Wednesday, June 28, 2017

24. ആരോഹണം.

ഭാഗം : ഇരുപത്തിനാല്.

‘ഖോര്‍ഫുകാനി‘ല്‍ നിന്ന് ‘കല്‍ബ’ യിലേക്ക് നാല്‍പത് കിലോമീറ്ററിലധികം ദൂരമുണ്ട്. അലക്കുകാരനെ പിന്തുടര്‍ന്ന്‍ കുഞ്ഞുവും കൂട്ടരും ഒരു നാല്‍കവലയിലെത്തി. അവിടെ നിന്ന് കല്‍ബയിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ച് മറ്റൊരു വഴിയിലൂടെ അയാള്‍ നടന്ന് മറഞ്ഞു. പച്ചപ്പ് ഇല്ലാത്ത, പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകള്‍ക്ക് ഇടയിലൂടെ നീണ്ട് പോകുന്ന റോഡില്‍ തീര്‍ത്തും അപരിചിതരായ ആ സംഘം നടന്നു. ഇടയ്ക്കെപ്പെഴോ വാഹനത്തിന്റെ ശബ്ദം കേട്ടതും പിടിക്കപ്പെടാതിരിക്കാനായി തൊട്ടടുത്ത കുന്നിന്‍ ചെരുവിലേക്ക് ഓടിക്കയറി.

പൊള്ളുന്ന വെയിലും ഇടയ്ക്കുള്ള ഓടിയൊളിക്കലും കൂടി ആയപ്പോള്‍ വിശപ്പും ദാഹവും അസഹനീയമായി.. പലരും ഏത് നിമിഷവും തളര്‍ന്ന് വീഴും എന്ന അവസ്ഥയിലായിരുന്നു. ദൂരെ താഴ്വാരത്തില്‍ പച്ചപ്പ് കണ്ടപ്പോള്‍ അവിടെ പോയി വെള്ളം കുടിച്ച് വരാനായി അങ്ങോട്ട് നടന്നു. അതൊരു ഈന്തപ്പനത്തോട്ടമായിരുന്നു. കരിപുരണ്ട വസ്ത്രങ്ങളുമായി തോട്ടത്തിലെത്തിയ ദരിദ്രരുടെ ആവശ്യം ആംഗ്യ ഭാഷയില്‍ നിന്ന് മനസ്സിലാക്കിയ ഉടമ വെള്ളവും ഈന്തപ്പഴവും നല്‍ക്കി. ഓടിയും നടന്നും ഒരു വിധം യത്ര കല്‍ബയിലെത്തുമ്പോള്‍ രാത്രിയായിരുന്നു.

അധികം വൈകാതെ ഷാര്‍ജയിലേക്ക് പുറപ്പെടും എന്നും ഭക്ഷണം വേണമെങ്കില്‍ പെട്ടന്ന് തീര്‍ത്ത് തിരിച്ചെത്തണം എന്നും ഏജന്‍സി ഓഫീസില്‍ നിന്ന് അറിയിപ്പുണ്ടായി. കാസര്‍ഗോഡ് കാരന്‍ മലയാളിയുടെ ഹോട്ടലില്‍ ആയിരുന്നു ആദ്യം കയറിയത്. പ്രാതലിന് മാത്രം ഇരുപത്തിഅഞ്ച് ഇന്ത്യന്‍ രൂപ വേണ്ടിവരും എന്നറിഞ്ഞപ്പോള്‍ തിരിച്ചിറങ്ങി. തൊട്ടടുത്തുള്ള ഇറാനിയുടെ ഹോട്ടലില്‍ നിന്ന് റൊട്ടി കഴിച്ചു. വില അന്വേഷിച്ചപ്പോള്‍ അഞ്ച് രൂപ പറഞ്ഞിരുന്നെങ്കിലും പൈസയൊന്നും വാങ്ങിയില്ല.

ഉരുവില്‍ ഉണ്ടായിരുന്നവരില്‍ കല്‍ബയില്‍ എത്തിച്ചേര്‍ന്ന അമ്പത് പേരെയും കയറ്റി വൈകി പുറപ്പെട്ട ഏജന്‍സിയുടെ വാഹനം ഷാര്‍ജയില്‍ എത്തിയപ്പോള്‍ നേരം വെളുത്തിരുന്നു. ഷാര്‍ജയില്‍ നിന്ന് വൈകുന്നേരം ദുബൈയിലേക്ക് പുറപ്പെടും ഇസ്മാഈല്‍ നല്‍കിയിരുന്ന ഇരുപത്തിഅഞ്ച് രൂപക്ക് പകരം കുഞ്ഞുവിന് പത്ത് ബഹ്റൈന്‍ ദിനാര്‍ ലഭിച്ചു. അന്ന് രാത്രിയോടെ ദേരയില്‍ ബസ്സിറങ്ങി.

പിന്നീട് ജീവിതം കരുപ്പിടിപ്പികാനുള്ള പെടാപ്പാട് ആയിരുന്നു. കെട്ടിടപ്പണിക്ക് വേണ്ടി കല്ലും സിമിന്റും ചുമന്നു. തോട്ടകാരനായും ഹോട്ടലിലെ സഹായി ആയും ജോലി ചെയ്തു. മരുഭൂമിയിലെ ചൂടിനോ തണുപ്പിനോ ആ ഇച്ഛാശക്തിയെ തോല്‍പ്പിക്കാനായില്ല. ആദ്യം ഇസ്മാഈലിന്റെ കടം തീര്‍ത്തു. മാസത്തില്‍ നാട്ടിലേക്ക് പൈസ എത്തിച്ചു തുടങ്ങി. അങ്ങനെ വര്‍ഷം മൂന്ന് കഴിഞ്ഞു. നാട്ടിലെ ദാരിദ്ര്യത്തിന് ആശ്വാസം ആയെങ്കിലും സ്ഥിരമായി ഒരു ജോലി സ്വപ്നമായി അവശേഷിച്ചു.

സത് വയില്‍ വെച്ച് അക്കാലത്താണ് ഇബ്രാഹീമിനെ കണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട ഇബ്രാഹീം അയമുദു ഹാജിയുടെ വീട്ടിലെ പണിക്കാരനായിരുന്നു. ഒരിക്കല്‍ തോല്‍കെട്ടുമായി കുളക്കരയിലൂടെ വരുമ്പോള്‍ കുളത്തില്‍ ഹാജിയുടെ വീട്ടിലെ സ്ത്രീകളുണ്ടായിരുന്നെത്രെ. അക്കാരണത്തിന് ഇബ്രാഹീമിനെ അയമുദു ഹാജി അടിച്ചു. മേലാല്‍ നാട്ടില്‍ കാണെരുതെന്ന് ഭീഷണിപ്പെടുത്തി. രായ്ക് രാമാനം നാടുവിട്ട ശേഷം ഇബ്രാഹീമി കുറിച്ച് ഒരുപാട് കാലം ആര്‍ക്കും അറിയില്ലായിരുന്നു. കുഞ്ഞു പുറപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പാണ് അറബി നാട്ടില്‍ കച്ചവടമാണെന്ന ശ്രുതി നാട്ടില്‍ പരന്നത് .

ഇബ്രാഹീം നാട്ടില്‍ പോവാനുള്ള ഒരുക്കത്തിലാണ്. യാത്രയ്ക്ക് ആവശ്യമുള്ള ഒരു രേഖയുമില്ലാതെ ഉരുവിന് തന്നെയാണ് യു എ ഇ യില്‍ എത്തിയത്. തിരിച്ച് പോവാന്‍ പാസ് പോര്‍ട്ട് നിര്‍ബന്ധമാണ്. അതേ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഇറങ്ങിയ വഴിയില്‍ വെച്ചാണ് കുഞ്ഞുവിനെ കണ്ടത്. മറുരാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഇന്ത്യഗവണ്‍മെന്റ് പാസ്പ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും ഒന്നിച്ച് അപേക്ഷ സമര്‍പ്പിക്കാമെന്നും ഇബ്രാഹിം കുഞ്ഞുവിനോട് പറഞ്ഞു.

അന്ന് തന്നെ രണ്ടാളും കൂടി ബാര്‍ദുബൈയില്‍ സിന്ധികളുടെ ഓഫീസില്‍ എത്തി, കാര്യങ്ങള്‍ അന്വേഷിച്ചു. ഒരാഴ്ച കഴിഞ്ഞ് ഫോട്ടൊയടക്കം അപേക്ഷ സമര്‍പ്പിച്ചു. പാസ് പോര്‍ട്ടിന് വേണ്ടിയുള്ള ‘എന്‍ക്വയറി‘ നാട്ടില്‍ നടക്കുമെന്നും അത് കഴിഞ്ഞാല്‍ പോസ്റ്റ് വഴി പാസ്പോര്‍ട്ട് എത്തുമെന്നും അപേക്ഷ സ്വീകരിക്കുമ്പോള്‍ അവരോട് പറഞ്ഞു. അന്ന് രാത്രി തന്നെ ഇബ്രാഹീമിന്റെ റൂമില്‍ നിന്ന് കുഞ്ഞു നാട്ടിലേക്ക് എല്ലാ വിവരങ്ങളും വെച്ച് കത്തെഴുതി.

ദിവസങ്ങള്‍ കഴിഞ്ഞ് രണ്ടുപേരെ കൂട്ടി ഖാദര്‍ കുഞ്ഞുവിന്റെ വീട്ടിലെത്തി. വന്നവര്‍ ഫോട്ടോ കാണിച്ച് ഈ ആളെ അറിയുമോ എന്ന് സൈനുവിനോട് അന്വേഷിച്ചു. വിലാസവും കുടുബ ചരിത്രവും ചോദിച്ചറിഞ്ഞു. എന്നാണ് കുഞ്ഞു യാത്ര തിരിച്ചെതെന്നും എവിടെ നിന്നാണ് പുറപ്പെട്ടതെന്നും മാതാപിതാക്കളെ കുറിച്ചും മക്കളെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും അന്വേഷിച്ചു. എല്ലാം കുറിച്ചെടുത്ത് അവര്‍ യാത്ര പറയുമ്പോള്‍ ഖാദറും കൂടെ ഇറങ്ങി.

“ഞാന്‍ അയമുദു ആജിന്റെ പെര വാങ്ങാന്‍ നിച്ചയ്ച്ചു...” ഒരിക്കല്‍ ഇബ്രാഹീം പറഞ്ഞു. കുഞ്ഞു നട്ടില്‍ നിന്ന് പോരുന്ന സമയത്ത് തന്നെ അയമുദു ഹാജിയുടെ കുടുബം ക്ഷയിച്ച് തുടങ്ങിയിരുന്നു. “അതൊരു പയേ പെര അല്ലേ.. ഇജ്ജെന്തിനാ അത് വാങ്ങ്ണ്..” കുഞ്ഞുവിന്റെ സംശയം അതായിരുന്നു.

“അത് ന്റെ ഒരു വാസി ആണ്.. അനക്കറിയോ ... ഒരു തെറ്റും ചെയ്യാത്തെ ഇന്നെ അയാള് നാട്ട്ന്ന് തന്നെ അടിച്ച് ആട്ടി. ആ പെരന്റെ വാരാന്തീല് ഒന്ന് അന്തസ്സോടെ കേറി ഇരിക്കണം. അത് ന്റെ വാസി ആണെന്ന് കൂട്ടിക്കോ..” അത്ഭുതത്തോടെ കാരണം അന്വേഷിച്ച കുഞ്ഞുവിനോട് ഇബ്രാഹം വിശദീകരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പൊരു ദിവസം. അയമുദു ഹാജിയുടെ തൊടിയില്‍ തെങ്ങിന് തടമെടുക്കുമ്പോഴാണ് ആകാശം കോരിച്ചെരിഞ്ഞത്. തിമര്‍ത്ത് പെയ്യുന്ന മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ആ വീട്ടിന്റെ വരന്തയോടെ ചേര്‍ന്ന പിന്തറയിലേക്ക് കേറി നിന്നു. ഇറയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം നോക്കി തിണ്ടില്‍ ചാരി നില്‍ക്കുമ്പോഴാണ് ഹാജിയുടെ ഭാര്യ വരാന്തയിലേക്ക് വന്നത്.

തിണ്ടും ചാരി നില്‍ക്കുന്ന ഇബ്രാഹീമിനെ കണ്ടപ്പോള്‍ അവരുടെ അഹങ്കാരവും തലപൊക്കി. “ഇബ്രായീനെ ഇജ്ജ് ന്ത് നാ ഇങ്ങട്ട് കേറി നിന്ന്ക്ക് ണ്.. അന്റെ മേത്ത് ള്ള മണ്ണും പൊടിം ആ ചോര് മ്മെ കൂടി ആക്കണ്ട വല്ല കാര്യും ണ്ടോ...“ പുറത്തെ മഴയത്തേക്കും അവരുടെ മുഖത്തേക്കും മാറി മാറി നോക്കി മഴയിലേക്കിറങ്ങി. “മയ ത്ത്ക്ക് എറങ്ങുമ്പോ കുഞ്ഞ്വോ ന്റെ കണ്ണ് നെറഞ്ഞിരുന്നു. നാളെ ഈ കൊലായീല് എന്നെ ഇര്ത്താന്‍ പടച്ചോന്‍ വിചാര്ച്ചാ കയ്യൂല്ലേ ന്നാ അപ്പൊ ആലോയ്ച്ചത്.. അന്നത്തെ ഇന്റെ ആ ദുആ അല്ലഹു കേട്ടിട്ട്ണ്ട് കുഞ്ഞ്വോ... വല്യാക്കാന്റെ കത്ത് വന്നീന്ന്. അയമുദുആജി പെരിം പറമ്പും വിക്കാണ് ന്ന് പറഞ്ഞ്... വാങ്ങാന്‍ പറഞ്ഞ് ട്ട്ണ്ട്.”
*** *** *** *** ***

മണല്‍കാട്ടില്‍ നിന്നെത്തിയ പണം നാടിന്റെ ഛായ വളരെ പെട്ടന്ന് മാറ്റിത്തുടങ്ങി. അരപ്പട്ടിണിയും മുഴുപട്ടിണിയും ആയിരുന്നു പല കുടുബങ്ങളിലും സമൃദ്ധിയെത്തി.. തുന്നിക്കൂട്ടിയ വസ്ത്രങ്ങളില്‍ ജീവിച്ചിരുന്നവര്‍ നല്ല വസ്ത്രം ധരിച്ച് തുടങ്ങി. കറുത്ത സൂപ്പിനും വെള്ളക്കാച്ചിക്കും പകരം മുമ്പ് ധനികര്‍ മാത്രം ഉപയോഗിച്ചിരുന്ന പുള്ളിത്തുണി സാര്‍വ്വത്രികമായി. ഓല വീടുകള്‍ക്ക് പകരം ഓട് മേഞ്ഞ വീടുകള്‍ പൊങ്ങിത്തുടങ്ങി. ഇടവഴികള്‍ പൊടിപറത്തുന്ന പഞ്ചായത്ത് റോഡുകളായി. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിച്ച് തുടങ്ങി. മലബാറിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു യുഗപ്പിറവിക്ക് കാലം സാക്ഷിയായി.

അഞ്ച് വര്‍ഷം കഴിഞ്ഞ് കുഞ്ഞു തിരിച്ചെത്തുമ്പോള്‍ നാടിന്റെ മുഖച്ഛായ മാറിയിരുന്നു. ചോരനീരാക്കി അധ്വാനിച്ചവന് വിശ്രമിക്കാനുള്ള സുഖവാസ സ്ഥലം മാത്രമായി നാട് മാറിത്തുടങ്ങി. മുമ്പ് വിശപ്പായിരുന്നു ഏറ്റവും വലിയ പ്രേരണ എങ്കില്‍, പണം ആ സ്ഥാനം കയ്യടക്കി കഴിഞ്ഞു. മൂന്ന് മാസത്തെ അവധി കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ ആ ചെറ്റപ്പുരയും ഓട് മേഞ്ഞിരുന്നു.

5 comments:

Rasheed Chalil said...

ആരോഹണം...

Sulthan | സുൽത്താൻ said...

ഇത്തിരി,

തേങ്ങയും വാങ്ങി ഓടി വന്നതാ,

പക്ഷെ, പറ്റുന്നില്ല.

ഞാനും ഒരു ഗൾഫുകാരനാ, വരികൾക്കിടയിലെ കഥപത്രങ്ങളിൽ ഞാനുമുണ്ട്‌.

തുടരുക, ആശംസകൾ.

Sulthan | സുൽത്താൻ

krishnakumar513 said...

ഇനിയും തുടര്‍ന്നെഴുതുക.ആശംസകള്‍

Unknown said...

മലബാറിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു യുഗപ്പിറവിക്ക് കാലം സാക്ഷിയായി.

മലബാര്‍ മാത്രമല്ല, കേരളം മൊത്തം അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നു !

ആര്‍ബി said...

മലബാറിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു യുഗപ്പിറവിക്ക് കാലം സാക്ഷിയായി.

athu thanne,,

naadum veedum maatipaniyunna pravaasiyude kadha,,,,

nannaayi...