Tuesday, August 11, 2009

7. വഴിത്തിരിവ്

ഭാഗം : ഏഴ്

“പുത്യാപ്ല വരുന്നൂ...” ആരോ പറയുന്നത് കേട്ടു.... ഇടവഴിയുടെ തുടക്കത്തില്‍ പെട്രോമാക്സിന്റെ വരി തുടങ്ങുന്നുണ്ട്... എല്ലാവരും എണീറ്റു... പാട്ടുകാര്‍ വരനെ സ്വീകരിക്കാനിറങ്ങി. അവര്‍ മുറ്റത്തേക്ക് കയറും മുമ്പ് ചെക്കന്റെ കാല് കഴുകല്‍ ചടങ്ങുണ്ട്. അത് പെണ്‍കുട്ടിയുടെ ആങ്ങളമാരില്‍ ആരെങ്കിലും ആണ് സാധാരണ ചെയ്യാറുള്ളത്. കുഞ്ഞാമുന്റെ മൂത്തമോന്‍ അയമുദു നിറഞ്ഞ ഓട്ടുകിണ്ടിയുമായി മുറ്റത്തേക്ക് കേറുന്ന പടിയില്‍ തയ്യാറായി നിന്നു.

ഇടവഴിയുടെ അങ്ങേയറ്റത്തേക്ക് പാ‍ട്ടുകാര്‍ ധൃതിയില്‍ നടന്നു. കല്യാണചെക്കനേയും കൂട്ടരെയും പാട്ടുപാടി സ്വീകരിക്കേണ്ടതുണ്ട്. നാലോ അഞ്ചോ പാട്ട് കഴിയുമ്പോഴേക്ക് അവര്‍ വീടിന് അടുത്തെത്തി. വെള്ളത്തൊപ്പിയും വെള്ളക്കുപ്പായവും വെള്ളത്തുണിയും ധരിച്ച വരന്‍ പന്തലിലേക്ക് കയറും മുമ്പ് അയമുദു വെള്ളക്കിണ്ടി നീട്ടി. പതിച്ചിട്ട കല്ലില്‍ കാലുരച്ച് കഴുകിയ ശേഷം വരന്‍ ചില്ലറത്തുട്ട് കിണ്ടിയിലിട്ടു. കാലണയോ അരയണയോ ആണെന്ന് തോന്നുന്നു. ഏതായാലും ആ പൈസ കാല് കഴുകാന്‍ നില്‍ക്കുന്നവനുള്ളതാണ്.

നാട്ടുകാരണവരായ രായീന്‍ ഹാജിയടക്കം എല്ലാവരും ചേര്‍ന്ന് വരനെ സ്വീകരിച്ചു. പുല്പായ വിരിച്ച കട്ടിലില്‍ പുത്യപ്ല ഇരുന്നു... ചുറ്റും വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും... കട്ടില്‍ സ്ഥലം കിട്ടാത്തവര്‍ താഴെ വിരിച്ച പായയില്‍ ഇരുന്നു. വരന്റെ കൂടെ ഇരിക്കുന്നത് അന്തസ്സിന്റെ ഭാഗമായത് കൊണ്ട് അതിനായി ചെറിയ തള്ളലുണ്ടാവും. സാധാരണ പന്തലില്‍ രണ്ട് പടികള്‍(കട്ടിലുകള്‍‍) ആണ് ഉണ്ടാവാറുള്ളത്. അതിലൊന്ന് കാരണവന്മാര്‍ക്ക് മാത്രം ഇരിക്കാനുള്ളതാണ്... രണ്ടാമത്തേത് പുത്യാപ്ലക്കും കൂട്ടര്‍ക്കും...

വരന്റെ കൂടെ വന്നവര്‍ക്ക് ചക്കരച്ചായ വിതരണം ചെയ്തു. കുഞ്ഞാമുവും പുതിയാപ്ലയും മുഖാമുഖം ഇരുന്നു. അവര്‍ടെ വലത് ഭാഗത്തായി പള്ളിലെ ഖതീബും തൊട്ടടുത്ത് രായീന്‍ ഹാജിയും, ഇടത് വശത്ത് മുഅദ്ദിനും (ബാങ്ക് വിളിക്കുന്ന വ്യക്തി‍) വരന്റെ ബന്ധുവും ഇരുന്നു. വിവാഹം ചെയ്തതിന് രണ്ട് സാക്ഷികള്‍ വേണം... അതാണ് രായീന്‍ ഹാജിയും വരന്റെ ബന്ധുവും. വീടിനകവും പുറവും നിശബ്ദമായി...

‘അഊദുവും ബിസ്മിയും ഹംദും സലാത്തും‘ (പ്രാര്‍ത്ഥനകള്‍) ചൊല്ലി മുഅദ്ദിന്‍ (മുക്രി) വിവാഹച്ചടങ്ങിന് മുമ്പുള്ള പ്രസംഗം തുടങ്ങി. വിവാഹം പവിത്രമായ കാരാറാണെന്നും, ഒരാള്‍ വിവാഹം ചെയ്യുന്നതോടെ വിശ്വാസത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും പൂര്‍ത്തിയായെന്നും ബാക്കി ഭാഗം പൂര്‍ത്തിയാക്കാനായി ജീവിതത്തില്‍ അങ്ങോളമിങ്ങോളം അല്ലാഹുവിനെ സൂക്ഷിക്കണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം ബാധ്യതകള്‍ പാലിക്കേണ്ടവരാണെന്നും കൂട്ടിച്ചേര്‍ത്ത് പ്രസംഗം അവസാനിപ്പിച്ചു.

ഖതീബ് വരന്റെ കൈ വധുവിന്റെ പിതാവിന്റെ കൈകളില്‍ ഏല്‍പ്പിച്ചു. അഊദുവും ബിസ്മിയും ചൊല്ലിയ ശേഷം “എന്റെ മകള്‍ ആസിയ എന്നവളെ ഒരു അന്‍പത് പണം മഹ്റിന് പകരം നിങ്ങള്‍ക്ക് ഞാന്‍ കല്യാണം കഴിച്ചു തന്നു.” എന്ന് ഖതീബ് പറഞ്ഞ് കൊടുത്ത വാചകങ്ങള്‍ കുഞ്ഞാമു പറഞ്ഞു. മറുപടി വരന്റെ ഭാഗത്ത് നിന്നും വന്നു. “നിങ്ങളുടെ മകള്‍ ആസിയ എന്നവളെ അന്‍പത് പണം മഹ്റിന് പകരം വിവാഹം ചെയ്ത് തന്നത് ഞാന്‍ സ്വീകരിച്ചു.. പൊരുത്തപ്പെട്ടു...” വിവാഹച്ചടങ്ങ് കഴിഞ്ഞു... പിന്നെ വധൂവരന്മാര്‍ക്ക് വേണ്ടി ഖതീബ് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു.. വിവാഹത്തിനെത്തിയവരെല്ലാം ‘ആമീന്‍..’ പറഞ്ഞ് ആ പ്രാര്‍ത്ഥനയില്‍ പങ്ക് കൊണ്ടു.

നികാഹ് കഴിഞ്ഞാല്‍ വരന്റെ കൂടെ വന്ന പാട്ടുകാരും വധുവിന്റെ വീട്ടിലെ പാട്ടുകാരും തമ്മില്‍ മുഖാമുഖം ഒരു മത്സരം. അതില്‍ ജയിക്കുക എന്നത് നാട്ടുകാരുടെ അഭിമാന പ്രശ്നമാണ്. എല്ലാവരും നന്നായി ആസ്വദിക്കാറുള്ള ആ മത്സരത്തിന് ഏതെങ്കിലും ഒരു വിഭാഗം തോറ്റുകൊടുക്കാറാണ് പതിവ്. ഒരു കൂട്ടര്‍ പാടുന്ന പാട്ടിന്റെ കെട്ടും മട്ടവും ഒപ്പിച്ച് രണ്ടാമത്തെ കൂട്ടരും പാടണം... പിന്നെ ഒരുത്തര്‍ പാടുന്ന പാട്ടിന്റെ അടുത്ത ഭാഗം എതിര്‍ഭാഗം പാടണം... അത് തീരുമ്പോള്‍ പരസ്പരംകളിയാക്കലുകളുമായി രംഗം മുറുകും... പരസ്പരം പാടിപ്പടി ആരെങ്കിലും തോറ്റില്ലങ്കില്‍ ‘മൊയ്തീന്‍ കുട്ടിയുടെ കല്യാണം പോലെ..‘ ആവും. അന്ന് ഇരുവിഭാഗം പാട്ടുകാരും മത്സരിച്ച് പാടിപ്പാടി അവസാനം നേരം സുബ് ഹി ബാങ്ക് വിളിച്ചു.

‘കണ്ടര്‍ നബിയുല്ല ബിണ്ട് തീഹാമീന്ന്...
ഇഖറാജായുള്ളോരില്‍ ... അഖ് വഫാര്...
ശുജാഹികള്‍ ഏതല്ലാമുണ്ട് ...
ഹഖോതീടുവീന്‍...”

അസ്സങ്കുട്ട്യക്ക ഉച്ചത്തില്‍ പാടി വരന്റെ കൂട്ടരുടെ മുഖത്ത് പുഞ്ചിരിയോടെ നോക്കി.

“കണ്ടന്‍ ജഹലും പിന്‍ കുണ്ടന്‍ ഉമൈറും .. പിന്‍...
കിബറനാം ജാബിറും...”

ചെക്കന്റെ പാട്ടുക്കാരും മോശമല്ലെന്ന് തോന്നുന്നു. പതുക്കെ ചോറൊരുക്കുന്ന സ്ഥലത്തേക്ക് നടന്നു. ഇത് കഴിഞ്ഞാല്‍ ചോറ് വിളമ്പണം. അപ്പോഴേക്ക് പെണ്ണിനെത്തേടി ചെക്കന്റെ ബന്ധുക്കള്‍ എത്തും.

“ ഖാദ്റേ ചോറ് വെളമ്പാന്‍ നോക്ക്... ഒല് ബേം (വേഗം) മുട്ടുത്തി...” രായീന്‍ ഹാജിയാണ്.

മുറ്റത്തെ പന്തലില്‍ നീളത്തില്‍ നിരത്തിയ ഓലത്തടുക്കിന് നടുവില്‍ പൊട്ടാത്ത വാഴയില വെച്ച് ചോറ് നിറച്ചു. ചുറ്റുഭാഗത്തും കുമ്പളങ്ങാ കറി ഒഴിച്ചു. വരനും സംഘവും വട്ടമിട്ടിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. രണ്ട് പാത്രങ്ങളിലായി കോഴിക്കറി ‘പുത്യപ്ലയുടെ പടിയില്‍’ വെച്ചു. ചെക്കനും കൂട്ടരും കഴിച്ചെണീറ്റ് പന്തലില്‍ കടന്നിരുന്നപ്പോഴേക്കും വീണ്ടും ചോറ് നിറച്ചു. നാട്ടുകാരും ബന്ധുക്കളും ഇരുന്നു.

അവര് എണീറ്റ ശേഷമാണ് ‘ഒറ്റല‘ക്കാര്‍ക്ക് വിളമ്പിയത്. ബാക്കി വരുന്ന ചോറും വാങ്ങാനെത്തിയ ആളുകളുടെ എണ്ണവും മനക്കണക്ക് കൂട്ടി വേണം ഒറ്റലക്കാര്‍ക്ക് വിളമ്പാന്‍‍. അത് കൊണ്ട് തന്നെ അക്കാര്യത്തില്‍ തഴക്കമുള്ള രായീന്‍ ഹാജി തന്നെ ചോറ്റുകൊട്ട കയ്യിലെടുത്തു. അപ്പോഴേക്കും പെണ്ണെനെ ഒരുക്കി കൊണ്ട് പോവാനായി ‘തേടി‘ (വരന്റെ വീട്ടുകാര്‍)കളെത്തി. അവര്‍ ഭക്ഷണം കഴിഞ്ഞാണ് പുതുപെണ്ണിനെ ഒരുക്കിയത്. പുതുവസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ് സുഗന്ധം പരത്തി, പൊട്ടിക്കരച്ചിലോടെ ആസ്യ പടിയിറങ്ങുമ്പോള്‍ കണ്ണില്‍ ചൂട് നിറഞ്ഞു... തൊണ്ടയില്‍ എന്തോ തടഞ്ഞു... ആരും കാണാതിരിക്കാന്‍ പതുക്കെ പിന്നിലേക്ക് വലിഞ്ഞു. പാട്ടുകാരി ആമിനത്താത്തയും കൂട്ടരും പെണ്ണിന്റെ കൂടെത്തനെ ഇറങ്ങി. നടന്ന മത്സരം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കും. പിന്നീടാണ് സ്ത്രീകളും കുട്ടികളും കഴിക്കാനിരുന്നത്. എല്ലാം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞ് തുടങ്ങിയപ്പോഴേക്ക് പുലര്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിരുന്നു.

**** **** ***** **** *****
കല്യാണത്തിരക്കൊഴിഞ്ഞു... ബന്ധുക്കളെയും വിരുന്നിനെത്തിയവരെയും യാത്രയാക്കുന്ന തിരക്കിലാണ് വീട്ടുകാര്‍. ഒരു കല്യാണം കഴിഞ്ഞാല്‍ വീട് മൊത്തം രണ്ടാമത് തേച്ചെടുക്കണം എന്നാണ് പറയാറുള്ളത്. ചെറിയ പിഞ്ഞാണങ്ങള്‍ കഴുകി അടുക്കി വെച്ച് വലിയ ചെമ്പിലേക്ക് വെള്ളം കോരി നിറയ്ക്കുമ്പോഴാണ് സൈനു ഓടിവന്നത്.
“ന്തേ ടീ...”
“മ്മാ... ങ്ങളെ ബീത്താത്ത വിളിക്കുന്നൂ...” അവളെ അവിടെ നിര്‍ത്തി നനഞ്ഞ കൈകള്‍ തുടച്ച് അകത്തേക്ക് നടന്നു.
“ആമിന്വോ ഞാന്‍ എറങ്ങാടീ... ഇജ്ജ് എടക്കൊക്കെ അങ്ങ്ട്ട് ഒക്കെ ഒന്ന് എറങ്ങ്...“
“അയ്നെന്താ... ഞാന്‍ വരാം..”
“പിന്നെ ഇജ്ജ് ഖദറിനോടും ബാപ്പാനോടും ഒരു കാര്യം ചോയ്ക്കണം...”
“ന്താ ബീത്താത്ത...”
“അല്ലടീ എനിക്കൊരു ആശണ്ട്...”
“ന്താ... ങ്ങള് പറീ...”
“അന്റെ സൈനൂനെ എന്റെ സൈയ്തൂന് തന്നൂടെ...”
“ഏ...”
“ആ... എന്റെ വല്യ ആഗ്രഹാ അത്... ഇത് ഇജ്ജ് ഖദറിനോടും ബാപ്പാനോടും ഒക്കെ ഒന്ന് പറയണം“
“ഞാന്‍ പറയാം... പക്ഷേ ഓള് ഓത്ത് പള്ളീല്‍ പോവല്ലേ...”
“അയ്ന് ഇപ്പോ തന്നെ കൂട്ടി കൊണ്ടോണ്ട... രണ്ട് മൂന്ന് കൊല്ലം കയിഞ്ഞോട്ടേ.... ഞമ്മക്ക് നികാഹ് നടത്താം..”
“ഞാന്‍ പറയാം ബീത്താത്ത... ഇനിക്ക് ഇഷ്ടക്കൊറവ് ഒന്നൂം ല്ല്യാ... ന്നാലും ആണ്ങ്ങള് അല്ലേ തീര്മാനിക്കേണ്ടത്...,”
“ന്നാ ഇജ്ജ് വിവരം പറയ്... ഞാന്‍ ഇറങ്ങട്ടെ...”

**** ********** ************ ***************
തിരക്കൊഴിഞ്ഞപ്പോ സുബ് ഹി ബാങ്ക് വിളിച്ചിരുന്നു. അരണ്ട വെളിച്ചത്തില്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ കദര്‍ ആമിനൂനോട് ചോദിച്ചു...
“എവ്ടേ ടീ സൈനു...”
“ഓള് അവ്ടെ ണ്ട്... ഇഞ്ഞും കൊറച്ച് പണി ഒകെ ബാക്കിണ്ട്...ഓളും സഹായിച്ച് പടിച്ചട്ടേ...”
“അത് നന്നായി... ഓള് ബല്യ കുട്ട്യായി തൊടങ്ങീലെ... ഇഞ്ഞ് അതൊക്കെ പട്പ്പിച്ചണം...”
“പിന്നേയ് ഞമ്മളെ ബീത്താത്ത ഒരു കാര്യം പറഞ്ഞു...”
“ന്താ..”
“ഓരെ സൈയ്തൂന് കൊണ്ട് സൈനൂനെ കെട്ടിച്ച് കൊടുത്തൂടെ... ന്ന്” കുറച്ച് സമയം ഖാദര്‍ മൌനിയായി.
“നല്ലത് തന്നെയാ... എതായാലും ബാപ്പാനോടും കൂടെ ഒന്ന് ചോയ്ച്ച് നോക്കാം...”
“ഇപ്പോ നികാഹ് കയ്ച്ചിടാം... ഒരു രണ്ടുമൂന്ന് കൊല്ലം കഴിഞ്ഞിട്ട് കൂട്ടികൊണ്ടോക്ക്.. അങ്ങനേണ് ബീത്താത്ത പറഞ്ഞത്.”
“ഉം... ന്തായാലും ആലോയ്ച്ചാ ല്ലേ...”
“ങ്ങള് സരിക്ക് ഒന്ന് ചോയ്ച്ചറിയണം” (അന്വേഷിക്കണം.)
“ന്തേ...”
“അല്ല... ഓന്‍ കൊറേ കാലം വയനാട്ട് ല് ആയിര്ന്നു.. ആകാത്തെ സ്വഭാവം ന്തേലും ണ്ടാന്നാവോ...”
“ഏയ് അതൊന്നൂണ്ടാവുല്ലാ... ന്നാലും ഒന്ന് അന്നേസിച്ച് നോക്കാം...”
“ബാപ്പ കൂടീലെത്തീട്ട് ണ്ടാവും... ങ്ങള് ബേം നടക്കീ...”

തോളില്‍ കിടക്കുന്ന അബ്ദു ഉറക്കത്തിലെന്തോ പറഞ്ഞപ്പോള്‍ ഖദര്‍ ഒന്ന് കൂടെ ചേര്‍ത്ത് പിടിച്ചു... വീട് ലക്ഷ്യമാക്കി വേഗം നടന്നു...

16 comments:

Rasheed Chalil said...

വഴിത്തിരിവ്....

kichu / കിച്ചു said...
This comment has been removed by the author.
kichu / കിച്ചു said...

:)

മുറിഞ്ഞു മുറിഞ്ഞ് വായിക്കുമ്പോള്‍ രസ ചരടു പൊട്ടുന്നല്ലോ മാഷേ..

2:13 PM

Unknown said...

onnamatheththan patiyilla randamatheththi oru thenga
:)

kichu / കിച്ചു said...

ശൊ !!

ഇതെപ്പൊഴാ ആ സുല്ല് തേങ്ങ പൊതുവാളിന് കൈമറിയത്?? :)

സു | Su said...

:) വായിക്കുന്നുണ്ട്.

ആര്‍ബി said...

അടുത്ത കല്ല്യാണം പെട്ടെന്നാവട്ടെ..

ഉഷാറാവുന്നുണ്ട് ട്ടൊ...
:)

കുറുമാന്‍ said...

ആദ്യത്തെ ആറെണ്ണം ആദ്യം വായിക്കട്ടെ......എന്നിട്ട് ഏഴില്‍ വരുമ്പോഴേക്കും എട്ടെത്തിയിരിക്കണം ഇത്തിരിയേ.....

കുറുമാന്‍ said...

ആദ്യത്തെ ആറെണ്ണം ആദ്യം വായിക്കട്ടെ......എന്നിട്ട് ഏഴില്‍ വരുമ്പോഴേക്കും എട്ടെത്തിയിരിക്കണം ഇത്തിരിയേ.....

yousufpa said...

രസം പിടിച്ചു വരുന്നുണ്ട്. കിച്ചു പറയുന്നതു പോലെ രസച്ചരട് പൊട്ടാതിരിക്കണമെങ്കില്‍ പെട്ടെന്ന് അടുത്തത് പോസ്റ്റിക്കോളൂ.....

Jayasree Lakshmy Kumar said...

ചൂട്ടിക്കു ശേഷമുള്ള തുടർഭാഗങ്ങളൊന്നും എന്തേ എന്റെ കണ്ണിൽ പെടാതെ പോയത്!!
എല്ലാം കൂടി ഒറ്റയിരിപ്പിനു വായിച്ചു. നന്നായിരിക്കുന്നു. തുടരുക. ഇതൊരു പുസ്തകമായി പിന്നീട് വായിക്കാനാവുമെന്നു തന്നെ പ്രതീക്ഷ :)

Sathees Makkoth | Asha Revamma said...

ഇത്തിരി, കുറേ നാളുകൾക്ക് ശേഷം ഇന്നാണീതുവഴി.അഞ്ചു മുതൽ വഴിത്തിരിവു വരെ ഒറ്റയിരിപ്പിൽ വായിച്ചു. ആ ഭാഷ,ശൈലി എനിക്കെന്നും പുതുമ തന്നെ.തുടരുക. ആശംസകൾ!

Appu Adyakshari said...

ഇതിത്രവരെ എഴുതിത്തീർത്തോ !!!!
ചൂട്ടികഴിഞ്ഞു കണ്ടില്ല കേട്ടൊ.. വായിക്കട്ടെ.

Areekkodan | അരീക്കോടന്‍ said...

കുറേ നാളുകൾക്ക് ശേഷം ഇന്നാണീതുവഴി.....വായിക്കട്ടെ.

പ്രതിധ്വനി said...

http://voice2truth.blogspot.com/2009/08/pig-fluswine-flu.html

Unknown said...

ആശംസകള്‍...