Monday, February 19, 2007

ഒരു ജീവന് പകരം...

ഇരുമ്പുചതുരങ്ങളുടെ സംരക്ഷണത്തിന്‌ പിന്നില്‍ പോറലേല്‍ക്കാത്ത, പോലീസ്ജീപ്പിന്റെ ഫ്രണ്ട്ഗ്ലാസ്സിലൂടെ അക്ഷമരായ ജനക്കൂട്ടത്തെ എനിക്ക്‌ കാണാമായിരുന്നു. കോടതിയുടെ അവസാന തീര്‍പ്പറിയാനുള്ള ആകാംക്ഷയേക്കാളും അവരുടെ മുഖങ്ങളില്‍ ഞാനെന്ന കൊലപ്പുള്ളിയെ കാണാനുള്ള ആര്‍ത്തിയായിരുന്നു. ശത്രുവിന്റെ വലത്‌ വശത്തെ വാരിയെല്ലുകള്‍ക്ക്‌ താഴെ പിച്ചാത്തി താഴ്‌ത്തിയപ്പോള്‍ കയ്യിലേക്ക്‌ നനഞ്ഞിറങ്ങിയ പച്ചമണവും ഇരുണ്ട ചെമപ്പുമുള്ള ചുടുചോരയോട്‌ തോന്നാത്ത ഒരുതരം അറപ്പാണ്‌ ഇവരെ കണ്ടപ്പോള്‍ ആദ്യം തോന്നിയത്.

അവര്‍ക്കിടയില്‍ മൈക്കുമായി വീഡിയോ ഗ്രാഫറുടെ അകമ്പടിയോടെ എന്നെ ഉറ്റ്‌ നോക്കുന്ന ഉദ്വേഗം തുളുമ്പുന്ന കണ്ണുകള്‍ക്ക്‌ മുമ്പെങ്ങോ അക്ഷയാ സെന്ററില്‍ കണ്ട ഒരു പട്ടിണിച്ചിത്രത്തിലെ കഴുകന്റെ ഛായയുണ്ടായിരുന്നു. തിരിച്ചെതിര്‍ക്കാന്‍ പ്രാപ്തിയില്ലാതാവുമ്പോള്‍ തന്റെ അറ്റം വളഞ്ഞ മൂര്‍ച്ചയുള്ള കൊക്കുക്കള്‍ കൊഴുപ്പില്ലാ മാംസത്തിലാഴ്‌ത്താനായി, നിരങ്ങി നീങ്ങുന്ന പട്ടിണിക്കോലത്തില്‍ കാലനക്കാതെ കണ്ണിമയ്ക്കാതെ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന കഴുകന്‍. ഇരയുടെ അപൂര്‍വ്വമെന്ന് വിശ്വസിക്കുന്ന അല്ലെങ്കില്‍ വിശ്വസിപ്പിക്കാവുന്ന, (ദുഃ)സ്വാദുള്ള പച്ചമാംസം കൊത്തിവലിക്കാനായി പാഞ്ഞെത്താന്‍ സാധ്യതയുള്ള സഹജീവികളെ ശ്രദ്ധിച്ച്‌, ചൂടുള്ള മാംസം ആറിത്തണുക്കും മുമ്പ്‌ ആകാവുന്നിടത്തോളം അകത്താക്കാനുള്ള അത്യാര്‍ത്തിയോടെ ഇരയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ആ കഴുക ചിത്രം.

"എന്നാല്‍ ഇറങ്ങാം..." അടുത്തിരിക്കുന്ന പോലീസുകാരന്‍ പതുക്കേ മന്ത്രിച്ചു.

മകളുടെ മാനം കവര്‍ന്നവന്റെ ജീവനെടുത്ത അച്ഛനേയും ജനം, തിരശ്ശീലയില്‍ തിളങ്ങുന്ന സ്റ്റാറിനേപ്പോലെ പോലെ ആരവത്തോടെ ആനയിച്ചു. ഒരു നോക്ക്‌ കാണാനും കഴിയുമെങ്കില്‍ ഒന്ന് സ്പര്‍ശിക്കാനുമായി അവര്‍ മത്സരിച്ചു.

ലൈവായി കാണാന്‍ സ്വീകരണ മുറികളില്‍ തിളങ്ങുന്ന മിഴികളോടെ കാത്തിരിക്കുന്ന പരസഹസ്രങ്ങള്‍ക്കായി ചോദ്യങ്ങളുയര്‍ന്നു. പ്രേക്ഷകര്‍ക്ക്‌ ഉള്‍പുളകത്തിനായി ഞാന്‍ ഉച്ചത്തില്‍ മറുപടി നല്‍കി. "സത്യം ജയിക്കും" അപ്പോള്‍ എന്റെ ചുണ്ടില്‍ ഞാനറിയാതെ ഒരു പുഞ്ചിരി ജനിച്ച് മരിച്ചെന്ന് തോന്നുന്നു.

കോടതി വരാന്തയില്‍ പാര്‍വ്വതിയും കുട്ടനും ഉണ്ടായിരുന്നു. പ്രായത്തിന്റെ ചുളിവുകളുടെ പ്രാഥമിക ജോലിതീര്‍ന്ന വീതിയുള്ള വെളുത്തനെറ്റിക്ക്‌ താഴേ കറുപ്പ്‌ കലര്‍ന്ന പ്രതലത്തിലെ കുഴിഞ്ഞ കണ്ണുകള്‍ ഇന്നലെ ഉറക്കമില്ലാ രാത്രിയായിരുന്നു എന്ന് പറയുന്നുണ്ട്‌. എന്റെ കണ്ണുകളിലൊളിപ്പിച്ച 'പേടിക്കേണ്ട' എന്ന മറുപടി പതിനഞ്ച്‌ വര്‍ഷമായി പരിചയമുള്ള ആ നിറകണ്‍കളോടായിരുന്നു.

കോടതിയ്ക്കകത്ത്‌ ഒതുക്കിയിട്ട മരബെഞ്ചുകളിലൊന്നില്‍ ചടഞ്ഞിരിക്കവേ മനസ്സില്‍ അവനായിരുന്നു. വയറിന്റെ വലതുവശത്ത്‌ പിച്ചാത്തി സൃഷ്ടിച്ച ചുവന്ന ദ്വാരത്തിലൂടെ പുറത്തേക്കൊഴുകുന്ന കറുത്തചോര കൈയ്യില്‍ പുരണ്ട്‌ ഉരുണ്ടുയരുന്ന കണ്ണുകളില്‍ മരണം മൊളിപ്പിച്ച അവന്‍ തന്നെ. അവസാന ശ്വാസത്തിനായി തൊണ്ടക്കുഴിയില്‍ നിന്ന് എന്നെ ത്രസിപ്പിച്ച ശബ്ദമുയരുമ്പോള്‍ എന്റെ മനസ്സില്‍ അവന്‍ കടിച്ച്‌ കീറിയ മകളുണ്ടായിരുന്നില്ല. പകരം മനുഷ്യത്വത്തിന്റെ തോട് പൊളിച്ചെറിയാന്‍ വെമ്പുന്ന ഒരു മൃഗമുണ്ടായിരുന്നു.

ദൂരേ നിന്ന് നടന്നെത്തുന്ന അവന്‍ കണ്ണിലൂടെ മനസ്സിലെത്തുന്നവരേ, എന്നോട്‌ ഒട്ടിക്കിടന്ന് നരച്ച്‌ തുടങ്ങുന്ന താടിരോമങ്ങളെ താലോലിക്കാറുള്ള അവളുടെ ചിരി തന്നെയായിരുന്നു എന്റെയുള്ളില്‍. പുത്തന്‍ യൂണിഫോമില്‍ വീട്ടില്‍ നിന്നിറങ്ങിയ അവളെ പിറ്റേന്ന് റബര്‍ മരങ്ങള്‍ക്കിടയിലെ മഞ്ഞ്‌ വീണ ഉണങ്ങിയ റബറിലയ്കിടയില്‍ കണ്ടെത്തി. വേട്ടക്കാരന്‍ വലിച്ചുപറിച്ച വസ്ത്രങ്ങള്‍‌യ്കിടയിലൂടെ ആ ഇളം മേനിയെ വീണ്ടും വേട്ടയാടുന്ന മൃഗങ്ങളെ നനഞ്ഞ കണ്ണുമായി ഞാന്‍ അറപ്പോടെ നോക്കിയിരുന്നു. വാര്‍ത്താ മാധ്യമങ്ങളിലൂടെ സഹതാപത്തിന്റെ കൊടുങ്കാറ്റുയരുമ്പോഴും പ്രേക്ഷകരും വായനക്കാരും അവളെ വീണ്ടും വീണ്ടും വേട്ടയാടുന്നത്‌ മരവിച്ച മനസ്സുമായി സഹിച്ചിരുന്നു.

കാണാതെ പോയ മകള്‍ക്കായി കൂടെ അന്വേഷിക്കാനും കരഞ്ഞപ്പോള്‍ തോളില്‍ തട്ടി ആശ്വസിപ്പിക്കാനും അവളുടെ അന്ത്യവിശ്രമത്തിന്‌ കുഴിയൊരുക്കാനും കൂടെ നിന്ന അടുത്ത സുഹൃത്തിന്റെ നെഞ്ചിലേക്ക്‌ പോലീസ്‌ നായ പാഞ്ഞ്‌ കയറിയപ്പോള്‍ അത്‌ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിരുന്നു. ആ ഷോക്കില്‍ ആദ്യം തോന്നിയത്‌ ആത്മഹത്യയായിരുന്നു. പിന്നീട്‌ ഒരു തരം വൈരം മനസ്സില്‍ വളര്‍ന്നു. അകത്ത് ആളിക്കത്തുന്ന അഗ്നിയെ 'മനം നൊന്ത ഒരു അച്ഛന്റെ ഇച്ഛ അവനെ നിന്റെ മുമ്പിലെത്തിക്കും‘ എന്ന് പറഞ്ഞടക്കാന്‍ പാട്‌ പെട്ടു.

അവന്‍ ജാമ്യത്തിലിറങ്ങിതോടെ മറന്ന് തുടങ്ങിയിരുന്ന അവള്‍ മനസ്സിന്‌ വീണ്ടും ഊര്‍ജ്ജമായി. ഞരമ്പിലോടുന്ന ലഹരിയാല്‍ ആടിയാടി വരുന്ന അവന്‍ കണ്ണില്‍ കയറിയപ്പോള്‍ തന്നെ എന്നിലെ ഞാന്‍ പതുക്കെ പടിയിറങ്ങി. പിന്നെ എന്നെ നയിച്ചത്‌ കാല്‍ പാദത്തിന്റെ മാധ്യത്തില്‍ നിന്നും ഒരു പുളിപ്പായി തരിപ്പായി പേശികളിലേക്ക്‌ കയറിയ മറ്റൊരാളായിരുന്നു. ഓരോ രോമകൂപങ്ങളിലും ഭ്രാന്തിന്റെ വിത്ത്‌ വിതച്ച അവന്‍ എന്റെ നിയന്ത്രണമേറ്റടുത്തു.

ലഹരിയുടെ ആലിംഗനത്തിലും മുമ്പിലെത്തിയ കാലനെ അവന്‍ തിരിച്ചറിഞ്ഞിരിക്കണം. എന്റെ മുഖത്തെ വലിഞ്ഞ്‌ മുറുകുന്ന പേശികളില്‍ അവന്‍ മരണം കണ്ടിരിക്കണം.

അവന്‍ കരഞ്ഞു.

"രാഘവേട്ടാ... എന്നെ കൊല്ലരുത്‌. ആ സമയം ഞാന്‍ ഒരു മൃഗമായി മാറി."

എന്നിലെ ഞാനുമായി ഒരു ബന്ധം പോലുമില്ലാത്ത ഞാന്‍‍ അലറി "ഇപ്പോള്‍ ഞാനും ഒരു മൃഗം തന്നെ‌."

ഇടതുകൈ കൊണ്ട്‌ അവന്റെ കഴുത്തിന്‌ കുരുക്ക്‌ പണിതതും വലത്‌ കൈയ്യിലിരുന്ന പിച്ചാത്തി എല്ലിന്‍ കൂടിന്‌ താഴേ സര്‍വ്വശക്തിയുമെടുത്ത്‌ കുത്തിയിറക്കിയതും ഞാനറിഞ്ഞിരുന്നില്ല. കഴുത്തില്‍ കുരുങ്ങിയ കൈയ്യില്‍ കിടന്ന് അവന്‍ ഊര്‍ന്നൊലിക്കുന്ന കറുത്ത ചോരയില്‍ അമര്‍ത്തിപ്പിടിച്ചു പിടഞ്ഞു. ചലനങ്ങള്‍ അവസാനിക്കും വരേ നോക്കി നിന്ന് ഞാന്‍ തിരിഞ്ഞ്‌ നടന്നു.

ഒരു എല്ലാം തികഞ്ഞ ക്രിമിനലിനെപോലെ ഞാനും കത്തി കഴുകി. ഉടുവസ്ത്രങ്ങള്‍ തൊട്ടടുത്ത പുഴയിലെ ഒഴുക്കുള്ള വെള്ളത്തിലെറിഞ്ഞു. കുളിച്ചു കഴിഞ്ഞപ്പോഴേക്കും എന്നിലെ ഞാനായിരുന്ന ഞാന്‍ എന്നില്‍ തന്നെ തിരിച്ചെത്തിയിരുന്നു.

വേട്ടമൃഗത്തിന്റെ പിതാവെന്ന ഔദാര്യത്തില്‍ അറസ്റ്റിനെത്തിയ പോലീസുകാര്‍ പോലും മാന്യമായാണ്‌ പെരുമാറിയത്‌. നര കയറിയ സി.ഐ എന്റെ വാക്കുകള്‍ വളരെ ക്ഷമാപൂര്‍വ്വം കേട്ട്‌ നിന്നു. ഒന്നും എഴുതാതിരുന്ന സ്റ്റേഷന്‍ റൈറ്റര്‍ കൂടി കേള്‍ക്കേ അവസാനം ഒരു നെടുവീര്‍പ്പോടെ പറഞ്ഞു.

"രാഘവേട്ടാ നിയമത്തിന്റെ മുമ്പില്‍ അങ്ങും കുറ്റക്കാരന്‍ തന്നെ. ഏതായാലും കേസ്‌ നടക്കട്ടേ... ഞങ്ങള്‍ ചെയ്യാവുന്നതെല്ലാം ചെയ്യാം"

പിന്നെ മൂന്ന് വര്‍ഷം. കോടതിയും ജയിലും കേസും...കോടതി മുറികയില്‍ വാദി ഭാഗം വക്കീലും കോടതിയും എന്നോട്‌ കാരുണ്യത്തോടെ ഇടപെട്ടു. എന്റെ മോളുടെ ജീവന്‌ പകരമായി.

"വരൂ ..." പതുക്കെ പോലീസുകാരനോടൊപ്പം എഴുന്നേറ്റ്‌ അകത്തേക്ക്‌ നടന്നു.

നീണ്ട്‌ പോവുന്ന അവസാന വിധി വാചങ്ങള്‍ക്കിടയില്‍ നിന്ന് "പ്രതികുറ്റക്കാരനാണെന്ന് തെളിക്കാനാവാത്തതിനാല്‍ നിരുപാധികം വെറുതെ വിടുന്നു" എന്ന വാചകങ്ങള്‍ മാത്രമേ ശരിക്കും കാതുകളുടെ ബധിരത ഭേദിച്ച്‌ മനസ്സിലെത്തിയൊള്ളൂ. ഞാനറിയാതെ എന്റെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിയുമായി കോടതിയില്‍ തിരിച്ചിറങ്ങുമ്പോഴും പുറത്തെ കാക്കക്കൂട്ടത്തിലെ കഴുകന്മാരോട്‌ എന്ത്‌ പറയണം എന്ന് എനിക്കറിയില്ലായിരുന്നു.

30 comments:

Rasheed Chalil said...

ഒരു പുതിയ പോസ്റ്റ്.

Mubarak Merchant said...

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കട്ടെ. - ഈ തത്വം കാലഹരണപ്പെട്ടിട്ട് കാലമേറെയായി. ഇപ്പൊ ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടുന്നില്ല. എല്ലാം പ്രഹസനങ്ങളായി മാറുന്നു. അതിനിടയില്‍ ഇത്തിരിയുടെ കഥാപാത്രങ്ങളെപ്പോലുള്ളവരെ ഓര്‍ത്തു വയ്ക്കാനൊന്നും ഒരാളും തയ്യാറാവുന്നില്ല. കുറ്റകൃത്യങ്ങളുടെ പെരുമഴയില്‍ എല്ലാം കുതിര്‍ന്നു പോകുന്നു. പുതിയ കുറ്റകൃത്യങ്ങളുടെ ചൂടുള്ള വാര്‍ത്തകള്‍ ദിവസവും വായിച്ചും കണ്ടും മനുഷ്യന്‍ മനുഷ്യത്വത്തെ വെടിഞ്ഞ് സ്വന്തം മുറികള്‍ക്കുള്ളിലെ സുരക്ഷിതത്വത്തിലേക്കൊതുങ്ങുന്നു, ഭീരുത്വം അവനെ പല കുറി കൊല്ലുന്നു!!

Siju | സിജു said...

“കുറ്റവാളിയുടെ” ചിന്തകള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു

വേണു venu said...

പല ചോദ്യങ്ങള്‍‍ ചോദിക്കുന്നു ഈ കഥ.

Peelikkutty!!!!! said...

വാര്‍ത്തകള്‍‌ ഒരു എന്റെര്‍ടെയ്നര്‍‌:(
..മനോഹരമായി എഴുതിയിരിക്കുന്നു ഇത്തിരി വല്യേട്ടാ.

കണ്ണൂസ്‌ said...

ഒന്നുകൂടി ഒതുക്കി പറയാമായിരുന്നു ഇത്തിരി.

സുല്‍ |Sul said...

ഇത്തിരീ
വ്യത്യസ്ഥ ശ്രദ്ധവെക്കേണ്ട ഇത്തരം കാര്യങ്ങള്‍ താങ്കള്‍ നല്ല കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നു. ഇതും നന്നായിരിക്കുന്നു.

-സുല്‍

സു | Su said...

ഒരു ജീവന് പകരം മറ്റൊരു ജീവന്‍ എന്നതിനോട് യോജിക്കാന്‍ പറ്റില്ല. പക്ഷെ ചിലര്‍ ചെയ്യുന്ന തെറ്റുകള്‍, സമൂഹത്തിന് വേണ്ടിയുള്ള നല്ല ശരികള്‍ ആവുമ്പോള്‍ ഒന്നുമില്ല പറയാന്‍. അങ്ങനെയെങ്കിലും, ചിലര്‍ നന്നായെങ്കില്‍...


നല്ല കഥ.

മുസ്തഫ|musthapha said...

ഒന്നിലധികം കാര്യങ്ങള്‍ വളരെ കയ്യടക്കത്തോടെ പറഞ്ഞുവെച്ചിരിക്കുന്ന ഒരു കഥ. വളരെ നന്നായിരിക്കുന്നു റഷീദ്.

“...വീണ്ടും വേട്ടയാടുന്ന മൃഗങ്ങളെ നനഞ്ഞ കണ്ണുമായി ഞാന്‍ അറപ്പോടെ...“

“...കാക്കാക്കൂട്ടത്തിലെ കഴുകന്മാര്‍...“

ഈ വരികളിലെല്ലാം തന്നെ സെന്‍സേഷനുകള്‍ക്കു വേണ്ടിയുള്ള മാധ്യമങ്ങളുടെ പരക്കം പാച്ചിലിനോടുള്ള കഥാകാരന്‍റെ അടക്കാനാവാത്ത പുച്ഛം ശരിക്കും പ്രതിഫലിക്കുന്നതായി തോന്നി.

അപ്പു ആദ്യാക്ഷരി said...

ഒരു നടന്ന സംഭവുമായി സാദൃശ്യമുണ്ടെങ്കിലും അവതരണം ഇഷ്ടപ്പെട്ടു ഇത്തിരിവെട്ടമേ.....കൊള്ളാം.

asdfasdf asfdasdf said...

കുറ്റവാളിയുടെ വിഹ്വലതകള്‍ നന്നായി ചിത്രീകരിച്ചിരിക്കുന്നു. കഥയ്ക്ക് പുതുമയില്ലെങ്കിലും ഒന്നു കൂടി കയ്യടക്കത്തോടെ ആവാമായിരുന്നെന്നു പറയാതിരിക്കുന്നതല്ലേ പറയുന്നതിനേക്കാള്‍ നല്ലത്. :‌)

മനോജ് കുമാർ വട്ടക്കാട്ട് said...

ഇത്തിരിയേയ്‌-
കണ്ണിന്‌ കണ്ണ്‍,
പല്ലിന്‌ പല്ല്,
ചോരയ്ക്‌ ചോര...

chithrakaran ചിത്രകാരന്‍ said...

നന്നായിരിക്കുന്നു.

അഡ്വ.സക്കീന said...

കഴുകനിര മാത്രം മതിയല്ലോ. അവനെന്തിന് കുലം നോക്കണം.

വിചാരം said...

നടന്ന സംഭവമാണിതെന്നറിയാം .. അവതരണം നന്നായിരിക്കുന്നു
ഒരു പ്രതിഷേധം ... കഥ എഴുതുന്ന ആളുടെ വീക്ഷണമാണ് കഥയിലെ വരികള്‍ ഈ വരികളോട് എനിക്കൊട്ടും യോജിക്കാനാവില്ല...

അവര്‍ക്കിടയില്‍ മൈക്കുമായി വീഡിയോ ഗ്രാഫറുടെ അകമ്പടിയോടെ എന്നെ ഉറ്റ്‌ നോക്കുന്ന ഉദ്വേഗം തുളുമ്പുന്ന കണ്ണുകള്‍ക്ക്‌ മുമ്പെങ്ങോ അക്ഷയാ സെന്ററില്‍ കണ്ട ഒരു പട്ടിണിച്ചിത്രത്തിലെ കഴുകന്റെ ഛായയുണ്ടായിരുന്നു. തിരിച്ചെതിര്‍ക്കാന്‍ പ്രാപ്തിയില്ലാതാവുമ്പോള്‍ തന്റെ അറ്റം വളഞ്ഞ മൂര്‍ച്ചയുള്ള കൊക്കുക്കള്‍ കൊഴുപ്പില്ലാ മാംസത്തിലാഴ്‌ത്താനായി, നിരങ്ങി നീങ്ങുന്ന പട്ടിണിക്കോലത്തില്‍ കാലനക്കാതെ കണ്ണിമയ്ക്കാതെ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന കഴുകന്‍. ഇരയുടെ അപൂര്‍വ്വമെന്ന് വിശ്വസിക്കുന്ന അല്ലെങ്കില്‍ വിശ്വസിപ്പിക്കാവുന്ന, (ദുഃ)സ്വാദുള്ള പച്ചമാംസം കൊത്തിവലിക്കാനായി പാഞ്ഞെത്താന്‍ സാധ്യതയുള്ള സഹജീവികളെ ശ്രദ്ധിച്ച്‌, ചൂടുള്ള മാംസം ആറിത്തണുക്കും മുമ്പ്‌ ആകാവുന്നിടത്തോളം അകത്താക്കാനുള്ള അത്യാര്‍ത്തിയോടെ ഇരയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ആ കഴുക ചിത്രം.

ഒരു പത്രപ്രവത്തകന്‍ സ്വന്തം ജീവന്‍‍വരെ നല്‍കിയാണ് പലാവസരത്തിലും നമ്മുക്കായി വാര്‍ത്തകള്‍ എത്തിച്ചുതരുന്നത് ഏവരാലും ഇഷ്ടമല്ലാത്തൊരു വിഭാഗം കൂടിയാണ് ഇവര്‍ ഒരു വര്‍ഷത്തിലധികം ഒരു പത്രപ്രവര്‍ത്തകനായ അനുഭവം കൊണ്ടായിരിക്കാം എനിക്കവരോട് അനുഭാവം തോന്നുന്നത് എനിക്കവരെ അറിയാവുന്നതുകൊണ്ടും .. നമ്മുടെ നാടിനുവേണ്ടി ഒത്തിരിനന്മകള്‍ ചെയ്യുന്ന പത്രപ്രവര്‍ത്തകരെ കഥയിലൂടെ പോലും അപമതിക്കുന്നത് ശരിയല്ലായെന്നാണ് എന്‍റെ അഭിപ്രായം

Rasheed Chalil said...

ലോകത്തിന് വേണ്ടി ഒത്തിരി നന്മകള്‍ ചെയ്യുന്ന പത്ര പ്രവര്‍ത്തകരുടെ സേവനങ്ങളെ കുറച്ച് കാണിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. പകരം സെന്‍സേഷന് വേണ്ടി റിപ്പോര്‍ട്ടിനപ്പുറം സ്റ്റോറി തേടിപ്പോവുന്ന, അതിന് പൊടിപ്പും തൊങ്ങലും നല്‍കി വാര്‍ത്തകളുടെ വാല്യു ഒരു ഡിക്ടറ്റീവ് നോവലിന്റെ നിലവാരത്തിലേക്ക് താഴ്ത്തുന്ന ഒരു തരം പപ്പരാസി സംസ്കാരം നമ്മുടെ റിപ്പോര്‍ട്ടേഴ്സിനേയും ബാധിച്ചിട്ടുണ്ട് എന്ന് ദിനേന വാര്‍ത്തകളിലൂടെ സഞ്ചരിക്കുന്ന ഓരോരുത്തര്‍ക്കും മനസ്സിലാവുന്ന ഒരു നഗ്ന സത്യം.

വായനക്കാരെ/പ്രേക്ഷകരേ രസിപ്പിക്കുക മാത്രമായിരിക്കരുത് ഒരു റിപ്പോര്‍ട്ടറുടെ ലക്ഷ്യം എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അവരുടെ കടമകള്‍ അതിനും എത്രയോ മുകളിലാണെന്നും.

പിന്നെ വിചാരം പറഞ്ഞ പോലെ പത്രപ്രവര്‍ത്തനം നടത്തുന്ന എത്രപേരുണ്ട്... ഭൂരിപക്ഷവും നേരെത്തിരിച്ചാണെന്നാണ് എന്റെ അറിവ്.

ഏറനാടന്‍ said...

ഒരു സംഭവകഥ നന്നായി പറഞ്ഞിരിക്കുന്നു ഇത്തിരിവെട്ടം.

മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ അടുത്ത കാലത്ത്‌ ഇതേ സംഭവം അരങ്ങേറിയത്‌ 'പാപ്പരാസ്സി'കള്‍ കൊട്ടിഘോഷിച്ചിരുന്നുവല്ലോ.

ഇത്തിരി ആനുകാലികങ്ങളിലും ഒന്നു ശ്രമിക്കണമെന്ന് പലപ്പോഴും ഞാന്‍ ആഗ്രഹിക്കാറുണ്ട്‌.

കരീം മാഷ്‌ said...

വാര്‍ത്തകള്‍ ആഘോഷമാക്കുകയും വില്‍പ്പനച്ചരക്കാക്കുകയും ചെയ്യുന്ന കാലിക ലോകത്തില്‍ കാണാനിതിലും കൂടുതല്‍ കാത്തിരിക്കുന്നു.

ചീര I Cheera said...

എല്ലാം വായിയ്ക്കാറുണ്ട്.
ഇത് വയിച്ചപ്പോഴും, എല്ലാം കണ്മുന്‍പില്‍ കണ്ടു.

പല തവണ കേട്ട്, മനസ്സ് മരവിച്ചു പോകാറുന്ട് ചിലപ്പോള്‍.. എന്നിട്ടും, ഇപ്പോഴും അത് കേട്ടു കൊണ്ടേയിരിയ്ക്കുന്നു..

തമനു said...

എല്ലാ സംഭവങ്ങളിലും നിയമവും, ന്യായവും രണ്ടു തട്ടിലായിപ്പോകുന്നു ഇത്തിരി മാഷേ..

ആരാണിതില്‍ കുറ്റക്കാരന്‍ .?

സമൂഹമോ, നീതിന്യായ വ്യവസ്ഥയോ, ദൈവമോ..? അറിയില്ല.

വല്യമ്മായി said...

നടന്ന സംഭവമാണെങ്കിലും ഒന്നു കൂടെ വേദനിച്ചു.പിതാവിന്റെ ചിന്തകളെ കുറച്ചു കൂടി തീവ്രമാക്കാമായിരുന്നു എന്ന് തോന്നി. പക്ഷെ കഥയുടെ ഫോക്കസ് മീഡിയയുടെ നേരെ ആയതിനാല്‍ പ്രശ്നമില്ല. ആശംസകള്‍

Anonymous said...

എനിക്കു കോടതിയോട് അതിന്റെ നിലപാടിനോട് ഇഷ്ടം തോന്നിയ ഒരു അവസരം

Unknown said...

കൃഷണപ്രിയയുടെ പിതാവിനെ വെറുതെ വിട്ട വാര്‍ത്ത ടിവിയില്‍ കണ്ട് അന്തം വിട്ട് ഇരിക്കുന്നു ഞാന്‍. അനിയത്തി റ്റാറ്റ പറഞ്ഞ് സ്കൂളിലേക്ക് പോകാന്‍ പടി കടന്ന് പോയി. വാര്‍ത്ത കണ്ടിരിക്കുന്ന എന്റെ മുഖത്തെ ഭാവം കണ്ടിട്ടാവണം അഛന്‍ പറഞ്ഞു. “ഞാനാണെങ്കിലും ചിലപ്പോള്‍ അതേ ചെയ്യൂ” എന്ന്. ഞെട്ടിത്തരിച്ച എന്റെ മുഖത്ത് നോക്കി ഒരു പ്രത്യേക പുഞ്ചിരിയോടെ “നീയാണെങ്കിലും അല്ലേ?” എന്ന് അഛന്‍ ചോദിച്ച് പോലെ എനിക്ക് തോന്നി.അതോ ശരിക്കും ചോദിച്ചോ? ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല എന്ന് ഓര്‍മ്മയുണ്ട്.

Devadas V.M. said...

വൈകിയാണ് എത്തിയത്. നന്നായിരിക്കുന്നു. ആ സംഭവകഥ നന്നായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു

ആവനാഴി said...

പ്രിയ ഇത്തിരിവെട്ടം,
അതിമനോഹരമായ അവതരണം. നല്ല കഥ.ഇത് ഇത്തിരി വെട്ടമല്ലേ അല്ല. ഒത്തിരിവെട്ടമാണിത്.

ഭാവുകങ്ങള്‍.
ആവനാഴി

Anonymous said...

അവര്‍ക്കിടയില്‍ മൈക്കുമായി വീഡിയോ ഗ്രാഫറുടെ അകമ്പടിയോടെ എന്നെ ഉറ്റ്‌ നോക്കുന്ന ഉദ്വേഗം തുളുമ്പുന്ന കണ്ണുകള്‍ക്ക്‌ മുമ്പെങ്ങോ അക്ഷയാ സെന്ററില്‍ കണ്ട ഒരു പട്ടിണിച്ചിത്രത്തിലെ കഴുകന്റെ ഛായയുണ്ടായിരുന്നു. തിരിച്ചെതിര്‍ക്കാന്‍ പ്രാപ്തിയില്ലാതാവുമ്പോള്‍ തന്റെ അറ്റം വളഞ്ഞ മൂര്‍ച്ചയുള്ള കൊക്കുക്കള്‍ കൊഴുപ്പില്ലാ മാംസത്തിലാഴ്‌ത്താനായി, നിരങ്ങി നീങ്ങുന്ന പട്ടിണിക്കോലത്തില്‍ കാലനക്കാതെ കണ്ണിമയ്ക്കാതെ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന കഴുകന്‍. ഇരയുടെ അപൂര്‍വ്വമെന്ന് വിശ്വസിക്കുന്ന അല്ലെങ്കില്‍ വിശ്വസിപ്പിക്കാവുന്ന, (ദുഃ)സ്വാദുള്ള പച്ചമാംസം കൊത്തിവലിക്കാനായി പാഞ്ഞെത്താന്‍ സാധ്യതയുള്ള സഹജീവികളെ ശ്രദ്ധിച്ച്‌, ചൂടുള്ള മാംസം ആറിത്തണുക്കും മുമ്പ്‌ ആകാവുന്നിടത്തോളം അകത്താക്കാനുള്ള അത്യാര്‍ത്തിയോടെ ഇരയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ആ കഴുക ചിത്രം.

ഈ കഴിഞ്ഞ ബോട്ടപകടത്തിലും ഇത് ശരിക്കും കണ്ടനുഭവിച്ചവരാണ് മലയാളികള്‍. കരയുന്ന മുഖങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാണിക്കുന്നതിനായി മത്സരത്തിനിടയില്‍ ആ ശവം തീനി കഴുകന്റെ മുഖം ശരിക്കും കാണാമായിരുന്നു. ഇത്തിരിവെട്ടം ഏറ്റവും നല്ല വിമശനം. നല്ല കഥ.

അഭിനവ്.

Anonymous said...

നല്ല കഥ.

Rasheed Chalil said...

ഇക്കാസേ നന്ദി., :)

സിജു നന്ദി.

വേണുവേട്ടാ നന്ദി. അത്രയെങ്കിലും ചെയ്യാം നമുക്ക്.

പീലിക്കുട്ടീ നന്ദി. അതേ ന്യൂസുകള്‍ ആ നിലവാരത്തിലേക്ക് താഴുന്നു.

കണ്ണൂസ്‌ജീ നന്ദി കെട്ടോ.

സുല്‍ നന്ദി.

സു ചേച്ചീ നന്ദി. ഒരിക്കലും യോജിക്കാനാവില്ല. പക്ഷേ എല്ലാവരും അറിയാതെ യോജിച്ച് പോവാറുണ്ട്. ശരിയാണെന്നോ തെറ്റാണെന്നോ ചിന്തിക്കാതെ...

അഗ്രജാ നന്ദി. :)

അപ്പൂ നന്ദി, നടന്ന സംഭവം എന്നല്ല... സംഭവങ്ങള്‍ എന്ന് പറയൂ. ഒത്തിരി പ്രാവശ്യം പലരീതിയില്‍ ആവര്‍ത്തിക്കപ്പെട്ടത് തന്നെയാണ് ഈ കഥയും.

മേനോന്‍‌ജീ നന്ദി. പറയുന്നതാണ് പറയാതിരിക്കുന്നതിനേക്കാള്‍ നല്ലത്... യേത്.

പടിപ്പുര നന്ദി. പക്ഷേ അങ്ങനെ ഒരു സിറ്റുവേഷനില്‍ മനുഷ്യന്‍ എന്ത് കൊണ്ട് എത്തിപ്പെടുന്നൂ എന്ന് ഗൌരവപൂര്‍വ്വം ചിന്തിക്കേണ്ടതല്ലേ.

ചിത്രകാരാ. നന്ദി.

സക്കീനാ നന്ദി. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് അങ്ങനെ. ന്യൂസ് സ്റ്റോറി ക്രിയേറ്റ് ചെയ്യുന്നവന്റെ മുമ്പില്‍ മുറിയുന്ന മനസ്സുകള്‍ക്ക് വിലയുണ്ടാവാറില്ല.

വിചാരമേ നന്ദി. താങ്കളുടെ അഭിപ്രായത്തോട് യോജിക്കാനാവില്ല എന്ന് എന്റെ ചുറ്റുപാടുകള്‍ എന്നെ വീണ്ടും ബോധ്യപ്പെടുത്തുന്നു.

ഏറനാടാ നന്ദി. സംഭവകഥയാണോ... ? അതോ ഒരു പാട് സംഭങ്ങളുടെ കഥയോ. അങ്ങനെ ഒരു സംഭവത്തില്‍ മാത്രം ഇത് തളച്ചിടാമോ (സാദൃശ്യങ്ങളേ പോലെ വൈരുധ്യങ്ങളും ഉണ്ടല്ലോ)

കരീം മാഷേ നന്ദി. സത്യം.

പി ആര്‍ :നന്ദി. :)

തമനുവേ നന്ദി, ന്യായവും അന്യായവും വേര്‍തിരിക്കാന്‍ പോലും ബുദ്ധിമുട്ടാ‍വുന്ന അവസ്ഥയാണ് പലപ്പോഴും.

വല്ല്യമ്മായി നന്ദി.

മുല്ലപ്പൂ നന്ദി.

ദില്‍ബാ നന്ദി കെട്ടോ. :)

ലോനപ്പന്‍ നന്ദി.

ആവനാഴീ നന്ദി.

അഭിനവ് :) നന്ദി.

വിനോദ് നന്ദി.

വായിച്ചവരേ കമന്റിയവരേ എല്ലാവര്‍ക്കും നന്ദി.

Unknown said...

അത് ഏതായാലും ഇതല്ല - :-‌ - രാജേഷ് താമരത്തോണി

Haree said...

ലിങ്ക് തന്നതിന് വളരെ നന്ദി...
വിചാരം പറഞ്ഞത് വളരെ ശരി... നന്നായിട്ടുണ്ടെന്ന് ഞാനിനിയും പറയേണ്ടതില്ലല്ലോ... :)
--