പട്ടിക കഷ്ണം കൊണ്ട് തോണ്ടി എടുത്തു...കത്തുന്ന മേല്‍കൂര മുഴുവന്‍ പതിക്കുന്നതിന് മുമ്പ് ഒരു വിധം എല്ലാം പുറത്ത് എത്തിച്ചു. പത്തായത്തിന്റെ ഭാഗങ്ങള്‍ മുഴുവന്‍ പുറത്ത് എത്തിക്കും മുമ്പ് അകത്തേക്ക് കേറാന്‍ പറ്റാതെയായി.
ഇത്രയൊക്കെ ആയിട്ടും പാടത്ത് വെള്ളം തേവാന്‍ പോയ മൊയ്തുട്ട്യാക്കയും കുഞ്ഞാപ്പുവും എത്തിയിരുന്നില്ല. ഒരു വിധം തീയൊതുങ്ങി... “ഇത് അറിയതെ തീ കത്ത്യേത് ഒന്നും അല്ല... തീ വെച്ചത് തന്നെയാ... ഇതൊന്ന് നോക്കി ഹാജ്യേരെ...” കയ്യില്‍ ഒരു ചൂട്ടുകുറ്റിയുമായി അയമുദു കാക്ക രായീന്‍ ഹാജിയുടെ അടുത്തെത്തി. എല്ലാവരും ചുറ്റും കൂടി. മുക്കാല്‍ ഭാഗവും കത്തിയ ചൂട്ട് വീട് കത്തിത്തുടങ്ങിയപ്പോള്‍ താഴേക്ക് വീണ് കെട്ടതാവും. എല്ലാവര്‍ക്കും അത്ഭുതമായിരുന്നു... പക്ഷേ അത് അധികം നീണ്ടു നിന്നില്ല. “ഒലെ എളാപ്പാന്റൊട്ത്തോര് ആണ്ന്നാ എല്ലാരും പറിണത്..” ഹംസ ചെവിയില്‍ വന്ന് പറഞ്ഞു .സംശയത്തോടെ നോക്കിയപ്പോള്‍ അവന്‍ കൂട്ടിച്ചേര്‍ത്തു.. “അല്ലെങ്കി ഇത്ര ഒച്ചപ്പാട് ണ്ടായിട്ടും അയ്റ്റ്ങ്ങള്‍ ഒന്നെങ്കിലും വെരൂലായ്ന്നോ...” കൂടിയിരുന്നവരില്‍ അധികവും പരസ്പരം പറഞ്ഞതും ഇത് തന്നെയായിരുന്നു.

മൊയ്തുട്ട്യാക്കാന്റെ കുട്ടിക്കാലവും അനാഥമായിരുന്നു. ചെറുപ്പത്തില്‍ ബാപ്പയും ഉമ്മയും തലമ്മത്തട്ടി (കോളറ) വന്ന് മരിച്ചു. അത്യവശ്യത്തിലധികം ഭൂസ്വത്തുള്ള ആളായിരുന്നെത്രെ കുഞ്ഞിക്കോയാക്ക. അവര്‍ മരിക്കുന്ന സമയത്ത് മൂത്ത മോനായാ മൊയ്തുട്ട്യാക്കാക്ക് വയസ് ഏഴ്. താഴെ രണ്ട് പെണ്‍കുട്ടികള്‍. അതോടെ കുട്ടികളുടെ താമസം ഉപ്പയുടെ അനിയന്റെ കൂടെയായി. മൈനറായ അവകാശികളെയും സ്വത്തും നോക്കാനുള്ള ചുമതല കുഞ്ഞിക്കൊയാക്കാന്റെ അനിയന്‍ അലവികാക്കാന്റെ ഉത്തരവാദിത്വത്തിലായി. പക്ഷേ ആ കുട്ടികളെ ശ്രദ്ധിക്കാന്‍ ആ കുടുബം തയ്യാറായിരുന്നില്ല. മുഴുപ്പട്ടിണി തന്നെയായിരുന്നെത്രെ നിത്യവും... സ്വത്തില്‍ ചിലതൊക്കെ വിറ്റു... കുറേ കൈവശപ്പെടുത്തി. അതിന് വേണ്ടി ആധാരത്തില്‍ തിരുമറി നടത്തിയ കുഞ്ചുനായരെ കുറിച്ചൊക്കെ മൊയ്തുട്ട്യാക്ക പറഞ്ഞിരുന്നു. പെങ്ങന്മാരെ കെട്ടിച്ച് വിടേണ്ട സമയമാപ്പോഴേക്ക് എളാപ്പയുമായി തെറ്റി. കേസ് നടത്തി കുറച്ച് ഭൂമി തിരിച്ച് കിട്ടി. അതില്‍ നിന്ന് വിറ്റാണ് പെങ്ങന്മാരെ കെട്ടിച്ചയച്ചത്. ബാക്കിയില്‍ ആണ് മൊയ്തുട്ട്യാക്കാന്റെ വീട്. തൊട്ടടുത്ത് അലവികക്കാന്റെ വീടും... പക്ഷേ അവര്‍ പരസ്പരം മിണ്ടാറില്ല. ആ ശത്രുതയാണ് വീടിന് തീവെക്കാന്‍ പ്രേരിപ്പിച്ചത് എന്ന് നാട്ടുകാരെ മൊയ്തുട്ട്യാക്കയും കുടുബവും വിശ്വസിച്ചു. ആ തീപിടുത്തത്തെകുറിച്ച് ആരോ അലവിക്കാക്കന്റെ ഭാര്യയോട് പറഞ്ഞപ്പോള്‍ “ഇഞ്ഞ് പെര ണ്ടാക്യാ ആ പെരീം കത്തും... ഇങ്ങള് കണ്ടോ ...” എന്ന് പറഞ്ഞത് ആ വിശ്വാസം ശക്തിപ്പെടുത്തുന്നതായിരുന്നു.

എല്ലാം കഴിഞ്ഞ് സുബഹി സമയത്താണ് മൊയ്തുട്ട്യാക്കയും മോനും തിരിച്ചെത്തിയത്. വിവരങ്ങള്‍ അറിഞ്ഞ് ഓടിഅണച്ചെത്തിയ അദ്ദേഹം മുറ്റത്തേക്ക് കേറുന്ന പടിയില്‍ രണ്ട് കൈകളും തലയില്‍ വെച്ച് ഇരുന്നു. സംഭവങ്ങളുടെ ചുരുക്കം അറിഞ്ഞപ്പോള്‍ മൊയ്തുട്ട്യാ ആകാശത്തേക്ക് കൈ ഉയര്‍ത്തി... രണ്ട് കണ്ണും നിറഞ്ഞൊഴുകിയിരുന്നു... “പടച്ചോനെ... ഇത് ചെയ്തത് ആരാന്ന് അനക്ക് അറിയാ... ഓല്‍ക്ക് ഇജ്ജ് കൊടുത്തോ... ഇന്ക്ക് അന്റെ സഹായം അല്ലാതെ ഒന്നൂല്യ റബ്ബേ...” ഉച്ചത്തില്‍ കരയുന്ന അദ്ദേഹത്തെ എല്ലാവരും ആശ്വസിപ്പിക്കുമ്പോഴും എല്ലാവരുടെയും കണ്ണ് നനഞ്ഞിരുന്നു. ആശ്വസിപ്പിക്കുന്നതിനോടൊപ്പം കത്തയമര്‍ന്ന വീടിന് പകരം ഒന്നിനെ കുറിച്ചും എല്ലാവരും സംസാരിച്ചു.

“മൊയ്തുട്ട്യേ ഇജ്ജ് ബേജാറാവണ്ട ണ്ണ്യേ... ന്റെ തോടുന്ന് ഇജ്ജ് ഒരു മൂന്നോ നാലോ തെങ്ങ് വെട്ടിക്കോ...” രായീന്‍ ഹാജ്യാണ്.
“ഞാന്‍ അട്ടിട്ട വെച്ച കൊറച്ച് ഓലണ്ട്.. “മൊയ്തുട്ട്യാക്ക നാളെ ഇങ്ങള് അങ്ങ്ട്റ്റ് വരീ നമ്മക്ക് അതും ഇട്ക്കാം.. “ അയമുട്ടി കാക്ക.
“കൊറച്ച് ഓല എന്റെ തോടൂലും കാണും... അത് നമുക്ക് ഇങ്ങട്ട് ഇട്ക്കാ... ”ഖാദറ് കാക്ക.“
“ഇജ്ജ് നാളെ ആണ്ട് വാ... ഞമ്മക്ക് ന്തേലുമൊക്കെ ചെയ്യാം... “ അയമുദു ഹാജി..
“ന്റെ പയേ പെര പൊളിച്ചപ്പോള്ള രണ്ട് വാതില്‍ കട്ട് ല് ണ്ട്... അത് കൊട്ന്നോണ്ടി...” കുഞ്ഞഹമ്മദ് കാക്ക.
“ഞമ്മക്ക് ഒക്ക കൂടെ മെനക്കെട്ട് ഒരു കൂരണ്ടക്കണം... “ രായീന്‍ ഹാജ്യാണ്.
“ഇന്നേന പണി തൊടങ്ങാ ആജ്യേരെ... “

ബാങ്ക് വിളിച്ചപ്പോള്‍ എല്ലാവരും മസ്ജിദിലേക്ക് നടന്നു. പള്ളിക്കുളത്തിലിറങ്ങി ചളിയും കരിയും കഴുകിക്കളഞ്ഞു... നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് പെട്ടിയും കയ്യില്‍ സഞ്ചിയുമായി സൈയ്തുക്ക എത്തിയത്... അടുത്തെത്തിയതും പെട്ടി താഴെ വെച്ച് കെട്ടിപ്പിടിച്ചു. നാല് വര്‍ഷത്തെ വിശേഷങ്ങള്‍ പങ്ക് വെച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ അമ്മായിയുടെ സന്തോഷത്തെ കുറിച്ചായിരുന്നു ചിന്ത.

Monday, October 05, 2009

തണലൊരുക്കാന്‍.

ഭാഗം : പത്ത്.

പെങ്ങളുടെ വേര്‍പാട് സൃഷ്ടിച്ച നടുക്കത്തില്‍ നിന്ന് കുഞ്ഞു ഇനിയും പൂര്‍ണ്ണമായി ഉണര്‍ന്നിട്ടില്ല. സംസാരത്തിനിടയില്‍ കുറ്റിയറ്റുപ്പോയ കുടുബം കടന്ന് വന്നാല്‍ കണ്ണ് നനയും, തൊണ്ടയിടറും... പിന്നെ നീണ്ട നിശ്ശബ്ദതയാണ്. എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ കഴിഞ്ഞ് ഉറ്റവരുടെ ഖബറിന് സമീപം എത്തും. അവര്‍ക്ക് വേണ്ടി ഉള്ളുരുകി പ്രാ‍ര്‍ത്ഥിച്ച് തിരിച്ചിറങ്ങുമ്പോഴും കവിളില്‍ കണ്ണീരിന്റെ ഈര്‍പ്പം ബാക്കിയുണ്ടാവും. പിതാവിന്റെ സഹോദരിയുടെ കൂടെയാണ് വളരുന്നതെങ്കിലും, എന്നും സ്വന്തം വീട്ടിലെ ചാരുപടിയിലിരുന്ന് ഭൂതകാലത്തിലേക്ക് തിരിച്ചു നടക്കാന്‍ ശ്രമിക്കും.

ബീത്താത്തയുടെ ഇളയവരായ ഹംസയും അയമുദുവും ഉമ്മയെ സഹായിക്കാന്‍ കൂടെ നിന്നു. സെയ്തുവും കുഞ്ഞുവും മുതിര്‍ന്നതോടെ പുറം പണിക്ക് പോയിത്തുടങ്ങി. എങ്കിലും കൊയ്ത് കാലത്ത് കറ്റകെട്ടാനും മെതിക്കാനും അവരുമുണ്ടാകും. ഒരു റമദാന്‍ ഇരുപത്തിആറ്.. ഇരുപത്തി ഏഴാം രാവ്.. അന്നാണ് സാമ്പത്തികമായി ഉയര്‍ന്നവര്‍ ‘സക്കാത്തും സദഖ‘യും(ദാനം) നല്‍കാറുള്ളത്. ദരിദ്രന്റെ അവകാശമായ സക്കാത്ത്, വിതരണത്തിലെ അപാകത കാരണം ധനികരുടെ ഔദാര്യമായി തിര്‍ന്നിരുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ ഓടിയാല്‍ കിട്ടുന്ന മുക്കാലോ, കാലണയോ, നാഴി അരിയോ ഈദിന് വേണ്ടിയുള്ള നീക്കിയിരുപ്പാണ്.

*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***

ഇന്നലെ വൈകീട്ട് കുതിരാനിട്ട അരി ഉച്ചക്ക് മുമ്പ് ഇടിച്ച് തീര്‍ക്കണം. പ്രാര്‍ത്ഥനകളുമായി കഴിയേണ്ട ദിവസമാണ്... ഭര്‍ത്താവും മാതാപിതാക്കളും ആങ്ങളയും അടക്കം എല്ലാ മരണപ്പെട്ടവര്‍ക്ക് വേണ്ടിയും, പിന്നെ ജീവിതത്തില്‍ ശാന്തിയും സമാധാനവും ഐശ്വര്യവും ലഭിക്കാനും വേണ്ടി പ്രത്യേകം ‘ദുആ’ ചെയ്യണം (പ്രാര്‍ത്ഥിക്കണം). രാവിലെ മുതല്‍ പൈസയ്ക്ക് വേണ്ടി ആളുകള്‍ നെട്ടോട്ടമാണ്. ജനിച്ചത് അത്യാവശ്യം കൊയ്യാനും മെതിക്കാനുമുള്ള കുടുംബത്തിലായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവ് മരിക്കുന്നത് വരെ പട്ടിണി അറിയേണ്ടി വന്നിട്ടില്ല. പക്ഷേ പാതിവഴിയില്‍ മൂന്ന് മക്കളോടൊപ്പം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ആദ്യം അങ്കലാപ്പ് ആയിരുന്നു. അന്ന് സഹായിച്ചത് ആങ്ങളെയും താത്തയും ആയിരുന്നു. അവരേല്‍പ്പിച്ച ‘അമാനത്ത്’ (സൂക്ഷിപ്പ് സ്വത്ത്) പോലെ കുഞ്ഞു ഇപ്പോഴും കൂടെ തന്നെ കഴിയുന്നു. മക്കളെ പോറ്റാന്‍ അത്യധ്വാനം ചെയ്യേണ്ടി വന്നിട്ടും യാചിക്കാന്‍ മനസ്സ് അനുവദിച്ചില്ല.

രായീന്‍ ഹാജിയുടെ വീട്ടിലെ വരാന്തയില്‍ ചിമ്മിനി വിളക്ക് തിരിതാഴ്ത്തി വെച്ചിട്ടുണ്ട്. വെളിച്ചം വീണ് തുടങ്ങിയിരിക്കുന്നു... വിളക്ക് കെടുത്താന്‍ മറന്നതാവും. “ന്താ ഉമ്മക്കുട്ട്യേ ങ്ങള് കായിക്ക് പോയീല്ലേ... “ ചീരുവാണ്. എന്നും മുറ്റമടിക്കലും അല്ലറച്ചില്ലറ പുറം പണിയും ചീരൂന്റെ ജോലിയാണ്. അതില്‍ നിന്ന് കിട്ടുന്നത് കൊണ്ട് വേണം ആ കുടുബം പുലരാന്‍. പറങ്ങോടന്‍ ഉണ്ടെങ്കിലും മക്കളെ പോറ്റാന്‍ അവള്‍ തന്നെ വേണം

“ഇല്ല്യ ചീര്വോ... ഇച്ച് ഇപ്പളും അതൊക്കെ ഒരു ഈസലേടാ (നാണക്കേടാ...). ഇന്ന് വരെ അങ്ങനെ ഒന്നും സീലിച്ചിട്ടില്ല്യ... ഇജ്ജ് ന്തേ പോവാഞ്ഞ്...“
“ഇബടെ കൊറേ ആള് വന്ന്പോണ ദിസല്ലേ... മിറ്റം അടീച്ചില്ലങ്കി സെര്യവൂല്ല...”
“ജ്ജ് പെയ്ക്കോ ണ്യേ ... അത് ഞാന്‍ അടിച്ചോരിക്കോളാ..അന്റെ കുട്ട്യേള്‍ക്ക് വല്ലതും കിട്ട്ണതല്ലേ... അത് ഇല്ല്യാതാക്കണ്ട.. ”
“വല്യ ഓകാരം മ്മക്കുട്ട്യേ...” ചൂലേല്‍പ്പിച്ക് തോര്‍ത്ത് തോളിലിട്ട് അവള്‍ ഇറങ്ങി... പൊടി പാറാതിരിക്കാന്‍ വെള്ളം കോരിത്തെളിച്ചു. വരാന്തയിലെ മാറാല തട്ടി, കിഴക്കേ മുറ്റം മുതല്‍ അടിച്ചുതുടങ്ങി...
“ജ്ജ് പ്പളേ വന്നത് ബീവ്യേ... മിറ്റം അടിക്ക്ണത് ചീരു ആണെന്ന് ഞാന്‍ കര്തീത്. അന്നെ കാണാഞ്ഞിട്ട് ന്ത് പറ്റി ഈ പെണ്ണ്ന് ന്ന് ആലോയ് ച്ചേര്ന്നു.” രായീന്‍ ഹാജിയുടെ ഉമ്മയാണ്.
“ഞാന്‍ നേരത്തെ തന്നെ ബന്ന്ക്ക്ണ്.. ആ ചിരു മുറ്റടിക്കായിരുന്നു.. ഓക്ക് ഇന്ന് ന്തേലും ചില്ലാ‍നം കിട്ട്ണ ദിസല്ലേ... അപ്പോ ഞാന്‍ അടിച്ചോളാം ന്ന് പറഞ്ഞു.”
“ന്തായാലും അത് നന്നായി... ഓള് ആ കുട്ട്യേളെ പോറ്റാന്‍ കസ്റ്റപ്പെടാ... ആ പറങ്ങോടന്‍ ഒന്നും പെരീക്ക് കൊണ്ടരൂലന്ന് പറഞ്ഞീന്ന്..”
“ഉം.. ഇന്ന് നെല്ല് കുത്താണ്ടോ...”
“ഇല്ല്യ വെള്ളത്തിലിട്ട അയ് രി ഇടിച്ചാല്‍ മതി.. അത് കയിഞ്ഞാ ഇജ്ജ് പെയ്ക്കോ... അനക്കും ഇന്ന് പെരീല്‍ പണി കാണൂല്ലേ... “

വടക്കേ മുറിയിലെ പത്തായത്തിന് മുകളില്‍ നിന്ന് അരിയെടുത്തു... വെള്ളം ഊറ്റി കുറേശ്ശേ ഇടിച്ച് , നന്നായി തരിച്ചെടുത്തു... തിരിച്ചിറങ്ങുമ്പോള്‍ ളുഹ് റ് ബാങ്ക് കൊടുത്തിരുന്നു. അരിയും നാലണയും തന്ന് തിത്തിക്കുട്ടിത്താത്ത പറഞ്ഞു... “ന്നാ ഇജ്ജ് പൊയ്ക്കോ... ഇഞ്ഞ് നാളെ ഒന്ന് ബരണം... പെരന്നാളിന് മുമ്പ് കൊറച്ച് പണിയൊക്കെ ണ്ട്.”
“അയ് നെന്താ... ഞാം വരാ...”

വീട്ടിലെത്തി കുളിച്ച് ളുഹ് റ് നിസ്കരിച്ചു... നിസ്കാരപായ മടക്കി ‘മുസ് ഹഫു‘ (ഖുര്‍ ആന്‍) മായി വരാന്തയിലേക്ക് ഇറങ്ങുമ്പോഴാണ് ആയിശക്കുട്ടിയെ കണ്ടത്. അതി രാവിലെ ഇറങ്ങിയതാവും... അന്നമില്ലാതെ നടന്നതിന്റെ ക്ഷീണം മുഖത്തുണ്ട്...
“ന്താ ആയിശക്കുട്ട്യേ... വര്ണ് ല്യേ...”
“ഇല്ല്യ ബീത്താത്ത... കൊറച്ചൊക്കെ നടന്നു... നോമ്പ് നോറ്റ് നടക്കാന്‍ വെജ്ജ... പിന്നെ ങ്ങള് അറിഞ്ഞോ... “
“ന്ത്...”
“ഞമ്മളെ അജ്ജപ്പന്‍ ചെട്ട്യേരെ മനക്കലെ ആന പിന്നീം ചവുട്ടീന്ന് കേക്ക്ണ്... രാവ് ലെ പുറത്ത്ക്ക് കൊണ്ടോവുമ്പോ ഒരു കൊയപ്പും ഇല്ലാത്ത ജന്തൂ ആണ്. ആല്‍പറമ്പ്ക്ക് മരം പുടിച്ചാന്‍ പോയതാണെലാ...”
“പടച്ചോനേ... ന്ന്ട്ട്... “
“മരം പുടിച്ച്ണീന്റെ എടീല് ആണ് ചെട്ട്യേരെ ചവുട്ട്യേത്... ബാക്കി ആവൂലാന്നാ പറീണത്.“
“ആ കുട്ട്യേള് യത്തീം ആകാതിരിക്കട്ടേ ...”
“ന്നാ ഞാന്‍ പോട്ടേ... ചെന്ന്ട്ട് പണീം ണ്ട്”

എന്നും ആനയെ കഴുകാന്‍ തോട്ടിലെത്തുമായിരുന്നു ചെട്ട്യേര്. വെള്ളം പരന്നോഴുകുന്ന സ്ഥലത്തെത്തിയാല്‍ മടിയില്‍ കരുതിയ ആട്ടങ്ങ വെള്ളത്തിലേക്കിടും. പിന്നെ അത് ചവിട്ടി പൊട്ടിക്കാന്‍ ആനയോട് ആജ്ഞാപിക്കും. പൊങ്ങിക്കിടക്കുന്ന ആട്ടങ്ങ കാല്‍ ചോട്ടില്‍ ഒതുങ്ങാതെ വരുമ്പോള്‍ ചെട്ട്യേരുടെ വടി ആനയുടെ ചെവിയില്‍ പല തവണ പതിയും... അത് ഒരു സ്ഥിരം കളിയായിരുന്നു. കുറുമ്പ് പിടിച്ച് ഓടുന്നതിനിടയില്‍ അന്ധനായ കണ്ണുവിനെ വഴിയില്‍ നിന്ന് വഴിവക്കിലേക്ക് മാറ്റിവെച്ചതും, കുടിച്ച് ബോധമില്ലാത്ത അയ്യപ്പന്‍ ചെട്ട്യേര്‍ക്ക് കാവല്‍ നിന്നതും, മനക്കലെ വൈക്കോല്‍ കള്ളന്മാരെ തടഞ്ഞ് നിര്‍ത്തിയതും എല്ലാം കുട്ടിക്കാലത്ത് വീട്ടില്‍ പണിക്ക് വരുമായിരുന്ന എലുമ്പ പറഞ്ഞ കഥകളാണ്.

വാത്സല്യപൂര്‍വ്വം ‘ന്റെ ബീവികുട്ട്യേ...’ ന്ന് വിളിച്ചിരുന്ന വല്യുമ്മ പറയുമായിരുന്ന കഥകളിലും ആനകളുടെ ബുദ്ധിയും പകയും ദയയും സ്നേഹവും എല്ലാം ഉണ്ടായിരുന്നു. “അയ് ന് വല്യ ചെവിള്ളതോണ്ട് പിന്ന്ക്ക് കാണൂല്ല. അതോണ്ട് ആണ് അയ് നെ മന്‍സന്മാര്‍ക്ക് കൊണ്ടടക്കാന്‍ പറ്റ്ണത്. എപ്പളങ്കിലും അത് ബല്‍പ്പം അറിഞ്ഞാ പിന്നെ അയ്നെ മേച്ച് നടക്കാന്‍ പറ്റൂല്ല...” എന്ന് പറഞ്ഞാവും മിക്കവാറും എല്ലാ ആനക്കഥകളും അവസാനിപ്പിക്കാറ്. കോട്ടക്കലെ പൂരത്തിന് വന്ന ആന ഇടഞ്ഞ് മുറ്റത്തെ പ്ലാവിന്റെ ചോട്ടില്‍ വന്ന കഥ അവര്‍ പലവട്ടം പറഞ്ഞിട്ടുണ്ട്.

ഒരു റമദാന്‍ മാസം തന്നെ... വല്ലിപ്പ പൂട്ടാന്‍ (നിലം ഉഴാന്‍) പോയതായിരുന്നു..നാട്ടുക്കാരുടെ കൂക്കും വിളീം കേട്ടാണ് മുറ്റത്തേക്കിറങ്ങിയത്.. അപ്പോള്‍ ഇടവഴിച്ചെരിവ് തകര്‍ത്ത് കരിമ്പാറകെട്ട് പോലെ ഒരു കൊമ്പന്‍... തൊട്ടു പിന്നില്‍ അവന്റെ അത്ര തന്നെ ഉയരം ഇല്ലാത്ത മറ്റൊന്നും.. ‘പടച്ചോനെ... കത്തോളണേ..ന്നും പറഞ്ഞ് അകത്ത് കയറി വാതിലടച്ചു...മത്താരണപ്പൊളിക്കിടയിലൂടെ(ജനല്‍) അവയെ തന്നെ നോക്കി നിന്നു. ആളുകള്‍ ഇടവഴിയില്‍ തന്നെ നില്‍പ്പായിരുന്നു. വഴിയിലെ തെങ്ങില്‍ ചാരി ഒന്ന് ചൊറിഞ്ഞ് രണ്ടും മുറ്റത്തേക്ക് കയറി. മൂരികള്‍ക്ക് വെള്ളം എടുക്കാറുള്ള പാത്രത്തിലെ വെള്ളം ശരീരത്തില്‍ തെളിച്ചു.

മുറ്റത്തെ വരിക്കപ്പിലാവിന്റെ ചാഞ്ഞ് നില്‍ക്കുന്ന കൊമ്പില്‍ തുമ്പികൈ ചുറ്റി ഒന്ന് കുലുക്കി. ഉണക്കച്ചുള്ളികള്‍ പുരപ്പുറത്തേക്ക് വീണു... അത് ഒന്ന് ചാരിയാല്‍ വിഴാന്‍ മാത്രമേ ഉള്ളൂ മണ്‍കൂര... കണ്ണ് വെട്ടാതെ കാത്തിരുന്നു. താഴ്ന്ന് നില്‍ക്കുന്ന കൊമ്പ് വലിച്ചൊടിച്ച് ചിന്തീച്ചവക്കാന്‍ തുടങ്ങി... കുറെ കഴിഞ്ഞാണ് ഒരെണ്ണം പിലാവിന്റെ ചുവട്ടില്‍ തന്നെ കിടന്നത്... തൊട്ടപ്പുറത്ത് മറ്റേതും. വൈകീട്ട് ആനയുടെ ഉടമസ്ഥരെത്തി... അപ്പോഴാണ് കഥയുടെ ചുരുളഴിയുന്നത്. പൂരത്തിന് വന്ന ആനകളില്‍ ഒന്ന് ഇടഞ്ഞ് മറ്റുള്ളവയെ ആക്രമിച്ചെത്രെ... അവ തിരിച്ചും ആ യുദ്ധത്തില്‍ ഇടഞ്ഞവന്‍ വീണങ്കിലും മറ്റു രണ്ടെണ്ണത്തിനും കലിയിളകിയിരുന്നു. അവ ഉത്സവപ്പറമ്പിലേക്ക് ഇറങ്ങി... കച്ചവടക്കാര്‍ ജീവനും കൊണ്ട് ഓടി. ലക്ഷ്യമില്ലാത്ത ഓട്ടത്തിനിടയില്‍ വഴിയില്‍ കണ്ട മരങ്ങളില്‍ പലതും നശിപ്പിച്ചു. മതിലുകള്‍ തകര്‍ത്തു... ആ ഓട്ടം അവസാനിച്ചത് ഈ പിലാവിന്റെ ചോട്ടിലായിരുന്നു. അന്ന് പ്ലാവില്‍ തളച്ചു... പിറ്റേന്നാണ് തിരിച്ച് കൊണ്ട് പോയത്.

ഖുര്‍ആന്‍ പാരായണം അവസാനിപ്പിച്ച് ദുആ ചെയ്തു. അടുക്കളയിലേക്കിറങ്ങി. നോമ്പ് തുറക്കാനുള്ളത് ഒരുക്കിയപ്പോഴേക്കും മഗ് രിബ് ബാങ്ക് വിളിച്ചു... നോമ്പ് തുറക്കാന്‍ സമയത്താണ് കുഞ്ഞു എത്തിയത്. ഇന്ന് ഖബര്‍ സിയാറത്തിനൊക്കെ പോവാനുള്ളത് കൊണ്ട് അവന്‍ പണിക്ക് പോയില്ല. വന്നപാട് അവന്‍ സൈയെതൂനെ അന്വേഷിച്ചു.

“ഇത് വരെ ഓന്‍ വന്ന്ട്ട്ല്ല്യാ...... ഈ നല്ലോര് ദിവസായിട്ട് ഇബനെവിടെ പ്പോയി...”
“എങ്ങ്ട്ടാ പോണം ന്ന് പറഞ്ഞിരുന്നു... ചെലപ്പം രണ്ടീസം കയിഞ്ഞേ വര്വൊള്ളൂന്നും...”
“രണ്ടീസം കയിഞ്ഞോ... പടച്ചോനെ ഈ ചെക്കന്‍ ഇഞ്ഞ് എങ്ങോട്ട് പ്പോയി...”
“വല്ല പണിം കിട്ട്വോ നോക്കാനാണ് ന്നാ പറഞ്ഞത്.”
“ന്ത് പണി... പടച്ചോനെ... ന്റെ കുട്ടി...”

നോമ്പ് തുറന്ന ഉടന്‍ ചൂട്ട് കെട്ടി. കുഞ്ഞുനേയും കൂട്ടി രായീന്‍ ഹാജിയുടെ വീട്ടിലേക്ക് ഓടി. പള്ളിയിലേക്ക് ഇറങ്ങുകയായിരുന്നു ഹാജി. “ന്ത്യേ ബീവ്യേ ഇന്നേരത്ത്... ന്തേ അനക്ക്.” കണ്ടപ്പോള്‍ ആദ്യം സംസാ‍രിച്ചത് തിത്തുമ്മുത്താത്തയാണ്.
“ന്റെ സെയ്തൂനെ കാണാനില്ലാ...” പറഞ്ഞപ്പോഴേക്ക് അടക്കിവെച്ച കണ്ണീര് ചാലിട്ടൊഴുകി.
“കാണാല്യേ... ഒന്‍ എവ്ടെ പ്പോയി...” ഹാജിയാണ്.
സങ്കടം കൊണ്ട് സംസാരിക്കാന്‍ പറ്റ്ണ് ല്യാ... വിവരങ്ങള്‍ കുഞ്ഞു പറഞ്ഞു. .. എല്ലാം കേട്ട ശേഷം ഹാജി പറഞ്ഞു.
“സാരല്യ ... ഇന്നേരത്ത് ഇഞ്ഞ് എവ്ടെ പോയാ അന്വേഷിക്കാ... നാളെ രാവിലെ തന്നെ ഞമ്മക്ക് ആളെ വിടാം... ഏതായാലും ഞന തായത്ത് പോയി അന്വേഷിക്കട്ടേ...” ഹാജി ഇറങ്ങി.

“ബീവ്യ ന്നാ ഇന്ന് ഇബടെ തന്നെ കൂടിക്കോടീ... “ ഹാജിയുടെ ഉമ്മയാണ്.
ശര്യാണ് ബീത്താത്ത ഇങ്ങള് ഇവിടെ നിന്നോളി കുഞ്ഞ്വോ ഇജ്ജ് പോയി പെരീന്ന് ഹംസനേം അയമുദൂനെം ഇങ്ങ്ട്ട് വിള്ച്ചോ... ഇങ്ങക്കും ഇന്ന് ഇബടെ കെടക്കാം..” ഹാജ്യാരുടെ ഭാര്യ പറഞ്ഞു. പക്ഷേ എവിടെയും നില്‍പ്പുറക്കുന്നില്ലായിരുന്നു.. “ബേണ്ട കുട്ട്യേ... ഞ്ഞ് ഓന്‍ അന്തിക്ക് എപ്പ് ളെങ്കിലും വന്നാ ബുദ്ധിമുട്ടാവും... .”

ചൂട്ട് മിന്നിച്ച് കുഞ്ഞു മുമ്പില്‍ നടന്നു... നേരിയ തേങ്ങലോടെ ബീത്താത്ത പിന്നാലെയും... പിറ്റേന്ന് ഹാജിയുടെ ആളുകള്‍ കോട്ടക്കലും തിരൂരും മലപ്പുറത്തും അന്വേഷിച്ചു... പക്ഷേ ഒരു വിവരവും കിട്ടിയില്ല. ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞു...

Wednesday, September 23, 2009

ഒരിതള്‍ കൂടി...

ഭാഗം : ഒമ്പത്

അമ്മാവന്റെ ആജ്ഞ അനുസരിച്ച് തോട്ടത്തിലേക്ക് ഇറങ്ങിയതാണ് ‘കുഞ്ഞു‘ എന്ന കുഞ്ഞിമുഹമ്മദ്... അടയ്ക്ക പെറുക്കിക്കൂട്ടുന്നതില്‍ അശ്രദ്ധ കാണിച്ചാല്‍, അമ്മാവന്റെ ശകാരം ഇനിയും കേള്‍ക്കേണ്ടി വരും, അമ്മായിയുടെ കോപം ഇടിത്തീ പോലെ മുഖത്ത് ഇനിയും പല തവണ പതിയും. കവിളില്‍ പതിഞ്ഞ പരുക്കന്‍ പാടുകള്‍ ഇനിയും മാഞ്ഞിട്ടില്ല. വേട്ടയാടപ്പെടുമ്പോഴെല്ലാം അനാഥന്റെ നിസ്സഹായതയോടെ ‘നാടും വീടും ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും’ എന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്. അപ്പഴൊക്കെ കദീജുവിന്റെ മുഖത്തെ നിസ്സഹായത കരുത്ത് ചോര്‍ത്തിക്കളഞ്ഞു.

കവുങ്ങിന്‍ തടത്തിലെ ചീഞ്ഞ പാളമാറ്റി അതിനടിയില്‍ കിടന്ന അടയ്ക്ക എടുക്കുമ്പോഴാണ് കുളത്തിന്‍ പടവില്‍ മൂന്നാലെണ്ണം കണ്ടത്. തോട്ടം നനയ്ക്കാന്‍ മാത്രമുള്ളതാണ് കുളം. അതില്‍ നിന്ന് വെള്ളം തേവിയാണ് വെറ്റില നനയ്ക്കാറുള്ളത്. ആഴ്ചയില്‍ മൂന്ന് ദിവസം വെയില് ചൂടാവും മുമ്പ് അലവികാക്ക ജോലിക്കെത്തും. കുളത്തിന് കുറുകെയിട്ട കവുങ്ങിന്‍ പാലത്തിന്റെ മധ്യത്തില്‍ നിന്ന് തേക്ക് കൊട്ട കോര്‍ത്ത മുള വലിച്ച് താഴത്തുമ്പോള്‍, എതിര്‍വശത്ത് തൂങ്ങിക്കിടക്കുന്ന വൃത്താകൃതിയിലുള്ള കല്ലുകള്‍ പതുക്കെ ഉയരാന്‍ തുടങ്ങും... വെള്ളം നിറഞ്ഞാല്‍ മുളയിലെ പിടി അയക്കും... പിടി വിടാതെ പാലത്തിലൂടെ നടന്ന് വെള്ളം നിറഞ്ഞ കൊട്ട കുളക്കരയിലേക്ക് അടുപ്പിച്ച്, വെള്ളച്ചാല്‍ തുടങ്ങുന്ന കുഴിയിലേക്ക് കൊട്ടയില്‍ കാലമര്‍ത്തി പതുക്കേ ചെരിക്കും. കൊട്ടയിലെ വെള്ളം മുഴുവന്‍ വാര്‍ന്നാല്‍ കാലെടുത്ത്, വീണ്ടും പാലത്തിന്റെ മധ്യത്തിലേക്ക്...

കുളിക്കാനോ അലക്കാനോ ഉപയോഗിക്കാത്തത് കൊണ്ട് പടവുകളില്‍ അധികവും മണ്ണൊലിച്ച് നശിച്ചിരിക്കുന്നു. നല്ല ഭയമുണ്ടായിട്ടും കുളത്തിലിറങ്ങാന്‍ തന്നെ തീരുമാനിച്ചു. പടവിലേക്ക് പടര്‍ന്ന് കയറിയ പുല്ല് വകഞ്ഞുമായി പാറാത്തിന്‍ കമ്പില്‍ പിടിച്ച് പതുക്കെ ഊര്‍ന്നിറങ്ങി. കണ്ണ് തെറ്റിയാല്‍, കാലിടറിയാല്‍ നേരെ കുളത്തിലേക്കായിരിക്കും. നിരങ്ങിയിറങ്ങി ചവിട്ടിയത് പഴകിയ കാറമുള്ളിന്റെ കൊമ്പിലായിരുന്നു. കാലില്‍ മുള്ള് കയറിയപ്പോള്‍ ‘മ്മാ...” എന്നാണ് നാവില്‍ വന്നത്. അറിയാതെ ഉയര്‍ന്ന ആ വിളിയോടൊപ്പം അകത്ത് സങ്കടത്തിന്റെ ചൂട് നിറഞ്ഞു... ശബ്ദം തൊണ്ടയില്‍ തടഞ്ഞു.. തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത തേങ്ങല്‍ പുറത്ത് വന്നതോടെ കണ്ണിലെ അണപൊട്ടി. കുളത്തിലെ മുക്കാലും തകര്‍ന്ന പടവിലിരുന്ന് കൊതിതീരെ കരഞ്ഞു... നിര്‍ത്താന്‍ പല തവണ ശ്രമിച്ചെങ്കിലും ഉറവ്
പൊട്ടുന്ന കണ്ണീര് അതിനനുവദിച്ചില്ല.

അടയ്ക്ക ചേമ്പിലയില്‍ പൊതിഞ്ഞ് അള്ളിപ്പിടിച്ച് പുറത്തെത്തി... അപ്പോഴാണ് ബീത്താത്ത്ന്റെ ശബ്ദം കുഞ്ഞു കേട്ടത്... പെറുക്കിക്കൂട്ടിയത് അവിടെ തന്നെയിട്ട് ഓടിച്ചെല്ലുമ്പോള്‍ സങ്കടവും ദേഷ്യവും കൊണ്ട് അവര്‍ വിറക്കുന്നുണ്ട്... . കദീജുവിനെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്... മണ്ണ് പറ്റിയ കറുത്ത കാച്ചിയില്‍ മുഖം ചേര്‍ത്ത് അവള്‍ ആശ്വസിക്കുന്നു. അവരുടെ കണ്ണുകളില്‍ കണ്ണീരിന്റെ ശേഷിപ്പുണ്ട്. കൈയ്യില്‍ അരിവാള്‍... പുല്ലരിയാന്‍ ഇറങ്ങിയതാവണം. തൊട്ടപ്പുറത്ത് അമ്മാവന്‍ അഹ് മദ് കുട്ടി എന്ന അയമുട്ടി തല താഴ്ത്തി നില്‍ക്കുന്നു.

“ന്നാ‍ലും... ന്റെ അയമുട്ട്യേ അനക്ക് എങ്ങനെ വെയ്ക്കുണ് ഈ യത്തീമീങ്ങളെ കസ്റ്റ്പ്പെട്ത്താന്‍... ഒന്നൂല്യങ്കി ഇജ്ജ് ഒരു ആണല്ലഡാ... ഈ കുട്ട്യേളും വളരും... നാളെ ഓലെ കജ്ജോണ്ടാവും ചെലപ്പോ വള്ളം കിട്ട്യാ... അത് ജ്ജ് മറക്കണ്ട... എന്നും അനക്ക് ഈ താകത്ത് ണ്ടാവും കര് തണ്ട അയമുട്ട്യേ... അല്ലാഹു എന്നൊരാള്‍ മോളിലുണ്ട്. ഈ കുട്ട്യേളെ യത്തീമാക്ക്യേതും അനക്ക് കായി തന്നതും ആ പടച്ചോന്‍ ആണ്. ഇന്ന് അന്റെ അട്ത്തിരിക്കുന്ന പൈസേം പത്രാസം നാളെ ന്റെ ഈ കുട്ട്യേള്‍ക്ക് കിട്ടിക്കൂടായില്ല്യാ.. യത്തീമക്കളെ കസ്റ്റപ്പെടുത്തിയ ആരും നേടീറ്റ്ല്ല്യാ... “ പറഞ്ഞ് തീരും മുമ്പ് ബീത്താത്ത പൊട്ടിക്കരഞ്ഞു...

“പടച്ചോനെ ഇജ്ജ് കാണ്ണില്യേ ഇതൊക്കെ... ന്റെ ഈ യത്തീമുകളെ ഇങ്ങനെ ഒദ്ര്ക്കുന്നോര്ടെ ഉങ്ക് ഇജ്ജ് തന്നെ നിര്‍ത്തണേ...” കൈ നെഞ്ചില്‍ അടിച്ച് അവര്‍ കരയുമ്പോള്‍ കദീജുവും കുഞ്ഞുവും നിറകണ്ണുകളോടെ നോക്കി നിന്നു. അമ്മാവന്റെ ഭാര്യ റുക്യയെ അവിടെ കാണാനില്ലായിരുന്നു.

“ന്റെ മൂന്നണ്ണത്തെ നോക്കാൻ ഞാൻ കസ്റ്റപ്പെട്ണ്ട് ന്ന് ശര്യന്നെ... അയിന്റെ ഒപ്പം ഈ രണ്ടെണ്ണം കൂടി ഞാൻ നോക്കിക്കൊള്ളാം... ഇഞ്ഞ് മേലാല് ഇയ്റ്റങ്ങളെ വിള്ച്ചാൻ ന്റെ പടി കേറീറ്റ്ണ്ടങ്കി കണ്ടോണ്ടി...” കദീജുവിനെ എടുത്ത് ഒക്കത്ത് വെച്ച് കുഞ്ഞുവിനെ ചൂണ്ടി പ്പറഞ്ഞു “നടക്കടാ...”

പുല്ലരിയാൻ നിൽക്കാതെ അവരേയും കൂട്ടി വീട്ടിലേക്ക് നടന്നു. തോട്ടിൽ നിന്ന് രണ്ടുപേരെയും കുളിപ്പിച്ചു... വസ്ത്രങ്ങൾ അലക്കിപ്പിഴിഞ്ഞ് ധരിപ്പിച്ചു... ബീത്താത്തയുടെ ഭർത്താവ് അദ്രമാൻകാക്ക മരിച്ച ശേഷം വളർത്തുന്ന പറക്കമുറ്റാത്ത മുന്ന്‍ മക്കളോടോപ്പം അവരും ആ വീട്ടില്‍ സ്ഥിരാംഗങ്ങളായി... എല്ലാവർക്കും കൂടി ഇടനാഴിയിൽ പായ വിരിച്ച് കൊടുക്കും... പഴയ കഥകള്‍ പറഞ്ഞ് തൊട്ടടുത്ത് തന്നെ അവരും ഉണ്ടാവും.

ബീത്താത്ത അന്ന് മുതൽ സ്വന്തം മക്കളോടൊപ്പം ആങ്ങളയുടെ മക്കളെയും ഓത്തുപ്പള്ളിയിൽ അയച്ചു. അരിഷ്ടിച്ചാണെങ്കിലും സ്വന്തം മക്കളേക്കാളും സ്നേഹത്തോടെ ആങ്ങളയുടെ മക്കളെ വളർത്തി. കുഞ്ഞു വളർന്ന് തുടങ്ങിയപ്പോൾ അവരെ ജോലിയില്‍ സഹായിച്ചു തുടങ്ങി. ഓത്തുപള്ളി വിട്ട് വീടെത്തിയാൽ അവന്‍ അമ്മായി ജോലി ചെയ്യുന്ന സ്ഥലത്തെത്തും. എത്ര നിർബന്ധിച്ചാലും സഹായിക്കാൻ നിൽക്കും... പുല്ലരിയാനും ഞാറ് പറിക്കാനും കൊയ്യാനും മെതിക്കാനും എല്ലാം അവനും കൂടി. വർഷങ്ങൾ പലത് കഴിഞ്ഞു. ബീത്താത്തന്റെ മക്കളായി കുഞ്ഞുവും കദീജുവും വളർന്നു.

ഒരു മുണ്ടകന്‍ പണിക്കാലം. പെയ്തൊഴിയാത്ത മഴ തോടും പാടവും നിറച്ചു. എന്നെത്തും പോലെ ബീത്താത്ത പണിക്കിറങ്ങി... ഇരു കൈ കൊണ്ടും പറിച്ച് കെട്ടാക്കുന്ന ഞാറ്റുമുടി തൊട്ടുവക്കത്ത് എത്തിച്ച് ഒതുക്കിവെക്കാൻ മൂത്ത മകന്‍ സൈയ്തുവും കുഞ്ഞുവും സഹായിക്കും. അന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കദീജു വീട്ടിൽ ഇല്ലായിരുന്നു.

രാവിലെ പോവുമ്പോള്‍ “ഞമ്മളെ മൊയ്തീൻ കാക്കാന്റെ തോടൂല് ആടിനെ കെട്ടീട്ടുണ്ട്... മഗ് രിബ് ബാങ്ക് വിളിക്കും മുമ്പേ ന്റെ കുട്ടി അതിനെ അയ്ച്ച് കൊണ്ട് വരണം... ഇമ്മിം കാക്കാരും പാടത്ത്ന്ന് വരാൻ ചെലപ്പോ വൈകും...” എന്ന് പറഞ്ഞിരുന്നു.

“ഞാൻ അയ്ച്ച് കൊട്ന്നോളാ... ആ മുട്ടൻ ന്നെ എടക്ക് കുത്താൻ വരും..” എന്നവള്‍ മറുപടിയും പറഞ്ഞു.
“അയ്ന് ഇജ്ജ് ഒരു ചുള്ളല് കൈയിൽ പിടിച്ചോണ്ടി...”
“കണ്ണീകണ്ട കേറും കൊളവും നെറ്ഞ്ഞ് നിക്കണ നേരാ... ന്റെ കുട്ടി നോക്കി നടക്കണേ... ആട് കള് മണ്ട് ആണെങ്കിൽ പിന്നാലെ പായാനൊന്നും നിക്കണ്ട... അയ്റ്റങ്ങള് കൂട്ട്ക്ക് ഒറ്റക്ക് ബന്നോളും...” ഇറങ്ങുമ്പോള്‍ ഒന്നൂടെ ഓര്‍മ്മിപ്പിച്ചു.

വൈകീട്ട് പാടത്ത് നിന്ന് കേറി പുത്തൻ കുളത്തിലൊന്ന് മുങ്ങി വീടെത്തിയപ്പോൾ ഇളയവരായ ഹംസയും അയമുദുവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ... വീട്ടിലേക്ക് കയറിയപ്പാട് ആദ്യം അന്വേഷിച്ചത് അവളെയായിരുന്നു.
“ഓള് ആട്നെ ബ്ടെ കൊട്ന്നാക്കി ഇങ്ങളെ തെരഞ്ഞ് പോന്ന്ട്ട്ണ്ടാവും ന്നാ ഞങ്ങൾ വിചാര്ച്ചത്..” എന്നയി അവർ...
“ബദരീങ്ങളേ... ന്റെ കുട്ടി ഈ നേരല്ലാത്ത നേരത്ത് എവ്ടെ പോയി...” ബീത്താത്ത തലക്ക് കൈയും കൊടുത്ത് താഴെ ഇരുന്നു.

ആട്ടിൻ കുട്ടികൾ നേരത്തെ വീടെത്തിയിരിക്കുന്നു... അടുത്ത വീടുകളിലും പറമ്പിലും അന്വേഷിച്ചു. അറിഞ്ഞപ്പോള്‍ ഓടിക്കൂടിയ നാട്ടുകാരും ചൂട്ട് മിന്നിച്ച് അവളെ അന്വേഷിച്ചിറങ്ങി... രാത്രി മുഴുവന്‍ നിറഞ്ഞ കുളങ്ങളും കിണറുകളും അരിച്ചുപ്പെറുക്കി... അവസാനം ഇടവഴിയിലേക്ക് വെള്ളം ഒലിച്ച് തുടങ്ങുന്ന കുഴിയിൽ നിന്ന് കദീജുവിന്റെ തണുത്ത ശരീരം കിട്ടിയപ്പോല്‍ കിഴക്ക് വെള്ളകീറിത്തുടങ്ങിയിരുന്നു... സാധാരണ അരയ്ക്കൊപ്പം മാത്രം വെള്ളമുണ്ടാവാറുള്ള കുഴിയില്‍ കഴുത്തൊപ്പം വെള്ളമുണ്ട്... വീഴാന്‍ സമയം കയറിപ്പിടിച്ച പൊന്തക്കാട് ഒടിഞ്ഞ് തൂങ്ങിയിരുന്നു.

തണുത്ത ശരീരം വരാന്തയിൽ കിടത്തുമ്പോള്‍ ബീത്താത്തക്ക് ബോധം ഉണ്ടായിരുന്നില്ല... ഒന്നും അറിയാത്തവന്റെ നോട്ടവുമായി കുഞ്ഞു ആൾക്കൂട്ടത്തിനിടയിൽ ഒതുങ്ങി. മരണവീട്ടില്‍ കണ്ണ് നിറയാത്തവര്‍ ഉണ്ടായിരുന്നില്ല. പിറ്റേന്ന് മുറ്റത്ത് നിന്ന് മയ്യിത്ത് കട്ടിലുയരുമ്പോള്‍ ബീത്താത്ത നിയന്ത്രണം വിട്ട് കരഞ്ഞു... തേങ്ങുന്ന കുഞ്ഞുവിനെ സൈയ്തുമുഹമ്മദാണ് മസ്ജിദിൽ എത്തിച്ചത്. തെളിഞ്ഞ പകലില്‍ ളുഹ് റ് ബാങ്ക് മുഴങ്ങുമ്പോൾ കൂടിനിന്നവരുടെ അവസാന കടപ്പാട് മൂന്ന് പിടി പുതുമണ്ണ് ഖബറിലേക്ക് വീഴുകയായിരുന്നു. പിന്നീട് മീസാൻ കല്ല് നാട്ടി രണ്ട് കഷ്ണം മൈലാഞ്ചി കൊമ്പ് കുത്തി വെള്ളമൊഴിച്ച്, നിറകണ്ണുകളുമായി നാട്ടുകാര്‍ മധ്യഹ്നപ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് നടന്നു...
വിടരും മുമ്പേ പൊഴിഞ്ഞ മോഹങ്ങള്‍ക്ക് മുകളിലെ മൈലാഞ്ചി കൊമ്പ് മൌനിയായിരുന്നു...

Tuesday, September 08, 2009

വെയിലും തണലും

ഭാഗം : എട്ട്

കരിത്തേച്ച് മിനുക്കിയ ഈര്‍പ്പം മാറാത്ത അടുക്കളപ്പുറത്തൂടെ തിടുക്കത്തില്‍ നീങ്ങുന്ന ഉറുമ്പുകളെ ശ്രദ്ധിച്ചിരുന്നു. നിരത്തെറ്റാത്ത ആ വരിയ്ക്കൊപ്പം നിങ്ങുന്ന മീന്‍ മുള്ള്, അകത്ത് ഒതുക്കി നിര്‍ത്തിയിരുന്ന വിശപ്പ് കൂട്ടുന്നുണ്ട്. കഴിച്ചതിന്റെ അവശിഷ്ടമാണങ്കിലും, മണ്ണ് പറ്റിയിട്ടുണ്ടെങ്കിലും അകത്തെത്തിയാല്‍ ഇച്ചിരി ആശ്വാസമാവും എന്നുറപ്പാണ്. കഴിഞ്ഞ രാത്രിയിലും കാര്യമായൊന്നും കഴിച്ചിട്ടില്ല...

മീന്‍ കൂട്ടാനും കൂട്ടി ചോറ് കുഴക്കുന്നതും നോക്കി നിന്നതിന് ‘ ഇജ്ജ് ന്തിനാ എപ്പളും ഇങ്ങനെ നോക്കി നിക്ക്ണത്... ബാക്കിള്ളൊര്ക്ക് കൊതി കൂടാനോ...“ എന്ന്‍ കദീജുവിനെ പരിഹസിക്കുന്നത് കേട്ടപ്പോള്‍ സങ്കടമടക്കി മിണ്ടാതെ കിടന്നു. തലതാഴ്ത്തി, നനഞ്ഞ കണ്ണുകളുമായി തേങ്ങുന്ന അവളുടെ കുഞ്ഞുമുഖം കണ്ണടച്ച് നിന്നാല്‍ തന്നെ കാണാമായിരുന്നു. സങ്കടം തൊണ്ടയിലെത്തിയപ്പോള്‍ കമിഴ്ന്ന് കിടന്നു... കണ്ണുകള്‍ നിറഞ്ഞൊഴുകി... കരച്ചിലിന്റെ ശബ്ദം പുറത്തെത്തിയാല്‍ അത് വീണ്ടും ഒരു ശകാരത്തിന് കൂടി വഴിവെക്കുമെന്നതിനാല്‍ തേങ്ങലടക്കി. ഇന്നലെ എല്ലാവരും കഴിച്ച ശേഷം കഞ്ഞിക്കലത്തില്‍ ചൂട് വെള്ളമൊഴിച്ച് ഉപ്പിട്ട് നീക്കിവെക്കുമ്പോള്‍ അമ്മായി ഓര്‍മ്മിപ്പിച്ചു. ‘ബേം തിന്ന് പോയി കെട്ന്നോ... രണ്ടും. ഇബടെ ഇങ്ങളേ നോക്കാനൊന്നും ആരും ല്ലാ...”

ആരും ശ്രദ്ധിക്കുന്നില്ലന്ന് ഉറപ്പ് വരുത്തി, ഉറുമ്പിന്‍ ചാലിനരികെ പടിഞ്ഞിരുന്ന് നീങ്ങുന്ന മീന്‍ മുള്ള്‍ കയ്യിലെടുത്തു... പറ്റിപ്പിടിച്ച ഉറുമ്പുകളെ തട്ടിക്കളയുമ്പോള്‍ ഒന്ന്‍ രണ്ടെണ്ണം കൈയിലേക്ക് കയറി. മീന്‍മുള്ള് വായയിലേക്ക് ഉയര്‍ത്തുമ്പോഴാണ് സൂക്ഷിച്ച് നോക്കി നില്‍ക്കുന്ന കദീജുവിന്റെ കലങ്ങിയ കണ്ണുകള്‍ കണ്ടത്. അവിടെയും വിശപ്പിന്റെ നിസ്സഹായതയുണ്ട്. ഏത് നിമിഷവും പൊട്ടിയൊലിക്കാവുന്ന രീതിയില്‍ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്... പാറിപ്പറന്ന മുടിയുമായി പാതി വളഞ്ഞ് ചുമരിനോട് ചാരി നില്‍ക്കുന്ന അവള്‍ക്ക് നീട്ടി. വേണ്ടെന്ന് തലയാട്ടിയെങ്കിലും കയ്യില്‍ വെച്ചു കൊടുത്തു. തിരിച്ചും മറിച്ചും നോക്കി ഒരു കഷ്ണം കടിച്ചെടുത്ത് ബാക്കി തിരിച്ച് നീട്ടുമ്പോഴേക്കും നിറഞ്ഞ് നിന്നിരുന്ന കണ്ണീര്‍ കവിളുകളിലൂടെ ഒലിച്ചിരുന്നു... ഒന്നും പറയാതെ വാങ്ങി വായിലിട്ട് ചവച്ചു...

‘ന്താടാ... ബ് ടെ... അന്നോട് ഞാന്‍ പറഞ്ഞ്ട്ടില്ല്യേ... തൊയുത്തീന്ന് രാവിലെ തന്നെ ചാണം വാരണം ന്ന്... വെറ്തെ തിന്ന് മുടിച്ചാന്‍ വേണ്ടി ഓരോരോ പണ്ടാരങ്ങള്‍...” ദേഷ്യത്തില്‍ വന്ന റുക്ക്യമ്മായിയെ കണ്ട് കദീജു ചൂളി. കണ്ണ് വെട്ടുന്ന സമയം കൊണ്ട് പരന്ന കൈ മുഖത്ത് പതിഞ്ഞു... കവിള്‍ നീറിപ്പൊള്ളിയപ്പോള്‍ കണ്ണടച്ചു... തൊണ്ടയില്‍ ശബ്ദം തടഞ്ഞു. അടി കൊണ്ടത് എനിക്കാണെങ്കിലും എങ്ങിക്കരഞ്ഞത് കദീജു ആയിരുന്നു. “മുണ്ടതിരിക്കടീ ചെയ്ത്താനെ...” അമ്മായി അവളുടെ നേരെ തിരിഞ്ഞു. തേങ്ങലൊതുക്കിയപ്പോള്‍ അമ്മായി തിരിച്ച് നടന്നു...

“വേം പോയി ആ തൊവുത്ത് നന്നാക്ക്... അല്ലാതെ അന്നത്തിന്റെ മുറി നക്കാന്‍ കിട്ടൂല്ല രണ്ടിനും... എന്ത് ഒലക്ക കണ്ട്ട്ടാണ് ഈ പണ്ടാരങ്ങളെ ഇങ്ങട്ട് കൊണ്ടന്ന്ക്ക്ണ്...” ബീവിഅമ്മായിയുടെ വീട്ടില്‍ നിന്ന് ഇങ്ങോട്ട് വിളിച്ച് കൊണ്ട് വന്ന അമ്മാവനോടുള്ള ദേഷ്യം പിറുപിറുപ്പില്‍ ഒതുക്കി അവര്‍ നടന്നകന്നു.

“കൊറച്ച് കയിഞ്ഞ് ഞമ്മക്ക് ബീവി അമ്മായിയുടെ പെരീക്ക് പോവാം... “ എന്ന് പറഞ്ഞപ്പോള്‍ കണ്ണുകള്‍ അമര്‍ത്തിത്തുടച്ച് അവള്‍ തലയാട്ടി.

ബാപ്പയും ഉമ്മയും മരിച്ച ശേഷം ബാപ്പാന്റെ സഹോദരി ബീവിഅമ്മായിക്കൊപ്പമാണ് താമസം. പക്ഷേ ഇടയ്ക്ക് അമ്മാവന്‍ വിളിക്കാന്‍ വരും... ഇവിടെ റുക്യമ്മായിയുടെ ഉപദ്രവത്തെ കുറിച്ച് അറിയാമെങ്കിലും “ങ്ങള് രണ്ടീസം നിന്ന് പോരി മക്കളേ... ന്റെ കാലം കയിഞ്ഞാല്‍ അവരൊക്കെയല്ലേ നോക്കണ്ടത്... അതോണ്ട് പറ്റെ ബന്ധം വിടണ്ട...” എന്ന് ആശ്വസിപ്പിച്ച് അമ്മാവന്റെ കൂടെ വിടും.

എനിക്ക് അഞ്ച് വയസ്സും കദീജുവിന് നാല് മാസവും ഉള്ള സമയത്താണ് ബാപ്പ മരിച്ചത്. കൊയ്തുകാരെ സഹായിക്കാന്‍ പാടത്ത് പോയതായിരുന്നു. തിരിച്ച് വരുന്ന വഴിയില്‍ തളര്‍ന്ന് വീണു. പിന്നെ രണ്ടാഴ്ച കിടന്നു... അന്നും സഹായത്തിന് ബീവിമ്മായി മത്രമേ ഉണ്ടായിരുന്നുള്ളൂ. അര്‍ദ്ധരാത്രി അലറിക്കരച്ചില്‍ കേട്ട് ഞെട്ടിയുണരുമ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു. ഉമ്മ കെട്ടിപ്പിടിച്ച് ‘നമ്മളെ പ്പ പോയി...” എന്ന് കരയുമ്പോഴും ‘മരണം’ എന്താണെന്ന് അറിയില്ലായിരുന്നു.

പാതിയടഞ്ഞ ഉപ്പാന്റെ കണ്ണിന് മുകളില്‍ പതുക്കെ കൈ വെച്ച് തടവി അടക്കുമ്പോള്‍ രായീന്‍ ഹാജിയുടെ ചുണ്ടുകള്‍ അനങ്ങുന്നുണ്ടായിരുന്നു. വെള്ളത്തുണി കീ‍റി കാലുകളുടെ തള്ളവിരലുകള്‍ ചേര്‍ത്ത് കെട്ടി... കൈകള്‍ രണ്ട് ഭാഗത്തുമായി നീട്ടി വെച്ചു.. മുഖത്തിന് ചുറ്റും ഒരു വട്ടക്കെട്ട് കെട്ടി... അപ്പോഴേക്ക് അകത്തെ മുറിയില്‍ നിന്ന് മരക്കട്ടില്‍ കൊലായിയിലേക്ക് എടുത്തു... ബാപ്പയെ അതിലേക്ക് കിടത്തി. വെള്ളമുണ്ട് കൊണ്ട് ശരീരം മൂടി... ചുറ്റുഭാഗത്തും ആളുകള്‍ ഇരുന്ന് മുസ് അഫ് ഓതാന്‍ (ഖുര്‍ ആന്‍ പാരായണം.) തുടങ്ങി.

ബീവിഅമ്മായിയുടെ മൂത്ത മകന്‍ സൈയ്തു കാക്ക അടുത്ത് വന്ന് പറഞ്ഞു.. “അന്റെ ഉപ്പ മരിച്ചെന്ന്..”
“മരിച്ചാലോ...”
“ഇഞ്ഞ് പള്ളിക്കാട്ടില്‍ കൊണ്ടോയി ഖബറടക്കും..” അഞ്ച് വയസ്സിന് മുത്തതാണ് സെയ്തു കാക്ക. അത് കൊണ്ട് എല്ലാ കാര്യങ്ങളും അറിയാം. പിന്നീട് ബാപ്പാന്റെ ഖബര്‍ പലവട്ടം ‘സിയാറത്ത് ‘ (സന്ദര്‍ശിച്ചു) ചെയ്തു. കൂടെ സൈതു കാക്കാന്റെ ബാപ്പാന്റെ ഖബറും. അദ്ദേഹവും കുറെ മുമ്പ് മരിച്ചതാണ്. അമ്മായിക്കാക്ക മരിച്ച ശേഷം ബാപ്പയായിരുന്നു അവക്ക് സഹായം. ബാപ്പ കൂടി മരിച്ചപ്പോള്‍ അമ്മായി പുറം ജോലിക്ക് പോയിത്തുടങ്ങി. ബീത്താത്ത എന്നാണ് എല്ലാവരും അമ്മായിയെ വിളിക്കാറ്...

ഉമ്മാന്റെ കുടുബം നാട്ടിലെ ജന്മിക്കുടുബമാണ്... ഉമ്മയുടെ ഉമ്മ നേരത്തെ മരിച്ചിരുന്നു... അവിടെ കുടുബത്തില്‍ ബാക്കിയുള്ളവരാരും തിരിഞ്ഞ് നോക്കിയില്ല... ബീവി ആമ്മയിയോടൊപ്പം ഉമ്മ ജോലിക്ക് പോയിത്തുടങ്ങി. അത് കുറച്ചിലാണെന്ന്‍ പറഞ്ഞ് അമ്മാവന്‍ പലപ്പോഴും ഉമ്മയോട് ദേഷ്യപ്പെട്ടു... ‘ന്റെ മ്മ ണ്ടായിരുന്നെങ്കില്‍ എനിക്ക് ഈ ഗതി വരൂല്ലായിരുന്നൂ..’ എന്ന് പറഞ്ഞ് ഉമ്മ കരഞ്ഞു. ആ സങ്കടം തീരുവോളം ഉമ്മ ജോലിക്ക് പോവില്ല. പട്ടിണിയാവുമ്പോള്‍ പിന്നെയും കൊയ്യാനും മെതിക്കാനും നെല്ല് കുത്താനും ഇറങ്ങും.

ഉമ്മ രോഗിയായപ്പോ‍ള്‍ ബീവിഅമ്മായി പണിക്ക് ഇറങ്ങും മുമ്പ് അതിരാവിലെ വന്ന് കഞ്ഞിയും കഷായവും വെച്ച് തരും. അവര് ഇറങ്ങിയാല്‍ ഉടനെ ചൂടുള്ള കഞ്ഞി പാത്രത്തിലാക്കി ചൂടാറ്റി ഉമ്മയുടെ കട്ടിലിന്നരികെ എത്തിക്കലാണ് ആദ്യത്തെ ജോലി. പതുക്കെ എണീറ്റിരുന്ന് ചേര്‍ത്ത് നിര്‍ത്തി ചോദിക്കും... “ന്റെ കുട്ടി കുടിച്ചോ...
“ങ്ങള് കുടിച്ചോളീ... ന്ന്ട്ട് ഞാന്‍ കുടിക്കാം..”
“കദീജൂനും കൊടുക്കണം... ഓളെ ഇജ്ജ് നോക്കണം... മ്മാക്ക് ബെജ്ജാഞിട്ട് അല്ലേ..”
“ഓക്ക് ഞാന്‍ കഞ്ഞി കൊട്ത്തോളം... മ്മ കുടിച്ചോളി...”
അവള്‍ക്ക് കഞ്ഞി കൊടുത്ത് കഴിയുമ്പോഴേക്ക് അടുപ്പത്ത് വെച്ച കഷായം തിളച്ചിരിക്കും.അത് പിഞ്ഞാണത്തിലാക്കി കൊണ്ട് കൊടുക്കുമ്പോള്‍ “ന്റെ കുട്ടി ഈ പ്രായത്തില്‍ ങ്ങനെ ആയല്ലോ പടച്ചോനെ...” എന്ന് കരയുമായിരുന്നു. ഒന്നും മിണ്ടാതെ പാത്രം തിരിച്ചെടുത്ത് മുറ്റത്തേക്കിറങ്ങും.

മുറ്റത്ത് വീണ ചമ്മലൊക്കെ പെറുക്കി വൃത്തിയാക്കുമ്പോഴേക്ക് കുളിക്കാന്‍ വെള്ളം എടുക്കാന്‍ സമയമായി. ഇടവഴിയിലൂടെ ഒഴുകുന്ന വെള്ളം കിണ്ടിയില്‍ കൊണ്ട് വന്ന് കലം നിറക്കും... ആദ്യം കദീജൂനെ കുളിപ്പിക്കും.. പിന്നെ ഉമ്മാനെ വിളിക്കും... “ കുളിപ്പുര വരെ വാരാന്‍ ഒത്തിരി കഷ്ടപ്പെടണം‍... പിന്നെ ഇരുന്ന് നമസ് കരിക്കും... അത് കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ ഉമ്മാന്റെ രണ്ട് ഭാഗത്തുമായി ചുരുണ്ട് കൂടും... പുറം വീട്ടില്‍ പണിക്ക് പോവുന്ന ബീവി അമ്മായി വൈകുന്നേരമേ വരൂ... അപ്പോള്‍ കഴിക്കാന്‍ എന്തെങ്കിലും ണ്ടാവും... “കുഞ്ഞ്വോ... ഇത് അവുത്ത് കൊണ്ട് വെക്ക്... കുറച്ച് കഴിഞ്ഞ് ഉമ്മാക്ക് കൊടുക്കണം... ന്ന്ട്ട് ഇങ്ങള് തിന്നോണ്ടി.. ”എന്ന് പറഞ്ഞ് . അവര്‍ ഇറങ്ങും.

അന്നും രാവിലെ കഷായം വെച്ചാണ് ബീവി അമ്മായി നെല്ല് കുത്താന്‍ പോയത്. കഞ്ഞിയും മരുന്നും കൊടുത്തപ്പോഴാണ് നഖം മുറിക്കണം എന്ന് പറഞ്ഞത്. കട്ടില്‍ നിന്ന് പതുക്കേ ഇറങ്ങി വരാന്തയില്‍ വന്ന് നഖം മുറിച്ചോണ്ടിരിക്കുമ്പോഴാണ് ഉമ്മ ചരിഞ്ഞ് വീണത്... അലറിക്കരഞ്ഞ് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും എട്ട് വയസ്സുകാരന് അതിന് കഴിയില്ലായിരുന്നു... പിന്നെ ഒന്നും നോക്കാതെ അമ്മായി പണിയെടുക്കുന്ന വീട്ടിലേക്ക് കരഞ്ഞ് കൊണ്ട് ഓടി..

വിവരമറിഞ്ഞപ്പോല്‍ അവര്‍ കൂടെ വന്നു... വീട്ടിലെത്തി കട്ടിലിലേക്ക് കിടത്തി.. ശരീരം മുഴുവന്‍ വെള്ളം ചൂടാകി തുടച്ചു... ഞാന്‍ സൈനൂന് കഞ്ഞി കൊടുക്കുമ്പോഴാണ് താഴത്തീലെ ആച്ചുട്ടിത്താത്തനെ വിളിക്കാന്‍ പറഞ്ഞത്... അവരെ വിളിച്ച് തിരിച്ച് കട്ടിലിനരികില്‍ ഓടിയെത്തി... അമ്മായി വായില്‍ വെള്ളം ഇറ്റിച്ച് കൊടുക്കുന്നുണ്ട്... കട്ടിലിനോട് ചേര്‍ന്ന് നിന്നപ്പോള്‍ ആ കൈകള്‍ കൈത്തണ്ടയില്‍ ഒന്ന് മുറുകി... പിന്നെ അയഞ്ഞു...

യത്തീം ആയ ഞങ്ങള്‍ ബീവി അമ്മായിയോടൊപ്പം ഇറങ്ങി... അവരുടെ വീട്ടിലേക്ക്...

തൊഴുത്തില്‍ നിന്ന് ചാണകം നീക്കി കൈ കഴുകുമ്പോള്‍ കദീജു വീണ്ടും വന്നു. ‘കാക്കാ... ഞമ്മക്ക് പോവാം... ഓല് ഇന്നെ തല്ലാണ്...” റുക്യമ്മായിയെ കുറിച്ചുള്ള പരാതിയാണ് ... അഞ്ചു വയസ്സുകാരിയായ കദീജു തേങ്ങുന്നു... “അമ്മോന്‍ കാക്ക വന്ന്ട്ട് പറഞ്ഞ് പോവാം ഇന്ന്... ട്ടാ... “ കണ്ണീര്‍ തുടച്ച് അവള്‍ ഓടിപ്പോയി.

‘തിരിച്ച് പോവാന്‍ ഇനി എന്ത് പറയും...’ നനവുള്ള തൊഴുത്തിന്‍ വരാന്തയില്‍ ഇരുന്നാലോചിച്ചു.

Tuesday, August 11, 2009

വഴിത്തിരിവ്

ഭാഗം : ഏഴ്

“പുത്യാപ്ല വരുന്നൂ...” ആരോ പറയുന്നത് കേട്ടു.... ഇടവഴിയുടെ തുടക്കത്തില്‍ പെട്രോമാക്സിന്റെ വരി തുടങ്ങുന്നുണ്ട്... എല്ലാവരും എണീറ്റു... പാട്ടുകാര്‍ വരനെ സ്വീകരിക്കാനിറങ്ങി. അവര്‍ മുറ്റത്തേക്ക് കയറും മുമ്പ് ചെക്കന്റെ കാല് കഴുകല്‍ ചടങ്ങുണ്ട്. അത് പെണ്‍കുട്ടിയുടെ ആങ്ങളമാരില്‍ ആരെങ്കിലും ആണ് സാധാരണ ചെയ്യാറുള്ളത്. കുഞ്ഞാമുന്റെ മൂത്തമോന്‍ അയമുദു നിറഞ്ഞ ഓട്ടുകിണ്ടിയുമായി മുറ്റത്തേക്ക് കേറുന്ന പടിയില്‍ തയ്യാറായി നിന്നു.

ഇടവഴിയുടെ അങ്ങേയറ്റത്തേക്ക് പാ‍ട്ടുകാര്‍ ധൃതിയില്‍ നടന്നു. കല്യാണചെക്കനേയും കൂട്ടരെയും പാട്ടുപാടി സ്വീകരിക്കേണ്ടതുണ്ട്. നാലോ അഞ്ചോ പാട്ട് കഴിയുമ്പോഴേക്ക് അവര്‍ വീടിന് അടുത്തെത്തി. വെള്ളത്തൊപ്പിയും വെള്ളക്കുപ്പായവും വെള്ളത്തുണിയും ധരിച്ച വരന്‍ പന്തലിലേക്ക് കയറും മുമ്പ് അയമുദു വെള്ളക്കിണ്ടി നീട്ടി. പതിച്ചിട്ട കല്ലില്‍ കാലുരച്ച് കഴുകിയ ശേഷം വരന്‍ ചില്ലറത്തുട്ട് കിണ്ടിയിലിട്ടു. കാലണയോ അരയണയോ ആണെന്ന് തോന്നുന്നു. ഏതായാലും ആ പൈസ കാല് കഴുകാന്‍ നില്‍ക്കുന്നവനുള്ളതാണ്.

നാട്ടുകാരണവരായ രായീന്‍ ഹാജിയടക്കം എല്ലാവരും ചേര്‍ന്ന് വരനെ സ്വീകരിച്ചു. പുല്പായ വിരിച്ച കട്ടിലില്‍ പുത്യപ്ല ഇരുന്നു... ചുറ്റും വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും... കട്ടില്‍ സ്ഥലം കിട്ടാത്തവര്‍ താഴെ വിരിച്ച പായയില്‍ ഇരുന്നു. വരന്റെ കൂടെ ഇരിക്കുന്നത് അന്തസ്സിന്റെ ഭാഗമായത് കൊണ്ട് അതിനായി ചെറിയ തള്ളലുണ്ടാവും. സാധാരണ പന്തലില്‍ രണ്ട് പടികള്‍(കട്ടിലുകള്‍‍) ആണ് ഉണ്ടാവാറുള്ളത്. അതിലൊന്ന് കാരണവന്മാര്‍ക്ക് മാത്രം ഇരിക്കാനുള്ളതാണ്... രണ്ടാമത്തേത് പുത്യാപ്ലക്കും കൂട്ടര്‍ക്കും...

വരന്റെ കൂടെ വന്നവര്‍ക്ക് ചക്കരച്ചായ വിതരണം ചെയ്തു. കുഞ്ഞാമുവും പുതിയാപ്ലയും മുഖാമുഖം ഇരുന്നു. അവര്‍ടെ വലത് ഭാഗത്തായി പള്ളിലെ ഖതീബും തൊട്ടടുത്ത് രായീന്‍ ഹാജിയും, ഇടത് വശത്ത് മുഅദ്ദിനും (ബാങ്ക് വിളിക്കുന്ന വ്യക്തി‍) വരന്റെ ബന്ധുവും ഇരുന്നു. വിവാഹം ചെയ്തതിന് രണ്ട് സാക്ഷികള്‍ വേണം... അതാണ് രായീന്‍ ഹാജിയും വരന്റെ ബന്ധുവും. വീടിനകവും പുറവും നിശബ്ദമായി...

‘അഊദുവും ബിസ്മിയും ഹംദും സലാത്തും‘ (പ്രാര്‍ത്ഥനകള്‍) ചൊല്ലി മുഅദ്ദിന്‍ (മുക്രി) വിവാഹച്ചടങ്ങിന് മുമ്പുള്ള പ്രസംഗം തുടങ്ങി. വിവാഹം പവിത്രമായ കാരാറാണെന്നും, ഒരാള്‍ വിവാഹം ചെയ്യുന്നതോടെ വിശ്വാസത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും പൂര്‍ത്തിയായെന്നും ബാക്കി ഭാഗം പൂര്‍ത്തിയാക്കാനായി ജീവിതത്തില്‍ അങ്ങോളമിങ്ങോളം അല്ലാഹുവിനെ സൂക്ഷിക്കണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം ബാധ്യതകള്‍ പാലിക്കേണ്ടവരാണെന്നും കൂട്ടിച്ചേര്‍ത്ത് പ്രസംഗം അവസാനിപ്പിച്ചു.

ഖതീബ് വരന്റെ കൈ വധുവിന്റെ പിതാവിന്റെ കൈകളില്‍ ഏല്‍പ്പിച്ചു. അഊദുവും ബിസ്മിയും ചൊല്ലിയ ശേഷം “എന്റെ മകള്‍ ആസിയ എന്നവളെ ഒരു അന്‍പത് പണം മഹ്റിന് പകരം നിങ്ങള്‍ക്ക് ഞാന്‍ കല്യാണം കഴിച്ചു തന്നു.” എന്ന് ഖതീബ് പറഞ്ഞ് കൊടുത്ത വാചകങ്ങള്‍ കുഞ്ഞാമു പറഞ്ഞു. മറുപടി വരന്റെ ഭാഗത്ത് നിന്നും വന്നു. “നിങ്ങളുടെ മകള്‍ ആസിയ എന്നവളെ അന്‍പത് പണം മഹ്റിന് പകരം വിവാഹം ചെയ്ത് തന്നത് ഞാന്‍ സ്വീകരിച്ചു.. പൊരുത്തപ്പെട്ടു...” വിവാഹച്ചടങ്ങ് കഴിഞ്ഞു... പിന്നെ വധൂവരന്മാര്‍ക്ക് വേണ്ടി ഖതീബ് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു.. വിവാഹത്തിനെത്തിയവരെല്ലാം ‘ആമീന്‍..’ പറഞ്ഞ് ആ പ്രാര്‍ത്ഥനയില്‍ പങ്ക് കൊണ്ടു.

നികാഹ് കഴിഞ്ഞാല്‍ വരന്റെ കൂടെ വന്ന പാട്ടുകാരും വധുവിന്റെ വീട്ടിലെ പാട്ടുകാരും തമ്മില്‍ മുഖാമുഖം ഒരു മത്സരം. അതില്‍ ജയിക്കുക എന്നത് നാട്ടുകാരുടെ അഭിമാന പ്രശ്നമാണ്. എല്ലാവരും നന്നായി ആസ്വദിക്കാറുള്ള ആ മത്സരത്തിന് ഏതെങ്കിലും ഒരു വിഭാഗം തോറ്റുകൊടുക്കാറാണ് പതിവ്. ഒരു കൂട്ടര്‍ പാടുന്ന പാട്ടിന്റെ കെട്ടും മട്ടവും ഒപ്പിച്ച് രണ്ടാമത്തെ കൂട്ടരും പാടണം... പിന്നെ ഒരുത്തര്‍ പാടുന്ന പാട്ടിന്റെ അടുത്ത ഭാഗം എതിര്‍ഭാഗം പാടണം... അത് തീരുമ്പോള്‍ പരസ്പരംകളിയാക്കലുകളുമായി രംഗം മുറുകും... പരസ്പരം പാടിപ്പടി ആരെങ്കിലും തോറ്റില്ലങ്കില്‍ ‘മൊയ്തീന്‍ കുട്ടിയുടെ കല്യാണം പോലെ..‘ ആവും. അന്ന് ഇരുവിഭാഗം പാട്ടുകാരും മത്സരിച്ച് പാടിപ്പാടി അവസാനം നേരം സുബ് ഹി ബാങ്ക് വിളിച്ചു.

‘കണ്ടര്‍ നബിയുല്ല ബിണ്ട് തീഹാമീന്ന്...
ഇഖറാജായുള്ളോരില്‍ ... അഖ് വഫാര്...
ശുജാഹികള്‍ ഏതല്ലാമുണ്ട് ...
ഹഖോതീടുവീന്‍...”

അസ്സങ്കുട്ട്യക്ക ഉച്ചത്തില്‍ പാടി വരന്റെ കൂട്ടരുടെ മുഖത്ത് പുഞ്ചിരിയോടെ നോക്കി.

“കണ്ടന്‍ ജഹലും പിന്‍ കുണ്ടന്‍ ഉമൈറും .. പിന്‍...
കിബറനാം ജാബിറും...”

ചെക്കന്റെ പാട്ടുക്കാരും മോശമല്ലെന്ന് തോന്നുന്നു. പതുക്കെ ചോറൊരുക്കുന്ന സ്ഥലത്തേക്ക് നടന്നു. ഇത് കഴിഞ്ഞാല്‍ ചോറ് വിളമ്പണം. അപ്പോഴേക്ക് പെണ്ണിനെത്തേടി ചെക്കന്റെ ബന്ധുക്കള്‍ എത്തും.

“ ഖാദ്റേ ചോറ് വെളമ്പാന്‍ നോക്ക്... ഒല് ബേം (വേഗം) മുട്ടുത്തി...” രായീന്‍ ഹാജിയാണ്.

മുറ്റത്തെ പന്തലില്‍ നീളത്തില്‍ നിരത്തിയ ഓലത്തടുക്കിന് നടുവില്‍ പൊട്ടാത്ത വാഴയില വെച്ച് ചോറ് നിറച്ചു. ചുറ്റുഭാഗത്തും കുമ്പളങ്ങാ കറി ഒഴിച്ചു. വരനും സംഘവും വട്ടമിട്ടിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. രണ്ട് പാത്രങ്ങളിലായി കോഴിക്കറി ‘പുത്യപ്ലയുടെ പടിയില്‍’ വെച്ചു. ചെക്കനും കൂട്ടരും കഴിച്ചെണീറ്റ് പന്തലില്‍ കടന്നിരുന്നപ്പോഴേക്കും വീണ്ടും ചോറ് നിറച്ചു. നാട്ടുകാരും ബന്ധുക്കളും ഇരുന്നു.

അവര് എണീറ്റ ശേഷമാണ് ‘ഒറ്റല‘ക്കാര്‍ക്ക് വിളമ്പിയത്. ബാക്കി വരുന്ന ചോറും വാങ്ങാനെത്തിയ ആളുകളുടെ എണ്ണവും മനക്കണക്ക് കൂട്ടി വേണം ഒറ്റലക്കാര്‍ക്ക് വിളമ്പാന്‍‍. അത് കൊണ്ട് തന്നെ അക്കാര്യത്തില്‍ തഴക്കമുള്ള രായീന്‍ ഹാജി തന്നെ ചോറ്റുകൊട്ട കയ്യിലെടുത്തു. അപ്പോഴേക്കും പെണ്ണെനെ ഒരുക്കി കൊണ്ട് പോവാനായി ‘തേടി‘ (വരന്റെ വീട്ടുകാര്‍)കളെത്തി. അവര്‍ ഭക്ഷണം കഴിഞ്ഞാണ് പുതുപെണ്ണിനെ ഒരുക്കിയത്. പുതുവസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ് സുഗന്ധം പരത്തി, പൊട്ടിക്കരച്ചിലോടെ ആസ്യ പടിയിറങ്ങുമ്പോള്‍ കണ്ണില്‍ ചൂട് നിറഞ്ഞു... തൊണ്ടയില്‍ എന്തോ തടഞ്ഞു... ആരും കാണാതിരിക്കാന്‍ പതുക്കെ പിന്നിലേക്ക് വലിഞ്ഞു. പാട്ടുകാരി ആമിനത്താത്തയും കൂട്ടരും പെണ്ണിന്റെ കൂടെത്തനെ ഇറങ്ങി. നടന്ന മത്സരം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കും. പിന്നീടാണ് സ്ത്രീകളും കുട്ടികളും കഴിക്കാനിരുന്നത്. എല്ലാം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞ് തുടങ്ങിയപ്പോഴേക്ക് പുലര്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിരുന്നു.

**** **** ***** **** *****
കല്യാണത്തിരക്കൊഴിഞ്ഞു... ബന്ധുക്കളെയും വിരുന്നിനെത്തിയവരെയും യാത്രയാക്കുന്ന തിരക്കിലാണ് വീട്ടുകാര്‍. ഒരു കല്യാണം കഴിഞ്ഞാല്‍ വീട് മൊത്തം രണ്ടാമത് തേച്ചെടുക്കണം എന്നാണ് പറയാറുള്ളത്. ചെറിയ പിഞ്ഞാണങ്ങള്‍ കഴുകി അടുക്കി വെച്ച് വലിയ ചെമ്പിലേക്ക് വെള്ളം കോരി നിറയ്ക്കുമ്പോഴാണ് സൈനു ഓടിവന്നത്.
“ന്തേ ടീ...”
“മ്മാ... ങ്ങളെ ബീത്താത്ത വിളിക്കുന്നൂ...” അവളെ അവിടെ നിര്‍ത്തി നനഞ്ഞ കൈകള്‍ തുടച്ച് അകത്തേക്ക് നടന്നു.
“ആമിന്വോ ഞാന്‍ എറങ്ങാടീ... ഇജ്ജ് എടക്കൊക്കെ അങ്ങ്ട്ട് ഒക്കെ ഒന്ന് എറങ്ങ്...“
“അയ്നെന്താ... ഞാന്‍ വരാം..”
“പിന്നെ ഇജ്ജ് ഖദറിനോടും ബാപ്പാനോടും ഒരു കാര്യം ചോയ്ക്കണം...”
“ന്താ ബീത്താത്ത...”
“അല്ലടീ എനിക്കൊരു ആശണ്ട്...”
“ന്താ... ങ്ങള് പറീ...”
“അന്റെ സൈനൂനെ എന്റെ സൈയ്തൂന് തന്നൂടെ...”
“ഏ...”
“ആ... എന്റെ വല്യ ആഗ്രഹാ അത്... ഇത് ഇജ്ജ് ഖദറിനോടും ബാപ്പാനോടും ഒക്കെ ഒന്ന് പറയണം“
“ഞാന്‍ പറയാം... പക്ഷേ ഓള് ഓത്ത് പള്ളീല്‍ പോവല്ലേ...”
“അയ്ന് ഇപ്പോ തന്നെ കൂട്ടി കൊണ്ടോണ്ട... രണ്ട് മൂന്ന് കൊല്ലം കയിഞ്ഞോട്ടേ.... ഞമ്മക്ക് നികാഹ് നടത്താം..”
“ഞാന്‍ പറയാം ബീത്താത്ത... ഇനിക്ക് ഇഷ്ടക്കൊറവ് ഒന്നൂം ല്ല്യാ... ന്നാലും ആണ്ങ്ങള് അല്ലേ തീര്മാനിക്കേണ്ടത്...,”
“ന്നാ ഇജ്ജ് വിവരം പറയ്... ഞാന്‍ ഇറങ്ങട്ടെ...”

**** ********** ************ ***************
തിരക്കൊഴിഞ്ഞപ്പോ സുബ് ഹി ബാങ്ക് വിളിച്ചിരുന്നു. അരണ്ട വെളിച്ചത്തില്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ കദര്‍ ആമിനൂനോട് ചോദിച്ചു...
“എവ്ടേ ടീ സൈനു...”
“ഓള് അവ്ടെ ണ്ട്... ഇഞ്ഞും കൊറച്ച് പണി ഒകെ ബാക്കിണ്ട്...ഓളും സഹായിച്ച് പടിച്ചട്ടേ...”
“അത് നന്നായി... ഓള് ബല്യ കുട്ട്യായി തൊടങ്ങീലെ... ഇഞ്ഞ് അതൊക്കെ പട്പ്പിച്ചണം...”
“പിന്നേയ് ഞമ്മളെ ബീത്താത്ത ഒരു കാര്യം പറഞ്ഞു...”
“ന്താ..”
“ഓരെ സൈയ്തൂന് കൊണ്ട് സൈനൂനെ കെട്ടിച്ച് കൊടുത്തൂടെ... ന്ന്” കുറച്ച് സമയം ഖാദര്‍ മൌനിയായി.
“നല്ലത് തന്നെയാ... എതായാലും ബാപ്പാനോടും കൂടെ ഒന്ന് ചോയ്ച്ച് നോക്കാം...”
“ഇപ്പോ നികാഹ് കയ്ച്ചിടാം... ഒരു രണ്ടുമൂന്ന് കൊല്ലം കഴിഞ്ഞിട്ട് കൂട്ടികൊണ്ടോക്ക്.. അങ്ങനേണ് ബീത്താത്ത പറഞ്ഞത്.”
“ഉം... ന്തായാലും ആലോയ്ച്ചാ ല്ലേ...”
“ങ്ങള് സരിക്ക് ഒന്ന് ചോയ്ച്ചറിയണം” (അന്വേഷിക്കണം.)
“ന്തേ...”
“അല്ല... ഓന്‍ കൊറേ കാലം വയനാട്ട് ല് ആയിര്ന്നു.. ആകാത്തെ സ്വഭാവം ന്തേലും ണ്ടാന്നാവോ...”
“ഏയ് അതൊന്നൂണ്ടാവുല്ലാ... ന്നാലും ഒന്ന് അന്നേസിച്ച് നോക്കാം...”
“ബാപ്പ കൂടീലെത്തീട്ട് ണ്ടാവും... ങ്ങള് ബേം നടക്കീ...”

തോളില്‍ കിടക്കുന്ന അബ്ദു ഉറക്കത്തിലെന്തോ പറഞ്ഞപ്പോള്‍ ഖദര്‍ ഒന്ന് കൂടെ ചേര്‍ത്ത് പിടിച്ചു... വീട് ലക്ഷ്യമാക്കി വേഗം നടന്നു...

Monday, July 13, 2009

മുന്നൊരുക്കം


ഭാഗം : ആറ്


“സൈന്വോ... നോക്കി നടക്ക്, മുള്ളും കുപ്പിച്ചിലും ഒക്കെ കാണും, ചിലപ്പോ” ഇടവഴിയില്‍ തെളിഞ്ഞൊഴുകുന്ന വെള്ളത്തിലൂടെ നടക്കുമ്പോള്‍ ഓര്‍മ്മിപ്പിച്ചു... കല്യാണം ഉറപ്പിച്ചാല്‍ പിന്നെ തീരും വരെ സഹായിക്കാന്‍ അയല്‍ക്കാരും ബന്ധുക്കളും കൂടെയുണ്ടാവണം... കുഞ്ഞാമു അടുത്ത സുഹൃത്ത് മാത്രമല്ല... ബന്ധുവും അയല്‍ക്കാരനും കൂടിയാണ്. അത് കൊണ്ട് ദിവസങ്ങളായി ഈ കല്യാണത്തിന് വേണ്ടിയുള്ള ഓട്ടമായിരുന്നു. ഇന്നും കൂടി കഴിഞ്ഞാല്‍ പിന്നെ സമാധാനമായി.
“പ്പാ... എപ്പ്ളാ പുത്യാപ്ല വര്വാ...” അബ്ദുവാണ്...
“രാത്രി ആവും... ഇജ്ജ് സൈനുത്താത്താന്റെ കൂടെ നിന്നോണ്ടി... “
“ഉം”
“ഇന്നും അന്തിക്ക് ഞമ്മള് അവുടെ തന്നെ ആയിരിക്ക്വോ...”

ഇന്നലെ രാത്രി മുഴുവന്‍ കല്യാണവീട്ടില്‍ ആയിരുന്നു. ഇന്ന് പകല്‍ വെയില് ചൂടായ ശേഷമാണ് ആമിനുവിനെയും മക്കളെയും കൂട്ടി വീട്ടിലൊന്ന് പോയി വരാന്‍ ഇറങ്ങിയത്. വീട്ടിലെത്തി പാടത്ത് പോയി തിരിച്ചെത്തിയപ്പോള്‍ എല്ലാവരും കല്യാണത്തിന് പുറപ്പെടാന്‍ തായ്യാറായിരുന്നു.

“ഇല്ല്യടാ... കല്യാണം ഇന്ന് അന്തിക്കല്ലേ... എല്ലാം കയിഞ്ഞിട്ടല്ലേ ഞമ്മക്ക് പോരാന്‍ പറ്റൂ..” ആമിനു അവനോട് മറുപടി പറഞ്ഞു.

പന്തലിന് വേണ്ടി പച്ചമുളയും കവുങ്ങും ഒരുക്കാന്‍ തന്നെ ഒരു ദിവസമെടുത്തു. മഴക്കാലമായതിനാല്‍ മെടഞ്ഞ ഓല അടുപ്പിച്ച് മേഞ്ഞിട്ടുണ്ട്. എന്നാലും നല്ല മഴ വന്നാല്‍ ചോര്‍ന്നൂടായ്കയില്ല. ചെത്തിത്തേച്ച മുറ്റത്ത് വിരിക്കാനുള്ള തടുക്ക് (മെടഞ്ഞ ഓല) അടുക്കി വെച്ചാണ് രാവിലെ ഇറങ്ങിയത്. ചെന്നാല്‍ ആദ്യം അത് വിരിക്കണം. കല്യാണവീട്ടിലേക്ക് കയറുന്ന പടിയ്ക്കല്‍ തന്നെ കുഞ്ഞാമുന്റെ അമ്മോശന്‍ (ഭാര്യപിതാവ്) ഉണ്ട്
“ന്തേ ഖാദറേ ജ്ജ് നേരം വെക്യേത്...”
“രാവിലെ തന്നെ പാടത്തൊന്ന് പോണ്ടത്ണ്ടായിരുന്നു ... പിന്നെ കുട്ട്യേളൊക്കെ തുണിം കുപ്പായും മാറ്റി ആവണ്ടേ.. ”
“എടാ... ഇബ്ടെ ഓടാന്‍ ആരും ല്ല്യാ.. എല്ലോട്ത്തും അന്റെ കണ്ണെത്തണം..”
“അയ്നെന്താ ഞാന്‍ ബന്നീല്ലേ... ഇഞ്ഞ് കല്യാണം കയിഞ്ഞേ പോവ്വൊള്ളൂ...” നീട്ടി മൂളി അദ്ദേഹം പോയി.

പന്തലില്‍ തടുക്ക് പരത്തി ഓലപ്പായ വിരിച്ചിരിക്കുന്നു. നടുക്ക് പച്ച നിറത്തിലുള്ള സുപ്രയില്‍ രായീന്‍ ഹാജിയുടെ വീട്ടിലെ പിച്ചള കെട്ടിയ വെറ്റിലച്ചെല്ലം വെച്ചിട്ടുണ്ട്. നീറ്റിലിട്ട അടയ്ക്ക ചൊരണ്ടി നുറുക്കിയത് വായിലിട്ട് വെറ്റിലയില്‍ നൂറ് തേക്കുകയാണ് രായീന്‍ ഹാജി.

“എബ് ടേര്ന്ന് കാദ് റേ ജ്ജ്... ഇങ്ങളൊക്കെ ല്ലേ ബ് ടെ വേണ്ടത്... “
“ഞാന്‍ ഇപ്പോ ഇബട്ന്ന് ഒന്നാണ്ട് പോയിട്ടോള്ളൂ ഹാജ്യേര്കാ... പാടത്ത് ഒന്ന് നോക്കാന്‍..”
“അത് ബേണ്ടത് തന്നെ... ന്തായി കാര്യങ്ങളൊക്കെ എന്നൊന്ന് നോക്ക്...”

ചുണ്ണാമ്പ് തേച്ച വെറ്റില വായില്‍ വെച്ച് പുകയില എടുക്കാന്‍ തുടങ്ങിയപ്പോള്‍ വടക്കെ മുറ്റത്തേക്ക് നടന്നു. ബന്ധുക്കളും അയല്‍വാസികളും നേരത്തെ എത്തിയിട്ടുണ്ട്... വന്നവരൊക്കെ ഒന്ന് മുറുക്കി വീട്ടുകാരെ സഹായിക്കാന്‍ തുടങ്ങിയിരിക്കുന്നു. അടുക്കളയിലും വടക്കേ മുറ്റത്തുമായി നേരത്തെ എത്തിയ ബന്ധുക്കള്‍ മുട്ടിപ്പലയിട്ട് സംസാരിച്ചിരിക്കുന്നുണ്ട്.

വടക്കെ മുറ്റത്ത് ചെങ്കല്ല് കൊണ്ടുണ്ടാക്കിയ താല്‍കാലിക അടുപ്പിലിരിക്കുന്ന വലിയ ചെമ്പില്‍ നിന്ന് വെന്ത ചോറ് നാലഞ്ച് സ്ത്രീകള്‍ ഊറ്റിയെടുത്ത്, മുളകൊണ്ട് മെടഞ്ഞ ചോറ്റ് കുട്ടയിലാക്കുന്നു. ചൂടുള്ള ചോറ്റുകൊട്ട തോളില്‍ വെച്ച് വാരാന്തയോട് ചേര്‍ന്നുള്ള മുറിയിലെ ഓലപ്പായയില്‍ നിരത്തിയ വാഴയിലെത്തിക്കാന്‍ മുന്നാലാളുകള്‍ ഉണ്ട്. ഓരോരുത്തരായി മാറി മാറി ചോറ്റുകുട്ട ചുമക്കുന്നു. എല്ലാവരും കൂടി ഉത്സാഹിച്ച് തീര്‍ക്കേണ്ട ജോലിയാണത്. തൊട്ടടുത്ത് രണ്ട് മൂന്ന് അടുപ്പുകളിലായി ചാറ് (കറി) തയ്യാറാവുന്നുണ്ട്. കുമ്പളങ്ങയും ചേനയും കൊണ്ടുണ്ടാക്കുന്ന കറി. ഒരു കോഴി കൊണ്ട് ഇറച്ചിക്കറി.. പപ്പടം ചുട്ടത്... ഇത്രയുമാണ് വിഭവങ്ങള്‍.

ഇറച്ചിക്കറിയുടെ വേവൊന്ന് നോക്കി... തൊട്ടടുത്ത് ഇഞ്ചി ചതക്കുന്ന ആമിനൂനോട് പറഞ്ഞു... “രണ്ട് കോറുവും (കോഴിക്കാല്) കൊറച്ച് നല്ല ചാറും ഒരു പാത്രത്തിലാക്ക് വെച്ചോണം... പുത്യാപ്ലന്റെയും തേട്യേളുടെയും സഭയില്‍ വെക്കാള്ളതാ...”
“ആ ഞാന്‍ എട്ത്ത് വെക്കാം...” ഇതും പറഞ്ഞ് അവള്‍ പോയി.
“ആള്‍ക്കാരുടെ എണ്ണം അനുസരിച്ച് വെള്ളം കൂട്ടി ശര്യാക്കണം...” കറി ഇളക്കുന്ന പാത്തുമ്മത്താത്താനോടും പറഞ്ഞു.
“അയ്ക്കോട്ടേ.. വല്യ കൊറവ് ണ്ടാവൂ‍ല്ല ന്ന് തോന്നുണു.”

നികാഹ് കഴിഞ്ഞാലേ ചോറ് വിളമ്പിത്തുടങ്ങൂ. എന്നാലും നേരത്തെ തന്നെ എല്ലാം തയ്യാറാക്കി വെക്കണം. ചെക്കന്റെ കൂടെ വന്നവര്‍ക്ക് ശേഷം ബാക്കി ആണുങ്ങള്‍‍, പെണ്ണിനെ തേടി വന്നവര്‍, പിന്നെ സ്ത്രീകളും കുട്ടികളും ഇതാണ് വിളമ്പുന്നതിന്റെ രീതി. കുഞ്ഞാമൂനോട് പ്രത്യേകം പറഞ്ഞിരുന്നു.
“ഒറ്റലക്കാരെ കൂടി കണക്ക് കൂട്ടണം..” എന്ന്.
ദൂരെ ദിക്കില്‍ നിന്ന് പോലും ‘ഒറ്റലക്കാര്‍’ എന്നറിയപ്പെടുന്ന പട്ടിണിക്കാര്‍ വിവാഹത്തിന് ക്ഷണിച്ചില്ലങ്കിലും ഭക്ഷണത്തിനെത്തും. അത് കൊണ്ട് തന്നെ അരിയളക്കുമ്പോള്‍ ഇത്ര നാഴിയുടെ അരി ‘ഒറ്റലക്കാര്‍ക്ക്’ എന്ന് നേരത്തെ തന്നെ തീര്‍ച്ചപ്പെടുത്തണം.

“ഖാദറ്വോ... ഇജ്ജ് ആ പാട്ടേര്ക്ക്ള്ള സ്ഥലം ഒന്ന് ശര്യാക്കികൊടുക്ക്...“ കുഞ്ഞാമ്മുവാണ്. അസ്സങ്കുട്ട്യാക്കാനെ അന്വേഷിച്ചിറങ്ങി.
“എത്ര തടുക്ക് എടുക്ക്ണം അസ്സങ്കുട്ട്യാക്കാ...“
“ഒരു അഞ്ചെട്ടണ്ണം ഇട്ത്തോ... ആവസ്യം വരും..”
മുറ്റത്തിന്റെ മൂലയില്‍ ഓലവിരിച്ച് പാട്ടുകാരെ ഇരുത്തി. അസ്സങ്കുട്ടികാക്ക അറിയപ്പെട്ട പാട്ടുകാരനാണ്. അവര്‍ ‘ആദി ബിസ്മില്ലാഹി... ‘ പാടി തുടങ്ങി.

ചടഞ്ഞിരുന്ന് നാട്ടുകാര്യങ്ങള്‍ പറയുന്ന രായീന്‍ ഹാജിയും കൂട്ടരും. പന്തലിനോട് ചേര്‍ന്ന് കൂട്ടം കൂടി വര്‍ത്താനം പറയുന്ന ചെറുപ്പക്കാര്‍.. പാട്ട് കാര്‍ക്ക് ചുറ്റും തിക്കിത്തിരക്കി നില്‍ക്കുന്ന കുട്ടികള്‍... പുതിയാ‍പ്ല (വരനും) യും കൂട്ടരും വന്നലേ കല്യാണം കൊഴുക്കൂ... പിന്നെ കുറച്ച് നേരത്തേക്ക് പാട്ടിന്റെ ബഹളമായിരിക്കും. ‘അരിമാ പെരിമാ പെരിയോനേ...” അസ്സങ്കുട്ട്യാക്ക നീട്ടിപ്പാടുന്നു. വീശിപ്പാളാകൊണ്ട് താളത്തില്‍ മുട്ടി ബാക്കിയുള്ളവരും കൂടെയുണ്ട്.

**** **** ***** **** *****

ഇറച്ചിക്കറിയില്‍ നിന്ന് കുറച്ച് കലത്തിലേക്കാക്കി ഉറിയില്‍ വെക്കുമ്പോഴാണ് ‘മക്കള്‍ക് കഞ്ഞി കൊടുത്തില്ലല്ലോ ...’ എന്നോര്‍ത്തത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ചോറ് കിട്ടാന്‍ മിക്കവാറും പാതി രാത്രി കഴിയും.. അത് വരെ കത്തലടക്കാന്‍ (വിശപ്പടക്കാന്‍) കഞ്ഞി വെള്ളമുണ്ടാവും. അബ്ദുവും സൈനുവും ഒന്നും തിന്നിട്ടില്ല... സൈനൂനെ അന്വേഷിച്ചിറങ്ങി.

“ സൈന്വോ... ഇജ്ജ് ന്തേലും കുടിച്ചോ..., അദ്ദുനേം വിളിക്ക്... “.
“അയ്ന് ഓന്‍ ഒവ്ടെ...”
“ആ പാട്ട് കാരെ അടുത്തെങ്ങാനും കാണും... ഇജ്ജൊന്ന് നോക്ക്..”
“ഞാന്‍ ഓനെ വിളിക്കട്ടെമ്മാ...”
“വേം വിള്ച്ചോണ്ട് വാ... ഞാന്‍ ഇച്ചിരി കഞ്ഞിന്റള്ളം എട്ത്ത് വെച്ചിട്ട്ണ്ട്... രണ്ടാളും അതൊന്ന് മുക്കികുടിച്ചാളി... ഇന്ക്ക് ബ് ടെ പുട്പ്പത് (ഒരുപാട്) പണീണ്ട്..”
സൈനു പുറത്തേക്ക് ഓടി.

**** **** ***** **** *****
ബദറുല്‍ ഹുദാ യാസീനുന്നബി-
ഖറജായന്നേരം ...
ബളര്‍ കൊടി മൂണ്ടെണ്ണം കെട്ടിടൈ അതിലുണ്ടേ..
അബ് യള് വര്‍ണ്ണമതാം പിന്‍ രണ്ടും അസുവദുമാമേ...

അസ്സങ്കുട്യാക്കയുടെ മുഴങ്ങന്ന ശബ്ദം പന്തലില്‍ നിറഞ്ഞിരിക്കുന്നു... കൂടിനില്‍ക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ നിന്ന് അബ്ദുനെ കൈകാണിച്ച് വിളിച്ചു.

“എടാ.. അന്നെ മ്മ വിള്ച്ച്ണ്ട്..”
“ഞാനി പ്പ വരാ...”
“ഇജ്ജ് ഇപ്പോ തന്നെ പോരെ... ന്നാലെ പുത്യാപ്ല വരുമ്പോത്ത്ന് കഞ്ഞി കുടിച്ച് ഇങ്ങട്ട് തന്നെ പോരാന്‍ പറ്റൂ..”

അബ്ദുന്റെ കയ്യും പിടിച്ച് ഉമ്മയെ അന്വേഷിക്കുമ്പോഴാണ് ബീത്താത്താന്റെ മുമ്പില്‍ പെട്ടത്.

“ന്താ സൈനുട്ട്യേ ജ്ജ് നോക്ക്ണ്...”

ബീത്തത്ത എല്ലാവര്‍ക്കും പ്രിയപ്പെട്ടവാളാണ്. “വായില് വെരല് ട്ടാല്‍ കടിച്ചാത്ത പാവം..” എന്നാണ് നാട്ടുകാര്‍ പറയാറുള്ളത്. ഭര്‍ത്താവ് നേരത്തെ മരിച്ച് പോയി... മുന്ന് ആണ്മക്കളാണ്... ‘ചെറിയ മോന് ഒരു വയസ്സ് ആവും മുമ്പാണ് മുന്ന് മക്കളേം യത്തീമാക്കി അയിന്റെ മാപ്ല (ഭര്‍ത്താവ്) മരിച്ചത്. പിന്നെ മക്കളെ പോറ്റാന്‍ പാവം ഒരു പാട് കഷ്ടപ്പെട്ടിണ്ട് എന്ന് ഉമ്മ എപ്പോഴും പറയും..

അദ്രമാന്‍ കാക്ക രായീന്‍ ഹാജിന്റെ പെരീലെ പണിക്കാരനായിരുന്നു. അത് കൊണ്ട് എന്നും പണിണ്ടാവും... ഒരു മുണ്ടാന്‍ കൊയ്ത്ത് കഴിഞ്ഞ കാലത്താണ്... പണിക്കൂലിയായി കിട്ടിയ നെല്ല് ചിക്കി ചൂടുള്ള കഞ്ഞിന്റെള്ളം കുടിച്ച് കെടന്നതാണ്... പിന്നെ മുണ്ടീട്റ്റില്ല..” അവര് മരിച്ച ശേഷം ബീത്താത്ത പാടത്തും പറമ്പിലും പണിയെടുത്താണ് മക്കളെ വളര്‍ത്തിയത്... ഇപ്പോ മുത്തമോന്‍ സൈയ്തുമുഹമ്മദ് നാട് വിട്ട് പോയി... വല്യ ആളായി... ഇപ്പോ നാട്ടില്‍ തന്നെ പണിക്ക് പോവുന്നു. ഒരാളോടും ഇന്നേ വരെ പിണക്കമില്ലത്ത ഒരു പാവമായിരുന്നു ബീത്താത്ത. കാണുമ്പോഴൊക്കെ ‘സൈനൂട്ട്യേ...’ എന്ന് പ്രത്യേക ഈണത്തില്‍ വിളിക്കും. വല്ലപ്പോഴും പെരീല്‍ വന്നാല്‍ പഴയ കാലത്തെ കഷ്ടപ്പാടൊക്കെ പറയും...

“ന്താ സൈനൂട്ട്യേ ജ്ജ് നോക്ക്ണ്... ജ്ജ് ന്താ ബ്ടെ ഒന്നും അല്ലേ...”
“ഞാന്‍ മ്മാനെ നോക്കാണ്... കൊറച്ച് കഞ്ഞി ഇട് ത്ത് വെച്ച്ട്ട്ണ്ട് ന്ന് പറഞ്ഞിന്ന്... അദ്ദൂന് കൊട്ക്കാന്‍..”
“ഉം... ആ ചെക്കന്റെ പള്ളക്കണ്ണി കാഞ്ഞ്ട്ട്ണ്ടാവും... ഇജ്ജ് ബേം ചെല്ല്... ആമിനു ബ്ടെ ണ്ടായീന്നല്ലോ ഇപ്പോ...”
“ഞാന്‍ നോക്കട്ടേ ത്താത്താ... “
“ഞാന്‍ ഇട്ത്ത് തരണോ...”
“മാണ്ട... ഞാന്‍ നോക്കട്ടേ... മ്മാനെ കണ്ടീലങ്കില്‍ ഞാന്‍ തന്നെ ട്ത്ത് കൊട്ത്തോളാം...”
കഞ്ഞി കുടിച്ച് അബ്ദു മുറ്റത്തേക്കോടിയപ്പോഴും ബീത്താത്തയായിരുന്നു സൈനൂന്റെ മനസ്സില്‍... വാത്സല്യം നിറഞ്ഞ മുഖവും സംസാരവും...

ബീത്താത്താന്റെ മനസ്സിലും സൈനുവിന്റെ മുഖമായിരുന്നു... കൂടെ ചില കണക്ക് കൂട്ടലുകളും...