Monday, October 20, 2008

നിറം മങ്ങാതെ...

രണ്ടാം ക്ലാസ്സിലെ സുവര്‍ണ്ണ കാലം... ആദ്യത്തെ രണ്ട് ‘പിരീഡ്’ കഴിഞ്ഞുള്ള ഇന്റര്‍വെല്‍... ക്ലാസിനകത്ത് ഓടിക്കളിക്കുന്നതിനിടയില്‍ കാലൊടിഞ്ഞ ബെഞ്ചില്‍ സഹപാഠിയായ നാസര്‍ ഓടിക്കയറി... മുമ്പേ കാലിളകിയിരുന്ന ബെഞ്ച് എന്റെ കാലിലേക്ക് വീണത് പെട്ടന്നായിരുന്നു. അലറിക്കരഞ്ഞ എന്നെ കോരിയെടുത്ത് ഓഫീസിലെത്തിച്ചത് ശ്യാമളട്ടീച്ചറും... ബെഞ്ചിലിരുത്തി “ന്താ കുട്ട്യേ ഇത്... ക്ലാസ്സില്‍ ഓടിക്കളിക്കരുതെന്ന് എത്ര തവണ പറഞ്ഞതാ ഞാന്‍ ... സാരല്യാ... ഒരു ചെറിയ മുറിവേ പറ്റിയിട്ടുള്ളു... കരയണ്ടാ ട്ടോ...‘ എന്ന് ആശ്വസിപ്പിക്കുമ്പോള്‍ കണ്ണീരിനിടയിലൂടെ കണ്ട, അവരുടെ കണ്ണിലെ സ്നേഹനീര് ഇന്നും മറന്നിട്ടില്ല. അന്ന് പൊട്ടിക്കീറിയ വലതു കാലിലെ തള്ളവിരല്‍ ആ വേദന മറന്നെങ്കിലും...

മുറിവില്‍ ശീല ചുറ്റി കുടിക്കാന്‍ ഒരു ഗ്ലാസ്സ് വെള്ളം തന്ന്, വീട്ടിലേക്ക് ആളയച്ചപ്പോള്‍ മനസ്സില്‍ വേദനയെക്കാളും വീട്ടുകാരെ എങ്ങനെ അഭിമുഖീകരിക്കും എന്ന ഭയമായിരുന്നു. ഉമ്മയും ദേവകിയമ്മയും കൂടി സ്ക്കൂളില്‍ ഓടിയെത്തി. പിന്നെ ഒരു സ്വകാര്യ ക്ലീനിക്കിലേക്ക്.. യാതൊരു ദാക്ഷിണ്യവുമില്ലാതെ പാതി പൊളിഞ്ഞ നഖം പിഴുതെടുക്കുമ്പോള്‍ ഞാന്‍ കരഞ്ഞു... മരുന്ന് വെച്ച് കെട്ടി തിരിച്ചിറങ്ങുമ്പോഴും എന്റെ കരച്ചില്‍ മാറിയിരുന്നില്ല... അവസാനം നന്നാരി സര്‍ബത്തും കറുത്ത ചക്രത്തില്‍ ഉരുളുന്ന പ്ലാസ്റ്റിക് തത്തയേയും വാങ്ങിച്ചുതന്നാണ് എന്റെ തേങ്ങലൊതുക്കിയത്.

ആടിയുലഞ്ഞ് നീങ്ങുന്ന ബസ്സും, വളവുകള്‍ വീശിയൊടിച്ച് ഇടയ്ക്കിടേ ഗിയര്‍ മാറ്റി ഹോണ്‍ നീട്ടിയടിച്ച് അത് നിയന്ത്രിക്കുന്ന ഡ്രൈവറും അന്ന് അത്ഭുതമായിരുന്നു. അത് കൊണ്ട് തന്നെ ആ നിയന്ത്രണത്തിന്റെ ഓരോ നിമിഷവും മനസ്സില്‍ പകര്‍ത്താന്‍ ഡ്രൈവറുടെ ഇടതുവശത്തെ മരപ്പെട്ടി സീറ്റായിരുന്നു എനിക്ക് ഇഷ്ടം. നീണ്ട് പോവുന്ന റോഡും ഓടിമറയുന്ന റോഡിലെ വെളുത്ത വരകളും ഡ്രൈവറുടെ തത്രപ്പാടുകളും ശ്രദ്ധിച്ചിരുക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. കക്ഷത്തില്‍ അമര്‍ത്തിയ മരക്കാലില്‍ ബലം കൊടുത്ത് വേച്ച് വേച്ച് നിങ്ങുന്ന എന്റെ സമപ്രായക്കാരന്‍ ‍. അവന് മുമ്പില്‍ ഉരുളുന്ന ഉരല്‍... അതിന്റെ ഇരുവശത്ത് നിന്നും പുറപ്പെട്ട കയറുകള്‍ ഒന്ന് ചേരുന്നിടത്ത് ഒരു സ്ത്രീ... അവര്‍ ആ കയര്‍ വയറിനോട് ബന്ധിച്ച് ശരീരം മുന്നൊട്ട് ആഞ്ഞ് കഷ്ടപ്പെട്ട് നടക്കുന്നു... അവരുടെ ഏതാനും വാര മുമ്പില്‍ തോളില്‍ ഒരു സഞ്ചിയുമായി ഒരു ഷര്‍ട്ടിടാത്ത ഒരു പുരുഷന്‍ ‍... അദ്ദേഹത്തിന്റെ പിന്നിലും ഒരു ഉരല്‍ ഉരുളുന്നുണ്ട്.

കത്തുന്ന റോഡിലൂടെ നഗ്നപാദരായി നടക്കുന്ന ‘അവരുടെ കാലുകള്‍ പൊള്ളില്ലേ‘ എന്നായിരുന്നു എന്റെ ആദ്യ ചിന്ത. കാരണം അവരെ കാണുന്നതിന് കുറച്ച് മുമ്പ്, ബസ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസ്സിന്റെ ടയറില്‍ കൈവെച്ച് പൊള്ളിയപ്പോള്‍ ഞാന്‍ അന്വേഷിച്ചിരുന്നു... “എന്താ ഈ ചക്രം ഇത്രചൂടെന്ന്..“ അതിന് ‘വെയില് കൊണ്ട് ചൂടായ റോഡിലൂടെ ഉരുളുന്നത് കൊണ്ടാണെന്ന് ഒരു മറുപടിയും കിട്ടി.. റോഡിന്റെ ചൂട് അളക്കാന്‍ അപ്പോള്‍ തന്നെ ചെരുപ്പില്‍ നിന്ന് കാലെടുത്ത് റോഡില്‍ വെച്ച് നോക്കുകയും ചെയ്തു... ബസ്സ് നീങ്ങുമ്പോള്‍ പിന്നില്‍ മറഞ്ഞ ആ കുടുബത്തെ പിന്തിരിഞ്ഞ് നോക്കി ഞാന്‍ ഉമ്മയൊട് അന്വേഷിച്ചു ... ‘ചെരുപ്പ് ഇടാതെ നടന്നാല്‍ അവരുടെ കാല് പൊള്ളില്ലേ...’

ഒന്ന് കൂടി ചേര്‍ത്തിയിരുത്തി ഉമ്മ പറഞ്ഞു.. “പിന്നെ... അവരുടെ കാലും പൊള്ളും”

“പിന്നെ എങ്ങനെയാ അവര്‍ നടക്കുന്നത്..” ഏഴ് വയസ്സുകാരന്റെ സംശയം.

“അവര്‍ക്ക് ആ ഉരല്‍ വിറ്റാലല്ലേ പൈസ കിട്ടൂ... അങ്ങനെ പൈസ കിട്ടിയാലല്ലേ അരിവാങ്ങാന്‍ പറ്റൂ... അരി വാങ്ങിയല്ലല്ലേ കഞ്ഞി വെക്കാന്‍ പറ്റൂ...” അവരുടെ വീട്, ഭക്ഷണം, ജീവിതം, ആ കുട്ടിയുടെ വിദ്യാഭ്യാസം അങ്ങനെ എന്റെ സംശയങ്ങള്‍ പിന്നേയും നീണ്ട് പോയെങ്കിലും, ചുട്ട് പഴുത്ത നാഷണല്‍ ഹൈവേയിലൂടെ നഗ്നപാദരായി നിങ്ങുന്ന ആ കുടുബച്ചിത്രം മനസ്സില്‍ എന്നന്നേക്കുമായി പതിഞ്ഞിരുന്നു.

കാലിലെ മുറിവ് കാരണം കളിക്കാന്‍ വിടാത്ത വിഷമത്തിലിരിക്കുമ്പോഴാണ് ആരോ ഉച്ചത്തില്‍ വിളിച്ച് പറയുന്നത് കേട്ടത്. പുറത്ത് അതേ കുടുംബം... ഒരു ഉരല്‍ വിറ്റിരിക്കുന്നു... ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു “ഉമ്മാ... അവര്..,” എന്റെ ശബ്ദം കേട്ടിട്ടാവണം, ആ കുടുബനാഥന്‍ കവിളില്‍ തട്ടി. അകത്ത് നിന്ന് വന്ന ഉമ്മ അവരോട് ആദ്യം ചോദിച്ചത് നിങ്ങള്‍ വല്ലതും കഴിച്ചോ എന്നായിരുന്നു. കൊടുത്ത ഭക്ഷണം ആര്‍ത്തിയോടെ കഴിച്ച് വിശ്രമിക്കുമ്പോള്‍ എന്റെ സമപ്രായക്കാരനായ ചിന്നന്‍ കൂട്ട് കൂടാന്‍ വന്നു... ആ ഒറ്റദിവസം കൊണ്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.. അവരെ ‘ലക്ഷ്മി’ എന്ന് വിളിച്ച എനിക്ക് ഇനി മേലാല്‍ ‘ലക്ഷ്മിയമ്മ‘ എന്നേ വിളിക്കാവൂ എന്ന് ശാസന കിട്ടി.

പിന്നീട് എപ്പോള്‍ കച്ചവടത്തിന് വരുമ്പോഴും അവര്‍ വീട്ടിലെത്തുമായിരുന്നു. അപ്പോഴൊക്കെ പച്ചക്കറി വിത്തുകളോ മറ്റോ സമ്മാനമായി കൊണ്ട് വരും... ഭക്ഷണം കഴിച്ച് കുറേ സംസാരിച്ചിരുന്നേ പോവുമായിരുന്നുള്ളൂ‍... അതിനിടയില്‍ പച്ചോല കൊണ്ട് തത്തയുണ്ടാക്കാനും, ഓലമടല്‍ കൊണ്ട് വിമാനമുണ്ടാക്കാനും ചിന്നന്റെ അച്ഛന്‍ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ പേര് രാമന്‍ എന്നായിരുന്നു... ഭാര്യ ലക്ഷ്മിയും.. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയ ആ കുടുംബ കഥ... പലപ്പോഴായി അവര്‍ പറഞ്ഞ് തീര്‍ത്തു... സാധാരണ തെരുവിന്റെ മക്കള്‍ക്ക് പറയാനുള്ളതില്‍ കൂടുതലൊന്നും ഇല്ലാത്ത ഒരു ജീവിതം.

മദ്യം തകര്‍ത്ത ദരിദ്ര കുടുബമായിരുന്നു ലക്ഷ്മിയമ്മയുടേത്. ചെറുപ്പത്തില്‍ അച്ഛന്‍ മരിച്ചു. അമ്മ വേറെ വിവാഹം കഴിച്ചു... നല്ലൊരു മദ്യപാനി ആയിരുന്ന രണ്ടാനച്ഛന്റെ ദ്രോഹം അസഹ്യമായിരുന്നു. വിദ്യഭ്യാസം വട്ടപ്പുജ്യം... അങ്ങനെ വിവാഹം ചെയ്തയച്ചു... അമ്മയുടേ ദുരന്തം അവരേയും വേട്ടയാടി. ഭര്‍ത്താവ് മരിച്ചു, പിന്നീട് ആണ് രാമേട്ടന്‍ അവരുടെ ജീവിതത്തിലേക്ക് കടന്ന് വന്നത്. അദ്ദേഹവും അതേ കഥയുടെ തുടര്‍ച്ചക്കാരന്‍ .

ഉരലുമായി ഇറങ്ങുന്ന ദിവസങ്ങളില്‍ ഉച്ചയ്ക്ക് മുമ്പ് അത് വിറ്റ് കാശാക്കി ആ കുടുബം വീട്ടിലെത്തുമായിരുന്നു. വെറ്റില മുറിക്കി അവരുടെ കഥകള്‍ പറഞ്ഞ് ലക്ഷ്മിയമ്മ അകത്ത് കൂടുമ്പോള്‍ രാമേട്ടന്‍ അല്ലറച്ചില്ലറ പുറം പണിയൊക്കെ ചെയ്യും. തിരിച്ച് പോവുമ്പോള്‍ കഴിക്കാനുള്ള ചേമ്പോ കപ്പയോ മറ്റെന്തങ്കിലുമോ പെറുക്കി കെട്ടും. കിട്ടുന്ന ചില്ലറ പോക്കറ്റില്‍ തിരുകി തിരിച്ചിറങ്ങുമ്പോള്‍ ഇനി വരുമ്പോള്‍ എന്തെങ്കിലും കൊണ്ട് വരണോ എന്നൊരു ചോദ്യമുണ്ട്. ഞാനും ചിന്നനും വളര്‍ന്നെങ്കിലും അവരുടെ സന്ദര്‍ശനം നിലച്ചില്ല.

ആ സന്ദര്‍ശങ്ങളിലെല്ലാം പറഞ്ഞാല്‍ തീരാത്ത അവരുടെ ജീവിത കഥയുണ്ടായിരുന്നു. അങ്ങനെ ഒരു കഥയായാണ് ചിന്നന്‍ അവരുടെ ജീവിതത്തിലേക്ക് കടന്ന് വന്നത്. തെരുവില്‍ നിന്ന് തനെന്‍ അവരുടെ ജിവിതത്തിലെത്തിയ ബാലന്‍ . തമിഴ് നാട്ടില്‍ പോയി തിരിച്ച് കേരളത്തിലേക്ക് ബസ്സ് കയറാന്‍ സമയത്ത് വഴിയരികില്‍ നിന്ന് കിട്ടിയതാണെത്രെ ചിന്നനെ. ഒരു കാലില്‍ തളര്‍വാതവുമായി അവരോടൊപ്പം ചാടിച്ചാടി നടക്കാറുള്ള അവന്റെ മുഖത്ത് അനാഥത്വത്തിന്റെ ലാഞ്ജന പോലും ഉണ്ടാവാന്‍ ആ അമ്മയും അച്ഛനും അനുവദിക്കില്ലായിരുന്നു.

ഇടയ്ക്കെപ്പോഴോ രാമേട്ടന്‍ കിടപ്പിലായി... ലക്ഷ്മിയമ്മ ഉരല്‍ വ്യാപാരം നിര്‍ത്തി മണ്‍ചട്ടി വില്പനയാക്കി... അമ്മയെ സഹായിക്കാന്‍ ചിന്നന്‍ കൂടെ ഉണ്ടാവുമായിരുന്നു... മണ്‍പാത്രവുമായി വീട്ടില്‍ വരുമ്പോഴൊക്കെ അവര്‍ പതം പറഞ്ഞ് കരയുമായിരുന്നു. രമേട്ടന്റെ അസുഖം തന്നെയായിരുന്നു പ്രധാന പ്രശ്നം. ചികിത്സിക്കാന്‍ പണമില്ലാത്ത അവസ്ഥ. ഇരു കണ്ണുകളും നിറഞ്ഞൊഴുകി കഞ്ഞി പാത്രത്തിന്റെ മുമ്പില്‍ തല താഴ്ത്തിയിരിക്കുന്ന അവരുടെ രൂപം മറക്കാവുന്നതല്ല. രാമേട്ടന്റെ മരണത്തോടെ അവരെ വളരെ പെട്ടന്ന് വാര്‍ദ്ധക്യം പിടി കൂടി. കച്ചവടം നിര്‍ത്തി.. പിന്നെ ഇടയ്ക്ക് എപ്പോഴെങ്കിലും സന്ദര്‍ശനത്തിന് എത്തുമായിരുന്നു. ഒരു ദിവസം വൈകീട്ട് വീട്ടിലെത്തി.. അന്ന് രാത്രി വീട്ടില്‍ താമസിച്ച് പിറ്റേന്നാണ് അവര്‍ തിരിച്ച് പോയത്. പിന്നീടെപ്പോഴോ ആ ബന്ധം അറ്റുപോയി.

എന്റെ വിവാഹ ദിവസം യാദൃച്ഛികമായി അവരെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാം വലിയ സന്തോഷവുമായിരുന്നു... കല്ല്യാണത്തിരക്ക് തീര്‍ന്ന് വൈകീട്ട് പോവാന്‍ സമയം കൈകളില്‍ മടക്കിയ കറന്‍സിയുമായി അടുത്തെക്ക് ചെല്ലുമ്പോള്‍ ആ അമ്മ ‘ഇനി വരാന്‍ കഴിയുമോ ആവോ... തീരെ വായ്യതായിരിക്കുന്നു’ എന്ന് മുറി തമിഴില്‍ പറഞ്ഞു.. “ചികിത്സിക്കണം... ബുദ്ധിമുട്ടുമ്പോള്‍ ചിന്നനെ അയക്കൂ.. കഴിയുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യാം.. ‘ എന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു... അത് അവരുടെ അവസാന യാത്രപറയലായിരുന്നു എന്നറിഞ്ഞത് പിന്നേയും മാസങ്ങള്‍ കഴിഞ്ഞാണ്.

ലക്ഷ്മിയമ്മ പോയ ശേഷവും ചിന്നന്‍ ഇടയ്ക്ക് വരാറുണ്ടായിരുന്നു... വരുമ്പോള്‍ വീട്ടിലെ കുട്ടികള്‍ക്ക് എന്തെങ്കിലും കൊണ്ടുവരും... വന്നാല്‍ വീട്ടില്‍ നിന്ന് എന്തെങ്കിലും കഴിച്ചേ പോവൂ... ലക്ഷ്മിയമ്മ മരണത്തിന് മുമ്പ് അത് പ്രത്യേകം പറഞ്ഞിരുന്നെത്രെ. കഴിഞ്ഞ വേക്കേഷന്‍ സമയത്തും പതിവ് പോലെ അവന്‍ വീട്ടിലെത്തി... ഒരുപാട് സംസാരിച്ചിരുന്നു.. ഇപ്പോള്‍ ലോട്ടറി വില്പനയാണ് തൊഴില്‍... വല്യ കുഴപ്പമില്ലാത്ത വരുമാനം ഉണ്ട്... ഇനി ഒരു കുടുംബമെല്ലാം വേണം.. ചെറിയ ഒരു പെട്ടി കട തുടങ്ങാന്‍ പദ്ധതിയുണ്ട്... ടൌണില്‍ ഒന്ന് കണ്ട് വെച്ചിട്ടുണ്ട്... നിങ്ങള്‍ ഇനി വരുമ്പോള്‍ ഞാന്‍ അവിടെയായിരിക്കും... പിന്നെ ഈ നാട്ടില്‍ തന്നെ ഒരു വീടിനുള്ള സ്ഥലം വാങ്ങണം... ഒത്തിരി സ്വപ്നങ്ങള്‍... ഒരു പാട് ആഗ്രഹങ്ങള്‍‍... എല്ലാം കഴിഞ്ഞ് പിരിയുമ്പോള്‍ “ഇപ്പോള്‍ വരുമാനമൊക്കെയുണ്ട്.... അത് കൊണ്ട് എനിക്ക് പൈസ ഒന്നും തന്നേക്കരുത്... ഞാന്‍ നിങ്ങളെയൊക്കെ കാണാന്‍ മാത്രം വന്നതാ.. ” എന്ന് തീര്‍ത്തു പറഞ്ഞു.

“എടാ നമ്മുടെ ചിന്നന്‍ മരിച്ചു... “ എന്ന് ഇടറിയ ശബ്ദത്തില്‍ ഉമ്മ പറഞ്ഞപ്പോള്‍, അരുതാത്തത് കേട്ടപോലെ ഫോണ്‍ കട്ട് ചെയ്തു. എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ... സംസാരിക്കാന്‍ ഒന്നും ഇല്ലാത്ത പോലെ... ആ ശൂന്യത ഇത്തിരി ശമിച്ച ശേഷമാണ് വീണ്ടും വീട്ടിലേക്ക് വിളിച്ചത്... രാത്രിയില്‍ ഏതോ വാഹനം ഇടിച്ചിട്ട് പോവുകയായിരുന്നെത്രെ. കുറെ കഴിഞ്ഞാണ് ആളുകളറിഞ്ഞത്... അപ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നു... ഏതോ ഡ്രൈവറുടെ അശ്രദ്ധയുടെ താളം ആ മോഹങ്ങളുടെ മരണതാളമായി. നാട്ടിലെത്തുമ്പോള്‍ കൂട്ടിനെത്താറുള്ള ഭൂതകാലത്തിലെ നിറമുള്ള ഓര്‍മ്മകളില്‍ ഒന്നും കൂടെ മറ്റൊരു ഓര്‍മ്മയാവുന്നു.

40 comments:

ഇത്തിരിവെട്ടം said...

ഒരു കുറിപ്പ്...

സുല്‍ |Sul said...

ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു ശൂന്യത എന്നെയും വലയം ചെയ്തു.

ഇത്തിരീ നല്ല കുറിപ്പ്.

ചിന്നന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ.

-സുല്‍

കിലുക്കാംപെട്ടി said...

ചിന്നന്റെ ആത്മാവിനു വേണ്ടി പ്രാര്‍ഥിക്കുന്നു.
നാടും,ഓര്‍മ്മകളും, സന്തോഷങ്ങളും വേദനകളും എല്ലാം നിറഞ്ഞ് നല്ല ഒരു പോസ്റ്റ്.വായിച്ചു കഴിഞ്ഞപ്പോള്‍ സുല്‍ പറഞ്ഞതു പോലെ വല്ലാത്ത ഒരു ശൂന്യതയോ, വെദനയോ എന്തൊക്കേയോ.. ഇത്തിരിവെട്ടത്തിന്റെ ആ വേദന എന്നെയും വേദനിപ്പിച്ചു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരു നൊമ്പരക്കുറിപ്പ്.....

കാസിം തങ്ങള്‍ said...

ഇത്തിരീ , ഹൃദ്യമായ ബന്ധത്തിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ ഒരു നോവായി പടര്‍ന്നുകയറുന്നത് പോലെ.

Sarija N S said...

വല്ലാത്തൊരു ശൂന്യത നല്‍കി ഈ അക്ഷരങ്ങള്‍ എന്നോട് കഥ പറഞ്ഞ് തീര്‍ത്തു

നന്ദകുമാര്‍ said...

പറഞ്ഞറിയിക്കാനാകാത്ത എന്തോ ഒന്ന് എന്നെ വലയം ചെയ്യുന്നു ഇത് വായിച്ചു കഴിഞ്ഞപ്പോള്‍... ഒന്നും പറയാന്‍ വയ്യാതാവുന്നു...

മഴത്തുള്ളി said...

ഇത്തിരീ,

തോളത്തു ഘനം തൂങ്ങും വണ്ടിതന്‍ തണ്ടും പേറി
കാളകള്‍ മന്ദം മന്ദം ഇഴഞ്ഞൂ നീങ്ങീടുന്നു
“മറ്റൊരു വണ്ടിക്കാള മാനുഷാകാരം പൂണ്ടി-
ട്ടറ്റത്തു വണ്ടിക്കയ്യിലിരിപ്പൂ കൂനിക്കൂടി”

പെട്ടെന്ന് ഈ വരികള്‍ ആണ് ഓര്‍മ്മ വന്നത്. ജീവിതം മുഴുവന്‍ അദ്ധ്വാനിച്ചു തള്ളിനീക്കുന്ന പാവങ്ങള്‍. അവരുടെ കഷ്ടപ്പാടുകള്‍,കുടുംബത്തിലെ ഓരോ അംഗങ്ങളുടേയും മരണം. വേദനകള്‍ നിറഞ്ഞ അവരുടേ ജീവിതത്തില്‍ ആകെ ഉണ്ടായിരുന്ന കണ്ണികൂടി പൊലിഞ്ഞപ്പോള്‍ മനസ്സിലുണ്ടായ ആ ശൂന്യത സ്വാഭാവികം മാത്രം.

ഇത്തിരിയുടെ ഈ സംഭവകഥ ഒരു ചലിക്കുന്ന ചിത്രം പോലെ മനസ്സിലൂടെ കടന്നുപോയി. :(

കുമാരന്‍ said...

വല്ലാതെ പിടയുന്നു മനസ്സ്.

ചന്ദ്രകാന്തം said...

ഭൂതകാലത്തിലെ നിറമുള്ള ഓര്‍മ്മകളില്‍ ഒന്നുകൂടി........
:(
ഏതു നിമിഷത്തിലാണ്‌ നിറങ്ങള്‍ ഒഴിഞ്ഞുപോവുകയെന്ന്‌ ആര്‍ക്കും പറയാനാവില്ലല്ലോ.

::സിയ↔Ziya said...

വല്ലാതെ നൊമ്പരം നിറഞ്ഞ് ഒരിറ്റു കണ്ണീര്‍ വാര്‍ന്നു...

ഉഗ്രന്‍ said...

തുളുമ്പുന്ന കണ്ണുകളോടെ....

smitha adharsh said...

മനുഷ്യന്‍ ഒന്നാഗ്രഹിക്കുന്നു..പക്ഷെ,ദൈവം..വേറൊന്ന് നല്കുന്നു.
സങ്കടം തോന്നി..

lakshmy said...

ഒരുപാട് നന്മയുടെ അവശേഷിപ്പുകൾ മനസ്സിൽ കുറിച്ചിട്ടിട്ടു പോയ ഒരു നല്ല കുടുംബം. ജീവിതത്തിന്റെ വിവിധ മുഖങ്ങൾ

ശ്രീ said...

കണ്ണു നനഞ്ഞല്ലോ ഇത്തിരി മാഷേ...

Sharu.... said...

ഒരു നൊമ്പരം മാത്രം ബാക്കിയാകുന്നു

അഗ്രജന്‍ said...

:(

പാമരന്‍ said...

മുഖങ്ങള്‍ മാറുന്നു.. വേദന മാത്രം ഒരുപോലെ.. :(

P.R said...

വായിച്ച് അവസാനമടുക്കുന്തോറും ഒരു ഭയം മനസ്സിനെ പിടികൂടിയിരുന്നു..

യരലവ said...

ക്ലാസ്സില്‍ നിന്നു ബെഞ്ച് കാല്‍കല്‍ വീണു കറുത്ത ചക്രത്തില്‍ ഉരുളുന്ന പ്ലാസ്റ്റിക് തത്തയെ കിട്ടി.

പിന്നെ ഉരലിലുടക്കി ; ചിന്നന്റെ അച്ഛന്‍ പച്ചോല കൊണ്ട് തത്തയുണ്ടാക്കാനും പഠിപ്പിച്ചു.

നല്ല പാഠങ്ങള്‍ ഇത്തിരീ.

നിന്റെ നൊമ്പരക്കൂട്ടില്‍ നിന്നും രക്ഷകിട്ടാനാ ഞാന് തത്തയെ കൂട്ടുപിടിച്ചത്.

പാര്‍ത്ഥന്‍ said...

ചിന്നന് നിങ്ങൾ മാത്രമെ ബന്ധുക്കളായി ഉണ്ടാവാൻ സാധ്യതയുള്ളൂ. സ്നേഹമുള്ള മനസ്സിൽ മാത്രമെ വേർപാടിന്റെ കണ്ണുനീർ കാണുകയുള്ളൂ.
നൊമ്പരപ്പെടുത്തുന്ന കഥ.

nardnahc hsemus said...

സ്നേഹബന്ധങ്ങളും വേര്‍പാടും ശരിയ്ക്ക് അനുഭവിപ്പിയ്ക്കുന്നുണ്ട്.

കഥ മാത്രമാണേങ്കില്‍ നല്ലത്.. അനുഭവമാണേങ്കില്‍ ദു:ഖത്തില്‍ പങ്കു ചേരുന്നു...


(ചിലയിടങ്ങളിലെ പ്രയോഗങ്ങളും അക്ഷരത്തെറ്റുകളും ചെറുതായി വായനയുടേ ഒഴുക്കിനെ ഖണ്ഡിയ്ക്കുന്നു)

മുസാഫിര്‍ said...

ഇത്രയും കഷ്ടപ്പെട്ടതിന് ചീന്നന് അവസാനം ഒരു നല്ല ജീവിതം കിട്ടുമെന്ന് പ്രതീക്ഷിച്ചു.എന്നിട്ട്..
സംഭവം ഹൃദയസ്പര്‍ശിയായി,ഇത്തിരി.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

എല്ലാ മനുഷ്യരുടെയും വേദനകള്‍ ഏറ്റുവാങ്ങാനും അവരുടെ വേദനയില്‍ വിങ്ങുവാനുമുള്ള ഒരു മനസ്സ്‌. അതിന്ന് നമുക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മാനുഷിക ബന്ധങ്ങളുടെ ഊഷ്മളതയിലേക്ക്‌ നയിച്ച്‌ നല്ല കഥ (?)

അഗ്നി said...

പരസ്പരം ബന്ധമില്ലാത്ത ബന്ധുക്കളായ മൂന്നു പേർ.
എല്ലവരും തന്ന സന്ദേശം ഒന്ന്.

കണ്ണിന്റ്റെ കാഴ്ച്ച മറച്ച കണ്ണു നീർ അൽ‌പ്പ നേരം ആർക്കോ വേണ്ടി കാത്തു നിന്നു.പതുക്കെ താഴേക്കു...
ചുണ്ടിലേക്കു,
കണ്ണുനീർ പോലെ വേദനയും എല്ലാവർക്കും ഒരേ പോലെ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ആര്‍ബി said...

ഇത്തിരീ....
ഒരിക്കലും മറക്കാ‍നാവാത്ത ഓര്‍മ്മകള്‍...

പങ്കൂ വെച്ചതിനു ഒത്തിരി നന്ദി....
ആശംസകള്‍..!!

മിന്നാമിനുങ്ങ് said...

ഓര്‍മ്മകളില്‍ കനലായെരിയുന്ന നോവുകള്‍..
അക്ഷരങ്ങള്‍ക്ക് നൊമ്പരത്തിന്റെ ഇളംചൂട്...
വായിച്ചു കഴിഞ്ഞിട്ടും മനസ്സില്‍ നിന്ന് പടിയിറങ്ങിപ്പോകാന്‍
വിസമ്മതിക്കുന്ന ഒരുകൂട്ടം ജീവനുള്ള കഥാപാത്രങ്ങള്‍..

അന്യം നിന്നുപോകുന്ന മാനുഷികബന്ധങ്ങളുടെ ഉദാത്ത ചിത്രങ്ങള്‍
വരികള്‍ക്കിടയില്‍ നിറം മങ്ങാതെ ഒളിഞ്ഞുകിടക്കുന്നു.

--മിന്നാമിനുങ്ങ്

Anonymous said...

ഇത്തിരീ,
ഹൃദയത്തെ സ്പർശിച്ചു; സത്യമായും.
തുടരുക

പൊതുവാള് said...

ഇത്തിരീ :)
കഥ ഹൃദയസ്പര്‍ശിയായി, കഥാസന്ദര്‍ഭങ്ങള്‍ മിഴികള്‍ സജലങ്ങളാക്കി, കൂ‍ടാതെ ശൈശവത്തില്‍ ജീവിതത്തിലൂടെ കടന്നുപോയതും പലപ്പോഴും കണ്ടു മുട്ടിയതുമായ കുറേയേറെ മനുഷ്യരുടെ കഥകള്‍ ഒരിക്കല്‍ക്കൂടി സ്മൃതിപഥത്തിലെത്തിച്ചു.

കുഞ്ഞന്‍ said...

ഇത്തിരി മാഷെ..

എല്ലാവരും പറയുമ്പോലെ എനിക്കു നൊമ്പരമൊന്നും തോന്നിയില്ല, കാരണം പല വിധ ജീവിതങ്ങള്‍ നേരില്‍ കാണുന്നു. എന്നാല്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഇത്തിരി ഭാഗ്യം ചെയ്തവനാണെന്നു മനസ്സിലായി, നല്ലൊരു അമ്മയുടെ വയറ്റില്‍ പിറക്കാനുള്ള ഭാഗ്യം. ഈ പോസ്റ്റ് എഴുതുവാന്‍, അന്ന് ആ ഉമ്മ അവര്‍ക്ക് ഭക്ഷണം കൊടുത്തില്ലെങ്കില്‍ പിന്നീടും അവരെ അടുപ്പിക്കാതിരുന്നാല്‍, അപ്പോള്‍ ഞാനീ പോസ്റ്റില്‍ ഇത്തിരി മാഷിന്റെ ഉമ്മയുടെ നല്ല മനസ്സിനെയാണ് കാണുന്നത്. ഇത്തരം അമ്മമാര്‍ ഉണ്ടെങ്കില്‍ സമൂഹം നന്മയാല്‍ നിറയും..!

പിന്നെ ഇത്തിരി ഭായിയുടെ ആ കൂട്ടുകാരന് ഇനിയൊരു ജീവിതമുണ്ടെങ്കില്‍ ആരോഗ്യമുള്ള ജീവിതം കിട്ടെട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

ഇത്തിരിവെട്ടം said...

എല്ലാവായനക്കര്‍ക്കും, അഭിപ്രായം അറിയിച്ച
സുല്‍ |Sul
കിലുക്കാംപെട്ടി
കുട്ടിച്ചാത്തന്‍
കാസിം തങ്ങള്‍
Sarija N S
നന്ദകുമാര്‍
മഴത്തുള്ളി
കുമാരന്‍
ചന്ദ്രകാന്തം
::സിയ↔Ziya
ഉഗ്രന്‍
smitha adharsh
lakshmy
ശ്രീ
Sharu.
അഗ്രജന്‍
പാമരന്‍
P.R
യരലവ
പാര്‍ത്ഥന്‍
nardnahc hsemus
മുസാഫിര്‍
ബഷീര്‍ വെള്ളറക്കാട്‌ / pb
അഗ്നി
ആര്‍ബി
മിന്നാമിനുങ്ങ്
ശിഹാബ്‌ മൊഗ്രാല്‍
പൊതുവാള്
കുഞ്ഞന്‍

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

സലാഹുദ്ദീന്‍ said...

ഇത്തിരീ

താങ്കളുടെ പോസ്റ്റ് വായിക്കാൻ എന്നോ തുടങ്ങിയെങ്കിലും ഇന്നലെയാ തീർക്കാൻ പറ്റിയത്.

ഇത്തിരിയുടെ അനുഭവ കഥ എനിക്കൊത്തിരി ഇഷ്ടായി.

സാഹചര്യങ്ങളാൽ തനിക്കു താഴെയായി പോയവന്റെ വിഷമങ്ങളെ തന്റെ തന്നെ വിഷമങ്ങളായി ആവാഹിക്കുന്ന താങ്കളുടെ നല്ല മനസ്സിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ.

നമുക്ക് ചുറ്റും എത്രയോ ചിന്നന്മാരും ലക്ഷ്മിയമ്മമാരും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പാടു പെടുന്നവരായുണ്ട്. നമ്മുടെ സഹോദരന്മാരും സഹോദരിമാരുമായ ഇവരിലേക്ക് കൂടി നമ്മുടെയെല്ലാം ശ്രദ്ധയും സഹായവും ഉണ്ടാകുന്നതിന് ഇത്തരം പോസ്റ്റുകൾ ഒരു പ്രേരകമാകട്ടെ.

ഗീതാഗീതികള്‍ said...

സങ്കടപ്പെടുത്തി ഇത്തിരിവെട്ടം.

മാണിക്യം said...

ചിന്നനെ വാക്കുകളില്‍ കൂടി അടുത്തറീഞ്ഞു
നല്ല അടുക്കിനു കഥ പറഞ്ഞിരിക്കുന്നു.അതു കൊണ്ടു തന്നെ വായിച്ചു കഴിഞ്ഞപ്പോള്‍ ആകെ ഒരസ്വസ്തത കണ്ട സ്വപ്നങ്ങള്‍ ഒക്കെ ഇട്ടിട്ട് പോയല്ലൊ ചിന്നന്‍‌............
ചിന്നനെ പ്രാര്‍ത്ഥനയില്‍ ചേര്‍ക്കുന്നു...
ആശംസകളോടെ മാണിക്യം

ധൂമകേതു said...

മനസ്സിനുള്ളീല്‍ എന്തോ ഒന്നു കൊളുത്തി വലിച്ച പോലെ... കുറിപ്പിനു നന്ദി ഇത്തിരീ...

B Shihab said...

best wishes

murmur........,,,,, said...

past is past ennu njan epolum parayarund., pakshe apozhellam ullil karayarum undu, epolum.,

Anonymous said...

ithrakkonnum illenkilum ente oru anubhavam orthu poyi.athu njan blogil enthuthunnunde.

ഇത്തിരിവെട്ടം said...

അഭിപ്രായം അറിയിച്ച
സലാഹുദ്ദീന്‍
ഗീതാഗീതികള്‍
മാണിക്യം
ധൂമകേതു
B Shihab
murmur..
Anonymous

എല്ലാവര്‍ക്കും ഒത്തിരി നന്ദി

സതീശ് മാക്കോത്ത്| sathees makkoth said...

നൊമ്പരമേല്‍പ്പിക്കുന്നൊരു കുറിപ്പ്