Monday, May 07, 2007

ഒരു പകലിന്റെ ആത്മകഥ.

എന്റെ ജനനത്തിന്‌ രാത്രിയുടെ മരണത്തോടൊപ്പം കിഴക്കന്‍ മലമടക്കുകളും സാക്ഷിയായിരുന്നു. സൂര്യന്‍ ഇളം ചൂടിന്റെ തലോടലായെത്തി. തണുത്ത വായു എന്നിലൂടെ അലഞ്ഞു. താമര മൊട്ടുകള്‍ എന്നിക്കായി വിടര്‍ന്നു.

ഉഷസ്സന്ധ്യയില്‍ നിന്ന് മധ്യാഹ്നത്തിലേക്കുള്ള യാത്രയിലെ സുര്യവെളിച്ചം ഉഷ്ണമായപ്പോഴാണ്‌, എനിക്കായി കുരുതി നല്‍കിയ രാത്രിയുടെ ശേഷിപ്പായിരുന്നു യാത്ര പറഞ്ഞ ഇളംവെയിലെന്ന് അറിഞ്ഞത്‌. മധ്യാഹ്നത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കത്തുന്ന ചൂട്‌ എന്നെ അഹങ്കാരിയാക്കിയപ്പോള്‍ സായാഹ്നം മനസ്സിലുണ്ടായിരുന്നില്ല. കത്തിത്തീരുന്ന സൂര്യന്‍ സായം സന്ധ്യയുടെ വാതില്‍പ്പടിയില്‍ എത്തിച്ചപ്പോഴേക്കും എന്നില്‍ മരണത്തിന്റെ മഞ്ഞ നിറം പടരാന്‍ തുടങ്ങിയിരുന്നു.

അമര്‍ത്തിപ്പിടിച്ച മുഷ്ടികളുമായി ജനനവും, അയഞ്ഞ കൈപ്പത്തികളുമായി മരണവും, ചൂടും ചൂരുമായി പ്രണയവും, ദുഃഖവും പ്രതീക്ഷയുമായി വിരഹവും, സ്പര്‍ശനങ്ങളിലൊങ്ങിയ സാന്ത്വനവും, ഫണം വിടര്‍ത്തിയാടുന്ന ശത്രുതയും, കരുത്തിന്റെ ബലത്തില്‍ ഉയരുന്ന അഹങ്കാരവും... എല്ലാം നിറഞ്ഞാടിയ ലോകം എന്റെ തന്നെ മറ്റൊരു പതിപ്പായി തോന്നി. ഊര്‍ദ്ധ്വശ്വാസത്തിന്‌ മുമ്പുള്ള ഉച്ഛാസ നിശ്വാസങ്ങള്‍.

അങ്ങകലേ എനിക്ക്‌ ആഴിയില്‍ ലയിക്കാനായി മാനം ചുവന്നു. രാത്രിയുടെ ജനനത്തിനായാണെന്റെ കുരുതി. ജന്മമരണങ്ങളുടെ സംഗമത്തിന്റെ മായക്കാഴ്ചക്കായി പരസഹസ്രം കണ്ണുകള്‍ പടിഞ്ഞാറ്‌ ചക്രവാളം തേടുന്നു.. കലണ്ടറില്‍ അവശേഷിച്ച എന്റെ ജീവിതം ചരിത്രമാക്കി ഞാനും യാത്ര വന്ദനം പറഞ്ഞു.

ഇനി എന്റെ പിന്‍ഗാമിക്കായി ഈ രാത്രിയും മരിക്കണം. കിഴക്കന്‍ ആകാശത്തില്‍ രാത്രി തല തല്ലി ചാവുമ്പോള്‍ പുതിയൊരു പകലിന്റെ ചിരി പരക്കാന്‍ തുടങ്ങും...

39 comments:

Rasheed Chalil said...

ഒരു കുഞ്ഞു പോസ്റ്റ്.

ഓടോ : ചീത്ത പറയാനുദ്ദേശിക്കുന്നവര്‍ ക്യൂപാലിക്കുക.

മഴത്തുള്ളി said...

ഠേ........ എന്റെ തേങ്ങ ആദ്യം കിടക്കട്ടെ.

കൊള്ളാം ഇത്തിരീ, അടിപൊളിയായിട്ടുണ്ട് ഈ ആത്മകഥ.

(ഓ.ടോ : സുല്ല് റെറ്റിനോപൊതിയിലെ തെങ്ങില്‍ കയറി തേങ്ങ ഇടാന്‍ തുടങ്ങിയിട്ട് കുറെയായി. ഇനി തെങ്ങില്‍ നിന്നും ഇറങ്ങാന്‍ 3-4 മണിക്കൂറെടുക്കും. അതിനാ‍ല്‍ കിടക്കട്ടെ എന്റെ വക ഒരു തേങ്ങ.) ;)

വല്യമ്മായി said...

പകലിന്റെ എന്നതിനു പകരം ഒരു ദിനത്തിന്റെ ആയിരുന്നു നല്ലത്.എന്നാല്‍ അത് മനുഷ്യജന്മത്തിന്റെ നേര്‍കാഴ്ചയാകുന്നത്.വെളിച്ചമുണ്ടായിട്ടും കാണാന്‍ കൂട്ടാക്കാത്ത പകലും ഇരുട്ടില്‍ വിളക്ക് കത്തിച്ച് കാണാന്‍ ശ്രമിക്കുന്ന രാവും.

എഴുത്ത് നന്നായി.

സുല്‍ |Sul said...

ഇത്തിരി നന്നായിരിക്കുന്നു ഈ ആത്മകഥ.

പഷ്കേ ഒന്നും മനസ്സിലായില്ല. പകലെങ്ങനെ മരിക്കുന്നു. ദിവസമല്ലേ മരിക്കുന്നത്. പകല്‍ സഞ്ചരിക്കുകമാത്രമല്ലേ ചെയ്യുന്നത്. ഇപ്പൊള്‍ ഇവിടെ പകല്‍ കുറച്ചു കഴിഞ്ഞ് മറ്റൊരിടത്ത് പകല്‍. ഉഷസ്സും മധ്യാഹ്നവും സന്ധ്യയും എല്ലാം ഒരേപോലെ സഞ്ചരിക്കുന്നു. ഒരിക്കലും മരിക്കുന്നില്ല. ഇതെല്ലാം പ്രപഞ്ചം തന്റെ കാല്‍കീഴിലെന്നഹങ്കരിക്കുന്ന മനുഷ്യന് ദൈവം സൃഷ്ടിച്ച മായക്കാഴ്ചകള്‍ മാത്രം. പകല്‍ ഒരിക്കലും മരിക്കുന്നില്ല.
-സുല്‍

സുല്‍ |Sul said...

അപ്പോഴേക്കും അതമ്മായിയും പറഞ്ഞോ.

Rasheed Chalil said...

വല്ല്യമ്മായി... സുല്‍...

ഞാന്‍ പറയാന്‍ ശ്രമിച്ചത് പകലിന്റെ മരണം തന്നെയാണ്... ദിനം എന്നതിന്റെ രണ്ട് ഭാഗങ്ങളല്ലേ പകലും രാത്രിയും. അതില്‍ ഒരു ഭാഗത്തിന്റെ ആഗമനത്തിനിടക്ക് മറയുന്ന മറ്റൊരു ഭാഗം.

പിന്നെ പകലിന് മരണമില്ല... ഒരിടത്തെ രാത്രി മറ്റൊരിടത്തെ പകല്‍ എന്ന സത്യത്തെ വിസ്മരിച്ചതല്ല. പൂര്‍വ്വ-പശ്ചിമ ചക്രവാളങ്ങള്‍ക്കിടയില്‍ ജനിച്ച് മരിക്കുന്ന ഒരു പകല്‍ വെട്ടം മാത്രമാണ് ഇവിടെ ഉദ്ദേശ്യം...

അഭിപ്രായങ്ങള്‍ക്ക് ഒത്തിരി നന്ദി.

Ziya said...

ഇത്തിരിക്കഥ...
സത്യമായിട്ടും ഒറ്റ വായനയില്‍ത്തന്നെ ആഹ്ലാദം ജനിപ്പിച്ചു...
മനോഹരമെന്നു പറയാം പ്രയോഗരീതി.

വല്യമ്മായി said...

ഇത്തിരി പറഞ്ഞത് തെറ്റെന്നല്ല,കുറച്ചു കുടി വികസിപ്പിച്ചെങ്കില്‍ മനുഷ്യജീവിതത്തിന് കുറച്ചു കൂടി യോജിച്ചേനെ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

അതാതിന്റെ പാതയില്‍ ചരിക്കുന്ന സൂര്യനും ചന്ദ്രനും.ബുദ്ധിമാനായ മനുഷ്യന് അതൊലൊരു ദൃഷ്ടാന്തമുണ്ട്.ഈ അര്‍ത്ഥത്തിലുള്ള ഖുര്‍‌ആന്‍ സൂക്തം ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്.

asdfasdf asfdasdf said...

ജനിമൃതികളുടെ ആത്മകഥ നന്നായി. മനോഹരമായ എഴുത്ത്.

അപ്പൂസ് said...

ഇഷ്ടമായി ഈ പകലിന്റെ ആത്മകഥ..
അതിന്റെ ചിതയിലൊരിറ്റു കണ്ണീരു പകരാനൊരു പൌര്ണ്ണമിയും ഉദിയ്ക്കാതിരിക്കില്ല എന്ന പ്രതീക്ഷ ബാക്കി..:-)

സു | Su said...

പകലിന്റെ കഥ നന്നായി. ഓരോ പകലിനും, ഓരോ കഥയാവും.

ടി.പി.വിനോദ് said...

“ എല്ലാം നിറഞ്ഞാടിയ ലോകം എന്റെ തന്നെ മറ്റൊരു പതിപ്പായി തോന്നി ”‌- എത്ര സത്യം!!!!
നന്നായി ഇത്തിരീ....:)

thoufi | തൗഫി said...
This comment has been removed by the author.
thoufi | തൗഫി said...

പകലിനും ഉണ്ടല്ലെ,കഥ പറയാന്‍..?
നന്നായി ഈ ആത്മകഥ.
“അമര്‍ത്തിപ്പിടിച്ച മുഷ്ടികളുമായി ജനനവും,
അയഞ്ഞ കൈപ്പത്തികളുമായി മരണവും“
--ഇഷ്ടമായി ഈ പ്രയോഗം

ഓ.ടോ)ഒരു ചാറ്റ് വരുത്തിവെച്ച വിനേ..!

Unknown said...

ഇത്തിരീ,
ഇത്തിരിയേ ഉള്ളെങ്കിലും ഇതിലൊത്തിരി കര്യങ്ങളടങ്ങിയിരിക്കുന്നുണ്ടല്ലോ?

ഇത്തിരിയുടെ സ്ഥായിയായ ഫിലോസഫിക്കല്‍ ടച്ച് ഇതിലുമുണ്ട്.

വല്ല്യമ്മായി ഉദ്ദേശിച്ച ഇത് ‘ഇത്തിരി പറഞ്ഞത് തെറ്റെന്നല്ല,കുറച്ചു കുടി വികസിപ്പിച്ചെങ്കില്‍ മനുഷ്യജീവിതത്തിന് കുറച്ചു കൂടി യോജിച്ചേനെ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.‘
ഇപ്പോളും ഇതില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടല്ലോ,ഒന്നുകൂടി മനസ്സിരുത്തി വായിക്കൂ..

ഉഷസ്സന്ധ്യയില്‍ നിന്നും കത്തുന്ന മദ്ധ്യാഹ്നത്തിലേക്കും ദുര്‍ബലമാകുന്ന അപരാഹ്നത്തിലേക്കുമുള്ള പകലിന്റെ യാത്ര ,
ശൈശവത്തില്‍ നിന്നും ചോരത്തിളപ്പിന്റെയും കരുത്തിന്റെയും യൌവനത്തിലേക്കും തുടര്‍ന്ന് മരണഭയവും രോഗങ്ങളും നിരാശകളും തളര്‍ത്തുന്ന വാര്‍ദ്ധക്യത്തിലേക്കുമുള്ള മനുഷ്യന്റെ യാത്ര തന്നെയല്ലേ ഓര്‍മ്മിപ്പിക്കുന്നത്?

ഇത്തിരീ വളരെ ഇഷ്ടമായി ഈ കൊച്ചുകഥ.
അഭിനന്ദനങ്ങള്‍.......

Pramod.KM said...

കാച്ചിക്കുറുക്കിയ ഈ കഥ ഹൃദ്യമായി.അഭിനന്ദനങ്ങള്‍;)

കരീം മാഷ്‌ said...

ഒരു പകലിന്റെ ജനനവും മരണവും സൂചിപ്പിക്കുന്നതു മന്‍ഷ്യന്ടേതു കൂടിയല്ലെ!
നന്നായി.

വേണു venu said...

പ്രകൃതി പറയുന്ന കഥ, ഇത്തിരി അതിനെ ഒരു കൊച്ചു ആത്മകഥയാക്കി അതില്‍‍ നിന്നു് ഒരു ചിന്താ ശകലം അടര്‍ത്തിയെടുത്തു വച്ചിരിക്കുന്നു. ഇഷ്ടപ്പെട്ടു.:)

Dinkan-ഡിങ്കന്‍ said...

പാവം പകല്‍ :(

Anonymous said...

ഉഷസ്സന്ധ്യയില്‍ നിന്ന് മധ്യാഹ്നത്തിലേക്കുള്ള യാത്രയിലെ സുര്യവെളിച്ചം ഉഷ്ണമായപ്പോഴാണ്‌, എനിക്കായി കുരുതി നല്‍കിയ രാത്രിയുടെ ശേഷിപ്പായിരുന്നു യാത്ര പറഞ്ഞ ഇളംവെയിലെന്ന് അറിഞ്ഞത്‌. മധ്യാഹ്നത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കത്തുന്ന ചൂട്‌ എന്നെ അഹങ്കാരിയാക്കിയപ്പോള്‍ സായാഹ്നം മനസ്സിലുണ്ടായിരുന്നില്ല. കത്തിത്തീരുന്ന സൂര്യന്‍ സായം സന്ധ്യയുടെ വാതില്‍പ്പടിയില്‍ എത്തിച്ചപ്പോഴേക്കും എന്നില്‍ മരണത്തിന്റെ മഞ്ഞ നിറം പടരാന്‍ തുടങ്ങിയിരുന്നു.

ഇതുതന്നെയല്ലേ മനുഷ്യജീവിതം . ശൈശവവും ബാല്യവും കൌമാരവും യൌവ്വനവും എല്ലാം ഏതാനും വരികളില്‍ വിശദീകരിച്ചിരിക്കുന്നു. ഇഷ്ടമായി ഈ ചിന്ത...

Khadar Cpy said...

ഈ ഇത്തിരിക്കിത് എന്നാ പറ്റി??
ഉച്ചയെന്നത് എങ്ങനെ അഹങ്കാരമാകും...
യുവാക്കളൊക്കെ അഹങ്കാരികളാണെന്നാണോ??
മദ്ധ്യ വയസ്കരായലേ തിരിച്ചരിവുണ്ടാകാവൂ എന്നുണ്ടോ??
രാത്രി എന്നത് പകലിന്‍റെ മരണമാകുന്നതെങ്ങനെ??
തളര്‍ച്ചമാറ്റാനുള്ള ഒരു വിശ്രമമം മാത്രമല്ലേ..?
അതൊക്കെപോട്ടേ.. ഇതെവിടെ ജനിച്ച പകലാണ്??
അല്ല എനിക്ക് കിഴക്കന്‍ ചക്രവാളത്തില്‍ മലപോയിട്ട് ഒരു കുന്നുപോലും കാണാനില്ല.....


ഓ.ടോ..
ഞാന്‍ gmail ക്ലോസ്സ് ചെയ്തു, മൊബൈലും ഓഫാക്കി, ഇനി എന്നെ കിട്ടൂലല്ലോ.....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Kunju post kollaam ..
pettane vaayiche theerkamalo :)

കുറുമാന്‍ said...

ഒരു രാത്രിക്കൊരു പകലും, പകലിനൊരു രാത്രിയുമുണ്ട്........ഒന്നു ചത്താല്‍ മറ്റൊന്നിനു വളം. അപ്പോ എന്താ പറഞ്ഞു വന്നത്...മരണം....അതിനെ തടുക്കാന്‍ പറ്റില്ല അല്ലെ......നന്നായി ഇത്തിരി, മരണമല്ല....എഴുത്ത് :)

sandoz said...

ഇത്തിരീ.....എനിക്കൊരു സംശയം..ഇത്തിരി കൈവിട്ടു പോയോ എന്ന്....കമ്പ്ലീറ്റ്‌ തത്ത്വത്തില്‍ ആണു കുറച്ച്‌ ദിവസം ആയി....

മയൂര said...

വളരെ ഹൃദ്യമായ കഥ, എഴുത്തും...

Sathees Makkoth | Asha Revamma said...

ഇത്തിരി ഇത് ഒത്തിരി നന്നായി.

പാതിരാമഴ said...

എന്തിനെന്നറിയാതെ ജനിക്കുന്ന മനുഷ്യര്‍. ഒരു നിയോഗം പോലെ കിട്ടുന്ന ജന്മം.

“മധ്യാഹ്നത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കത്തുന്ന ചൂട്‌ എന്നെ അഹങ്കാരിയാക്കിയപ്പോള്‍ സായാഹ്നം മനസ്സിലുണ്ടായിരുന്നില്ല“

ആരും തന്നെ ഓര്‍ക്കാറില്ലല്ലോ കാത്തു കാത്തിരിക്കുന്നതു ഒരു പരിക്ഷീണമായ ഒരു സായാഹ്നം ആണെന്നു, എന്നാലും തമ്മില്‍ മത്സരിച്ചു, പക തീര്‍ത്തു, കിട്ടിയ ജീവിതം ഇല്ലാതാക്കി,
ഒടുവില്‍....
പിന്നെ എന്നെങ്കിലും പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഒന്നുമില്ല മിച്ചം...

ചിന്തിപ്പിക്കുന്നു,, ഇത്തിരി കഥ.....

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ... സുല്ലും വല്യമ്മായിയും പൊതുവാളും കൂടി ഞാന്‍ പറയാന്‍ വച്ചിരുന്ന കമന്റ് എഴുതിത്തീര്‍ത്തു. അതിനാല്‍ ഒത്തിരി ഇഷ്ടമായെന്നു മാത്രം ഇവിടെ കമന്റുന്നു.

Sona said...

നല്ല വരികള്‍..ആത്മകഥ ഇഷ്ടായി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഏതോ ഒരു സിനിമയില്‍ ശ്രീ കരമന ജനാര്‍ദ്ദനന്‍ നായരു പറയുന്ന ഒരു ഡയലോഗിന്റെ തുടക്കം അതേ ടോണില്‍ ക്വാട്ടുന്നു.

“ഒലക്കേടെ മൂട്....”

ഇതേ മാതിരി ഒരു ഡയലോഗ് വേറൊരു ബ്ലോഗില്‍ പോയി പറയണമെന്ന് ആഗ്രഹമുണ്ട്.

ആ ദേഷ്യം ഇവിടെ തീര്‍ത്തതാട്ടോ....;)
ഇത്തിരിയാവുമ്പോള്‍ ഒരു :) ഇട്ടാല്‍ തീരാവുന്ന പിണക്കമല്ലേ. (ക്യൂപാലിക്കാന്‍ എടുത്ത് പറഞ്ഞിട്ടുമുണ്ട്)

Areekkodan | അരീക്കോടന്‍ said...

ആത്മകഥ അടിപൊളിയായിട്ടുണ്ട്

അരവിന്ദ് :: aravind said...

സംഗതി നന്നായിരിക്കുന്നു..

ബട്ടേ..
"എന്റെ ജനനത്തിന്‌ സന്ധ്യയുടെ മരണത്തോടൊപ്പം ..." സന്ധ്യ കഴിഞ്ഞ ഉടനെയാണോ പകല്‍ വരുക?
അതോ ഈ സന്ധ്യ അപ്പറത്തെ ശൈലജേടെ ചേച്ചി സന്ധ്യ കെ.പി ആണോ?

അമല്‍ | Amal (വാവക്കാടന്‍) said...

ഇത്തിരിയണ്ണാ..

ചിന്തിപ്പിക്കുന്ന നുറുങ്ങ്...
നന്നായി...

അത്തിക്കുര്‍ശി said...

ഇത്തിരീ,

നന്നായിട്ടുണ്ട്‌!

...'പൂവിന്നൊരു പകല്‍
പൂര്‍ണ്ണേന്ദുവിനൊരു രാവൊ-
രുഷസ്സിന്‌ തിരുനെറ്റിയിലെ
പ്പൂവിരിയും വരെ...' എന്നാണല്ലൊ

മുസ്തഫ|musthapha said...

ഇത്തിരീ മനോഹരമായി പറഞ്ഞിരിക്കുന്നു... രസകരമായ എഴുത്ത്.

അപ്പോ ചെറുതാക്കി പറയലും നല്ല വശമാണല്ലേ... :)

ഓ.ടോ:
മിന്നാമിനുങ്ങേ... ജിടോക്കിനും കോപ്പീറൈറ്റ് നിര്‍ബ്ബന്ധമാക്കണമല്ലേ :)

Unknown said...

ഞാന്‍ വരുമ്പോഴേയ്ക്ക്ം നന്ദി പ്രസംഗം കഴിഞ്ഞോ?
വയലന്‍സ് കഴിഞ്ഞ ഉടന്റെ തത്വചിന്ത (സ്ക്രീനില്‍ സിനിമ അദ്വൈതം) ഇനി ഒരു താണ്ഡവം കാണോ?
പിക്ചെറൈസ് ചെയ്യാവുന്ന വരികള്‍, കൊള്ളാം.

സാജന്‍| SAJAN said...

നല്ല കഥ ഇത്തിരി:)

Rasheed Chalil said...

മഴത്തുള്ളി മാഷേ നന്ദി.

വല്ലയ്മ്മായി ഒത്തിരി നന്ദി. വായനക്കും അതിലുപരി വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും. ഞാന്‍ അതേ കാര്യം തന്നെയാണ് ഒന്ന് കൂടി ചുരുക്കി സൂചിപ്പിക്കാന്‍ ശ്രമിച്ചത്.

സുല്‍ നന്ദി. മധ്യാഹ്നവും സായാഹ്നവും ഒരു പോലെ യുള്ള സൂര്യ സമക്ഷം പകലും രാത്രിയും ഉണ്ടോ. അവിടെ ഒരു അവസ്ഥമാത്രമല്ലേ ഉള്ളൂ... ചക്രവാളങ്ങളല്ലേ പകലും രാത്രിയും അതിന്റെ അരോഹണ അവരോഹണങ്ങളും പ്രകടമാക്കുന്നത്. ഒരോ ഒരു പുതിയ അഡ്രസ്സില്‍ അറിയപ്പെടുന്ന മറ്റൊരു പകലല്ലേ.

സിയ നന്ദി കെട്ടോ.

കുട്ടമ്മേനോനെ നന്ദി.

അപ്പൂസ് നന്ദി. പ്രതീക്ഷ തന്നെ ബാക്കി.

സു നന്ദി. ഓരോ പകലിനേയും വ്യത്യസ്തമാക്കുന്നത് തന്നെ ആ പകലിന് പറയാനുള്ള കഥയുമായി കൂടി ബന്ധപ്പെട്ടതല്ലേ.

ലാപുട നന്ദി കെട്ടോ. അഭിപ്രായം വിലമതിക്കുന്നു.

മിനുങ്ങേ നന്ദി. അതല്ലെ സത്യം., ചാറ്റ്... ഉം ഉം

പൊതുവാള്‍ : നന്ദി. നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരുപാട് നന്ദി.

പ്രമോദ് : ഒത്തിരി നന്ദി.

കരീം മാഷ് : നന്ദി മാഷേ.

വേണു‌ജീ : ഒത്തിരി നന്ദി.

ഡിങ്കന്‍ : നന്ദി. :(

അന്‍‌വര്‍ : ഒത്തിരി നന്ദി. അത് തന്നെ.

പ്രിന്‍സിയേ നന്ദി കെട്ടോ. രാത്രി കിടന്നാല്‍ പിന്നെ ഉച്ചയ്ക്കല്ലേ എണീക്കാറുള്ളൂ... അപ്പോള്‍ പലതും തോന്നും.

വഴിപോക്കാ നന്ദി കെട്ടോ.

കുറുമന്‍‌ജീ ഒത്തിരി നന്ദി.

സാന്ഡോ നന്ദി. എനിക്കും ആ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.

മയൂര : നന്ദി.

സതീശ് നന്ദി.

പാതിരാമഴ നന്ദി. ആരും ഓര്‍ക്കാറില്ല.

അപ്പുവേ നന്ദി.

സോന നന്ദി.

ചാത്ത്വോ നന്ദി കെട്ടോ. ആ ഇസ്മായിലി ഞാന്‍ സ്വീകരിച്ചു.

അരീക്കോടാ നന്ദി.

അരവിന്ദ്. ഒത്തിരി നന്ദിയുണ്ട്. ആ സന്ധ്യയെ ഓടിച്ചു.

വവാക്കാടന്‍ നന്ദി.

അത്തിക്കുര്‍ശ്ശി. നന്ദി. അങ്ങനെ തന്നെ.

അഗ്രജാ നന്ദി. ഇതിന് കോപ്പിറൈറ്റ് ബാധകമല്ല.

ഡാലീ നന്ദി. അപ്പോ ഇനി താണ്ഡവം ആവാല്ലേ...

സാജന്‍ നന്ദി.


വായിച്ചവര്‍, അഭിപ്രായം അറിയിച്ചവര്‍ എല്ലാവര്‍ക്കും ഒത്തിരി നന്ദി.

ചീര I Cheera said...

പകലിന്റെ ഈ ആത്മകഥ വരച്ചിട്ട പോലെയുണ്ട്.
നന്നായിരിയ്ക്കുന്നൂ...