Monday, July 03, 2006

ഞങ്ങളുടെ വില്ലയിലേക്ക്‌ സ്വാഗതം

വളരെ ചെറുപ്പം മുതല്‍ ഗള്‍ഫുകാരന്റെ തിളങ്ങുന്നവ്യക്തിത്വം കാണാന്‍ സൌഭാഗ്യമോ ദൌര്‍ഭാഗ്യമോ എനിക്ക്‌ ഉണ്ടായിട്ടുണ്ട്‌. തൊട്ടടുത്ത ചായ പീടികയിലേക്ക്‌ വരുമ്പോഴും അലക്കിതേച്ച ഷര്‍ട്ടും മുണ്ടുമായി, വരുന്ന വഴിയെല്ലാം സുഗന്ധം പ്രസരിപ്പിച്ച്‌, നാട്ടുകാരായ സകലരെയും ഗള്‍ഫിന്റെ മാസ്മരികതയെ മോഹിപ്പിച്ചു ഒരു തലോടലായ്‌ വന്നുപോവുന്നു ദുബൈകാരന്‍ (ഞങ്ങളുടെ നാട്ടില്‍ സകല ഗള്‍ഫ്‌ രാജ്യങ്ങള്‍ക്കും പൊതുവായി പറയുന്ന പേരായിരുന്നു ദുബൈ, ഉദ:ആ കുവൈത്തിലുള്ള ദുബൈക്കാരന്റെ മോന്‍..)എന്റെ ബാല്യകാല മോഹമായിരുന്നു.. എന്നാല്‍ ഇപ്പഴോ എന്ന ചോദ്യം അപ്രസക്തമായതിനാല്‍ ഞാന്‍ അതേകുറിച്ച്‌ ഒന്നും പറയുന്നില്ല.. ഇവിടെ(ദുബൈയില്‍) എനിക്കു കിട്ടിയ ഒരു കുടുബത്തിലെ ചില വിശേഷങ്ങളാണ്‌ ഇത്‌ - അകം നിറയുന്ന കണ്ണീരിലും ചിരിച്ചു ജീവിക്കുന്ന സകല പ്രവാസികള്‍ക്കും വേണ്ടി.. നിങ്ങളുടെ മുമ്പില്‍ ഞാന്‍ സത്‌-വയിലെ ഞങ്ങളുടെ വില്ലയുടെ വാതില്‍ തുറക്കുന്നു.. ഇവിടെ നര്‍മ്മവും ദുഃഖവും സങ്കടവും കാണാം..
കൂടെ മലബാറിന്റെ ചില വിശേഷങ്ങളും...
നിങ്ങളുടെ അപിപ്രായങ്ങളും, വിമര്‍ഷനങ്ങളും അറിയിക്കണേ... എന്ന ഒരു അപേക്ഷയോടെ ...
ഇത്തിരിവെട്ടത്തില്‍ നിന്നും...

എന്നെ പ്രവാസിലേബലുമടിച്ചു ദുബൈയിലേക്കു അപ്പ്‌ ലോഡ്‌ ചെയ്തിട്ട്‌ മൂന്ന് വര്‍ഷം കഴിഞ്ഞു.(കഴിച്ചു).അഞ്ചാറു സഹമുറിയരോടപ്പം ഇപ്പോള്‍ സത്‌-വയില്‍ താമസം.ബാച്ചിലര്‍ ലൈഫിന്റെ പതിവുചിട്ടവട്ടങ്ങളായ ജോലി,ഭക്ഷണം,ഉറക്കം എന്നിത്യാതി പതിവ്‌ ഇനങ്ങള്‍ക്കുപുറമെ ആഗോളവല്‍കരണം,സാമ്രാജ്യത്വം,നാസയുടെ അടുത്തപദ്ധതികള്‍,.മീനിന്റെ അങ്ങാടിനിലവാരം, വീട്ടില്‍ നടന്ന സല്‍കാരങ്ങലുടെ ഞെട്ടിക്കുന്ന കണക്കുകള്‍... (കുറഞ്ഞ വരുമാനക്കാരന്റെ നടുവൊടിക്കുന്നതിലേക്കായി വീട്ടുകാര്‍ നടത്തുന്ന .. ചിക്കന്‍/മട്ടണ്‍/ബിരിയാണി/നെയ്‌ ചോറ്‌.. തുടങ്ങിയ നോണ്‍-വെജ്ജാദി ഭക്ഷണങ്ങള്‍, ഭക്ഷണത്തിനു മുമ്പ്‌ ബൂസ്റ്റ്‌ ഹോര്‍ലിക്സ്‌. ( പെപ്സ്സി/കൊക്കക്കോല ഇവക്ക്‌ ഈയിടെ പ്രവേശനം കിട്ടിയിട്ടുണ്ട്‌.) തുടങ്ങിയ പാനീയങ്ങള്‍, ഭക്ഷണശേഷം ഫ്രുട്ട്‌-സലാഡ്‌..ഐസ്ക്രിം... ഇങ്ങിനെ ഏതനും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഭക്ഷണം കഴിപ്പുയജ്ഞം. ഇതിനു പ്രത്യേകിച്ചു കാരണങ്ങള്‍ ആവശ്യമില്ല... എങ്കിലും പ്രധാനകാരണം:മൂന്നോനാലോ കിലേമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ഏതെങ്കിലും ഒരു അയല്‍ വാസിയുടെയോ അല്ലെങ്കില്‍ ഭൂമിമലയാളത്തിലോ പുറത്തോ, അറിയുന്നതോ അറിയാത്തതൊ ആയ ഏതങ്കിലും ബന്ധുവിന്റെയോ വീട്ടില്‍ വിവാഹമോ അതോടനുബന്ധിച്ചതോ ആയ ചടങ്ങുകള്‍ നടക്കുക. നടന്നാല്‍ വധുവരന്മാര്‍ക്കും കൂടെ അവരുടെ വീട്ടുകാര്‍, മറ്റുബന്ധുക്കള്‍, പിന്നെ മേല്‍പ്പ്പടി പറഞ്ഞ ബൌണ്ടറിയില്‍ വരുന്ന അയല്‍ വാസികള്‍ ഇവര്‍ക്കു നല്‍കുന്ന പാര്‍ട്ടിക്ക്‌ ഞങ്ങള്‍ മലബാറുകാര്‍ കണ്ടെത്തിയ പദമാണു സല്‍കാരം), വീട്ടുകാര്‍ അവതരിപ്പിച്ച ബജറ്റ്‌ പാസക്കണൊ വേണ്ടയോ എന്ന കണ്ഫ്യുഷന്‍.. എന്നുവേണ്ട... ആകാശത്തിനു താഴെ എന്തൊക്കെയുണ്ടോ.. അതെല്ലാം പിന്നെ അതെല്ല്ലാത്ത കാര്യങ്ങളും, ചര്‍ച്ചകളും. തര്‍ക്കങ്ങളും, ഊഹങ്ങളും... അങ്ങനെ ഒരു നീണ്ടനിര തന്നെ.. സമയം തീരാന്‍ ഏഷ്യാനെറ്റിലെ ന്യൂസ്‌ ഹവര്‍ ആണ്‌ ഞങ്ങള്‍ മാതൃകയാക്കിയിരുന്നത്‌. സകല വിഷയങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. കണ്ട്ട്ട്രോള്‍ ചെയ്യാന്‍ ഹൈകമാന്റൊ പോളിറ്റ്ബ്യൂറോയോ നിരിക്ഷകരോ ഇല്ലാത്തതിടത്തോളം കാലം അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.അങ്ങനെ ഞങ്ങള്‍ ഇവിടെ സകല ഫാമിലിവാലകളേയും അമ്പരപ്പിച്ചും അസൂയപ്പെടുത്തിയും കഴിയുന്നു. എങ്കിലും ചിലപ്രശ്നങ്ങള്‍ ഇല്ലായ്കയില്ല.. അതു പറയാം..

ഇങ്ങിനെ എല്ലൊം മറന്ന് എന്തിനും പോന്ന ഏതാനും ചെറുപ്പക്കാര്‍ ജീവിക്കുന്നത്‌ കാണുപ്പോള്‍ ആര്‍ക്കും അസൂയ തോന്നാം. പിന്നെ മുന്‍സിപാലിറ്റിയുടെ തിട്ടൂരവുമായി റൂം റെന്റിനു തന്ന ഒരു പാവം മലബാരി പ്രവേശിക്കുന്നതോടെ അടുത്ത രംഗത്തിനു കര്‍ട്ടണ്‍ ഉയരുകയായി. കഴുത്തറപ്പന്‍ വാടകക്കു പുറമെ അദ്ദേഹം നടത്തുന്ന അല്ലറചില്ലറകട (മലയാളീകരിച്ച ഗ്രോസറി)യില്‍ നിന്നു മാത്രം അവശ്യസാധനങ്ങള്‍ ഇ-എക്സ്‌-പി ഡേറ്റിനെ കുറിച്ചുചിന്തിക്കാതെ ഭക്തിയോടെ സ്വീകരിക്കുക, മൈന്റനന്‍സിനെകുറിച്ചുപരഞ്ഞു ശല്ല്യം ചെയ്യതിരിക്കുക,കുടിവെള്ളം,പാചകവാതകം എന്നിവയ്ക്‌ അദ്ദേഹത്തിന്റെ അല്ലറചില്ലറക്കട ഉപയോഗിക്കുക.. എന്നിങ്ങനെ ഒത്തിരി കാര്യങ്ങള്‍ ഞങ്ങള്‍ക്ക്‌ ഇതുവരെ കാണാന്‍ പോലും കിട്ടാത്ത വാടകച്ചീട്ടിലെ അലിഖിതനിയമമാണ്‌.

ഇതോടെ ബച്ചിലര്‍ ലൈഫിന്റെ ചൂടേറിയ മറ്റൊരു അധ്യായം ആരംഭിക്കുന്നു. ഭൂലോകമെങ്ങും (ബ്ലോഗ്‌ അല്ല) പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ഞങ്ങളുടെ ചര്‍ച്ചകള്‍ തലചായ്ക്കാനൊരിടത്തിനായുളള അന്വേഷണങ്ങളിലേക്കു തിരിക്കുന്നു.പിന്നെ ദിവസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ വല്ലതും തടഞ്ഞാല്‍ പിന്നെ വല്ലാത്ത ജോലിതിരക്ക്‌ ആണ്‌. ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വാടകയും പുതിയ സ്ഥലതിന്റെ വാടകയും തമ്മിലുള്ള റേഷ്യോകാല്‍കുലേഷന്‍, മാറുന്ന റൂമിലേക്ക്‌ എടുക്കേേണ്ട സാധനങ്ങളുടെ ലിസ്റ്റ്‌ തയ്യാറക്കല്‍... ഞങ്ങളെ കുടിയൊഴിപ്പിക്കുന്ന പാവം മലബാരിക്ക്‌ പാരപണിയല്‍, ഇങ്ങിനെ ഒത്തിരികാര്യങ്ങളെകുറിച്ചു തലയുള്ളവര്‍(ഇല്ലാത്തവലെ കിച്ചണ്‍ ജോലി എല്‍പ്പിച്ച്‌ ആ സമയം പോലും മിസ്സ്‌ ചെയ്യാതെ) ആലോചനയുടെ (വേണമെങ്കില്‍ ചിന്ത,മനനം,ധ്യനം ഇതില്‍ ഏതെങ്കിലും ഉപയോഗിക്കാം) വാല്മീകത്തില്‍ പ്രവേശിക്കുന്നു. അല്ലാത്തവര്‍ അവര്‍ക്ക്‌ കഴിക്കാനുള്ളതെല്ലാം റെഡിയാക്കി ബാക്കി കിട്ടുന്ന സമയം ചിന്തകരുടെ മുഖത്തുനോക്കി നിസംഗരായിരിക്കുന്നു.ഇതിനിടയിലാണ്‌ വില്ലന്‍ ന്യൂസിന്റെ ആഗമനം. ഞങ്ങള്‍ ഫിക്സ്‌ ചെയ്ത റൂം മറ്റൊരു ബാച്ചിലര്‍ സംഘം അടിച്ചുമാറ്റിയിരിക്കുന്നു.

പിന്നെ മരണവീട്ടില്‍ ആക്സിഡന്‍ഡ്‌ നടന്നപോലേ എല്ലവരും നിശ്ശ്ബ്ദരായി മാറുകയായി.. വീണ്ടും മറ്റൊരു ഫ്ലറ്റിനോ വില്ലക്കോവേണ്ടിയുള്ള അന്വേഷണങ്ങളുടെ ദുസ്വപ്നങ്ങള്‍ കാണാന്‍ വേണ്ടിയുള്ള ഉറക്കം കടന്നു വരും വരെ..... ആ നിശ്ശബ്ദത തുടരുന്നു.... നിശ്ശബ്ദതയുടെ അവസാനത്തില്‍ ഒരു സഘകൂര്‍ക്കംവലി ആരംഭിക്കുകയായി..

ഹോ.... എന്തൊരു സംഗീതാത്മകം...

കൂര്‍ക്കംവലിയുടെ സംഗീതം ഇന്നു മുതല്‍ ആസ്വദിക്കാന്‍ ശീലിക്കുക..

('കൂര്‍ക്കംവലികളില്‍ ഓളിഞ്ഞിരിക്കുന്ന സംഗീത'ത്തെക്കുറിച്ചു അടുത്ത പോസ്റ്റില്‍..)

3 comments:

Kalesh Kumar said...

റഷീദേ, നന്നായിട്ടുണ്ട്!
(അപ്പഴ് ജൂ‍ലൈ 7, 2006 മറക്കണ്ട)

Anonymous said...

നന്നായിട്ടുണ്ട്‌.. ഇനിയും പ്രതീക്ഷിക്കുന്നു..

sahayaathrikan said...

നല്ല സരസമായി എഴുതിയിട്ടുണ്ട്. അടുത്ത പോസ്റ്റ് ഉടനെ പ്രതീക്ഷിക്കുന്നു.