Wednesday, August 01, 2007

അപൂര്‍ണ്ണ ചിത്രം.

കടല്‍കരയിലെ തണുത്ത കാറ്റിനോപ്പം ഉയര്‍ന്ന് പറക്കുന്ന കടല്‍കാക്കളെ ഇമയനക്കാതെ നോക്കിയിരിപ്പായിരുന്നു അയാള്‍. വെളുത്ത ഫൈബര്‍ ടേബിളിന്റെ മധ്യത്തിലെ ഉരുകുന്ന ഐസ്‌ക്രീം പാത്രത്തിന്റെ വശങ്ങളില്‍ കൂടി അയാളെ തേടി അവളുടെ കൈകളെത്തി.

അവളിലെ ഇളംചൂടിനോട്‌ കലഹിക്കവേ ജീവിതമെന്ന ആഗ്രഹത്തെ കുറിച്ച്‌ അവള്‍ സംസാരിച്ച്‌ കൊണ്ടിരുന്നു. തീരാത്ത മോഹങ്ങളുടെ കണ്ണികള്‍ ചേര്‍ത്ത്‌ വെച്ച്‌ അയാളുടെ ആഴമുള്ള കണ്ണുകളില്‍ അവള്‍ അസ്വസ്ഥതയായി. പതിനെട്ട്‌ വര്‍ഷം മാത്രം ജീവിതത്തിന്റെ സ്വാദറിഞ്ഞ അവളുടെ ലക്ഷ്യം ജീവിതമെന്ന ചില്ലുമേടയായി വാക്കുകളില്‍ പുനര്‍ജ്ജനിച്ചു

റാങ്കുകാരിയായി പത്രകോളങ്ങളില്‍ പതിയേണ്ട അവളുടെ ഫോട്ടോയിലെ മന്ദസ്മിതം മുതല്‍ അവള്‍ സംസാരിച്ച്‌ തുടങ്ങി. പിന്നെ ജോലിയും കൂലിയും കൂട്ടിക്കിഴിച്ച്‌ നല്ല ജീവിതം. നുകരാനും പകരാനും നല്ലൊരു കൂട്ടാളിയുമായി കുടുബമെന്ന മേലാപ്പിന്‍ കീഴിലെ അഭയം. കുഞ്ഞുമക്കളുടെ പുഞ്ചിരിയിലെ സ്നേഹം ആസ്വദിച്ച്‌ മുത്തശ്ശിയും മുതുമുത്തശ്ശിയുമായി അവളുടെ വാചക പ്രവാഹത്തിലെ ആഗ്രഹങ്ങളുടെ വേലിയേറ്റം അയാളെ തളര്‍ത്തി.

കൈയെത്താ ദൂരത്തെ മോഹങ്ങള്‍ക്കേ മൂല്യമുള്ളൂ. ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ അവനേരിടുന്ന മൂല്യത്തകര്‍ച്ചയും അതോടൊപ്പം മുളയ്ക്കുന്ന പുതിയ ആഗ്രഹങ്ങള്‍ പേറുന്ന ഉയര്‍ന്ന മൂല്യവും അവളെ ബോധ്യപ്പെടുത്താന്‍ അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു. വാക്കുകായി ജനിക്കുന്ന ജീവിത സഹസഞ്ചാരിയായി അയളേയും കൂട്ടാന്‍ അവളും ശ്രമിച്ചു.

അവളോടൊപ്പം സഞ്ചരിക്കുമ്പോള്‍ അയാള്‍ മേശപ്പുറത്തെ നിറം മങ്ങിയ വെളുത്ത പ്രതലത്തില്‍ തെക്ക്‌ ഭാഗത്തെ മാവിന്റെ വളര്‍ച്ചാ ഘട്ടങ്ങള്‍ കോറിയിടാന്‍ തുടങ്ങി.

ലഭിച്ച മണ്ണും ലഭിക്കാത്ത സ്വര്‍ണ്ണവും കണക്ക്‌ കൂട്ടുന്നതില്‍ ഒരു ജീവിതമുണ്ട്‌. അവള്‍ വിശദീകരിച്ചു. ലോകം ചിലര്‍ക്ക്‌ ദാരിദ്ര്യം നല്‍കി. ചിലരെ ഒറ്റപ്പെടുത്തി. കരയാനാണെങ്കില്‍ കാരണങ്ങളനവധി. പക്ഷേ അതില്‍ പലതും അര്‍ത്ഥശൂന്യമായ വിലാപമായിരിക്കും. വര്‍ഷകാല മേഘങ്ങള്‍ ഗര്‍ജ്ജിച്ച്‌ കൊണ്ടേയിരിക്കും. അതിനെ തടയാന്‍ തപസ്സനുഷ്ടിച്ച് ജീവിതം പാഴാക്കാതെ മേല്‍കൂര നനയ്ക്കാന്‍ അനുവദിക്കുന്നതിലാണ്‌ ജീവിതം. ദുഃഖവും സന്തോഷവും യാത്രയിലെ കൂട്ടുകാര്‍ മാത്രം. വഴിയരികില്‍ കരയാനോ ചിരിക്കാനോ നില്‍കാതെ യാത്ര തുടരുകയല്ലേ നമ്മുടെ ദൌത്യം.

അപൂര്‍ണ്ണമായ ചിത്രത്തില്‍ നോക്കി അയാള്‍ പുഞ്ചിരിച്ചു... അവളുടെ കൈകള്‍ പകര്‍ന്ന ചൂടിന് സാന്ത്വനത്തിന്റെ മുഖമായിരുന്നു.

27 comments:

ഇത്തിരിവെട്ടം said...

ഒരു കൊച്ചുപോസ്റ്റ്...

പൊതുവാള് said...

ജീവിതത്തിന്റെ വിശാലമായ കാന്‍‌വാസില്‍ വര്‍ണ്ണപ്പൊലിമയുടെ അപൂര്‍വസങ്കലനങ്ങളുടെ മായാപ്രപഞ്ചമൊരുക്കാന്‍ ആ ഇണക്കുരുവികള്‍ക്കു സാധിക്കട്ടെ......

ഇതു പോലെ ജീവിതഗന്ധിയും ഹൃദയഹാരിയുമായ കഥകള്‍ രചിക്കാന്‍ ഇത്തിരിക്കും......

ഏറനാടന്‍ said...

ജീവിതസ്പര്‍ശിയായ പ്രമേയം ഇത്തിരിവരികളിലൂടെ ഒത്തിരി കോറിയിട്ടിരിക്കുന്നു ഇത്തിരിമാഷ്‌!

Sul | സുല്‍ said...

"കൈയെത്താ ദൂരത്തെ മോഹങ്ങള്‍ക്കേ മൂല്യമുള്ളൂ. ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ അവനേരിടുന്ന മൂല്യത്തകര്‍ച്ചയും അതോടൊപ്പം മുളയ്ക്കുന്ന പുതിയ ആഗ്രഹങ്ങള്‍ പേറുന്ന ഉയര്‍ന്ന മൂല്യവും... " വളരെ സത്യം ഇത്തിരീ.

“വര്‍ഷകാല മേഘങ്ങള്‍ ഗര്‍ജ്ജിച്ച്‌ കൊണ്ടേയിരിക്കും. അതിനെ തടയാനായി തപസ്സനുഷ്ടിക്കാതെ മേല്‍കൂര നനയ്ക്കാന്‍ അനുവദിക്കുന്നതിലാണ്‌ ജീവിതം.“ ഇതെന്താണെന്നു പുടികിട്ടീല.

“തെക്ക്‌ ഭാഗത്തെ മാവിന്റെ വളര്‍ച്ചാ ഘട്ടങ്ങള്‍..” തെക്കുഭാഗവും മാവും??????? എന്തിനോ എന്തോ? (മരണം എന്നു ഞാന്‍ പറയില്ല)

ആകെ മൊത്തം കൊള്ളാം

-സുല്‍

സാല്‍ജോҐsaljo said...

ഇതുതന്നെയല്ലേ അതിന്റെ പൂര്‍ണ്ണത?


വായിച്ചു. ഇഷ്ടമായി.
ഉദാത്തം എന്ന് ഞാന്‍ പറയില്ല. കാരണം മാഷ് രചനയില്‍ ശ്രദ്ധകുറച്ചു. ശരിയല്ലേ?

വാക്കുകളുടെ സങ്കലനങ്ങള്‍ നന്നാ‍യി അറിയാവുന്നവരുടെ, ഞാന്‍ റീ‍ഡര്‍ ലിസ്റ്റ് ചേര്‍ത്തിട്ടുള്ള ഏതാനും പേരില്‍ ഒരാളാണ് ഇത്തിരീ നിങ്ങള്‍. നിങ്ങളില്‍ നിന്ന് ‘കൂടുതല്‍’ മനോഹരമായത് പ്രതീക്ഷിക്കുന്നു.

തുറന്നു പറഞ്ഞതില്‍ പിണക്കം തോന്നരുതേ...

വേഴാംബല്‍ said...

ഇത്തിരി മാഷെ,
അപൂര്‍ണ്ണതയില്‍ തന്നെ ഈ ചിത്രം വളരെ മനോഹരമായിരിക്കുന്നു. എങ്കിലും ഇതിനു പൂര്‍ണ്ണതയുണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിച്ചുപോകുകയാണ്

kaithamullu : കൈതമുള്ള് said...

സാല്‍ജൊ പറഞ്ഞു, അഗ്രുവും പറഞ്ഞു.
ഇനി ഞാനെന്നാ പറയാനാ, ഇത്തിരീ?

ഇത്തിരിവെട്ടം said...

ശശിയേട്ടാ ഏത് അഗ്രു...

KuttanMenon said...

അവളുടെ കൈകള്‍ പകര്‍ന്ന ചൂടിന് സാന്ത്വനത്തിന്റെ മുഖമായിരുന്നു..കൊള്ളാം..

:: niKk | നിക്ക് :: said...

അതെ യാത്ര തുടരുകയാണ്...പക്ഷെ അതൊരു ദൌത്യമാണോ?

ശ്രീ said...

ഇത്തിരി മാഷെ...
നന്നായി...
:)

കുറുമാന്‍ said...

കൊള്ളാം ഇത്തിരി, പക്ഷെ പെട്ടേന്നെഴുതിതീര്‍ത്തപോലെ തോന്നി

P.R said...

ishtamaayi.. :)

നിറം said...

അപൂര്‍ണ്ണ ചിത്രത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള യാത്ര നന്നായിരിക്കുന്നു.

കരീം മാഷ്‌ said...

അപൂര്‍ണ്ണതയില്‍ തന്നെ
പൂര്‍ണ്ണത
ഒരു കൊച്ചുപോസ്റ്റ്...

മഴത്തുള്ളി said...

ഇത്തിരീ വളരെ നന്നായിരിക്കുന്നു.

“അവളോടൊപ്പം സഞ്ചരിക്കുമ്പോള്‍ അയാള്‍ മേശപ്പുറത്തെ നിറം മങ്ങിയ വെളുത്ത പ്രതലത്തില്‍ തെക്ക്‌ ഭാഗത്തെ മാവിന്റെ വളര്‍ച്ചാ ഘട്ടങ്ങള്‍ കോറിയിടാന്‍ തുടങ്ങി.“

സുല്ലിന്റെ ചിന്തകള്‍ വളരെ അടുത്തെത്തിയിരിക്കുന്നു അല്ലേ ഇത്തിരീ? മനുഷ്യന്‍ തന്നോടൊപ്പം നട്ടുവളര്‍ത്തുന്ന ഒരു മാവിനേപ്പറ്റിയാണല്ലോ ഇവിടെ പറയുന്നത്. എന്നാല്‍ അവന്‍ ആ മാവിനെ മനപ്പൂര്‍വ്വം മറക്കുന്നു. അല്ലേ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: യാത്ര തുടരട്ടെ...:)

kaithamullu : കൈതമുള്ള് said...

ഇത്തിരീ,

ഈ അഗ്രൂനെന്തു പറ്റി? കാണാറില്ലല്ലോ ഈ വഴിയൊന്നും?
-അല്ല, സംഗതി എഴുതിവന്നപ്പോ എന്താണ്ടായേച്ചാ.... അഗ്രൂനും സുല്ലിനും ഒരേ ശൈലി...അങ്ങനെ ഒന്ന് ‘മിക്സീ...’

മുസാഫിര്‍ said...

ചിലപ്പോള്‍ ചിത്രം അപൂര്‍ണ്ണമാവുന്നതും നല്ലത്തിനാണ്,അല്ലെ ഇത്തിരി ?

SAJAN | സാജന്‍ said...

ഇത്തിരി, നന്നായി എഴുതിയിരിക്കുന്നു, ഇഷ്ടപ്പെട്ടൂ:)

മയൂര said...

"ലോകം ചിലര്‍ക്ക്‌ ദാരിദ്ര്യം നല്‍കി. ചിലരെ ഒറ്റപ്പെടുത്തി. കരയാനാണെങ്കില്‍ കാരണങ്ങളനവധി. പക്ഷേ അതില്‍ പലതും അര്‍ത്ഥശൂന്യമായ വിലാപമായിരിക്കും. വര്‍ഷകാല മേഘങ്ങള്‍ ഗര്‍ജ്ജിച്ച്‌ കൊണ്ടേയിരിക്കും. അതിനെ തടയാന്‍ തപസ്സനുഷ്ടിച്ച് ജീവിതം പാഴാക്കാതെ മേല്‍കൂര നനയ്ക്കാന്‍ അനുവദിക്കുന്നതിലാണ്‌ ജീവിതം."

ഹൃദയ‌സ്‌പര്‍ശി ആയ കഥ.... ഇത്തിരിവെട്ടത്തിലൂടെ ഒത്തിരി മനസിലാക്കി തന്നു....

അരീക്കോടന്‍ said...

ജീവിതസ്പര്‍ശിയായ പ്രമേയം

പ്രിന്‍സി said...

ഇക്കാ.... ഒരുപാടു നാളായി ഇവിടെ....
എവിടെയോ എന്തോ കൊളത്തി വലിക്കുന്നു...
എവിടെയൊക്കെയോ മുറിഞ്ഞു പോകുന്നില്ലെ ആ ഒഴുക്ക്.... എന്തായലും എനിക്കിഷ്ടായിട്ടോ.....
കാണാം......

ഇക്കു said...

കരയാനാണെങ്കില്‍ കാരണങ്ങളനവധി. പക്ഷേ അതില്‍ പലതും അര്‍ത്ഥശൂന്യമായ വിലാപമായിരിക്കും...

ഇഷ്ടമായി മാഷെ..

ഇത്തിരിവെട്ടം said...

പൊതുവാള്‍ നന്ദി, വായനക്കും നല്ല വാക്കുകള്‍ക്കും.
ഏറനാടന്‍ ഒത്തിരി നന്ദി.

സുല്‍ വായനക്കും അഭിപ്രായത്തിനും നന്ദി. ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന വാക്കുകാളാവണം അത്. വര്‍ഷകാലമോ ഇടിമുഴക്കമോ കോരിച്ചൊരിയുന്ന മഴയോ നിയന്ത്രിക്കാന്‍ ആവില്ല എന്ന് സങ്കടപെടുന്ന സമയം ഒരു മേല്‍കൂരയുണ്ടാക്കാന്‍ ശ്രമിക്കുന്നതിലായിരിക്കണം ജീവിതം.

സാല്‍ജോ നന്ദി, അതേ അപൂര്‍ണ്ണത തന്നെയാണ് പൂര്‍ണ്ണത. പിണക്കം ഒട്ടും ഇല്ല, അഭിപ്രായങ്ങള്‍ വിലമതിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.

വേഴാമ്പല്‍... ആ ചിത്രം പൂര്‍ണ്ണമാകതിരിക്കട്ടേ... അതല്ലേ അവരുടെ ജീവിതം.

ശശിയേട്ടാ നന്ദി.

കുട്ടമ്മേനോന്‍ നന്ദി.

നിക്ക് നന്ദി കെട്ടോ, അതേ ജീവിതത്തോട് സമരസപ്പെട്ട് ജീവിക്കുക എന്നത് തന്നെയല്ലേ പലപ്പോഴും ജീവിത ദൌത്യം (ഒഴുക്കിനെതിരെ നീന്തേണ്ടതായും വരും ചിലപ്പോള്‍.)

ശ്രീ നന്ദി.

കുറുമന്‍ നന്ദി :)

പി ആര്‍ : നന്ദി.

നിറം : നന്ദി.

കരീം മാഷ് : നന്ദി, അപൂര്‍ണ്ണതയിലെ പൂര്‍ണ്ണത തന്നെ.

മഴത്തുള്ളി മാഷേ നന്ദി, സുല്ലിന്റെ ചിന്ത മരണത്തില്‍ തളച്ചിടുന്നു, ഇവിടെ ജീവിതത്തിലും.

ചാത്താ നന്ദി, :)

മുസാഫിര്‍ നന്ദി, അതാണ് വേണ്ടത്.

സാജന്‍ നന്ദി.

മയൂര : നന്ദി.

അരീകോടന്‍: നന്ദി.

പ്രിന്‍സി നന്ദി, :)

ഇക്കു നന്ദി.

വായിച്ചവര്‍, അഭിപ്രയം അറിയിച്ചവര്‍ എല്ലാവര്‍ക്കും ഒത്തിരി നന്ദി.

സുനില്‍ : എന്റെ ഉപാസന said...

“കൈയെത്താ ദൂരത്തെ മോഹങ്ങള്‍ക്കേ മൂല്യമുള്ളൂ. ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ അവനേരിടുന്ന മൂല്യത്തകര്‍ച്ചയും അതോടൊപ്പം മുളയ്ക്കുന്ന പുതിയ ആഗ്രഹങ്ങള്‍ പേറുന്ന ഉയര്‍ന്ന മൂല്യവും അവളെ ബോധ്യപ്പെടുത്താന്‍ അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു.“
നല്ല വരികള്‍...
ഒരാള്‍ കൂടി പെയ്തൊഴിഞ്ഞു... അല്ലേ..?

കണ്ണന്‍ said...

നന്നായി മാഷെ...........