Sunday, September 09, 2007

സാന്ത്വനം.

ഏകദേശം ഒരു വര്‍ഷം മുമ്പ്‌ ഇതേ ബ്ലോഗില്‍ പബ്ലിഷ്‌ ചെയ്ത ഉള്ളിന്റെ ഉരുക്കം എന്ന കഥയുടെ മറ്റൊരു വ്യൂ മാത്രമാണിത്‌. അപൂര്‍ണ്ണമായ ആ കഥയുടെ മറ്റൊരു ഭാഗം.



ഭാരം നഷ്ടമായ ശരീരത്തെ പൊതിഞ്ഞ്‌ ഇളകുന്ന സുതാര്യമായ ജലം. നെഞ്ചിനകത്ത്‌ തിങ്ങിയ ജീവശ്വസം. ആശ്രയത്തിനായുള്ള ആഗ്രഹത്തില്‍ തളര്‍ന്ന കൈകാലുകള്‍. തണുപ്പിലൂടെ അനസ്യൂതം താഴോട്ട്‌ പതിക്കുമ്പോഴാണ്‌, ശ്വാസകോശം കൈയ്യടക്കിയ ഉച്ഛ്വാസ വായു ജീവന്‍ ഊറ്റിയെടുക്കും എന്ന ബോധം മനസ്സിനെ ആക്രമിച്ചത്‌. അലറിക്കരഞ്ഞപ്പോള്‍ ചുണ്ടിനപ്പുറം സഞ്ചരിക്കാന്‍ സ്വതന്ത്ര്യമില്ലാത്ത ശബ്ദം തുടക്കത്തില്‍ തന്നെ ഒടുങ്ങി.


പായല്‍ പടര്‍ന്ന കറുത്ത ചെളിയില്‍ കാലുകള്‍ തട്ടിയതോടെ, ഇളകുന്ന ജലത്തിനും ഉരുകുന്ന സൂര്യനും ഇടയിലെ ജീവവായുവിനായി, മരണ വെപ്രാളത്തിന്റെ പിന്‍ബലത്തോടെ ശരീരം ഉയരാന്‍ തുടങ്ങി. വെള്ളത്തിന്‌ മുകളില്‍ പരന്ന വെളിച്ചം കണ്ണിലും ശുദ്ധവായു നെഞ്ചിലുമെത്തി. പക്ഷേ കാലുറക്കാന്‍ പ്രതലം നഷ്ടപ്പെട്ടപ്പോള്‍ വീണ്ടും ജലത്തിന്റെ ആലിംഗനത്തിലേക്ക്‌. ജീവനാഡിയില്‍ മരണത്തിന്റെ തണുത്ത കൈകള്‍ മുറുകാന്‍ തുടങ്ങി.


കണ്ണ് തുറക്കുമ്പോള്‍ വിഷാദച്ചിരിയുമായി രേഖാ ഡോക്ടര്‍ തൊട്ടടുത്ത്‌ തന്നെയുണ്ട്‌. കയ്യില്‍ നനഞ്ഞ പഞ്ഞി. ചുറ്റുവട്ടവും കൂടിനില്‍കുന്ന നെഴ്സുമാര്‍. ഡോക്ടറുടെ നീളമുള്ള വിരലുകള്‍ നെറ്റിയില്‍ സാന്ത്വനത്തിന്റെ ചൂടുമായെത്തി.


"എന്താ രാജേശ്വരീ ക്ഷീണമുണ്ടോ... ?"

'അതേ' എന്ന് തലകുലുക്കി...

"വിശ്രമിക്കൂ..."

ഒന്നുകൂടി തലകുലുക്കി. എന്തിനോ കണ്ണ് വീണ്ടും നിറഞ്ഞു.

"രാജേശ്വരി... ഇങ്ങനെയായാലൊ... വേണുഗോപാല്‍ എത്തീട്ടുണ്ട്‌."

ആ നിമിഷം ശരീരത്തിലൂടെ ഒരു തരിപ്പ്‌ പാഞ്ഞ്‌ പോയി. വേണുവേട്ടന്റെ പരുപരുത്ത വിരലുകള്‍ക്കേ എന്നെ സാന്ത്വനിപ്പിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ്‌ മാത്രം ശേഷിച്ചു.

"ഞങ്ങള്‍ സംസാരിച്ചിട്ടില്ല. ഞാന്‍ അങ്ങോട്ട്‌ പോവുന്നു." അവര്‍ കൂട്ടിച്ചേര്‍ത്തു.


നെറ്റിയിലെ നഷ്ടമായ തണുപ്പിനായി കണ്ണുയര്‍ത്തിയത്‌ ഒഴുകാന്‍ പാകത്തിന്‌ കണ്ണീര്‍ തളം കെട്ടിയ ഡോക്ടറുടെ കണ്ണുകളിലേക്കായിരുന്നു. തിരിഞ്ഞ്‌ നടക്കാന്‍ തുടങ്ങുന്ന അവരേ നോക്കിയപ്പോള്‍ മനസ്സ്‌ വീണ്ടും ഓര്‍മ്മിപ്പിച്ചു "പഴയ രാജേശ്വരി മരിച്ചിരിക്കുന്നു."


രണ്ടു ദിവസത്തെ സഹവാസം ഉണ്ടായിട്ടും ഈ മുറി അപരിചിതം തന്നെ. മരുന്നുകളുടെ ഗന്ധം പേറുന്ന അന്തരീക്ഷത്തില്‍ ഭൂതകാലത്തിന്റെ ഓര്‍മ്മ പോലെ നരച്ച കര്‍ട്ടണുകളില്‍ പരതിയ കണ്ണ്, പതുക്കേ കറങ്ങുന്ന ഫാനിന്റെ മധ്യത്തിലെ സ്വര്‍ണ്ണവര്‍ണ്ണത്തിലെത്തി നിന്നു.


അടഞ്ഞു കിടക്കുന്ന ചില്ലു വാതിലിനപ്പുറത്തൂടെ ഇടയ്ക്കിടേ നീങ്ങുന്ന പാദപതനങ്ങളില്‍ നിന്ന് വേണുവേട്ടന്റെ കാലൊച്ച വേര്‍തിരിക്കാന്‍ ശ്രമിച്ചു. ആ ശ്രമം വിഫലമായപ്പോള്‍ 'വേണുവിന്‌ നീ ആരുമല്ലെന്ന് മനസ്സിലാക്കുന്നതിലാണ്‌ നിന്റെ ശമനതാളം' എന്ന് ഹൃദയം ശഠിക്കാന്‍ തുടങ്ങി. മനസ്സ്‌ പ്രണയത്തിന്റെ പ്രതിരോധം തീര്‍ത്തു.


ഹൃദയത്തിന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം എന്റെ വേണുവേട്ടന്‌ ഒരു മനസ്സുണ്ടെന്നും അതിന്‌ ഈ രാജിയില്‍ കളങ്കം കാണാനാവില്ലനും മനസ്സ്‌ ആശ്വസിപ്പിക്കുമ്പോഴും പലരും കവര്‍ന്ന ഞാനെന്ന ഭാര്യയെ മനസ്സിലാക്കാന്‍ അദ്ദേഹത്തിനാവില്ലെന്ന് തന്നെ ഹൃദയം വിധിപ്രഖ്യാപിച്ചിരുന്നു.


'സ്നേഹത്തിന്റെ അടിസ്ഥാനമായ പരസ്പര വിശ്വസത്തിനേറ്റ കനത്ത പ്രഹരത്തെ അതിജീവിക്കാന്‍ മാത്രം നിന്റെ ചാരിത്ര്യം വളര്‍ന്നിട്ടില്ലന്ന' കര്‍ക്കശമായ കണക്കുകൂട്ടല്‍ ഹൃദയം അവതരിപ്പിച്ചപ്പോഴും, വേണുവെന്ന പേരില്‍ ഒളിഞ്ഞിരിക്കുന്ന എന്റെ ജീവന്‍ തേടി മനസ്സ്‌ അലയുന്നുണ്ടായിരുന്നു. കാത്ത്‌ സൂക്ഷിച്ച ആ സ്നേഹവുമായി സംവദിക്കവേ ഹൃദയം അത്‌ വെറും വ്യാമോഹമാക്കി. വിധിക്കാത്തിരിക്കുന്ന പുള്ളിയായ ഞാന്‍ ആ ഏറ്റുമുട്ടലില്‍ ഹൃദയപക്ഷം ചേര്‍ന്നു.


ഇന്നലെ ഡോക്ടര്‍ ചോദിച്ചിരുന്നു "എങ്ങനെയാണ്‌ നിങ്ങളുടെ കുടുംബ ജീവിതം"


ശരീരികമായി അകന്നാണ്‌ താമസമെങ്കിലും ഒരിക്കലും ഞങ്ങളുടെ മനസ്സുകള്‍ക്കിടയില്‍ ഒരു വിടവ്‌ സൃഷ്ടിക്കാന്‍ ദൂരത്തിനും കാലത്തിനും കഴിഞ്ഞിട്ടില്ലായിരുന്നു. ഒരേസമയം ഒരു പോലെ ചിന്തിക്കനും പരസ്പരം സംസാരിക്കാനും കഴിയുന്ന ഒരു അപൂര്‍വ്വ ബന്ധം. ഒരിക്കല്‍ വിളിച്ചപ്പോള്‍ വേണുവേട്ടന്‍ "രാജി... നമുക്കിടയില്‍ ഒരു ടെലിപ്പതി നിലനില്‍ക്കുന്നു എന്നാണ്‌ ശരത്‌ പറയുന്നത്‌" എന്ന് പറഞ്ഞ്‌ ചിരിച്ചു.


കൂടുതല്‍ അറിയാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ്‌ മനസ്സുകളുടെ ആശയ വിനിമയത്തിന്‌ തീവ്രമായ വ്യക്തിബന്ധത്തിന്റെ തിരിച്ചറിവ്‌ മതി എന്നും അതിനെയാണ്‌ ടെലിപ്പതി കൊണ്ട്‌ അര്‍ത്ഥമാക്കുന്നതെന്നും വേണുവേട്ടന്‍ സൂചിപ്പിച്ചത്‌.


രേഖാ ഡോക്ടറുടെ കാരുണ്യം നിറഞ്ഞ മുഖത്ത്‌ നോക്കി ഞാനല്ല സംസാരിച്ചത്‌... എന്റെ കണ്ണുകളായിരുന്നു... കത്തുന്ന മനസ്സ്‌ ഒഴുകിയൊലിച്ചു. തോരാത്ത ആ ഒഴുക്കിനിടയില്‍ എങ്ങനെയോ പറഞ്ഞു "എനിക്ക്‌ വേണുവേട്ടനില്ലാതെ ജീവിക്കാനാവില്ല" നിറഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ രേഖഡോക്ടറുടെ വിളര്‍ത്ത മുഖം കാണുന്നുണ്ടായിരുന്നു. മുള കീറുമ്പോലെ തേങ്ങികരഞ്ഞപ്പോള്‍ അവര്‍ ചേര്‍ത്തുപിടിച്ചു. ചുട്ട്‌ പോള്ളുന്ന മേനിക്ക്‌ അത്‌ സുഖമുള്ള കുളിരായി.


തൊട്ടടുത്ത്‌ നില്‍ക്കുന്ന ഡോക്ടര്‍ എന്തോ ആംഗ്യം കാണിച്ചപ്പോഴാണ്‌ അവര്‍ മുഖത്തേക്ക്‌ നോക്കാതെ സംസാരം തുടര്‍ന്നത്‌. കൂനികൂടിയിരിക്കുന്ന എന്റെ കൈകള്‍ അവരുടെ തണുത്ത വിരലുകള്‍ക്കകത്ത്‌ ഭദ്രമായിരുന്നു.


"രാജേശ്വരീ... ഒരു പ്രധാന കാര്യം പറയാനുണ്ട്‌.. നിങ്ങളെ അറിയിക്കാതിരുന്നത്‌ ശരിയല്ല. മാത്രവുമല്ല അത്‌ വേണുഗോപലിനെ അറിയിക്കണോ എന്ന് തീരുമാനിക്കേണ്ടതും രാജേശ്വരിയാണ്‌."

അവര്‍ എന്റെ ഉത്തരം പ്രതീക്ഷിച്ചിട്ടില്ലങ്കിലും പതുക്കേ മൂളി.

"ഇന്നലെ രാജേശ്വരിയെ ദ്രോഹിച്ചവരെ അറസ്റ്റു ചെയ്തു. അതില്‍ ഒരാളുടെ മെഡിക്കല്‍ ടെസ്റ്റില്‍ ഒരു രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്‌. അത്‌ താങ്കളിലേക്ക്‌ പകരാതിരിക്കാന്‍ നമുക്ക്‌ പരമാവധി ശ്രമിക്കാം. അതിനുവേണ്ടി എന്തല്ലാം ചെയ്യാം എന്നും ഞങ്ങള്‍ അലോചിക്കുന്നുണ്ട്‌. ഈ വിവരം ഭര്‍ത്താവിനെ അറിയിക്കണോ...?"

എനിക്ക്‌ കൂടുതല്‍ അലോചിക്കേണ്ട ആവശ്യമില്ലായിരുന്നു.

"അറിയിക്കണം... പ്ലീസ്‌. അല്ലാതെ എനിക്ക്‌ അദ്ദേഹത്തെ ഇനി നേരിടാനാവില്ല. എന്നെ ഉപേക്ഷിക്കാന്‍ കൂടെ നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാവുമോ...? ഡോക്ടര്‍ക്ക്‌ പറയാമോ അദ്ദേഹത്തിന്റെ രാജി മരിച്ചെന്ന്. ഇത്‌ ആരോ ചവച്ച്‌ അശുദ്ധമാക്കിയ ശരീരം മാത്രമാണെന്ന് ഇവിടെ ബാക്കിയുള്ളതെന്ന്. എനിക്ക്‌ വേണുവേട്ടനെ കാണണ്ട. എനിക്കതിന്‌ കഴിയില്ല." അത്രയും പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ശബ്ദം പതറിയിരുന്നു. തലയിണയില്‍ മുഖം അമര്‍ത്തി കരഞ്ഞു.

ഒന്നും പറയാതെ അവര്‍ തിരിഞ്ഞ്‌ നടന്നപ്പോള്‍ ആഗ്രഹിച്ചത്‌ ഒരു സാന്ത്വനമാണ്‌... ആരെങ്കിലും ഒന്ന് അടുത്തിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോയി.

ഇപ്പോള്‍ അവര്‍ വേണുവേട്ടനുമായി സംസാരിക്കുകയാവും. ഡോക്ടറുടെ മുമ്പില്‍ ശിരസ്സ്‌ കുനിച്ച്‌ എല്ലാം സഹിച്ച്‌ കേള്‍ക്കുന്ന ആ തകര്‍ന്ന മുഖം ഇവിടെ കിടന്ന് തന്നെ കാണാനാവുന്നുണ്ട്‌.


അധികാരത്തിനായുള്ള വടം വലിക്കിടയില്‍ കൊടികളുടെ വര്‍ണ്ണങ്ങള്‍ക്കനുസരിച്ച്‌ കൊന്നും കൊലവിളിച്ചും നാടിളകിയപ്പോള്‍ മനസ്സ്‌ നൊന്തു പ്രാര്‍ത്ഥിച്ചിരുന്നു.. 'ഈ മനുഷ്യര്‍ക്ക്‌ നല്ല മനസ്സ്‌ വരുത്തണേ ഈശ്വരാ...' എന്ന്. ഒരു ദിവസം വൈകുന്നേരം ഏതാനും കൂട്ടുകാരോടൊപ്പം വന്ന അയല്‍വാസിയായ മീശമുളക്കാത്ത കൊച്ചു പയ്യന്‍ കൈയ്യില്‍ കയറിപ്പിടിച്ചത്‌ മുതല്‍ മര്‍ദ്ദിതര്‍ മര്‍ദ്ദകരോട്‌ ചോദിക്കുന്ന ചോദ്യം ഞാനും ചോദിച്ച്‌ കൊണ്ടിരുന്നു "എന്തിനാവും... ഇവരെന്നെ ദ്രോഹിക്കുന്നത്‌..."


നാളെ പാര്‍ട്ടിക്കാര്‍ക്ക്‌ കൊന്നവന്‍ നേതാവും കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയും ആവുമായിരിക്കും. പക്ഷേ അതിനൊഴുകിയ ചോരയ്ക്‌, തകര്‍ത്തെറിഞ്ഞ മാനത്തിന്‌, നഷ്ടമായ ആയുഷ്കാല സമ്പാദ്യങ്ങള്‍ക്ക്‌ ആരാവും മറുപടി പറയേണ്ടത്‌. ഇതിനായി എല്ലാം കവര്‍ന്ന് ചവച്ച്‌ തുപ്പിയ എന്റെ കണ്ണീര്‍ ഇവര്‍ക്ക്‌ ഏത്‌ ഗണത്തില്‍ പെടുത്താനാവും.


നല്ല അയല്‍വാസിയായി രണ്ട്‌ ദിവസം മുമ്പ്‌ ഫോണ്‍ ചെയ്യാന്‍ വീട്ടില്‍ വന്നവന്‍ ഒരു മൃഗത്തിന്റെ ക്രൌര്യവുമായിട്ടായിരുന്നു അന്നെത്തിയത്‌. കട്ടിനരികില്‍ കൈകളും ശബ്ദവും ബന്ധിച്ച്‌ ഒരൊരുത്തരായി വേട്ടയാടുമ്പോള്‍ ബാക്കിയുള്ളവര്‍ പൂട്ടിവെച്ച അലമാരിക്കകത്തെ ധനത്തിനായി ആര്‍ത്തികാണിച്ചു. അത്‌ പങ്കുവെക്കുന്നതിലെ കാര്‍ക്കശ്യം കണ്ടപ്പോള്‍ പകല്‍ കൊള്ളക്കെത്തിയ അവര്‍ക്കുള്ള ബോണസായിരുന്നു എന്റെ ശരീരവും കണ്ണീരും എന്ന് ബോധ്യമായി.


ബോധം തെളിയുമ്പോള്‍ രേഖാ ഡോക്ടറുടെ മുഖമാണ്‌ മുമ്പില്‍. പുറത്തുള്ള സന്ദര്‍ശകരേ കുറിച്ച്‌ അവര്‍ സൂചിപ്പിച്ചു. ആര്‍ക്കും മുഖം കൊടുക്കുന്നില്ലന്ന് ഉറപ്പിച്ച്‌ പറഞ്ഞു. വന്നവരില്‍ പലരും അവര്‍ക്ക്‌ തടയാനാവത്ത അധികാരികാളായിരുന്നത്രെ. ആരോടും പരാതി പറഞ്ഞില്ല... എന്നിട്ടും ഒരു വനിതാ നേതാവ്‌ വന്നപ്പോള്‍, അവരില്‍ ഒരു സ്ത്രീയെക്കണ്ടപ്പോള്‍ എത്ര ശ്രമിച്ചിട്ടും മനസ്സ്‌ തുറക്കാതിരിക്കാനായില്ല. നെഞ്ചുരുകി കരഞ്ഞപ്പോള്‍ അവര്‍ നിറകണ്ണുകളോടെ ആശ്വസിപ്പിച്ചു.


ഇവിടെ നിന്ന് ആദ്യമായി പരിചയപ്പെട്ട സൂസന്‍ സിസ്റ്ററാണ്‌ ഇന്ന് പത്രത്തില്‍ നിറഞ്ഞ അവരുടെ പുഞ്ചിരിക്കുന്ന മുഖവും നീണ്ട പ്രസ്താവനയും കാണിച്ച്‌ തന്നത്‌. പാര്‍ട്ടി പ്രവര്‍ത്തകരെ അവഹേളിക്കാന്‍ പത്രക്കാര്‍ കെട്ടിച്ചമച്ചതാണ്‌ ഈ രാജേശ്വരീ കേസ്‌ എന്നും അവര്‍ എന്നോട്‌ വിശദമായി സംസാരിച്ചെന്നും തുടങ്ങുന്ന നീണ്ട പ്രസ്താവന.

ഇവരൊക്കെയാണ്‌ ചേച്ചീ സ്ത്രീകളുടെ പുരോഗമനത്തിനായി വേഷം കെട്ടുന്ന മൃഗങ്ങള്‍... സൂസന്‍ അമര്‍ഷം പ്രകടിപ്പിച്ചു.


വെറുതെ കറുത്ത അക്ഷരങ്ങളിലൂടെ കണ്ണൊടിച്ചു. വേട്ടമൃഗത്തെ വീണ്ടും വീണ്ടും വേട്ടയാടുന്ന മഷിക്കറുപ്പ്‌. എന്റെ ഭൂതക്കാലത്തിലെവിടെയെങ്കിലും ഒരു ഇമ്മോറല്‍ ട്രഫിക്ക്‌ കേസ്‌ കാണാത്തതില്‍ വിഷമം തോന്നിയ ലേഖകര്‍. നേരിട്ടെന്നെ വേട്ടയാടിയവരേക്കാള്‍ കൂടുതല്‍ മീഡിയകളിലൂടെ, മാധ്യമങ്ങളിലൂടെ ഞാന്‍ വീണ്ടും വേട്ടയാടപ്പെടുന്നു എന്നറിഞ്ഞപ്പോള്‍ ഒരു തരം നിസംഗത മനസ്സില്‍ നിറഞ്ഞു. മനുഷ്യത്വത്തെ മൂടിവെച്ചെങ്കിലും 'ആ രാജേശ്വരിയേ വെറുതെ വീടൂ...' എന്നൊരു സ്ത്രീശബ്ദം ആ വാര്‍ത്തയിലുടനീളം പ്രതീക്ഷിച്ച ഞാന്‍ വിഡ്ഢിയായി.


'ഒരു ചിത്രം കൂടി ഒട്ടിച്ച്‌ ഈ മൃഗങ്ങള്‍ക്ക്‌ ആര്‍ത്തി തീര്‍ക്കാമായിരുന്നു' എന്ന് സൂസന്‍ പിറുപിറുത്തപ്പോള്‍ എന്റെ വിധി എന്ന് സമാധാനിച്ച്‌ പതുക്കേ കണ്ണടച്ചു. ആരോടും പരാതി പറയാനില്ലാത്ത മനസ്സില്‍, ഉള്ളുരുകുന്ന വേണുവേട്ടനായിരുന്നു.


ഇനിയെന്ത്‌... രണ്ട്‌ ദിവസമായി ഞാന്‍ എന്നോട്‌ ചോദിക്കുന്ന ചോദ്യം ആവര്‍ത്തിക്കുമ്പോഴാണ്‌ കര്‍ട്ടനിട്ട ചില്ലുവാതില്‍ തുറന്നടഞ്ഞത്‌. അതിന്‌ സമീപം വേണുവേട്ടന്റെ ദീര്‍ഘകായ ശരീരം. ഷേവ്‌ ചെയ്യാത്ത മുഖം കരുവാളിച്ചിരിക്കുന്നു. ഒന്നുകൂടെ നോക്കാന്‍ ശക്തിയില്ലാതെ പതുക്കേ മുഖം തിരിച്ച നിമഷം മനസ്സ്‌ തീരുമാനിച്ചു. ഇല്ല. ഞാനെന്ന അശുദ്ധിയെ സ്വീകരിക്കാന്‍ ഈ വിശുദ്ധിയെ അനുവദിക്കരുത്‌.


ബലിഷ്ഠമായ കൈകളില്‍ ഞാന്‍ തളര്‍ന്നെങ്കിലും നെഞ്ചിലെ ഇളംചൂടിനോട്‌ ചേര്‍ന്നപ്പോള്‍ പ്രതിഷേധിച്ച്‌ കൊണ്ടിരുന്നു. ആ സ്നേഹത്തിന്റെ ഉള്ളുരുക്കത്തോട്‌ അധിക സമയം എതിര്‍ത്ത്‌ നില്‍കാനായില്ല. സിന്ദൂര രേഖ നനച്ച്‌ താഴോട്ട്‌ ഒഴുകിയെത്തിയ എന്റെ ജീവന്റെ കണ്ണിലെ സ്നേഹം എന്റെ നിറഞ്ഞ കണ്ണുകളുമായി ചേര്‍ന്നൊഴുകി. മരണത്തിന്റെ കയത്തിലെ കച്ചിത്തുരുമ്പായി എന്നിലെ ഞാന്‍ ആ ഉച്ഛ്വാസവായു മൃതസഞ്ചീവനിയാക്കി ആ ഞെഞ്ചോട്‌ ചേര്‍ന്നു. സ്നേഹത്തിന്റെ അധികാരത്തോടെ... കൂടുതല്‍ ശക്തിയോടെ...

31 comments:

G.MANU said...

ഇത്തിരി.......
വല്ലാത്തൊരു കഥ...നീര്‍ഘ നിശ്വാസങ്ങള്‍ അടര്‍ത്തിയെടുക്കുന്ന കഥ...
ഇഷ്ടമായി എന്നു പറഞ്ഞാല്‍ സബ്ജക്ടിനോടുള്‍ല ക്രൂരതയാവില്ലേ..

സു | Su said...

ഭയങ്കര കഥ.

:)

മുസ്തഫ|musthapha said...

ഉള്ളിന്‍റെ ഉരുക്കത്തെ ശരിക്കും പൂര്‍ണ്ണമാക്കുന്നു ഈ ഭാഗം... വളരെ നന്നായി എഴുതിയിരിക്കുന്നു...
കൂടുതലൊന്നും പറയാനില്ല!

സുല്‍ |Sul said...

ഇത്തിരി
നന്നായി എഴുതിയിരിക്കുന്നു. ഒരു കാര്യത്തിന്റെ രണ്ടുവശങ്ങള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു.

ആശംസകള്‍!
-സുല്‍

അപ്പു ആദ്യാക്ഷരി said...

nannaayi ennu parayendathillallo, subject is very touching!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മറ്റൊരു വ്യൂ ഇത്തിരി കൂടി ശക്തമായി.
ഇനിയും പൂര്‍ണ്ണമായില്ലാന്നുണ്ടോ?

മന്‍സുര്‍ said...

ഇത്തിരിവെട്ടത്തിലൂടെ.....ഒത്തിരിവെട്ടം

നന്നായി എന്നു എടുത്ത് പറയുന്നില്ല......മടുപ്പുളവാക്കാതെ മുഴുവനും വായിക്കാന്‍ തോന്നി...ഇനിയും ബാക്കിപറയാന്‍ വിട്ടു പോയ വരികള്‍ ഉണ്ടോ എന്നൊരു തോന്നല്‍ മനസില്‍ ഉയര്‍ന്നു.പരുപരുത്ത വിരലുകളുകളിലും സാന്ത്വനത്തിന്‍ തലോടല്‍ വിടര്‍ന്നത് എത്ര മനോഹരം ....അഭിനന്ദനങ്ങള്‍

ആ നിമിഷം ശരീരത്തിലൂടെ ഒരു തരിപ്പ്‌ പാഞ്ഞ്‌ പോയി. വേണുവേട്ടന്റെ പരുപരുത്ത വിരലുകള്‍ക്കേ എന്നെ സാന്ത്വനിപ്പിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ്‌ മാത്രം ശേഷിച്ചു.


മന്‍സൂര്‍,നിലംബൂര്‍

പരസ്പരം said...

നന്നായ് എഴുതിയിരിക്കുന്നു ഇത്തിരീ..

ശ്രീ said...

ഇത്തിരി മാഷെ...
നല്ല ശക്തമായ ഒരു കഥ.
:)

Anonymous said...

നാളെ പാര്‍ട്ടിക്കാര്‍ക്ക്‌ കൊന്നവന്‍ നേതാവും കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയും ആവുമായിരിക്കും. പക്ഷേ അതിനൊഴുകിയ ചോരയ്ക്‌, തകര്‍ത്തെറിഞ്ഞ മാനത്തിന്‌, നഷ്ടമായ ആയുഷ്കാല സമ്പാദ്യങ്ങള്‍ക്ക്‌ ആരാവും മറുപടി പറയേണ്ടത്‌. ഇതിനായി എല്ലാം കവര്‍ന്ന് ചവച്ച്‌ തുപ്പിയ എന്റെ കണ്ണീര്‍ ഇവര്‍ക്ക്‌ ഏത്‌ ഗണത്തില്‍ പെടുത്താനാവും.

naam oru paad chodicha chodiyam. story nannayirikkunnu.

മഴത്തുള്ളി said...

ഇത്തിരിമാഷേ,

ഇത്തവണയും മനോഹരമായിരിക്കുന്നു. ഉള്ളിന്റെ ഉരുക്കം സാന്ത്വനമായി മാറിയല്ലോ :)

സൂര്യോദയം said...

ഇത്തിരീ... നല്ല ശക്തമായ എഴുത്ത്‌.... നല്ല നിലവാരം...

കരീം മാഷ്‌ said...

മനസ്സില്‍ തട്ടി.

വേഴാമ്പല്‍ said...

ഇത്തിരി മാഷെ കഥ മനസ്സില്‍ തട്ടുന്നതായിരുന്നു.

Anonymous said...

ആദ്യഭാഗം ശരിക്കും വെള്ളത്തില്‍ മുങ്ങുന്ന ഒരു പ്രതീതി ഉണ്ടാക്കുന്നു. ഈ കഥയുടെ രണ്ട് ഭാഗവും വായിച്ചു. നന്നായിരിക്കുന്നു എന്ന് എടുത്ത് പറയുന്നില്ല. വല്ലാതെ ഫീല്‍ ചെയ്തു.

ഫത്തു said...

മനസ്സിണ്റ്റെ അഗാധയില്‍ തൊടുന്നത്‌ കൊണ്ടായിരിക്കണം, കണ്ണ്‍ നിറഞ്ഞത്‌. രാജ്വേശ്വരിയെ മുഴുവനായും മനസ്സിലാക്കിയ വേണ്വേട്ടന്‍ നല്ല കഥാപാത്രം

ഉറുമ്പ്‌ /ANT said...

ഇത്തിരി മാഷെ,

വളരെ നന്നായി എഴുതിയിരിക്കുന്നു...

Anoop Technologist (അനൂപ് തിരുവല്ല) said...

ഹ്രുദയത്തില്‍ തട്ടിയ കഥ..

ഉപാസന || Upasana said...

കൊള്ളാമല്ലോ ഇത്തിരിവെട്ടം...
നല്ല കഥ.
:)
ഉപാസന

d said...

ഇത്തിരിവെട്ടം,

കഥയുടെ രണ്ടു ഭാഗങ്ങളും വായിച്ചു. വളരെ നന്നായിരിക്കുന്നു. മനസ്സില്‍ തട്ടുന്ന കഥ..

ആശംസകള്‍!

ശെഫി said...

വളരെ നന്നായി

valmeeki said...

നന്നായി , അഭിനന്ദനങ്ങള്‍

ഏറനാടന്‍ said...

നന്നായി. അഭിനന്ദനങ്ങള്‍

വാണി said...

ഇത് മന്‍സൂര്‍ പറഞ്ഞതുപോലെ ഒത്തിരിവെട്ടം തന്നെ!!

ശക്തമായ എഴുത്ത്..!

റീനി said...

ഇത്തിരി, ഒരിത്തിരിനേരം ചിന്തിപ്പിക്കുന്നൊരു കഥ.

തമനു said...

നന്നായി ഇത്തിരീ...

:)

സാജന്‍| SAJAN said...

നന്നായി എഴുതിയിരിക്കുന്നു, ഇഷ്ടപ്പെട്ടു:)

മുസാഫിര്‍ said...

പഴയ വേര്‍ഷന്‍ നേരത്തെ വായിച്ചിരുന്നു.ഇതും മനസ്സില്‍ കൊണ്ട് കേറുന്നു.

Areekkodan | അരീക്കോടന്‍ said...

ഇത്തിരി നന്നായി.....

Rasheed Chalil said...

വായിച്ച് അഭിപ്രായം അറിയിച്ച

ജി.മനു
സു.
അഗ്രജന്‍.
സുല്‍.
അപ്പു.
കുട്ടിച്ചാത്തന്‍.
മന്‍സൂര്‍.
പരസ്പരം.
ശ്രീ
ഷാഫി.
മഴത്തുള്ളി.
സൂര്യോദയം.
കരീം മാഷ്.
വേഴാമ്പല്‍.
സലാം.
അബ്ദുല്‍ ഫത്തഹ് ഹംസ.
ഉറുമ്പ്.
അനൂപ് തിരുവല്ല.
എന്റെ ഉപാസന.
വീണ.
ശെഫി.
വാത്മീകി.
ഏറനാടന്‍.
എന്റെ കിറുക്കുകള്‍.
റീനി.
തമനു.
സാജന്‍.
മുസാഫിര്‍.
അരീക്കോടന്‍.

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

Anonymous said...

വെറുതെ കറുത്ത അക്ഷരങ്ങളിലൂടെ കണ്ണൊടിച്ചു. വേട്ടമൃഗത്തെ വീണ്ടും വീണ്ടും വേട്ടയാടുന്ന മഷിക്കറുപ്പ്‌. എന്റെ ഭൂതക്കാലത്തിലെവിടെയെങ്കിലും ഒരു ഇമ്മോറല്‍ ട്രഫിക്ക്‌ കേസ്‌ കാണാത്തതില്‍ വിഷമം തോന്നിയ ലേഖകര്‍. നേരിട്ടെന്നെ വേട്ടയാടിയവരേക്കാള്‍ കൂടുതല്‍ മീഡിയകളിലൂടെ, മാധ്യമങ്ങളിലൂടെ ഞാന്‍ വീണ്ടും വേട്ടയാടപ്പെടുന്നു എന്നറിഞ്ഞപ്പോള്‍ ഒരു തരം നിസംഗത മനസ്സില്‍ നിറഞ്ഞു. മനുഷ്യത്വത്തെ മൂടിവെച്ചെങ്കിലും 'ആ രാജേശ്വരിയേ വെറുതെ വീടൂ...' എന്നൊരു സ്ത്രീശബ്ദം ആ വാര്‍ത്തയിലുടനീളം പ്രതീക്ഷിച്ച ഞാന്‍ വിഡ്ഢിയായി.......