Monday, February 12, 2007

പൈതൃകം എന്ന മഹാത്ഭുതം.

തീന്‍‌മേശയ്ക്കരികലിരുന്ന് പതിവ് പോലെ ഞാന്‍ വാചാലമായി. ജീവിതത്തില്‍ ലഭിക്കേണ്ട സ്വതന്ത്ര്യത്തെക്കുറിച്ച്‌, ബന്ധനങ്ങളാവുന്ന ബന്ധങ്ങളെക്കുറിച്ച്‌, ബാധ്യതകളില്‍ വീര്‍പ്പുമുട്ടുന്ന എന്റെ തലമുറയെക്കുറിച്ച്‌, മക്കളുടെ വളര്‍ച്ചയില്‍ സ്വപ്നങ്ങള്‍ നെയ്യുന്ന മാതാപിതാക്കളുടെ സ്വാര്‍ത്ഥതയെ കുറിച്ച്‌. ചുളിയുന്ന ത്വക്കിനും പടരുന്ന ജരാനരകള്‍ക്കും വാര്‍ദ്ധക്യം കാര്‍ന്ന് തിന്നുന്ന ആരോഗ്യത്തിനും ബലമായിരിക്കാന്‍ മിച്ചം വെക്കാന്‍ മറന്ന ബാങ്ക് ബാലന്‍സിനെക്കുറിച്ച്. ശരണാലയത്തിന്റെ അര്‍ത്ഥവൈപുല്യവും അവയുടെ സാമൂഹ്യപ്രസക്തിയും വാക്കുകളുടെ പ്രവാഹമാവുമ്പോഴും‍ ‍തീന്‍ മേശക്കിരുവശത്തുനിന്നും ഇമയനക്കാനാവാതെ എന്നെ കുത്തിനോവിക്കുന്ന നാലു വൃദ്ധനയനങ്ങളെ ഇത്തിരി മനസ്താപത്തോടെ തന്നെ ഞാന്‍ അവഗണിച്ചു.


ശരണാലയത്തിന്റെ മഞ്ഞ നിറമുണ്ടായിരുന്ന നരച്ച ‍ചുവരുകള്‍ക്കിടയില്‍ പകച്ചുനിന്ന ഞങ്ങളില്‍ നിന്ന് തിരിഞ്ഞ് നടക്കുമ്പോള്‍ എന്റെ മകന്റെ പിറുപിറുപ്പിലും ഇതേ വാചകങ്ങള്‍ ഒളിച്ചിരുന്നു. അത് കാതിലൂടെ മനസ്സില്‍ നീറ്റലായി പടര്‍ന്നപ്പോള്‍‍ എന്റെ ചിന്തയില്‍ മുഴുവന്‍ ‍പൈതൃകം എന്ന മഹാത്ഭുതമായിരുന്നു.

18 comments:

Rasheed Chalil said...

ഒരു കൊച്ചു പോസ്റ്റ്.

മുസ്തഫ|musthapha said...

കുറഞ്ഞ വരികളിലൂടെ ഇറക്കി വെച്ച നല്ലൊരു കഥ!

നല്ല വരികള്‍, നന്നായിരിക്കുന്നു - എന്നത്തേയും പോലെ.


ചെറുകഥയ്ക്കുള്ള അവാര്‍ഡ് കിട്ടിയതിന്‍റെ ചിലവ് മറക്കേണ്ട കേട്ടോ :)

Unknown said...

നന്നായിട്ടുണ്ട്
ഇത്തിരിയുടെ ഇത്തിരിപ്പോന്ന മഹാത്ഭുതം

സു | Su said...

പതിവുപോലെ നന്നായിട്ടുണ്ട് ഇത്തിരീ :)

asdfasdf asfdasdf said...

:)

ഏറനാടന്‍ said...

നെഞ്ചിലെ വിരിശംഖിലേ
തീര്‍ത്ഥമെല്ലാം വാര്‍ന്നുപോയ്‌..
നൊമ്പരപ്പെടുത്തുമീ കഥ...

Anonymous said...

കണ്ണൊന്നു ശരിക്കു തുറക്കുമ്പോള്‍ കാണുന്ന സത്യം

കരീം മാഷ്‌ said...

കൊടുത്തതു കിട്ടും, അയാളിലൂടെയല്ലങ്കില്‍ വേറെയാളിലൂടെ!

കരീം മാഷ്‌ said...

കൊടുത്തതു കിട്ടും, അയാളിലൂടെയല്ലങ്കില്‍ വേറെയാളിലൂടെ!

വേണു venu said...

ഇത്തിരി പോസ്റ്റിഷ്ടപ്പെട്ടൂ,
ഷാജി കരുണിന്‍റെ ദൃശ്യങ്ങള്‍ പോലെ വേദനിപ്പിച്ചു. നാലു വൃദ്ധനയനങ്ങള്‍..
പിന്നെ ഒരു ദുസ്വപ്നത്തിലെന്നപോലെ ഓര്‍ക്കുന്നു..അതിലെ രണ്ടു ‍ കണ്ണെന്‍റെ അല്ലല്ലോ...

ബിന്ദു said...

വളരെ നന്നായി.:)

Mubarak Merchant said...

ഏത് സാഹചര്യങ്ങളുടെ, ഇല്ലായ്മയുടെ, സൌകര്യക്കുറവിന്റെ പേരുപറഞ്ഞായാലും സ്വന്തം മാതാപിതാക്കളെ അനാഥാലയങ്ങളിലുപേക്ഷിക്കുന്നവര്‍ സമൂഹത്തില്‍ നീതി അര്‍ഹിക്കുന്നില്ല തന്നെ.

വിചാരം said...

അനാഥമാക്കപ്പെടുന്നവൃദ്ധജനങ്ങളും, വിഹ്വലതയാര്‍ന്ന ചിന്തകളും നമ്മുടെ പൈതൃകത്തിന്‍റെ ജീര്‍ണ്ണതകളായിട്ടാണ് ഞാന്‍ വീക്ഷിക്കുന്നത്, പണ്ടെന്‍റെ തറവാട്ടില്‍ പടാപ്പുറത്തിരുന്ന് (വരാന്ത കഴിഞ്ഞാല്‍ അഥിതികള്‍ക്കിരിക്കാനും ഞങ്ങള്‍ (വീട്ടിലെ കുട്ടികള്‍) ഒരുമിച്ചുറങ്ങാനും കൂട്ടമായി വട്ടം വളഞ്ഞിരുന്ന് ഭക്ഷണം കഴിക്കാനുള്ള ഒരിടം) കാരണവന്മ്മാരും കുട്ടികളും ഒരു സാനി(വലിയ പാത്രം‍)ന് ചുറ്റും ഒരുമിച്ചിരുന്ന് ഒരുമയോടെ ഭക്ഷണം കഴിക്കുമ്പോള്‍ ലഭിച്ചിരുന്ന സ്നേഹവും സം‍രക്ഷണ ബോധവും എല്ലാം നമ്മുടെ പൈതൃകത്തിന്‍റെ നഷ്ടപ്രതാപങ്ങളാണ്
ഇന്ന് പടാപ്പുറവും ഇല്ല സാനുമില്ല പകരം ഡൈനിംഗ് ടാബിളും അലങ്കാര പാത്രങ്ങളും ശുഷ്ക്കമായ അണുകുടുംബവും എന്നോ നമ്മുക്ക് നമ്മുടെ പൈതൃകം നഷ്ടപ്പെട്ടിരിക്കുന്നു
ഇത്തിരി നല്ല വിഷയം

സുല്‍ |Sul said...

ഇത്തിരീ

മനസ്സില്‍ തട്ടുന്ന വിഷയം. നന്നായി അവതരിപ്പിച്ചിരിക്കുന്നു.

ശരണാലയങ്ങളില്‍ അഭയം തേടേണ്ടി വരുന്നവര്‍ക്ക് അതുപോലെയുള്ള മറ്റുള്ളവര്‍ കൂട്ടുണ്ടാവുന്നു. നാടും വീടും വിട്ട് മറുനാട്ടില്‍ കഴിയുന്ന നമ്മെപ്പോലുള്ള പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് ആരുണ്ട്. ശരണാലയം പോലെ വലിയ ഒരു മാളികക്ക് കാവല്‍ക്കാരായി ജീവിച്ചു തീര്‍ക്കുന്ന ജീവിതങ്ങള്‍ എത്രയെത്ര. ജീവിതത്തിന്റെ അവസാന നാളുകളില്‍ ഒറ്റപ്പെടലിന്റെ കൈപ്പുനീര്‍ കുടിക്കേണ്ടി വരുന്ന ജന്മങ്ങള്‍!!!

-സുല്‍

mydailypassiveincome said...

കൊള്ളാം നല്ല ചിന്തകള്‍ തന്നെ.

വളരെ ഇഷ്ടപ്പെട്ടു.

Areekkodan | അരീക്കോടന്‍ said...

നല്ല വരികള്‍...നല്ല ചിന്തകള്‍

Rasheed Chalil said...

അഗ്രജാ നന്ദി. അത് നേരിട്ട് തരാം.

പൊതുവാളേ നന്ദി കെട്ടോ.

സു ചേച്ചീ നന്ദി.

കുട്ടന്മേനോനേ നന്ദി.

ഏറനാടന്മാഷേ ഇതിലെന്തു നൊമ്പരം. നന്ദി.

നവന്‍ നന്ദി. പലരും കണാതെ പോവുന്ന അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്ന സത്യം.

കരീം മാഷേ നന്ദി. കൊടുത്തത് കൊല്ലത്തും കിട്ടും എന്നല്ലേ.

വേണുജീ നന്ദി. ആവാതിരിക്കട്ടേ ഒരിക്കലും.

ബിന്ദു നന്ദി.

ഇക്കാസേ നന്ദി. തീര്‍ച്ചയായും.

വിചാരമേ നന്ദി. എല്ലാം നഷ്ടപെട്ടുകൊണ്ടിരിക്കുന്നു.

സുല്‍ നന്ദി. അതൊരു വല്ലാത്ത ചിന്തതന്നെ.

മഴത്തുള്ളീ നന്ദി.

അരീകോടന്‍ നന്ദി കെട്ടോ.

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും ഒത്തിരി നന്ദി.

ചീര I Cheera said...

വാസ്തവം തന്നെ !
മനസ്സില്‍ നാലു വ്ര്‌ദ്ധ നയനങള്‍ തെളിഞു വന്നു..