Wednesday, June 28, 2017

2. ചൂട്ടി

ഭാഗം. : രണ്ട്

ഓത്തുപള്ളിയില്‍ നിന്നറങ്ങുമ്പോഴും അരിശം അടങ്ങിയിരുന്നില്ല. കരച്ചില്‍ കേട്ടപാട് കരിയും (കലപ്പ) നുകവും അവിടെത്തന്നെയിട്ട് ഓടിച്ചെല്ലുകയായിരുന്നു. നിറഞ്ഞൊഴുകുന്ന ഓവുചാലില്‍ മുക്കി അത് നന്നായി കഴുകി ശേഷം വീട്ടിലേക്ക് നടന്നു. ഇന്നലെ പാതി നനഞ്ഞ വെണ്ണുറ് ഗോപിനായരുടെ ചായ്പിലേക്ക് മാറ്റി തിരിഞ്ഞോടിയതാണ്. ഇടയ്ക്കിടെ എത്തുന്ന മിന്നല്‍ വെളിച്ചത്തില്‍ തോട്ടുവരമ്പത്തെ മരത്തില്‍ വച്ചിരുന്ന കരിയും നുകവും എടുക്കാന്‍ ധൈര്യം ഉണ്ടായില്ല. ഒലിച്ച് പോയിട്ടുണ്ടോ ആവോ എന്നൊരു ഭയത്തോടെയാണ് രാവിലെ പാടത്തേക്ക് പോയത്. വെള്ളം നിറഞ്ഞ് വരമ്പുകളെല്ലാം മാഞ്ഞിരിക്കുന്നു. എന്നിട്ടും ഒരു ഊഹം വെച്ച് പാടം മുറിച്ച് കടന്നു. പലവട്ടം വീണെങ്കിലും ഒരുവിധം ഇക്കരപ്പറ്റി.

ചെട്ട്യേരുടെ ചായപ്പീടികയുടെ തറയ്ക്കൊപ്പം വെള്ളമുണ്ട്. ബീഡി കത്തിക്കുമ്പോള്‍ ചോദിച്ചു... “ചായട്ക്കട്ടേ മാപ്ലക്കുട്ട്യേ... “ വെയിലെത്തും മുമ്പ് അവിടെ നിന്ന് ഒരു ചക്കരച്ചായ പതിവുള്ളതാണ്. മറുപടിക്കായി കാത്ത് നിന്ന ചെട്ട്യേരോട് “ഇപ്പോ നിക്ക്ണ്ല്യാ കൂടീല് (വീട്ടില്‍) കഞ്ഞി ആയിട്ടുണ്ടാവും.” എന്ന് പറഞ്ഞു. ഓത്തുപള്ളി വിടാന്‍ ളുഹ്റ് ബാങ്ക് (മധ്യാഹ്ന നമസ്കാരത്തിനുള്ള ബാങ്ക്) കൊടുക്കും. അപ്പോള്‍ ഒറ്റയ്ക്ക് തോട് മുറിഞ്ഞ് കടക്കാന്‍ സൈനൂന് ബുദ്ധിമുട്ടാവും. അത് കൊണ്ട് അവളേയും കൂട്ടാം എന്ന് കരുതിയാണ് ഈ വഴി വന്നത്.

അവളുടെ കരച്ചില്‍ കേട്ടതോടെ കുറച്ച് സമയത്തേക്ക് സ്വയം മറന്ന് പോയി. അടിക്കാനായി വടി ഉയര്‍ത്തിയ ഉസ്താദിന്റെ കയ്യില്‍ കേറിപ്പിടിച്ചത് ഓര്‍മ്മയുണ്ട്. ആ ദേഷ്യത്തില്‍ അദ്ദേഹത്തെ തിരിച്ച് തല്ലാഞ്ഞത് ഭാഗ്യം... ഏതായാലും ഇല്‍മ് (അറിവ്) പഠിപ്പിക്കുന്ന മനുഷ്യനല്ലേ. മകളോടുള്ള സ്നേഹത്തിന് മുമ്പില്‍ ഇല്‍മിന്റെ ഇസ്സത്ത് (വിജ്ഞാനത്തിന്റെ അഭിമാനം) മറന്ന് പോയി. മഗ് രിബ് നിസ്കരിക്കാന്‍ ഇറങ്ങുമ്പോള്‍ മാപ്പ് പറയണം. മോളെ അടുപ്പിച്ച് നിര്‍ത്തി ചോദിച്ചു...

“ന്തിനാ ഉസ്താദ് പ്പാന്റെ കുട്ടിയെ തച്ചത്.. “
“ഞാന്‍ മുസ്‌ഹഫില്‍ നോക്കി ഇരിക്കാത്തതിനാ...”
“അപ്പോ തല്ല് കിട്ടണ്ടത് തന്നെ.. പിന്നെ ഇജ്ജ് എങ്ങടാ നോക്കി ഇരുന്നീന്നത്..”
മറുപടി ഒന്നും ഉണ്ടായില്ല...

ഈ പാലം ഒലിച്ച് പോകാഞ്ഞത് ഭാഗ്യം തന്നെ... ഒരടി ആഴത്തിലൂടെ കലങ്ങിയ വെള്ളം കുതിച്ചൊഴുകുന്നുണ്ട്. മുമ്പൊക്കെ ഇങ്ങനെയുള്ള ദിവസങ്ങളില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുമായിരുന്നു. കണ്ണനും വാളയും (വരാല്‍..) കരയ്ക്ക് കേറുന്ന സമയം... ഇന്നും വൈകീട്ട് ഒന്ന് ഇറങ്ങി നോക്കണം, പക്ഷേ മഴ തോരുന്ന ലക്ഷണം കാണുന്നില്ല. കഴിഞ്ഞ വര്‍ഷം വരെ ഈ മീന്‍ പിടുത്തതിന് കൂട്ട് ചൂട്ടിയായിരുന്നു.

എട്ടൊമ്പത് വര്‍ഷം മുമ്പാണ്, കടക്കലെ കുഞ്ഞാപ്പുന്റെ കല്യാണ ദിവസം. പെണ്ണിന്റെ വീട് തീരൂര് നിന്നും രണ്ട് മൈല് കൂടി നടക്കണം. അത് കൊണ്ട് നിക്കാഹിന് വേണ്ടി മഗ്‌രിബ് കഴിഞ്ഞ ഉടന്‍ പുറപ്പെട്ടു. നിരയായി നീങ്ങുന്ന റാന്തല്‍ വെളിച്ചത്തില്‍ അദ്രമാന്‍ കാക്കയും കൂട്ടരും ഉച്ചത്തില്‍ പാടി. പാട്ടും തമാശയുമായി മടുപ്പില്ലാത്ത യാത്ര ആയിരുന്നെങ്കിലും അവിടെയെത്തുമ്പോള്‍ പാതിര ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് മുറ്റത്ത് നിരത്തിയിട്ട വാഴയിലയില്‍ പരത്തിയ ചോറിന് ചുറ്റും വട്ടമിട്ടിരുന്നു.

തിരിച്ച് പോരുമ്പോള്‍ എളുപ്പവഴി പിടിച്ചു... കല്‌കഞ്ചേരിയില്‍ നിന്ന് അത്താണിക്കുന്ന് കയറിയിറങ്ങി പുന്നത്തലപ്പാടം മുറിച്ച് കടന്നാല്‍ ചേലകുത്തായി... പിന്നെ ഒന്ന് വെറ്റില മുറുക്കുന്ന സമയമേ വേണ്ടൂ വീടെത്താന്‍ ‍. ആ വഴിയില്‍ വെച്ചാണ് ചൂട്ടിയെ കിട്ടിയത്. കാണാന്‍ ഓമനത്തമുള്ള നായ്കുട്ടി... കൈ കൊണ്ട് തൊടാന്‍ പറ്റാത്തത് കൊണ്ട് എല്ലാവര്‍ക്കും എടുക്കാന്‍ മടി. അവസാനം പാളയില്‍ പൊതിഞ്ഞെടുത്തു.

“ന്തിനാ മോനെ ഇപ്പോ ഒരു നായി... ഇബടെ നമ്മളെ കുട്ട്യേള്‍ക്ക് തന്നെ തിന്നാന്‍ കൊടുക്കാന്‍ കയിണ് ല്ല്യാ ... ഞ്ഞ് അയ്ന്റെ ഏടീല് ഒരു നായിം കൂടി...”. ബാപ്പ ആദ്യം പറഞ്ഞത് അതായിരുന്നു.

“നല്ലതാ ബാപ്പാ... കുറച്ച് കഴിയട്ടെ.... കുറുക്കനും കീരിയും കോഴികളെ പിടിക്കാതെ ഇവന്‍ നോക്കിക്കൊള്ളും... “ എന്ന് പറഞ്ഞൊഴിഞ്ഞു. അന്ന് മുതല്‍ കഞ്ഞിയില്‍ ഒരു ഓഹരി അവനുള്ളതായിരുന്നു. വളര്‍ന്നപ്പോള്‍ ആശാരി കൃഷ്ണനെ വിളിച്ച് കൂട് പണിതു. മനയ്ക്കല്‍ നിന്ന് കിട്ടിയ ആട്ടുകട്ടിലിന്റെ ചങ്ങലയില്‍, കൊല്ലനെ കൊണ്ട് കൊളുത്ത് പിടിപ്പിച്ച് അവനെ തെങ്ങില്‍ കെട്ടി. രാത്രി മൂരികള്‍ക്ക് പുല്ലിട്ട് കൊടുത്ത ശേഷം തുറന്ന് വിടും. അധികം ദൂരമൊന്നും പോവാതെ ചുറ്റിപ്പറ്റി അവനുണ്ടാവും. ബാപ്പ തഹജ്ജുദിന് (രാത്രിയിലെ പ്രത്യേക പ്രാര്‍ത്ഥന) വുദു (അംഗശുദ്ധി) എടുക്കാനിറങ്ങുമ്പോള്‍ അവന്‍ മുറ്റത്തുണ്ടാവും. കോല്‍പ്പള്ളിപ്പാടത്ത് പുഞ്ചകൃഷി നടത്തുമ്പോഴെല്ലാം രാത്രി വെള്ളം കെട്ടാന്‍ പോവേണ്ടി വരാറുണ്ട്. അപ്പോഴൊക്കെ കൂട്ട് അവനായിരുന്നു.

ഒരിക്കല്‍ ഒരു കൂട്ടം നായ്ക്കള്‍ അവനെ ആക്രമിച്ചു... അതിന് ശേഷം തുടലഴിച്ചാലും പോവാതെയായി. ഇനിയും ഒരു അക്രമണത്തെ പേടിച്ചിട്ടാണെന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. പക്ഷേ പിന്നീട് ഒന്നും കഴിക്കാതെയായി. എപ്പോഴും ചുരുണ്ട് കിടക്കും... വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ വെറ്റില നുള്ളാന്‍ വന്ന വേലു പറഞ്ഞു. ‘മാപ്ലക്കുട്ട്യേ... ഒന്ന് ശ്രദ്ധിച്ചോ... ബേപ്പ് നായ്ക്കളുള്ള(പേപ്പട്ടി) കാലമാ... ഒന്ന് കെട്ടിയിട്ടേക്കൂ... കുട്ട്യേളെയൊന്നും അടുപ്പിക്കണ്ട.”

ദിവസങ്ങള്‍ കഴിഞ്ഞതോടെ അവന്‍ ബഹളം വെച്ച് തുടങ്ങി. ഭ്രാന്തെടുത്ത് കെട്ടിയിട്ടിരുന്ന തെങ്ങില്‍ കടിച്ച് പറിച്ചു... ചങ്ങലയില്‍ കിടന്ന് തെങ്ങിന് ചുറ്റും കിതച്ചോടി... എല്ലാം അടങ്ങുമ്പോള്‍ നനഞ്ഞ കണ്ണുകളുമായി ചുരുണ്ട് കൂടി. ബാപ്പ സങ്കടത്തോടെ പറഞ്ഞു

“ന്താ ഖാദറേ നമ്മളെ ചൂട്ടിനെ ചെയ്യാ... കൊല്ലാനാണെങ്കില്‍ മനസ്സ് വരുന്നില്ല... പക്ഷേ ഈ സുഖക്കെടിന് വേറെ മരുന്നില്ലടാ... ”

എല്ലാവരും പറഞ്ഞത് അവനെ കൊല്ലണമെന്നായിരുന്നു. “പകരുന്ന അസുഖമാണ്... നിറയെ കുട്ട്യേള് ള്ള പെരയാണ്.. പല്ലോ നഖമോ ഒന്ന് കോറിയാല്‍... പിന്നെ അറിഞ്ഞൂടെ ഇങ്ങക്ക് നമ്മളെ കുഞ്ഞാലന്‍ മാപ്ലയുടെ സ്ഥിതി”... വേലു വിശദീകരിച്ചു. കുഞ്ഞാലന്‍ കാക്ക പേ വന്നായിരുന്നു മരിച്ചത്.

അസുഖം തുടങ്ങും മുമ്പ് ഒരിക്കല്‍ കണ്ടപ്പോള്‍ പറഞ്ഞു “ന്താന്നറീലാടാ... വെള്ളം കാണുമ്പോ മേനി മുഴുവന്‍ വെറക്കുന്നു... കയ്യും കാലുമൊക്കെ ആരോ പിടിച്ച് വലിക്കും പോലെ... മേനി മൊത്തം തളരും പോലെ.”

“ഇങ്ങള് വല്ല വൈദ്യമ്മാരേം കാണിച്ച് നോക്കീ ...” ഞാന്‍ പറഞ്ഞു

“അയ്‌ന് അത്ര വല്യ സൂക്കേട് ഒന്നും അല്ലാന്നാ തോന്നുന്നത്... ഏതായാലും മണ്ണാന്‍ അയ്യപ്പനെ ഒന്ന് കണ്ട് നോക്കട്ടേ ...”

പക്ഷേ ആ നാട്ടുമരുന്നൊന്നും ഫലിച്ചില്ല. അവസാനം ഇളകിയ ശേഷമാണ് അസുഖം തിരിച്ചറിഞ്ഞത്... കല്ലിങ്ങലെ എടവഴി ശരിയാക്കുമ്പോള്‍ മുകളിലൂടെ ചാടിയ നായയുടെ നഖം നെറ്റിയില്‍ പോറിയിരുന്നെത്രെ... പക്ഷേ ആ അസുഖം വന്ന അവസ്ഥ കാണാനായിരുന്നു പ്രയാസം. പുറത്തെ തൂണിനോട് ചേര്‍ത്ത് കൈകള്‍ കെട്ടിയിരുന്നു. അസുഖം വരുമ്പോള്‍ അലറിക്കരഞ്ഞ് തൂണ് പറിക്കാന്‍ ശ്രമിക്കും... കുറച്ച് കഴിഞ്ഞാല്‍ എല്ലാം ശാന്തമാവും... അപ്പോഴാണ് കാണാന്‍ വരുന്നവരെ തിരിച്ചറിയും. ഓരോരുത്തരോടും കരഞ്ഞ് സഹായം അഭ്യര്‍ത്ഥിക്കും. “ന്റെ ഖാദ് റേ എനിക്ക് എന്തെങ്കിലും മരുന്ന് കെണ്ടടാ... സഹിക്കാന്‍ പാറ്റ്ണ്‌ല്യാ “ കണ്ണില്‍ നിന്ന് കുടുകുടാന്ന് വെള്ളമൊലിച്ച് ആര്‍ത്ത് കരഞ്ഞ ചുവന്ന മുഖം ഇന്നും മറന്നിട്ടില്ല. കണ്ടവരും കേട്ടവരും ഒരുപോലെ ആഗ്രഹിച്ച മരണം...

ചൂട്ടിയെ വിഷം കൊടുത്ത് കൊല്ലാനായിരുന്നു അലോചന. പക്ഷേ അവന്‍ ഒന്നും കഴിക്കാന്‍ കൂട്ടാക്കിയില്ല മുഴുവന്‍ സമയവും അലറിക്കരച്ചിലും ചെറമാന്തലും മാത്രം... തലയിലെ ഭ്രാന്ത് അടങ്ങുന്ന ഇടവേളകളില്‍ തെങ്ങിന്‍ ചുവട്ടില്‍ ചുരുളും. അങ്ങനെ ഭ്രാന്തെടുത്ത് ചാടുന്നതിനിടയില്‍ ചങ്ങലയുടെ കണ്ണിപ്പൊട്ടിയതും ഇറങ്ങി ഓടിയതും ഒരിമിച്ചായിരുന്നു. തോട്ടത്തിലെ പണിക്കാരേയും കൂട്ടി “ബേപ്പ് നായി വരുന്നേ...” എന്ന് ഇടയ്ക്കിടേ വിളിച്ച് പറഞ്ഞ് കൂടെ ഓടി. മനക്കലെ എടായില്‍ (ഇടവഴി) ചുമരിലേക്ക് വലിഞ്ഞ് കയറുന്ന അവന്റെ തലയില്‍ ആദ്യം ഗോപിനായരുടെ കൈയിലുണ്ടായിരുന്ന കൈക്കോട്ടിന്‍ തായി (തൂമ്പയുടെ പിടി) ഊക്കില്‍ വീണു. താഴേക്ക് വീണ അവനെ അടിച്ച് അവസാനിപ്പിക്കുമ്പോഴേക്കും ഞാന്‍ സ്ഥലം വിട്ടിരുന്നു പിന്നെ വേലുവാണ് കുഴിച്ചിട്ട കാര്യമൊക്കെ പറഞ്ഞത്.

“ന്താ സൈനുകുട്ടീ ഇന്ന് നേരത്തെ... ഓത്തുപള്ളി തീരാന്‍ നേരായീട്ടില്ലല്ലോ” ബാപ്പയാണ്... “ഒന്നുല്യ വല്ലിപ്പാ ..” ഇതും പറഞ്ഞ് അവള്‍ ഓടിച്ചെന്നു... കരിയും നകവും ഒതുക്കിവെക്കുമ്പോള്‍ വെറുതെ ചൂട്ടിയുടെ ചിതല്‍ കയറിയ കൂട്ടിലേക്ക് നോക്കി...

28 comments:

ഇത്തിരിവെട്ടം said...

കാറ്റ് മഴയോട് പറഞ്ഞതിന്റെ രണ്ടാം ഭാഗം ഇവിടെ...

കുഞ്ഞന്‍ said...

ഇത്തിരിമാഷെ..

ഈ പോസ്റ്റ് ബൂലോഗത്തിലൊരു ഇതിഹാസമായി മാറും ഉറപ്പ്...

ശരിക്കും വായന സുഖം കിട്ടുന്നു..ഇത്തവണ ചൂട്ടിയിലൂടെ കുഞ്ഞാലന്‍ കാക്കയുടെ കഥ നൊമ്പരമായി പടരുന്നു.

ആ കല്യാണ സന്ദര്‍ഭവും ഇത്തിരികൂടി വിശദീകരിക്കാമായിരുന്നു, കാരണം ഇത്തരിയില്‍ക്കൂടി അക്കാലത്തെ കല്യാണ രീതികള്‍ ശരിക്കും മനസ്സിലാക്കാന്‍ പറ്റിയേനെ അത്രക്കും മനോഹരമായി പറയാന്‍ ഇത്തിരിക്കല്ലാതെ ആര്‍ക്കാ പറ്റാ..ചുമ്മാ സുഖിപ്പിച്ചു പറയുന്നതല്ലാട്ടൊ മാഷെ...

ചന്ദ്രകാന്തം said...

ഈ കാറ്റും മഴയും തോരാതിരിയ്ക്കട്ടെ..!!!

ഓരോ വരിയിലും പഴമയുടെ ഈര്‍പ്പമുള്ള പ്രയോഗങ്ങള്‍.., മനസ്സിലേയ്ക്ക്‌ ചോര്‍ന്നുവീഴുന്ന ദു:ഖത്തിന്റെ കരിവെള്ളം..
........സുഖമുള്ള വായന.

മിന്നാമിനുങ്ങ്‌ said...

ഓരൊ വരിയിലൂടെ കടന്നുപോകുമ്പോഴും മനസ്സ് ഇന്നലെകളികളിലെത്തുന്നു.
കഥയും കഥാസന്ദര്‍ഭവും സ്വന്തം നാടുകൂടിയായതു കൊണ്ടാകണം,
കഥാപാത്രങ്ങളെല്ലാം സ്വന്തക്കാരെപ്പോലെ.

രാത്രിക്കല്യാണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ “പരദേശി”യിലെ ഒരു പാട്ടുരംഗം ഓര്‍മ്മയിലെത്തി.

ചന്ദ്രകാന്തം പറഞ്ഞപോലെ
ഈ കാറ്റും മഴയും തോരാതിരിയ്ക്കട്ടെ..!!!

--മിന്നാമിനുങ്ങ്

സാക്ഷി said...

നല്ല വായന.
നല്ല എഴുത്ത്.

പൊതുവാള് said...

ബൂലോഗരെ മുഴുവന്‍ തണുപ്പിച്ചു കൊണ്ട് നൂല്‍മഴയായിതു പെയ്തുകൊണ്ടേയിരിക്കട്ടെ ,അതിനിടെ ഋതുഭേദങ്ങള്‍ പലകുറി കടന്നു പോകട്ടെ, മറവിയുടെ പഴമയില്‍ മറഞ്ഞിരിക്കുന്ന മാണിക്യക്കല്ലുകള്‍ തേടിയുള്ള ഈ യാത്രയില്‍ സഹയാത്രികര്‍ ഏറിക്കൊണ്ടേയിരിക്കട്ടെ...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

പതിവു പോലെ ഇതും പഴയകാല നല്‍സ്മരണകള്‍.. ഉണര്‍ത്തി.. നന്നായി എഴുതിയിരിക്കുന്നു

====
തഹജ്ജുദ്‌ / രാത്രിയിലെ പ്രത്യേക നിസ്കാരം വിശദീകരിക്കുകയാണെങ്കില്‍
(രാത്രിയില്‍ ഒന്ന് ഉറങ്ങിയതിനു ശേഷം എഴുന്നേറ്റ്‌ നിസ്കരിക്കുന്ന നിസ്കാരത്തിനാണു തഹജ്ജുദ്‌ എന്ന് പറയുക. അത്‌ സുബ്‌ഹി ക്ക്‌ മുന്നെ ആവുകയും വേണം.. )

ആശംസകള്‍ ..

പാര്‍ത്ഥന്‍ said...

കൊള്ളാം ഇത്തിരീ,
ഈ നാട്ടുഭാഷ വള്ളുവനാടനോ ഏറനാടനോ?
ഭാഷയ്ക്ക് ഇത്തിരിയെക്കാൾ പഴക്കം തോന്നുന്നു.
ഇങ്ങ്‌ള് പക്കത്ത്‌ല് കൊട്ടേല് എയ്‌ത്യേനെക്കൊണ്ട്‌ മുയോനും തെര്‌ഞ്ഞേക്ക്ണ്.

അഗ്രജന്‍ said...

‘ചൂട്ടി’യെ ചുറ്റിപ്പറ്റി നല്ലൊരു കാലത്തിനെ പറഞ്ഞു തന്നു...

പപ്പടപ്പടയും പാലുംവെള്ളവും വാങ്ങിത്തരാന്... കയ്യുള്ള വെള്ളബനിയനിട്ട് അതിനുമുകളിൽ ഉടുത്ത കള്ളിത്തുണിക്കു മുകളിൽ പച്ച അരപ്പട്ട കെട്ടി വെള്ള മുണ്ടും തോളിലിട്ടു ഓത്തുപള്ളിക്ക് പുറത്തെ ചായപ്പീടികയിൽ കാത്തു നിൽക്കുന്ന വെല്ലിപ്പയും... അപ്പുറത്ത് പൂഴിയിൽ കിടക്കുന്ന കൈസറും... ഈ പോസ്റ്റിൽ എനിക്ക് കാണാനാവുന്നുണ്ട്...

kaithamullu : കൈതമുള്ള് said...

ഇത്തിരീ,
പ്രത്യേക നൊയമ്പെടുത്ത് ഇരുന്നാണീ എഴുത്തെന്നറിഞ്ഞൂ.
തപസ്യക്ക് ഫലമുണ്ടാകട്ടേ!
എല്ലാ ആശംസകളും!

മഴത്തുള്ളി said...

ഇത്തിരീ,

ഇത്തവണയും ആസ്വദിച്ചു വായിച്ചു. പാവം ചൂട്ടി. ചൂട്ടി പണ്ട് വീട്ടില്‍ വളര്‍ത്തിയിരുന്ന നായ്ക്കളുടെ ഓര്‍മ്മ നല്‍കി.

അതുപോലെതന്നെ മനുഷ്യര്‍ക്ക് ഈ അസുഖം പിടിച്ചാലുള്ള അവസ്ഥ ഞാന്‍ കണ്ടിട്ടില്ലെങ്കിലും കേട്ടിട്ടുണ്ട്. ഏകദേശം ഒരു കി.മി. ദൂരെ (ഒരു പാടത്തിന് അക്കരെ) ഒരു വീട്ടിലാണ് സംഭവം. അവിടെ ജോലിക്ക് നിന്നിരുന്ന ഒരു 18-20 വയസ്സു പ്രായമുള്ള പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള അലര്‍ച്ചയും പട്ടി കേള്‍പ്പിക്കുന്നതുപോലുള്ള ശബ്ദങ്ങളും വീട്ടില്‍ കേള്‍ക്കാമായിരുന്നു. ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊണ്ടുപോയെന്നറിഞ്ഞു. പിന്നെ ഒന്നുമറിയില്ല.

പോസ്റ്റിന് കൂടുതല്‍ നീളമില്ലാത്തതിനാല്‍ ഓഫീസില്‍ വെച്ച് തന്നെ പെട്ടെന്ന് വായിച്ചു തീര്‍ക്കാനും സാധിക്കുന്നു. അതുപോലെ ബ്രാക്കറ്റില്‍ അര്‍ത്ഥം നല്‍കിയതും ഇഷ്ടമായി. കുറേ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ സാധിക്കുന്നു. കഴിഞ്ഞ പോസ്റ്റില്‍ അത്തരം ഒരു വാക്കു പോലും പോസ്റ്റിന്റെ താഴെ കൊടുത്തിരുന്നതിനാല്‍ നോക്കിയില്ലായിരുന്നു.

മോളെ അടുപ്പിച്ച് നിര്‍ത്തി ചോദിച്ചു...

“ന്തിനാ ഉസ്താദ് പ്പാന്റെ കുട്ടിയെ തച്ചത്.. “
“ഞാന്‍ മുസ്‌ഹഫില്‍ നോക്കി ഇരിക്കാത്തതിനാ...”


സങ്കടമുണ്ടാക്കി ആ ചോദ്യവും ഉത്തരവും.

ഈ മഴ ഇനിയും തകര്‍ത്തടിച്ചു പെയ്യട്ടേ ഇത്തിരീ. അഭിനന്ദനങ്ങള്‍.

shihab mogral said...

ഇത്തിരീ,
നല്ല വായനാസുഖം..
ഗ്രാമീണതയുടെ നിഷ്ക്കളങ്ക മുഖം മെല്ലെത്തെളിഞ്ഞു വരുന്നു....
ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നാടന്‍ ശൈലി അതിഭാവുകത്വമില്ലാതെ വിവരിച്ചിരിയ്ക്കുന്നു...

രണ്ടാം ഭാഗം കൂടുതല്‍ മനോഹരമായി

സുല്‍ |Sul said...

ഇത്തിരീ

കൂടുതലെന്തു പറയാന്‍ ...
മനോഹരം. ഇനിയും പറയൂ കേള്‍ക്കാന്‍ ഞങ്ങളില്ലേ.

-സുല്‍

യൂസുഫ്പ said...

ഉള്ളറിഞ്ഞു വായിച്ചു.ഒപ്പം മനസ്സും കഥാപത്രങ്ങളിലൂടെയും കാലത്തിലൂടെയും സഞ്ചരിച്ചു.ഈ നറുസുഖമുള്ള വായനയുടെ ഉറവ വറ്റാതിരിക്കാന്‍ അടുത്ത ഭാഗം ഉടന്‍ പ്രതീക്ഷിക്കുന്നു.

ആര്‍ബി said...

ഇത്തിരീ...
മാപ്പിളത്തവും പഴമയും ഒരുമയും സ്നേഹവും...

എല്ലാം കൂടി ചങ്കിലൊരു കൊളുത്തിവലി...
ഉഗ്രനാവുന്നു ട്ടൊ... അടുത്ത ഭാഗത്തിനായി നിറമിഴിയോടെ കാത്തിരിക്കുന്നു

ഏറനാടന്‍ said...

ഇത്തിരീ ഈ ഇത്തിരിക്കഥ വായിച്ചു. എന്താ പറയുക, പറയാന്‍ വാക്കുകളില്ല.

ഏ.ആര്‍. നജീം said...

കുഞ്ഞുന്നാളിലെ ഒരുപാട് ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന വായനാനുഭവം...

അടുത്ത പോസ്റ്റിനായ് കാത്തിരിക്കുന്നു...

...പകല്‍കിനാവന്‍...daYdreamEr... said...

ഇത്തിരിയല്ലല്ലോ താന്‍ ഒത്തിരിയാ... :) കൊള്ളാം...

Areekkodan | അരീക്കോടന്‍ said...

ഈ ഭാഷയില്‍ വായിക്കുമ്പോ തന്നെ തന്നെ ഒരു പ്രത്യേക സുഖം....

lakshmy said...

സൂപ്പർ!!!!!!!!!

ഒരു ‘ക്ലാസ്’ കൃതി വായിക്കുന്ന ഫീൽ. ഇത്തിരിവെട്ടത്തെ ഞാനാദ്യമായാണോ വായിക്കുന്നതെന്തോ?! ആണെങ്കിൽ മികവുറ്റ ഒരു പ്രതിഭയെ അറിയാൻ വൈകി.

::സിയ↔Ziya said...

ഓര്‍മ്മകളുടെ തിരുമധുരം നിറച്ച അതിസുന്ദരമായ ആഖ്യാനത്തിലൂടെ
ഇത്തിരീ...
നിങ്ങളെന്റെ ഖല്‍ബില്‍ തീക്കനല്‍ കോരിയിടുകയാണ്...
പൊള്ളലിന്റെ തണുപ്പില്‍ കുളിരുന്നോ വേവുന്നോ ഞാന്‍!

തുടരുക തുടരുക...

ഇത്തിരിവെട്ടം said...

ചൂട്ടി വായിക്കാനെത്തിയ എല്ലാവര്‍ക്കും, അഭിപ്രായം അറിയിച്ച
കുഞ്ഞന്‍.
ചന്ദ്രകാന്തം.
മിന്നാമിനുങ്ങ്.
സാക്ഷി.
പൊതുവാള്‍.
ബഷീര്‍ വെള്ളറക്കാട്.
പാര്‍ത്ഥന്‍.
അഗ്രജന്‍.
കൈതമുള്ള്.
മഴത്തുള്ളി.
ശിഹാബ് മൊഗ്രാല്‍.
പ്രിയ ഉണ്ണികൃഷ്ണന്‍.
സുല്‍.
യൂസുഫ്പ.
ആര്‍ബി.
ഏറനാടന്‍.
ഏ.ആര്‍. നജീം.
പകല്‍കിനാവന്‍.
അരീക്കോടന്‍.
ലക്ഷ്മി.
സിയ.. എന്നിവര്‍ക്കും ഒത്തിരി നന്ദി.

Nachiketh said...

ജനിച്ചു ജീവിച്ച ചുറ്റുപാടില്‍ കണ്ടിരുന്നു നിരവധി പേര്‍ ...

കൂടെ

“ന്തിനാ മോനെ ഇപ്പോ ഒരു നായി... ഇബടെ നമ്മളെ കുട്ട്യേള്‍ക്ക് തന്നെ തിന്നാന്‍ കൊടുക്കാന്‍ കയിണ് ല്ല്യാ ... ഞ്ഞ് അയ്ന്റെ ഏടീല് ഒരു നായിം കൂടി......”.

ഇതൊക്കെ , ഒരു പക്ഷെ ഏറനാടന്‍, വള്ളുവനാടന്‍ ഭാഷകളെ നശിപ്പിയ്കുന്ന നമ്മുടെ സീരിയല്‍ എഴുത്തുകാര്‍ കണ്ടിരുന്നെങ്കിലെന്നു തോന്നി പോവുന്നു

സതീശ് മാക്കോത്ത്| sathees makkoth said...

ഇത്തിരീ, മനോഹരമായി രണ്ടാം ഭാഗം.അടുത്തതിലോട്ട്...

siraj kasaragod said...

നന്നായിരിക്കുന്നു

Anonymous said...

ഇത്തിരിവെട്ടം,

അഭിനന്ദനങ്ങള്‍.
ഇതത്ര സാധാരണമായ ഒരു രചനയല്ല, ഒരു മുന്തിയ ക്ലസിക്‌ സാധനമാണു കേട്ടൊ. ഓരോ വരിയിലും ഒരു പ്രത്യേക വികാരത്തിരതള്ളല്‍ അനുഭവപ്പെടുന്നു. മികച്ച ഒരു സാഹിത്യസൃഷ്ടിയായി മാറാനുള്ള എല്ലാ ലക്ഷണങ്ങളും വ്യക്തമായി കാണുന്നു.

ഞങ്ങള്‍ വായനക്കാരുടെ എല്ലാ പ്രോത്സാഹനങ്ങളും ആശംസകളും.

siraj said...

നല്ല എഴുത്ത്.ഓരോ വരിയിലും ....