Tuesday, January 26, 2010

15. കാര്‍മേഘങ്ങള്‍...

ഭാഗം : പതിനഞ്ച്.

പടികയറുമ്പോള്‍ തന്നെ കാട് കെട്ടിത്തുടങ്ങിയ നടവഴിയാണ് ശ്രദ്ധിച്ചത്. സെയ്തുക്കയും കുടുബവും രണ്ട് വഴിക്ക് പോയതോടെ വീടുറങ്ങിയ പോലെയായി. കരിമ്പനും കാരിയും ഇല്ലാത്ത തൊഴുത്തും ശൂന്യം... അമ്മായിയെ ഉച്ചത്തില്‍ വിളിച്ചപ്പോള്‍ അവര്‍ അടുക്കളയില്‍ നിന്ന് വന്ന് കുട്ട ഇറക്കാന്‍ സാഹായിച്ചു. ചന്തയില്‍ നിന്ന് വരുന്ന വഴിയാണ്. ചൂരക്കൊട്ടയില്‍ നിന്ന് പറഞ്ഞ സാധങ്ങള്‍ ഓരോന്നായി എടുത്ത് വെച്ചു. ബാക്കി അബുഹാജിയുടെ വീട്ടിലേക്കുള്ളതാണ്. അത് അവിടെ എത്തിക്കണം. തിരിച്ച് തലയിലേക്ക് കുട്ടപിടിക്കാന്‍ പറഞ്ഞപ്പോള്‍ അമ്മായി പറഞ്ഞു.
“ഇച്ചിരി കഞ്ഞിന്റെള്ളം കുടിച്ച്ട്ട് പോയാ മതി ..”
“ഇപ്പോ നേരം ഇല്യ അമ്മായ്യേ... ഇത് അബുആജിന്റെ പേരീല്‍ കൊട്ക്കണം. ഞാന്‍ പിന്നെ വരാം..”
“ഞ്ഞ് ചിക്കനെ (നേരെ) പണിക്ക് പോക് ആവും. പിന്നെ അന്നത്തിന്റെ മുറി കിട്ടുല്ല... അതോണ്ട് കുടിച്ചിട്ട് പോയാ മതി.“ എന്ന് തീര്‍ത്ത് പറഞ്ഞപ്പോ കൊട്ട തിണ്ടിലേക്ക് തന്നെ നീക്കി വെച്ച് കിണറ്റിന്‍ കരയില്‍ പോയി കൈയ്യും കാലും കഴുകി തിരിച്ചെത്തി. കഞ്ഞിപ്പാത്രത്തിന്റെ മുമ്പിലിരിക്കുമ്പോള്‍ സെയ്തുക്കാനെ കുറിച്ച് അന്വേഷിച്ചു.
“ഓന്റെ ഒരു വിവരൂം ഇല്ല്യെ..”
“കുട്ട്യേളെ ഇത് വരെ കൂട്ടികൊട്നീല്ലേ... ഇങ്ങള് ഒറ്റക്കല്ലേ ബ് ടെ...”
“അയ്ന്റെ കത ഒന്നും പറയാതിരിക്ക്ണതാ നല്ലത്.”
“ന്തേ..”
“ഓന്‍ പറിണത് വരെ ഓള് അവ്ടെ നിക്കട്ടേ... ഓന്‍ പറിണത് വരെ കൂട്ടികൊണ്ടരണ്ടാ... ന്നാ പറഞ്ഞത്. ഞാം ന്താ ചെയ്യാ...”
“അത് ന്താ... ഓല് തമ്മില് വല്ല തെറ്റും ണ്ടോ...”
“കായ്ച്ചീല് ഒന്നും ഇല്ല്യാ.. ഞാന്‍ സല്‍മൂനെ കാണാന്‍ പോയീന്നു. അപ്പളൊക്കെ കത്ത് ണ്ടാ ന്ന് ന്റെ കുട്ടി ചോയ്ച്ചു... ഇല്ല്യ ഓന്‍ അയക്കുംന്ന് പറഞ്ഞ് സമാധിപ്പിച്ചു.. ന്താ ന്റെ സെയ്തൂന്റെ മനസ്സില്ന്ന് ഓന് മാത്രേ അറിയുള്ളൂ...”
“സാരല്യാ... കത്ത് വെരൊയ്ക്കാരം... “
“ഇച്ച് അറിഞ്നൂടാ ഇന്താ ഓന്റെ ഹാല് ന്ന്...”

അമ്മായിയുടെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എന്താണ് സെയ്തുക്കാക്ക് പറ്റിയത് എന്ന അലോചനയില്‍ ആയിരുന്നു. ഇടവഴി ഇറങ്ങിയപ്പോല്‍ ഭ്രാന്തന്‍ കുഞ്ഞാലികാക്ക കൈ നീട്ടി നില്‍ക്കുന്നു. കുട്ട ഇടവഴിവക്കത്തിറക്കി. കുട്ടിക്കാലം മുതല്‍ കാണുന്ന മുഖം... ജടപിടിച്ച മുടി. എല്ലുന്തിയ മുഖത്ത് നരച്ച താടി, കുഴിയിലാണ്ട ജീവിനില്ലാത്ത കണ്ണുകള്‍, കഴുത്തിലെ കുഴിയും അതിന്റെ വശങ്ങളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന എല്ലും. എപ്പോഴും വിറച്ച് കൊണ്ടിരിക്കുന്ന കൈകള്‍, തെന്നിത്തെന്നിയുള്ള നടപ്പ്. മെലിഞ്ഞൊട്ടിയ ശരീരത്തിന് അഴുക്ക് പിടിച്ച തോര്‍ത്ത് മാത്രമാണ് വേഷം. ഓത്തുപള്ളിപ്രായം മുതലേ കാണുന്ന അതേ രൂപം. വര്‍ഷം കഴിയുന്തോറും കുനിച്ചില്‍ ഇച്ചിരി കൂടിയിട്ടുണ്ടെന്നതൊഴിച്ചാല്‍ മറ്റമൊന്നുമില്ല.

ബാപ്പ നേരത്തെ മരിച്ചതിനാല്‍ വളരെ ചെറുപ്പത്തിലേ കൂലിപ്പണിക്കിറങ്ങി. അങ്ങനെയിരിക്കെ ഒരിക്കല്‍ രാത്രി നന്നായി പനിച്ചു. അര്‍ദ്ധരാത്രി അട്ടഹിച്ച് എഴുന്നേറ്റ് ഉമ്മയെ ഞെക്കി കൊല്ലാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് രക്ഷപ്പെടുത്തിയത്. അന്ന് സുഖമായി ഉറങ്ങിയെങ്കിലും പിറ്റേന്ന് രാവിലെ കിണറ്റിലേക്ക് എടുത്തുചാടി. കയറില്‍ കസേര ഇറക്കി നാട്ടുകാര്‍ കരക്കെത്തിച്ചു. പിന്നെ കുറേ കാലം ചങ്ങലയിലായിരുന്നെത്രെ. വര്‍ഷങ്ങള്‍ നിണ്ട മരുന്നും മന്ത്രവും കൊണ്ടാണ് ഈ പരുവത്തിലായത്. മകന്റെ അസുഖത്തില്‍ മനം നൊന്താണ് ആ ഉമ്മ മരിച്ചത് എന്ന് അമ്മായി ഇടയ്കിടേ പറയാറുണ്ട്. ആല്‍പ്പറമ്പും കഴിഞ്ഞുള്ള വലിയ മുളക്കൂട്ടത്തിനടുത്ത് ഒരു കൂരയിലാണ് കുഞ്ഞാലിക്ക താമസം. മേഞ്ഞ ഓല ഉണങ്ങിക്കരിഞ്ഞ് വീഴാറാവുമ്പോള്‍ നാട്ടുകാര്‍ മേഞ്ഞ് കൊടുക്കും. ചിലപ്പോള്‍ രാവും പകലും വീടിന്റെ പുറത്തെ തിണ്ണയില്‍ ചുരുണ്ട് കിടന്ന് ഉറങ്ങുന്നത് കാണാം. അല്ലെങ്കില്‍ രാവും പകലും അലഞ്ഞ് നടക്കും. ആരെ കണ്ടാലും കൈ നീട്ടും, വിശന്നാല്‍ ഏത് വീട്ടിലേക്കും കേറിച്ചെല്ലും. വല്ലതും കൊടുത്താല്‍ കഴിക്കും...

കുഞ്ഞാലിക്കയുടെ അസുഖ കാരണം നാട്ടുമ്പുറത്ത് ബാല്യകാല അന്വേഷണങ്ങളില്‍ പ്രധാനമാണ്. പക്ഷേ കൃത്യമായ ഒരു കാരണം ഇന്നും ആര്‍ക്കും അറിഞ്ഞുകൂടാ എന്നതാണ് സത്യം. കുഞ്ഞാലിക്കയുടെ മുതലാളിയും അനിയനും തമ്മിലുള്ള സ്വത്ത് തര്‍ക്ക കേസ് വിധിയായപ്പോള്‍ അനിയന് പറമ്പ് നഷ്ടപ്പെട്ടു. ആ ദേഷ്യത്തിന് ചെയ്ത സിഹ് റ് (കൂടോത്രം), പിറ്റേന്ന് അതേ പറമ്പില്‍ ജോലിക്കെത്തിയ കുഞ്ഞാലിക്കാക്ക് ആണ് ഫലിച്ചത്. ഇതായിരുന്നു ഭ്രാന്തിന്റെ കാരണങ്ങളില്‍ പ്രബലമായ കഥ. പള്ളിത്തൊടിയില്‍ നിന്ന് മുതലാളിക്ക് നിധി കിട്ടിയിട്ടുണ്ടെന്നും അത് കുഴിച്ചത് കുഞ്ഞാലിക്കയാണെന്നും അക്കാരണത്താലാണ് ഭ്രാന്ത് വന്നത് എന്നും വേറെ ഒരു കഥ. അര്‍ദ്ധ രാത്രി ജിന്നിനെ കണ്ട് പേടിച്ചാണ് സമനില തെറ്റിയത് എന്നാണ് സഹപാഠി അബ്ദുല്ല പറഞ്ഞത്.

ജിന്നുകളില്‍ നല്ലതും ചീത്തയുമുണ്ടെന്നും നല്ലവര്‍ സഹായിക്കുമെന്നും അവരെ കണ്ടാല്‍ പേടിക്കുകയോ, ആരോടെങ്കിലും പറയുകയോ ചെയ്താല്‍ ഭ്രാന്ത് വരുമെന്നും അവന്‍ പറഞ്ഞ് അന്ന് മനസ്സിലാക്കി. അനുബന്ധമായി പൂവ്വന്‍ച്ചിന പള്ളിയില്‍ നിന്ന് മിന്‍കാരന്‍ ജിന്നിനെ കണ്ട കഥ വിസ്തരിച്ച് പറയുകയും ചെയ്തു. താനൂര് കടപ്പുറത്ത് നിന്നായിരുന്നു അയാള്‍ മത്സ്യം വാങ്ങിയിരുന്നത്. അത് കൊണ്ട് തന്നെ സുബ് ഹി ബാങ്കിന് കുറച്ച് മുമ്പ് വീട്ടില്‍ നിന്നിറങ്ങും. ചോലക്കോട് പാടം മുറിച്ച് കടന്ന് അത്താണിക്കുന്ന് കേറുമ്പോഴേക്ക് ബാങ്ക് വിളിക്കും. തൊട്ടടുത്ത പൂവന്‍ച്ചിന പള്ളിയില്‍ കയറി നിസ്കരിച്ച് യാത്ര തുടരും. അതായിരുന്നു പതിവ്. ഒരിക്കല്‍ അബദ്ധത്തില്‍ പുറപ്പെട്ടത് നേരത്തെയായിപ്പോയി. പള്ളിയില്‍ ഒന്ന് വിശ്രമിച്ച് സുബ് ഹി കഴിഞ്ഞ് പുറപ്പെടാം എന്ന് കരുതി അകത്ത് കേറി. സുന്നത്ത് നിസ്കരിച്ച് തിരിഞ്ഞപ്പോള്‍ പള്ളിയുടെ തൂണും ചാരി ഓരാള്‍ ഇരുന്നിരുന്നു. കാഴ്ചയില്‍ യാത്രക്കാരന്റെ രൂപം ആയിരുന്നെങ്കിലും അതൊരു നല്ല ജിന്നായിരുന്നെത്രെ.

സംസാര മധ്യേ തന്റെ ദാരിദ്ര്യവും കഷ്ടപ്പാടും വിവരിച്ചോപ്പോള്‍ അപരിചിതന്‍ കുട്ടയുമായി ചിന(വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലം) യിലേക്ക് ഇറങ്ങി. വെള്ളത്തില്‍ താഴ്ത്തി ഉയര്‍ത്തിയപ്പോള്‍ നിറയെ മീന്‍. എന്നും അങ്ങനെ ചെയ്താല്‍ മുന്ന് കുട്ട മീന്‍ വരെ കിട്ടും എന്നും അത് ആരോടും പറയരുത് എന്നും പറഞ്ഞ് അയാള്‍ മറഞ്ഞു. അധികം വൈകാതെ ദാരിദ്ര്യം മാറിയ മിന്‍കാരന്‍ ഒരിക്കല്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഉണ്ടായ സംഭവങ്ങള്‍ പറഞ്ഞു. പിറ്റേന്ന് അത് നാടുമുഴുവന്‍ പാട്ടായി, അയാള്‍ മുഴുഭ്രാന്തനുമായി. അത് പോലെ ജിന്നിനെ കണ്ട് പേടിച്ചാണ് കുഞ്ഞാലിക്കാക്ക് ഭ്രാന്ത് ഉണ്ടായത് എന്ന് അബ്ദുല്ല ഉറപ്പിച്ച് പറഞ്ഞു. തുണിയില്‍ കെട്ടിയിരുന്ന പൈസയില്‍ ഓട്ടക്കാലണ കുഞ്ഞാലിക്കാക്ക് കൊടുത്തു. കൊട്ടയില്‍ നിന്ന് ഒരു കഷ്ണം ചക്കരയും കൂടി കിട്ടിയതോടെ ഉറക്കെച്ചിരിച്ച് തിരിച്ച് നടന്നു.

‘ചന്തക്കോള്‘ ഇറക്കി കൊമ്പന്‍ മൂരിയുടെ അടുത്തേക്ക് പോയി. അവന്‍ എണീറ്റ് നടക്കാന്‍ സാധ്യതയില്ലന്ന് ഇന്നലെയും കുരിക്കള്‍ പറഞ്ഞിരുന്നു. അടുത്തിരുന്നപ്പോള്‍ അവന്‍ സ്നേഹം പ്രകടിപ്പിച്ച് തുടങ്ങി. വൈക്കോല്‍ കുടഞ്ഞിട്ട് തിരിച്ച് വന്നപ്പോഴേക്കും ആട്ടാന്‍ ആള് കൂടിയിരിക്കുന്നു. കൊമ്പന്‍ കിടന്നതോടെ ചക്കാലയില്‍ നിന്ന് സമയത്തിന് പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ഇന്നലെ ജോലിതീര്‍ത്ത് ഇറങ്ങുമ്പോള്‍ ഇശാ‍ ബാങ്ക് വിളിച്ചിരുന്നു.

അസര്‍ നിസ്കാരം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഹംസു കാത്തുനിന്നിരുന്നു. അമ്മായി അത്യവശ്യമായി ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. രാവിലെ ഞാന്‍ അവിടെ വന്നിരുന്നല്ലോ... എന്തെങ്കിലും അസുഖമോ മറ്റോ ഉണ്ടോ എന്ന ചോദ്യത്തിന് അതൊന്നും അല്ല “വേം അവ്ടെറ്റം വരാന്‍ പറഞ്ഞു..” എന്ന് മത്രമായിരുന്നു അവന്റെ മറുപടി. അപ്പോള്‍ തന്നെ കൂടെ പോരണം എന്ന് വാശിപിടിച്ചപ്പോള്‍ അബ്ദുല്ലാക്കനെ ഏല്‍പ്പിച്ച് കൂടെ ഇറങ്ങി. ചെല്ലുമ്പോള്‍ അമ്മായി വരാന്തയിലെ തിണ്ടില്‍ കൂനിക്കൂടി ഇരിപ്പുണ്ട്. കണ്ണുകള്‍ കലങ്ങിയിട്ടുണ്ട്.. ശബ്ദത്തിന് വല്ലാത്ത ഇടര്‍ച്ചയുണ്ട്... ഒറ്റദിവസം കൊണ്ട് ഒരുപാട് പ്രായം കൂടിയ പോലെ പലവട്ടം കാരണം അന്വേഷിച്ചെങ്കിലും അവര്‍ മൌനിയായിരുന്നു. കുറേ കഴിഞ്ഞാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. മൂര്‍ക്കനാട് ജുമുഅത്ത് പള്ളിയില്‍ നിന്ന് ആള് വന്നിരുന്നു. സൈയ്തുക്കാന്റെ കത്ത് അവിടെ എത്തീട്ടുണ്ടെത്രെ. അത്യവശ്യമായി ആണുങ്ങള്‍ ആരോടെങ്കിലും അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു... “ഇജ്ജും ഹംസിം കൂടി എത്രിം പെട്ടന്ന് അതൊന്ന് അന്വേഷിച്ച് വാ....”
“അയ്നാണോ അമ്മായി ഇങ്ങനെ ബേജാറായീക്ക്ണത്. ഞാന്‍ പോയി കത്ത് വാങ്ങി വരാം...”
“അയ് ന് കത്ത് ഞമ്മക്കല്ല... പള്ളിക്കലെ ഖാദിക്ക് ആണ്”
“ഖാദിക്കോ... “
“ഉം... അതാ അന്നോടും കൂടി പോവാന്‍ പറഞ്ഞത്”
“ ന്താ കത്തില് എന്ന് വല്ലതും പറഞ്ഞോ... ?“
"കാര്യം തീര്‍ത്ത് (Divorce) അറിയിച്ച കത്താണെന്ന്...”
“ആര്ടെ ....” ശബ്ദം പതറിയിരുന്നു.
“സൈനൂന്റെ...” കാതിനെ വിശ്വസിക്കാനാവാതെ തരിച്ചിരുന്നു.

8 comments:

Rasheed Chalil said...

കാര്‍മേഘങ്ങള്‍...

ചന്ദ്രകാന്തം said...

കഴിഞ്ഞകുറി അവസാനിപ്പിച്ചിടത്തുതന്നെ കാര്‍മേഘം കണ്ടിരുന്നു. ഇടിവെട്ട്‌ എപ്പഴാണാവോ..എന്ന്‌ കരുതിയിരിക്ക്യാര്‍ന്നു.
ഇപ്പൊ അതുമായി.

ബഷീർ said...

:( വായിച്ചു

Unknown said...

“ഉം... അതാ അന്നോടും കൂടി പോവാന്‍ പറഞ്ഞത്”
“ ന്താ കത്തില് എന്ന് വല്ലതും പറഞ്ഞോ... ?“
"കാര്യം തീര്‍ത്ത് (Divorce) അറിയിച്ച കത്താണെന്ന്...”

വായിച്ചു

www.tomskonumadam.blogspot.com

Popy Kuttan said...

വായിച്ചു ..എന്നാലും സൈനുടെ കാര്യം ഇച്ചിരി കഷ്ടമായി പോയി .....

Unknown said...

കാര്‍മേഘങ്ങള്‍ കനത്തു, ഇടിയും വെട്ടി.. ഇനി ?
വായന തുടരുന്നു.

Areekkodan | അരീക്കോടന്‍ said...

ങേ!!!

ആര്‍ബി said...

“ ന്താ കത്തില് എന്ന് വല്ലതും പറഞ്ഞോ... ?“
"കാര്യം തീര്‍ത്ത് (Divorce) അറിയിച്ച കത്താണെന്ന്...”
“ആര്ടെ ....” ശബ്ദം പതറിയിരുന്നു.

:(


iniyenth???
kaathirikkunnu
:)