Wednesday, January 10, 2007

മനസ്സെന്ന മായാജാലം...

കൂരാകൂരിരുട്ട്… നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. ഒരു നക്ഷത്ര പൊട്ട് പോലുമില്ലാതെ വരണ്ട് കിടക്കുന്ന ആകാശം... അല്ല ആകാശത്ത് ഒരു വെളിച്ചത്തിന്റെ പൊട്ട് കാണുന്നുണ്ട്. കറുത്ത പ്രതലത്തില്‍ പ്രത്യക്ഷമായൊരു വെളിച്ചത്തുള്ളി.അടുത്ത് വന്നപ്പോള്‍ അത് വെളിച്ചമെന്ന് തോന്നിക്കുന്ന ഒരു കണ്ണായിരുന്നു. സുഹൃത്ത് സൈമണ്‍‌ന്റെ കായ്യില്‍ കിടക്കുന്ന സ്വര്‍ണ്ണമോതിരത്തിന് മുകളില്‍ തിളങ്ങുന്ന ഡ്യൂപ്ലിക്കേറ്റ് ഡയമണ്ട് പോലെ ...


അടുത്ത് എത്തിയപ്പോള്‍ അത് പതിഞ്ഞ് കിടക്കുന്ന കറുത്ത പ്രതലവും തോട്ട് താഴേ വെച്ച് ആരംഭിക്കുന്ന വലിയ വായും അതിനകത്ത് ഉയര്‍ന്ന് നില്‍ക്കുന്ന രണ്ട് വലിയ ദംഷ്ട്രങ്ങളും അവയ്ക്കിടയിലൂടെ ഓരോ സെക്ന്റിലും അന്തരീക്ഷത്തിന്റെ രുചിയാനായെത്തുന്ന രണ്ട് ഇതളുകളുള്ള നീണ്ട നാവും... ഇത് ഒരു പാമ്പുതന്നെ... ഞാന്‍ ഓടാന്‍ ശ്രമിച്ചു. പാമ്പിന്റെ വായ്‌വട്ടം എന്റെ ശിരസ്സ് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.


ഒന്ന് കണ്ണുച്ചിമ്മി തുറന്ന് വീണ്ടും നോക്കിയപ്പോള്‍ അതിന് സര്‍പ്പത്തിന്റെ ഛായ നഷ്ടപെട്ടിരിക്കുന്നു. വെള്ളിപോലെ തിളങ്ങുന്ന വായ്ത്തലയുള്ള ഒരു കൈവാളാണത്. കറുകറുത്ത ഉരുക്ക് മരപ്പിടിയിലുറപ്പിക്കാന്‍ ഉപയോഗിച്ച ആണിക്ക് എന്തോരു തിളക്കം. അത് ആസ്വദിച്ച് നില്‍ക്കേ അതിന്റെ പിടിയില്‍ അമര്‍ത്തിപ്പിടിച്ച നഖം നീട്ടി വളര്‍ത്തിയ വെളുത്ത നീണ്ട വിരലുകളുള്ള കൈ ഉയര്‍ന്ന് താണു.


തലയോട്ടിയുടെ മധ്യത്തില്‍ ആണ്ടിറങ്ങിയ കൈവാള്‍ മൂക്കും വായും തുല്ല്യ ഭാഗങ്ങളാക്കി, അന്നനാളം ശ്വാസനാളം ശ്വാസകോശം വൃക്കകള്‍ ഇവയെല്ലാം തുല്ല്യമായി ഭാഗിച്ച് ഇരുകാലുകളും ഭാഗിച്ചെടുത്തേ ആ വിഭജനം അവസാനിച്ചുള്ളൂ... ഞാന്‍ എന്നെ ദൂരേ നിന്ന് നോക്കിനിന്നു. ഇരുഭാഗവും ഓരോ വിഭാഗങ്ങള്‍ ഏറ്റെടുക്കുന്നു. പാതിയായ എന്നെ സ്വീകരിച്ചെങ്കിലും അവര്‍ക്കിടയില്‍ ഒരു തര്‍ക്കം ഉടലെടുത്തു. കൃത്യമായി ഭാഗിച്ചതോടെ ഒരു വശത്തായ എന്റെ ഹൃദയത്തെ കുറിച്ചായിരുന്നു ആ തര്‍ക്കം. രണ്ടുകൂട്ടര്‍ക്കും എന്റെ കൈമുഷ്ടിയുടെ വലുപ്പം വരുന്ന ആ മാംസകഷ്ണം ആവശ്യമില്ലാ‍യിരുന്നു. മൂന്നാമതരോള്‍ക്ക് വിട്ട് കോടുക്കാനും അവര്‍ ഒരുക്കമല്ലായിരുന്നു. അപ്പോള്‍ എന്റെ ചിന്ത ആര്‍ക്കും വേണ്ടാത്ത എന്റെ ഹൃദയത്തെക്കുറിച്ചായിരുന്നു.


അപ്പോഴേക്കും പരസ്പരം പോരടിക്കുന്നവരില്‍ ചോരപോടിഞ്ഞു. ചിന്തിയ ചുടു നിണത്തില്‍‍ അവര്‍ എന്റെ ഹൃദയം നിക്ഷേപിച്ചു. അതോടെ ഞാന്‍ പതിയേ അസ്തമിക്കുന്ന എന്റെ പ്രാണനുവേണ്ടി പിടയാന്‍ തുടങ്ങി. പിടച്ചിലിനിടേ ഞാന്‍ വ്യക്തമായി കേട്ടു അവരുടെ അലര്‍ച്ച. ഞെരിച്ച് കളയൂ ആ മാംസ കഷ്ണം... അതിലാണ് കാരുണ്യവും സ്നേഹവും പ്രണയവും ലജജയും പിറവിയെടുക്കുന്നത്. വിഷലിപ്ത്മായ പച്ചചോര എന്റെ ഹൃദയത്തിലേക്ക് ഒഴുകി‍ത്തുടങ്ങി... അതോടെ എന്റെ കണ്ണുകള്‍ക്ക് ഞാനൊഴിച്ചുള്ളതെല്ലാം തെറ്റായി മാറി... അത് തുടച്ച് നീക്കല്‍ എന്റെ ദൌത്യവുമായി ഏറ്റെടുത്ത് ഞാന്‍ യുദ്ധം പ്രഖ്യാപിച്ചു.


ഞെട്ടിയെഴുന്നേറ്റപ്പോള്‍ അര്‍ദ്ധരാത്രിയുള്ള ആയുധാഭ്യാസത്തിന് പോവാന്‍ സമയമായിരിക്കുന്നു. പതിവിലും ഉന്മേഷത്തോടെ അയാള്‍ എഴുന്നേറ്റു.

16 comments:

Rasheed Chalil said...

മുമ്പെങ്ങോ എഴുതിവെച്ച ഒരു കുഞ്ഞുപോസ്റ്റ് ഇവിടെ പോസ്റ്റുന്നു.

മുസ്തഫ|musthapha said...

“രണ്ടുകൂട്ടര്‍ക്കും എന്റെ കൈമുഷ്ടിയുടെ വലുപ്പം വരുന്ന ആ മാംസകഷ്ണം ആവശ്യമില്ലാ‍യിരുന്നു. മൂന്നാമതരോള്‍ക്ക് വിട്ട് കോടുക്കാനും അവര്‍ ഒരുക്കമല്ലായിരുന്നു. അപ്പോള്‍ എന്റെ ചിന്ത ആര്‍ക്കും വേണ്ടാത്ത എന്റെ ഹൃദയത്തെക്കുറിച്ചായിരുന്നു“


ഇത്തിരീ നല്ല പോസ്റ്റ്.

ഇട്ടിമാളു അഗ്നിമിത്ര said...

വീണ്ടും മനസ്സും ഹൃദയവും തന്നെ...രണ്ടും ഒന്നാണോ...ഒന്നും രണ്ടാണോ.... ആ മാംസകഷണം ആര്‍ക്കും വേണ്ടാല്ലെ?

ഏറനാടന്‍ said...

മനസ്സൊരു മാന്ത്രികക്കുതിരയായ്‌ പായുമ്പോള്‍ മനുഷ്യന്‍ കേവലമൊരു യന്ത്രം മാത്രം...
നല്ല ആശയം. മുഴുവന്‍ പുടുത്തം കിട്ടീലെന്നാലും...

ലിഡിയ said...

വനരോദനങ്ങളായി ഒടുങ്ങിപോയ ഒരു പാട് ഹൃദയങ്ങളുടെ കഥ..

-പാര്‍വതി.

സുല്‍ |Sul said...

ഇത്തിരീ,

നീ ഇതൊരിക്കല്‍ എന്നോട് പറഞ്ഞിരുന്നെങ്കിലും, ഇതു ഇന്നു വായിച്ചപ്പോള്‍ വളരെയേറെ അര്‍ത്ഥ തലങ്ങള്‍ തരുന്നു. ബൂലോകത്ത് വേറിട്ടു നില്‍ക്കുന്ന ഒരു ശൈലി.

നിന്റെ എഴുത്തിനെപറ്റി എഴുതാന്‍ ഞാന്‍ ആളല്ല. :) (അതിനു വേറെ ആളെ നോക്ക്യാമതി).

-സുല്‍

Mubarak Merchant said...

കൈമോശം വരുന്ന മനുഷ്യത്തം.
അല്‍പ്പം അടുത്തു പോയാല്‍ തനിക്കുതന്നെ പാരയായേക്കുമോ എന്ന തോന്നല്‍.
ആര്‍ക്കുമാരെയും വിശ്വാസമില്ലാത്ത അവസ്ഥ.

ഈ കുറിപ്പില്‍ അതെല്ലാം പ്രതിഫലിക്കുന്നു.
വായനക്കാരുടെ മനസ്സിലും ഈ പ്രതിഫലനത്തിന്റെ അനുരണങ്ങളുണരാ‍നിടയാവട്ടെ.

സ്പിന്നി said...

കൊള്ളാം നന്നായിട്ടുണ്ട്,എല്ലാവരും സ്വാര്‍ത്ഥരാണ്.അവനവനെന്ന പോലെ മറ്റുള്ളവര്‍ക്കും ജീവിയ്ക്കാനുള്ള അവകാശമുണ്ട്. സത്യത്തില്‍ സ്നേഹം എന്നത് ഈ കാലത്ത് ഒരു പ്രഹസനമല്ലേ. ഉയരങ്ങള്‍ എത്തിപ്പിടിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ നമുക്കു വിലപ്പെട്ട പലതും നഷ്ടമാവുന്നു.അതു തിരിച്ചറിയാതെ എന്തിനെല്ലമോ നമ്മള്‍ മത്സരിയ്ക്കുന്നു.

കുറുമാന്‍ said...

എന്താണെന്നറിയില്ല, ഈയിടെയായി വായിക്കുന്നതെല്ലാം വ്യക്തമായി മനസ്സിലാവുന്നില്ല :(

വയസ്സാവുന്നതിന്റെ ഓരോ പ്രശ്നങ്ങളേ!

വിചാരം said...

ശരീരമെന്ന സമ്പത്താണ് ഏവര്‍ക്കും വേണ്ടത് .. മനസ്സ് ഒളിഞ്ഞിരിക്കുന്നത് എന്ന് നമ്മള്‍ വിശ്വസിക്കുന്ന ഹൃദയത്തെ ആര്‍ക്കുവേണം .. അവിട്ന്നുത്ഭവിക്കുന്ന സ്നേഹത്തിനും കാരുണ്യത്തിനും ദയക്കും എവിടെ സ്ഥാനം, ധനം അതെങ്ങനെ, ഏതുവഴിയീലൂടെ എന്‍റെ പെട്ടിയിലേക്ക് വന്നാലും ഞാനത് പൂട്ടിവെയ്ക്കും എനിക്കതുമാത്രം മതി .. സ്നേഹം കൊടുത്താല്‍ ഭൌതീക സുഖങ്ങളെനിക്ക് ലഭിക്കുമോ ?.. എനിക്ക് ലഭിക്കുന്ന പണം ലക്ഷക്കണക്കിന് ഇറാഖികളുടെ രക്തത്തിന്‍റെ ഗന്ധമുണ്ടവയ്ക്ക് .. എന്നിട്ടും ഞാനെന്ത്യേ .. എന്നോട് തന്നെ ഒരായിരവട്ടം ചോദിച്ച ചോദ്യം .. എന്‍റെ മനസ്സിലെ കാരുണ്യത്തിന്‍റെ അംശമെവിടെ .ഇല്ല അതവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു ..
ഇത്തിരീ.. ആ വാളെടുത്ത കൈകളിലൊന്ന് എന്‍റേതുമാണന്ന് ഞാന്‍ തിരിച്ചറിയുന്നു ... ഈ പാപം ഞാന്‍ എങ്ങനെ കഴുകി കളയും

സു | Su said...

ആര്‍ക്കും വേണ്ടാത്ത, ആരും കണ്ടറിയാത്ത ഒരു ഹൃദയം നമുക്കെന്തിനാ എന്നൊരു ചിന്ത വന്നു. :)

കരീം മാഷ്‌ said...

ആര്‍ക്കും വേണ്ടാത്ത ആ മാംസ കഷ്ണം എനിക്കു തരൂ.
ഡല്‍ഹിയില്‍ അതിനിപ്പൊ മാര്‍ക്കട്ടുണ്ട്.
കണ്ടില്ലെ അതും അതിനു ചേര്‍ന്നതുമൊക്കെയെടുത്തു കച്ചവടം നടത്തി ബാക്കി ഓടയിലെറിഞ്ഞ ശവങ്ങള്‍.
അതും നമ്മുടെ തലസ്ഥാന നഗരിയില്‍.
കേഴുക മത്ത്ത്യാ.

Abdu said...

ഇതിലും നന്നായി ഈ തീം ഇത്തിരിക്കെഴുതാന്‍ കഴിയും എന്ന് തോന്നുന്നു, തോന്നുകയല്ല, ഉറപ്പാണ്.

Anonymous said...

ഇത്തിരീ പതിവ് പോലെ നന്നായിട്ടില്ല... എന്നാലും കൊള്ളാം.

സുഹൃത്ത്.

Rasheed Chalil said...

അഗ്രജാ നന്ദി.

ഇട്ടിമാളൂ നന്ദി. മനുഷ്യന്റെ കഴുത്തറുക്കാന്‍ നടക്കുന്നവന്‌ മനസ്സും ഹൃദയവും ഒരു ഭാരമാവും... അവനെ നിരന്തരം ശല്ല്യം ചെയ്യുന്ന ഒരു ഒഴിവാക്കാനാവത്ത ഭാരം.

ഏറനാടന്‍ മാഷെ നന്ദി. മനുഷ്യന്‍ കടിഞ്ഞാണില്ലാ കുതിരയായി പായുമ്പോള്‍ മനസ്സും യന്ത്രമാവുന്നു.

പര്‍വതീ നന്ദി. എന്നിട്ടും പറയാതിരിക്കാനാവുന്നില്ല... മറ്റൊരു വനരോദനം.

സുല്‍ നന്ദി. ഹ ഹ ഹ

ഇക്കാസ്‌ നന്ദി. ഞാനും അങ്ങനെ പ്രതീക്ഷിക്കുന്നു.

സ്പിന്നി നന്ദി. തീര്‍ച്ചയായും.

കുറുജീ നന്ദി കെട്ടോ... നല്ല തമാശ.

വിചാരം... നന്ദി... :)

സു നന്ദികെട്ടോ... ആര്‍ക്കും കാണാനാവത്ത ഹൃദയം അവനവനെങ്കിലും കാണാനായെങ്കില്‍ എന്ന് ആഗ്രഹിച്ച്‌ പോയി.

കരീം മാഷേ നന്ദി... അതിന്‌ ഇഷ്ടം പോലെ ആവശ്യക്കാരുണ്ട്‌ മാഷേ... അല്ലെങ്കില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളതും അതിനല്ലേ... പക്ഷേ നല്‍കാന്‍ തയ്യാറില്ല. തയ്യാറുള്ളവരെ പലരും പലതും അതിനനുവദിക്കുന്നുമില്ല. ഇതല്ലേ സത്യം.

ഇടങ്ങളേ നന്ദി. അറിയില്ല.

നിറമേ നന്ദി.

സുഹൃത്തേ നന്ദി.


വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും ഒത്തിരി നന്ദി.

മനോജ് കുമാർ വട്ടക്കാട്ട് said...

ഇത്തിരീ,
സരസം, സമുചിതം, സന്ദര്‍ഭോചിതം