Tuesday, February 12, 2008

ചെറുമര്‍മ്മരം

സീറ്റില്‍ എത്തിയപ്പോള്‍ പരിചയമില്ലാത്ത ഒരു ബി എസ് എന്‍ എല്‍ - നമ്പരില്‍ നിന്നെത്തിയ മിസ് കാള്‍ കണ്ടപ്പോള്‍ എപ്പോഴും ചെയ്യാറുള്ള പോലെ തിരിച്ചും ഒരു മിസ്ക്കോള്‍ ചെയ്തു. നാട്ടില്‍ നിന്നെത്തുന്ന മിസ്ക്കോളുകള്‍ കണ്ടാല്‍ വെറുതെ അതേ കുറിച്ച് ആരായിരിക്കും... എന്തിനായിരിക്കും... എന്ന് അലോചിച്ചിരിക്കാറുണ്ട്.

മിക്കവാറും ഏതെങ്കിലും സഹായ നിധികളെ കുറിച്ച് സംസാരിക്കാനോ മറ്റോ ആവാറാണ് പതിവ്. ചിലപ്പോള്‍ മറ്റു കോളുകളും ഉണ്ടാവാറുണ്ട്. കഴിഞ്ഞ വര്‍ഷം അങ്ങനെ വന്നൊരു ഫോണ്‍ കോള്‍ ഹോസ്പിറ്റലില്‍ നിന്ന് അടുത്ത ബന്ധുവിന്റെ മരണം അറിയിക്കാനായി അവിടെ കണ്ട ഒരാളുടെ ഫോണില്‍ നിന്ന് മിസ്സ് കാള്‍ ചെയ്തതായിരുന്നു. അവസാ‍നം അത് സമയത്തിന് അറിയിക്കാന്‍ പാറ്റാതെ അവര്‍ കഷ്ടപ്പെട്ടു എന്ന പരാതി കേട്ട ശേഷം നാട്ടില്‍ നിന്ന് വരുന്ന അപൂര്‍ണ്ണമായ കോളുകള്‍ക്ക് ഒരു മിസ് കോള്‍ തിരിച്ചയക്കും... പത്ത് മിനുട്ട് കഴിഞ്ഞും റിപ്ലേ വന്നില്ലങ്കില്‍ അങ്ങോട്ട് വിളിക്കും...

തിരിച്ച് വിളിച്ചപ്പോള്‍ പരിചയമില്ലാത്ത സ്വരം... അപ്പുറത്ത് നിന്ന് ആദ്യം കേട്ടത് ഇതാണ്. “ഇക്കാ... ഞാന്‍ ഫയാസ് ആണ്...” ഓര്‍മ്മയില്ലേ... ഞാന്‍ അങ്ങോട്ട് വിളിക്കാം... “നിന്നെ എങ്ങനെ മറക്കാനാ.... എന്തെങ്കിലും അത്യാവശ്യം... ” എന്ന് ഞാന്‍ അപ്പോള്‍ തന്നെ ചോദിച്ചു. “ഹേയ് ഒന്നും ഇല്ല. പിന്നെ എന്റെ കല്ല്യാണം ഉറപ്പിച്ചു... അത് പറയാനായിരുന്നു. വിശദമായി ഞാന്‍ വിളിക്കാം ... ഇപ്പോള്‍ ബസ്സിലാ... ഇടക്ക് റൈഞ്ച് മിസ്സ് ആവുന്നു...” ഇതും പറഞ്ഞ് അവന്‍ ഫോണ്‍ വെച്ചു.

നാട്ടിലെ അല്ലറച്ചില്ലറ കുരുത്തക്കേടുകളിലെല്ലാം ഉണ്ടായിരുന്നു ഫയാസ്. രണ്ട് വര്‍ഷം മുമ്പ് അവന്റെ ഉമ്മ ‘വീട്ടിലേക്ക് ഒന്നും കൊണ്ടുവരാറില്ല മോനെ... നിങ്ങളൊക്കെ അവനെ ഒന്ന് ഉപദേശിക്കണം‘ എന്ന് പറഞ്ഞ് വീട്ടില്‍ വന്നിരുന്നു. ഒരുമാസത്തെ അവധി ദിവസങ്ങള്‍ക്കിടയില്‍ ആ ഉപദേശം പേടിച്ചാണൊ എന്നറിയില്ല... അവന്‍ മുമ്പില്‍ വന്ന് പെട്ടില്ല. പക്ഷെ ഇപ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ പുള്ളി മര്യാദക്കാരനായിരിക്കുന്നു എന്നും സ്വന്തമായി ചെങ്കല്‍ ക്വാറി നടത്തുന്നു... കുടുംബം നോക്കുന്ന ചെറുപ്പക്കാരനാണ്... എന്നെല്ലാം വിശദമായി പറഞ്ഞ അയല്‍വാസി ഹംസകാക്കയോട് ‘അതൊക്കെ ആ പ്രായത്തിന്റെ പ്രശ്നങ്ങളായിരിക്കും... ഏതായാലും ഇപ്പോള്‍ ശരിയായല്ലോ....” എന്ന് ഞാന്‍ പറയുകയും ചെയ്തിരുന്നു.

ഒട്ടനവധി പ്ലാനുകളുമായി നാട്ടിലെത്തി ഒന്നും നടക്കാതെ തിരിച്ച് പോരാറാണ് ഞാനടക്കം നല്ലൊരു ശതമാനം പ്രവാസികളും. ഇപ്രാവശ്യവും യാത്രയില്‍ ലേഗേജ് കുറവായിരുന്നെങ്കിലും... വീട്ടിലെ കൊച്ചു പൂന്തോട്ടത്തിലേക്ക് പുതിയ ചെടികള്‍ സംഘടിപ്പിക്കുന്നത് മുതല്‍ കേരള ബ്ലോഗേഴ്സില്‍ ചിലരെയെങ്കിലും നേരിട്ട് പരിചയപ്പെടുക എന്നത് വരെ നീണ്ട് കിടക്കുന്ന ഒരു നെടുനീളന്‍ പ്ലാനുകളുടെ ലിസ്റ്റുമായാണ് ഞാനും വിമാനം കയറിയിരുന്നത്. അധികവും നടക്കാത്തവയാണെങ്കിലും മിക്ക ദിവസങ്ങളിലും വൈകുന്നേരം മോന്റെ പഠന മേശയുടെ അടുത്തിരുന്ന് അവനെ പഠിക്കാന്‍ സമ്മതിക്കാതെ, അവന്റെ തുടരെ തുടരെ ഉണ്ടാവുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കലായിരുന്നു പ്രാധാന ഹോബി. “ഉപ്പാ... ഇത് നിങ്ങളെ വീടല്ലേ...” “അതേടാ... നമ്മുടെ വീട്.” എന്ന് ഞാന്‍. “എന്നാല്‍ പിന്നെ ഉമ്മാന്റെ വീട് എങ്ങനെ വേറെ സ്ഥലത്ത് ആയി. ഉമ്മ എങ്ങനെയാ ഇവിടെ എത്തിയത്” ഈ സംശയം എങ്ങനെ തീര്‍ക്കും എന്ന് അലോചിച്ചിരിക്കുമ്പോഴാണ് ഫയാസ് എന്നെ അന്വേഷിച്ചു വന്നിട്ടുണ്ട് എന്ന് ഉമ്മ പറഞ്ഞത്.

വരാന്തയിലേക്ക് ക്ഷണിച്ചപ്പോള്‍ “ഇക്ക ഒന്ന് പുറത്ത് വരുമോ...” എന്നായി അവന്‍. സാധാരണ ഒരു ‘ഹായ് ബായ്..’ ലോഗ്യം മാത്രം സൂക്ഷിക്കുന്ന ഒരാള്‍ അന്വേഷിച്ച് വന്നപ്പോള്‍ തന്നെ ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. എന്ന് ഏതായാലും ഞാനും അവന്റെ കൂടെ പുറത്തിറങ്ങി. വഴിയിലെ മാവിന്റെ ചുവട്ടിലെ മങ്ങിയ ഇരുട്ടില്‍ നിന്ന് അവന്‍ സംസാരിച്ച് തുടങ്ങി. “ഇക്കാ... നിങ്ങളൊട് എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്.”

“വളച്ച് കെട്ടാതെ കാര്യം പറ ” എന്നായി ഞാന്‍

“ഇക്കാ നിങ്ങള്‍ എന്റെ കൂടെ കരീം മുസ് ല്യാരുടെ വീട് വരെ ഒന്ന് വരണം...”

കരീം മുസ് ല്യാര്‍ എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഒരു തലമുറയുടെ ചരിത്രമാണ്. നാട്ടിലെ ഒരു പാട് പഴക്കമുള്ള മതപാഠ ശാലയിലെ അധ്യാപകന്‍. മദ്രസയില്‍ നാലാം ക്ലാസ്സില്‍ അദ്ദേഹം എനിക്കും അധ്യാപകനായിരുന്നു. അതിലുപരി എപ്പോഴും സ്നേഹത്തോടെ സംസാരിക്കാറുള്ള, ഇപ്പോഴും നാട്ടിലെത്തിയാല്‍ കാണാന്‍ മറക്കാതിരിക്കാറുള്ള വ്യക്തി. ഗള്‍ഫില്‍ വന്ന് ആദ്യ തവണ നാട്ടിലെത്തിയതിന്റെ പിറ്റേദിവസം, രാവിലെ വീട്ടില്‍ കാണനെത്തിയിരുന്നു അദ്ദേഹം. തിരിച്ചിറങ്ങാന്‍ സമയത്ത് കയ്യില്‍ ചുരുട്ടിപ്പിടിച്ച കറന്‍സി സ്നേഹപൂര്‍വ്വം നിരസിച്ച് “നിന്നെയൊന്ന് കാണാന്‍ മാത്രം വന്നതാ ‍... കണ്ടല്ലോ... അത് മതി..“ എന്ന് പറഞ്ഞപ്പോള്‍ ആ നനഞ്ഞ കണ്ണിന് മുമ്പില്‍ നിന്ന് ഉരുകിയത് ഒരിക്കലും മറക്കില്ല. പിന്നീട് നാട്ടിലെത്തിയാല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുക പതിവാക്കിയിരുന്നു‍.

“എന്തിനാ...”

“അവിടെ കള്ളന്‍ കേറിയത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ...” ഞാന്‍ പ്രതീക്ഷിച്ച ഒരു വിഷയവുമായി ഒരു ബന്ധമില്ലാത്ത വാചകമായിരുന്നു ആദ്യത്തേത്.

കഴിഞ്ഞ വെക്കേഷനില്‍ പതിവ് പോലെ ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. മാസങ്ങള്‍ക്ക് മുമ്പ് രണ്ട് പെണ്‍കുട്ടികളില്‍ ആദ്യത്തെ കുട്ടിയുടെ വിവാഹത്തിന് സ്വരുക്കൂട്ടി വെച്ചിരുന്ന മുപ്പത് പവന്‍ മോഷണം പോയതിനെ കുറിച്ച് പറയുമ്പോള്‍ ആ വൃദ്ധ സ്വരം ഇടറിയിരുന്നു. മൂത്തമകനായ ഹബീബ് അബൂദാബിയിലെ ഏതോ പെട്രോള്‍ പമ്പിലെ തുച്ഛശമ്പളത്തില്‍ നിന്ന് സ്വരുക്കൂട്ടിവെച്ച് നാട്ടില്‍ വരുമ്പോള്‍ പലപ്പോഴായി വാങ്ങിയതായിരുന്നത്രെ ആ സ്വര്‍ണ്ണം. കുഞ്ഞിനെ പോലെ വിതുമ്പുന്ന അദ്ദേഹത്തെ സമാധാനിപ്പിക്കാനാവാതെ നിസ്സഹായനായി ഇരിക്കേണ്ടി വന്നു.

“ഇന്‍ഷാ അല്ല.. നമുക്ക് എന്തെങ്കിലും ചെയ്യാം ... കല്ല്യാണം ശരിയാവുമ്പോള്‍ അറിയിക്കണം.” എന്നും പറഞ്ഞാണ് അന്ന് ഇറങ്ങിയത്. ഇപ്രാവശ്യം വന്ന ശേഷവും ഒരിക്കല്‍ അദ്ദേഹത്തെ കണ്ടിരുന്നു. ഒരു പാട് സംസാരിക്കുകയും ചെയ്തു. മകള്‍ക്ക് കല്ല്യാണ അലോചനകള്‍ നടക്കുന്നുണ്ട്. ഡിഗ്രി കഴിയട്ടേ എന്ന് പറഞ്ഞപ്പോള്‍ ‘കല്ല്യാണം ശരിയാവുമ്പോള്‍ തീര്‍ച്ചയായും അറിയിക്കണം’ എന്ന് ആവര്‍ത്തിച്ചു...

“ഉം... അത് ഒന്നൊന്നര വര്‍ഷം മുമ്പല്ലേ... എനിക്ക് ഓര്‍മ്മയുണ്ട്.” ഫയാസിനോട് ഞാന്‍ മറുപടി പറഞ്ഞു. അവന്‍ പതുക്കെ എന്റെ കൈകള്‍ അവന്റെ കൈകള്‍ കൊണ്ട് അമര്‍ത്തിപ്പിടിച്ചു... “ഇക്കാ അന്ന് ആ വീട്ടില്‍ കയറിയത് ഞാനാണ്. അന്നത്തെ ബുദ്ധിമോശം കൊണ്ട് പറ്റിപോയതാണ്. ഇക്കാര്യത്തില്‍ ഇക്ക എന്നെ ഒന്ന് സഹായിക്കണം.”

ഞാന്‍ ഞെട്ടിപ്പോയി. കൈയ്യില്‍ മുറുകെ പിടിച്ച് അവന്‍ സംസാരിച്ച് കൊണ്ടിരുന്നു. “ഇക്കാ ആ തെറ്റ് എനിക്ക് തിരുത്തണം. അത് ഞാന്‍ മുമ്പെ നിശ്ചയിച്ചതാ... അദ്ദേഹത്തിന്റെ മകളുടെ കല്ല്യാണത്തിന് കഴിയും വിധം സഹായിക്കാം എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇന്നലെ നട്ടുച്ചയ്ക്ക് രണ്ട് കയ്യിലും പ്ലാസ്റ്റിക്ക് കവറുകളും തൂക്കി രണ്ടത്താണിയില്‍ നിന്ന് പൊരി വെയിലില്‍ നടന്ന് വരുന്ന ആ പാവത്തെ കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. എന്റെ വണ്ടിയില്‍ കയറ്റിയാ ഞാന്‍ കൊണ്ട് വന്നത്... വഴിയില്‍ വെച്ച് ഞാന്‍ ഒരു പാട് തവണ പറയാന്‍ ശ്രമിച്ചു... കഴിഞ്ഞില്ല... അത് കൊണ്ട് നിങ്ങള്‍ എന്നെ സഹായിക്കണം. ”

രണ്ട് കൈകളും പിടിച്ച് അവന്‍ ആവര്‍ത്തിക്കുന്ന ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ‘എങ്ങനെ അദ്ദേഹത്തെ ഇത് അറിയിക്കും എന്നായിരുന്നു എന്റെ ചിന്ത. “ഞാന്‍ തന്നെ പോരണോ ഫായാസെ... എടാ എനിക്ക് പുള്ളിയോട് പറയാന്‍ ഉള്ള ധൈര്യം ഇല്ല. അതോണ്ടാ...” എന്ന് പറഞ്ഞു ഞാന്‍.

“ഇക്കാ... ഇത് മറ്റാരോടെങ്കിലും പറഞ്ഞാല്‍ ജീവിതം മുഴുവന്‍ ഞാന്‍ കള്ളനാവും. ഇക്ക ആരോടും ഇത് പറയില്ല എന്ന് എനിക്ക് വിശ്വാസമാണ് അതൊണ്ട് ആണ് ഞാന്‍ ഇവിടെ വന്നത്... പിന്നെ ഉസ്താദിനോട് ഞാന്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞോളാം. എന്റെ കൂടെ ഒന്ന് വന്നാല്‍ മാത്രം മതി” എന്നായി ഫയാസ്.

ഞാന്‍ അപ്പോ‍ള്‍ തന്നെ ടോര്‍ച്ചെടുത്തു... അവനെയും കൂട്ടി കരീം മുസ് ല്യാരുടെ വീട്ടിലേക്ക് നടന്നു.

ഞങ്ങള്‍ ചെല്ലുമ്പോള്‍ മഗ് രിബ് നിസ്കാരം കഴിഞ്ഞ് പ്രാര്‍ത്ഥനകളുമായി അദ്ദേഹം ചടഞ്ഞിരിപ്പുണ്ട്. സലാം ചെല്ലിയപ്പോള്‍ പതുക്കേ എഴുന്നേറ്റു.. ഞങ്ങളെ കണ്ടപ്പോള്‍ “ന്താ മക്കളേ ഇന്നേരത്ത്...” എന്നാണ് ആദ്യം ചോദിച്ചത്. “ഒന്നൂല്ല്യ... വെറുതെ ഇറങ്ങിയതാണെന്ന്‘ ഞാന്‍ പറഞ്ഞു.” ഒറ്റയടിക്ക് വന്ന കാര്യം പറഞ്ഞാല്‍ അദ്ദേഹം ഫയാസിനോട് ദേഷ്യപ്പെടുകയോ കൈകാര്യം ചെയ്യുകയോ ചെയ്താല്‍ വീട്ടിലുള്ളവരും നാട്ടിലുള്ളവരും അറിയും എന്ന് എനിക്ക് അറിയാമായിരുന്നു. അത് കൊണ്ട് കുറച്ച് സമയം എന്തൊക്കെയോ സംസാരിച്ച ശേഷം ഞാന്‍ അദ്ദേഹത്തെ പുറത്തേക്ക് വിളിച്ചു.

മുറ്റത്തെ തെങ്ങിനോട് ചാരി നിന്ന് ഞാന്‍ പറഞ്ഞു... “ഫയാസിന് ഉസ്താദിനോട് എന്തോ പറയാനുണ്ടെത്രെ... അതും പറഞ്ഞ് എന്റെ അടുത്ത് വന്നപ്പോള്‍ ഞാന്‍ അവനേയും കൂട്ടി ഇറങ്ങിയതാ...“

“അതിനെന്തിനാ അവന് നിന്റെ സപ്പോര്‍ട്ട്“ എന്ന് പതുങ്ങിയ ചിരിയോടെ മറുപടി തന്ന് അദ്ദേഹം ഫയാസിനെ ശ്രദ്ധിച്ചു. പറയാന്‍ പോവുന്ന വലിയ സത്യത്തിന്റെ ഭാരം താങ്ങാ‍നാവത്ത ആ മുഖം മങ്ങിയ വെളിച്ചത്തില്‍ കാണാമായിരുന്നു. അവന്‍ പതുക്കെ അദ്ദേഹത്തിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ രണ്ട് കൈകളും കൂട്ടിപ്പിടിച്ച് അതില്‍ നെറ്റി അമര്‍ത്തി വെച്ച് ഇടറുന്ന ശബ്ദത്തില്‍ പറഞ്ഞു... “ഉസ്താദേ... നിങ്ങള് പൊറുക്കണം. നിങ്ങളെ വീട്ടില്‍ കയറിയ കള്ളന്‍ ഞാനാണ്... അത് മുഴുവന്‍ ഞാനാണ് നശിപ്പിച്ചത്... നിങ്ങള്‍ എന്നോട് പൊറുക്കണം.”

അദ്ദേഹം ഒന്നും പറയാതെ തന്നെ അവനെ അടുക്കിപ്പിടിച്ചു... ബനിയന്‍ മാത്രം ധരിച്ച ആ ചുളിഞ്ഞ മനുഷ്യനെ അടുക്കിപ്പിടിച്ച് ചെറുപ്പക്കാരന്‍ ഏങ്ങിയേങ്ങി കരയുമ്പോള്‍, അവന്റെ പുറത്ത് സ്നേഹപൂര്‍വ്വം ഉയര്‍ന്ന് താഴുന്ന എല്ലിച്ച കൈകള്‍ നോക്കി നില്‍ക്കുമ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു... തൊണ്ടയിലെന്തോ തടഞ്ഞിരുന്നു. ഇനി ബാക്കി എല്ലാം അവര്‍ സംസാരിക്കട്ടേ... എന്ന് കരുതി ഞാന്‍ പതുക്കെ കുറച്ച് ദൂരേക്ക് മാറി നിന്നു.

തിരിച്ച് നടക്കാന്‍ തുടങ്ങും മുമ്പ് അവന്‍ കൂട്ടിച്ചേര്‍ത്തു “ഞാനായിട്ട് നഷ്ടമായ ആ സ്വര്‍ണ്ണം ഞാന്‍ തിരിച്ച് തരാം ഉസ്താദേ.. ഒന്നിച്ച് തരാന്‍ എനിക്ക് കഴിയില്ല. എന്നാലും കിട്ടുന്നത് സ്വരുക്കൂട്ടി വെച്ച് ഞാന്‍ ഈ കടം വീട്ടും...”

“നീ ഇതൊക്കെ പറഞ്ഞത് തന്നെ വല്ല്യ കാര്യമാണ് മോനെ... പിന്നെ അതൊക്കെ നിന്റെ ഇഷ്ടം. എന്റെ മനസ്സില്‍ അത് പോയ മൊതലാണ്... നീ സമയം പോലെ തിരിച്ച് തന്നോളൂ...”

എല്ലാം കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ച് പോരുന്ന ദിവസം ഫയാസ് വീട്ടില്‍ വന്നിരുന്നു. ഒരുപാട് സംസാരിച്ചാണ് ആ ചെറുപ്പകാരന്‍ പോയത്... എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയിട്ട് ഒരു ആഴ്ചയാവുന്നു.

മൊബയില്‍ മുഴങ്ങി.... “ഇക്കാ ഫയാസാണ്.... തിരക്കിലാണോ...”
“അല്ല... പറ... കല്ല്യാണം ഉറപ്പിച്ചു അല്ലേ... “
“ഉം... ഉറപ്പിച്ചിട്ടില്ല... ഏകദേശം ഉറപ്പായി.”
“ആണോ... ഏതായാലും അത് നന്നായി... കല്ല്യാണത്തിന് കൂടാന്‍ പറ്റില്ലല്ലോ എനിക്ക് ... ഏതായാലും ഉഷാറായി നടക്കട്ടേ... അല്ല എവിടെ നിന്നാ...”

“നമ്മുടെ കരീം മുസ് ല്യാരുടെ മോളാ... ഉസ്താദ് ഇങ്ങോട്ട് അലോചിച്ചതാ....”

വാക്കുകളെ വിശ്വസിക്കാനാവതെ ഞാന്‍ നിശ്ശബ്ദനായി... “ഇത് ആദ്യം പറയേണ്ടത് നിങ്ങളൊടാവണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതാ വിളിച്ചത്...”

“നന്നയി വരും ഫയാസേ...” ഇത്രയും പറഞ്ഞ് അധികം‍ സംസാരിക്കാനാവതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

27 comments:

Rasheed Chalil said...

ചെറുമര്‍മ്മരം... ഒരു കഥ.

ഏറനാടന്‍ said...

ആദ്യം തേങ്ങയടിച്ചോട്ടെ.. ഇനി വായിച്ച് പറയാം..

മുസ്തഫ|musthapha said...

റഷീദ്... നന്നായി ഈ അനുഭവകഥ...

തെറ്റ് തിരിച്ചറിയുമ്പോള്‍ അത് തിരുത്താന്‍ ശ്രമിക്കുന്ന മഹത്വം... മാപ്പപേക്ഷിക്കുന്നവനോട് കരുണ കാണിക്കാന്‍ കഴിയുന്ന മഹത്വം... ഇവിടെ അത് രണ്ടും ചേര്‍ന്ന് നില്‍ക്കുന്നു.

ഒരു പശ്ചാത്താപത്തിന്‍റെ കഥ മുന്‍പ് ഞാന്‍ ഇവിടെയിട്ടിരുന്നു

മോന്‍റെ ചോദ്യങ്ങള്‍ രസകരമായിരിക്കുന്നു :)

മഴത്തുള്ളി said...

ഇത്തിരി മാഷേ,

ഇത് ഞാന്‍ വായിക്കുന്നു. അഭിപ്രായം നാളെ എഴുതാം. ആദ്യം ഒരു പ്രിന്റ് എടുക്കട്ടെ.

ചെറുശ്ശോല said...

സമൂഹത്തില്‍ കള്ളന്മാരെ ശ്രഷ്ടികുന്നത് സമൂഹം തന്നെ , ഒരു ചെറിയ കളവ് നടത്തുമ്പോയെക്കും നാമവരെ വിളിച്ചു ഉപദേശികുന്നതിനു പകരം സമൂഹ മധ്യത്തില്‍ വെച്ചു കയ്കാര്യം ചയൂന്നു അങ്ങിനെ നമ്മള്‍ ഒരു ക്രിമിനലിനെ സമൂഹത്തില്‍ വളര്‍ത്തുന്നു .
ഒരു വലിയ തെറ്റു ചെയ്തിട്ടും അത് പൊറുക്കാന്‍ മനസുകാണിച്ച കരീം മുസ്ലിയാരും സംഭവിച്ച തെറ്റു ഏറ്റുപരയാന്‍ മനസുകാണിച്ച ഫയാസും , അവര്‍ക്ക് രണ്ടു പേര്‍ക്കും സംസാരിക്കാന്‍ അവസരമൊരുക്കി കൊടുത്ത ഇത്തിരിവെട്ടവും കാണിച്ച ആ സല്ഗുണം സമൂഹത്തില്‍ മൊത്തം ഉണ്ടായിരുന്നേല്‍ ഈ ലോകം എന്നെ രക്ഷപെടുമായിരുന്നു

സു | Su said...

ഇതൊരു കഥയാണോ? ആയാലും അല്ലെങ്കിലും നന്നായി. തെറ്റു തിരുത്തുക. മാപ്പ് കൊടുക്കുക. ഇതു രണ്ടും ചെയ്യണ്ടേ? മനുഷ്യരല്ലേ? ചെയ്യും. കുറച്ചെങ്കിലും നന്മ ഇല്ലാതിരിക്കുമോ?

ചീര I Cheera said...

ശരിയ്ക്കും ഇതൊക്കെ വായിയ്ക്കുമ്പോള്‍ ഒരു ആശ്വാസമാണ്. എന്തൊക്കെയോ ഒരു ആശ്വാസം.

ശ്രീ said...

ഇതു വളരെ ഇഷ്ടമായി, ഇത്തിരി മാഷേ.
കഥയായാലും അനുഭവമായാലും ഇതു പോലെ ആകണം മനുഷ്യര്‍‌. കരീം മുസല്യാരെപ്പോലെ ഉള്ള എത്രപേരുണ്ടാകും ഈ ലോകത്ത്?

നന്നായിരിയ്ക്കുന്നു.
:)

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ, പശ്ചാത്താപം ഏതു പാപത്തെയും മായിച്ചു കളയാനുള്ള മരുന്നാണ്. ഇത് നമ്മള്‍ പലയിടത്തും വായിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഇത്തിരിക്കത് നേരില്‍ കാണാനും അതില്‍ ഒരു മധ്യസ്ഥത വഹിക്കാനും സാധിച്ചിരിക്കുന്നു. ഭാഗ്യവാന്‍! കരീം മുസ്ല്യാര് ഇതു കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ ക്ഷമിക്കും എന്ന് അദ്ദേഹത്തെപ്പറ്റി നിങ്ങള്‍ ആദ്യം വിവരിച്ചിരിക്കുന്ന പാരഗ്രാഫില്‍ ത്തന്നെ വ്യക്തമായിരുന്നു എങ്കിലും ഇതെങ്ങനെ റഷീദ് അവതരിപ്പിക്കും എന്നു വായിക്കാന്‍ വ്യഗ്രതതോന്നി. ക്ലൈമാക്സ് അത്രയധികം പ്രതീക്ഷിക്കാത്തതായി. തെറ്റുപൊറുത്തയാളുടെ വലിയമനസ്സ് അതില്‍ കാണാന്‍ സാധിക്കുന്നു.

നമ്മള്‍ മനുഷ്യര്‍ക്ക് ഇത്രയുമൊക്കെ ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍, ദൈവത്തിന്റെ മുമ്പില്‍ യഥാര്‍ത്ഥ പശ്ചാത്താപത്തോടെ ചെല്ലുന്ന ഒരാള്‍ക്ക് ലഭിക്കാവുന്ന പ്രതിഫലമെന്തൊക്കെയാവും എന്ന് ചിന്തിപ്പിക്കുന്നു ഈ അനുഭവം! നന്നായി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:സത്യത്തില്‍ കഥയ്ക്ക് ഇത്രേം ഇണങ്ങുന്ന പേര് എങ്ങനെ കണ്ടു പിടിച്ചു. കഥ വായിക്കുമ്പോള്‍ ഒരു കുഞ്ഞു കാറ്റിന്റെ തലോടല്‍ പോലെ.

സുല്‍ |Sul said...

ഇത്തിരി
കുറെകാലമായി ബൂലോഗമന്വേഷിച്ചു കൊണ്ടിരുന്ന ഒരു കഥ പോലെ തോന്നി വായിച്ചു കഴിഞ്ഞപ്പോള്‍. നന്നായിരിക്കുന്നു.
നന്മകള്‍ നേരുന്നു.
-സുല്‍

krish | കൃഷ് said...

പാശ്ചാത്താപം ചെയ്തുപോയ പാപത്തെ കുറച്ചെങ്കിലും മാച്ചുകളയുമല്ലേ..
കഥ നന്നായിട്ടുണ്ട്.

Unknown said...

റഷീദിക്കാ,
നമ്മുടെ നാടിനേയും നാട്ടുകാരേയും ഞാന്‍ വല്ലാതെ മിസ് ചെയ്യുന്നു. തുറന്ന സംസാരവും ഇടപെടലുകളും ഉള്ള ആളുകള്‍ക്കിടയില്‍ വളര്‍ന്ന് വന്നിട്ട് മനസ്സിലൊന്നും പറയുന്നതൊന്നും ചെയ്യുന്നതൊന്നും ആയ ആളുകള്‍ക്കിടയില്‍ വല്ലാതെ കഷ്ട്ടപ്പെടേണ്ടിവരുന്നുണ്ട്.

ഇത് എന്തായാലും മനസ്സ് നിറയുന്ന അനുഭവം തന്നെ. എഴുത്ത് നന്നായി.

ദിലീപ് വിശ്വനാഥ് said...

ഈ കഥ കണ്ണുകള്‍ ഈറനണിയിച്ചു. പശ്ചാത്താപം തന്നെ ഏറ്റവും വലിയ പ്രായശ്ചിത്തം.

പാമരന്‍ said...

കണ്ണു നനയിച്ചു. ഭാവുകങ്ങള്‍

Sapna Anu B.George said...

ഒരു മര്‍മ്മരത്തിലൂടെ യാത്രചെയ്തു ചെന്നു നിന്നതു ഈറനണിയിക്കുന്ന ഒരു നടുമുറ്റത്താണ്. ഹൃദയവും കണ്ണും നനച്ചു,കഥ.

ശ്രീലാല്‍ said...

ഇത്തിരീ,വായിച്ചില്ല. ഉറക്കം കണ്ണില്‍ക്കുത്തുന്നു. നാളെത്തേക്ക് വായിക്കാന്‍ എടുത്തു വെക്കുന്നു.

പ്രയാസി said...

ഇത്തിരിയുടെ എല്ലാ കഥകളിലും ഒത്തിരി കാര്യങ്ങളുണ്ട്..:)

ഇതും നന്നായി ഇത്തിരി.. തിരിച്ച് വരവ് ഉഷാര്‍..:)

മഴത്തുള്ളി said...

ഇത്തിരീ,

ഈ സംഭവകഥ വളരെ നല്ലൊരു മെസ്സേജ് തരുന്നു. തെറ്റുകള്‍ ചെയ്യാത്തവര്‍ വളരെ ചുരുക്കം. പക്ഷേ അതില്‍ പശ്ചാത്തപിക്കുന്ന ഫയാസ് നല്ലൊരു ഗുണപാഠം നല്‍കുന്നു.

വളരെ വളരെ ഇഷ്ടമായി മാഷേ ഈ കഥ. ഇനിയും എഴുതൂ.

Meenakshi said...

മനസ്സില്‍ ഒരു കുളിര്‍മഴ പെയ്തിറങ്ങിയതുപോലെ തോന്നി ഈ കഥ വായിച്ചപ്പോള്‍. ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു ഈ അനുഭവ കഥ.. കരീം മുസലിയാരെ പോലെയുള്ളവരിലാണ്‌ യഥാര്‍ത്ഥ ദൈവിക പരിവേഷം കുടികൊള്ളുന്നത്‌.

സൂര്യോദയം said...

കഥ ഇഷ്ടപ്പെട്ടു... :-)

Areekkodan | അരീക്കോടന്‍ said...

കരീം മുസല്യാരെപ്പോലെ ഉള്ള എത്രപേരുണ്ടാകും ഈ ലോകത്ത്?

നന്നായിരിയ്ക്കുന്നു.

കുറുമാന്‍ said...

ഇത്തിരിയെ ഇത് ചെറുമര്‍മ്മരമല്ല, വലിയ മര്‍മ്മരമാണ്. നന്നായി എഴുതിയിരിക്കുന്നു.

ഇനി ഒരു ഓ ടോ :

“ഇക്കാ... ഇത് മറ്റാരോടെങ്കിലും പറഞ്ഞാല്‍ ജീവിതം മുഴുവന്‍ ഞാന്‍ കള്ളനാവും. ഇക്ക ആരോടും ഇത് പറയില്ല എന്ന് എനിക്ക് വിശ്വാസമാണ് അതൊണ്ട് ആണ് ഞാന്‍ ഇവിടെ വന്നത്... - ഇക്ക ആരോടും പറയില്ല, എഴുതി ബ്ലോഗിലിടുകയേ ചെയ്യുള്ളൂ - യൂണികോഡില്‍ - വര്‍ഷങ്ങള്‍ കഴിഞ്ഞാലും മായാതെ അവിടെ തന്നെ കിടന്നോളും..ഫയാസെ അനക്കാളു തെറ്റി

Anonymous said...

അപൂര്‍വ്വമായ ഈ അനുഭവ കഥ ഇഷ്ടമായി.

Mubarak Merchant said...

ഫയാസിന്റെ നന്മ തിരിച്ചറിയാന്‍ കഴിഞ്ഞത് മുസലിയാര്‍ മനസ്സില്‍ സൂക്ഷിക്കുന്ന നന്മയുടെ ഇനിയും കെടാത്ത നാളത്തിന്റെ വെളിച്ചം ഒന്നുകൊണ്ട് മാത്രമാണ്. നാമെല്ലാം നന്മയുടെ ആ തിരിനാളത്തിന്റെ കാവലാളുകളാവുക. നന്മയുടെ ഫോസിലുകള്‍ ചികഞ്ഞെടുക്കേണ്ടിവരുന്ന കാലം അതിവിദൂരമല്ല. ഇത്തിരിവെട്ടം റഷീദിക്കയ്ക്ക് അഭിനന്ദനങ്ങള്‍ അരിയിക്കുന്നു.

ഗിരീഷ്‌ എ എസ്‌ said...

കഥ ഹൃദ്യമായി...
ആശംസകള്‍.....

Rasheed Chalil said...

ചെറുമര്‍മ്മരം വായിക്കാനെത്തിയ... എല്ലാവര്‍ക്കും അഭിപ്രായം അറിയിച്ച ,

ഏറനാടന്‍.
അഗ്രജന്‍.
മഴത്തുള്ളി.
ചെറുശ്ശോല.
സു.
വല്യമ്മായി.
p.r
ശ്രീ.
അപ്പു.
കുട്ടന്‍മേനോന്‍.
കുട്ടിച്ചാത്തന്‍.
സുല്‍.
കൃഷ്.
ദില്‍ബാസുരന്‍.
വാല്‍മീകി.
പാമരന്‍.
സ്വപ്ന അനു ബി. ജോര്‍ജ്ജ്.
ശ്രീലാല്‍.
പ്രയാസി.
മീനാക്ഷി.
സൂര്യോദയം.
അരീക്കോടന്‍.
കുറുമാന്‍.
സലാം.
ഇക്കാസ്.
ദ്രൌപതി..

എല്ലാവര്‍ക്കും ഒത്തിരി നന്ദി.