Monday, November 13, 2006

സുവര്‍ണ്ണകാലത്തിന്റെ ഓര്‍മ്മയ്ക്...

കാലത്തിന്റെ തീരത്തെവിടെയോ നഷ്ടമായ
സുകൃതങ്ങളുടെ ഓര്‍മ്മയ്ക്ക്...

മനം കവരാന്‍...
മാനം നിറഞ്ഞ മന്ദസ്മിതവുമായെത്തിയ
ആ അമ്പിളിമാമന്റെ ഓര്‍മ്മയ്ക്‌...

കടലാസുകപ്പലിനായ്....
കറുത്തിരുണ്ട് പെയ്തുതൊഴിഞ്ഞ
ആ മഴമേഘങ്ങളുടെ ഓര്‍മ്മയ്ക്ക്‌..

നിറഞ്ഞ മനസ്സുള്ള ആതിഥേയനായ്...
പിടയുന്ന മിഴികളുള്ള പരല്‍മീനുകളെ സമ്മാനിച്ച
ആ നീര്‍ച്ചാലിന്റെ ഓര്‍മ്മയ്ക്ക്‌...

എനിക്ക് കടിച്ചീമ്പി കളയാനായി...
മധുര മാമ്പഴം കാത്ത് സൂക്ഷിച്ച
ആ മാമ്പഴക്കാലത്തിന്റെ ഓര്‍മ്മയ്ക്‌..

ചൂണ്ടയുമായെത്തുന്ന എനിക്കായ്
നറും ചൂടുമായി കാത്തിരുന്നിരുന്ന
തോട്ടുവരമ്പിന്റെ ഓര്‍മ്മയ്ക്‌..

എന്റെ കണ്ണുകളിലെ സന്തോഷത്തിനായ്
ചൂണ്ടയില്‍ പിടഞ്ഞ് ജന്മം ഹോമിച്ച
ഞാഞ്ഞൂലുകളുടെ ഓര്‍മ്മയ്ക്ക്...


വായില്‍ തറഞ്ഞ ചൂണ്ടകൊളുത്തിലെ
നനഞ്ഞ മിഴികളായ് എന്നെ വേട്ടാ‍യാടിയിരുന്ന
പരല്‍മീനുകളുടെ ഓര്‍മ്മയ്ക്ക്‌...


എല്ലാത്തിനും സാക്ഷിയായ ഓര്‍മ്മയ്ക്കു മുമ്പില്‍
ഒരു നിമിഷം...

ഗതകാല സുകൃതങ്ങളുടെ നിറം മങ്ങാത്ത
ഒരുപിടി ഓര്‍മ്മകളുമായി...

എങ്കിലും..

കാലം കവര്‍ന്ന സുവര്‍ണ്ണകാലമേ
നിന്നിലേക്ക്‌ മടങ്ങിവരാനായെങ്കില്‍...
ആവില്ലന്നറിയാമെങ്കിലും
ആഗ്രഹിച്ചു പോയീ ഞാന്‍.

23 comments:

മുസ്തഫ|musthapha said...

"വായില്‍ തറഞ്ഞ ചൂണ്ടകൊളുത്തിലെ
നനഞ്ഞ മിഴികളായ് എന്നെ വേട്ടാ‍യാടിയിരുന്ന
പരല്‍മീനുകളുടെ ഓര്‍മ്മയ്ക്ക്‌..."

ആ മീനുകളുടെ നോട്ടം എന്‍റെ നെഞ്ചിലും നോവുണര്‍ത്തുന്നു.

നന്നായിരിക്കുന്നു ഇത്തിരീ.


ഒ.ടോ: വാചാലമായ മൌനത്തിനും പോക്കരിനും മലബാര്‍ ചിക്കന്‍ ബിരിയാണിക്കുമിടയില്‍ ഇങ്ങിനെ ഒന്നുകൂടെ ഒളിഞ്ഞിരിപ്പുണ്ടോ.

സുല്‍ |Sul said...

"എനിക്ക് കടിച്ചീമ്പി കളയാനായി...
മധുര മാമ്പഴം കാത്ത് സൂക്ഷിച്ച
ആ മാമ്പഴക്കാലത്തിന്റെ ഓര്‍മ്മയ്ക്‌.."

ഓര്‍മ്മകളില്‍ ഓര്‍മ്മകള്‍ക്കെന്നും വസന്തം അല്ലേ ഇത്തിരി. ഇഷടമായി ഇത്തിരിയുടെ ഈ കവിത.

നഷ്ടപ്പെടുന്ന പൂക്കാലങ്ങള്‍ക്ക്.

-സുല്‍

ചന്ദ്രസേനന്‍ said...

“കടലാസുകപ്പലിനായ്....
കറുത്തിരുണ്ട് പെയ്തുതൊഴിഞ്ഞ
ആ മഴമേഘങ്ങളുടെ ഓര്‍മ്മയ്ക്ക്‌..“

ഈ വരികള്‍ എന്റെ ഹൃദത്തില്‍ ഉരുണ്ട്കൂടി മെയ്യിലും മനസ്സിലും മണ്ണിലും മഴ പൊഴിയിച്ചൊ എന്നൊരു സംശയം...ഞാന്‍ ഒന്നു പുറത്തുപോയ് നോക്കിട്ടുവരാം...ചിലപ്പോള്‍ പെയ്യുന്നുണെട്ങ്കിലോ..

സത്യം..നഷട്ബോധങ്ങളുടെ കാലെപിടിച്ച് താഴത്തടിക്കാന്‍ തോന്നുന്നു ഇത്തിരിചേട്ടാ...

thoufi | തൗഫി said...

ഇത്തിരീ..നന്നായി ട്ടൊ
പാടത്തെ ചേറുമണ്ണില്‍നിന്ന് ഞാഞ്ഞൂളിനെ പിടിച്ച്‌ ചൂണ്ടയില്‍കൊളുത്തി മണിക്കൂറുകളോളം തോട്ടുവരമ്പത്തിരുന്ന് പരല്‍മീനുകളെ കാത്തിരുന്ന ആ നല്ല നാളുകളെ ഓര്‍ത്തുപോയി

ഒ.ടോ-1):അപ്പൊ,കവിതയുമായി.ഇനിയൊരു ലേഖനമായിക്കോട്ടെ.
ഓ.ടോ-2):ഒരു നാട്ടീപ്പോക്കിന്റെ മണമടിക്കുന്നുണ്ടല്ലോ.മനസ്സ്‌ മാറാക്കരയില്‍ ലാന്റ്‌ ചെയ്തല്ലേ..?

Anonymous said...

ഓര്‍മ്മച്ചെപ്പ് തുറന്ന്
മധുരനൊമ്പരമണികള്‍ കോര്‍ത്ത്
അഴകേറിയൊരു കവിതമാല
ബൂലോകര്‍ക്കേകിയ ഇത്തിരിക്ക്
ഒത്തിരി നന്ദി. :)

Unknown said...

അഗ്രജേട്ടന്‍ പറഞ്ഞ ആ മീനുകളുടെ നോട്ടം എനിയ്ക്കും ഇഷ്ടമായി. :-)

ഏറനാടന്‍ said...

ഇത്തിരിമാഷ്‌ ഒരു പ്രതിഭാസമാണല്ലോ. കവിതയും വശം. ഇനിയെന്താണ്‌ ഇല്ലാത്തതെന്ന് മാത്രം നോക്കിയാല്‍ മതി.

ശിശു said...


"കാലം കവര്‍ന്ന സുവര്‍ണ്ണകാലമേ
നിന്നിലേക്ക്‌ മടങ്ങിവരാനായെങ്കില്‍...
ആവില്ലന്നറിയാമെങ്കിലും
ആഗ്രഹിച്ചു പോയീ ഞാന്‍".


"വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം"

asdfasdf asfdasdf said...

ചൂണ്ടയുമായെത്തുന്ന എനിക്കായ്
നറും ചൂടുമായി കാത്തിരുന്നിരുന്ന
തോട്ടുവരമ്പിന്റെ ഓര്‍മ്മയ്ക്‌..
കവിത ഇഷ്ടമായി.(ഒടോ. തോട്ടുവരമ്പിന്റെ കാര്യം കട്ടപ്പൊക.. :))

ലിഡിയ said...

ഇത്തിരീ നാട്ടില്‍ പോക്കിന്റെ മണമാണോ??

-പാര്‍വതി.

കുറുമാന്‍ said...

കാലം കവര്‍ന്ന സുവര്‍ണ്ണകാലമേ
നിന്നിലേക്ക്‌ മടങ്ങിവരാനായെങ്കില്‍...

എല്ലാവരും കൊതിച്ചുകൊണ്ടിരിക്കുന്നു ഇത്തിരീ, ആ പഴയ കാലത്തിലേക്ക് മടങ്ങിപോകാനായെങ്കിലെന്ന്. പക്ഷെ, ഓര്‍മ്മകളില്‍ മുങ്ങാം കുഴിയിട്ട് നടക്കാം എന്നല്ലാതെ ഇനിയൊരു മടങ്ങിപോക്ക് സാദ്യമല്ല എന്നറിയുമ്പോഴും നാം വെറുതെ ആശിക്കുന്നു അല്ലെ?

അതുല്യ said...

കുറുമാനേ. മൊബൈല്‍ അപ്പീസിലേയ്ക്‌ റ്റോര്‍ച്ചായിട്ടാണോ കൊണ്ട്‌ പോകാറു? അല്ലാ, ചുണ്ണാമ്പോ? വിളിച്ചാ കിട്ടിയിലെങ്കില്‍ പിന്നെ എന്ത്‌ മോബൈലു?

ഇത്തിരിയേ ഓഫിനു ഏഴേകാല്‍ കിലോ മാപ്പ്‌.

അഹമീദ് said...

കവിതയുടെ വെട്ടമടിക്കുന്നുണ്ട്...ഇത്തിരിയല്ല്.. ഒത്തിരി..

വല്യമ്മായി said...

തിരിച്ചു നടക്കാനാകാത്ത യാത്രയില്‍ ഓര്‍മ്മകളെങ്കിലും കൂട്ടിനുണ്ടല്ലോ എന്നാശ്വസിക്കാം

Rasheed Chalil said...

അഗ്രജാ നന്ദി, വെറുതെ എഴുതിയതാ... ഇതിന്റെ നിലവാരത്തെ കുറിച്ച്‌ ഞാന്‍ നല്ല ബോധവാനാണ്‌.

സുല്‍ നന്ദി കെട്ടോ, അതെ നല്ല ഓര്‍മ്മകള്‍ക്ക്‌ ഒത്തിരി സന്തോഷിപ്പിക്കാനാവും.

ചന്ത്രൂ നന്ദി. ഹ ഹ ഹ

മിന്നാമിങ്ങേ നന്ദി. ഹ ഹ ഹ, നാട്ടിലെൊന്ന് പോണം.

തനിമ ഒത്തിരി നന്ദി.

ദില്‍ബാ നന്ദി കെട്ടോ.

ഏറനാടന്‍ മാഷേ നല്ല വാക്കുകള്‍ക്ക്‌ നന്ദി.

ശിശൂ നന്ദി. പലതും മോഹങ്ങള്‍ മാത്രമാണെന്ന് മനസ്സിലാവുന്നു.

മേനോന്‍ജീ... നന്ദി. ഹ ഹ ഹ

പാര്‍വതീ ഒന്ന് പോവണം എന്ന് കരുതുന്നു. ഈ മാസം അവസാനം.

കുറുജീ നന്ദി കെട്ടോ.

അതുല്യചേച്ചീ (കുറുക്കനതുല്യ എന്ന് വിളിക്കാന്‍ ഒരു മടി) ഹ ഹ ഹ നണ്ട്രി.

അഹ്‌മീദ്, വല്ല്യമ്മായി നന്ദി കെട്ടോ.

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

വാളൂരാന്‍ said...

അയ്യയ്യോ, നന്ദിപ്രകടനവും കഴിഞ്ഞു പോയോ... ദാ ഒരെണ്ണംകൂടിയുണ്ടേ....
ഇത്തിരിയുടെ കവിതകൂടിയേ വായിക്കാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ, ഇപ്പോ അതുമായി. കവിത നാട്ടിലെത്തിച്ചു ഇത്തിരീ.....

മേഘമല്‍ഹാര്‍(സുധീര്‍) said...

നന്നായിട്ടുണ്ട്‌.

എന്റെ ബ്ലോഗും നോക്കുക. http://mekhamalhaar.blogspot.com

കരീം മാഷ്‌ said...

വെറുതെയീ മോഹങ്ങളെന്നറിയുമെങ്കിലും
വെറുതെ മോഹിക്കുവാന്‍ മോഹം.

അലിഫ് /alif said...

വായിക്കാന്‍ ഇത്തിരി വൈകി ഇത്തിരീ. (യാത്രയില്‍)
സുവര്‍ണ്ണകാലത്തിന്റ്റെ ഓര്‍മ്മചെപ്പില്‍ നിന്നും ഒരുപാടോര്‍മ്മകളുണര്‍ത്തിയ ലളിതമായ വാക്കുകള്‍, വരികള്‍, ഒരു പാടിഷ്ടമായി.

Rasheed Chalil said...

മുരളി, നിറം, മേഘമല്‍ഹാര്‍, കരീം മാഷ്, അലിഫ് എല്ലാവര്‍ക്കും ഒത്തിരി നന്ദി

mydailypassiveincome said...

ഇത്തിരീ, ഓര്‍മ്മകള്‍ ഒത്തിരി ഇഷ്ടമായി.

“എനിക്ക് കടിച്ചീമ്പി കളയാനായി...
മധുര മാമ്പഴം കാത്ത് സൂക്ഷിച്ച
ആ മാമ്പഴക്കാലത്തിന്റെ ഓര്‍മ്മയ്ക്‌..“

ഒരു 25 മാവുകളെങ്കിലും ഉണ്ടായിരുന്നു ഞങ്ങളുടെ പറമ്പില്‍. എല്ലാം പലതരം മാമ്പഴങ്ങള്‍. മാമ്പഴം പിറക്കിനടന്നപ്പോള്‍ ഞങ്ങള്‍ 3 പേര്‍ക്ക് ഇടിമിന്നലേറ്റത് എല്ലാം ഓര്‍മ്മയിലെത്തി. ;)

ഒരു ദീര്‍ഘനിശ്വാ‍സം വിടട്ടെ...

Rasheed Chalil said...

മഴത്തുള്ളിമാഷേ നന്ദി.

Anonymous said...

I like the simple poem very much.KEEP IT UP ALL THE BEST.