Monday, November 19, 2007

ജ്ഞാനം.

പരമാണുവില്‍ തുടങ്ങി
പ്രപഞ്ചമഖിലം
ഞാന്‍ നിറഞ്ഞിരിക്കുന്നു.
എന്റെ ആഗമനം
അജ്ഞതയ്ക്കന്ത്യമാണ്‌.

ഇന്ദ്രിയ പരിമിതികളുടെ
തുരങ്കത്തിലൂടെ
എത്തുന്ന, എനിക്ക്‌
ഓര്‍മ്മയുടെ ഉള്ളറകള്‍
താമസമൊരുക്കും.

ഭാഷയുടെ പരിധികളും
ആശയങ്ങളുടെ പരിമിതികളും
ഇല്ലാതെ, അവിടെ
മറവിയുടെ പുതപ്പിനകത്ത്‌
ഞാന്‍ ചുരുണ്ട്‌ കൂടും

നിത്യനിദ്ര
വിധിക്കപെട്ടില്ലെങ്കില്‍
വീണ്ടും
ഇന്ദ്രിയങ്ങളുടെ ലോകം
എപ്പൊഴെങ്കിലും
അനാവൃതമാവും.

യാത്രയ്കൊരുങ്ങുമ്പോള്‍
ആശയങ്ങളില്‍
ക്രമത്തില്‍ അടുക്കിവെക്കാനായി
പുതപ്പ് മാറ്റി
ഒതുങ്ങിനില്‍ക്കും.

സ്വരത്തിന്റെ,
ചലനത്തിന്റെ,
കാഴ്ചയുടെ,
ഭാഷ നല്‍കി
അതിനെ
മനോഹരിയാക്കും

കൊണ്ടാലും, കൊടുത്താലും
കുറയാതെ
നുകര്‍ന്നാലും, പകര്‍ന്നാലും
തീരാതെ
ഞാനെന്നും ജീവിക്കും.

32 comments:

ഇത്തിരിവെട്ടം said...

ഒരു പോസ്റ്റ്... കവിത പോലെ എന്തോ ഒന്ന്.

വല്യമ്മായി said...

ചിന്ത ന്നായി.

"എന്റെ ആഗമനം
അജ്ഞതയുടെ അന്തകനാണ്‌"

ഞാന്‍ അല്ലേ അന്തകന്‍.അപ്പോള്‍ എന്റെ ആഗമനം അജ്ഞതയുടെ അന്ത്യമല്ലേ

ഇത്തിരിവെട്ടം said...

വല്ല്യമ്മായി അത് തിരുത്തിയപ്പോഴേക്കും കമന്റ് വീണല്ലോ... നന്ദി.

സഹയാത്രികന്‍ said...

“കൊണ്ടാലും, കൊടുത്താലും കുറയാതെ
നുകര്‍ന്നാലും, പകര്‍ന്നാലും തീരാതെ
ഞാനെന്നും ജീവിക്കും.“

ഈ വരികള്‍ ഒരുപാടിഷ്ടായി...

അറിവ്... സ്നേഹം ഇതെത്ര കൊടുത്താലും തീരില്ലാ‍ലേ

:)

::സിയ↔Ziya said...

നല്ല ചിന്ത
നല്ല കവിത
ലളിതമായ വരികള്‍
അറിവ് അമൃതമാണ്
അറിവാണമൃതം

പ്രയാസി said...

ഉള്ളത് വാരിക്കോരി കൊടുത്തോളൂ..
നാമറിയാതെ നമുക്കു കിട്ടും..
ഇത്തിരീ..എന്തൊ പോലെ ഒന്നു ഒത്തിരി ഇഷ്ടമായീ..:)

മഴത്തുള്ളി said...

ഇത്തിരീ,

"കൊണ്ടാലും, കൊടുത്താലും
കുറയാതെ
നുകര്‍ന്നാലും, പകര്‍ന്നാലും
തീരാതെ
ഞാനെന്നും ജീവിക്കും."

നന്നായിരിക്കുന്നു.

കൊണ്ടുപോകില്ല ചോരന്മാര്‍
കൊടുക്കും തോറുമേറിടും എന്നല്ലേ.

P.R said...

ഓര്‍മ്മയുടെ ഉള്ളറകളില്‍, മറവിയുടെ പുതപ്പിനകത്ത് ചുരുണ്ടു കൂടുക..
വരികളിഷ്ടമായി..

വേണു venu said...

അഖിലാണ്ഡമഖിലം എന്ന പ്രയോഗം ശരിയാണോ എന്നൊരു സംശയം.
ആശയം ഇഷ്ടമായി.:)

ഫസല്‍ said...

good

വാല്‍മീകി said...

നല്ല വരികള്‍. ഒരുപാടിഷ്ടമായി.

ഏ.ആര്‍. നജീം said...

ഇത്തിരീ , പതിവുപോലെ നന്നായീട്ടോ...
:)

സു | Su said...

നന്നായിട്ടുണ്ട്. :)

ഏറനാടന്‍ said...

ഇത്തിരിക്കവിത ഒത്തിരിവല്യ നീണ്ടകവിതയാണല്ലോ.. ന്നാലും രസണ്ട്..മൊത്തം മനസ്സിലായില്ല..കവിത പണ്ടേ എനിക്ക് തലയില്‍ കേറാന്‍ ഇത്തിരിസമയമെടുക്കും. അതാട്ടോ.. :)

Sul | സുല്‍ said...

ഇത്തിരീ
നല്ല ചിന്ത, നല്ല എഴുത്ത്. ഒരു കടം കവിത പോലെ :)

-സുല്‍

ശ്രീ said...

“കൊണ്ടാലും, കൊടുത്താലും
കുറയാതെ
നുകര്‍ന്നാലും, പകര്‍ന്നാലും
തീരാതെ
ഞാനെന്നും ജീവിക്കും.”

:)

പൊതുവാള് said...

ഇത്തിരീ,
തങ്കവിഗ്രഹത്തിന് മഞ്ഞള്‍ പ്രസാദമണിയിക്കും പോലെ വിഫലമാണ് ഈ കവിതയെക്കുറിച്ചഭിപ്രായം പറയുന്നതും.

അതു സ്വയം പ്രകാശം പരത്തി നില്‍ക്കുമ്പോള്‍ അതിന്റെ വെട്ടം ഞങ്ങളുടെ ഉള്ളിലേക്ക് തുരങ്കം കടന്നെത്തുന്നു.

G.manu said...

നിത്യനിദ്ര
വിധിക്കപെട്ടില്ലെങ്കില്‍
വീണ്ടും
ഇന്ദ്രിയങ്ങളുടെ ലോകം
എപ്പൊഴെങ്കിലും
അനാവൃതമാവും.
so philosphical mashey..good one

ശെഫി said...

വായിച്ചു

ധ്വനി said...

ജ്ഞാനത്തെപറ്റിയും അഗാധമായി ചിന്തിച്ചുവോ?

എന്നെയും ഒന്നു ചിന്തിപ്പിച്ചു ഈ പോസ്റ്റ്.

കൊണ്ടാലും, കൊടുത്താലും
കുറയാതെ
നുകര്‍ന്നാലും, പകര്‍ന്നാലും
തീരാതെ....
സത്യം!

യാത്രയ്ക്കൊരുങ്ങുമ്പോള്‍? ഇതു മാത്രം മനസിലായില്ല. ഏതു സാഹചര്യമാണു ഉദ്ദേശിച്ചത്?

സിനി said...

അറിവ് ആയുധമാണ്;
സ്വയം തിരിച്ചറിയാനും
അജ്ഞതയുടെ അന്ധകാരത്തെ
പ്രതിരോധിക്കാനുമുള്ള വജ്രായുധം.
നമ്മെത്തന്നെ മാറ്റിപ്പണിയുന്നേടത്താണ്
അറിവ് അന്വര്‍ഥമാകുന്നത്.

അറിവ് നുകരാനും പകരാനും
കഴിയുകയെന്നത് സൌഭാഗ്യവും.

ഇഷ്ടമായി ഈ കവിത.
ചിന്തക്ക് പ്രേരിപ്പിക്കുന്ന വരികള്‍

അപ്പു said...

ഇനിയും വാരി വാരിക്കൊടുക്കൂ ഇത്തിരീ..

Alappuzhakaran said...

:)

മന്‍സുര്‍ said...

ഇത്തിരിവെട്ടം...

ഒരിത്തിരി വെട്ടത്തില്‍
നിന്നുണരുന്ന വരികളില്‍
ഒത്തിരി വെട്ടത്തിന്‍ വിജഞാനം
അറിവിന്‍ വെട്ടമായി
ഇന്നിന്റെ വെട്ടമായി
വെളിച്ചം തെളിക്കുക നീ ഇത്തിരിവെട്ടമേ

വളരെ മികച്ച വരികളില്‍ ഇഷ്ടമായ വരികള്‍ ഇങ്ങിനെ...
സ്വരത്തിന്റെ,
ചലനത്തിന്റെ,
കാഴ്ചയുടെ,
ഭാഷ നല്‍കി
അതിനെ
മനോഹരിയാക്കും

സ്വരചലനങ്ങളുടെ കാഴ്ച്ച
നല്‍ക്കുമാ ഭാഷയുടെ അഴക്‌
മനോഹരം തന്നെ.....അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

താരാപഥം said...

കവിതയുടെ ആശയം നന്നായിരിക്കുന്നു.
പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന പരമാത്മാവിന്റെ അംശം നമ്മളിലും ഒളിഞ്ഞിരിക്കുന്നു. യോഗങ്ങളിലൂടെ ആത്മജ്ഞാനം നേടുന്നവര്‍ ഈശ്വരനെ അറിയുന്നു.

KuttanMenon said...

ചിന്ത നന്നായി., വരികളും.

മുസാഫിര്‍ said...

വിളക്ക് കൈവശമുള്ളവനെന്നും വിശ്വം ദീപമയം.അതു പോലെ തന്നെ വിദ്യയും.കവിത വായിക്കാന്‍ വൈകി. നന്നായിരിക്കുന്നു ഇത്തിരി..

വേഴാമ്പല്‍ said...

സ്വരത്തിന്റെ,
ചലനത്തിന്റെ,
കാഴ്ചയുടെ,
ഭാഷ നല്‍കി
അതിനെ
മനോഹരിയാക്കും
Ithiri mashe kavitha "Athimanoharam "

Geetha Geethikal said...

അര്‍ത്ഥവത്തായ കവിത.
അവസാനത്തെ വരികളെത്ര ശരി!!!
കുറയാതെയും തീരാതെയും മാത്രമല്ല, കൂടിവരികയും ചെയ്യും.

പ്രിന്‍സി said...

എടുത്തുപയോഗിക്കുന്നവന്‍റെ മനോധര്‍മ്മം പോലെ, സൃഷ്ടിയും സംഹാരിയുമാകാന്‍ കഴിവുള്ളവന്‍..
:)

രാജന്‍ വെങ്ങര said...

അല്ലപ്പാ നിങ്ങളു ഇന്റെര്‍നെറ്റിനെ പറ്റിയാ എയ്‌തിയതു?
നമ്മക്കങ്ങിനേയാ തോന്ന്യെ. ബകിടായോ നമ്മളെ നിരീക്കല്? അമ്മോപ്പാ...

ഇത്തിരിവെട്ടം said...

വായിച്ച് അഭിപ്രായം അറിയിച്ച

വല്യമ്മായി.
സഹയാത്രികന്‍.
സിയ.
പ്രയാസി.
മഴത്തുള്ളി.
പി ആര്‍.
വേണു.
വാല്‍മീകി.
ഏ.ആര്‍. നജീം.
സു.
ഏറനാടന്‍.
സുല്‍.
ശ്രീ.
പൊതുവാള്‍.
ജി.മനു.
ശെഫി.
ധ്വനി.
സിനി.
അപ്പു.
ആലപ്പുഴക്കാരന്‍.
മന്‍സൂര്‍.
താരാപഥം.
കുട്ടമ്മേനോന്‍.
മുസാഫിര്‍.
വേഴാമ്പല്‍.
ഗീത ഗീതികള്‍.
പ്രിന്‍സി.
രാജന്‍ വെങ്ങര.

എല്ലാവര്‍ക്കും ഒത്തിരി നന്ദി.