Wednesday, May 14, 2008

അടയാളങ്ങള്‍.

കൂട്ടിയിട്ട ഫര്‍ണ്ണിച്ചറുകളുടെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ വല്ലപ്പോഴും ഓടുന്ന എലികളാണ് ‘തനിച്ചല്ല’ എന്ന ബോധം നല്‍കുന്നത്. പുറത്തെ നിലാവില്‍ നിന്നെത്തിയ അരണ്ടവെളിച്ചത്തില്‍ പതുങ്ങുന്ന ഈ മൌനത്തോട് സംവദിക്കാന്‍ മനസ്സ് ഇനിയും പാകപ്പെട്ടിട്ടും ഇല്ല. നിഷാന്തിന്റെ കാല് മാഷുടെ നാഭിക്ക് നേരെ ഉയര്‍ന്ന് പതിഞ്ഞപ്പോള്‍ കൂടെ കാലൊടിഞ്ഞ മേശയും വൈകാതെ ഈ കൂട്ടത്തിലെത്തുമായിരിക്കും.


ഇന്നലെ പ്രകാശന്‍ കൊണ്ട് വന്ന തണുത്ത ചോറ് ഉരുട്ടാന്‍ തുടങ്ങിയപ്പോഴേക്കും മനം പിരട്ടി. അമര്‍ത്തിപ്പിടിച്ച ഓക്കാനത്തോടൊപ്പം ചര്‍ദ്ദില്‍ പുറത്തേക്ക് തള്ളുമ്പോള്‍ അടഞ്ഞ കഴ്ചയില്‍ അറ്റ് പിടയുന്ന കൈപ്പത്തിയായിരുന്നു‍. തോളിലേറ്റ മുറിവുമായി ബെഞ്ചുകള്‍ക്കിടയില്‍ മരണവെപ്രവാളത്തോടെ ഓടുന്ന നാരായണന്‍ മാഷുടെ ഭീതി നിറഞ്ഞ കണ്ണുകളും മറക്കാന്‍ കഴിയുന്നില്ല. കൈകളില്‍ പറ്റിയ ചൂടുചോരയുടെ നിറം കഴുകിക്കളഞ്ഞെങ്കിലും മണം മാറ്റമില്ലാതെ തുടരുന്നുണ്ട്.


ഒതുക്കുകല്ലുകള്‍ കയറുമ്പോള്‍ കൈയ്യിലെ ആയുധത്തില്‍ ഒന്ന് കൂടി കൈ മുറുക്കി. നാരായണന്‍ മാഷുടെ അടഞ്ഞ ശബ്ദത്തോടൊപ്പം ‘ഏറ്റുച്ചൊല്ലല്‍’ നടത്തുന്ന വിദ്യാര്‍ത്ഥികളുടെ ശബ്ദം വരാന്തയില്‍ കേള്‍ക്കാമായിരുന്നു. ക്ലാസ്സ് റൂമിലേക്ക് കയറിയ മൂവര്‍സംഘമെന്ന അവിചാരിത അപകടം അവരെ പിന്നീട് നിശ്ശബ്ദരാക്കിയതാവും. പക്ഷേ ജീവന്‍ നല്‍കാന്‍ അറച്ച് ചാടിയെഴുന്നേറ്റ അധ്യാ‍പകന്റെ കണ്ണിന്റെ ചലനങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്. ഓര്‍മ്മകളെ കുത്തിനോവിക്കുന്ന നോട്ടം... മൂന്നാളുകള്‍ ഒന്നിച്ച് വേട്ടയാടിയത് കൊണ്ടാവാം, തന്നെ വളഞ്ഞ ആയുധങ്ങളുടെ ചലനങ്ങള്‍ ശ്രദ്ധിച്ച് മാറി മാറി നീങ്ങുന്ന കണ്ണില്‍ നോക്കി വാളുയര്‍ത്തുമ്പോള്‍ ഞാന്‍ ആക്രോശിച്ചിരുന്നു. അതോടൊപ്പം വിദ്യാര്‍ത്ഥികളുടെ കൂട്ടക്കരച്ചിലും. അലര്‍ച്ചയോടെ വിദ്യാര്‍ത്ഥികളിലേക്ക് പാഞ്ഞ് കയറിയ ആ അധ്യാപകന്‍ ജീവിതത്തില്‍ സ്വസ്ഥത നല്‍കില്ലന്ന് മനസ്സിലാവുന്നു... ഇരയെ തേടിയുള്ള ഓട്ടത്തിനിടയില്‍ മുമ്പില്‍ പെട്ട കൊച്ചു മുഖത്തെ തള്ളിയകറ്റിയത് ശരിക്കോര്‍മ്മയുണ്ട്... എല്ലാം കഴിഞ്ഞ് തോളില്‍ തൊട്ട് ഇനി രക്ഷപ്പെടാം എന്ന് നിശാന്ത് പറയുമ്പോഴെ ബോധം തിരിച്ചെത്തിയിരുന്നുള്ളൂ...


പിന്നെ സ്കൂളിലെ ഈ റൂം തന്നെയാണ് ഏറ്റവും നല്ല അഭയ കേന്ദ്രം എന്ന് പറഞ്ഞതും ആ കൂട്ട് പുരികമുള്ള നേതാവായിരുന്നു. രക്തം പറ്റിയ വസ്ത്രങ്ങള്‍ അഴിച്ച് വാങ്ങുമ്പോള്‍ ക്ലീന്‍ ഷേവ് ചെയ്ത് മുഖത്തെ കറുപ്പിച്ചെടുത്ത കട്ടിമീശയ്ക്ക് തഴേ ചുണ്ടില്‍ പതിഞ്ഞിരിക്കുന്ന പുഞ്ചിരിയിലെ ക്രൂരത ശ്രദ്ധിച്ചു. “ഒന്നും ഭയപ്പെടണ്ട... നിങ്ങള്‍ക്ക് എന്നും സംഘടനയുടെ സംരക്ഷണമുണ്ടാവും...” എന്ന് ആശ്വസിപ്പിച്ച് അദ്ദേഹം പടിയിറങ്ങുമ്പോള്‍ രാജും നിഷാന്തും കൂടെ നടന്നു. ഇന്നലെ ഭക്ഷണവുമായി വന്ന കരുണേട്ടനാണ് എതിര്‍ ചേരിക്കാര്‍ കൂട്ടക്കശാപ്പ് നടത്തുകയാണെന്നും പാര്‍ട്ടി അനുഭാവികളെല്ലാം ഒളിവിലാണെന്നും പറഞ്ഞത്. തണുത്ത ചോറിന്റെ നനവും രക്തത്തിന്റെ മണവുമുള്ള മത്സ്യകഷ്ണം കഴിക്കാതെ മാറ്റിവെച്ചു.

‘ ഹരീ... നിഷാന്ത് പോയി...”

“എങ്ങ്ട്...“ മനസ്സില്‍ തികട്ടിവന്ന അര്‍ത്ഥം ഒരിക്കലും മറുപടിയില്‍ ഉണ്ടാവരുതെ എന്ന് ആഗ്രഹിച്ചാണ് ചോദിച്ചത്...

“കരുണേട്ടന്‍ മുകളിലേക്ക് കൈ ചൂണ്ടി.... “ ആത്മഹത്യയായിരുന്നു.

ഞാന്‍ ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍ അലറി വിളിച്ച് കരയും എന്നായിരുന്നു എന്റെ കണക്ക് കൂട്ടല്‍. പക്ഷേ നിഷാന്തിന്റെ മരണം കേള്‍ക്കാന്‍ മനസ്സ് എപ്പോഴോ തയ്യാറായിരുന്നു. നീഷാന്തിന്റെ അടക്കമില്ലാത്ത മുടിയും പരുഷമായ കണ്ണുകളും മനസ്സിലെത്തി... ചുണ്ടില്‍ വിരിഞ്ഞത് സങ്കടമോ പുഞ്ചിരിയോ എന്നറിയില്ല... നിസംഗതയോടെ തലകുലുക്കാനേ സാധിച്ചുള്ളൂ...


“അവര്‍ ഒരോരുത്തരെയായി വേട്ടയാടുന്നു... അത് കൊണ്ട് മോന്‍ ഇവിടെ തന്നെ കഴിയണം. അതാണ് ഞങ്ങളുടെ തീരുമാനം. രണ്ട് ദിവസം കഴിഞ്ഞാല്‍ എല്ലാം കലങ്ങിത്തെളിയും... എങ്കിലും പാര്‍ട്ടിയുടെ മനസ്സില്‍ മോന്‍ എന്നും ഉണ്ടാവും...” കാണാരേട്ടന്റെ വാചകത്തിന്റെ തുടക്കത്തിലെ നിഷ്കളങ്കതയും ആത്മാര്‍ത്ഥതയും എവിടെയോ പോയ്മറഞ്ഞിരുന്നു. ‘അവര്‍ കൊല്ലട്ടേ കരുണേട്ടാ...” എന്ന് പതുക്കെ പറഞ്ഞു...


മനസ്സിനെ താളം തെറ്റിക്കുന്ന ഏകാന്തത... വേണ്ടായിരുന്നു... ഒന്നും. പലവട്ടം മനസ്സ് പറഞ്ഞത് തന്നെ പറയുന്നു. അതാണല്ലോ... ദാരിദ്ര്യം കവര്‍ന്ന ബാല്യം... ഉച്ചയൂണ് മാത്രം പ്രതീക്ഷിച്ചിരുന്ന സ്കൂള്‍ പഠനം. അച്ഛനില്ലാത്ത താന്തോന്നി... എല്ലാമായിരുന്നെങ്കിലും ക്ലാസില്‍ അധ്യാപകന്റെ ശബ്ദം അപ്പടി മനസ്സില്‍ സൂക്ഷിക്കാനുള്ള കഴിവ് എങ്ങനെയോ ലഭിച്ചിരുന്നു. പത്താം ക്ലാസ് ഡിസ്റ്റിംങ്ങ്ഷനോടെ പാസായപ്പോള്‍ നാട്ടുകാരെ പോലെ എനിക്കും അത്ഭുതമായിരുന്നു. പക്ഷേ അതോടെ പഠനത്തിന്റെ ബുദ്ധിമുട്ട് തീര്‍ന്നു.


വിശപ്പ് മാറ്റാന്‍ ലൈബ്രറിയില്‍ പത്രങ്ങള്‍ മറിച്ചിരിക്കുമ്പോഴാണ് വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ മീറ്റിംഗിന് സുഹൃത്ത് ക്ഷണിച്ചത്. “വെറുതെ ഇരിപ്പല്ലേ... നീ വാ“ എന്ന് അവന്‍ വിളിച്ചപ്പോള്‍ കൂടെ പോയി. കട്ടിച്ചട്ടയുള്ള പുസ്തകത്തില്‍ ഹരിദാസ് പി.കെ എന്ന് വൃത്തിയായി എഴുതി ഒപ്പ് വെച്ചപ്പോള്‍ ഞാനും അവരുടെ കൂട്ടത്തിലായി. അടുത്ത ആഴ്ചയിലെ മീറ്റിംഗ് ദിവസം എല്ലാവരും എത്തണം എന്ന് ആവശ്യപ്പെട്ടാണ് അന്ന് പിരിഞ്ഞത്. അന്ന് മുതല്‍ കോളേജിലെ സീനിയേഴ്സില്‍ പലരും എന്നോട് ചിരിക്കാന്‍ തുടങ്ങി. എനിക്ക് പുതിയ അനുഭവം... ‘ദ്രരിദ്രവാസിയുടെ അപകര്‍ഷതാ ബോധം മാറുന്നു.’ ഞാന്‍ എന്നെ ആശ്വസിപ്പിച്ചു.


അടുത്ത ആഴ്ച മീംറ്റിംഗില്‍ കൂടുതല്‍ പരിചയപ്പെട്ടു. ആ അധ്യായന വര്‍ഷം കോളേജിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ പ്രസ്ഥാനത്തെ പരിചയപ്പെടുത്തേണ്ടതിന്റെ ചിട്ടവട്ടങ്ങളായിരുന്നു ചര്‍ച്ചാ വിഷയം. ചര്‍ച്ചയില്‍ സാധാരണപോലെ പങ്കെടുത്തു ഞാനും. ആ ഉത്തരവാദിത്വം എല്‍പ്പിക്കപ്പെട്ടവരില്‍ ഒന്ന് ഞാനായിരുന്നു. ജീവിതത്തില്‍ ചിലരൊക്കെ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി.. ഞാനും ഞാനറിയാതെ തന്നെ സജീവ പ്രവര്‍ത്തകനാവുകയായിരുന്നു


ഞാനറിയതെ കാമ്പസ് എന്നെ വെള്ളവും വളവും നല്‍കി വളര്‍ത്തുകയായിരുന്നു. എന്നെ, ഞാന്‍ ഉയര്‍ച്ച മാത്രം കാണുന്ന സ്വപ്നജീവിയാക്കി. സംഘടന ആവശ്യപ്പെടുതിന് ഒരു മുഴം മുമ്പിലായി എന്റെ യാത്ര... ആ യാത്രയ്ക്കിടയില്‍ ഒത്തിരി മുഖങ്ങള്‍ ഓര്‍മ്മയില്‍ കുഴിച്ചിട്ടുണ്ട്... സഹപ്രവര്‍ത്തകരുടെ ആര്‍ത്തനാദവും ആക്രോശവും ആരാധനയോടെ നോക്കിയ കണ്ണിണകളും ഒരേ വികാരത്തോടെ മറന്നു. പക്ഷേ മനസ്സാക്ഷിയുടെ ആത്മപരിശോധനയില്‍ ഞാന്‍ പലപ്പോഴും പ്രതിയായി. അതിന് കാരണം ജോസ് സാറിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ ആയിരുന്നു.


കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികളും റസ്പെക്റ്റ് ചെയ്യുന്ന വ്യക്തിത്വം... കലയും, സാഹിത്യവും, ദുഃഖവും ദുരിതവും നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ ചാലിച്ച് ക്ലാസ്സ് റൂം ചിരിയും ചിന്തയുമായി മറ്റിയ ‘ജോസ് ജോസഫ്‘ എന്ന വലിയ മനുഷ്യന്‍. ‘കോളേജ് ഡേ‘യില്‍ നടന്ന അടിയുടെ ബാക്കി തീര്‍ക്കാന്‍ തക്കം പാര്‍ത്ത് നടക്കുന്ന എന്നെ ഒരിക്കല്‍ ഡിപാര്‍ട്ട് മെന്റിലേക്ക് വിളിപ്പിച്ചു. “ഹരിദാസ്... വിദ്യാര്‍ത്ഥി രാഷ്ട്രീയം നല്ലത് തന്നെ... മനുഷ്യനെ മനസ്സിലാവാത്ത, ആവശ്യങ്ങള്‍ മാത്രം അറിയുന്ന സ്വാര്‍ത്ഥനാവതെ വളരാന്‍ ഒരു പരിധിവരെ അത് സഹായിക്കും... സഹായിക്കണം. പക്ഷേ എപ്പോഴെങ്കിലും നീ തീരിഞ്ഞ് നോക്കീട്ടുണ്ടോ... പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അപ്പുറം പാര്‍ട്ടിക്ക് പുറത്തെ മനുഷ്യരെ കുറിച്ച് ചിന്തിക്കാന്‍ തനിക്ക് അവസരം കിട്ടാ‍റുണ്ടോ...“


“എന്താ പാര്‍ട്ടിക്കകത്തുള്ളവര്‍ മനുഷ്യരല്ലേ... “എന്റെ നാവിലും ഗുളികന്‍ കയറി. പകരം കിട്ടിയത് മറക്കാനാവാത്ത ഒരു ചിരിയായിരുന്നു. “പാര്‍ട്ടിക്കുള്ളിലെ മനുഷ്യരെയും നിങ്ങള്‍ മറന്ന് തുടങ്ങുന്നു...’ എന്ന് പറഞ്ഞ് അദ്ദേഹം പുഞ്ചിരിച്ചു. ഒന്നും പറയാതെ വാരാന്തയിലേക്ക് ഇറങ്ങുമ്പോള്‍ സ്വയം തിരിച്ചറിയാന്‍ ശ്രമിച്ചു...


കുത്തിനോവിക്കുന്ന ചോദ്യങ്ങള്‍... എത് ചോദ്യത്തിന്റെയും ഉത്തരം അവസാനിക്കുന്നത് ഒരേ ഉത്തരത്തില്‍. ഒഴുക്കിനെതിരെ നിന്താന്‍ എന്ന് പ്രസംഗിക്കുമ്പോഴും സംഘടനയുടെ ഒഴുക്കിനൊത്ത് ഞാനെന്ന പൊങ്ങുതടിയെ പാകപ്പെടുത്തേണ്ട അടിമത്തം. ആ ഒഴുക്കില്‍ ഞാന്‍ എന്ന ബോധം അലോസരപ്പെടുത്തുമ്പോഴെല്ലാം ‘പ്രസ്ഥാനത്തിന്റെ അച്ചടക്കം‘ കൂടുതല്‍ ഒഴുക്കിലേക്ക് മാറ്റുകയാണ് പതിവ്. വ്യക്തിജീവിതത്തിന്റെ നാല് ചുറ്റും സംഘടന നിയന്ത്രിക്കുന്നതോടെ ‘ചിരിക്കാന്‍ പോലും പാര്‍ട്ടി നോക്കണം‘ എന്ന ഫാഷിസത്തിലേക്ക് എന്നെ എത്തിച്ചു.


ജോസ് സാര്‍ പിന്നേയും പല പ്രാവശ്യം സംഘടന സംവിധാനത്തെ കുറിച്ച് സംസാരിക്കുമായിരുന്നു. സഹജീവികളുടേ പ്രശ്നങ്ങളില്‍ ഇടപെടാനാവാത്ത റബ്ബര്‍ മനസ്സുള്ള തലമുറയെ സൃഷ്ടിക്കുന്ന യാന്ത്രിക വിദ്യാഭ്യാസത്തോടും, സഹജീവിയോട് തന്റെ പാര്‍ട്ടിയ്ക്ക് പുറത്താണെന്ന ഒറ്റക്കാരണത്താല്‍ വൈരത്തിന്റെ പ്രത്യയശാസ്ത്രവുമായി സമീപിക്കുന്ന രാഷ്ടിയത്തോടും അദ്ദേഹം ഒരു പോലെ എതിര്‍ത്ത് നിന്നു. ഒട്ടിയ വയറുമായി കൈ കാണിക്കുന്നവന് ഒരു നേരത്തെ അന്നം വാങ്ങിച്ച് നല്‍കുന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ വിപ്ലവം എന്ന് അദ്ദേഹം ഇടയ്ക്കിടേ പറയുമായിരുന്നു.


മൊബയില്‍ വിറക്കുന്നു... വൈബ്രേഷന്‍ മാത്രം മതി ... എന്ന് പറഞ്ഞ് സൈലന്റ് മോഡിലിട്ടത് കരുണേട്ടന്‍ തന്നെയാണ്. അപ്പുറത്ത് അമ്മ... “മോനേ...” വിളിയില്‍ എല്ലാ ചോദ്യങ്ങളും ഉണ്ടായിരുന്നു. തൊണ്ടയില്‍ തടഞ്ഞ വേദന മുഴുവന്‍ ഒറ്റവാക്കില്‍ ചര്‍ദ്ദിച്ചു... “എനിക്ക് കുഴപ്പം ഒന്നും ഇല്ല അമ്മേ...എല്ലാം ശരിയാവും...” ചോദ്യങ്ങളോ കുറ്റപ്പെടുത്തലോ ഇല്ലാതെ ഫോണ്‍ കട്ട് ചെയ്തപ്പോഴാണ് ഈ ഫോണ്‍ അമ്മയ്ക്ക് എങ്ങനെ കിട്ടി എന്ന് ചിന്തിച്ചത്. രാവിലെ പണിക്കിറങ്ങുന്ന അമ്മയുടെ അവസ്ഥ... ഞാന്‍ കുറ്റവാളിയാണെന്ന് ലോകം പ്രഖ്യാപിച്ചു കാണണം...


“നിങ്ങള്‍ ഒരോരുത്തരും പ്രപഞ്ചത്തില്‍ അടയാളമാവണം. ലോകത്തിന് എന്തെങ്കിലും നല്‍കാനാവാതെ യാന്ത്രികമായി ജീവിച്ച് മരിച്ചിട്ടെന്ത് നേടാന്‍... യാത്ര പറയുമ്പോള്‍ ബാക്കി വെക്കുന്ന നന്മ കൊണ്ടായിരിക്കണം നിങ്ങളെ അടയാളപ്പെടുത്തേണ്ടത്.‘ വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച ഒരു നാടകത്തിലെ സംഭഷണമാണ് ഓര്‍മ്മ വരുന്നത്. ഞാന്‍ എന്തെങ്കിലും അടയാലപ്പെടുത്തിയിട്ടുണ്ടോ... വെറുതെ ചിന്തിച്ച് നോക്കി. മൂര്‍ച്ചക്കൂട്ടി തയ്യാറാക്കിയിരുന്ന കൊടുവാളിന്റെ മരപ്പിടിയില്‍ ഇന്നലെ കൈകള്‍ മുറുകിയത് മുതല്‍ ഞാനും ഒത്തിരി അടയാളങ്ങള്‍ ബാക്കിവെച്ചവനായി... നരായണന്‍ മാഷുടെ ശരീരത്തില്‍ നിന്ന് തെറിച്ച രക്തത്തുള്ളികള്‍ക്കും‍ ഇന്ന് ആ കുഴിമാടത്തിന് മുകളില്‍ കൂമ്പാരമായി കിടക്കുന്ന മണ്ണിനും ഇടയിലെ അടയാളങ്ങളുടെ എണ്ണവും വ്യാപ്തിയും മരണം വരെ എന്നെയും വേട്ടയാടും... തീര്‍ച്ച.


രഹസ്യ മീറ്റിംഗില്‍ അഞ്ച് പേരുണ്ടായിരുന്നു. നിഷാന്തിന്റെ നേതൃത്വത്തില്‍ അറ്റാക്ക് പ്ലാന്‍ ചെയ്തു... വിശദവിവരങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഒന്നും ഇരകളെ കുറിച്ച് പറഞ്ഞില്ല... ‘മുന്നാളും കൂടിയിരുന്നാണ് ഫൈനല്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്. അതിന് ശേഷം നേതാവിനെ കോണ്ടാക്റ്റ് ചെയ്താല്‍ മതി എന്ന്‍ പറഞ്ഞ്, അദ്ദേഹം യാത്ര ചോദിക്കുമ്പോള്‍ ഇരയെ കുറിച്ച് അന്വേഷിച്ചു... ‘നിഷാന്ത് പറയും എന്നായിരുന്നു മറുപടി.”


നിഷാന്തിനോട് അന്വേഷിച്ചപ്പോള്‍ ‘എന്തിനാ ഇപ്പോള്‍ തന്നെ അറിയുന്നത് എന്നായിരുന്നു.“ അവന്‍ പറയാതിരുന്നപ്പോള്‍ എന്റെ ജീവിതം ആര്‍ക്ക് വേണ്ടിയാവും എന്ന് വെറുതെ സങ്കല്‍പ്പിച്ച് നോക്കി... എതിര്‍ ചേരിയില്‍ പെട്ടവരുടെ മുഖങ്ങള്‍ മാറി മാറി മനസ്സില്‍ വരച്ചെടുത്ത് കൊലപാതകം രൂപപ്പെടുത്തുമായിരുന്നു. പക്ഷേ നാരയണന്‍ മാഷുടെ ചിത്രം ഇരയായി ഉറപ്പിച്ചപ്പോള്‍ മനസ്സില്‍ ഭയം വീണ്ടും കുടിയേറി. ഇടയ്ക്കെപ്പോഴോ കണ്ടപ്പോള്‍ നിഷാന്തിനോട് ഇക്കാര്യം സൂചിപ്പിച്ചു... എം.പി നാരായണപിള്ളയുടെ ‘പരിണാമം‘ എന്ന നോവല്‍ വായിച്ചിട്ടുണ്ടോ എന്നായി പുള്ളി. ഇല്ലന്ന് പറഞ്ഞപ്പോള്‍ അവന്‍ ഒരിക്കലും കാണാത്ത തരത്തില്‍ ചിരിച്ചു... “സമയം കിട്ടുമ്പോള്‍ ഒന്ന് വായിച്ച് നോക്ക്... അതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്’ എന്ന് മറുപടിയും കിട്ടി.


ഉറക്കം കുറഞ്ഞു... കണ്‍തടത്തിലെ കറുപ്പ് കണ്ട് അമ്മ അന്വേഷിച്ചു... ഒന്നുമില്ലന്ന് പറഞ്ഞൊഴിയുമ്പോള്‍ മനസ്സ് കൂട്ടുകയും കിഴിക്കുകയുമായിരുന്നു. സ്കൂളിനെ പടവുകള്‍ കയറുമ്പോഴും കൂടെയുണ്ടായിരുന്ന ഭയം പോയൊളിച്ചത് ക്ലാസ് റൂമില്‍ വെളുത്ത വസ്ത്രത്തില്‍ വിദ്യാര്‍ത്ഥികളോട് തമാശ പറഞ്ഞിരുന്ന നാരായണന്‍ മാഷുടെ മുഖത്ത് ഭീതിയുടെ മിന്നലാട്ടം കണ്ടപ്പോഴാണ്. അപ്പോള്‍ യാത്രപറഞ്ഞ എന്റെ ഭയം പിന്നീടെപ്പഴോ വീണ്ടും ചേക്കേറിയിരിക്കുന്നു.


മൊബയില്‍ വിറക്കാന്‍ തുടങ്ങിയിരിക്കുന്നു ... അപ്പുറത്ത് നിന്ന് രാജ് ആണ്... “അവന്‍ സംസാരിക്കുന്നു... അവന്റെ ആധികള്‍... തിരിച്ചും സംസാരിച്ചു... വിശ്വസിച്ച് മനസ്സ് തുറക്കാവുന്ന ഒരുത്തന്‍... നിഷാന്തിന്റെ കാര്യം പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു... “ഹരീ അവന്‍ ഭാഗ്യവാനാണ്... സാധാരണ ഗതിയില്‍ നമ്മെ ആരും വേട്ടയാടില്ല. പകരം നമ്മള്‍ ഇനി മരിച്ച് ജീവിക്കും... മറ്റൊരു മാര്‍ഗ്ഗമില്ലല്ലോ.” കൂടുതല്‍ സംസാരിക്കാനില്ലാതെ ഫോണ്‍ വെച്ചു.


ഒന്ന് കരഞ്ഞാല്‍ കുറച്ച് ആശ്വാസം ലഭിക്കുമായിരുന്നു... പക്ഷേ മനസ്സില്‍ തടം കെട്ടിക്കിടക്കുന്ന ദുഖവും കുറ്റബോധവും ഒഴുകിപ്പോവാന്‍ കണ്ണീരും സഹായിക്കില്ലെന്ന് തോന്നുന്നു. ഏകാന്തത തന്നെയാണ് എനിക്കുള്ള ശിക്ഷ... മനസ്സും മനസ്സാക്ഷിയും നിരന്തരം കുറ്റപ്പെടുത്തുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന ഏകാന്തത ... ഉറക്കമില്ലാ രാത്രികളും അപൂര്‍വ്വമായി ലഭിക്കുന്ന ഉറക്കത്തിലെ, ഭീകര സ്വപ്നങ്ങളും... മരണം വരെ നിരന്തരം വേട്ടയാടുന്ന ഞാന്‍ ബാക്കി വെച്ച അടയാളങ്ങളും തന്നെ... എന്റെ ശിക്ഷ.

27 comments:

ഇത്തിരിവെട്ടം said...

അടയാളങ്ങള്‍... ഒരു പോസ്റ്റ്.

വല്യമ്മായി said...

:(

Sharu.... said...

ഒഴുക്കിനൊത്ത് നീങ്ങാന്‍ വേണ്ടി മാത്രം കുറ്റം ചെയ്യേണ്ടിവന്നവന്റെ മനസ്സിന്റെ വ്യഥകളിലേക്കുള്ള ഒരു എത്തിനോട്ടം. “അടയാളം” നന്നായിട്ടുണ്ട്.

കുട്ടന്‍മേനൊന്‍ said...

45/100

ബിന്ദു കെ പി said...

ആര്‍ക്കൊക്കെയോ വേണ്ടി കുറ്റം ചെയ്യാന്‍ നിര്‍ബന്ധിതനാക്കപ്പെട്ട ഒരുവന്റെ ചിന്തകളിലൂടെയുള്ള യാത്ര വേറിട്ടതായി. അഭിനന്ദനങ്ങള്‍..

ദ്രൗപദി said...

ഇഷ്ടമായി
ആശംസകള്‍

കാന്താരിക്കുട്ടി said...

നരായണന്‍ മാഷുടെ ശരീരത്തില്‍ നിന്ന് തെറിച്ച രക്തത്തുള്ളികള്‍ മുതല്‍ ഇന്ന് ആ കുഴിമാടത്തിന് മുകളില്‍ കൂമ്പാരമായി കിടക്കുന്ന മണ്ണിനും ഇടയിലെ അടയാളങ്ങളുടെ എണ്ണവും വ്യാപ്തിയും മരണം വരെ എന്നെയും വേട്ടയാടും... തീര്‍ച്ച.

ഇഷ്ടമായി ഏറെ..മനസ്സില്‍ എവിടെയൊക്കെയോ കൊളുത്തി വലിക്കുന്ന ഒരു വേദന..

ശിവ said...

വളരെ ഇഷ്ടമായി...ആശംസകള്‍....പിന്നെ ഒരുപാട് നന്ദി ഈ വായനയ്ക്ക്....

ധ്വനി said...

ഒരു ജീവിത കഥയും അതിലേറെ സങ്കീര്‍ണ്ണമായ ഒരുവന്റെ മനസ്സും...

മനസിരുത്തി വായിച്ചിട്ടും മനസിലിരുന്നില്ല!

ബുദ്ധി വളര്‍ന്നിട്ടില്ല എന്നു തോന്നുന്നു. :)

ഭാക്ഷയും അവതരണ ശൈലിയും ഇഷ്ടമായി

യാരിദ്‌|~|Yarid said...

:(

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

വീണ്ടും ഇത്തിരിസ്റ്റൈല്‍ ഒരെണ്ണം. :)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഇന്നു നമ്മുടെ സമൂഹത്തില്‍ നിലനിലക്കൂന്ന
അരാജകത്ത്വം നീറഞ്ഞ രാഷ്ടീയ നിലപ്പാടുക്കളെയാണ് അടയാളം ചോദ്യം ചെയ്യുന്നത്.കൊച്ചു കുട്ടിക്കള്‍ പോലും ഇന്ന് അക്രമ രാഷ്ടിയത്തിന്റെ കാവലാളുക്കളാണ്
ഈ അടുത്ത് കാലത്ത് കണ്ണൂരിലെ രാഷ്ടിയത്തെക്കുറിച്ച് ഒരു വാരികയില്‍ വായിച്ചു
അവിടെ ഒരു പണിയുമില്ലാത്ത കുട്ടിക്കളുടെ ബിസിനസ് കത്തിയുംനാടന്‍ ബോമ്മ്ബുമോക്കെയാണ് ബിസിനസ് എന്ന് വളരെ
വേദനിപ്പിക്കുന്ന ഒരു വസ്തുത
ഇത്തിരിവെട്ടത്തീന്റെ ഈ ചെറുകഥ തീക്ഷണമായ
ഒരു പ്രമേയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്

മഴത്തുള്ളി said...

വീണ്ടുമൊരു ഇത്തിരി സ്റ്റൈല്‍ പോസ്റ്റ്.

പലപ്പോഴും ചോരക്കളങ്ങള്‍ തീര്‍ക്കുന്ന കലാലയ രാഷ്ട്രീയം.

:(

കുഞ്ഞന്‍ said...

ഇത്തിരി മാഷെ..

ഒരുപാട് വര്‍ക്കുചെയ്ത പോസ്റ്റ്..അഭിനന്ദനങ്ങള്‍.. ഇത്തിരി ഇതിലെ കഥാപാത്രമാണൊയെന്ന് ഞാനൊരു വിഡ്ഡിച്ചോദ്യം ചോദിച്ചാല്‍.....!

മുസാഫിര്‍ said...

ഒരു പ്രാവശ്യം ചോര കണ്ടാല്‍ അറപ്പു മാ‍റുമെന്നാ‍ണ് കരുതിയിരുന്നത്.അല്ല എന്നു ഇപ്പോള്‍ മനസ്സിലായി.ഇഷ്ടപ്പെട്ടു ,റഷീദ്ഭായ് !

സാല്‍ജോҐsaljo said...

Will all the water in the ocean wash this blood from my hands? No, instead my hands will stain the seas scarlet, turning the green waters red.

Mcbeth2:03


ദരിദ്രവാസിക്ക് അപകര്‍ഷതാ ബോധത്തിനുമപ്പുറം മരണസൂക്തങ്ങളുടെ ഉള്‍വിളികളും ഉണ്ടാവുമെന്ന് കരുതിയില്ല.

ഭംഗിയായി.

...പാപ്പരാസി... said...

അക്രമങ്ങള്‍ കൊണ്ട് ഒന്നും നേടാനാവില്ലെന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ എന്നേ ലോകം നന്നായി.വളരെ പ്രസക്തമാണ് ഇന്നത്തെ കാലത്ത് ഈ കഥ...ഇത്തിരി ഒത്തിരി പറഞ്ഞിരിക്കുന്നു.തുടരുക.

Areekkodan | അരീക്കോടന്‍ said...

കലാലയ രാഷ്ട്രീയത്തിന്റെ ഇരകള്‍.....കഥ എന്ന ലേബലില്‍ നല്ല ഒരു ചിന്താ പോസ്റ്റ്‌

അപ്പു said...

"സാധാരണ ഗതിയില്‍ നമ്മെ ആരും വേട്ടയാടില്ല. പകരം നമ്മള്‍ ഇനി മരിച്ച് ജീവിക്കും... മറ്റൊരു മാര്‍ഗ്ഗമില്ലല്ലോ.”

Ithiri, sorry I cannot type malayalam fonts now..

Very very well written short story. I liked your presentation. Oru kolapathakiyude vyadhakal bhangiyaayi avatharippichu.

The message is very clear. Congratuations.

Anonymous said...

വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ പാര്‍ട്ടികള്‍ വളര്‍ത്തുന്ന രീതിയെ കുറിച്ചുള്ള നല്ല പഠനം.

നന്നായി.

സലാം said...

നല്ല കഥ. അപ്പു പറഞ്ഞ പോലെ ഒരു കൊലയാളിയുടെ വിഹ്വലതകള്‍ പകര്‍ത്തിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

ഇത്തിരിവെട്ടം said...

അഭിപ്രായം അറിയിച്ച

വല്യമ്മായി.
ഷാരു.
കുട്ടന്‍മേനോന്‍.
ബിന്ദു.
ദ്രൌപദി.
കാന്താരിക്കുട്ടി.
ശിവ.
ധ്വനി.
യാരിദ്.
ഏറനാടന്‍.
അനൂപ് എസ് നായര്‍.
മഴത്തുള്ളി.
കുഞ്ഞന്‍.
മുസാഫിര്‍.
സാല്‍ജോ.
പാപ്പരാസി.
അരീക്കോടന്‍.
അപ്പു.
അനോണി.
സലാം...

എല്ലവര്‍ക്കും നന്ദി.

Inji Pennu said...

നന്നായി എഴുതി ഫലിപ്പിച്ചിരിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവതരണശൈലി ഗംഭീരമായി

ഗുപ്തന്‍ said...

ഓരോ വേട്ടക്കാരനും ഇരയാണ്. പിന്നിലല്ലെങ്കില്‍ വേട്ടയാടാന്‍ ഉള്ളില്‍ ഒരാള്‍ ഉണ്ടാവും :(

നന്നായി.

Sapna Anu B.George said...

ഇത്തിരിയുടെ ഒത്തിരി സത്യങ്ങള്‍ക്കു,
ഇമ്മിണി വല്യ ഒരു പൂച്ചെണ്ടുകള്‍
സത്യങ്ങള്‍ വാക്കുകളില്‍ ഒതുങ്ങില്ല, അവതരണത്തിലുള്ള വല്യ മൂല്യം,
ഒത്തിരി നന്നായിരിക്കുന്നു ഇത്തിരി.

ഇത്തിരിവെട്ടം said...

പ്രിയ ഉണ്ണികൃഷ്ണന്‍, ഗുപ്തന്‍, സപ്നാ അനു ബി ജോര്‍ജ് എല്ലാവര്‍ക്കും നന്ദി.