Monday, August 07, 2006

എന്റെ ഒരു ഉറച്ചതീരുമാനം.

കയ്യില്‍ തൂക്കിയ മനോഹരമായ കൊച്ചുപെട്ടിയും കഴുത്തില്‍ ടൈയും സുതാര്യമായ കണ്ണടയും പിന്നെ മങ്ങിയ സുഗന്ധവുമായാണ്‌ ആദ്യം അയാളെത്തിയത്‌.


വരാന്തയുടെ കൈവരിയിലുരുന്ന്,എന്നെയും വാതില്‍ ചാരിനില്‍ക്കുന്ന ഭാര്യയെയും മാറിമാറി നോക്കി അയാള്‍ സംസാരിച്ചു. കൃഷിയുടെ മഹത്വത്തെക്കുറിച്ച്‌, വിളകളെക്കുറിച്ച്‌..വളങ്ങളെക്കുറിച്ച്‌.. വിട്ടിലുണ്ടാവേണ്ട അത്യാവശ്യ സൌകര്യങ്ങളെക്കുറിച്ച്‌.. കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച്‌...അല്‍പ്പായുസ്സ്‌ പരാമവധി ആസ്വാദ്യകരമാക്കേണ്ടതിനെ കുറിച്ച്‌ ഇതിനെല്ലാം എറ്റവും നല്ല പരിഹാരമായ ലോണ്‍, ഇന്‍സ്റ്റാള്‍മന്റ്‌.. തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെ കുറിച്ച്‌....ഇനിയും കാണാം എന്നുപറഞ്ഞു അദ്ദേഹം പോവുമ്പോള്‍ കയ്യിലൊരു കാര്‍ഡും പിടിച്ചു നില്‍ക്കുന്ന ഞാന്‍ ഒത്തിരികാര്യങ്ങള്‍ പഠിച്ചിരുന്നു.


അലക്കിയും അരച്ചും പുകയൂതിയും ജീവിതം തുലക്കേണ്ടവളല്ല എന്റെ ഭാര്യ.. കാലുപോയ ബെഞ്ചിരുന്ന് തറ പറ പഠിക്കേണ്ടവരല്ല എന്റെ മക്കള്‍..ആധുനിക കൃഷിയെക്കുറിച്ച്‌ ഒരു ചുക്കും അറിയത്താവാനാണു ഞാന്‍..പിന്നെ മാസത്തില്‍ പലപ്പോഴായി ബസ്സിനും ഓട്ടോക്കുമായി ഞാന്‍ ഒരു വന്‍സംഖ്യ ചിലവഴിക്കുന്നു..., ഒരു ബൈക്കോ കാറോ ഉണ്ടെങ്കില്‍ അതുലാഭിക്കാം... അങ്ങനെ ഒത്തിരി പ്രശ്നങ്ങളും പ്രതിവിധികളും.


പിന്നീടുള്ള ദിവസങ്ങളില്‍ മഷിപുരണ്ട എന്റെ കൈവിരല്‍ പലരും പലസ്ഥലത്തും ഉപയോഗിച്ചു.പണവും പരിവാരങ്ങളും പാഞ്ഞെത്തി. ദിവസങ്ങള്‍ ഞങ്ങളെ വര്‍ഷങ്ങളുടെ വളര്‍ച്ചയിലെത്തിച്ചു.പുതിയലോകം, പുതിയ സംവിധാനങ്ങള്‍ പുതിയ സൌകര്യങ്ങള്‍,പുതിയ ബന്ധുക്കള്‍, പുതിയ സുഹൃത്തുക്കള്‍.


അങ്ങനെ.. വളര്‍ന്നു വളര്‍ന്നു വീണ്ടും വളര്‍ന്നു പിന്നെ ഞങ്ങള്‍ തളരാനാരംഭിച്ചു.. അതിവേഗം.. ഉയരത്തില്‍നിന്നും വളര്‍ച്ചയുടെ പതിന്മടങ്ങ്‌ വേഗത്തില്‍.. വീണ്ടും വീണ്ടും പുതിയ പാഠങ്ങള്‍.കുറ്റപ്പെടുത്താത്തവരായി വാങ്ങി വെച്ച ടി.വിയും ഫ്രിഡ്ജും മാത്രമായി ബന്ധുക്കളും സുഹൃത്തുക്കളും.ബാങ്കുകാരുടെയും പലിശക്കാരുടെയും മുഖമിരുണ്ടു.
ഇപ്പോഴാണ്‌ ഞാന്‍ ഒരു തീരുമാനമെടുത്തത്‌.എന്റെതുമാത്രമായ ഒരു തീരുമാനം...
മറ്റാര്‍ക്കും ഒരു പങ്കുമില്ലാത്ത ഉറച്ച തീരുമാനം..


മാഞ്ഞ്‌ പോവുന്ന കാഴ്ചയുടെ അവസാനത്തിലും അടുത്ത്‌ നിമിഷത്തിന്റെ പ്രധാനവാര്‍ത്ത ഞാന്‍ വായിച്ചിരുന്നു.'കടം കാരണം ഒരു കര്‍ഷക കുടുംബം കൂടി ആത്മഹത്യ ചെയ്തു' തൊട്ടുതാഴെ നിരത്തിവെച്ച അഞ്ചു ചിത്രങ്ങളും.

32 comments:

Unknown said...

ഒരു കൊച്ചുപോസ്റ്റ്.
അഭിപ്രായം അറിയിക്കുമല്ലോ..

കുറുമാന്‍ said...

ഇത്തിരിവെട്ടമേ കൊള്ളാം.......

ഇതു തന്നേയല്ലെ, തലയണ മന്ത്രത്തില്‍ ശ്രീനിവാസന് പറ്റിയത്......ആത്മഹത്യ ചെയ്തില്ല എന്നു മാത്രം.

സു | Su said...

കടമെടുക്കൂ... എന്ന് വന്ന് പറയുമ്പോള്‍ അതിന്റെ കൂടെ അവര്‍ നമ്മള്‍ കേള്‍ക്കാതെ പറയുന്ന വാക്കാണ് മുടിഞ്ഞുപോകൂ എന്നത്.

നന്നായിട്ടുണ്ട് :)

Unknown said...

കഥ കൊള്ളാം ഇത്തിരിവട്ടമേ, നന്നായി. ഒരു നോവ് മനസ്സില്‍ ബാക്കിയായി.

വല്യമ്മായി said...

കാര്‍ഷികാവശ്യത്തിന് ലോണെടുത്ത് പുര നന്നാക്കലും,മകളുടെ പ്രസവശുശ്രൂഷയും തുടങ്ങി പലതും ചെയ്തു തീര്‍ക്കുന്നതും ഈ ആത്മഹത്യക്കൊരു കാരണമല്ലേ.

ഇവിടെ ക്രെഡിറ്റ് കാര്‍ഡ് പയ്യന്മാര്‍ വന്ന് “ഞാന്‍ വിസിറ്റിലാണ്,വിസ കിട്ടണമെങ്കില്‍ ഇത്രയാ ടാര്‍ജെറ്റ്” എന്നു പറയുമ്പോള്‍ നമ്മളും വീഴുന്നു ഇത്തരം വലകളില്‍

Unknown said...

വയനാട്ടിലടക്കം ആത്മഹത്യ ചെയത കര്‍ഷകരില്‍ നല്ലോരു ശതമാനവും കടക്കാരയത് കൃഷിനടത്തിയല്ല എന്ന സത്യം ഒരു പഠനം വഴി പുറത്തുവന്നിരുന്നു..

ആ വാര്‍ത്തയാണ് എന്നെ ഇങ്ങിനെ ചിന്തിപ്പിച്ചത്

നാം നമ്മളറിയാതെ ഉപഭോഗ സംസ്കാരത്തിനടിമയാവുന്നു.അതിന്റെ ദൂരവ്യാപകമായ ഫലങ്ങളിലൊന്നാണ് ഇതും

Unknown said...

ഇത്തിരിവെട്ടം,
നന്നായി എഴുതിയിരിക്കുന്നു.
ആദ്യം ചാടിക്കേറി ഓരോന്നൊപ്പിക്കും. എന്നിട്ട് ആത്മഹത്യ ചെയ്യും. ഇതിന്റെ പേരി പാവം അച്ചുമ്മാമയ്ക്കും ഉമ്മച്ചനുമൊന്നും ഉറക്കവുമില്ല.

ആരൊക്കെ ആത്മഹത്യ ചെയ്താലും കുഴപ്പമില്ല. കര്‍ഷകര്‍ ചെയ്യരുത് പ്ലീസ്... ;)

ഇടിവാള്‍ said...

അസ്സലായി റഷീദ്‌.. ലളിതമായി പറഞ്ഞിരിക്കുന്നു.

അല്ലെങ്കിലും, നമ്മള്‍ മലയാളികള്‍ വരവറിയാതെയാണല്ലോ ജീവിക്കുന്നത്‌ ! പ്രാപ്യമല്ലെന്നറിഞ്ഞിട്ടുകൂടി അനാവശ്യ ആഢംബരങ്ങളോടെ പുറകേ പായുന്നൂ...

സുമാത്ര said...

ഇപ്പറഞ്ഞതു വാസ്തവം. നന്നായിരിക്കുന്നു. പിന്നെ എന്തു ചെയ്യാം .. എന്റെ മാവും “മാ‍ാവും” എന്നോര്‍ത്ത് സമാധാനിക്ക, അനാവശ്യ കടങ്ങള്‍ വാങ്ങിയിട്ടല്ല കെട്ടോ..

ഡാലി said...

ഇത്തിരി, വായിച്ചപ്പോള്‍ മനസ്സില്‍ വന്നതു കൂറുജി പറഞ്ഞു.
ഒരു ശരാശരി മലയാളി അവന്റെ ആയുസ്സ് ഒരു വീടുണ്ടാക്കാനും അതിന്റെ സൌകര്യങ്ങള്‍ക്കുമായി മാറ്റി വക്കുന്നു എന്നത് അതിശയം തന്നെയാണ്. എന്നീട്ട് ആ സൌകര്യങ്ങള്‍ ലോണിന്റെ ഭാരത്തിനു മുകളിലിരുന്നു പല്ലിളിച്ചു കാണിക്കും.ജീവിതം അവനു അനുഭവിക്കനുള്ളതല്ല. ലോണടക്കന്‍ ഉള്ളതാണ്. ചിലര്‍ ലോണ്‍ എന്ന ഭാരം കഴുതയെ പോലെ വലിക്കും. തളര്‍ന്നു പോകുന്നവര്‍ക്കു ദുരഭിമാനത്തിന്റെ പേരില്‍ ആത്മഹത്യ.
എന്നിരുന്നാലും കുരുമുളക് കൂടിയിട്ട് അതില്‍ തീ കൊടുത്ത് ആത്മഹുതി ചെയ്ത യഥാര്‍ത്ഥ കര്‍ഷകനേയും, ഫീസിനായി വാഴ കൃഷി ചെയ്ത് വാഴ മുഴുവന്‍ കാറ്റത്ത് ഒടിഞ്ഞു പോയപ്പോള്‍ മുന്നില്‍ ആത്മഹത്യ മാത്രം പോവഴിയായി കണ്ട വിദ്യര്‍ത്ഥിയേയും നാം മറന്നു കൂടല്ലൊ.
നല്ല നല്ല വിഷയങ്ങള്‍ ഇനിയും ഇനിയും എഴുതൂ ഇത്തിരി

കുറുമാന്‍ said...

ഹാവൂ.......ഡാലിയുടേ കമന്റും വന്നു....
ഡാലിയും കുടുമ്പവും സുഖമായിരിക്കുന്നല്ലോല്ലെ?

കൂടുതല്‍ വിവരങ്ങള്‍ എഴുതൂ

myexperimentsandme said...

നന്നായിരിക്കുന്നു റഷീദ്.. പല പല കാരണങ്ങളുണ്ടെന്ന് തോന്നുന്നു, ഈ ആത്‌മഹത്യകളുടെ പുറകില്‍. വെറുതെ കാര്‍ഷിക കടം എഴുതി തള്ളുന്നതുകൊണ്ടു മാത്രം തീരുന്നവയല്ല എന്ന് തോന്നുന്നു, ഈ പ്രശ്‌നങ്ങള്‍. പണ്ട് ഇതുപോലൊരു ചര്‍ച്ചയില്‍ എല്‍‌ജി പറഞ്ഞതുപോലെ കാഞ്ഞിരപ്പള്ളിയിലെയൊന്നും റബ്ബര്‍ കര്‍ഷകര്‍ റബ്ബറിന് വില കുറഞ്ഞപ്പോള്‍ ആത്‌മഹത്യ ചെയ്‌തില്ല-ഇപ്പോള്‍ വയനാട്ടിലാണ് കൂടുതല്‍ ആത്‌മഹത്യകള്‍. ആള്‍ക്കാരുടെ സാമൂഹ്യ പശ്ചാത്തലവും നോക്കേണ്ടിയിരിക്കുന്നു.

മാതൃഭൂമിയില്‍ ഒരു ഫീച്ചര്‍ ഉണ്ടായിരുന്നു. ആള്‍ക്കാരുടെ മാറിയ ജീവിത രീതിയും വര്‍ദ്ധിച്ച ജീവിത ചിലവും മദ്യപാനവുമെല്ലാമായിരുന്നു കാരണങ്ങളായി നിരത്തിയിരുന്നത്. എങ്ങിനെ ഇതെല്ലാം ഒഴിവാക്കാം എന്നൊരു നിര്‍ദ്ദേശം ആ ഫീച്ചറില്‍ ഉണ്ടായിരുന്നോ എന്നോര്‍ക്കുന്നില്ല.

എന്തായാലും ആത്‌മഹത്യകള്‍ മുഴുവന്‍ കൃഷിയുമായി നേരിട്ട് ബന്ധപ്പെട്ടവയല്ല. അതേസമയം ഡാലി പറഞ്ഞതുപോലെ കൃഷിയുമായി ബന്ധപ്പെട്ടവയും നടക്കുന്നുണ്ട്. അതും മറന്നു കൂടാ.

എന്തെങ്കിലുമൊക്കെ ചെയ്യേണ്ടിയിരിക്കുന്നു. സമൂഹത്തിന് വളരെയേറെ കാര്യങ്ങള്‍ ചെയ്യാമെന്ന് തോന്നുന്നു- ആദ്ധ്യാത്‌മിക നേതൃത്വങ്ങള്‍ക്കും. രാഷ്‌ട്രീയക്കാര്‍ എത്രത്തോളം ഉപകരിക്കും എന്നറിയില്ല.

നന്നായി അവതരിപ്പിച്ചിരിക്കുന്നു.

അരവിന്ദ് :: aravind said...

അതേയതെ...ചില കേസുകളില്‍ യാദാര്‍ത്ഥ്യം ഇതാണ്. പക്ഷേ എടുത്ത തുക അടച്ചിട്ടും പലിശ കാരണം മുടിഞ്ഞവരും ഉണ്ട്.
നന്നായി എഴുതി.

ബിന്ദു said...

വളരെ ശരി, നല്ല പോസ്റ്റ്‌. :)

Visala Manaskan said...

നല്ല വിഷയം. നല്ല എഴുത്ത്.

Unknown said...

കഴിഞ്ഞ വെക്കേഷനില്‍ എന്റെ പിതാവ് പറഞ്ഞ ഒരു വാചകം ഇതിന്റെ അടിക്കുറിപ്പായി ചേര്‍ക്കണം എന്നു തോന്നുന്നു.

“ഞങ്ങളുടെ കാലത്ത് 50 പൈസ വരുമാനമുണ്ടെങ്കില്‍ കുടുംബം ചെലവ് 45 പൈസയില്‍ ഒതുക്കിയിരുന്നു. ഇപ്പോള്‍ ആദ്യം ബജ്റ്റ് തയ്യാറാക്കി അതിനായി വരുമാനം കണ്ടെത്തുന്നു”,

ഇതെല്ലേ ശരിക്കും കണ്‍സൂമര്‍ സൊസൈറ്റി.

കുറുജീ : നന്ദി. തീര്‍ച്ചയായും. പിന്നെ തലയിണമന്ത്രത്തിന്റെ കാന്‍ വാസ് ഇത്തിരികൂടി കുട്ടിയാല്‍ അതുതന്നെയാണ് ഇന്നും നടക്കുന്നത്.കാരണം മന്ത്രിക്കുന്ന പലരില്‍ ഒരുവള്‍ മാത്രമാവും ഭാര്യ.പിന്നെ ആ സിനിമപോലെയുള്ള ഒരു ക്ലൈമാക്സ് പലപ്പോഴും ഉണ്ടാവുന്നില്ല. കാരണങ്ങള്‍ പലതാണ്.എനിക്കു തോന്നുന്ന പ്രധാ‍ന കാരണങ്ങളില്‍ ഒന്ന് കാരണം പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് ഷെയര്‍ ചെയ്യാന്‍ ഒരു വലിയ കുടുംബം ഉണ്ടായിരുന്നു.എന്നാ‍ല്‍ ആധുനിക അണുകുടുംബത്തില്‍ അതു പ്രതീക്ഷിക്കുക വയ്യല്ലോ. പിന്നെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രാദയങ്ങളിലെല്ലാം ഒത്തിരി കാര്യങ്ങള്‍ പഠിപ്പിക്കുന്നെങ്കിലും ജീവിതത്തെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കാവുന്ന കാര്യത്തില്‍ വിജയിക്കുന്നില്ല എന്ന് എനിക്കു തോന്നുന്നു.അങ്ങനെ പലകാരണങ്ങള്‍...

ഇതൊരു വലിയ വിഷയമാണ് ഇത്തിരി സീരിയസ്സായി ചര്‍ച്ച ചെയ്യേണ്ട വിഷയം.

സൂ: നന്ദി കെട്ടോ. തീര്‍ച്ചയായും..കടകൊടുക്കാന്‍ ആര്‍ത്തിപിടിച്ചു നടക്കുന്നവന്റെ കണ്ണ് തന്റെ കഴുത്തിലാണ് എന്ന് പലപ്പോഴും കാണാതെ പോവുന്നു

ശ്രീചിത്ത് : നന്ദി.പിന്നെ നമുക്ക് നൊവുന്നമനസ്സു തന്നെ നഷ്ടമായികൊണ്ടിരിക്കുന്നു.പകരം ഒരു തരം നിസംഗഭാവം ആണെല്ലോ നമ്മൂടെ തലമുറയുടെ ഏറ്റവും വലിയ ശാപം.ആ മനസ്സ് നിലനില്‍ക്കട്ടേ..

വല്ല്യമ്മായി :നന്ദി ക്രഡിറ്റ്കാര്‍ഡും ഇതിന്റെ മറ്റൊരു വശം തന്നെ.

ദില്‍ബൂ : തീര്‍ച്ചയായും. എന്തിനേയും രാഷ്ട്രീയ വല്‍കരിക്കുന്നതാണ് നമ്മള്‍ കണ്ടത്. ലോകത്തെല്ലായിടത്തും ആത്മഹത്യാപ്രവണത ഒരു രോഗമാണ്. അതിന് ചികിത്സയാണാവശ്യം. അത് മാത്രം എന്തിനും സമരം മാത്രം ശീലിച്ച നമ്മുടെ രാഷ്ട്രീയ സാംസാകാരിക(ആവോ) നായകര്‍ കാണാതെ പോവുന്നു

Unknown said...

ഇടിവാള്‍ജി : നന്ദി,തീര്‍ച്ചയായും , അതുതന്നെയല്ലേ കണ്‍സൂമര്‍ സൊസൈറ്റി.

സുമാത്ര : നന്ദി

ഡാലി : നന്ദി, കണ്ടതില്‍ സന്തോഷം, താങ്കളും കുടുംബവും സുഖമായിട്ടിരിക്കുന്നു എന്നു വിശ്വസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു, പിന്നെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് ആഡംബരങ്ങള്‍ക്കായി ചിലവഴിച്ചു കടം വന്നതിനെ കുറിച്ചു മാത്രമല്ല.എന്തിനും പരിഹാരം മരണം എന്നു കരുതുന്ന ഒരു രോഗ-ഗ്രസ്ത സമൂഹത്തെക്കുറിച്ചാണ്.
ഫീസടക്കാന്‍ കാശില്ലാത്ത വിദ്യാര്‍ഥിയും ടി.വി ചാനല്‍ മറ്റിയതിനു ആത്മഹത്യചെയത കുട്ടിയും,സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് നേരത്തെ പോവാന്‍ അനുവദിക്കാതിരുന്നതിന് ആത്മഹത്യചെയ്ത് വിദ്യാര്‍ഥിയും, മാര്‍ക്ക് കുറയുന്ന കാരണകൊണ്ട് ആത്മഹത്യചെയ്ത എത്രയോ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും എല്ലാം അടങ്ങിയ സമൂഹത്തെക്കുറിച്ചാണ്. എന്തിനും ആത്മഹത്യയില്‍ പരിഹാരം കാണുന്ന ഒരു സമൂഹം..

വക്കാരി മാഷേ: നന്ദി, താങ്കള്‍ പറഞ്ഞത് ഒരു പ്രാധാന കാര്യം തന്നെ, എന്തുകൊണ്ടു വയനാട്ടിലെ കര്‍ഷകര്‍ മാത്രം ആത്മഹത്യചെയ്യുന്നു.. അതുതന്നെയാണ് എന്നെയും അലട്ടിയ പ്രശ്നം, പിന്നെ മുകളില്‍ പറഞ്ഞതുകൂടി ചേര്‍ത്തു വായിക്കുമല്ലോ

അരവിന്ദ് : നന്ദി, തീര്‍ച്ചയായും, പിന്നെ മുകളില്‍ പറഞ്ഞതുകൂടി ചേര്‍ത്തു വായിക്കുമല്ലോ

ബിന്ദു : നന്ദി

വിശാലമനസ്കന്‍ നന്ദി

ഇതൊരു സുപ്രാധാന വിശയമാണെന്നറിയാം..,കൂടുതല്‍ ചര്‍ച്ചകളും അപിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

Unknown said...

ഇതൊരു സുപ്രാധാന വിഷയമാണെന്നറിയാം..,കൂടുതല്‍ ചര്‍ച്ചകളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

കടം കൊടുക്കുന്നവര്‍, കാശ്‌ എന്തിനുപയോഗിക്കുന്നു എന്നുകൂടി അന്ന്വേഷിക്കണം. വളം വാങ്ങാന്‍, പുതിയ കൃഷി ഇറക്കാന്‍ എന്നീ കാരണങ്ങളാല്‍ വാങ്ങുന്ന കടംകൊണ്ട്‌, മകളുടെ കല്ല്യാണം കഴിപ്പിക്കുകയും, വീട്‌ പുതുക്കി പണിയുകയും ചെയ്യുന്നവരുണ്ട്‌. ആത്മഹത്യ ചെയ്താലേ കടം എഴുതിതള്ളൂ എന്നു പറയുന്ന സര്‍ക്കര്‍ നിയമം, ആത്മഹത്യ ചെയ്യാന്‍ ഒരു പരിധിവരെ കര്‍ഷകനെ പ്രേരിപ്പിക്കുകയല്ലേ...

K.V Manikantan said...

കടബാധ്യത മൂലം കര്‍ഷക ആത്മഹത്യ എന്നത്‌ ഒരു അതിശയവത്ക്കരിച്ച സംഗതി ആണെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. ഞാന്‍ നാട്ടില്‍ വച്ച്‌ ചുമ്മാ ഒന്ന് കണക്കെടുത്തു. എന്റെ വീടിന്റെ ഏരിയയില്‍ 25 ല്‍ 24 വീട്ടുകാരും എന്തെങ്കിലുമൊരു കാര്‍ഷികലോണ്‍ എടുത്തിട്ടുണ്ട്‌.

കിട്ടാനുള്ള സാധ്യത കൂടുതലായതിനാലാണ്‌ കാരണം. പലിശയും കുറവ്‌. ആത്മഹത്യക്കാര്‍ക്ക്‌ മറ്റ്‌ പല കാരണങ്ങളായിരിക്കും ഉണ്ടാകുക.

ആത്മഹത്യ ചെയ്ത ഒരാള്‍ കാര്‍ഷികലോണ്‍ എടുത്തിട്ടുണ്ടോ എന്ന് ആദ്യം പത്രക്കാര്‍ തിരക്കും. 90 ശതമാനവും ഉണ്ട്‌ എന്നായിരിക്കും ഉത്തരം. പിന്നെ അത്‌ കര്‍ഷക ആത്മഹത്യയല്ലാതെ മ റ്റെന്താണ്‌?

K.V Manikantan said...

ബിജോയുടെ കമന്റിന്‌ പിന്തുണ അറിയിച്ചത്‌ ആണ്‌.

qw_er_ty

മുസാഫിര്‍ said...

റഷിദ്,

കര്‍ഷകന്റെ ദുരഭിമാനമാണു ആത്മഹത്യകള്‍ക്കു കാരണം എന്നു കുടി വി യെസ് പറഞ്ഞിരുന്നു.നേരെ ചൊവ്വെ ജിവിക്കുന്ന ഒരു പാവം കര്‍ഷകന്‍ ഉപഭോഗ സംസ്കാരത്തിനു അടിമപ്പെടുമ്പോള്‍ തോലിക്കട്ടി കുടുന്നില്ലല്ലൊ.കൌണ്‍‍സിലിങ്ങ് കേന്ദ്രങ്ങലെപ്പോലെ എന്തെങ്കിലും സംവിധാനം ഉണ്ടെങ്കില്‍ നന്ന്.

Unknown said...

കര്‍ഷക ആത്മഹത്യയെന്ന വിഷയത്തില്‍ നിന്ന് ആത്മഹത്യയെന്ന ഒറ്റക്കര്യമെടുത്താല്‍ തന്നെ നാം ഞട്ടിപ്പേവും.ഏതു കാര്യത്തിനും മലയാളി എളുപ്പമാര്‍ഗ്ഗമായി കാണുന്നത് ആത്മഹത്യയാ‍ണെന്നു കാണുന്നു. അതും പുതിയ തലമുറ.

ഇത് ഒന്നുകമന്റിയതാണ് ഒന്നുകൂടി

ഞാന്‍ പറയാന്‍ ശ്രമിച്ചത് ആഡംബരങ്ങള്‍ക്കായി ചിലവഴിച്ചു കടം വന്നതിനെ കുറിച്ചു മാത്രമല്ല.എന്തിനും പരിഹാരം മരണം എന്നു കരുതുന്ന ഒരു രോഗ-ഗ്രസ്ത സമൂഹത്തെക്കുറിച്ചാണ്.
ഫീസടക്കാന്‍ കാശില്ലാത്തതിന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയും ടി.വി ചാനല്‍ മറ്റിയതിനു ആത്മഹത്യചെയത കുട്ടിയും,സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് നേരത്തെ പോവാന്‍ അനുവദിക്കാതിരുന്നതിന് ആത്മഹത്യചെയ്ത് വിദ്യാര്‍ഥിയും, ഓണാഘോഷത്തിന് അയക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത പയ്യനും ,മാര്‍ക്ക് കുറയുന്ന എന്ന ഒറ്റ കാരണകൊണ്ട് ആത്മഹത്യചെയ്ത എത്രയോ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും എല്ലാം അടങ്ങിയ സമൂഹത്തെക്കുറിച്ചാണ്. എന്തിനും ആത്മഹത്യയില്‍ പരിഹാരം കാണുന്ന ഒരു സമൂഹം..
അല്ലെങ്കില്‍ ഇതിനു പരിഹാരം ആത്മഹത്യയാണെന്നു വിശ്വസിക്കുന്ന ഒരു സമൂഹം..

Anonymous said...

റഷീദ്,
നന്നായി എഴുതിയിരിക്കുന്നു, കടം വാങ്ങിക്കൂട്ടുമ്പോല്‍ അത് തിരിച്ചുകൊടുക്കാനുവുമോ എന്നോര്‍ക്കാറില്ല.പിന്നെ അബദ്ധത്തില്‍ ചാടിയവനെ കുറ്റപ്പെടുത്തനല്ലാതെ സഹായിക്കാന്‍ സമൂഹത്തിന് താല്പര്യവും ഇല്ല.

Unknown said...

കുറുമജി/സു/ശ്രീചിത്ത്/വല്ല്യ്മ്മായി/ദില്‍ബു/ഇടിവാള്‍ജി/സുമാത്ര/ഡാലി/വക്കാരിമാഷേ/അരവിന്ദ്/ ബിന്ദു/വിശല്‍ജി/ബിജോയ്/ സങ്കുചിതന്‍ജി / മുസാഫിര്‍ /നിയാസ് എല്ലാവര്‍ക്കും നന്ദി..

വായിച്ച എല്ലാവര്‍ക്കും നന്ദി.. കമന്റിയവര്‍ക്കും നന്ദി..

മുസ്തഫ|musthapha said...

സമകാലീക പ്രസക്തിയുള്ള പോസ്റ്റ് - നന്നായിട്ടുണ്ട്.

നാടോടുമ്പോള്‍ നടുവേ ഓടണമെന്നല്ലേ..
ലോകം മൊതതത്തില്‍ ഉപഭോഗസംസ്കാരത്തിന്‍റെ പിറകേ ഓടുകയാണ്. ഈ ഓട്ടത്തില്‍ നമ്മള്‍ മലയാളിക്ക് മാത്രമായി, വാക്കുകള്‍ കൊണ്ടല്ലാതെ പ്രവര്‍ത്തി കൊണ്ട് മാറി നില്‍ക്കാനാവില്ല, അല്ലെങ്കില്‍ അതിന് കഴിയുന്നില്ല എന്നത് ഒരു സത്യം മാത്രം.

പണ്ടൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു ‘എന്തിനാണ് ഈ 5 വയസ്സാവാത്ത കുട്ടികളുടെ തലയില്‍ സ്കൂളെന്ന ഭാരം കയറ്റി വെക്കുന്നത്, അവര്‍ കളിച്ചു വളരട്ടെ’ എന്ന്. എന്‍റെ മോള്‍ക്കിപ്പോള്‍ രണ്ട് വയസ്സ് കഴിഞ്ഞു. അന്നത്തെ ആ ചിന്തയില്‍ എനിക്ക് മാറ്റം വരുത്തിയേ പറ്റു. 5 വയസ്സ് വരെ സ്കൂളില്‍ വിടാതിരുന്നാല്‍ നാളെ അവളെന്നെ കണ്ടിടത്ത് വെച്ച് കല്ലെടുത്ത് കീറും..:).

അപ്പോ ഞാന്‍ പറഞ്ഞ് വന്നത് നമ്മള്‍ സത്യത്തിന് നേരെ കണ്ണടച്ചിട്ട് കാര്യമില്ല (ഇവിടെ ഇപ്പോ ആരും കണ്ണടച്ചു എന്നല്ല... തുടക്കക്കാരന്‍റെ ഒരു ആവേശംന്ന് കണക്കാക്കിയാല്‍ മതി..) ആര്‍ക്കും മാറി നില്‍ക്കാന്‍ പറ്റാത്ത ഈ കൂട്ടയോട്ടത്തില്‍ കര്‍ഷകനും, കൃഷിപണിക്കാരനും എല്ലാരും ഓടുന്നു.

കുണ്ടും കുഴിയും ഒക്കെ നോക്കി, ശ്രദ്ധിച്ച് ഓടുക... എന്നാ വീഴ്ച ഒഴിവാക്കാം, ഒന്നുമില്ലെങ്കിലും വീഴ്ചയുടെ ആഘാതമെങ്കിലും കുറയ്ക്കാം.

എന്തിന്‍റെ പേരിലായാലും ആത്മഹത്യ ഭീരുത്വമാണ് -ഒളിച്ചോട്ടമാണ്.

Unknown said...

അഗ്രജന്‍ നന്ദി..

നടോമ്പോള്‍ നടുവിലെങ്കിലും ഓടണം.. ഇല്ലെങ്കില്‍ പിന്നിലെങ്കിലും.. ഓടാതിരിക്കുന്നവന്‍ വങ്കന്‍.. അതുസത്യം..

പക്ഷെ ഓട്ടത്തിനിടയില്‍ അതുമായി താദത്മ്യപ്പെടാതെ തട്ടിയും തടഞ്ഞും വീഴുന്നവന് ഒന്ന് കൈനീട്ടിക്കൊടുക്കാന്‍ എവിടെ വെച്ചാണ് നാം മറന്നത്..

:: niKk | നിക്ക് :: said...

നന്നായിട്ടുണ്ട് ഇത്തിരിവെട്ടമേ. നല്ല വിഷയം തന്നെ. ഇതിവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്.

കൈത്തിരി said...

സംഗതി കൊള്ളാം, പക്ഷെ സാര്‍ അഞ്ചു പേരും കൂടെ പോകണ്ടായിരുന്നു, പത്രങ്ങള്‍ കാണുന്നില്ലല്ലേ? ഞങ്ങള്‍ടെ സര്‍ക്കര്‍ അത്മഹത്യ ചെയ്തൊരുടെ (അവരുടെ മാത്രം.. ഓകെ?) കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുകയാ..!!! അത്മഹത്യക്കു ശേഷം ദൈവം ജീവിതം തന്നിരുന്നെങ്കില്‍ കടമില്ലാതെ പൊറുക്കാരുന്നു....!!!!!

ഇത്തിരി വെട്ടം, ഞാന്‍ കൈത്തിരി, സ്വാഗതത്തിനു നന്ദി... ഇപ്പൊ ഇത്തിരി കൈത്തിരി വെട്ടം ആയി അല്ലെ? നന്ദി...

ഫാര്‍സി said...

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.

കരീം മാഷ്‌ said...

കാര്‍ഷികാവശ്യത്തിനു ലോണെടുത്തു തിരിച്ചെടുക്കാനാവതെ ആത്മഹത്യ ചെയ്തവര്‍ കുറവ്‌, കാര്‍ഷികലോണുകളുടെ അനായാസ ലഭ്യതകരണം കണ്‌സ്യൂമറിസത്തിന്റെ കെണിയില്‍ വീണ്‌ പ്രതൂല്‍പാദനപരമല്ലാത്തവക്കു ലോണ്‍ എടുത്തു തിരിച്ചടക്കാനാവാത്തവരാണു അധികവും

Unknown said...

കൈത്തിരിയേ നന്ദി
ഫാര്‍സി : നന്ദി, എന്നു ഞാനും വിശ്വസിക്കുന്നു.
കരീം മാഷേ നന്ദി