Wednesday, May 28, 2008

കാലത്തിനൊപ്പം.

വര്‍ണ്ണാഭമായ
പൂക്കളും.. ചെടികളും..
നറുതേന്‍ തേടിയെത്തുന്ന..
അതിഥികളും
വിശ്രമിക്കാനെത്തുന്ന
സന്ദര്‍ശകരും
എന്നെ
പൂന്തോട്ടം എന്ന് വിളിച്ചു.


ഭൂതകാലം.
മാതൃനഷ്ടത്തിന്റെ
വിരഹവുമായി
കമ്പുകളും വിത്തുകളും
ഇടയ്ക്കിടേ
സ്ഥിര താമസത്തിന്
എത്തുമായിരുന്നു.

ഉഴുത് പൊടിഞ്ഞ ശരീരം
കലര്‍പ്പില്ലാത്ത
വെള്ളവും വളവും ചേര്‍ത്തി
തോട്ടക്കാരന്റെ
പരുക്കന്‍ വിരലുകള്‍
ഒരുക്കിയെടുക്കുമ്പോള്‍.
നവജീവന് വേണ്ടി,‍
ഞാന്‍ വേദന മറന്നു

കാത്ത് സൂക്ഷിച്ച
ഈര്‍പ്പവും... സാന്ത്വനവും
നല്‍കി ഞാനവരെ വളര്‍ത്തി..
കാരണം
വര്‍ഷത്തിലെത്തുന്ന വസന്തത്തില്‍
പട്ടുടുത്ത്,സുഗന്ധവുമായി
എനിക്ക്
ചമയണമായിരുന്നു.

പ്രണയവും,
വിരഹവും,
ഓര്‍മ്മകളും,
അക്ഷരങ്ങളിലെ അഗ്നിയും...
ജീവിതത്തിന്റെ
കൂട്ടിക്കിഴിക്കലുകളും,
എല്ലാമായി
കത്തിയമര്‍ന്ന് പകലും
വര്‍ണ്ണം പരത്തി സന്ധ്യയും
യാത്രപറയും.

അന്തിവെട്ടം അവസാനിച്ചാല്‍ ...
അന്തിയുറങ്ങാനെത്തുന്ന
ഭിക്ഷക്കാരനും കുടുബവും...
അവരുടെ
തീരാത്ത ദാരി‍ദ്ര്യവും
അതിനിടയിലെ
സന്തോഷവും...

നിശ്ശബ്ദ രാത്രികളില്‍...
പ്രപഞ്ചം ഉറങ്ങുമ്പോള്‍...
ഞാന്‍ നിഗൂഢമായി..
ഭൂതകാലത്തില്‍
ആനന്ദിച്ചു...
ഭാവി സ്വപ്നം കണ്ടു.

വര്‍ത്തമാനകാലം
ഋതുക്കളനുസരിച്ച്
നട്ടുവളര്‍ത്തേണ്ട
വിരുന്നുകാര്‍ക്ക് വേണ്ടി
ഉരുക്കു കലപ്പകള്‍
ഉഴുതൊരുക്കുമ്പോള്‍
പരുക്കന്‍ വിരലുകളുടെ
ലാളന ഞാനോര്‍ക്കുന്നു.

എന്നിലെ
അവസാന പോഷകവും
വലിച്ചെടുക്കാന്‍
ആക്കം കൂട്ടുന്ന
വെള്ളവും വളവും
വിഷം പോലെ നിറയുമ്പോള്‍
ഭൂതകാലം എന്നെ മോഹിപ്പിക്കുന്നു.

സൌരഭ്യത്തേക്കാളും
സൌന്ദര്യത്തെ ഇഷ്ടപ്പെടുന്ന
തലമുറക്ക് വേണ്ടി,
ആണ്ടിലൊരിക്കല്‍
അതിഥിയായെത്തിയിരുന്ന
വസന്തത്തെ, സ്റ്റഫ് ചെയ്ത്‍...
കാഴ്ചയൊരുക്കിയപ്പോള്‍‍.
മണമില്ലാത്ത നിറങ്ങളാല്‍
എന്റെ പുറം മോടികൂടി.

ഭാവികാലം
എങ്കിലും
മറക്കാനാവാത്ത
ഭാവി മറന്ന്
ഞാനും
മന്ദഹസിക്കാന്‍ ശ്രമിക്കുന്നു.
സന്ദര്‍ശരെ പോലെ...

19 comments:

ഇത്തിരിവെട്ടം said...

കാലത്തിനൊപ്പം... ഒരു പോസ്റ്റ്.

G.manu said...

എങ്കിലും
മറക്കാനാവാത്ത
ഭാവി മറന്ന്
ഞാനും
മന്ദഹസിക്കാന്‍ ശ്രമിക്കുന്നു.
സന്ദര്‍ശരെ പോലെ...

{{{{{{{ഠേ}}}}}}}}}}
തേങ്ങ എന്റെ വക..

കാലത്തിന്റെ കവിത...
:)

സുല്‍ |Sul said...

ഇത്തിരീ
കവിത നന്നായിരിക്കുന്നു. (ഇനി ഇതിന്റെ കൂടി കുറവേ ഉണ്ടായിരുന്നുള്ളൂ::)). വര്‍ത്തമാനത്തിന്റെ കൃത്രിമത്ത്വത്തില്‍ ഭാവി എന്തെന്ന ചോദ്യം ഒരു ഭൂതം കണക്കെ നില്‍ക്കെ വേറെന്തു പറയാന്‍. മന്ദഹസിക്കാന്‍ ശ്രമിക്കുക. സന്ദര്‍ശകരെപ്പോലെ.

-സുല്‍

സാല്‍ജോҐsaljo said...

:)

Sapna Anu B.George said...

ഓര്‍മ്മകളും,സ്വപ്നങ്ങളുമായി ജീവിക്കുമ്പോള്‍, പച്ചയായ ജീവിതം കൈവിട്ടു പോകും. മറ്റുള്ളവരുടെ പരിഹാസങ്ങളും പേറി ജീവിക്കണ്ടേ???സ്വപ്നജീവികള്‍ക്ക് ഇന്നത്തെ കമ്പ്യൂട്ടര്‍ യുഗത്തില്‍ എന്തു കാര്യം???

ശ്രീ said...

നല്ല കവിത. കാലത്തിനൊപ്പം തന്നെ.
:)

കരീം മാഷ്‌ said...

വസന്തത്തെ, സ്റ്റഫ് ചെയ്ത്‍...
കാഴ്ചയൊരുക്കിയപ്പോള്‍‍.
മണമില്ലാത്ത നിറങ്ങളാല്‍
എന്റെ പുറം മോടികൂടി.


കാലത്തിനൊപ്പം...
നാടോടുമ്പോള്‍ നടുവെ ഓടുന്നു നാം....:)

Rare Rose said...

ഇടയ്ക്കിടെ വന്നെത്തുന്ന സന്ദര്‍ശകരെപ്പോലെ പുഞ്ചിരി തൂകി ഭൂതകാലത്തിന്റെ മായാത്ത തുടിപ്പുകള്‍ മനസ്സിലേറ്റു വാങ്ങി നില്‍ക്കുന്ന ഉദ്യാനം.... നന്നായിരിക്കുന്നു ഇത്തിരിവെട്ടം..കാലത്തിനൊപ്പമുള്ള ഈ നില്‍പ്പു....

ശിവ said...

നല്ല വരികള്‍...എത്ര സുന്ദരം ഈ കവിത...

വേണു venu said...

മറക്കാനാവാത്ത
ഭാവി മറന്ന്
ഞാനും.
ആ പ്രയോഗം കൂടുതല്‍‍ ശ്രദ്ധിച്ചു.:)

കുട്ടന്‍മേനൊന്‍ said...

:)

ധ്വനി said...

നല്ല ആഴം!

അഭിലാഷങ്ങള്‍ said...

കാലത്തിനൊപ്പം... നന്നായി

Sharu.... said...

നല്ല ചിന്ത. ചിന്തിപ്പിക്കുന്ന കവിത :)

:: niKk | നിക്ക് :: said...

എന്നിലെ
അവസാന പോഷകവും
വലിച്ചെടുക്കാന്‍
ആക്കം കൂട്ടുന്ന
വെള്ളവും വളവും
വിഷം പോലെ നിറയുമ്പോള്‍
ഭൂതകാലം എന്നെ മോഹിപ്പിക്കുന്നു.

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

"എന്നിലെ
അവസാന പോഷകവും
വലിച്ചെടുക്കാന്‍
ആക്കം കൂട്ടുന്ന
വെള്ളവും വളവും
വിഷം പോലെ നിറയുമ്പോള്‍
ഭൂതകാലം എന്നെ മോഹിപ്പിക്കുന്നു"

orupaad arthangalund ee varikalil

ഇത്തിരിവെട്ടം said...

അഭിപ്രായം അറിയിച്ച

ജി മനു.
സുല്‍
സാല്‍ജോ.
സപ്ന അനു ബി ജോര്‍ജ്ജ്.
ശ്രീ.
കരീം മാഷ്.
rare rose.
ശിവ.
വേണു.
കുട്ടമേനോന്‍.
ധ്വനി.
അഭിലാഷങ്ങള്‍.
ഷാരു.
നിക്ക്.
പ്രിയ ഉണ്ണികൃഷ്ണന്‍.

എല്ലാവര്‍ക്കും നന്ദി.

മിന്നാമിനുങ്ങ്‌ said...

കാലത്തോടൊപ്പം സഞ്ചരിച്ച്
ആഴമുള്ള യാദാര്‍ഥ്യങ്ങളെ
വായനക്കാരിലേക്ക്
സന്നിവേശിപ്പിക്കുന്നുണ്ട് ഈ വരികള്‍.

ചിന്തകള്‍ പോലും സ്റ്റഫ് ചെയ്തു
വെക്കുന്ന ഇക്കാലത്ത് വേറിട്ടൊരു ചിന്തയായി
തോന്നി ഈ ചിന്തകള്‍.

അത്ക്കന്‍ said...

അല്ലെങ്കിലും, നാമൊക്കെ ജീവിച്ചു തീര്‍ക്കുന്നതാര്‍ക്ക് വേണ്ടിയാണ്.ഭാവി,ഭൂത,വര്‍ത്തമാനകാലങ്ങളൊന്നും ഇന്ന് ആര്‍ക്കും വേണ്ട.വേണ്ടത് വേറെ എന്തൊക്കെയോ ആണ്.