Wednesday, May 02, 2007

ബാലന്‍സ്‌ ഷീറ്റ്

കിളച്ചുടച്ച മണ്ണില്‍ വെള്ളമൊഴിച്ച്‌ പരുക്കന്‍ കാലുകള്‍ കൊണ്ട്‌ ചവിട്ടിക്കുഴച്ചുണ്ടാക്കിയ മണ്‍വീടായിരുന്നു മുത്തച്ഛന്‍ പണിതത്‌. ചെങ്കല്ലിന്റെ പൊടി തേച്ച്‌ ചുമരുകളും, ചകിരിക്കരി കൊണ്ട്‌ തറയും മുത്തശ്ശി സുന്ദരമാക്കി. ഭൂമി അവര്‍ക്കയി മെത്തവിരിച്ചു. പ്രപഞ്ചം സംഗീതമായി. മണ്‍കൂരയുടെ സുരക്ഷിതത്തില്‍ അവര്‍ സ്വര്‍ഗ്ഗം സൃഷ്ടിച്ചു. കള്ളന്മാരേയും കൊള്ളക്കാരേയും ഭയപ്പെടാത്ത സംതൃപ്തമായ ജീവിതം.


അച്ഛന്റെ കാലത്ത്‌ കൂട്ടിനെത്തിയ വിദ്യാഭ്യാസം മനസ്സിനെ പുതിയ ലോകത്തിനും വീക്ഷണത്തിനുമായി സജ്ജമാക്കി. മണ്ണിന്റെ മണത്തിന്‌ പകരം ഫയലുകളുടെ മണവുമായി അച്ഛന്‍ വീട്ടിലെത്തി. ദാരിദ്ര്യവും ദുഃഖങ്ങളും കുടുംബാംഗങ്ങള്‍ പകുത്തെടുത്തപ്പോള്‍ ജീവിതം സംതൃപ്തി നിറഞ്ഞതായി. പകല്‍ വെളിച്ചത്തില്‍ അന്നത്തിനായി അധ്വാനിക്കുന്ന അച്ഛന്‍ രാത്രിയില്‍ കുടുംബത്തെ ചേര്‍ത്ത്‌ പിടിച്ച്‌ അധ്വാനഭാരം മറന്നു.


അങ്ങനെ എന്റെ സമയവുമെത്തി. അച്ഛന്‍ പണിത കൊച്ചുകൂര ഞാനൊരു കൊട്ടാരമാക്കി. അന്നേവരെ അതിരിടാതിരുന്ന തൊടിയ്ക്‌ ചുറ്റും കരിങ്കല്ലിന്റെ മതിലുപണിതു. കാറുകള്‍ക്കായി വലിയ ഗേറ്റും ഭിക്ഷക്കാര്‍ക്കായി ചെറിയ ഗേറ്റും പണിത കൂട്ടത്തില്‍ അയല്‍വാസികള്‍ക്കൊരു കവാടം മറന്നു. ചുറ്റുവട്ടവും അപരിചിതര്‍ മാത്രമായി. പരിചയപ്പെടുന്നവരുടെ ചിരിക്കുന്ന ചുണ്ടുകള്‍ക്ക്‌ പിന്നിലെ ഞെരിയുന്ന പല്ലുകള്‍ ഞാന്‍ കാണാന്‍ തുടങ്ങി. എനിക്കായി നിറയുന്ന കണ്ണുകള്‍ക്ക്‌ പിന്നിലെ പണക്കിഴിയുടെ കിലുക്കം എനിക്ക്‌ കേള്‍ക്കാനായി. അടുത്ത നിമിഷത്തെക്കുറിച്ച്‌ ഗാരന്റിയില്ലാത്ത ഞാന്‍ അഞ്ച്‌ വര്‍ഷം കഴിഞ്ഞ്‌ കമ്പനിക്കുണ്ടാവേണ്ട ടേണൊവറിനെ കുറിച്ച്‌ ഊണും ഉറക്കവുമൊഴിച്ച്‌ പഠിച്ച്‌ പ്രസംഗിച്ചു...

കാലം വെളുത്ത നിറത്തില്‍ തലമുടിയില്‍ അടയാളപ്പെടുത്തിയപ്പോള്‍ കടും കറുപ്പ്‌ നിറത്തിലുള്ള ചായവുമായി കാലത്തെ അതിജീവിക്കാന്‍ ശ്രമിച്ചു. വിടരുന്ന ചുളിവുകളായി, ത്വക്കിനടിയില്‍ നിന്ന് ഊര്‍ന്ന പോവുന്ന കൊഴുപ്പായി, സന്ധികളില്‍ കുടിയേറുന്ന വേദനകളായി കാലം കലഹം തുടരുന്നു... കൂടെ എന്റെ പ്രതിരോധവും.

എങ്കിലും ഞാന്‍ കാണുന്നു... എന്നെ ഉപേക്ഷിക്കപ്പെടാനായി വഴിയിലൊരുക്കിയ ഇരുണ്ടഗുഹ. ഓരോ മീറ്റിംഗുകളിലും ബാലന്‍സ്‌ ഷീറ്റില്‍ പതിയേണ്ട സഖ്യകള്‍ക്ക്‌ വേണ്ടി വാചാലനവാറുള്ള ഞാന്‍, ഗുഹാമുഖത്ത്‌ വെച്ച്‌ ശൂന്യാമായ എന്റെ ഈ ബാലന്‍സ്‌ ഷീറ്റിന്‌ താഴേ എന്തെഴുതണം...


കടപ്പാട് : ഞാന്‍ കേട്ട ഒരു ഗസലിന്റെ വരികളെഴുതിയ വിരലുകളുടെ ഉടമസ്ഥന്.

30 comments:

Rasheed Chalil said...

ഒരു കൊച്ചു പോസ്റ്റ്...

സു | Su said...

കഥ നന്നായി. ഒക്കെ നേടിക്കഴിഞ്ഞാലും ചിന്തിക്കാനുള്ളത് അതുതന്നെ. ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റ് എന്താവും എന്നത്. അതിലെ അക്കങ്ങളിലാണല്ലോ വിജയവും പരാജയവും തീരുമാനിക്കപ്പെടുക.

Pramod.KM said...

നല്ല എഴുത്ത്.
നാം മതിലുകള്‍ ഉണ്ടാക്കുന്നത് തൊടിയില്‍ മാത്രമല്ല,മനസ്സിലും....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ് : ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റ് പൂജ്യമാവണം എന്നല്ലേ? കൊടുക്കാനും വാങ്ങാനും ഒന്നും വയ്ക്കരുത്..

പാതിരാമഴ said...

ഒന്നുമില്ലയ്മയില്‍ സംരക്ഷണം, സംതൃപ്തി ഒക്കെ കണ്ടെത്തിയിരുന്ന മനുഷ്യര്‍,
പിന്നെ എല്ലാ സുഭിക്ഷതയുടെ നടുവിലും സുരക്ഷിതത്വവും, സംതൃപ്തിയും നഷ്ടപ്പെടുക, ഒരു
വിരോൊധഭാസമായി തോന്നാം, പക്ഷെ അതു സത്യമാണ്‌, ഈ വിരോധാഭാസം പിന്നേയും മനുഷ്യനെ മുമ്പോട്ട്‌ നയിക്കുന്നു,,,,നന്നായി ഇത്തിരിവെട്ടം, ഈ ജീവിതത്തിന്റെ നേര്‍കാഴ്ച

മുസ്തഫ|musthapha said...

"...കാറുകള്‍ക്കായി വലിയ ഗേറ്റും ഭിക്ഷക്കാര്‍ക്കായി ചെറിയ ഗേറ്റും പണിത കൂട്ടത്തില്‍ അയല്‍വാസികള്‍ക്കൊരു കവാടം മറന്നു..."

നന്നായി എഴുതിയിരിക്കുന്നു... ഇത്തിരി.

എത്ര പേര്‍ ശ്രദ്ധിക്കുന്നു ജീവിതത്തിന്‍റെ ബാലന്‍സ് ഷീറ്റിലേക്ക്!

asdfasdf asfdasdf said...

ഇത്തിരി നല്ല എഴുത്ത്..
എങ്കിലും അവസാനം എഴുതിയ വാക്കുകള്‍..
എന്നെ ഉപേക്ഷിക്കപ്പെടാനായി വഴിയിലൊരുക്കിയ ഇരുണ്ടഗുഹ... അത് സ്ഥായിയാണല്ലേ..

thoufi | തൗഫി said...

ചിന്തക്ക് വകനല്‍കുന്ന നല്ലൊരു കൊചുകഥ.
ഭാഷയും ഹൃദ്യമായി.

Mubarak Merchant said...

ഒന്നും നേടാന്‍ കഴിയാതെ പോയവന്റെ ചിന്തകളാണിത്തിരി പകര്‍ത്തിയിരിക്കുന്നത്.
ബാലന്‍സ് ഷീറ്റിലെ അക്കങ്ങളുടെ കനം മാത്രം നോക്കുന്നവന്റെ മനസ്സില്‍ സംഭവിക്കാന്‍ പോകുന്ന ആ വിപത്ത് ഒരിക്കലും തെളിയുകയില്ല തന്നെ. അഭിവാദ്യങ്ങള്‍.

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ .. ഒരു ഗസ്സലുപോലെ മനോഹരം..

മഴത്തുള്ളി said...

ഇത്തിരീ, വളരെ ശരിയാണ്. ജീവിതത്തില്‍ പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ മനുഷ്യന്‍ പലതും മറക്കുന്നു. :) ചിലര്‍ ജീവിക്കാനാണ് പണമുണ്ടാക്കുന്നതെങ്കില്‍ ചിലര്‍ ലക്ഷങ്ങള്‍ കയ്യില്‍ വരുമ്പോള്‍ കോടികളില്‍ അടുത്തതായി കണ്ണുറപ്പിക്കുന്നു. അതിനിടയില്‍ ബാലന്‍സ് ഷീറ്റോ? അതെന്തു സാധനം??? :)

സുല്‍ |Sul said...

"എന്നെ ഉപേക്ഷിക്കപ്പെടാനായി വഴിയിലൊരുക്കിയ ഇരുണ്ടഗുഹ."
ഈ ഗുഹയെപറ്റി ആദ്യമേ ചിന്തിച്ചിരുന്നെങ്കില്‍ എന്നു ചിന്തിപ്പിക്കുന്ന ഗുഹ.
ഇത്തിരീ നന്നായി പറഞ്ഞിരിക്കുന്നു.
-സുല്‍

ശാലിനി said...

തലമുറകള്‍ക്ക് വന്ന മാറ്റം ശരിക്കും അയല്‍ക്കാരേയും സ്വന്തക്കാരേയും പോലും മതിലുകെട്ടി വേര്‍തിരിച്ചു. എന്തിനാണ് എല്ലാവരും മതില്‍ കെട്ടുന്നത് എന്നു ചിന്തിക്കാറുണ്ട്. പല മതിലുകളും മനസിലുംകൂടിയാണ് പണിയുന്നത്.

കഥ നന്നായി.

Khadar Cpy said...

തല്ലാനൊരു വടിയുമായാ വന്നേ.... അതിവിടെ പറ്റില്ല... കളഞ്ഞിട്ടില്ല, എടുത്ത് വച്ചിട്ടുണ്ട്.... ചാന്‍സ് കിട്ടാതിരിക്കുമോ.....
ഇത്തിരീ..... നന്നായി....

ചീര I Cheera said...

ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ സ്നേഹം മാത്രം, പുതു തലമുറയ്ക്കായി മാറ്റി വെയ്ക്കാന്‍ കഴിയണേയെന്നാണ് പ്രാര്‍ത്ഥന.
അതേതാണാ ഗസല്‍, ആരു പാടിയതാണാവോ?

Rasheed Chalil said...

പങ്കജ് ഉഥാസാണ് പാടിയത്. എഴുതിയത് ആരാണെന്ന് അറിയില്ല. ആദ്യ വരികള്‍ ഇങ്ങനെ.

ദു:ഖ് സുഖ് കാ ഏക് സബ്ക്കാ...

Sona said...

നല്ല കഥ.അതു വളരെ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്.

വേണു venu said...

ശുന്യമായ ബാലന്‍‍സു് ഷീറ്റുമായൊരു മടക്കയാത്രയ്ക്കിടയിലെ ബഹളങ്ങള്‍.!
ഗസലെഴുതിയ വരികളുടെ ഉറമസ്ഥനു് അഭിമാനിക്കാവുന്ന മൊഴിമാറ്റം.:)

സൂര്യോദയം said...

ഇത്തിരീ... ഒത്തിരി നന്നായിരിയ്ക്കുന്നു.

sandoz said...

അവസാനം ബാലന്‍സ്‌ ഷീറ്റില്‍ എന്തെങ്കിലും കുറിക്കാനെങ്കിലും കഴിഞ്ഞെങ്കില്‍....കണക്കുകള്‍ ഒന്നും ശരി ആയില്ലെങ്കിലും....നന്നായി മാഷേ....

ഇത്തിരീ...ഫോണ്ട്‌ പ്രശ്നം ഇപ്പഴും ഉണ്ട്‌......

Areekkodan | അരീക്കോടന്‍ said...

ഇത്തിരി നല്ല എഴുത്ത്..

കുറുമാന്‍ said...

ഇത്തിരീ, വളരെ നല്ല എഴുത്ത്. സ്വയം തീര്‍ക്കുന്ന വേലിക്കുള്ളില്‍ കിടന്നു നരകിക്കുന്നവരാണിന്നധികവും.

ഏറനാടന്‍ said...

ഇത്തിരി എന്റെ മൂഡ്‌ പോയി. ഇതുവായിച്ച്‌. ഇത്‌ എന്നെ നാട്ടില്‍ പോകാന്‌ ധൃതികൂട്ടിച്ചു. മനസ്സ്‌ വിശാലമാക്കിയിട്ടെന്തു കാര്യം ജനങ്ങള്‍? വേലിക്കെട്ടുകള്‍ പൊളിച്ച പരസ്പരബന്ധങ്ങള്‍ നിലനിറുത്തുന്നതില്‍ വിജയിക്കുന്നതല്ലേ വിജയം? അല്ലേ? പ്രിയകഥാകാരനേ?

മയൂര said...

ഒരു ഗസന്‍ പോലെ മനോഹരം...നല്ല കഥ..അവതരണശൈലിയും.
ബാലസ് ഷീറ്റ് ...കൂട്ടാനുള്ള ശ്രമത്തില്‍ ടാലി ആകാതെ പോകുന്ന ജീവിതം....

വിഷ്ണു പ്രസാദ് said...

നന്നായിട്ടുണ്ട്.

Ziya said...

ഇത്തിരീ,
നല്ല എഴുത്ത്.
ഒരുപാടിഷ്ടമായി...

സാജന്‍| SAJAN said...

ഇത്തിരി , ചിന്തിപ്പിക്കുന്ന എഴുത്ത്..:)

Rasheed Chalil said...

സുചേച്ചീ. നന്ദി. നേട്ടങ്ങള്‍ക്കായുള്ള ഓട്ടപ്പാ‍ച്ചിലിനിടയില്‍ നാം ജീവിക്കാന്‍ മറക്കുന്നു. അവസാനം ടാലിയാവാത്ത ബാലന്‍സ് ഷീറ്റ് ഒത്തിരി ചിന്തിപ്പിച്ചു.

പ്രമോദ് നന്ദി. തീര്‍ച്ചയായും. മതിലുകള്‍ തൊടികളുടെ അതിരുകള്‍പ്പുറം മനസ്സിലും ഒരു അതിര് സൃഷ്ടിക്കാന്‍ വേണ്ടിയാല്ലേ.

കുട്ടിച്ചാത്തന്‍ നന്ദി. അതേ... പൂജ്യമാവണം. അല്ലെങ്കില്‍ പൂര്‍ണ്ണമായ സമാധാനാമാവണം.

പാതിരാമഴ നന്ദി. തീര്‍ച്ചയായും. വീടിന്റെ ഗാംഭീര്യം കൂടുന്നതനുസരിച്ച് സുരക്ഷിതത്വം കുറയുന്നതായി തോന്നിയിട്ടുണ്ട്. എന്നിട്ടും നാം പണത്തേ സ്നേഹിക്കേണ്ടി വരുന്നു.

അഗ്രജന്‍ നന്ദി. സത്യമാണത്. പലവീടുകളിലും ഞന്‍ കണ്ടിട്ടുണ്ട്. രണ്ട് ഗേറ്റ്. ഒന്ന് വാഹനങ്ങളിലെത്തുന്ന വന്‍ അതിഥികള്‍ക്കായും മറ്റേത് പൊതുജനത്തിനായും ആയും. എങ്കിലും രാണ്ടാം ഗേറ്റ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കാറുള്ളത് ആ വീട്ടിലെ ജോലിക്കാരും ഭിക്ഷക്കാരും മാത്രം. അയല്‍‌വാസികള്‍ മതിലിനപ്പുറമുള്ള അപരിചിതര്‍ മാത്രം. ഇത്തരം കാഴ്ച 100% ഗ്രമാമായ എന്റെ നാട്ടില്‍ വരേ ഞാന്‍ കണ്ടിട്ടുന്റ്.

കുട്ടന്മേനോന്‍ : നന്ദി. ആ ഗുഹയുടെ സമീപമെത്തുമ്പോഴേ പലപ്പോഴും ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റ് അന്വേഷിക്കാറുള്ളൂ... അതിന് മുമ്പ് അന്വേഷിക്കുമായിരുന്നെങ്കില്‍ ലോകം എത്ര നന്നായേനെ... ഞാനടക്കമുള്ള ലോകരും.

മിനുങ്ങേ നന്ദി കെട്ടോ.

ഇക്കാസ് : നന്ദി.

അപ്പൂ : നന്ദി.

മഴത്തുള്ളി നന്ദി. ജീവിക്കാന്‍ വേണ്ടി പണമുണ്ടാക്കുന്നതിന് പകരം പണമുണ്ടാക്കാന്‍ വേണ്ടിയല്ലേ ഞാനടക്കം പലരും ജീവിക്കുന്നത് എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്.

സുല്‍ : നന്ദി. തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നാറില്ലല്ലോ. സ്കൂളില്‍ പഠിക്കുന്ന സമയത്ത് സ്വയം പഠിക്കണം എന്ന് തോന്നുന്നവര്‍ എത്ര അപൂര്‍വ്വം. അന്ന് രക്ഷിതാക്കള്‍ നിര്‍ബന്ധിക്കുന്നത് കൊണ്ട് നാം രക്ഷപ്പെട്ടിരിക്കും. എന്നാല്‍ ജീവിതത്തില്‍ നിര്‍ണ്ണായക ഘട്ടങ്ങളില്‍ നാം നമ്മുടെ ശരികള്‍ മാത്രം ശരിയായി കാണുമ്പോള്‍ പലപ്പോഴും തെറ്റു പറ്റുന്നു. അത് തെറ്റാണെന്ന് മനസ്സിലാവുമ്പോഴേക്കും തിരുത്തപെടാനുള്ള സമയം കഴിഞ്ഞ് പോയിരിക്കും... അങ്ങനെത്തന്നെയല്ലേ ജീവിതം.

ശാലിനി നന്ദി. ശരിയാണ്.

പ്രിന്‍സി നന്ദി. ആ വടി അവിടെ ത്തന്നെ ഇരിക്കട്ടേ... ആവശ്യം വരും.

P.R :നന്ദി. സ്നേഹം മാറ്റിവെക്കാന്‍ പലപ്പോഴും മറക്കുന്നു.

സോന നന്ദി.

വേണുമാഷേ നന്ദി. നല്ല വാക്കുകള്‍ക്ക് നന്ദി.

സുര്യോദയം നന്ദി.

സന്‍ഡോസ് നന്ദി കെട്ടോ... അതിനായെങ്കില്‍ എന്നാണ് ഞാനും ആഗ്രഹിക്കുന്നത്.

അരീക്കോടന്‍ നന്ദി.

കുറുമന്‍ നന്ദി. സത്യമാണ്.

ഏറനാടന്‍ നന്ദി. വിശാലമായ മനസ്സിന് മുമ്പില്‍ ഏത് ഏത് വേലിക്കെട്ടും നിഷ്പ്രഭം എന്നല്ലേ മാഷേ.

മയൂര നന്ദി. അതെ.

വിഷ്ണുമാഷേ നന്ദി.

സിയ നന്ദി.

സാജന്‍ നന്ദി കെട്ടോ.

വായിച്ചവരേ കമന്റിയവരേ എല്ലാവര്‍ക്കും ഒത്തിരി നന്ദി.

കരീം മാഷ്‌ said...

ബാലന്‍ഷീറ്റ്, ബാലന്‍ഷീറ്റ് എന്നു ഒരാഴ്ചയായി കേട്ടു കേട്ടു മടുത്താണ് ഞാന്‍ വീട്ടില്‍ വന്നു ബ്ലോഗു വായിക്കാനിരുന്നപ്പോള്‍ ഇത്തിരിയുടെ കഥക്കും പേരു അതുതന്നെ ഇനി ഇവിടെ ആരും ബാലന്‍ഷീറ്റ് എന്നു മിണ്ടിപ്പോകരുത് (പോളണ്ടിനെ കുറിച്ചൊരക്ഷരം മിണ്ടരുതെന്നു ശ്രീനിവാസന്‍)
ഒ.ടോ ജീവിതത്തിന്റെ ബാലന്‍ഷീറ്റില്‍ ബാഡ്ഡബ്റ്റ്സ് കൂടുതല്‍ എഴുതി തള്ളേണ്ടവര്‍ നല്ല മനസ്സുള്ളവരായിരിക്കും

Aardran said...

ഞാന് ആറ്ദ്റന്
കവിതയെഴുതാറുണ്ട്

ഒന്നു വന്നുനോക്കി
തുടരണോ നിര്തണോയെന്നു പരയാമോ

നിങളൊക്കെ എഴുതിയതു കണ്ടു കൊതിയാവുന്നു