Monday, August 11, 2008

ചാരുകസേര

മുഖക്കുറിപ്പ്:
ഈ കുറിപ്പ് ചികഞ്ഞെടുക്കുമ്പോള്‍ ഞാന്‍ അസ്തമിച്ചിരിക്കാം... 'ചിന്ത' മാത്രം വിധിക്കപ്പെടുന്ന ജീവിത സന്ധ്യയുടെ ഓര്‍മ്മയ്ക്ക് വേണ്ടി ഇത് കുറിച്ചിടുന്നു. എന്റെ ചിതറിയ ചിന്തകള്‍...




“കുച്ഛ് നെ കഹാ... യെ ചാന്ദ് ഹെ...”
“കുച്ഛ് നെ കഹാ... യെ ചാന്ദ് ഹെ...”

കാടും മേടും കടന്ന്, വസന്തവും ഗ്രീഷ്മവും പിന്നിട്ട് ഒഴുകിയെത്തുന്ന തെളിനീര് പോലെ നാദ നിര്‍ഝരി. രാഗവും‍, താളവും മാറ്റിയെത്തുന്ന ഈരടികള്‍. ജഗ് ജിത് സിംഗിന്റെ മുഴക്കമുള്ള ശബ്ദം പ്രാണനെ പ്രണയമാക്കുന്നു. നിശ്ശബ്ദ സദസ്സില്‍ പടരുന്ന സംഗീതത്തെ സ്വീകരിക്കാന്‍ കാതും മനസ്സും സജ്ജമാക്കിയ ഗസല്‍ സദസ്സ് സങ്കല്‍പ്പിച്ചു... നിലാവ് പെയ്യുന്ന രാത്രിയെ കുറിച്ചാണ് കവി പറഞ്ഞ് തുടങ്ങിയത്... “ ചിലര്‍ പറഞ്ഞു... ഇത് പൌര്‍ണ്ണമി ആണെന്ന് ..’ ആവര്‍ത്തിക്കപ്പെടുന്ന ഈരടികളിലൂടെ സദസ്സ് ജിജ്ഞാസയുടെ മുള്‍മുനയില്‍ ആയിരിക്കും. ഗായകനും ശ്രോതാവും ഒരേ നേര്‍രേഖയില്‍ സഞ്ചരിക്കുന്ന നിശ്ശബ്ദത. തബലയുടെ ശബ്ദത്തിനൊപ്പം മാറിയും മറിഞ്ഞും അഭ്യാസിയെ പോലെ വരികള്‍ വലയം ചെയ്യുന്നു... ഏത് നിമിഷവും സംഭവിക്കാവുന്ന അടുത്ത ഈരടികള്‍ക്കായി ശ്രദ്ധിച്ചിരുന്നു...

“കുച്ഛ് നെ കഹാ.. ചെഹ് രാ തെരാ...” നിശബ്ദതയില്‍ അലമാല പോലെ ഉയരുന്ന ആരവം... കസേര കയ്യില്‍ ആഞ്ഞടിച്ച് ഞാനും ആ ‘മെഹ്ഫിലി‘ന്റെ ഭാഗമായി... പ്രണയത്തിന്റെ വേലിയേറ്റം... മനസ്സിലും ജീവിതത്തിലും പൂര്‍ണ്ണ ചന്ദ്രനായി കുളിരും നിലാവും പകരേണ്ട പ്രണയിനിയ്ക്ക് ഇതിലും നല്ല ഉദാഹരണം എവിടെ..

പുറത്ത് മഴക്കോളുണ്ട്.നീണ്ട കസേര കൈയില്‍ കാലുകള്‍ കയറ്റി വെച്ച് മലര്‍ന്ന് കിടന്നു. ഈ കസേരകൈകളില്‍ മുഖം ചേര്‍ത്ത് എന്നെ പുഞ്ചിരിയോടെ നേരിടുന്ന ലക്ഷ്മിയിലാണ് ചിന്ത ചെന്ന് മുട്ടിയത്. വിദ്യാര്‍ത്ഥിയായിരിക്കേ സ്വകുടുബം ഉപേക്ഷിച്ച് എന്റെ ഭാഗമാവുമ്പോള്‍ മുന്നില്‍ ഒന്നിച്ചുള്ള ജീവിതം മാത്രമേ ഉണ്ടായിരുന്നുള്ളൂ... കണക്ക് കൂട്ടലുകളില്‍ പലതും ജയിച്ചു... പലതും പിഴച്ചു... അതില്‍ ഏറ്റവും വലിയ പിഴവ് സീമയുടെ തീരുമാനം ആയിരിക്കും. അവള്‍ ഇഷ്ടപ്പെട്ട ജീവിതം തിരഞ്ഞെടുക്കുമ്പോള്‍ പിടയുന്ന മനസ്സുമായി മൌനിയാകാനേ കഴിഞ്ഞുള്ളൂ.

ലക്ഷ്മി ആയിരുന്നു എന്നും എന്റെ ആദ്യ ശ്രോതാവ്. ഇന്നും ശ്രോതാക്കളുണ്ടെങ്കില്‍ വിഷയത്തിന് പഞ്ഞം വരാറില്ല. ശ്രദ്ധിച്ചിരിക്കുന്ന കണ്ണുകളില്‍ വിരസതയുടെ നേരിയ നിഴല്‍ പോലും വീഴ്ത്താതെ, മണിക്കൂറുകളോളം പ്ലാറ്റ്ഫോമില്‍ ജീ‍വനുള്ള പ്രഭാഷകന്‍ ആയത് കൊണ്ടാണ് വിദ്യാര്‍ത്ഥികളുടെ ഇഷ്ട അധ്യാപകനായത്. വിഷയത്തിലേക്ക് കടന്നാല്‍ മനസ്സിലെ ചെറുചെപ്പുകളില്‍ അടക്കിയ ഓര്‍മ്മകള്‍ പ്രവഹിച്ച് തുടങ്ങും. തലമുറകളോട് സംവദിക്കാനുള്ള ആ സിദ്ധി, പക്ഷേ സ്വന്തം മക്കളില്‍ മാത്രം അസാധ്യമായി.

സീമയുടെ തീരുമാനത്തോടൊപ്പം ലക്ഷ്മിയുടെ വിയോഗം കൂടിയെത്തിയപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ഒറ്റപ്പെട്ടു. പങ്കാളി നഷ്ടപെടുമ്പോള്‍ കൂടുതല്‍ ഒറ്റപ്പെടുന്നത് പുരുഷനായിരിക്കും. എന്തിനേയും ലാഘവത്തോടെ കാണാനുള്ള കഴിവ് നഷ്ടപ്പെട്ടപോലെ. കൊച്ചു കൊച്ചു കാര്യങ്ങള്‍ വരെ മനസ്സില്‍ വാശിയുടെ വേലി തീര്‍ക്കുന്ന പോലെ. ആ ഭീതിയില്‍ നിന്നുള്ള രക്ഷയ്ക്കാണ് ഇങ്ങോട്ട് മാറിയത്. പക്ഷേ ജീവിതം കൂടുതല്‍ ഏകാന്തമാവുന്നു. കൂടുതല്‍ ഒറ്റപ്പെടുത്തുന്ന കാഴ്ചപ്പാടുകള്‍. തലമുറകള്‍ തമ്മിലുള്ള അകലം പ്രകടമാവുന്നതും ഈ വീക്ഷണ വ്യത്യസങ്ങളിലാണല്ലോ.

ലക്ഷ്മിയുടെ അച്ഛന്‍ പറയാറുണ്ടായിരുന്നു “ലോകം യങ് ജനറേഷന് വേണ്ടിയാണെന്ന്” അവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്നു എന്നും ലോകം എന്ന് ... കൂടെ വാര്‍ദ്ധക്യം ഭാരമാണെന്നും അദ്ദേഹം പറയുമ്പോള്‍ ഉള്ളില്‍ ചിരിച്ചിട്ടുണ്ട്. ഒരു പക്ഷേ ആ ജീവിതത്തിന്റെ തുടര്‍ച്ചയാവും ഇത്. കോളേജ് ഹോസ്റ്റലില്‍ നിന്ന് എന്റെ കൂടെ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ഞങ്ങള്‍ ചിന്തിച്ചത് ജീവിതത്തിന്റെ പച്ചപ്പായിരുന്നു. പക്ഷേ അതിന് വേണ്ടി ഉപേക്ഷിക്കപ്പെട്ട സ്നേഹം അന്ന് വേട്ടയാടിയിരുന്നില്ല. പക്ഷേ അത് ‘സീമ’ യിലൂടെ കാലം സൂക്ഷിച്ച് വെച്ചിരുന്നു...

പിതാവിന്റെ മനസ്സിന്റെ തേങ്ങല്‍ അവളുടെ നഷ്ടത്തോടെയാണ് അനുഭവിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചുകുഞ്ഞായിരുന്ന ‘സീമ’ യെ എടുത്ത് ലക്ഷ്മിയുടെ വീടിന്റെ പടി കയറിയപ്പോള്‍ അച്ഛന്‍ പുഞ്ചിരിയോടെ സ്വീകരിച്ചു... പക്ഷേ അതേ പുഞ്ചിരിയോടെ എനിക്ക് സീമയെ നേരിടാന്‍ ആവാത്തത് എന്ത് കൊണ്ടാവും... അവരുടെ സ്ഥാനത്ത് നിന്ന് ചിന്തികൂ എന്ന് പലരും പറയുമായിരുന്നു. ഒരിക്കല്‍ ഇത് പറഞ്ഞ രാഘവനോട് ‘അവരുടെ സ്ഥാനത്ത് നിന്ന് അവര്‍ ചിന്തിക്കട്ടെ... ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കാനാണ് ഞാന്‍‘ ഒരു തരം വാശിയോടെ പറഞ്ഞൊഴിഞ്ഞല്ലോ.

മക്കളുടെ മനസ്സറിയാന്‍ കഴിയാത്ത മാതാപിതാക്കള്‍ ശരിക്കും തെറ്റുകാരാണോ... മക്കള്‍ അവര്‍ക്ക് ഇഷ്ടമുള്ള വഴി തിരഞ്ഞെടുത്തത് കൊണ്ട് മാത്രമാണൊ ഞാന്‍ എതിര്‍ത്തത്. അല്ലെന്ന് പറയാന്‍ കാരണങ്ങള്‍ ഉണ്ടെങ്കിലും ശരിക്കും പിതാവ് എന്ന എന്റെ അധികാരത്തെ ചോദ്യം ചെയ്തതിലെ രാഷ്ട്രീയമാണോ കാരണം... എല്ലാം നഷ്ടപ്പെട്ട് വാര്‍ദ്ധക്യത്തിലെ ചിന്തകള്‍ക്ക് സുഖത്തിന്റെ സുഗന്ധമുണ്ടായിരുന്നെങ്കില്‍...

ഉഷസന്ധ്യയുടെ ചുറുചുറുക്ക് പേറുന്ന ആത്മാവും അത് ഭാരമാവുന്ന സായം സന്ധ്യയുടെ ദുര്‍ബല ശരീരവും ... വാര്‍ദ്ധക്യത്തെ അങ്ങനെ വ്യാഖ്യാനിക്കാവും എന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം എന്തും ‘ വേദാന്തത്തില്‍ എത്തിക്കുന്ന‘, തെട്ടടുത്തെ റൂമിലെ സ്വാമിയാണ് വാര്‍ദ്ധക്യം രണ്ടാം ബാല്യം ആണെന്ന് ഓര്‍മ്മപ്പെടുത്തിയത്. ബാല്യത്തിലെ ക്രീഡാ മോഹവും യൌവനത്തിലെ പ്രണയ മോഹവും പറഞ്ഞ ചിന്തകന്‍ വാര്‍ദ്ധക്യത്തോടൊപ്പം ചേര്‍ത്ത് വെച്ചത് ചിന്ത ആയിരുന്നു‘ എന്ന് പറയുമ്പോള്‍ ആ കണ്ണിലെ കുസൃതി ശരിക്കും ആസ്വദിച്ചിരുന്നു. രാജവിഥിയിലൂടെ ഊന്ന് വടിയുടെ സഹയത്തോടെ വേച്ച് നടക്കുന്ന നടുവൊടിഞ്ഞ വൃദ്ധന്‍ ‘നഷ്ടയൌവ്വനം അന്വേഷിക്കുന്നതാണ്’ എന്ന് വ്യാഖ്യാനിച്ച നൂര്‍ജഹാനേയും അത് ആസ്വദിച്ച ജഹാംഗീര്‍ ചക്രവര്‍ത്തിയെയും ഞാനും ഓര്‍ത്തു.

ഷേക് സ്പിയറും ഷെല്ലിയും മാത്രമല്ല ശ്രീശങ്കാരാചാര്യരും ജലാലുദ്ധീന്‍ റൂമിയും സംസാരത്തില്‍ കടന്ന് വരുന്ന് കൊണ്ടാവാം... സ്വാമി ഇടയ്ക്കിടെ അന്വേഷിച്ചെത്തുമായിരുന്നു. കഴിഞ്ഞ ദിവസം യാത്രപറയുമ്പോള്‍ അദ്ദേഹം അടഞ്ഞ ശബ്ദത്തില്‍ പറഞ്ഞു... ‘ഇനി കണ്ടുമുട്ടാം ഇല്ലാതിരിക്കാം.. ഒരു തീന്മേശയിലെ സദ്യ പോലെ നാം ഒന്നിച്ചിരുന്ന് ചിന്തകള്‍ പങ്കുവെച്ചു എന്ന് മാത്രം കരുതുക... അതിനപ്പുറം ഒന്നുമില്ലായിരുന്നു... ഒന്നും ഉണ്ടാവരുത്’ ഒരു യാത്ര പറയാന്‍ പോലും അദ്ദേഹത്തിന് താല്പര്യവും ഇല്ലായിരുന്നു.

മഴ തുടങ്ങിയിരിക്കുന്നു. എന്നിട്ടും ഈ കസേരയില്‍ തന്നെ നീണ്ട് കിടക്കാനേ തോന്നുന്നുള്ളൂ. ഇരുപ്പത്തിഅഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെക്കേടത്തെ കൃഷ്ണനാശാരി പണിത കസേര... അന്ന് കിട്ടുപ്പണിക്കരുടെ അടുത്ത് നിന്ന് വാങ്ങിയ ആഞ്ഞിലി. വര്‍ഷങ്ങളുടെ വേഗത വളരെ കൂടുതലായിരുന്നു. പക്ഷേ ലക്ഷ്മി പോയ ശേഷം മണിക്കൂറുകള്‍ ഒച്ചിനെ പോലെയായി.

ലക്ഷ്മിയ്ക്ക് ഗസലുകള്‍ ഇഷ്ടമായിരുന്നോ... ആവോ. വര്‍ഷങ്ങള്‍ ഒന്നിച്ച് ജീവിച്ചെങ്കിലും അവളുടെ ഇഷ്ടങ്ങള്‍ അറിയില്ല എന്നതല്ലേ സത്യം. അവള്‍ക്ക് ഇഷ്ടകേടുകള്‍ ഉണ്ടായിരുന്നില്ല... അത് കൊണ്ട് തന്നെ എല്ലാം ഇഷ്ടമായിരുന്നു. കര്‍ണ്ണാട്ടിക് ആയാലും ഹിന്ദുസ്ഥാനി ആയാലും ഒരേ പോലെ പുഞ്ചിരിയോടെ ആസ്വദിക്കുന്ന മനോഭാവം... അവള്‍ക്ക് ഒരു കാര്യമേ നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ എന്ന് തോന്നിയിട്ടുണ്ട്.. അത് എന്റെ ഇഷ്ടമായിരുന്നു. ആ വിയോഗം ആണ് ഏറ്റവും വലിയ അനാഥത്വം...

ഭാരിച്ച ബാങ്ക് ബാലന്‍സും സമൂഹത്തിലെ ഉന്നത സ്ഥനവും ഉണ്ടായിരുന്ന എന്റെ ഈ ഗ്ലോറിഫൈഡ് വാര്‍ദ്ധക്യം അനാഥ വൃദ്ധരുടെ ഗണത്തില്‍ ആയിരിക്കുമോ... എപ്പോഴാണ് വാര്‍ദ്ധക്യം കടന്നാക്രമിച്ചത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഉണ്ട്... സീമ കൈവിട്ട ശേഷം... ലക്ഷ്മി യാത്ര പറഞ്ഞ ശേഷം... ആശുപത്രി കിടക്കയില്‍ വെച്ച് പോലും നരച്ച മുടി നോക്കി ‘ഇതെന്താ... ഇങ്ങനെ’ എന്ന് ചോദിക്കാറുണ്ടായിരുന്ന അവളായിരുന്നു എന്നിലെ യുവത്വം.

പിന്നെ പിന്നെ ശരീരത്തില്‍ നിറം വെച്ച് മറച്ചിരുന്ന വാര്‍ദ്ധക്യ ചിഹ്നങ്ങള്‍ മനസ്സിനെ ആക്രമിച്ചു... അത് ആദ്യം അനൂപിന്റെ വാ‍ക്കുകളിലൂടെയാണ് ആദ്യം വ്യക്തമായത്. മക്കള്‍ വളരുമ്പോള്‍, നാം തളരുമ്പോള്‍ ശാസനകളും നിയന്ത്രണങ്ങളും കൂടെയെത്തും എന്ന് അറിയാമായിരുന്നു. ഒരു പക്ഷേ ഇരുപത്തി അഞ്ച് വയസ്സില്‍ ഞാനും അനൂപിനെ പോലെ ചിന്തിച്ചിരിക്കും.ചിന്തയില്‍ പക്വത വന്ന് കേറി... മനസ്സില്‍ കുട്ടിത്വവും... അത് തന്നെയാവും വാര്‍ദ്ധക്യത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. എന്റെ വളര്‍ച്ച നോക്കികണ്ട് ആവസാനം യാത്ര പറയുന്നതിനിടയില്‍ ‘ജീവിച്ച് കൊതി തീര്‍ന്നില്ല...’ എന്ന പരാതിയേ ലക്ഷ്മിയ്ക്ക് ഉണ്ടായിരുന്നുള്ളൂ.

സ്വാമി ഒരിക്കല്‍ പറഞ്ഞു... മനുഷ്യന്റെ ജിവിത ഘട്ടങ്ങളെ കുറിച്ച്... പല്ല് ജനിക്കാത്ത ചിരിയിലെ നിഷ്കളങ്കത മുതല്‍ പല്ലില്ലാ ചിരിയിലെ നിസ്സഹായത വരെയുള്ള യാത്ര... ഉഷസന്ധ്യയില്‍ നിന്ന് സായം സന്ധ്യയിലേക്കുള്ള സൂര്യ സഞ്ചാരം പോലെ ഉദിച്ചുയര്‍ന്ന് കത്തുന്ന ചൂടും പോള്ളുന്ന പകലുമായി ലയിച്ച് ദൂരെ അസ്തമയത്തിലേക്കുള്ള യാത്ര. ജന്മവും മരണവും ഏകാന്തത തന്നെ... പക്ഷേ ജീവിതവും ഏകാന്തതയല്ലേ... ബാല്യത്തിലെ സുഖമില്ലാത്ത അനാഥത്വത്തിന് ശേഷം സനാഥനായ ഇരുപത്തി അഞ്ച് വര്‍ഷം... വീണ്ടും അനാഥത്വത്തിലേക്ക്.

സമകാലിക യുവത്വത്തോടൊപ്പം ഓടിയെത്താവാത്ത വീഴ്ചയല്ലേ സത്യത്തില്‍ വാര്‍ദ്ധക്യം... ഈ ചാരു കസേരയ്ക്ക് വാര്‍ദ്ധക്യത്തിന്റെ തണുപ്പുണ്ട്. അരിച്ചെത്തുന്ന മരണത്തിന്റെ കിരുകിരുപ്പും. യാത്രപറയുന്ന കാഴ്ചകളില്‍ കണ്ണടച്ച് കിടന്നു... ജഗ്ജിജിദ് സിംഗ് പാടികൊണ്ടിരിക്കുന്നു... “ദുനിയാ ജിസെ കഹ് ത്തേ ഹേ.. ജാദൂ ക ഖിലൌനാ ഹെ... മില്‍ ജായെ തൊ മിഠി ഹെ... ഖൊ ജാ യെ തോ സോനാ ഹെ...“

വിഷയം ജീവിതം തന്നെ... കാഴ്ചക്കാരില്‍ വിസ്മയമാവുന്ന മാന്ത്രികപ്പാട്ടങ്ങളെ പോലെ ... ലാഭങ്ങളുടെ മൂല്യമളക്കാതെ, നഷ്ടങ്ങളുടെ മൂല്യത്തില്‍ വേവലാതിപ്പെടുന്ന മനുഷ്യ മനസ്സ്... “ “ഹര്‍ വഖത്ത് ആ രോനെ തൊ... ബേകാറ് കാ രോനാ ഹെ... “ ചിത്രാസിംഗിന്റെ ശബ്ദം അകമ്പടിയായി... ദൂരെ ഒളിച്ച് കളിക്കുന്ന ഉറക്കത്തിന്റെ ആലിംഗനത്തിനായി കാത്ത് കണ്ണടച്ച് കിടക്കുമ്പോള്‍ കണ്ണിന്റെ നീറ്റല്‍ മറന്ന് ചിരിക്കാന്‍ തോന്നി.

32 comments:

Rasheed Chalil said...

മുഖക്കുറിപ്പ്:
ഈ കുറിപ്പ് ചികഞ്ഞെടുക്കുമ്പോള്‍ ഞാന്‍ അസ്തമിച്ചിരിക്കാം... 'ചിന്ത' മാത്രം വിധിക്കപ്പെടുന്ന ജീവിത സന്ധ്യയുടെ ഓര്‍മ്മയ്ക്ക് വേണ്ടി ഇത് കുറിച്ചിടുന്നു. എന്റെ ചിതറിയ ചിന്തകള്‍...


കഥ പോലെ എന്തോ... :) ഒരു പോസ്റ്റ്.

ഇട്ടിമാളു അഗ്നിമിത്ര said...

സത്യം പറയാലൊ... എനിക്കൊന്നും മനസ്സിലായില്ല.. ഈ ഗസലൊന്നും എനിക്ക് ദഹിക്കില്ല.. :(

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്തരോ എന്തോ!!!!

അഗ്രജന്‍ said...

മുഖക്കുറിപ്പൊഴിച്ച് ബാക്കിയെല്ലാം ഏറെക്കുറെ മനസ്സിലായി എന്നു പറയാം :)

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചുകുഞ്ഞായിരുന്ന ‘സീമ’ യെ എടുത്ത് ലക്ഷ്മിയുടെ വീടിന്റെ പടി കയറിയപ്പോള്‍ അച്ഛന്‍ പുഞ്ചിരിയോടെ സ്വീകരിച്ചു... പക്ഷേ അതേ പുഞ്ചിരിയോടെ എനിക്ക് സീമയെ നേരിടാന്‍ ആവാത്തത് എന്ത് കൊണ്ടാവും...

താന്‍, താന്‍ മാത്രമാണ് ശരി എന്ന ചിന്തകൊണ്ടായിരിക്കണം... മറിച്ചു ചിന്തിക്കുന്നവര്‍ വളരെ കുറവാണെന്ന് തോന്നുന്നു!

കുഞ്ഞന്‍ said...

ഇത്തിരി മാഷെ..

ചാരുകസേരയില്‍ നാമെല്ലാവരും ഒരിക്കല്‍ തളര്‍ന്നിരിക്കേണ്ടി വരും അല്ലെ..

വാര്‍ദ്ധക്യം അത് എത്രയൊക്കെ ആക്രമിച്ചാലും ഇണയുണ്ടെങ്കില്‍ അതിനെ മറികടക്കാം അല്ലെ..

ചെറുപ്പത്തില്‍ നാം ചെയ്യുന്ന ശരികള്‍ പിന്നീട് നമുക്കു നേരെ കൊഞ്ഞനം കുത്തും അല്ലെ..

ഇത്തിരിയുടെ ഈ രചന എന്നെ അലട്ടും അല്ലെ..

രചനകളില്‍ ഇത്തിരിക്ക് മാസ്മരികത പ്രകടിപ്പിക്കാന്‍ പറ്റും അല്ലെ..

Sharu (Ansha Muneer) said...

വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലിനെ നന്നായി പറഞ്ഞിട്ടുണ്ട്. ചിലതൊക്കെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതു പോലെ തോന്നി. എങ്കിലും കഥയുടെ അര്‍ത്ഥം എന്തെന്ന് മനസ്സിലായി :)

shams said...

പ്രായം നിലപാടുകളില്‍ വരുത്തുന്ന മാറ്റവും,വാര്‍ദ്ധക്യത്തിന്റെ അനാഥത്വവും ഒക്കെ മനസ്സിലയി
പക്ഷെ അഗ്രജന്‍ പറഞ്ഞ പോലെ അങ്ങിനെ ഒരു മുഖക്കുറിപ്പ് ?

സുല്‍ |Sul said...

ഇത്തിരിയുടെ മറ്റൊരു നല്ല രചന.

കഥ പോലെ എന്തൊ ;)
-സുല്‍

സന്തോഷ്‌ കോറോത്ത് said...

വായിച്ചിട്ട് ഇഷ്ടമായ പോലെ എന്തോ ... :)

നജൂസ്‌ said...

ഇതിഷ്ടായീ... ഒരു ഗസലുപോലെ...

കണ്ണൂസ്‌ said...

വായിച്ചു. :)

ഓ:ടോ: - നിര്‍ഝരി എന്നല്ലേ എഴുതേണ്ടത് എന്നൊരു സംശയം.

Unknown said...

ഇത്തിരീ,
ഈ ചാരു കസേരയ്ക്ക് വാര്‍ദ്ധക്യത്തിന്റെ തണുപ്പുണ്ട്. അരിച്ചെത്തുന്ന മരണത്തിന്റെ കിരുകിരുപ്പും. യാത്രപറയുന്ന കാഴ്ചകളില്‍ കണ്ണടച്ച്
കിടക്കാം...

ഇന്നു ഞാന്‍ നാളെ നീ എന്ന് അനുസ്യൂതമൊഴുകുന്ന ജീവിതം..


നന്നായിരിക്കുന്നു ഈ രചനയും.

തമനു said...

ഇത്തിരീ ,

നന്നായി.

ഓടോ : കണ്ണൂസ് ... നിര്‍ദ്ദരി എന്നാല്‍ വെള്ളച്ചാട്ടം എന്നൊരു അര്‍ത്ഥമുണ്ട്.പക്ഷേ നിലയ്ക്കാത്ത പ്രവാഹം എന്ന അര്‍ത്ഥത്തില്‍ ഏറ്റവും ചേരുക നിര്‍ഝരി എന്നു തന്നെയായിരിക്കും എന്നു തോന്നുന്നു. ഉമേഷ്ജി തിരിച്ചു വന്നില്ലേ ഇതുവരെ ..?

Rasheed Chalil said...

തമനു കണ്ണൂസ് ഒത്തിരി നന്ദി... നിര്‍ദ്ദരി നിര്‍ഝരിയാക്കി.

ശ്രീ said...

ഇഷ്ടപ്പെട്ടു, മാഷേ... ഈ കഥ. ഒരിയ്ക്കല്‍ എല്ലാവര്‍ക്കും നേരിടേന്റി വരുന്ന ഒരു അവസ്ഥയല്ലേ വാര്‍ദ്ധക്യം? ആ ചിന്തകള്‍ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.

krish | കൃഷ് said...

“ലോകം യങ് ജനറേഷന് വേണ്ടിയാണെന്ന്”

അതെ കുറെ കഴിയുമ്പോള്‍ എല്ലാവര്‍ക്കും അങ്ങിനെയാ തോന്നുക.

thoufi | തൗഫി said...

സമകാലിക യുവത്വത്തോടൊപ്പം ഓടിയെത്താനാവാത്ത വീഴ്ചയല്ലേ
സത്യത്തില്‍ വാര്‍ദ്ധക്യം..?


ഈ ചോദ്യം നെഞ്ചില്‍ കൊളുത്തിവലിക്കുന്നു.

ചുളിവുകള്‍ വീണ മനസ്സിന്റെ ഗദ്ഗദം
വിലാപമായി വീണുടയുന്നുവോ..?

Areekkodan | അരീക്കോടന്‍ said...

എനിക്കൊന്നും മനസ്സിലായില്ല...

Rajeeve Chelanat said...

റഷീദ്,

ഈ കഥ മിനിഞ്ഞാന്നു വായിച്ചിരുന്നു.

എന്തോ, ഗസലിന്റെ സുഖം കഥയില്‍ കണ്ടില്ല.

നല്ല്ല ഗസലുകള്‍ തബലയുടെ ശബ്ദത്തിനൊപ്പം മാറിയും മറിഞ്ഞും അഭ്യാസിയെ പോലെ പെരുമാറാറില്ല.അവിടെ, ശ്രോതാവും ഗായകനും നേര്‍‌രേഖയില്‍ സഞ്ചരിക്കുകയും പതിവില്ല. രണ്ടും ഒന്നായി ഇല്ലാതാവുകയാണ് ചെയ്യുക (ചുരുങ്ങിയപക്ഷം എനിക്ക് അങ്ങിനെയാണ് അനുഭവപ്പെടാറുള്ളത്).

ഇവിടെ ഗസലും കഥയും ഏതൊക്കെയോ വഴികളിലൂടെ ഒരു ബന്ധവുമില്ലാതെ പോകുന്നപോലെ.

അഭിവാദ്യങ്ങളോടെ

ബഷീർ said...

ആസന്നഭാവിയിലേക്കൊരു (വാര്‍ദ്ധക്യത്തെ സ്വഗതം ചെയ്ത്‌ ) ഒരു മുന്‍ കൂര്‍ ജാമ്യമാണോ മുഖക്കുറിപ്പ്‌ ?

ഇണയുടെ നഷ്ടം . പുരുഷനെ ശരിക്കും ഒറ്റപ്പെടുത്തുക തന്നെ ചെയ്യും ( സ്ത്രീകള്‍ അയവിറക്കി കഴിഞ്ഞ്‌ കൂടും.. പുരുഷന്‍ (എല്ലാവരുമല്ല ) അടുത്ത ചില്ല യിലേക്ക്‌ ചേക്കേറും.. അല്ലേ.. ?

കുഞ്ഞന്‍ ,
വാര്‍ദ്ധക്യത്തില്‍ നമ്മെ താങ്ങാന്‍ ഒരു ചാരുകസേര ഉണ്ടായിരിക്കട്ടെ.. നമ്മുടെ സ്വന്തം ഉമ്മറത്ത്‌ ..

ബഷീർ said...

കഥ പോലെ എന്തോ... :)

വേണു venu said...

ഒരു വയസ്സന്‍ ചാരുകസേര.:)

പ്രയാസി said...

എന്തരൊലു ഭാവനു..:)

നിയാസ് said...

ആശയം കൊള്ളാം.ചിലതെല്ലാം മനസ്സിലായി.മനസ്സിലാകാത്തതില്‍
അവസാനം പറഞ്ഞ ആ മുഖക്കുറിപ്പും

Rasheed Chalil said...

വാര്‍ദ്ധക്യത്തോടൊപ്പം വരുന്ന അടുക്കും ചിട്ടയും ഇല്ലാത്ത ചിന്തകള്‍ അടുക്കില്ലാതെ അടുക്കിയതാണ് ഈ പോസ്റ്റ്. എല്ലാവര്‍ക്കും ഒത്തിരി നന്ദി.

അഭിപ്രായം അറിയിച്ച.

ഇട്ടിമാളു.
കുട്ടിച്ചാത്തന്‍.
അഗ്രജന്‍.
കുഞ്ഞന്‍.
ഷാരു.
ഷംസ്.
സുല്‍.
കോറോത്ത്.
നജൂസ്.
കണ്ണൂസ്.
പൊതുവാള്‍.
തമനു.
ശ്രീ.
കൃഷ്.
മിന്നാമിനുങ്ങ്.
അരീക്കോടന്‍.
രാജീവ്.
ബഷീര്‍.
വേണു.
പ്രയാസി.
നിയാസ്.

എല്ലാവര്‍ക്കും സ്പെഷ്യല്‍ താങ്ക്സ്...

Anonymous said...

enikku malayalathil ezhuthan pattunnilla

ചിരിപ്പൂക്കള്‍ said...

ഇത്തിരിവെട്ടം,
വളരെ വൈകിയാണ് വായിച്ചത്.
ജീവീതത്തിന്റെ സായാഹ്നങ്ങളിലേക്ക് ഒരെത്തിനോട്ടം.ഒറ്റപ്പെടുന്നവന്റെ നൊമ്പരവും, മരവിപ്പും എത്ര തീവ്രമാണ് അല്ലെ? വരികളിലൂടെ ആ വേദന നന്നായി ഫീല്‍ ചെയ്യുന്നു.

ആശംസകളോടെ.

chithrashalabam said...

ithiri..... IQBALINTEY NOTEBOOKIL NINN.................

Anonymous said...

ഇല്ലാതെ വരുമ്പോളാണ് നമ്മള്‍ അയാളെ എത്രമാത്രം ,... എത്ര അളവോളം.. സ്നേഹിച്ചിരുന്നത് ....... ഏനന് വ്യക്തമായി പറയാന്‍ താങ്കള്‍ക്ക് സാധിചിരിക്കുന്നു.....

ആര്‍ബി said...

നന്നായി..

ആദ്യമൊന്നും മനസ്സിലായിരുന്നില്ല
പിന്നെ പിന്നെ എന്തോ സംതിങ്..

ഈ ചാരു കസേരയ്ക്ക് വാര്‍ദ്ധക്യത്തിന്റെ തണുപ്പുണ്ട്. അരിച്ചെത്തുന്ന മരണത്തിന്റെ കിരുകിരുപ്പും. യാത്രപറയുന്ന കാഴ്ചകളില്‍ കണ്ണടച്ച്
കിടക്കാം...

Saheer Abdullah said...

"അവള്‍ക്ക് ഒരു കാര്യമേ നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ എന്ന് തോന്നിയിട്ടുണ്ട്.. അത് എന്റെ ഇഷ്ടമായിരുന്നു. ആ വിയോഗം ആണ് ഏറ്റവും വലിയ അനാഥത്വം..."


ഗംഭീര പോസ്റ്റ്‌!

Saheer Abdullah said...
This comment has been removed by the author.