Monday, December 17, 2007

എല്ലാവര്‍ക്കും ആശംസകള്‍

ബോംബെയില്‍ നിന്നുള്ള ആ ഉരുവില്‍ ഞങ്ങള്‍ പതിനഞ്ച് പേരുണ്ടായിരുന്നു. അതില്‍ പതിനാലും മലയാളികള്‍. എല്ലാവരും കുടുബത്തിന്റെ പട്ടിണിമാറ്റാനായി കടല് കടക്കാനെത്തിയവര്‍‍‍..


നാട്ടില്‍ കൂലിപ്പണിയെടുത്താല്‍ അന്ന് എട്ടണയായിരുന്നു കൂലി. ഒരാഴ്ചത്തെ റേഷനരിക്ക് അഞ്ച് രൂപയും. കുടുബം പുലര്‍ത്താനായി പകലും രാത്രിയും അധ്വാനിക്കണമായിരുന്നു. പകല്‍ ചുമടെടുക്കാനും കിണറ് കുഴിക്കാനും പോവും. വൈകുന്നേരം ജോലി കഴിഞ്ഞ് ഞാന്‍ കൊണ്ട് വരുന്ന അരി വെന്തിട്ട് വേണം വീട്ടില്‍ ഭക്ഷണം കഴിക്കാന്‍.. മഗ് രിബ് ബാങ്ക് കൊടുത്ത ശേഷമാണ് ജോലി നിര്‍ത്തുന്നത് . പിന്നെ പറ്റ് പീടികയില്‍ നിന്ന് അരിയും വാങ്ങി വീട്ടിലെത്തുമ്പോള്‍ ഉമ്മ വാതിലില്‍ തന്നെ കാത്ത് നില്‍പ്പുണ്ടാവും... ആ അരി വെന്തിട്ട് വേണം ‘നിങ്ങള്‍ക്ക്‘ കഞ്ഞി തരാന്‍... ആ കഞ്ഞിയും കുടിച്ച് കരാറുപണിയായി എടുത്ത തൊടി കിളയ്കലോ കിണറു പണിയ്ക്കോ വേണ്ടി വീണ്ടും ഇറങ്ങും... അങ്ങനെ പട്ടിണിയുടെയും കഷ്ടപാടിന്റെയും ഒരു കാലം നമുക്ക് കഴിഞ്ഞ് പോയിട്ടുണ്ട് മോനെ.

അക്കാലത്താണ് ദുബൈ എന്നൊരു നാടുണ്ടെന്നും അവിടെ ജോലിക്ക് നല്ല കൂലികിട്ടുമെന്നും അറിയുന്നത്. അങ്ങനെ ആദ്യം ബോംബെയില്‍ എത്തി.. ബോംബെയില്‍ വലിയഉള്ളി യുമായി ഗള്‍ഫിലേക്കുള്ള ഉരുവില്‍ ആയിരുന്നു യാത്ര. ദിവസങ്ങള്‍ നീണ്ട യാത്ര... വിശപ്പ് സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉള്ളിച്ചാക്ക് തുളകളുണ്ടാക്കി അതെടുത്ത് കഴിച്ച് ഞങ്ങള്‍ വിശപ്പടക്കി.. കഴിക്കാന്‍ അന്നവും നല്ല വെള്ളവുമില്ലാത്ത ഒരു യാത്ര... പിന്നെ പനിയും ചര്‍ദ്ദിയുമായി കഷ്ടാപാടുകള്‍ വേറെയും... ഒരു ദിവസം കാറ്റ് കാരണം ഉരു മറിയും എന്ന അവസ്ഥയിലായി... ആരും ആരോടും സംസാരിക്കാതെ മരണത്തെ മുഖമുഖം കണ്ട രാത്രിയായിരുന്നു അത്. പിന്നീട് ഒരു രാത്രി ദൂരെ വെളിച്ചം ചൂണ്ടി ജോലിക്കാര്‍ പറഞ്ഞു... ‘ആ കാണുന്നതാണ് നിങ്ങളെ ഇറക്കേണ്ട സ്ഥലം. പക്ഷെ കരയോട് അത്ര അടുത്തേക്ക് പോവാന്‍ കഴിയില്ല. അത് കോണ്ട് നിങ്ങളെ ഇവിടെ ഇറക്കും... കുറച്ച് നീന്തിയാല്‍ കരപറ്റാം’ അന്ന് വസ്ത്രങ്ങളെല്ലാം ഒരു കെട്ടാക്കി അത് പുറത്ത് കെട്ടി ഓരോരുത്തരായി വെള്ളത്തിലിറങ്ങി... നീന്തലറിയാത്ത ഞാന്‍ എങ്ങനെ കരയിലെത്തി എന്ന്‍ ഇന്നും എനിക്കറിയില്ല.... അങ്ങനെ ഇരുപത്തിയഞ്ച് കൊല്ലം...

ആശുപത്രി കിടക്കയിരുന്ന് താഴെ കസേരയില്‍ ഇരിക്കുന്ന എന്റെ മുടിയിലൂടെ ആ വിരലുകള്‍ നടക്കുന്നുണ്ടായിരുന്നു. ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ ഒരു തലമുറയുടെ ചരിത്രം കേട്ടിരിക്കുകയാണ് ഞാന്‍... സ്ഥലം തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്റര്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലം...വാര്‍ഷിക വെക്കേഷന് വീട്ടിലെത്തിയതായിരുന്നു ഞാന്‍... മരാകമായ അസുഖം എന്റെ കുടുബത്തിലും വന്നെത്തിയത് ഞങ്ങള്‍ അറിഞ്ഞപ്പോള്‍ ഒത്തിരി വൈകിപോയിരുന്നു...

വര്‍ഷം ഒന്ന് കഴിഞ്ഞു... മറ്റൊരു വെക്കേഷന്‍ കൂടി വരുന്നു... ഇന്നേ വരെ എല്ലാ വെക്കേഷനും എയര്‍പോര്‍ട്ടില്‍ എന്നെ സ്വീകരിക്കാനായി ആ നനഞ്ഞ കണ്ണുകളും മറക്കാനാവാത്ത പുഞ്ചിരിയും ഉണ്ടായിരുന്നു... ഇപ്രാവശ്യം അതുണ്ടാവില്ല... എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും എന്റെ പിതാവിന്റെ വിയോഗമായിരുന്നു... നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ അദ്ദേഹം കൂടി ഉണ്ടാവട്ടേ എന്ന ആഗ്രഹത്തില്‍ ഇത് ഇവിടെ കുറിക്കുന്നു...

ഇപ്പോള്‍ ഇതാ ഒരു വെക്കേഷന്‍ കൂടി... ഡിസംബര്‍ പത്തൊമ്പത് മുതല്‍ ഫെബ്രുവരി രണ്ട് വരെ... ഇത്തിരി ദിവസങ്ങള്‍ കൊണ്ട് തീര്‍ക്കേണ്ട ഒത്തിരി പ്ലാനുകളുമായി വീണ്ടും ജന്മനാട്ടിലെത്തുമ്പോള്‍ നഷ്ടമായ ആ പുഞ്ചിരിക്കുന്ന മുഖവും മുഴക്കമുള്ള ശബ്ദവും ഏറ്റവും വലിയ ദുഃഖമാവുന്നു.


അത് കൊണ്ട് എല്ലാവര്‍ക്കും കുറച്ച് അഡ്വാന്‍സായി ഈദ് / ക്രിസ്തുമസ് / ന്യൂ ഇയര്‍ ആശംസകള്‍...

സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം.

28 comments:

Rasheed Chalil said...

ഇപ്പോള്‍ ഇതാ ഒരു വെക്കേഷന്‍ കൂടി... ഡിസംബര്‍ പത്തൊമ്പത് മുതല്‍ ഫെബ്രുവരി രണ്ട് വരെ...

അത് കൊണ്ട് എല്ലാവര്‍ക്കും കുറച്ച് അഡ്വാന്‍സായി ഈദ് / ക്രിസ്തുമസ് / ന്യൂ ഇയര്‍ ആശംസകള്‍...

അപ്പു ആദ്യാക്ഷരി said...

ഇത്തിരിയേ സന്തോഷമായി പോയിവരൂ.. എല്ലാം നന്നായി വരും, ഈ നല്ലമനസ്സിന്.

അഭിലാഷങ്ങള്‍ said...

ഇത്തിരീ,

നാട്ടില്‍ ഈ രണ്ട് മാസം സ്നേഹത്തിന്റെയും സന്തോഷത്തിന്റെതുമാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കട്ടെ. ഒരു നല്ല ഈദും, കൃസ്തുമസ്സും, പുതുവര്‍ഷവും കുടുംബത്തിന്റെ കൂടെ ചിലവിടാന്‍ സാധിക്കുമല്ലോ.. അതു തന്നെ ഭാഗ്യം.

ഇന്നേ വരെ എല്ലാ വെക്കേഷനും എയര്‍പോര്‍ട്ടില്‍ എന്നെ സ്വീകരിക്കാനായി ആ നനഞ്ഞ കണ്ണുകളും മറക്കാനാവാത്ത പുഞ്ചിരിയും ഉണ്ടായിരുന്നു... ഇപ്രാവശ്യം അതുണ്ടാവില്ല...

ആരുപറഞ്ഞു ഉണ്ടാവില്ല എന്ന്. ഉണ്ടാവും, ഇത്തിരി. ഇത്തിരിക്ക് കാണാന്‍ കഴിയില്ല എന്ന് മാത്രം.അദ്ദേഹത്തിന്റെ സാന്നിദ്യവും അനുഗ്രഹവും എന്നുമുണ്ടാകും..

ഇത്തവണത്തെ വെക്കേഷന്‍ ആസ്വാദ്യകരമാവട്ടെ..! പോയി അടിച്ചുപൊളിച്ച് തിരിച്ച് വരൂ മാഷേ..

-അഭിലാഷ്

Anonymous said...

ഒരു സന്തോഷകരമായ അവധി ദിനം ആശംസിക്കുന്നു..

Anonymous said...

I mean അവധി ദിനങ്ങള്‍.. ച്ചേ.. എന്റെ ഒരു കാര്യം.. :)

അങ്കിള്‍ said...

വായനക്കരന്റെ മനസ്സിനെ കുത്തിനോവിച്ചിട്ട്‌ ആശംസകലള്‍ നേര്‍ന്നാല്‍, തിരിച്ച്‌ അങ്ങോട്ട്‌ ആശംസകള്‍ നേരാന്‍ പ്രയാസമുണ്ട്‌.കൃത്ത്രിമമായിപ്പോകും.

വേണു venu said...

ഇത്തിരീ,
സന്തോഷമായി പോയ് വരിക.ഈ ഓര്‍മ്മക്കുറിപ്പില്‍‍ തന്നെ ആ പിതാവു് സന്തോഷിക്കുന്നു.ആശംസകള്‍‍!

ഏറനാടന്‍ said...

ഇത്തിരിഭായ് വേം വാ, ബൂലോഗ കേരളാ ഘടകം കാത്തിരിക്കുന്നു, സ്വീകരിക്കുവാന്‍... വന്നിട്ട് കാണണം. നമ്മുടെ അഗ്രജന്‍‌ഭായ് മുങ്ങിയപോലെ ചെയ്യരുതേ.. :)

കുഞ്ഞന്‍ said...

ഇത്തിരിമാഷെ...

പിതാവിനു കൊടുക്കുന്ന ഈ സ്നേഹം മാത്രം മതിയല്ലൊ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കാന്‍..!

സന്തോഷകരമായ അവധിക്കാലം ആശംസിക്കുന്നു...!

അതോടൊപ്പം ഇത്തിരിക്കും കുടുംബത്തിനും സന്തോഷകരമായ ഈദ്,ക്രിസ്മസ്,ന്യൂ ഇയര്‍ ആശംസകള്‍..!

G.MANU said...

mashey....happy journey and great days .

thakarthu aaghoshikkoo

മുസാഫിര്‍ said...

ഇത്തിരീ മാഷെ,

നാട്ടില്‍ പോയി എല്ലാവരുമായി സന്തോഷം പങ്കിട്ട് ഒത്തിരി നല്ല ഓര്‍മ്മകളുമാ‍യി തിരീച്ചുവന്നാ‍ലും.നഷ്ടമായാ ആ പുഞ്ചിരിക്കുന്ന മുഖം പ്രചോദനമായി എന്നും കൂടെ ഉണ്ടാവട്ടെ !!

അലി said...

ഇത്തിരിവെട്ടം.
വൈകിയാണിവിടെയെത്തിയത്..

എല്ലാ അവധിക്കും എന്നെ സ്വീകരിക്കാനുണ്ടായിരുന്ന കഴിഞ്ഞ അവധിക്ക് നാട്ടിലെത്തും മുമ്പേ വേര്‍പിരിഞ്ഞ എന്റെ പ്രിയപ്പെട്ട ബാപ്പയെ ഓര്‍ത്തു കണ്ണു നിറഞ്ഞുപോയി.
ഇത്തിരിയുടെ പിതാവിനുവേണ്ടി പ്രാര്‍ത്ഥിക്കാം.

ഈദ്, ക്രിസ്തുമസ്, ന്യൂ ഇയര്‍ ആശംസകള്‍!

ഉപാസന || Upasana said...

Come on Bhai
Wishesss... Same to you
:)
upasana

നിരക്ഷരൻ said...

പോയ് വരൂ. എല്ലാ ആശംസകളും . പ്രാര്‍ത്ഥനകളും .

Unknown said...

ഇത്തിരീ,

സ്‌നേഹത്തിന്റെ കൈത്തിരി പ്രകാശമാനമാക്കുന്ന ജീവിതവീഥിയില്‍ നോവിക്കുന്ന ഓര്‍മ്മകള്‍, സന്ത്വനമാകുന്ന കഥകള്‍, തണലേകുന്ന ബന്ധപ്പടര്‍പ്പുകള്‍, പുഞ്ചിരിക്കുന്ന പൂമൊട്ടുകള്‍ എല്ലാം ചേര്‍ന്ന് മറക്കാനാവാത്ത ഒഴിവുകാല സന്തോഷങ്ങള്‍ താങ്കള്‍ക്ക് കരഗതമാകട്ടെ എന്നു ഞാനും ആശംസിക്കുന്നു.

സ്‌നേഹപൂര്‍വം
പൊതുവാള്‍

ആഷ | Asha said...

ഇത്തിരിക്കും കുടുംബത്തിനും എന്റെ വകയും കുറച്ച് അഡ്വാന്‍സ് ഈദ്, ക്രിസ്മസ് , പുതുവര്‍ഷാശംസകള്‍!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പോയീ വരൂ അല്ല വന്ന് പോകൂ. ഒരു നല്ല ഒഴിവുകാലം ആശംസിക്കുന്നു.

കുറുമാന്‍ said...

ഇത്തിരിയേ,

എല്ലാവിധ പ്രാര്‍ത്ഥനകളും.....

ഇത്തിരിക്കും കുടുംബത്തിനും, മുങ്കൂറായി ഈദ് - ക്രിസ്തുമസ് - പുതുവത്സരാശംസകള്‍.

നാട്ടില്പോയി അടിച്ച് പൊളിച്ച് ആഘോഷിച്ച് ഒരുപാട് പോസ്റ്റുകള്‍ക്കുള്ള ചേരുവകളുമായി വരൂ.

യാത്രാ മംഗളങ്ങള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് മാറാന്‍ രണ്ട് മാസത്തെ ഇടവേള മതിയാകുമൊ മാഷെ..?

ഇതൊക്കെ വായിച്ചപ്പോള്‍ ഇതൊക്കൊയാ മാഷെ ഓര്‍മവന്നെ..
ഇക്കഴിഞ്ഞ മാസം നാട്ടില്‍ പോയിട്ട് വന്നതിന്റെ ഒരു ഫീലിങ്ങ്സ്..

സ്നേഹവും സൌഹൃദവും വാത്സല്യവും പ്രണയവും നൊമ്പരവും ആകാംശയും ജിക്ഞാസയും നിറഞ്ഞ ഈ കഴിഞ്ഞ രാവുകള്‍...
ഓടി മറഞ്ഞ അവധിദിവസങ്ങള്‍ക്കൊടുവില്‍ അമ്മതന്‍ മടിയില്‍ ചുരുണ്ട്കിടന്ന് ഒരു കുഞ്ഞായി മാറിയപ്പോള്‍ ആ കരസ്പര്‍ശം തലയിലോടുന്ന വിരല്‍ത്തുമ്പിലൂടെ ഒഴുകുന്ന അമ്മയെന്ന സ്വാന്തനവും അകത്തെ പൊള്ളുന്ന അഗ്നിയിലും പുറത്ത് പുഞ്ചിരിയുടെ പുറംതോട്അണിയുന്ന പിതാവിന്റെ കാരുണ്യവും ഉപേക്ഷിച്ച് മിഴികളില്‍ നിറഞ്ഞ കണ്ണുനീരുമായി യാത്രയാക്കുന്ന പ്രേയസിയെ വിറയ്ക്കുന്ന വിരല്‍തുമ്പില്‍ അമര്‍ത്തിപ്പിടിച്ച് ആശ്വസിപ്പിച്ച് ജീവിതത്തിന്റെ പാരുശികം പരിചയമില്ലാത്ത എന്റെ നെറുകയില്‍ അമര്‍ത്തിചുമ്പിച്ച് ഒരു വിലാപത്തോടെ യാത്രയാക്കുന്ന പിതാവിന്റെ മുഖം എന്റെ നിറകണ്ണുകളില്‍ തെളിയുന്നു..ഇനിയും മറ്റൊരു അവധിക്കായുള്ള കാത്തിരിപ്പുമായ് എന്‍ മനം..!!

എന്നാ പിന്നെ സ്നേഹപൂര്‍വം ഒരു പ്രവാസി..
എല്ലാ സ്നേഹിതര്‍ക്കും ഈദ്,ക്രിസ്തുമസ്,ന്യൂ ഇയര്‍ ആശംസകള്‍.!!

മുസ്തഫ|musthapha said...

ഇത്തിരീ സന്തോഷത്തോടെ പോയ് വരൂ...
നല്ലൊരു അവധിക്കാലം ആശംസിക്കുന്നു...
ഉപ്പാക്ക് വേണ്ടി പ്രാര്‍ത്ഥനകളോടെ...

krish | കൃഷ് said...

ഇത്തിരി, ഈദ്, കൃസ്തുമസ്,പുതുവത്സരാശംസകള്‍.
സന്തോഷത്തോടെ പോയിവരു.

ശ്രീ said...

ഇത്തിരി മാഷേ...

നല്ലൊരു അവധിക്കാലം ആശംസിയ്ക്കുന്നു.

ഈദ്/ക്രിസ്തുമസ്/പുതുവത്സര ആശംസകള്‍‌!
:)

സുല്‍ |Sul said...

ഇത്തിരീ
നീ പോയ്‌വരിക.
ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അദ്ദേഹത്തോടൊപ്പമുണ്ട്.
ഈദ് മുബാറക്.
-സുല്‍

ചീര I Cheera said...

എല്ലാ ആശംസകളും..
യാത്ര സുഖമാവട്ടെ!

പി.സി. പ്രദീപ്‌ said...

ഇത്തിരീ....,
സന്തോഷമായി പോയി വരൂ.. അല്ലാതെന്തു പറയാനാ..
എല്ലവിധ യാത്രാ മംഗളങ്ങളും നേരുന്നു.. ഒപ്പം ഈദ്, ക്രിസ്തുമസ് , ന്യൂ ഇയര്‍ ആശംസകള്‍ നേരുന്നു.

പ്രയാസി said...

ഇന്നേ വരെ എല്ലാ വെക്കേഷനും എയര്‍പോര്‍ട്ടില്‍ എന്നെ സ്വീകരിക്കാനായി ആ നനഞ്ഞ കണ്ണുകളും മറക്കാനാവാത്ത പുഞ്ചിരിയും ഉണ്ടായിരുന്നു... ഇപ്രാവശ്യം അതുണ്ടാവില്ല...
ഇത്തിരി ഇതു വല്ലാത്ത ആശംസയായിപ്പോയി..:(
മനസ്സമാധാനമായി പോയി വാ ..

എന്റെ വക ഇ,ക്രി,പു ആശംസകള്‍..

ഏ.ആര്‍. നജീം said...

ഇത്തിരീ,
അപ്പോ നാളെയാണ് യാത്ര അല്ലെ...
സന്തോഷത്തോടെ പോയ് വരൂ...
ആശംസകളോടെ

ജയതി said...

ഇത്തിരിയല്ല ഒത്തിരി താമസ്സിച്ചു ഇവിടെ എത്താൻ.ഇതാ അടുത്ത വെക്കേഷൻ വരാൻ കുറച്ചു ദിവസ്സങ്ങൾ മാത്രം.
ഇനിയുള്ള വെക്കേഷനുകൾ എല്ലാം സന്തോഷം നിറഞ്ഞതവട്ടെ എന്ന ആശംസയോടെ തത്കാലം വിട