Saturday, January 06, 2007

മറക്കാനാവത്ത പുഞ്ചിരി...

ഇന്ന് രാവിലെ നിര്‍ത്താതെ മുഴങ്ങുന്ന മൊബയില്‍ ബെല്ല് കേട്ടാണ്‌ ഉണര്‍ന്നത്‌.

"നീ ഉറക്കത്തിലാണോ ?" സുഹൃത്തിന്റെ സ്വരം.

"ഇല്ല എന്തേ..."

"നാട്ടില്‍ നിന്ന് ഒരു ബാഡ്‌ ന്യൂസ്‌ ഉണ്ട്‌"

"ഉം... നീ പറ"

"നമ്മുടെ ഹസ്സനിക്ക മരിച്ചെത്രെ... ഇന്ന് പുലര്‍ച്ചേ..."

സുഹൃത്ത്‌ ഫോണ്‍ വെച്ച്‌ കഴിഞ്ഞിട്ടും എന്നെ ആ ശബ്ദം വേട്ടയാടികൊണ്ടിരുന്നു.

മനസ്സില്‍ ആദ്യം ഓടിയെത്തിയത്‌ നാട്ടില്‍ ചെന്നതിന്റെ പിറ്റേദിവസം അദ്ദേഹത്തേ കാണാനായി ചെന്നതായിരുന്നു. മുറിയില്‍ കത്തുന്ന ട്യൂബ്‌ ലൈറ്റിന്റെ വെളിച്ചത്തിലും എല്ലാം വ്യക്തമാവാന്‍ ഒത്തിരി സമയമെടുത്തു. ഏതോ നല്ലമരത്തില്‍ കടഞ്ഞെടുത്ത കറുത്ത നിറത്തിലുള്ള വീതിയുള്ള കട്ടിലില്‍ അകത്ത്‌ വെള്ളം നിറച്ച ബെഡ്ഡില്‍ കഴുത്ത്‌ വരേ വെളുത്ത തുണി പുതപ്പിച്ച്‌ ചെരിഞ്ഞ്‌ കിടക്കുന്ന രൂപത്തിന്‌ മനുഷ്യരൂപവുമായി വിദൂര സാമ്യമേ ഉണ്ടായിരുന്നുള്ളൂ.

വെളുത്ത തുണി പതുക്കേ എന്റെ സുഹൃത്ത്‌ താഴേക്ക്‌ നീക്കി. ചുരുണ്ടുകൂടി ചരിഞ്ഞ്‌ കിടക്കുന്ന ഒരു മനുഷ്യരൂപം. മടക്കിയ കാല്‍മുട്ടുകള്‍ രണ്ടും നെഞ്ചോട്‌ ചേര്‍ന്നിരിക്കുന്നു. അതിനു പുറത്തൂടേ മുഷ്ടികള്‍ മടക്കിയ മുട്ടുകള്‍ പകുതി വളഞ്ഞ കൈകള്‍. കൈകാലുകളിലേ നഖം വളര്‍ന്ന് തോലിയോട്‌ ചേര്‍ന്ന് വളഞ്ഞിരിക്കുന്നു. പതുക്കേ അനങ്ങുന്ന മാറിടവും പിന്നെ ഇടയ്കിടേ കണ്ണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരും മാത്രമാണ്‌ ജീവനുണ്ട്‌ എന്നതിന്‌ തെളിവ്‌.


കിടക്കയില്‍ ചുരുണ്ട്‌ കിടക്കുന്ന ആ രൂപത്തെ ഞാന്‍ അത്ഭുതത്തോടെ അതിലേറെ സങ്കടത്തോടെ നോക്കിനിന്നു. അകത്ത്‌ നിന്ന് ഉരുണ്ടുകയറിയ സങ്കടം തൊണ്ടയില്‍ തടഞ്ഞിരിക്കുന്നു. കണ്‍തടങ്ങള്‍ പുകയുന്നുണ്ട്‌. ഒന്നും പറയാനാവാതെ നോക്കിനിന്നു.


ഒരു വര്‍ഷം മുമ്പ്‌ യാത്ര ചോദിക്കാനായി അവിടെ പോയ രംഗമായിരുന്നു അപ്പോള്‍ എന്റെ മനസ്സ്‌ നിറയേ. ഈസി ചെയറിന്റെ നീണ്ട പിടിയില്‍ കാല്‌ രണ്ടും കയറ്റിവെച്ച്‌ മടിയിലെ വെറ്റിലപാത്രത്തില്‍ നിന്ന് ഓരോന്നും വളരേ ശ്രദ്ധയോടെ ചുരുട്ടിയെടുത്ത്‌ വായിലേക്കിട്ട്‌ രണ്ട്‌ കണ്ണും അമര്‍ത്തിച്ചിമ്മി എന്നോട്‌ ചിരിച്ച ആ ആജാനബാഹുവായിരുന്നു മനസ്സ്‌ നിറയെ.


ഒരു പഴയ ഗള്‍ഫുകാരനായ അദ്ദേഹം തൊള്ളായിരത്തി എഴുപതുകളില്‍ ലോഞ്ചിന്‌ ദുബൈയിലെത്തിയത്‌ എന്നോട്‌ വിശദമായി പറഞ്ഞശേഷം "എല്ലാ പഴയ ഗള്‍ഫുകാരും നിങ്ങളോട്‌ ഈ കഥ പറയാറുണ്ടാവും അല്ലേ... എന്ന് പൊട്ടിച്ചിരിച്ചതും ചുരുണ്ട്‌ കൂടി കിടക്കുന്ന രൂപത്തിന്‌ മുമ്പില്‍ നിന്നപ്പോള്‍ മനസ്സിലെ നീറ്റലായി.


താടിയെല്ലിന്റെ സമീപം ഒരു ചെറിയ മുഴയുണ്ടെന്നും, മൈനര്‍ ഓപറേഷന്‌ വേണ്ടി അടുത്ത ആഴ്ച കോഴിക്കോട്‌ ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആവുന്നതിനേക്കുറിച്ചും അന്ന് സംസാരത്തിനിടേ പറഞ്ഞിരുന്നു. ഒരുപാട് സമയം സംസാരിച്ചിരുന്ന് യാത്രപറഞ്ഞ്‌ പിരിഞ്ഞ ഞാന്‍ പിന്നീട് ആദ്യം‌ കേട്ടത്‌ ഓപ്പറേഷന്‌ ശേഷം അദ്ദേഹത്തിന്‌ ബോധം തിരികെ ലഭിച്ചില്ലാ എന്നായിരുന്നു. ഏതോ ഒരു ഡോക്ടര്‍ക്ക്‌ കൈയ്യബദ്ധം പറ്റിയതാണെന്ന് പിന്നിടറിഞ്ഞു. ഒരു മാസത്തെ ചികിത്സക്ക് ശേഷം അവര്‍ വീട്ടിലേക്ക്‌ മടക്കി.


പിന്നെ ഒരു വര്‍ഷത്തിലധികം ഒരേ കിടപ്പ്‌. ശരീരം അനക്കാനാവില്ല. സന്ധികളില്‍ നീര്‍കെട്ടിയിരിക്കുന്നു. വളഞ്ഞ്‌ വരുന്ന കൈകാലുകള്‍ നീര്‍ത്താന്‍ ശ്രമിച്ചാല്‍ കണ്ണുകള്‍ നിറഞ്ഞൊഴും. എല്ലാം കേള്‍ക്കാന്‍ കഴിയും എന്ന് നിറഞ്ഞൊഴുകുന്ന കണ്ണുകളിലൂടെ അറിയാം. തൊണ്ടയിലൂടെ അകത്തേക്കിറങ്ങുന്ന കുഴലിലൂടെ വല്ലപ്പോഴും ഇത്തിരി വെള്ളം. ഇപ്പോള്‍ അതും അവസാനിച്ചെത്രെ... എല്ലാം അവസാനിപ്പിച്ച്‌ മറ്റൊരു ലോകത്തേക്ക്‌ മറ്റൊരു യാത്ര ആരംഭിച്ചെത്രെ.

ഇതെഴുതുമ്പോഴും ആ പുഞ്ചിരിക്കുന്ന രൂപം മായാത്ത ചിത്രമായി മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഒരു വര്‍ഷം മുമ്പ്‌ മുറുക്കി ചുവപ്പിച്ച ചുണ്ടുകളിക്കിടയില്‍ നനഞ്ഞു നിന്നിരുന്ന അതേ പുഞ്ചിരിയുമായി.

21 comments:

മുസ്തഫ|musthapha said...

ഇത്തിരിവെട്ടം, ഈ പോസ്റ്റ് നൊമ്പരപ്പെടുത്തി :(

കുറുമാന്‍ said...

ഹാ കഷ്ടം. ഒരു ഡോക്ടറുടേ കൈയ്യബദ്ധത്തിന്റെ വില ഒരു ജീവന്‍.

myexperimentsandme said...

സങ്കടമായി :(

വേണു venu said...

ഇത്തിരിവെട്ടമേ, സത്യത്തില്‍ ഈ പോസ്റ്റെന്നെ നൊമ്പരപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ ഭയപ്പെടുത്തുകയാണു്.
ഓപ്പറേഷനു ശേഷം സീരിയസ്സായ എന്‍റെ അച്ഛനു സമപ്രായനായ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയി കാണാനെനിക്കൊരു വിധിയുണ്ടായി. ഓര്മ്മകള്‍ പരിശ്ശിതം വിടപറയുന്നതിനു മുന്‍പു് എന്നോടു പറയുകയുണ്ടായി. തിരുവനതപുരം മെഡിക്കല്‍ കോളേജില്‍ ആരെയും അഡ്മിട്ടു ചെയ്യരുതന്‍റെ കുഞ്ഞേ. എന്നെ അവര്‍ കൊന്നു കഴിഞ്ഞിരിക്കുന്നു.

നിറം said...

ഇത്തിരിവെട്ടമേ ശരിക്കും വേദനിപ്പിച്ചു. കൂടെ ഇത്തിരി ഭയവും.
എന്റെ അഭിപ്രായത്തില്‍ ഒരിക്കലും തെറ്റുപാറ്റാന്‍ പാടില്ലാത്ത വര്‍ഗ്ഗമാണ് ഡോക്ടര്‍മാര്‍. എങ്കിലും ഇത് ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറത്ത് ഫുഡ്ബോള്‍ കളിക്കുന്നതിനിടേ പരിക്ക് പറ്റിയ ഒരു ചെറുപ്പക്കാരന്‍ അനസ്തേഷ്യ കൂടിയ കാരണം മരണപെടുകയുണ്ടായി. ഒരു കൈയബദ്ധത്തിന്റെ പേരുപറഞ്ഞ് അത് ചെയ്ത ഡോക്ടറും ആ ഹോസ്പിറ്റലും കൈകഴുകി. അങ്ങനെ എത്ര കഥകള്‍.

Unknown said...

:-(

mydailypassiveincome said...

ഇതു വായിച്ചപ്പോള്‍ ഇന്നലെ റോഡ് ആക്സിഡന്റില്‍ ഒരാള്‍ മരിച്ചുകിടക്കുന്നതും കുറെ പോലീസുകാരും ജനങ്ങളും നോക്കി നില്‍ക്കുന്നതും കണ്ടത് ഓര്‍മ്മിച്ചു. രക്തം അയാള്‍ക്കു ചുറ്റും തളം കെട്ടിക്കിടന്നിരുന്നു. :(

ലിഡിയ said...

നിഠാരിയ ഗ്രാമത്തിലെ ബാല്യത്തിന്റെ അവശിഷ്ടങ്ങള്‍ കണ്മുന്നില്‍ കാണുമ്പോള്‍, കുരുന്നുകളുടെ എല്ലിങ്കഷണങ്ങള്‍ക്ക് മുന്നില്‍ കടിപിടികൂടുന്ന സോണിയയേയും മുലായത്തിനേയും വാജ്പേയിയേയും ഒക്കെ കാണുമ്പോള്‍ ഭീതി മാത്രം, ജീവിതമെന്ന നൂല്പാലത്തിലൂടെയുള്ള യാത്രയോര്‍ത്തുള്ള ഭീതി മാത്രം, സ്വപ്നങ്ങളൊക്കെയും മരവിച്ച നിറത്തില്‍ അതിന് താഴെമാത്രം.

-പാര്‍വതി.

സു | Su said...

:(

സഞ്ചാരി said...

ഡോക്ടര്‍ക്കുപറ്റിയ കൈയ്യബദ്ധം കൊണ്ടു ഹസ്സനക്ക എത്ര വോദന തിന്നിട്ടുണ്ടാവും.
മനസ്സിനെ വളരെയധികം വേദനിപ്പിച്ചു.

വല്യമ്മായി said...

ഈ പോസ്റ്റില്‍ ഡോക്ടറുടെ അനാസ്ഥയേക്കാള്‍ വേറൊരു സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.ഉയര്‍ന്ന ചികിത്സ്s ചെലവു കാരണം പ്രവാസികള്‍ പലരും അസുഖ ലക്ഷനങ്ങളെ അവഗ്ഗണിക്കുന്നു.അധിക ജോലി സമയവും കൊഴുപ്പ അധികമുള്ള ഭക്ഷണവും മാനസിക സമര്‍ദ്ദങ്ങളും അവനെ പെട്ടൊന്നൊരു രോഗിയാക്കുന്നു.

അല്ലെങ്കിലേ കുറഞ്ഞ ശമ്പളം,അസുഖമായി ലീവെടുത്താല്‍ പിന്നേയും കുറയും.പിന്നെ അസുഖമായി നാട്ടില്‍ ചെന്നാല്‍ കാണേണ്ട മുഖങ്ങള്‍ അവസാനം വരെ എല്ലാം സഹിച്ച് ഇവിടെ നില്‌ക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു.

ബയാന്‍ said...

ഇത്തിരിവെട്ടം, എന്റെ അവസാനം വളരെ ഭംഗിയായി പറഞ്ഞു തന്നതിനു നന്ദി, വല്യമ്മായി പറഞ്ഞ പോലെ, കുറെ തട്ടും മുട്ടുമൊക്കെ കേള്‍ക്കും, എങ്കിലും, ഓടുന്നത്ര ഓടട്ടെ, വഴിക്കാവാതിരുന്നാല്‍ മതി.

തറവാടി said...

ഇത്തിരീ

ഈ ലോകത്തില്‍ സത്യം ഒന്നു മാത്രമേയുള്ളൂ , ഒരു ദിവസം നമ്മളും ആ , അറിയാത്ത ലോകത്തിലേക്ക് ആരുമില്ലാതെ പോകുമെന്നുള്ളത്.

ഓരോപ്രാവശ്യം നാട്ടില്പോകുമ്പൊഴും , നാട്ടിലുള്ള അറിയുന്ന തലകളുടെ എണ്ണം കുറയുന്നു എന്നത് ദുഖിപ്പിക്കുന്ന ഒരു സത്യം തന്നെയാണ്‌.

നാമെല്ലാം ഒരു യാത്രയിലാണ്‌ , അറിവില്ലാത്ത ആ ലോകത്തേക്ക് പുറപ്പെടെണ്ട ആ ദിനത്തിലേക്കുള്ള യാത്രയില്‍

എത്ര പേര്‍ മനസ്സിലാക്കുന്നുണ്ട് ആ സത്യം?

ഞാനടക്കം എല്ലാവരും എല്ലാം മറന്നു പോകുന്നു


നല്ല പ്പോസ്റ്റെന്ന് പറയണ്ടല്ലോ , ഓര്മ്മപ്പേടുത്തിയ ഒരു സത്യം

അതിനുപയോഗിച്ച ഭാഷ വളരെ നന്നായി


(
വേണുവേട്ടാ,

ഭയപ്പെടുകയല്ലാ വേണ്ടത് , ആ സത്യം മനസ്സിലാക്കി മുന്നോട്ട് പോകുകതന്നെയാണ്‍ , ശരിയല്ലെ?

:) )

ഏറനാടന്‍ said...

ഇന്നത്തെ ദിനം മരണത്തിനുള്ളതാണോ?! മിന്നാമിനുങ്ങിനും ഇത്തിരിവെട്ടത്തിനും വിരഹദു:ഖസാന്ദ്രമായ ഓര്‍മ്മാകള്‍, ഏവരും ഒരിക്കലെങ്കിലും മരണമെന്ന നഗ്നസത്യത്തെ സ്മരിക്കുവാന്‍ ഒരുവേളയെങ്കിലും ശ്രമിക്കണമെന്ന സംഗതി ഓര്‍ക്കുന്നു.

കരീം മാഷ്‌ said...

ഓരോ വര്‍ഷവും കടന്നു പോകുന്ന ആളുകളും, കാലിയായ അവരുടെ ഇരിപ്പിടങ്ങളും കാണുമ്പോള്‍ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട് ഈ ട്രയല്‍ ബാലന്‍സും, ബാലന്‍ഷീറ്റും മണ്ണാങ്കട്ട!
പിന്നെ
പപ്പാ ഇപ്പ്രാവശ്യത്തെ ഫീസിനുള്ള മെമ്മോ വന്നു എന്നു കേള്‍ക്കുമ്പോള്‍ അടുത്ത ക്ലോസിംഗ് എന്‍‌റ്ട്രി ഇടുന്നു.

സുല്‍ |Sul said...

ഒത്തിരി സങ്കടമായി ഈ പോസ്റ്റ്. അള്ളാഹു അദ്ദേഹത്തിന്റ്റെ പരലോക ജീവിതം സുഖമാക്കിക്കൊടുക്കട്ടെ!

-സുല്‍

NASI said...

കഷ്ടം... വല്ലാതെ വേദനിപ്പിക്കുന്നു ഇത്തരം സംഭവങ്ങള്‍.

Rasheed Chalil said...

അഗ്രജാ നന്ദി കെട്ടോ.

കുറുമാന്‍ നന്ദി. അതാണ്‌ സത്യം. അദ്ദേഹത്തിന്റെ മകനോട്‌ ഡോക്ടര്‍ വിളിച്ച്‌ പറഞ്ഞെത്രെ. മനുഷ്യനല്ലേ... അബദ്ധം ആര്‍ക്കും പറ്റാമെന്ന്. പക്ഷേ താങ്കള്‍ മനുഷ്യജീവന്‍ കൊണ്ടാണ്‌ കളിക്കുന്നത്‌ എന്ന് പല ഡോക്ടേഴ്സും മറക്കുന്നു.

വാക്കരിമാഷേ നന്ദി.

വേണു നന്ദി. സത്യം. പലഹോസ്പിറ്റലിലും പോവാന്‍ ഭയപ്പെടണം. ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കേണ്ട ഡോക്ടേഴ്സ്‌ തന്നെ അന്തകരാവുമ്പോള്‍ അത്‌ വല്ലാത്ത ഭയപ്പാടുണ്ടക്കുന്നു. അവര്‍ കയ്യബദ്ധം എന്ന ഒറ്റവാക്കില്‍ എല്ലാം ഒതുക്കുകയും ചെയ്യും.

നിറം നന്ദി. താങ്കളുടെ അഭിപ്രായവുമായി 100% യോജിക്കുന്നു.

ദില്‍ബൂ ...


മഴത്തുള്ളീ നന്ദി, ഞാന്‍ ഇവിടെ യാത്രചെയ്യുന്ന എമിരേറ്റസ്‌ റോഡില്‍ ദിവസം ഒരു ആക്സിഡന്റ്‌ എങ്കിലും കാണാത്ത ദിവസം ഉണ്ടായിരുന്നില്ല. റോഡിലേക്ക്‌ ഇറങ്ങുക എന്നാല്‍ യുദ്ധക്കളത്തിലേക്ക്‌ പോവുന്നപോലെ ആയിത്തീര്‍ന്നിരിക്കുന്നു.

പാര്‍വതീ നന്ദി, ഇല്ലാത്തവന്റെ കാര്യത്തില്‍ ആര്‍ക്കും താല്‍പര്യം കാണില്ല.

സു ...

സഞ്ചാരീ അതെ... എന്തു ചെയ്യാനാവും.


വല്ല്യമ്മായി നന്ദി. അത്‌ ഒരു പ്രധാന പ്രശ്നം തന്നെ.


ബയാന്‍ :( ?

തറവാടി മാഷേ സത്യം. എങ്കിലും ഇത്തരം മരണങ്ങള്‍ നമുക്ക്‌ ഉള്‍കൊള്ളാനാവില്ല

ഏറനാടന്‍ മാഷേ :)

കരീം മാ‍ഷേ നന്ദി, എന്തുചെയ്യാം അല്ലേ...

സുല്‍ :)

നസി :)

ഇട്ടിമാളു അഗ്നിമിത്ര said...

ഇത്തിരി.. നേരത്തെ വായിച്ചിരുന്നു..കമന്റാന്‍ ഒത്തില്ല.. എന്താ പറയാ. ഉള്ളിലെവിടെയോ ഒരു നൊമ്പരം ..

മുല്ലപ്പൂ said...

ഇത്തിരീ,
വായന ഇവീടുന്നു തുടങ്ങട്ടെ.
നൊമ്പരപ്പെടുത്തീല്ലോ

qw_er_ty

നന്ദു കാവാലം said...

ചങ്ങാതീ,
ഒത്തിരി പ്രതീക്ഷയും ഇത്തിരി നൊമ്പരങ്ങളും എന്ന മുഖവുര തന്നെ ഒരു ആനന്ദമുണ്ടാക്കി. വളരെ “ചുന്ദര”മായ srishti.(സ്രി..സ്രു...രക്ഷയില്ല.ഇംഗ്ലീഷ് തന്നെ ശരണം)തുടര്‍ന്നും എഴുത്തുകള്‍ പോരട്ടെ. വായിക്കാന്‍ ഞങ്ങളുണ്ട്.....നന്ദു.