Wednesday, June 28, 2006

ഇത്തിരിവെട്ടത്തിന്റെ നിഴലില്‍...


ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭ്രുണ ഹത്യയോ എന്നു സന്ദേഹിക്കുന്ന മനുഷ്യമനസ്സാക്ഷിക്ക്‌ ഇതു സമര്‍പ്പിക്കുന്നു.

പശ്ചാത്തലം:- കൃസ്തുവര്‍ഷം ആറാം നൂറ്റാണ്ട്‌, ചില അറബിഗോത്രങ്ങള്‍ പെണ്മക്കളെ കുഞ്ഞുനാളില്‍ കുഴിച്ചുമൂടിയിരുന്നു...
-----------------------------------------------
ഒത്തിരി സന്തോഷത്തിനും സന്താപത്തിനും സക്ഷിയായി പകല്‍ ഒരിക്കല്‍ കൂടി രാത്രിക്കു കീഴടങ്ങി.. പകലിന്റെ പൊള്ളല്‍ മറന്ന്; രവിനോടപ്പമെത്തുന്ന തണുപ്പിന്റെ ഗാഢാലിംഗനത്തിമര്‍ന്നുകൊണ്ടിരിക്കുന്ന മരുഭൂമിയുടെ ഘനീഭവിച്ച ഏകാന്തതയില്‍.. നീണ്ടുനീണ്ടു പോവുന്ന കാല്‍പാടുകളുടെ അവസാനം ഇരുണ്ട നിറവും ദ്രഢശരീരവുമായി ഒരു തൊഴിലാളി നടന്നുനീങ്ങുന്നു.. മണലില്‍ നിന്ന് കാലുകള്‍ ആഞ്ഞാഞ്ഞ്‌ വലിച്ചെടുക്കുമ്പോഴും അതിലേറെ കരുത്തൊടെ ആഞ്ഞുവെക്കുമ്പോഴും ആരൊടൊക്കെയോ ദേഷ്യം തീര്‍ക്കുകയാണെന്നു തോന്നും. സധാരണ അന്നത്തെ അധ്വാനത്തിന്റെ വേതനവും പറ്റി,കുറച്ചുസമയം മദ്യശാലയില്‍ ചിലവഴിച്ച്‌, പിന്നെ നേരെ വീട്ടിലേക്കുനടക്കാറാണ്‌ പതിവ്‌;പക്ഷെ ഇന്നു പാതിരാത്രിയും കഴിഞ്ഞിരിക്കുന്നു....
അറബികള്‍ക്കിടയില്‍ അത്യവശ്യം അറിയപ്പെടുന്ന ഗോത്രത്തിലെ ഒരംഗം,അരോഗ്യദൃഢഗാത്രന്‍,എപ്പോഴും പ്രസന്നമായ പ്രകൃതം, എങ്കിലും ഒരു കുഞ്ഞില്ലാത്ത ദുഃഖം അയാളെ അലട്ടിയിരുന്നു. ഭാര്യ മൂന്നുപ്രസവിച്ചെങ്കിലും കുഞ്ഞുങ്ങളെല്ലാം മരിച്ചുപോയി എന്നാണു പുറം ലോകം പറഞ്ഞത്‌. എന്നാല്‍ പെണ്‍കുഞ്ഞിന്റെ അഛനാവുക എന്ന മാനകേടിനു നില്‍ക്കതെ ആ കുഞ്ഞുങ്ങളെയെല്ലാം ജീവനോടെ മരുഭൂമിയിലെവിടെയോ കുഴിച്ചുമൂടിയതിനു മണല്‍പുറ്റുകള്‍ മാത്രമായിരുന്നു സാക്ഷി..ഓരോപ്രാവശ്യവും ഭാര്യ ഗര്‍ഭിണിയാവുമ്പോള്‍ അയാള്‍ സ്വപ്നം കാണാന്‍ തുടങ്ങും. ആദ്യം ഉയരുന്ന അവന്റെ കരച്ചില്‍ മുതല്‍, അവനിലൂടെ തന്റെ കുടുംബം നിലനില്‍ക്കുന്നതും അവശതയില്‍ തനിക്ക്‌ അവന്‍ അത്തണിയാവുന്നതും..., അങ്ങനെ സ്വപ്നലോകത്തുനിന്ന് യഥാര്‍ത്ഥ്യത്തിന്റെ ലോകത്തെത്തുമ്പോള്‍ ആദ്യം അപമാനത്താല്‍ മുഖം കുനിയും, പിന്നെ മുഖമിരുളും, പിന്നീട്‌ ചോരക്കുഞ്ഞിനേയും കൊണ്ട്‌ അയാള്‍ മരുഭുമിയിലെ ഇരുളില്‍ മറയും.. പിന്നെ പിഞ്ചുശരീരം മരുഭൂമിക്കു സ്വന്തം..
അയാള്‍ വീണ്ടും സ്വപ്നം കാണാന്‍ തുടങ്ങി.. തനിക്കറിയുന്ന സകല ദൈവങ്ങള്‍ക്കും വഴിപാടുകളും പ്രര്‍ത്ഥനയുമായി.. എന്നിട്ടും കാലം അയാളെ നിരാശനാക്കി.. പതിവ്‌ പോലെ അവളെയും കയ്യിലെടുത്തു.പക്ഷെ ഇപ്രാവശ്യം അയാളുടെ ബലിഷ്ടകരങ്ങളില്‍ ഭര്യയുടെ കൈകള്‍ മുറുകിയിരുന്നു.. സംശയത്തോടെ മുഖംതിരിച്ച അയളുടെ മുമ്പില്‍ അവര്‍ പൊട്ടികരഞ്ഞു.. കരച്ചിലിനിടയിലും മതൃത്വത്തിന്റെ മഹത്ത്വം ആ കാടമനസ്കനെ മനസ്സിലാക്കാന്‍ ശ്രമിക്കുകുന്നുണ്ടായിരുന്നു അവര്‍.. കണ്ണും കൈയ്യും പൂട്ടി ഇതൊന്നുമരിയാതെ അയാലുടെ കയ്യില്‍ കിടന്ന കുഞ്ഞിന്റെ നിഷ്കളങ്കവദനവും അയളെ സ്വധീനിച്ചിരിക്കണം.

അവസാനം അയാളുടെ മനസ്സലിഞ്ഞു.. ആരൊരുമറിയതെ അവളെ വളര്‍ത്താന്‍ തീരുമാനിച്ചു. കാരണം തന്റെ ഗോത്രം ഈവിവരമരിഞ്ഞാല്‍ ഉണ്ടാവുന്ന മാനക്കേട്‌ അവര്‍ ഭയപ്പെട്ടു. പതിവുപോലെ കുഞ്ഞ്‌ മരിച്ചെന്നു എല്ലാവരോടും പറഞ്ഞു.തുടക്കത്തില്‍ അയാള്‍ക്ക്‌ കുഞ്ഞിനോട്‌ ഒരു അകല്‍ച്ചയായിരുന്നു.പിന്നീടെപൊഴോ അവളുടെ പല്ലില്ലാചിരിയില്‍ അയാളും വീണുപോയി.അവള്‍ അയാള്‍ക്ക്‌ എല്ലൊമായിമാറാന്‍ അധികസമയം വേണ്ടിവന്നില്ല.അവള്‍ ജനിച്ച്‌ മൂന്നു വര്‍ഷം കഴിഞ്ഞിരുന്നു. തന്റെ വീട്ടില്‍ വളരുന്ന രഹസ്യം പുറത്തറിയാതിര്‍ക്കാന്‍ ആ മാതാപിതാക്കള്‍ പാടുപെട്ടു.. പക്ഷെ അത്‌ ഒരു അനിവാര്യതപോലെ സംഭവിക്കുകതന്നെ ചെയ്തു.
അന്ന് മദ്യശാലയില്‍ അയാളെ സ്വീകരിച്ചത്‌ സുഹൃത്തുക്കളുടെ പരിഹാസമായിരുന്നു. അയാള്‍ ചെയ്തകുറ്റങ്ങള്‍ എണ്ണിയെണ്ണി അവര്‍ പരിഹസിച്ചു. പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ അയാളുടെ പൌരുഷത്തെ, അതിനെ നശിപ്പിക്കന്‍ തയ്യറാവാതത ഭീരുത്വത്തെ, പെണ്‍ വാക്ക്‌ കേട്ട ദൌര്‍ബല്ല്ല്യത്തെ... ചുറ്റു ഭാഗത്തു നിന്നും പരിഹാസശരങ്ങള്‍ അയാളെ ഭ്രന്ത്‌ പിടിപ്പിച്ചു. ആരൊടൊക്കെയോ അടക്കാനാവാത്ത ദേഷ്യവുമായി തണുത്തുറയാന്‍ തുടങ്ങുന്ന മരുഭുമിയിലേക്കിറങ്ങി...
ഈന്തമരതൂണുകളും മണല്‍കട്ടകളും കൊണ്ട്‌ പണിത കൊച്ചുകൂരയില്‍ അന്ന് പതിവിലും വൈകിയാണ്‌ അയാള്‍ എത്തിയത്‌.. വൈകിയ ദിവസങ്ങളില്‍ ഉറങ്ങുന്ന മോളെ കാണാറുള്ള പതിവും അന്നു തെറ്റിച്ചു..ഭാര്യയുടെ ചോദ്യങ്ങള്‍ക്കെല്ലാം എന്തൊക്കെയോപറഞ്ഞൊഴിഞ്ഞു. അയാള്‍കകത്ത്‌ ഒരു സംഘട്ടനം നടക്കുകയയിരുന്നു. ഒരു കാര്യം മത്രം അയാള്‍ ഭാര്യയോടു പറഞ്ഞു.'നാളെ നേരത്തെ മകളെ റെഡിയാക്കി നിര്‍ത്തണം, ഓെരിടംവരെ പോവാനുണ്ട്‌'.
ഉറങ്ങികിടക്കുന്ന ഭാര്യക്കും മകള്‍ക്കുമിടയില്‍ കിടന്ന് അയാള്‍ വീര്‍പ്പുമുട്ടി.അവളുടെ കുഞ്ഞുമുഖത്തേക്ക്‌ നോക്കാന്‍ അയാള്‍ക്കു ധൈര്യം വന്നില്ല.ഒരുപക്ഷെ തന്റെ തീരുമാനത്തില്‍ നിന്നു പിന്തിരിയാന്‍ സധ്യതയുണ്ടെന്ന് അയാള്‍ക്ക്‌ തോന്നിയിരിക്കണം.
രവിലെ അയാള്‍ എഴുന്നേല്‍ക്കുമ്പോഴേക്കു ഭാര്യ അവളെ ഒരുക്കി നിര്‍ത്തിയിരുന്നു. പുത്തന്‍ ഉടുപ്പുകളണിഞ്ഞ്‌, ജീവിതത്തില്‍ ആദ്യമായി പുറം ലോകം കാണാന്‍ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു അവള്‍.ഒരു കൈയ്യില്‍ മകളും അടുത്ത കയ്യില്‍ ഭാര്യ കാണാതെ ഒളിപ്പിച്ചിരുന്ന തുമ്പയുമായി അയാള്‍ മരുഭൂമിയിലേക്കിറങ്ങി.
വീട്ടില്‍ നിന്നിറങ്ങിയതുമുതല്‍ അവള്‍ സംസരിക്കാന്‍ തുടങ്ങി.ആദ്യമായി കണുന്ന പുറം ലോകം അവളെ അമ്പരപ്പിച്ചു. ചില ചോദ്യങ്ങള്‍ക്കെല്ലാം അയാള്‍ മറുപടി പറഞ്ഞു, ചിലതെല്ലൊം അവഗണിച്ചു, നിരന്തരം സംസാരിച്ചും ഇടയ്കിടെ പൊട്ടിച്ചിരിച്ചും അവള്‍ അയാള്‍ക്കൊപ്പം നടന്നു.ആളൊഴിഞ്ഞ മരുഭൂമിയില്‍ ലഭിച്ച ഒരു നിഴല്‍ വട്ടത്തില്‍ അവളെ മാറ്റിനിര്‍ത്തി തെല്ലുമാറി അയാള്‍ കുഴിയെടുക്കാന്‍ തുടങ്ങി.
കുറച്ചുസമയം തനിച്ചുനിന്ന അവള്‍ പിന്നീട്‌ അയാള്‍ക്കടുത്ത്‌ ചോദ്യഭാവത്തില്‍ നിന്നു.ജോലിക്കിടയില്‍ വിശ്രമിക്കാന്‍ നിന്ന അയാളുടെ അടുത്ത്‌ അവള്‍ ഓടിയെത്തി. കുഴിക്കു ചുറ്റും കൂടികിടക്കുന്ന മണ്‍കൂനയില്‍ കയറിനിന്ന് അവള്‍ അയാളുടെ വിയര്‍പ്പ്‌ ഓപ്പി കൊടുത്തു. കുഞ്ഞുകൈകള്‍ കൊണ്ട്‌ നെഞ്ചില്‍ പറ്റിയ മണല്‍ തരികള്‍ തട്ടികൊടുത്തു. അയാള്‍ വീണ്ടും ജോലി തുടങ്ങിയപ്പോള്‍ അവള്‍ മാറിനിന്നു.കുഴിയെടുത്തു കഴിഞ്ഞു അയാള്‍ കരക്കുകയറി.ഇത്തിരിസമയം നിസംഗനായി നിന്നു, പിന്നെ മകളെ വിളിച്ചു. അവള്‍ ഓടി അയാളുടെ അടുത്തുവന്നു, കുഴിയിലേക്കുറ്റു നോക്കിയ അവളെ കുഴിയിലേക്കു തള്ളി, പിടിവള്ളിക്കായി നീട്ടിയ അവളുടെ കൈയ്യില്‍ തടഞ്ഞത്‌ അയാളുടെ കൈകളായിരുന്നു.ശക്തിയായി കുടഞ്ഞു. അഛാ.... എന്ന് വിളിച്ച്‌ അവള്‍ കുഴിയിലേക്ക്‌ വീണു. രണ്ടമത്‌ ഒരു വിളിക്കുക്കൂടി അവസരം ലഭിക്കും മുമ്പേ മണല്‍ അവളുടെ തലയില്‍ വീണിരുന്നു. അപൂര്‍ണ്ണമായ ആ നിലവിളിക്കുമേല്‍ അയാള്‍ വാശിയോടെ മണ്ണു നിറച്ചു. തുമ്പയുമെടുത്തു അയാള്‍ തിരിച്ചു നടന്നു, എവിടയോ തനിക്കായി നിറച്ച ചഷകവും തേടി.
-----------------------------------------------------------
കുറിപ്പ്‌:-പ്രവചക സന്നിധിയില്‍ ഒരു അനുയായി തന്റെ പൂര്‍വ്വകാലത്തിലെ ഒരു സംഭവം വിവരിച്ചതാണ്‌ ഇത്‌.
---------------------------------------------------------
വാല്‍കഷ്ണം:-1400 വര്‍ഷത്തിന്റെ ദൈര്‍ഘ്യം ഒരു മാറ്റവും വരുത്തിയില്ലേ മനുഷ്യനില്‍...പെരുകിവരുന്ന പെണ്‍ഭ്രൂണഹത്യകള്‍ ഇതിന്റെ സാക്ഷ്യമണോ....ആര്‍ക്കറിയാം..............

4 comments:

ഡാലി said...

കേരളത്തില്‍ ഒരു പെണ്‍കുഞ്ഞിനു വേണ്ടിയായിരുന്നു പണ്ടൊക്കെ ദത്തെടുപ്പുകള്‍ നടന്നത്. നമ്മളിപ്പോള്‍ പുറകോട്ട് നടക്കാനാണോ നോക്കുന്നത് എന്നു തോന്നിപോകും പുതിയ റിപ്പോര്‍ട്ടുകള്‍ കണ്ടാല്‍....
അമ്മമാരുടെ വേദന ആരും കാണറില്ല.

Anonymous said...

ലോകരുടെ ദുഃഖമകറ്റാന്‍ യശോദരയുടെ ദുഃഖം മറന്ന ബുദ്ധനെ കുറിച്ച്‌ എവിടെയോ വായിച്ചത്‌ ഓര്‍ക്കുന്നു..

നന്നായിരുന്നു...

ബിന്ദു said...

അയ്യോ.... പെണ്‍കുഞ്ഞുങ്ങളെ സന്താനമായി കാണാത്തവരെ... എന്തു ചെയ്യാന്‍. നമുക്കങ്ങനെ അല്ലാതിരിക്കാം.
:(

Kalesh Kumar said...

യു.ഏ.ഈയിലെ ബൂലോഗരുടെ പ്രഥമ സംഗമത്തിന്റെ ബ്ലോഗിന്റെ (http://uaemeet.blogspot.com/ ) അഡ്‌മിന്‍ പ്രിവിലേജോടുകൂടിയ അംഗത്വം ദയവായി സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി http://uaemeet.blogspot.com/ സന്ദര്‍ശിക്കുക.
അതോടൊപ്പം തന്നെ ഇതിലേക്ക് അകമഴിഞ്ഞ പിന്തുണയും സജീവ സാന്നിദ്ധ്യവും എല്ലാ പ്രോത്സാഹനങ്ങളും ഉണ്ടാകണമെന്നും താഴ്‌മയായി അപേക്ഷിക്കുന്നു.

സസ്നേഹം സ്വന്തം കലേഷ്