Saturday, July 22, 2006

പ്രവാസി..

ഹാന്റ്ബാഗും പിടിച്ചിറങ്ങുമ്പോള്
‍തിരിഞ്ഞുനോക്കാതിരിക്കാന്‍‍
ഞാന്‍ പാടുപെട്ടിരുന്നു-അതകൊണ്ട്
പ്രയോജനമില്ലെന്ന് അറിയാമായിരുന്നിട്ടും

മനക്കണ്ണിന്റെ മൌനം
മനസ്സിന്റെ തിരശ്ശീലയില്‍ കുറിച്ച.
മറക്കാത്ത രംഗങ്ങളുമായി..
എന്റെ മനസ്സ്‌ തേങ്ങികൊണ്ടിരുന്നു.
എനിക്കുമാത്രമായി....

കുഴിഞ്ഞകണ്ണുകളില്‍ നിറയുന്ന കണ്ണീര്
‍തന്നെ ബാധിച്ചിട്ടില്ലന്ന് വരുത്തി
നരച്ചതാടിയില്‍ തലോടിനില്‍ക്കുന്ന;
അടുത്തുചെന്നപ്പോള്‍ അടക്കിപ്പിടിച്ച്‌
'സാരമില്ലാടാ.. നീ പോയിവാ..'
എന്നാര്‍ശീവദിച്ച
എന്റെ പ്രിയ പിതാവിനെ..

ചേര്‍ത്തുനിര്‍ത്തി
നെറ്റിയില്‍ അമര്‍ത്തിചുംബിച്ച്‌..
ഞാനേറ്റവുംമൃദുലമെന്ന് വിശ്വസിക്കുന്ന
തലോടലിലൂടെ 'ഇനിയെന്ന് മോനേ'..
മനസ്സിനോട്‌
മറ്റാര്‍ക്കുമറിയാഭാഷയില്‍ മന്ത്രിച്ച്‌..
നിറഞ്ഞകണ്ണുകളും മുറിഞ്ഞ
മനസ്സുമായിയാത്രയാക്കിയ
എന്റെ പ്രിയമാതാവിനെ...

കവിഞ്ഞൊഴുകുന്ന കണ്ണീരിലും
വിധിയുണ്ടെങ്കില്‍ നമുക്ക്‌ കാണാം
എന്നാശ്വസിപ്പിച്ച..
പ്രിയപ്രേയസിയുടെ നിറകണ്‍കളെ...

കനംതൂങ്ങിയ ദുഃഖാന്തരീക്ഷത്തിലും
ഒന്നുമറിയാതെ..ഒന്നുമോര്‍ക്കതെ..
"ആന കളിക്കാനായി വേഗംവരാം.."
എന്ന വാക്കും വിശ്വസിച്ച്‌
എന്നെ കാത്തിരിക്കുന്ന പ്രിയപുത്രനെ ...

'ഇനിയുംകാണാം' എന്ന
ഒറ്റവാചകത്തില്‍എല്ലാം ഒതുക്കിയ
സായാഹ്നത്തിലെ സൌഹൃദവലയത്തെ...
അകലുന്ന എന്നെനോക്കിനില്‍ക്കുന്ന..
അനേകം നിറകണ്മിഴികളെ..

ഞാന്‍ സ്നേഹിച്ച
എന്നെസ്നേഹിച്ച എന്റെ ഗ്രാമത്തെ...
ഓര്‍മ്മള്‍ക്ക്‌ ജീവന്‍ നല്‍കിയ
പച്ചപടര്‍പ്പുക്കളെ..

എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച
നറുനിലാവിനെ...
പുലരിയില്‍ കൂട്ടിനെത്തിയിരുന്ന
മഞ്ഞുകണങ്ങളുടെ മന്ദഹാസത്തെ...
മൌനത്തിലൂടെ എന്നോട്‌ വാചാലമായിരുന്ന
നീലാകാശത്തിന്റെ നിര്‍-വൃതിയെ..

എല്ലാം ഞാനവഗണിച്ചു.
നീളുന്ന ആവശ്യങ്ങളുടെ ലിസ്റ്റിനടിയില്‍
‍ഞാന്‍ ആഗ്രഹങ്ങളെ കുഴിച്ചുമൂടി
പെറ്റമ്മയും പിറന്നനാടും
നല്‍കുന്നസ്വപ്നങ്ങള്‍ മാത്രം ബാക്കിയായ...
ഞാന്‍...‍ഇന്നൊരു പ്രവാസി
വെറും പ്രവാസി...

16 comments:

Unknown said...

നീളുന്ന ആവശ്യങ്ങളുടെ ലിസ്റ്റിനടിയില്‍
ആഗ്രഹങ്ങളെ കുഴിച്ചുമൂടി
പെറ്റമ്മയും പിറന്നനാടും
നല്‍കുന്നസ്വപ്നങ്ങള്‍ മാത്രം ബാക്കിയായ...
ഞാന്‍...‍ഇന്നൊരു പ്രവാസി
വെറും പ്രവാസി...

NASI said...

ഹൃദയത്തില്‍ തട്ടുന്നവരികള്‍.ഒരു പ്രവാസികുടുംബത്തിലായത് കൊണ്ടാവും
വല്ലാതെ ഫീല്‍ചെയ്തു
ഞാന്‍ ഇതെല്ലാം കണ്ടാ വളര്‍ന്നത്.

എങ്കിലും പ്രവാസിക്ക് ഒരു അപകര്‍ഷതാബോധത്തിന്റെ ആവശ്യമുണ്ടൊ റഷീദ്..

myexperimentsandme said...

വളരെ നന്നായിരിക്കുന്നു, റഷീദ്. പ്രവാസം പോയിട്ട്, നാട്ടില്‍ തന്നെ വീട്ടില്‍നിന്നും ഹോസ്റ്റലിലേക്ക് പോകുമ്പോഴും അതിനുശേഷം വേറൊരു ദേശത്ത് പഠനത്തിനു പോകുമ്പോഴുമെല്ലാം ഇതുതന്നെയായിരുന്നു വികാരം.

Adithyan said...

റഷീദേ നന്നായിരിയ്ക്കുന്നു...

എല്ലാവരുടെയും കഥ ഒന്നു തന്നെ അല്ലെ?

Anonymous said...

ഇതിനു ഒരിക്കല്‍ കമന്റ് എഴുതിയതാണ്.ഇപ്പോള്‍ കാണാനില്ല. അത് കൊണ്ട് ഒന്നുകൂടി ഇവിടെ ഇടുന്നു

നന്നായിട്ടുണ്ട് റഷീദ്.ഇത് ഞാന്‍ അനുഭവിക്കുന്നു എല്ലാവര്‍ഷവും.വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ തിരിഞ്ഞുനോക്കാന്‍ തോന്നുമെങ്കിലും അത് ചെയ്യാതെ എങ്ങോനോക്കി നടക്കാറാണ്.
വായിച്ചെപ്പോള്‍ എവിടെയൊക്കയോ നീറ്റലുണ്ടക്കുന്നു..

ചില നേരത്ത്.. said...

പ്രവാസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഞാന്‍ യാത്രാമൊഴി കേട്ട് വേദനിച്ചിട്ടേയില്ല. കാരണം ഞാനെന്റെ വീട്ടില്‍ ബാല്യത്തിലേ പ്രവാസിയായിരുന്നു. പക്ഷേ ചിലരുടെ വേദന എനിക്ക് തിരിച്ചറിയാനാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ കവിതയും ഒരു ക്ലീഷെ.

ഇടിവാള്‍ said...

നന്നായിരിക്കുന്നു റഷീദ്..
ഓരോ പ്രവാസിയുടേയും വര്‍ഷത്തിലൊരിക്കലുള്ള ഒന്നോ രണ്ടോ മാസത്തെ അര്‍മാദത്തിനുശേഷമുള്ള ആ വേദന.,..

;(

Unknown said...

ഇത് ഞാന്‍ അനുഭവിച്ചതാണ്.അനുഭവസ്ഥരെ അടുത്തറിയുന്നവനാണ്... അകത്ത് നൊമ്പരമായ ആ ദുഃഖം ഞാനിവിടെ കോറിയിട്ടു... അത്രമാത്രം

എഴുത്തില്‍ പിച്ചവെക്കാന്‍ പോലും തുടങ്ങാത്ത എന്റെ മനസ്സിലെ ചില പോറലുളാണ് ഇത്..

എല്ലാവര്‍ക്കും നന്ദി... ഒരുപാട്...

നസി : ഞാനും ഒരു പ്രാവാസകുടുംബത്തിലെ അംഗമായി പിന്നെ പ്രവാസിയായി പ്രമോഷന്‍ കിട്ടിയവനാണ്...
ഇതില്‍ ഞാന്‍ അപകര്‍ഷാതാബോധത്തോടെ ഒന്നും പറയാന്‍ ശ്രമിച്ചിട്ടില്ല പകരം നേട്ടങ്ങളുടെ കണക്കെടുപ്പിനടയില്‍ നഷ്ടമാവുന്ന വിലയേറിയ നന്മകളെ കുറിച്ചോര്‍ത്തുപോയതാണ്.

വക്കരിജീ: നന്ദി ഉറ്റവരെ പിരിയുന്ന വേദനയാണ് പലപ്പോഴും പ്രാവാസിയുടെ ഏറ്റവും വലിയ നൊമ്പരം

ആദിബ്രദര്‍ നന്ദി..ജീവതം എല്ലായിടത്തും ഒന്നല്ലേ.. പിന്നെ മനസ്സും.. പിന്നെ കഥ ഒന്നവാതിരിക്കാന്‍ തരമില്ലല്ലോ

നിയാസ് (നിയാസ് കോളേജ്തലം മുതലുള്ള എന്റെ സുഹൃത്ത്): നന്ദി.. ഒത്തിരി.. പിന്നെ എന്റെ മനസ്സിന്റെ നീറ്റലാണ് ഇത് കുറിച്ചിടാന്‍ പ്രേരിപ്പിച്ചത്..

ഇബ്രൂ : നന്ദി..ബാല്യത്തിലെ പ്രവാസം താങ്കള്‍ക്കു മനക്കരുത്ത് നല്‍കിയിരിക്കാം..എന്നാല്‍ ഞാന്‍ ഇപോഴും പ്രവാസത്തിന്റെ ബാല്യത്തിലാണെന്നു തോന്നുന്നു (3 വര്‍ഷം ഇവിടെ ദുബൈയില്‍)

ഇടിവാള്‍ജീ : ഒത്തിരി നന്ദി.. എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ സ്വീകരിക്കാനെത്തുന്നവരുടെ മുഖത്തുപോലും വരാനിരിക്കുന്ന ഒരു ദുരന്തം പോലെ തിരിച്ചയക്കേണ്ട ഗതികേടിന്റെ മിന്നലാട്ടം കണ്ടിട്ടുണ്ട് ഞാന്‍.. എഴുതിതുടങ്ങിയപ്പോള്‍ അറിയാതെ സെന്റിയായിപ്പോയി..

നിറം said...

അറിയാതെ വന്നതാണ് ഇവിടെ
ആദ്യം കണ്ടത് ഈ ഇത്തിരിവെട്ടവും
ആദ്യം വായിച്ചത് പ്രവാസിയും
വല്ലാതെ ഫീല്‍ ചെയ്തു.
എനിക്കും ഇഷ്ടമായി

ഇനി ഞാന്‍ നിറം
പലനിറങ്ങള്‍ കൂടിയ ഒരു നിറം
അല്ലെങ്കില്‍ പലനിറങ്ങളുണ്ടാ‍ക്കവുന്ന് ഒരു നിറം

Anonymous said...

ഇത്തിരിവെട്ടമേ......
പ്രവാസികളോടപ്പം അവരുടെ കുടുംബവും ദുഃഖിക്കുന്നു. കൈവിരലുകളീല്‍ ദിവസങ്ങളെണ്ണീകഴിയുന്ന എത്രയോ ആളുകളെ എനിക്കറിയാം. ഞാനടക്കം.
പിന്നെ എല്ലാവരും എല്ലാം അറിഞ്ഞിട്ടും അറിയാത്തപോലെ കഴിയുന്നു എന്നു മാത്രം.നല്ലോരുശതമാനവും ആളുകളും ആഡംബരം സ്വപനം കണ്ടു പ്രവാസിയായതല്ല, പോയില്ലങ്കില്‍ വീട്ടില്‍ അടുപ്പ് പുകയില്ല എന്ന തിരിച്ചറിവാണ് അവരെ പ്രാവസിയാക്കുന്നത്.
ഞങ്ങളുടെ ദുഃഖവും ഇവിടെ കുറിക്കുന്നു. എല്ലാപ്രാവാസകുടുംബങ്ങള്‍ക്കും വേണ്ടി

തറവാടി said...

അവസാനമില്ലാതെ തുടരുuന്ന പ്രവാസികളുടെ ...................

Anonymous said...

വളരെനന്നായിരിക്കുന്നു. really nostalgic, especially for the one who expereince seperation from the dear ones.
Great work

SHAREEF CHEEMADAN said...

വളരെ ശരിയാ
നമ്മുടെ വിധി
അല്ലാതെന്തു പറയാനാ....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രവാസത്തിന്റെ പ്രയാസങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വാക്കുകള്‍ എത്ര എഴുതിയാലും കേട്ടാലും തീരില്ല!
ഞാനും ഈ വിഷയത്തില്‍ ഒരു ചെറുകഥ എഴുതിയിരുന്നു. താല്പര്യമെന്കില്‍ ഇവിടെ വായിക്കാം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇവിടെ നോക്കാം

ആഷിക്ക് തിരൂര്‍ said...

താങ്കളുടെ ഈ പോസ്റ്റ് എന്റെ കണ്ണുകൾ നനയിച്ചു. ഹതഭാഗ്യരായ എത്രയോ പേർ നമുക്ക് ചുറ്റും? നമ്മുടെ കരുണയ്ക്കായി കേഴുന്നു? എന്തെങ്കിലും നഷ്ടപ്പെടുത്താതെ ഒന്നും നേടാനാകില്ലെന്ന് നിങ്ങൾ എത്ര തന്മയത്വത്തോടെ എഴുതിയിരിയ്ക്കുന്നു.. വീണ്ടും വരാം..സസ്നേഹം ...