Saturday, August 26, 2006

കൊടുത്താല്‍ മാത്രം കിട്ടുന്ന മഹാത്ഭുതം

വെള്ളവിരിപ്പിട്ട മെത്തയില്‍ ഇരുക്കേ എനിക്ക്‌ അടക്കാനാവത്ത സങ്കടം വന്നു. എവിടെയെങ്കിലും ചാരിനിന്ന് ഉച്ചത്തില്‍ കരയണം എന്നുതോന്നി. എന്നിട്ടും രാവിലെമുതല്‍ സൂക്ഷിക്കുന്ന മൌനം വിട്ടുമാറാതെ കൂടെ നിന്നു.


ഇന്നലെ രാത്രിയാണ്‌ ഒരു ഔട്ടിങ്ങിനെ പറ്റി മകന്‍ സൂചിപ്പിച്ചത്‌. പാക്ക്‌ ചെയ്യാന്‍ ഹോം നഴ്സായ ലൂസിയും സഹായിച്ചു. അപ്പോഴെല്ലം അവളുടെ കണ്ണില്‍ തങ്ങിനിന്നിരുന്ന ഒരുതരം വാത്സല്ല്യം കണ്ടില്ലന്നുനടിച്ചു. മക്കള്‍കില്ലാത്ത വാത്സല്ല്യം അവള്‍ക്കെന്തിന്‌... ?. അല്ലെങ്കിലും അവള്‍ എനിക്ക്‌ ഒരു ഹോംനഴ്‌സ്‌ മാത്രമായിരുന്നല്ലോ.. അതിനപ്പുറം ഒരു സ്വാതന്ത്ര്യവും ഞാന്‍ വകവെച്ചു കൊടുത്തിട്ടുമില്ല. അപ്പാപ്പാ എന്ന് ഒരിക്കല്‍ വിളിച്ച അവളോട്‌ എന്നെ സര്‍ എന്നു മാത്രം വിളിച്ചാല്‍ മതി എന്നും പറയുകയും ചെയ്തിരുന്നു.


മുഴുവന്‍ ഡ്രസ്സുകളും അടുക്കിവെക്കുന്ന ലൂസിയോട്‌ എന്തിനാണ്‌ ഇതിനെല്ലാം കൂടി എന്നു ചോദിച്കപ്പോഴാണ്‌ അവളുടെ കണ്‍കളില്‍ വാത്സല്ല്യത്തിന്റെ നനവ്‌ ആദ്യം കണ്ടത്‌. അപ്പാപ്പാ.. അല്ല സാര്‍.. കുറച്ചു ദിവസം പുറത്തായിരിക്കുമെന്ന് നയന ചേച്ചി പറഞ്ഞു എന്ന മറുപടിയോടെ അവള്‍ പുറത്തുപോയി. പാതിമടക്കിയ എന്റെ വസ്ത്രങ്ങളെ അനാഥമാക്കി. എന്തോ മറയ്കാനെന്നവണ്ണം.ആര്‍മിയില്‍ നിന്നുവിരമിച്ച ശേഷം ലക്ഷ്മിതന്നെയായിരുന്നു പ്രധാനകൂട്ട്‌.അവളുടെ മരണ ശേഷം വീട്ടില്‍ സ്വയം സൃഷ്ടിച്ച തടവറയില്‍ ഒതുങ്ങികൂടി. പുറം പണിക്കെത്തുന്ന ചന്ദ്രനും അടുക്കളയില്‍ ദേവും പിന്നെ എന്നെ നോക്കാന്‍ മാത്രം നില്‍ക്കുന്ന ലൂസിയും.ഇവരുടെ ഈ ചെറിയലോകത്തുനിന്ന് ഒരു ഔട്ടിംഗ്‌ ഞാനും ആഗ്രഹിച്ചിരുന്നു. ഇതുവരെ തരപ്പെട്ടിരുന്നില്ല. അതുകൊണ്ടാവാം, എനിക്ക്‌ വലിയസന്തോഷം തോന്നി.


എന്റെ പെട്ടികള്‍ ടിക്കിലടുക്കി പുറപ്പെട്ട വാഹനം ഒരു മണിക്കൂറിനു ശേഷം ഈ കെട്ടിടത്തിന്റെ മുമ്പിലെത്തി. ശരണാലയം എന്ന പൊടിപ്പിടിച്ച ചുവന്ന ബോര്‍ഡ്‌ നോക്കി ഇത്തിരി സങ്കോചത്തോടെ ഇരുന്നിരുന്ന എന്നെ നൊക്കി നിഖില്‍ പറഞ്ഞു. ഡാഡി ഞാന്‍ ഇപ്പോള്‍ വരാം. പതിഞ്ചുമിനുട്ടിനകം നീണ്ടതാടിയുള്ള ഒരു ഒരാളൊടൊപ്പം അവന്‍ തിരിച്ചെത്തി.


അതോടെ എനിക്കല്ലാം മനസ്സിലായി. ഞാന്‍ ഒന്നും ചോദിച്ചില്ല. അവന്‍ പറഞ്ഞതുമില്ല. രണ്ടാളും അഭിനയിക്കേണ്ടിയിരുന്ന രംഗങ്ങള്‍ ഞങ്ങളൊരുമിച്ച് ഭംഗിയായി അഭിനയിച്ചു തീര്‍ത്ത്‌ അവന്‍ യാത്രപറഞ്ഞു.


കേണല്‍ ഉറങ്ങിയില്ലേ... തൊട്ടടുത്ത ബെഡിലെ അന്തേവാസിയാണ്‌. കേണലോ... ഉള്ളില്‍ മുഴങ്ങുന്ന ശബ്ദത്തില്‍ പൊട്ടിച്ചിരിച്ച്‌ ഞാന്‍ മിണ്ടാതെ കിടന്നു. ഉറങ്ങിയില്ലന്നു കണ്ടാല്‍ അയാളോട്‌ സംസാരിച്ചിരിക്കേണ്ടിവരും എന്നെനിക്കുറപ്പുണ്ടായിരുന്നു.. ഞാന്‍ വീണ്ടും അഭിനയിച്ചു തുടങ്ങി.


ഞാന്‍ മരച്ചുവട്ടിലായിരുന്നു. പൊടിപിടിച്ച ബോര്‍ഡിനു സമീപമുള്ള അതേമരച്ചുവട്ടില്‍. വേരില്‍ ലക്ഷ്മിയിരിക്കുന്നു. മുഖമില്ലാത്ത അവള്‍ മയമില്ലാതെ പുഞ്ചിരിച്ചു. ഇതിടയിലെപ്പോഴോ എന്നെ രണ്ടാളുകള്‍ വളഞ്ഞു. അത്‌ അഖിലും നിഖിലുമാണെന്ന് മനസ്സിലാവാന്‍ ഇത്തിരിസമയമെടുത്തു. എന്തിനെന്നെ തനിച്ചാക്കി... നിസംഗതയോടെ ഞാന്‍ അവരെ നോക്കി.. മറുപടിയായി അവര്‍ അലറി.


കാതില്‍ തുളച്ചുകയറുന്ന അവരുടെ ശബ്ദത്തിനിടയില്‍ നിന്ന് ഇത്രയും ആശയങ്ങള്‍ ഞാന്‍ പെറുക്കിയെടുത്തു. ഓര്‍ക്കുന്നുണ്ടോ.. അവര്‍ ഒന്നിച്ചുതന്നെയാണ്‌ പറഞ്ഞത്‌. അന്നൊരു തണുത്തവെളുപ്പാന്‍ കാലം. രാത്രി ഔട്ടിങ്ങിനായി ഒരുക്കിയ ഭാണ്ഡങ്ങളുമായി ബോര്‍ഡിംഗ്‌ സ്കൂളിന്റെ മുമ്പില്‍ ഞങ്ങളെ തള്ളിയത്‌. കരഞ്ഞ്‌ വാശിപിടിച്ച ഞങ്ങളെ വളര്‍ച്ചയില്‍ ലഭിക്കുന്ന ഉയര്‍ന്ന ഉദ്യോഗങ്ങള്‍ പറഞ്ഞ്‌ മോഹിപ്പിച്ചത്‌.. പിന്നീട് വല്ലപ്പോഴും പഠനത്തിന്റെ ഭാരവും പേറി തളര്‍നെത്തുന്ന ഞങ്ങളെ വീണ്ടും സിലബസ്സിലേക്ക്‌ വലിച്ചിഴച്ചത്‌.. കിട്ടേണ്ടിയിരുന്ന സ്നേഹം നിങ്ങള്‍ ഭംഗിയായി മൂടിവെച്ചത്‌...


അവിടെവെച്ചു ഞങ്ങളറിഞ്ഞു.. ബന്ധങ്ങളുടെ സ്നിഗ്ദതയേക്കാള്‍ മാധുര്യം പണത്തിനും സ്ഥാനമാനങ്ങള്‍ക്കുമാണെന്ന്... നിഷേധിച്ച സ്നേഹത്തെ കുറിച്ച്‌ ഇവിടെ പറയുന്നതില്‍ എന്തുന്യായം... ചരിത്രം ആവര്‍ത്തിക്കപ്പെടട്ടേ ഡാഡി... അത്‌ ആവര്‍ത്തിക്കാനുള്ളതാണ്‌. കഥാപാത്രങ്ങള്‍ മാത്രമേ മാറൂ.. കഥ മാറുന്നില്ല.


അലര്‍ച്ചയുടെ അഘാതത്തില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു... ചുവരിലേക്ലോക്കില്‍ പുലര്‍ച്ചേ അഞ്ചര.. എന്റെ ചുവന്ന പുറചട്ടയുള്ള ഡയറിയെടുത്തു... അപ്പൊള്‍ എനിക്ക്‌ ഇങ്ങിനെ എഴുതാനാണ് തോന്നിയത് ..


കൊടുത്താല്‍ മാത്രം കിട്ടുന്ന മഹാത്ഭുതം സ്നേഹം തന്നെ...
അതെ കൊടുത്താല്‍ മാത്രമേകിട്ടൂ....
ഇതാന്റെ ജീവിതസാക്ഷ്യം.

30 comments:

Rasheed Chalil said...

ഒരു കൊച്ചുകഥ.. ഇവിടെ പോസ്റ്റുന്നു.

റീനി said...

ഇത്തിരി വെട്ടമെ......കഥ നന്നായി. " കഥാപാത്രങ്ങള്‍ മാത്രമെ മാറു, കഥ മാറുന്നില്ല "വളരെ വാസ്തവം.

എനിക്ക്‌ അല്‍പ്പം തി
ടുക്കമുണ്ട്‌, ഏതെങ്കിലും ശരണാലയത്തിന്റെ നമ്പര്‍ കണ്ടുപിടിക്കണം. ഈശ്വരാ...ഇതാണോ ഗതി, വയസ്സാവുമ്പോള്‍.....എന്റെ കാറിന്റെ കീയെവിടെ? കുട്ടികളുടെ ബോര്‍ഡിംഗ്‌ സ്കൂളിലേക്കു പോവാനാ.

Unknown said...

ഇത്തിരിവെട്ടം,
നന്നായിരിക്കുന്നു.

കൊടുത്താല്‍ മാത്രമേ തിരിച്ച് കിട്ടൂ. ഒരു സംശയവുമില്ല.

(ഓടോ:നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്നേഹം എന്ത് ചെയ്യും?)

Rasheed Chalil said...

അതാരാ ദില്‍ബൂ.... പിന്നെ അത് എന്തും ചെയ്യാം.. അല്ലെങ്കില്‍ വേറെയാരെങ്കിലും എന്തെങ്കിലും ചെയ്യും... ജാഗ്രതൈ.

Unknown said...

അതാരാ ദില്‍ബൂ.... പിന്നെ അത് എന്തും ചെയ്യാം.. അല്ലെങ്കില്‍ വേറെയാരെങ്കിലും എന്തെങ്കിലും ചെയ്യും... ജാഗ്രതൈ.

സൂക്ഷിക്കണമെന്നര്‍ത്ഥം. ഉം....
അതാരാണെന്ന് അല്ലേ? ;)

വല്യമ്മായി said...

ഒന്നും പ്രതീക്ഷിക്കേണ്ട.അതാ നല്ലത്.

കാലിക പ്രസക്ത്മായ നല്ല കഥ

myexperimentsandme said...

നല്ല കഥ. വിതച്ചത് കൊയ്യും എന്ന് പറയുന്നത് ഇക്കാര്യങ്ങളെയാണോ?

പക്ഷേ എല്ലാവര്‍ക്കും ന്യായീകരണങ്ങള്‍ കാണും. തെറ്റാണെന്നറിഞ്ഞുകൊണ്ട് പലരും പലതും ചെയ്യില്ലല്ലോ. ഒരാളുടെ തെറ്റ് വേറൊരാളുടെ ശരി. ഒരു സമയത്തെ തെറ്റ് വേറൊരു സമയത്തെ ശരി. ഇനി മക്കളുടെ മക്കളില്‍ നിന്നും മക്കള്‍ക്കെന്താണാവോ കിട്ടാന്‍ പോകുന്നത്?

ആരെങ്കിലും എപ്പോഴെങ്കിലും പ്രതികാരങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇതൊക്കെ ഇങ്ങിനെ തുടര്‍ന്നു പൊയ്ക്കൊണ്ടേയിരിക്കും.

Rasheed Chalil said...

റീനി നന്ദി.. പിന്നെ ഇപ്പോള്‍ തന്നെ പുറപെടാനുള്ള പദ്ധതിയാണോ..
സുമാത്ര നന്ദി.. വാസ്തവമാണെന്ന് ഞാനും വിശ്വസിക്കുന്നു.
കൈത്തിരി.. നന്ദി.. ഉള്ളസമയം മഹത്ഭുതം പങ്കിടാന്‍ റെഡിയായികൊള്ളൂ..
ദില്‍ബൂ നന്ദി.. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നത് പ്രത്യേകിച്ചു പറയണോ.. ? പിന്നെ അത് ആരാ.. എനിക്ക് ഒരു പിടിയും കിട്ടിയില്ല .. ഒരു മനസ്സിലാവത്ത സിനിമ കണ്ടപോലെ (പപ്പുവിന്റെ ഡയലോഗ്)

വല്ല്യമ്മായി നന്ദി.. പ്രതീക്ഷയില്ലങ്കില്‍ പിന്നെയെന്ത് ജീവിതം (നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം എന്ന മോഹന്‍ലാല്‍ ഡയലോഗിന്റെ ട്യൂണ്‍)

വക്കാരിമാഷേ.. വിതച്ചത് കൊയ്യും.. കൊടുത്താല്‍ കൊല്ലത്തും കിട്ടും.. പാടത്തെ പണിക്ക് വരമ്പത്തുകൂലി തുടങ്ങിയ പഴഞ്ചെല്ലുകളെല്ലാം ഇതിനെകുറിച്ചും ആവാം എന്നു തോന്നുന്നു. ശരിയും തെറ്റും കൂട്ടികിഴിക്കുമ്പോള്‍ വന്ന നഷ്ടത്തെ കുറിച്ച് മാത്രണ് ഞാന്‍ സൂചിപ്പിച്ചത്. പിന്നെ ഇത് പ്രതികാരമായി തോന്നുന്നെങ്കിലും അതും ചിലരുടെ ശരിയും പ്രതിസ്ഥാനത്ത് നമ്മളെല്ലാത്തിടത്തോളം കാലം നാമടക്കം പലരുടെ തെറ്റും ആവും... ആ... അങ്ങനെയൊക്കെ പറയാം ... നമ്മുടെ ഭാവി ആരുകണ്ടു ആവോ..


വായിച്ചവരേ ... കമന്റിയവരേ.. നന്ദി..

Anonymous said...

ഇത്തിരിവെട്ടമേ ഇതിനോട് ഞാന്‍ വിയോജിക്കുന്നു.. അമ്മയുടെ സ്നേഹം മുമ്പ് കൊടുത്തിട്ടാ‍ണോ.. ?

ടി.പി.വിനോദ് said...

ഇത്തിരിവെട്ടമേ...നല്ലകഥ...അഭിനന്ദനങ്ങള്‍

പരസ്പരം said...

ഇനിയങ്ങോട്ടുള്ള കാലഘട്ടങ്ങളില്‍ നമ്മളിരോരോരുത്തരും ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടിയിരിക്കുന്നു.

രാജാവു് said...

കണ്ണുനീരോടെ ചിന്തിച്ചു പോയി.
മനോഹരം.
രാജാവു്

കരീം മാഷ്‌ said...

കഥ വായിച്ചപ്പോള്‍ വയസ്സാവുന്നതു വെറുതെ ഓര്‍ത്തു.
വയസ്സാവണ്ട, അതിനു മുന്‍പു മരിച്ചാല്‍ മതിയെന്നായി ചിന്ത. കുറച്ചു കഴിഞ്ഞു ഒന്നു മറിച്ചും ചിന്തിക്കട്ടെ!.
വയസ്സായ വല്യച്‌ഛനു ചായ്‌പിലേക്കു കഞ്ഞിയൊഴിച്ചു കൊടുക്കാന്‍ വിലകുറഞ്ഞ പാത്രത്തിന്നു പറഞ്ഞയച്ചപ്പോള്‍, കൊച്ചു മകന്‍ രണ്ടു പാത്രം വങ്ങി വന്നു. രണ്ടാമത്തെ പാത്രം എന്തിനാന്നു ചോദിച്ച അച്‌ഛനോട്‌, അച്‌ഛനു വയസ്സാവുമ്പോള്‍ ഞാന്‍ അതില്‍ കഞ്ഞിയൊഴിച്ചു തരാമെന്നു പറഞ്ഞതായി എവിടെയോ വായിച്ചതോര്‍മ്മ വന്നു.

ബിന്ദു said...

വളരെ നന്നായിട്ടുണ്ട്. സ്നേഹവും ബഹുമാനവും പിടിച്ചുവാങ്ങിക്കാന്‍ പറ്റുന്ന ഒന്നല്ല എന്നാണെനിക്കു തോന്നിയിട്ടുള്ളത്. :)

Rasheed Chalil said...

അനൊണി തങ്കള്‍ പറഞ്ഞത് ഞാന്‍ നിഷേധിക്കുന്നില്ല. ഞാന്‍ ഉദ്ദേശിച്ചത് ഇത്രമാത്രം.. മാതപിതാക്കള്‍ക്ക് മക്കളെ വളര്‍ത്തുമ്പോള്‍ ഉണ്ടാവുന്ന ഒരു സ്വാര്‍തത്ഥയുണ്ട്. അത് പലപ്പോഴും തിരിച്ചടിയാവുന്നു എന്നുമാത്രം..

ലപ്പുഡാ നന്ദി..

പരസ്പരം നന്ദി.. താങ്കള്‍ പറഞ്ഞത് നൂറുശതമാനം ശരി. എന്തിനെയും പണത്തിന്റെ അളവ് കോല് വെച്ച് മാത്രം അളക്കുന്ന ഒരു ലോകത്താണ് ഞാനും നിങ്ങളും ജീവിക്കുന്നത്. എനിക്കും ആശങ്കയുണ്ട്.

രാജാവേ നന്ദി..

കരീം മാഷേ നന്ദി.. താങ്കളുടെ ആശങ്ക എനിക്കും ഉണ്ട്. പക്ഷെ പതിനായിരം വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനിടയിലും പലവിലപ്പെട്ടതും നഷ്ടപ്പെടുന്നു എന്നത് ഒരു ദുഃഖസത്യം തന്നെ.. എന്റെ അഭിപ്രായത്തില്‍ ഈ ജനറേഷന്റെ അവസാനം മിക്കതും വൃദ്ധസദനത്തിലായിരിക്കും...

Rasheed Chalil said...

ബിന്ദു നന്ദി... താങ്കളുടെ അഭിപ്രായത്തോടു ഞാന്‍ നൂറുശതമാനം യോജിക്കുന്നു.

Adithyan said...

റഷീദിക്കാ, നല്ല എഴുത്ത്. സീരിയസ് സാഹിത്യവും വഴങ്ങും എന്ന് തെളിയിച്ചല്ലോ. ഇനിയും പോരട്ടേ...

Kumar Neelakandan © (Kumar NM) said...

ഈ കഥാപാത്രങ്ങളെ എനിക്കറിയില്ല.
പക്ഷെ എനീക്കീ കഥയറിയാം.
:)

Rasheed Chalil said...

ആദീ നന്ദി ...
കുമാര്‍ജീ നന്ദി.. പിന്നെ ഈ കഥാപത്രത്തെ ഞാന്‍ കണ്ടിട്ടുണ്ട്. സത്യം

വിചാരം said...

കഥ വായിച്ചു ...വളരെ നല്ല കഥകളില്‍ എന്നെന്നും ഇങ്ങനെയുള്ള കഥകള്‍ നില നില്‍ക്കും.., കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്കുള്ള പ്രയാണമല്ലേ സ്നേഹത്തിണ്റ്റെ അഭാവത്തിനു കാരണം ... എണ്റ്റെ ഉമ്മൂമ്മക്ക്‌ പ്രായം എന്‍പതിനോടടുക്കുന്നു..... ഞങ്ങലൂടെയെല്ലാം സ്നേഹത്തിണ്റ്റെ ദീപ സ്തംഭമാണവര്‍ , അവര്‍ക്ക്‌ എട്ട്‌ മക്കളിലായി മുപ്പത്തി ഒന്‍പത്‌ (ഞാനടക്കം) പേരകുട്ടികള്‍.. ഇവരില്‍ ഇരുപത്‌ പേര്‍ കല്യാണം കഴിച്ചു... അതില്‍ നാല്‍പ്പത്തിനാലു കുട്ടികള്‍ .. അതായതു മുപ്പത്തി ഒന്‍പത്‌(മൂത്ത പേരകിടാവ്‌) വയസ്സിനു താഴെ എന്‍പതി രണ്ട്‌ കുട്ടികള്‍ ... ഇവിടെയൊരു ശരണാലയത്തിണ്റ്റെ ആവശ്യമില്ല കാരണം ... ഞങ്ങള്‍ കൂട്ട്‌ കുടുംബ വ്യവസ്ഥിതി പാലിക്കുന്നവരാണു .. ഇത്തിരി കാശ്‌ വരുംബോഴേക്കും ഒരു വലിയ വീട്‌ എന്ന സങ്കല്‍പ്പം മാറ്റുക .. അച്ഛനും അമ്മയും സഹോദരരും അവരുടെ മക്കളുമൊന്നിച്ച്‌ (കശപിശ ഉണ്ടാകാം അതു കണ്ണടക്കുക) രസകരമായി കുറച്ച്‌ കാലം ജീവിക്കുക പരസ്പര സ്നേഹ ബന്ധിതരാവുംബോള്‍ ...ശരണാലയം നമ്മില്‍ നിന്ന് ഒത്തിരി അകലും........... ,

Rasheed Chalil said...

വിചാരമേ നന്ദി.. ഒരു കൊച്ചുപോസ്റ്റ് പോലെ നല്ല കമന്റ്.വലിയ കുടുംബം സന്തുഷ്ടം എന്നു പറയാന്‍ പോലും ലജ്ജിക്കുന്ന ഒരു കാലമാണ് ഇന്ന്. പിന്നെ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ആത്മഹത്യ എന്ന പരിഹാര പ്രവണതയടക്കമുള്ള ഒത്തിരി നേട്ടങ്ങള്‍ അണുകുടുംബം നല്‍കിയിട്ടുണ്ട്. ഇനിയും പറഞ്ഞാല്‍ ഞാന്‍ മുഴു പഴഞ്ചനാവും.

അനുചേച്ചി .. നന്ദി.. ഞാന്‍ പങ്കുവെച്ചത് എന്റെ ആകുലതകളും ആശങ്കകളും ആണ്. ഒരിക്കല്‍ ഒരു ശരണാലായം യാദൃശ്ചികമായി സന്ദര്‍ശിച്ചപ്പോള്‍ ഒരു അന്തേവാസി പറഞ്ഞതാണ് അദ്ദേഹത്തെ നെടുക്കിയ ഈ സ്വപ്നം. രണ്ടുമക്കളും പുറത്തായിരുന്നു. അവരുടെ വിദ്യഭ്യാസം ഊട്ടിയിലായിരുന്നെത്രെ. പക്ഷെ ഇപ്പോള്‍ അവര്‍ക്ക് ഒന്നിനും സമയമില്ല. രണ്ടുവര്‍ഷമായി കണ്ടിട്ട്. അദ്ദേഹത്തിന്റെ അവസാന വാചകങ്ങള്‍ ഇങ്ങിനെ യായിരുന്നു. അവരെ ഒരു കൃഷിക്കാരാക്കി വളര്‍ത്തിയാല്‍ മതിയായിരുന്നു. തിരിച്ച് പോവുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നിസംഗമായ മറുപടി മക്കള്‍ വിളിച്ചാല്‍ പോവും.. കണ്ണൂനനഞ്ഞാണ് അന്നു ഞാന്‍ അവിടെനിന്ന് ഇറങ്ങിയത്.

മുസ്തഫ|musthapha said...

ഇത്തിരിവെട്ടം, വളരെ നല്ല കഥ...

വിചാരമേ.. അസൂയ തോന്നുന്നു.

അരവിന്ദ് :: aravind said...

മനോഹരമായിട്ടുണ്ട് ഇത്തിരിവെട്ടം.
ടച്ചിംഗ് കഥ, വളരെ നന്നായി എഴുതി.
അഭിനന്ദനങ്ങള്‍.

Anonymous said...

ഇത്തിരിവെട്ടമെ
കഥയുടെ തീം നന്നേ പിടിച്ചു...

എന്റെ അമ്മ പറയും...സ്നേഹം താഴോട്ടെ ഒഴുകുള്ളൂന്ന്....

പൊന്നു പോലെ മക്കളെ വളര്‍ത്തിയാലും ശരണായാലത്തില്‍ എത്തിപ്പെടുന്നവര്‍ എത്രയോ.
പക്ഷെ ബന്ധങ്ങളുടെ ആഴം കുഞ്ഞു മനസ്സുകളില്‍ ഊട്ടിയുറപ്പിക്കേണ്ടത് അപ്പന്റേയും അമ്മയുടേയും കടമയാണ്. അവര്‍ക്ക് മാത്രമേ അതു സാധിക്കുള്ളൂ. രക്തബന്ധമില്ലാത്ത ബന്ധങ്ങളും അതില്‍ പെടണം എന്ന് എനിക്ക് തോന്നാറുണ്ട്..

പകരുമ്പോള്‍ കൂടുതലാവണതാല്ലെ ഈ സ്നേഹം?

നന്നായിട്ടുണ്ട്...ഇനീം പോരട്ടെ...

Rasheed Chalil said...

അഹം നന്ദി.. കെട്ടോ വാളെടുത്തെവന്‍ വളാല്‍ എന്നതുസത്യം. പിന്നെ യേശു ഉടുതുണിവിറ്റ് വാള് വാങ്ങാനും പറഞ്ഞിട്ടുണ്ടാല്ലോ.

അഗ്രജാ നന്ദി,ഏകദേശം എന്റെ കുടുംബവും വിചാരത്തിന്റേതു പോലെ തന്നെ. അതിനാല്‍ അസൂയ നഹി നഹി.

അരവിന്ദ് നന്ദി

ഇഞ്ചിപെണ്ണേ നന്ദി. താണ നിലത്തേ നീരോടൂ എന്നോരു ചൊല്ല് തന്നെയുണ്ടല്ലോ ? പകരുന്തോറും കൂടുന്നത് സ്നേഹവും അറിവും മാത്രമാണെന്ന് തോന്നുന്നു.

വന്നവരേ.... വായിച്ചവരേ... കമന്റിയവരേ... എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഈ ഇത്തിരിവെട്ടത്തുനിന്നും ഒത്തിരി നന്ദികള്‍.

Anonymous said...

ആട്ടെ, മാറാക്കരയില്‍ എവിടെയാ?, A C നിരപ്പിലോ അതോ വട്ടപ്പറമ്പിലോ?

പിന്നെ കഥ നന്നായി, പക്ഷെ കാഴ്ച്ചപ്പാ‍ടിനോട് വിയോജിപ്പുണ്. സ്നേഹം തിരിച്ചു കിട്ടാന്‍ വേണി നല്‍കുന്ന ഒന്നവരുത് എന്നാന്ണെന്റെ മതം. ശരണാലയങ്ങള്‍ പുത്തന്‍ സദാചാരത്തിന്റെ ബാക്കി പത്രങ്ങള്‍ മാത്രമാണ്.

കമല

Rasheed Chalil said...

കമല നന്ദി. സ്നേഹം തിരിച്ചുകിട്ടാന്‍ വേണ്ടിയാവരുത് എന്നാണ് എന്റെയും കാഴ്ചപ്പാട്. അല്ലെങ്കില്‍ തിരിച്ചുകിട്ടാന്‍ വേണ്ടി കാണിക്കുന്നത് സ്നേഹമല്ല എന്നും ഞാന്‍ പറയും. ഞാന്‍ അത്തരം സ്നേഹത്തേ ക്കുറിച്ച് മാത്രമാണ് പറഞ്ഞത്.

പിന്നെ എ.സി നിരപ്പും വട്ടപ്പറമ്പും അല്ല. അതിനിടയിലുള്ള ഏര്‍ക്കര.
പിന്നെ താങ്കള്‍..

sreeni sreedharan said...

ഇത്തിരി വെട്ടമേ (ചേട്ടാ) ഇതു ഒരു കൊച്ചു കഥയല്ല വലിയ കഥ തന്നെയാണ്.
വളരെ ഇഷ്ടപ്പെട്ടു..

Mubarak Merchant said...

പാറുച്ചേച്ചി കവിതയില്‍ പറഞ്ഞതു തന്നെ പറയട്ടെ.
‘വിധിയുടെ കയ്യിലെ കളിപ്പാവകളല്ലോ നമ്മളെല്ലാം‘

Rasheed Chalil said...

പച്ചാളം ,ഇക്കാസ് ആന്റ് ബില്ലൂസ് ഒത്തിരി നന്ദി