Monday, June 09, 2008

അമ്മ.

ദേവകിയമ്മ മരിച്ചത് കഴിഞ്ഞ ആഴ്ചയിലായിരുന്നു. എപ്പോഴും ‘മാപ്ലക്കുട്ട്യേ...’ എന്ന് സ്നേഹത്തോടെ വിളിക്കാറുള്ള ദേവകി‍യമ്മ. വെക്കേഷന്‍ കഴിഞ്ഞ് തിരിച്ച് പോരുന്ന ദിവസവും കാണാന്‍ വന്നിരുന്നു. ‘ഇനി കാണാന്‍ പറ്റുന്ന് ഒറപ്പില്ലല്ലോ... അതോണ്ട് ഒന്ന് കാണാന്‍ വന്നതാ....‘ എന്ന് പറഞ്ഞ് നനഞ്ഞ കണ്ണുകളോടെ യാത്ര പറഞ്ഞ അവരുടെ, ഓര്‍മ്മവെക്കുന്ന കാലം മുതല്‍ കാണുന്ന പല്ലില്ലാ ചിരി ഒരിക്കലും മറക്കില്ല.

അവരുടെ ഭര്‍ത്താവ് അയ്യപ്പന്‍ കവുങ്ങില്‍ നിന്ന് വീണ് കിടപ്പിലായത് ഞാന്‍ ജനിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. പിന്നീട് ഒരിക്കലും എഴുന്നേറ്റ് നടക്കാനാവാതെ ഇരുപത്തിഅഞ്ച് വര്‍ഷം ജീവിച്ച ഭര്‍ത്താവിനേയും പറക്കമുറ്റാത്ത ഏഴ് മക്കളേയും സംരക്ഷിച്ചത് ദേവകിയമ്മയുടെ അധ്വാനമായിരുന്നു. രാവിലെ മുതല്‍ ഇരുട്ടും വരെ മറ്റുള്ളവരുടെ അടുക്കളയിലും പാടത്തും പറമ്പിലും ജോലിചെയ്ത് കുടുംബം പുലര്‍ത്തി. നാട്ടിലെ ഏത് സദ്യയിലും ദേവകിയമ്മ സഹായി ആയിരുന്നു. ഏത് വിവാഹങ്ങള്‍ക്കും ദിവസങ്ങള്‍ക്ക് മുമ്പേ അവര്‍ സഹായത്തിനെത്തും. വിവാഹ ദിവസം വരന്റെ വീട്ടില്‍ നിന്ന് വധുവിന്റെ വീട്ടിലേക്കുള്ള സ്ത്രീകളുടെ യാത്രയില്‍ കയ്യില്‍ പൊതിഞ്ഞ് പിടിച്ച ഒരു ബ്ലൌസുമായി അവരുണ്ടാവും. ഗ്രാമാതിര്‍ത്തി കഴിഞ്ഞാല്‍ ബ്ലൌസ് ധരിച്ച് മുകളില്‍ ഒരു തോര്‍ത്ത് പുതക്കും... ബ്ലൌസ് ധരിച്ച്, ചെരിപ്പ് ധരിച്ച് നടക്കാന്‍ നാണാമായിരുന്നു ദേവകിയമ്മക്ക്‍. പേരമക്കളൊക്കെ വലുതായപ്പോള്‍ നിര്‍ബന്ധിച്ച് ധരിപ്പിക്കാന്‍ തുടങ്ങി. പക്ഷേ അപ്പോഴും അവര്‍ അതിന് മുകളില്‍ ഒരു തോര്‍ത്ത് പുതക്കുമായിരുന്നു.

വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോള്‍ ഷാപ്പില്‍ നിന്ന് ഭര്‍ത്താവിന് വേണ്ട മദ്യവും വാങ്ങിയാണ് കൂടണയുന്നത്. വീടിനകത്ത് നിരങ്ങി നടക്കാന്‍ മാത്രം കഴിയുന്ന അയ്യപ്പന്‍ മദ്യം അകത്ത് എത്തുന്നതോടെ പതം പറഞ്ഞ് കരയാനും ലോകത്തെ മുഴുവന്‍ ശകാരിക്കാനും തുടങ്ങും. ഇടയ്ക്ക് അത് ദേവകിയമ്മയുമായുള്ള വഴക്കുമാവും... എന്നാലും അയ്യപ്പന്റെ മരണം വരെ ആ പതിവ് തുടര്‍ന്ന് കൊണ്ടിരുന്നു.

മക്കളൊക്കെ വലുതായാല്‍ അവര്‍ രക്ഷപ്പെടും എന്നായിരുന്നു അവരടക്കം എല്ലാവരുടെയും പ്രതീക്ഷ... പക്ഷേ ഒന്നും സംഭവിച്ചില്ല... തനിച്ച് പറക്കാന്‍ പ്രാപ്തിയായപ്പോള്‍ എല്ലാവരും പലവഴിക്കായി... പെണ്മക്കളെ വിവാഹം ചെയ്തയച്ചു... അതില്‍ ഒരാള്‍ ആത്യമഹത്യ ചെയ്തു.. രണ്ടാമത്തെ മകളും കുഞ്ഞും വിവാഹമോചനത്തോടെ വീട്ടില്‍ തിരിച്ചെത്തി. മുഴുക്കുടിയനായ ഇളയ മകന്‍ സുരേന്ദ്രന്റെ ശല്യം കാരണം ആണ്മക്കളും കുടുബവും അവരെ ഉപേക്ഷിച്ചു. പിന്നീട് അയ്യപ്പനും ദേവകിയമ്മയ്ക്കും പിന്നെ ആശ്വാസം നാട്ടുകാരും അയല്‍വാസികളും മാത്രമായിരുന്നു.

എല്ലാദിവസവും മദ്യപിച്ചെത്തുന്ന മകന്റെ പീഡനം സഹിച്ചാണ് അവര്‍ ജീവിച്ചത്. അക്രമം അതിരുവിടുമ്പോള്‍ ഓടിരക്ഷപ്പെട്ട് തൊട്ടടുത്ത വീടുകളില്‍ അഭയം തേടും. മുഖത്ത് മകന്റെ പരുക്കന്‍ കൈപതിഞ്ഞ് ചുണ്ട് പൊട്ടിയ രക്തവുമായാണ് അവര്‍ എന്റെ വീട്ടിലെത്തിയത്. ‘ഇന്ന് ഇവിടെ നിന്നാല്‍ മതി. രാവിലെ തിരിച്ച് പോവാം‘ എന്ന ഉമ്മയുടെ നിര്‍ബന്ധം കാരണമാണ് അന്ന് അവര്‍ താമസിക്കാന്‍ കൂട്ടാക്കിയത്. സംസാരത്തിനിടയില്‍ സുരേന്ദ്രനെക്കുറിച്ച് ‘വീട്ടില്‍ പേടിക്കാന്‍ ആളില്ലാത്തതിന്റെ കുഴപ്പമാ... നല്ല അടികിട്ടിയാല്‍ ശരിയാവും അവന്‍’ എന്ന് പറഞ്ഞ ഉമ്മയോട് “അവന്‍ നല്ലവനാ ഉമ്മക്കുട്ട്യേ... കള്ള് അകത്ത് ചെല്ലുമ്പോള്‍ പെറ്റമ്മയെ മറക്കുന്നതാ... ആര് എന്ത് പറഞ്ഞാലും പെറ്റവയറിന് സഹിക്കുമോ...’ എന്ന് പറഞ്ഞ് കരഞ്ഞത് മറക്കാന്‍ കഴിയില്ല.

ഞാന്‍ മുതിര്‍ന്ന ശേഷം ഒരിക്കല്‍ കൂരയില്‍ നിന്നുയരുന്ന കരച്ചില്‍ കേട്ട് ഓടിച്ചെന്നു. ആള് കൂടിയിരിക്കുന്നു... മകന്‍ പുറത്തിരുന്ന് വന്നവരെ തെറി വിളിക്കുന്നുണ്ട്. നെറ്റിപൊട്ടി രക്തം ഒലിപ്പിച്ച് വീടിന്റെ വരാന്തയോട് ചാരി തൂണില്‍ ചാരി ഇരുന്ന് കരയുന്ന ദേവകിയമ്മ... തെറിയഭിഷേകത്തിനിടക്ക് കാലുയര്‍ത്തി അമ്മയെ ചവിട്ടാന്‍ നിന്ന സുരേന്ദ്രനെ ‘ഹൈദ്രുക്കാക്ക‘ മുടിയില്‍ പിടിച്ച് വലിച്ച് പുറത്ത് കൊണ്ട് വന്നു... കിട്ടുണ്ണി അടിക്കാനായി കൈ ഉയര്‍ത്തിയതും അവരുടെ ശബ്ദം ഉയര്‍ന്നു... “ന്റെ മോനെ തല്ലല്ലേ കിട്ടുണ്യേ... ബോധം ഇല്ല്യാത്തതോണ്ട് അല്ലേ...’

മകന്റെ മര്‍ദ്ദനം കാരണം തലപൊട്ടി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു എന്ന് അറിഞ്ഞിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ‘സുരക്ക് ചോറ് കോടുത്തോ...’ എന്ന് മകളോട് അന്വേഷിച്ചിരുന്നു എന്ന് പറഞ്ഞപ്പോള്‍ ഉമ്മയുടെ സ്വരം ഇടയിരുന്നു. “മാപ്ലകുട്ട്യേ...” എന്ന വിളിയും മറക്കാനാവാത്ത ചിരിയും ബാക്കി വെച്ച് അവര്‍ ഓര്‍മ്മയായി. ‘അമ്മ’ എന്ന പദത്തിന് പകരം മറ്റൊന്നില്ല എന്ന ബോധ്യപ്പെടുത്തലുമായി...

36 comments:

Rasheed Chalil said...

ഒരു കുറിപ്പ്...

സാജു said...

ആര് എന്ത് പറഞ്ഞാലും പെറ്റവയറിന് സഹിക്കുമോ...
:(
മറ്റൊരമ്മ.

Rajeeve Chelanat said...

ഈ അക്ഷരങ്ങളിലൂടെയെങ്കിലും ആ പാവപ്പെട്ട അമ്മയുടെ ‘അമ്മത്വ‘ത്തെ അനശ്വരമാക്കിയല്ലോ.

നന്നായിരിക്കുന്നു റഷീദ്..
അഭിവാദ്യങ്ങളോടെ

Sharu (Ansha Muneer) said...

അമ്മയ്ക്ക് പൊറുക്കാന്‍ കഴിയാത്തതായി ഒന്നുമില്ല ഈ ലോകത്തില്‍. ആരൊക്കെ എതിരു നില്‍ക്കുമ്പോഴും ആ മനസ്സു നമ്മുടെ കൂടെ കാണും.

സുല്‍ |Sul said...

ഇത്തിരീ
ഈ കുറിപ്പ് നന്നായിരിക്കുന്നു. രാജീവ് പറഞ്ഞതു പോലെ ദേവകിയുടെ അമ്മത്വത്തിനു ഒരു അടിവരയാണ് ഈ ലേഖനം.

-സുല്‍

Appu Adyakshari said...

ഇതുപോലെ ഒരമ്മ ഞങ്ങളുടെ വീടിനടുത്തും ഉണ്ട്. ഒട്ട് അതിഭാവുകത്വം തോന്നിയില്ല റശീദേ. ആ അമ്മയെ ഈ പോസ്റ്റിലൂടെ അനശ്വരയ്യാക്കിയത് നന്നായി.

മുസാഫിര്‍ said...

“ഭൂമിയും സൂര്യനും വാനവും തീര്‍ത്തത് ദൈവമായിരിക്കാം.
ആ ദൈവത്തെ പെറ്റു വളര്‍ത്തിയതമ്മയല്ലെ അമ്മ “.
എന്ന വയലാറിന്റെ വരികളോര്‍ത്തു ഈ കുറിപ്പ് വായിച്ചപ്പോള്‍ .അമ്മയെ കുറിച്ച് എത്രയെഴുതിയാലും മതി വരില്ല.ഇഷ്ടമായി റഷീദ്.

G.MANU said...

അമ്മയാണുണ്മ...

ശ്രീ said...

നല്ല പോസ്റ്റ് ഇത്തിരി മാഷേ.
:)

Shaf said...

നമ്മുടെ ഗ്രാമ പ്രദേശങ്ങളില്‍ ഒത്തിരി ദേവകിയമ്മയെ നമുക്ക് കാണാം..മനുഷ്യസ്നേഹത്തിന്റെ മരിക്കാത്ത പ്രതീകമാണവര്‍,സ്നേഹിക്കാന്‍ മാത്രം അറിയുന്നവര്‍..
വളരെ നന്ദായി ഇത്തിരീ ഈ കുറിപ്പ് ..എന്റെ ഗ്രാമത്തിലെ ഒരു പാട് അമ്മമാരുടെ അടുത്തേക്ക് മനസ്സ് കോണ്ടെങ്കിലും യാത്ര ചെയ്യാന്‍ കഴിഞു,

ആര്‍ക്കും നിര്‍വചിക്കാന്‍ കഴിയാത്ത ഒരു പ്രതിഭാസമാണ് അമ്മ..അമ്മയെ ഓര്‍ക്കുമ്പോള്‍ തന്നെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പോടിയും..അത്തരമോരു കുറിപ്പായിരുന്നു ഇതും വളരെ നന്ദി..

“മാതാവിന്റെ കാലിനുകീഴെയാണ് സ്വര്‍ഗം”-മുഹമ്മദ് നബി

ഗുരുജി said...

കുറ്റങ്ങള്‍ പൊറുക്കും കോടതി അമ്മ......
മനോഹരമായ കുറിപ്പ്‌ മാഷേ

മൂര്‍ത്തി said...

നല്ല കുറിപ്പ്

ചന്ദ്രകാന്തം said...

അമ്മയ്ക്ക്‌ സമം....മറ്റൊരു വാക്ക്‌ പറയാനാവില്ല.

Indiascribe Satire/കിനാവള്ളി said...

വളരെ നന്നായിട്ടുണ്ട് . അമ്മമാര്‍ ക്ക് മക്കളില്‍ കളങ്കം കാണാന്‍ കഴിയില്ല. എന്നാലും അവനിട്ട് രണ്ട് പൊട്ടിക്കാമായിരുന്നു. ഇത്തരം വഷളന്മാരെ നേരെയാക്കാന്‍ ഇതെ ഉള്ളു വഴി .

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്താ റഷിദേ ഇതിനൊരു കമന്റിടുക.വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞു,സ്വന്തം അമ്മയുള്‍പ്പടെ എല്ലാ അമ്മമാരേയും ഓര്‍ത്തു. ഈ അമ്മമാരില്‍ ഒരാളാവാന്‍ എനിക്കും ഭാഗ്യം തന്ന എല്ലാം സഹിക്കുന്ന എല്ലാത്തിനേയും , എല്ലാവരേയും സഹിക്കുന്ന ആ ഭൂമി മാതവിനെയും ഒരു നിമിഷം ഓര്‍ത്തു.നല്ല കുറിപ്പ്.

Kaithamullu said...

അമ്മ=അമ്മ=അമ്മ!

Lavin said...

ഒരു ഹൃദയത്തില്‍ നിന്നും ഒരു നൂറു ഹൃദയങ്ങളിലെക്കുള്ള മനോഹരമായ സന്ദേശം.
നന്ദി...സുഹൃത്തേ..

പാര്‍ത്ഥന്‍ said...

വളരെ അപുര്‍വ്വം കാണുന്ന കാഴ്ചകള്‍.
സര്‍വ്വം സഹയായ അമ്മയുടെ മൂര്‍ത്തീഭാവം.

കുഞ്ഞന്‍ said...

ഒരമ്മക്കു മാത്രമെ ഇങ്ങനെ ചെയ്യാന്‍ കഴിയൂ.. അമ്മ = അമ്മ തന്നെ

ഇത്തിരി മാഷെ, പെറ്റവയറിന്റെ മഹാത്മ്യം വളരെ ശക്തമായി അവതരിപ്പിച്ചിരിക്കുന്നു..ന്റെ മാപ്ലകുട്യേ..!

OAB/ഒഎബി said...

അമ്മയില്ലാതകുമ്പഴേ അമ്മയെന്താണെന്നറിയൂ....എന്റെ നഷ്ടവും അതു തന്നെ.... ഇവിടെ ഓറ്മിപ്പിച്ചതിനു നന്ദി.

reshma said...

നല്ല ഒരു കുറിപ്പ്.

പാമരന്‍ said...

!!!

ബയാന്‍ said...

അമ്മ

yousufpa said...

അമ്മയുടെ കാല്‍കീഴിലാണ് സ്വര്‍ഗ്ഗം.
ആ മകന് അമ്മ മാപ്പ് കൊടുത്താലും ദൈവം മാപ്പ് കൊടുക്കില്ല

സിനി said...

മാതൃത്വം വാത്സല്യത്തിന്റെ നിറകുടമാണ്.
നൊന്തുപെറ്റ കുഞ്ഞിന്റെ അപരാധം
പൊറുക്കാന്‍ കയിയുക എന്നത് ഒരമ്മയുടെ
ഏറ്റവും വലിയ കരുണയാണ്.
പെറ്റമ്മയുടെ സ്നേഹവും കാരുണ്യവും
ഇല്ലായിരുന്നെങ്കില്‍ ഈ ഭൂമി നരകതുല്യമായിരുന്നേനെ.

വേണു venu said...

വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോള്‍ ഷാപ്പില്‍ നിന്ന് ഭര്‍ത്താവിന് വേണ്ട മദ്യവും വാങ്ങിയാണ് കൂടണയുന്നത്. വീടിനകത്ത് നിരങ്ങി നടക്കാന്‍ മാത്രം കഴിയുന്ന അയ്യപ്പന്‍ മദ്യം അകത്ത് എത്തുന്നതോടെ പതം പറഞ്ഞ് കരയാനും ലോകത്തെ മുഴുവന്‍ ശകാരിക്കാനും തുടങ്ങും. ഇടയ്ക്ക് അത് ദേവകിയമ്മയുമായുള്ള വഴക്കുമാവും.

എല്ലാ ദുഃഖങ്ങളും ഈശ്വരന്‍ ഈ അമ്മയ്ക്കു് കൊടുത്തല്ലോ. മുകളിലെ ചിത്രവും ഈ മറുപടിയും മതി ആ അമ്മ ആരാണെന്നു മനസ്സിലാക്കാന്‍.
“ന്റെ മോനെ തല്ലല്ലേ കിട്ടുണ്യേ... ബോധം ഇല്ല്യാത്തതോണ്ട് അല്ലേ..

മരണത്തിനു ശേഷമായാലും ആ അമ്മയ്ക്കു് അര്‍ഹമായ ആദരാജ്ഞലികള്‍ താങ്കളര്‍പ്പിച്ചിരിക്കുന്നു. ഞങ്ങള്‍ക്കും അതിനവസരവും...

റീനി said...

ഇത്തിരി, മനസില്‍ ചലനമുണ്ടാക്കുന്ന കുറിപ്പ്. ഭൂകമ്പത്തിനു ശേഷമുള്ള ആഫ്റ്റെര്‍ ഷോക്ക് എന്ന മട്ടില്‍ ചലിച്ചുകൊണ്ടേയിരിക്കുന്ന അനുഭവം.
അഴുകാത്ത പൊക്കിള്‍ക്കൊടിയിലൂടെ അമ്മയുടെ സ്നേഹവും കരുതലും എന്നെന്നും മക്കളിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കും. അത് ആത്മാവുകൊണ്ട് അനുഭവിച്ചറിയാനും ഹൃദയം കൊണ്ട് തൊട്ടറിയാനും പലര്‍ക്കും പറ്റുന്നില്ലല്ലോ.

റീനി said...

ഇത്തിരി, മനസില്‍ ചലനമുണ്ടാക്കുന്ന കുറിപ്പ്. ഭൂകമ്പത്തിനു ശേഷമുള്ള ആഫ്റ്റെര്‍ ഷോക്ക് എന്ന മട്ടില്‍ ചലിച്ചുകൊണ്ടേയിരിക്കുന്ന അനുഭവം.
അഴുകാത്ത പൊക്കിള്‍ക്കൊടിയിലൂടെ അമ്മയുടെ സ്നേഹവും കരുതലും എന്നെന്നും മക്കളിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കും. അത് ആത്മാവുകൊണ്ട് അനുഭവിച്ചറിയാനും ഹൃദയം കൊണ്ട് തൊട്ടറിയാനും പലര്‍ക്കും പറ്റുന്നില്ലല്ലോ.

അടയാളം said...

അമ്മ...പകരം വെക്കാനാവാത്ത സുകൃത ജന്മം.

ഒമ്പതര മാസക്കാലത്തെ ക്ലേശകരമായ ജീവിതത്തിനും കാത്തിരിപ്പിനുമൊടുവില്‍ തന്റെ മടിത്തട്ടിലേക്ക്
പിറന്നുവീഴുന്ന ഒരു കുഞ്ഞിന്റെ ആദ്യകരച്ചില്‍
കേട്ടമാത്രയില്‍ തന്നെ എല്ലാ വേദനകളും മറക്കാന്‍
കഴിയുന്ന ഒരമ്മക്ക് തന്റെ മക്കളുടെ എതൊരു
തെറ്റും പൊറുക്കാന്‍ കഴിയുന്നു എന്നുള്ളത്
അമ്മത്വത്തിന്റെ വലിയൊരു ഗുണമാണ്.

Typist | എഴുത്തുകാരി said...

എല്ലാ അമ്മമാരും ഇങ്ങിനെ തന്നെ. ഇങ്ങിനെ അല്ലാതാവാന്‍ പറ്റില്ല.

ഏറനാടന്‍ said...

അമ്മയ്ക്ക് തുല്യം അമ്മ മാത്രം..

Rasheed Chalil said...

അഭിപ്രായം അറിയിച്ച

സാജു.
രാജീവ്.
ഷാരു.
സുല്‍.
അപ്പു.
മുസാഫിര്‍.
ജി.മനു.
ശ്രീ.
ഷഫ്.
രഘുവംശി.
മൂര്‍ത്തി.
ചന്ദ്രകാന്തം.
കിനാവള്ളി.
കിലുക്കാംപെട്ടി.
കൈതമുള്ള്.
കണ്ണൂസ്.
പാര്‍ത്ഥന്‍.
കുഞ്ഞന്‍.
oab.
രേഷ്മ.
പാമരന്‍.
ബയാന്‍.
അത് കന്‍.
സിനി.
വേണു.
റീനി.
അടയാളം.
എഴുത്തുകാരി.
ഏറനാടന്‍.

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

കഥ പറയുമ്പോള്‍ .... said...

വളരെ നന്നായിരിക്കുന്നു റഷീദ്...

Unknown said...

great idea great..................................

sreedevi said...

ശരിക്കും മനസ്സിൽ തൊട്ടു.

അലീന said...

പോസ്റ്റ്‌ ഇഷ്ട്ടായി .മനസ് നൊന്തു..