Wednesday, June 28, 2017

13. ചക്കിന് ചുറ്റും...

ഭാഗം : പതിമൂന്ന്.

തൊഴുത്തിനോട് ചേര്‍ന്നുള്ള വരാന്തയില്‍ കിടക്കുന്ന കൊമ്പന്‍ മൂരി വീണ്ടും എണീക്കാന്‍ ശ്രമിക്കുന്നുണ്ട്. തൈലവും പൊറാളവും (പുരട്ടാനുള്ള മരുന്ന് കൂട്ട്) എല്ലാമുണ്ടെങ്കിലും അനങ്ങാതെ നോക്കിയാലെ എല്ല് കൂടുകയുള്ളൂ എന്നാണ് അബു കുരിക്കള്‍ പറഞ്ഞത്. അത് കൊണ്ട് കുറ്റിയോട് ചേര്‍ത്ത് ചുരുക്കി കെട്ടിയിട്ടുണ്ട്. അടുത്തിരുന്ന് താടയിലൂടെ കൈയ്യോടിച്ചപ്പോള്‍ അവന്‍ ദയനീയമായി നോക്കി. പിണ്ണാക്കിനൊപ്പം മരുന്നും കൂടി കലക്കിയ കഞ്ഞിവെള്ളം കയ്യിട്ട് ഇളക്കുമ്പോഴാണ് അബ്ദുല്ലാക്ക വിളിച്ചത്.

“കുഞ്ഞ്വോ... ഇജ്ജ് ഒന്ന് വന്നാ... ഇതാ ഇബ്രാഹീം ആട്ടാന്‍ കൊട്ന്ന്ക്ക്ണ്”
“ഞാന്‍ ഇതിനൊന്ന് വള്ളം കാട്ടട്ടേ ... “ കാടി ഇളക്കി കുടിപ്പിച്ച്, പച്ചപ്പുല്ല് കുടഞ്ഞിട്ട് ചക്കാലയിലേക്ക് നടന്നു.

കണ്ടപ്പോല്‍ ഇബ്രാഹീം കാക്ക ചിരിച്ചു. ഓലക്കുട്ടയില്‍ നിറയെ ചിരകി ഉണക്കിയ തേങ്ങയുണ്ട്. പക്ഷേ കണ്ടാല്‍ അറിയാം ... നന്നായി വെയിലത്ത് ഇട്ടിട്ടില്ലന്ന്. പതുക്കെ തിരുമ്മി പാകം നോക്കി.
“ഇബ്രാഹീം കാക്കാ... ഇത് നന്നയി ഒണങ്ങീറ്റ് ല്ലല്ലോ ... ആട്ട്യാല്‍ എണ്ണ മുയുവനും കിട്ടൂല്ല...”
“ഈ മയ ഇങ്ങനെ തൂങ്ങി നിക്കുമ്പോ ന്താ ചെയ്യാ കുഞ്ഞ്വോ.. ഇന്നലെ കൊറച്ച് വെയില് കണ്ടാ തേങ്ങ ചെര്യേത്. ഒന്നുരണ്ട് വെയില് നന്നായി കിട്ടിയപ്പോയേക്ക് മയ ചാറ്റിത്തൊടങ്ങി. ഇന്ന് രാവിലേം ഒന്ന് ചിക്കി എടുത്തതാ. ന്ന്ട്ടും നല്ലോണം ഒണങ്ങീട്ടൊന്നും ഇല്ല്യാ... പക്ഷേ ആയിശു പത്തും തെകഞ്ഞ് നിക്കല്ലേ. ള്ള തേങ്ങാ ആട്ടാ‍ന്ന് വെച്ചു.“

“മൂരി ണ്ടങ്കി ഇത്രേം കൊയപ്പം ഇല്ല്യായിരുന്നു. ഇത് ഞമ്മള് ഉന്ത്യേ എത്ര ആയാലും ആയിക്കിട്ടൂല്ല... അതാ ഞാം പറഞ്ഞത്. “
“ആ കുഞ്ഞ്വോ ഞാന്‍ ചോയ്ക്കണം ന്ന് കര്തീതാ.. ന്തേ കൊമ്പന്‍ മൂരിക്ക് പറ്റ്യേത്.”
“അപ്പ ങ്ങള് അറ് ഞ്ഞ്ട്ട്ല്ല്യേ... അത് കയിഞ്ഞ ദിവസം തെങ്ങിന്‍ കുജ്ജ് ല് വീണ്.. കാല് മുറ്ഞ്ഞ് ക്ക് ണ് ”
“ന്ന്ട്ടോ...”
“മര്ന്നൊക്കെ ണ്ട്... ഞമ്മളെ പോലെ മുണ്ടാന്‍ വെജ്ജല്ലോ... അയ്ന്റെ അട്ത്ത് തന്നെ ആയിരുന്നു ഇന്നലെ മുയുവന്‍. എണ്ണം കൊയമ്പും ഒക്കെ ണ്ട്. ഒന്ന് എണീച്ച് കിട്ടണം. രണ്ട് മൂന്നീസായി അന്തിക്ക് പെരീല് പോക്കും ക്കൂടി പോക്ക് ല്ല്യാ...”

“ന്നാ ഞമ്മക്ക് തൊടങ്ങാം ല്ലേ...” കൊട്ട ചക്കുപുരയിലേക്ക് എടുത്തു.

സൈയ്തുക്കയുമായി ഉടക്കിപ്പിരിഞ്ഞ ശേഷം അബു ഹാജിയുടെ വീട്ടിലാണ് ജോലി. കരിമ്പനെയും കാരിയേയും ഇപ്പോള്‍ നോക്കുന്നത് ഹംസയാണ്. “ന്റെ എര്ത്ത് ഒരു തെറ്റ് വന്നതല്ലേ കുഞ്ഞ്വോ ഇജ്ജ് അങ്ങ്ട്ട് പോരെ... “എന്ന് സെയ്തുക്ക പലവട്ടം പറഞ്ഞിട്ടുണ്ട്. “അയ് നെന്താ ഇന്ക്ക് മനസ്സില്‍ ഒന്നും ഇല്ല്യാ... പിന്നെ പെരിം കുടീം അടഞ്ഞ് കെടക്കല്ലേ.. തീറ്റിം കുടിം ഒക്കെ ഇപ്പോ ഇബ്ടന്ന് തന്നെ. പിന്നെ അമ്മായിനെ കാണാന്‍ ഞാന്‍ അവുടെ വരാറുണ്ടല്ലോ...” എന്നൊക്കെ പറഞ്ഞൊഴിഞ്ഞു.

“ന്നാ തൊടങ്ങല്ലേ മാപ്ല കുട്ട്യേ... “ വേലുവാണ്.
“ആ... തൊടങ്ങാ... ആ ഓലകൊട്ട ചക്കാലീക്ക് ഇട്ത്തോളീ...”
“കുഞ്ഞ്വോ അന്നെ പണ്ട് ഈ വേലു പേട്പ്പിച്ചിട്ട്ണ്ട് ല്ലേ...” ഇബ്രാഹിം കാക്കയാണ്. എല്ലാവരും ഒന്നിച്ച് ചിരിച്ചു.
“ഉം... നാലഞ്ചീസം പനിച്ച് കെടന്നു.” എല്ലവരോടും കൂടെ ചിരിയില്‍ ചേര്‍ന്നു.

വേലു കാരിക്കുട്ടിയുടെ അനിയനാണ്. ചെറുപ്പത്തില്‍ നാടുവിട്ട് മദിരാശിയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തിരിച്ച് വന്നത്. വീട്ടിലേക്ക് തിരിയുന്ന ഇടവഴിക്കരയിലാണ് കാരിക്കുട്ടിയുടെ വീട് . കുട്ടിക്കാലത്ത് പോവുമ്പോഴും വരുമ്പോഴും ഉമ്മുറത്തെ പടാപ്പുറത്ത് വെറ്റില ചവച്ച് അദ്ദേഹം കുന്തിച്ചിരിക്കുന്നുണ്ടാവും. വായില്‍ പല്ലൊന്നുമില്ലാതെ വെറ്റില ചവക്കുന്നത് കാണാന്‍ അന്ന് നല്ല രസമായിരുന്നു. ഇടവഴിലൂടെ ഓടുമ്പോഴെല്ലാം “ന്താ മാപ്ലകുട്ട്യേ... ഓട്ക്കാ... പതിക്ക പെയ്ക്കോളീ... വല്ലോട്ത്തും തട്ടിത്തടഞ്ഞ് വ് ” എന്ന് വിളിച്ചുപറയും. ‘മഗരിബ്‘ (സന്ധ്യസമയത്തെ നമസ്കാരം) കഴിഞ്ഞാല്‍ തുടങ്ങുന്ന പള്ളി ദര്‍സില്‍ (പള്ളിയില്‍ വെച്ച് നടത്തുന്ന മതപഠനം) വെച്ച് ഒരിക്കല്‍ ചുണ്ട് രണ്ടും ഉള്ളിലേക്ക് വലിച്ച് കാരിക്കുട്ടിയെ പോലെ ആഞ്ഞ് ചവച്ചതും മറ്റു കുട്ടികള്‍ പൊട്ടിച്ചിരിച്ചതും കണ്ടാണ് ഉസ്താദ് വന്നത്. “വയസ്സവുമ്പോ ഇജ്ജും അങ്ങനെ ആവും... ആളെ കളിയാക്കാന്‍ പാട്ണ്ടോ... ?” എന്ന് പറഞ്ഞായിരുന്നു അന്ന് കൂരിവടി പലവട്ടം പതിഞ്ഞത് . ഇശാഉം (രാത്രി‍ നിസ്കാരം) രണ്ടാം ദര്‍സും കഴിഞ്ഞ് തിരിച്ച് പോരുമ്പോഴും കാരികുട്ടി പടാപ്പുറത്ത് തന്നെ കാണും.

നല്ല മഴയുള്ള ദിവസമായിരുന്നു കാരിക്കുട്ടി മരിച്ചത്. അര സേറ് (പഴയ കാലത്ത് ഉപയോഗിച്ചിരുന്ന ഒരു അളവ്) അരി വാങ്ങാന്‍ വേണ്ടി ഓടുമ്പോഴാണ് ആ വീടിന് മുമ്പില്‍ ആള് കൂടിയത് കണ്ടത്. അന്ന് ദര്‍സില്‍ വെച്ച് ഹസ്സന്‍ പറഞ്ഞു. മരിച്ച ആളുകള്‍ക്ക് റൂഹാനി (ആത്മാവ് / പ്രേതം) ഉണ്ട്. അത് ദിവസങ്ങളോളം ഖബറിന്റെ അടുത്ത് തന്നെ ഉണ്ടാവും. രാത്രി ആ വഴിക്ക് പോവുമ്പോള്‍ അങ്ങോട്ട് നോക്കരുത്... വിളിച്ചാല്‍ തിരിഞ്ഞ് നോക്കരുത്... എന്ത് ശബ്ദം കേട്ടാലും ഭയം തോന്നരുത്. തിരിഞ്ഞ് നോക്കിയാല്‍ ഭ്രാന്ത് വരും. കൂടാതെ പള്ളിക്കാട്ടില്‍ വെച്ചും ചുടലപ്പറമ്പില്‍ വെച്ചും പേടിച്ച് ഭ്രാന്ത് വന്നവരുടെ കഥകളും കൂടി കേട്ടപ്പോള്‍ “ഇച്ച് ഒരു പേടീം ഇല്ല്യാ... ഞാന്‍ പോവുമ്പോ ആയത്തുല്‍ കുര്‍സ്സി ഓതും. ഒരു ചെയ്ത്താനും അട്ത്ത്ക്ക് വരൂല്ലാ..” എന്ന് മറുപടി പറഞ്ഞെങ്കിലും ദര്‍സ്സ് കഴിഞ്ഞ് എങ്ങനെ വീട്ടില്‍ പോവും എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ. കാരണം ഇടവഴിയോട് ചേര്‍ന്നാണ് കാരിക്കുട്ടിയെ അടക്കിയിരിക്കുന്നത്.

“പെരീല്‍ ആളില്ല... അമ്മായിക്ക് പേട്യാവും... “ എന്ന് ഉസ്താദിനോട് കള്ളം പറഞ്ഞ്, രണ്ടാം ദര്‍സിന് നിക്കാതെ അതേ വഴിക്ക് വീട്ടില്‍ പോവുന്ന അയമ്മദുട്ട്യാക്കാന്റെ കൂടെ കൂടി. നടക്കുമ്പോള്‍ ഇലയനങ്ങിയാല്‍ ഉള്ള് വിറക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് ഉച്ചത്തില്‍ സംസാരിച്ച് കൊണ്ടിരുന്നു. മറവ് ചെയ്ത സ്ഥലത്തെത്തിയപ്പോള്‍ ഇടം കണ്ണിട്ട് നോക്കിയെങ്കിലും ഒന്നും ഇല്ലായിരുന്നു. മൂന്നാല് ദിവസം ഇത് ആവര്‍ത്തിച്ചപ്പോള്‍ ഹസ്സന്‍ പറ്റിച്ചതാണെന്ന് ബോധ്യായി. നാലാം ദിവസം രണ്ടാം ദര്‍സും കഴിഞ്ഞ് ചൂട്ട് നാന്നായി മിന്നിച്ച് വരുമ്പോള്‍ പഴയ ഭയം തിരിച്ചു വന്നു. എത്ര നിയന്ത്രിച്ചിട്ടും മറവ് ചെയ്ത സ്ഥലത്തേക്കും പിന്നെ കാരിക്കുട്ടി സ്ഥിരമായി ഇരിക്കാറുള്ള പടാപ്പുറത്തേക്കും കണ്ണ് പോയി. അവിടെ കാരിക്കുട്ടി കുന്തിച്ചിരിക്കുന്നത് കണ്ടതും, ആ നരച്ച തല ഉയര്‍ത്തി ഇടവഴിയിലേക്ക് നോക്കിയതും അലറി വിളിച്ച് ഓടിയതും ഓര്‍മ്മയുണ്ട്... വീടിന് മുമ്പിലെ കയല് കടക്കാന്‍ ശ്രമിച്ച് ഒന്ന് വീണത് സ്വപ്നം പോലെ ആയിരുന്നു.

കണ്ണ് തുറക്കുമ്പോള്‍ വീട്ടിലെ പടാപ്പുറത്ത് വിരിച്ച ഓലപ്പായയില്‍ ആണ്. നെറ്റിയില്‍ തുണി നനച്ചിട്ടുണ്ട്. തലയുടെ അടുത്തിരുന്ന് ഒരാള്‍ എന്തോക്കെ ചൊല്ലി ഊതുന്നുണ്ട്. “ന്തോ കണ്ട് പേടിച്ചതാ... സാരല്യാ... ഈ ചരട് അരയില്‍ കെട്ടിക്കൊടുക്കണം. പിന്നെ ഊതിയ വള്ളം എടക്ക് കൊടുക്കണം...” മൊയ്തിന്‍ മൊല്ല പറഞ്ഞു. ചരട് കെട്ടുമ്പോള്‍ അമ്മായി ചോദിച്ചു...
“ഇന്ത് കണ്ട്ട്ടാ ന്റെ കുഞ്ഞ്വോ ഇങ്ങനെ പേടിച്ചത്.”
“ഞമ്മളെ കാരിക്കുട്ടിനെ കണ്ട് ... ഇന്നലെ... പടപൊറത്ത് ഇരിക്ക്ണ്ടായിരുന്നു... അയ് കൂടിപ്പോരുമ്പോള്‍ തലപൊന്തിച്ച് ന്നെ നോക്കി..”
“കാരിക്കുട്ട്യോ... ഇജ്ജ് ന്താ കുഞ്ഞ്വോ ഈ പറീണത്. ഓന്‍ മരിച്ച് പോയീലേ...”
“സത്യാ അമ്മായിയേ ... ഞാന്‍ കണ്ടതാ...”
“ഇജ്ജ് ന്തേ കണ്ട്...”
“നരച്ച മുടിള്ള ഒരാള് അവ്ടെ ഇര്ന്നീന്ന്... ന്നെ കണ്ടപ്പോ തല പൊന്തിച്ച് നോക്കി...”
“അത് ന്നാ ഒന്റെ അന്‍ജന്‍ വേലു അയ്ക്കാരം ...” ചയക്കുടിക്കുന്ന മൊല്ലാക്ക ചിരിച്ച് കൊണ്ട് പറഞ്ഞു.
“ആ... വേലു വന്ന് ക്ക്ണ് ന്ന് പറീണത് കേട്ടീന്ന്... കൊറേ കാലം മുമ്പ് നാട് വിട്ട് പോയതല്ലേ.. ഇജ്ജ് ഓന കണ്ടതാവും.”
ഒരാഴ്ച പനിച്ച് പുറത്തിറങ്ങിയപ്പോഴേക്ക് സംഭവം നാടാകെ പാട്ടായിരുന്നു.

തേങ്ങ മുറുകുന്നതിനനുസരിച്ച് ഭാരം വെക്കാനുള്ള കല്ലുകള്‍ തയ്യാറാക്കി വെച്ചു. ഓലക്കൊട്ടയില്‍ നിന്ന് ചിരകിയ തേങ്ങയില്‍ നിന്ന് കുറച്ച് ചക്കിലേക്കിട്ടു. “കൊടം ആ വായില് വെച്ചാളീ... ഇതിന്റെ ഒണക്കം ഇന്ക്ക് അത്ര പിടിച്ച്ട്ട്ല്ല്യ...” ഇബ്രാഹിം കാക്ക എണ്ണ കൊണ്ട് പോവാന്‍ കൊണ്ട് വന്ന കുടം എണ്ണകുഴലിന്റെ അടുത്തേക്ക് ചേര്‍ത്ത് വെച്ചു. ചക്കിന്റെ അടുത്ത് തന്നെ ഇരിക്കണം... തേങ്ങ മുറുകി വരുമ്പോള്‍ ചക്കിന് പുറത്തേക്ക് ഉരുണ്ട് കയറുന്ന പിണ്ണാക്ക് അകത്തേക്ക് തന്നെ നീക്കിയിടണം. പുണ്ണാക്കിന്റെ മുറുക്കം നോക്കി ഭാരക്കല്ലിന്റെ എണ്ണം കൂട്ടണം. അടുത്തേക്ക് നീങ്ങിയിരുന്ന് കോരനോടും വേലുനോടും ഉന്താന്‍ പറഞ്ഞു.

അബു ഹാജിക്ക് അത്യവശ്യത്തിന് കൃഷിണ്ടങ്കിലും പ്രധാന വരുമാനം ഈ ചക്കാല തന്നെ. ഒന്ന് കന്നിനെ കെട്ടുന്നതും മറ്റേത് ആളുന്തുന്നതുമാണ്. ഉന്താനുള്ള ആളെ ആട്ടാന്‍ വരുന്നവര്‍ തന്നെ കൊണ്ട് വരണം. ചക്കിന്‍ തണ്ടിലിരുന്ന് കൊമ്പന്‍ മൂരിയെ ളിക്കാറായിരുന്നു ജോലി. ‘കണ‘ തിരിയുമ്പോള്‍ പിണ്ണാക്ക് പുറത്ത് പോവാതെ ‘മാടിയിടാന്‍’ അബ്ദുല്ലാക്ക ഉണ്ടാവും. മൂരി കിടപ്പിലായതോടെ ആ ചക്ക് വെറുതെ കിടപ്പാണ്. കൊമ്പന് സാധാരണ നാലോ അഞ്ചോ തവണ വെള്ളം കാട്ടണം.. പിന്നെ പച്ചപ്പുല്ലും വൈക്കോലും വേണ്ടത്ര. ഇടക്ക് ആടിന്റെ കുടല്‍ വൃത്തിയാക്കി മഞ്ഞളും കൂട്ടി വേവിച്ച് കൊടുക്കും. രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ കോഴി കൊടുക്കും. അറുത്ത് തൂവല്‍ കളഞ്ഞ് വെളിച്ചെണ്ണയും മഞ്ഞളും കൂട്ടി കുന്താണിയില്‍ ഇട്ട് നന്നായി ഇടിച്ചെടുക്കുമ്പോള്‍ മാംസം പഞ്ഞിപോലെ ആവും. രാത്രി വെള്ളം കാട്ടിയ ശേഷം അതില്‍ നിന്ന് കുറേശ്ശേ പച്ചപ്പുല്ലില്‍ പൊതിഞ്ഞ് വായില്‍ വെച്ച് തീറ്റിക്കണം.

രാവിലെ വെയിലറിക്കുന്നതിന് മുമ്പ് ചക്കിനോട് ചേര്‍ത്ത് കെട്ടിയാല്‍ ഉച്ചയ്ക്ക് ഒന്ന് അഴിച്ച് കെട്ടും. കാലോടാന്‍ വേണ്ടി വെള്ളിയാഴ്ച മുള്ളത്തോ ആല്‍പ്പറമ്പിലോ തീറ്റിക്കാന്‍ വിടും. ഇപ്രാവശ്യം പുറത്തിറക്കിയപ്പോള്‍ കയറും വലിച്ച് ഓടിയതും തെങ്ങിന്‍ കുഴിയില്‍ അടിതെറ്റി വീണതും ഒരുമിച്ചായിരുന്നു. പിന്നെ അതില്‍ നിന്ന് കയറ്റാന്‍ തന്നെ ബുദ്ധിമുട്ടി. ആദ്യംനാട്ടുവൈദ്യന്‍ അയ്യപ്പനും പിന്നെ മര്‍മ്മ ചികിത്സ അറിയുന്ന അബു കുരിക്കളും വന്നു. അരച്ചിടന്‍ കൂട്ടുമരുന്നും തേക്കാന്‍ തൈലവും തന്നെങ്കിലും ഇനി എഴുന്നേറ്റ് നടക്കുമോ എന്ന് ഉറപ്പില്ല എന്നാണ് കുരിക്കള്‍ പറഞ്ഞത്.

“കുഞ്ഞു കാക്കാ... ഇങ്ങള് ന്തേ കൊറച്ചീസായി അങ്ങ്ട്ട് വരാത്തത്. മ്മ ഇന്ന് അവുടം വരെ വരാന്‍ പറഞ്ഞ് ക്ക്ണ്...” ബീവി അമ്മയിയുടെ മകന്‍ ഹംസയാണ്.
“ഞാന്‍ വൈന്നാരം അങ്ങ്ട്ട് വരാന്ന് പറഞ്ഞാളാ... ഇവിടെ ആ മൂരി വീണതില്‍ പിന്നെ പെരീക്കും പോയിട്ടില്ല. അന്തിക്ക് അയ്നെ കെയ്കി തൈലം തേക്കാനൊക്കെ ള്ളതാ. അതാ അങ്ങ്ട്ട് വെരാം പറ്റാഞ്ഞത്. ഇന്തേ പ്രത്യേകിച്ച്.”
“ആവം.. ഇച്ച് അറീല്ല.”
“ഞാന്‍ വൈന്നാരം ആ വയിക്ക് വരാന്ന് പറഞ്ഞാളാ... ഒരു കഷ്ണം പുണ്ണാക്ക് തിന്നോ....” അധികം മുറുകിയിട്ടില്ലാത്ത പിണ്ണാക്കില്‍ നിന്ന് രണ്ട് കഷ്ണം ഹംസക്ക് കൊടുത്തു.

അമ്മായിയെ കണ്ടിട്ട് ദിവസങ്ങളായി. ബാപ്പയും ഉമ്മയും മരിച്ച് ആട്ടും തുപ്പും സഹിച്ച് ജീവിക്കുമ്പോഴാണ് ബീവിഅമ്മായി കൂട്ടിക്കൊണ്ടുവന്ന് വളര്‍ത്തിയത്. അന്ന് മുതല്‍ ആ കുടുബത്തോടൊപ്പമായിരുന്നു. കാരിയേയും കരിമ്പനേയും കൊണ്ട് നടന്നും പാടത്തും പറമ്പിലും അമ്മായിയെ സഹായിച്ചും കഴിയുമ്പോഴാണ് സെയ്തുക്ക തിരിച്ച് വന്നത്. സെയ്തുക്കാന്റെ കല്ല്യാണത്തിന് മുമ്പ് തന്നെ താമസം മാറേണ്ടി വന്നു. കാരണം വളരെ നിസ്സാരമായിരുന്നു. പക്ഷേ ‘കള്ളന്‍’ എന്ന് വിളിച്ചപ്പോള്‍ തളര്‍ന്ന് പോയി. സങ്കടം സഹിക്കാതെ തേങ്ങിക്കരഞ്ഞാണ് അന്ന് നേരം വെളുപ്പിച്ചത് , കൊല്ലം അഞ്ചാറ് കഴിഞ്ഞെങ്കിലും.ഇന്നലെ കഴിഞ്ഞ പോലെത്തന്നെ. കോട്ടക്കല്‍ പൂരത്തിന് വെടിക്കെട്ട് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അന്ന് പിന്നെ ഉറങ്ങാന്‍ സമയം ഉണ്ടായിരുന്നില്ല. സാധാരണ പോലെ രാവിലെ പണിക്കിറങ്ങി. അത് കഴിഞ്ഞ് പള്ളിക്കുളത്തില്‍ നിന്ന് കുളിച്ച് തോര്‍ത്തുമ്പോഴാണ് സെയ്തുക്ക അന്വേഷിച്ച് വന്നത്.

“കുഞ്ഞ്വോ ഇജ്ജ് ഒന്ന് വന്നാ... ഒരു കാര്യം ചോയ്ക്കാണ്ട്...”
“ഞാം ദാ വര്ന്നൂ “ എന്നും പറഞ്ഞ് പെട്ടൊന്ന് തോര്‍ത്തിക്കയറി.
“ന്തേ..” എന്ന് ചോദിച്ചതും “ഇജ്ജ് ഇന്റെ കായിട്ത്തോ...” എന്നായി.
പാതി വിറച്ചാണ് ചോയ്ച്ചത് .. “ഏത് കായീ ..
“അത് അനക്ക് അറിഞ്ഞൂട അല്ലേ ഹിമാറേ... ഞാന്‍ പാത്ത് വെച്ച് രുന്ന കായി ട്ത്ത് അല്ലേ ഇജ്ജ് ഇന്നലെ പൂരത്തിന് പോയത്.“
“ങ്ങള് ന്താ ഈ പറീണത്... ഞാന്‍ ഇങ്ങള് തല്ലെ ആരുടേം കാല്‍ കായി എട്ത്ത്ട്ട്ല്ല്യാ..”
“പിന്നെ ഇന്റെ കുപ്പായ കീസിന്റെ കായി ചോര്‍ന്ന് പോയാ...” സൈയ്തുക്കാന്റെ ശബ്ദം ഉയര്‍ന്നു.
ആളുകള്‍ ചുറ്റും കൂടി.
ഒന്നും പറയാന്‍ കഴിയുന്നില്ല.
കണ്ണ് രണ്ടും നിറഞ്ഞു., തൊണ്ടയില്‍ കൊളുത്ത് വീണു., ചെവി രണ്ടും ചുട്ടുപ്പൊള്ളുന്നുണ്ട്.
കൂടിയവരോട് വിശദീകരിക്കുമ്പോള്‍ ഇക്കാന്റെ ഒച്ച പിന്നെം ഉയര്‍ന്നു.
“തന്തേം തള്ളീം ല്ല്യാന്ന് വെച്ച്ട്ട് എല്ലാരും കൂടി ഓമന്‍ച്ച് കേട് വെര്ത്തീതാ ... നക്കാന്‍ കൊടുത്തതിന്റെ നന്ദിയേലും ണ്ടായീന്നങ്കി ഓന് ഇന്റെ കായി ഇട്ക്കോ...”
“സൈയ്തോ അയ്ന് ഇജ്ജ് വെച്ചോട്ത്തൊക്കെ ഒന്ന് കൂടി നോക്ക്. ഓന്‍ ഇടത്ത്ട്ട്ല്ല്യാന്നെല്ലേ പറിണത്.” അവറാന്‍ കാക്കായാണ്
“ഞാന്‍ എല്ലോട്ത്തും നോക്ക്യാതാണ്. ഓനല്ലാതെ ബേറെ ആര് ഇട്ക്കാനാ...”

എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. കണ്ണ് നിറഞ്ഞൊലിച്ച് കൊണ്ടിരുന്നു. സ്വന്തം വീട്ടിലെ പടാപ്പുറത്ത് കിടന്ന് തേങ്ങിത്തേങ്ങിക്കരയുമ്പോഴാണ് അമ്മായി അന്വേഷിച്ചു വന്നത്. ചൂട്ട് കുത്തിക്കെടുത്തുമ്പോള്‍ അവര്‍ പറഞ്ഞു “ന്റെ കുഞ്ഞ്വോ ആ സൈയ്തൂ അറിയാതെ പറഞ്ഞതാ... ആ കായി ഒന്റെ കട്ടില്‍ന്റെ അട്ത്ത് തന്നെ ണ്ടായിരുന്നു. കുപ്പായത്ത്ന്ന് വീണതെയ്ക്കാരം ... സാരല്ല്യാടാ.. ഇജ്ജ് ആണ്ട് പോരെ.” മറുപടി പറയാന്‍ കരുത്ത് ഇല്ലായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് അമ്മായി പോവാനൊരുങ്ങി. തലയിലൂടെ കൈകള്‍ ഓടികൊണ്ടിരുന്നു. “ഇന്നാ ഇജ്ജ് ഇന്ന് ബ്ടെ കെടന്നോ... ഒരു ആണല്ലഡാ... കായിം പണും പടച്ചോന്‍ അനക്കും തരും...” അവരുടെ ശബ്ദം ഇടറിയിരുന്നു. മുഴുവന്‍ കെടാത്ത ചൂട്ടുകുറ്റി ഒന്നൂടെ മിന്നിച്ച് അവര്‍ തിരിഞ്ഞ് നടന്നു.

വല്ലപ്പോഴും അമ്മയിയെ കാണാന്‍ മാത്രമായി ആ വീട്ടിലേക്കുള്ള സന്ദര്‍ശനം. സെയ്തുക്ക ആദ്യമൊന്നും മിണ്ടാറുണ്ടായിരുന്നില്ല. കല്ല്യാണത്തിന് തൊട്ട് മുമ്പ് ഒരിക്കല്‍ രാത്രി പെരീല് വന്ന് പൊരുത്തപ്പെടീച്ചു. കല്ല്യാണം കഴിഞ്ഞ് വര്‍ഷം മുന്നാലായി... സെയ്തുക്കാക്ക് ഒരു മകളായി... അമ്മായിയെ കാണാന്‍ പോവുമ്പോള്‍ സല്‍മൂന് എന്തെങ്കിലും വാങ്ങിക്കണം.

“ഒന്നും കൂടെ മുറുകണം കുഞ്ഞ്വോ...” ഓലക്കുട്ടയിലാക്കിവെച്ച പിണ്ണാക്ക് കൈ കൊണ്ട് അമര്‍ത്തി പാകം നോക്കുമ്പോള്‍ ഇബ്രാഹിം കാക്ക പറഞ്ഞു. “അയ്നെന്താ... ഇങ്ങള് ആ കൊട്ട ഈണ്ട് നീക്കി ഞാന്‍ ഒന്നും കൂടെ ഇടാം...”

‘എന്തിനാവും വിളിപ്പിച്ചത്...‘ എന്ന സംശയം അകത്ത് ഉരുണ്ടുകൂടിത്തുടങ്ങിയിരിക്കുന്നു.

14 comments:

ഇത്തിരിവെട്ടം said...

പ്രേതം...

അനോണിമാഷ് said...

ങും പ്രേതം...

കുഞ്ഞൻ said...

കുഞ്ഞാ‍ന്നുള്ള വിളി കേട്ട് വന്നതാണേ..

പേടിപ്പിയ്ക്കല്ലെ..

kaithamullu : കൈതമുള്ള് said...

വരട്ടെ....

ഇത്തിരിവേഗം.....

ഖാന്‍പോത്തന്‍കോട്‌ said...

അന്ന് ബ്ലോഗ് മീറ്റില്‍ കണ്ട ശേഷം ഇപ്പഴാ കാണുന്നത് ..!! ഇത്തിരി വെളിച്ചത്തിലെ ഈ പ്രേതത്തിന് ആശംസകള്‍..!!!

വല്യമ്മായി said...

സംഭാഷണം മാത്രം മലപ്പുറം ഭാഷയിലാക്കി വിവരണം എഴുത്ത് ഭാഷയിലാക്കിയാല്‍ മലപ്പുറം ഭാഷ അറിയാത്തവര്‍ക്കും മനസ്സിലക്കാന്‍ എളുപ്പമുണ്ടാകും.

തെച്ചിക്കോടന്‍ said...

ബ്ലോഗിന് ചുറ്റും ..കാത്തിരിക്കുന്നു, അടുത്തതിനായി..

സുല്‍ |Sul said...

ഉം ഗംഭീരം.
ബാക്കി?

മാണിക്യം said...

.....പക്ഷേ ‘ഞങ്ങള്‍ക്കിടയിലെ രഹസ്യം‘ എങ്ങനെ ഇവളറിഞ്ഞു എന്ന് മനസ്സ് ചോദിച്ചുകൊണ്ടിരുന്നു.
ചോദ്യത്തിനു ഉത്തരം ഈ തവണ കിട്ടുമേന്നാ ഓര്‍ത്തത് ..
ഇപ്പോള്‍ മറ്റൊരു ദിക്കില്‍ എത്തി എന്നാലും മരിച്ചവരെ ഓര്‍ത്ത് ഭയപ്പെടണ്ട അവര്‍ ഒന്നും ചെയ്യില്ല. ജീവിച്ചിരിക്കുന്നവരുടെ ക്രൂരത അവര്‍ക്കില്ല ...

നല്ല ഒഴുക്കുള്ള എഴുത്ത് വായിച്ചു തീരുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് നടുവില്‍ എത്തുന്ന പ്രതീതി
മനുഷ്യരേയും മൃഗങ്ങളെയും സ്നേഹിക്കുന്ന ശുദ്ധരായ മനുഷ്യരെ തൊട്ടറിയാന്‍ ആവുന്നു
ആശംസകള്‍

ആര്‍ബി said...

chakkum chakkaalayum kaanaan kothichitu kure kaalaayi

ithu vaayikkumbol anganeorennathine aduthirikkunna pratheethi..


:)

ഇട്ടിമാളു said...

വല്ല്യമ്മായി പറഞ്ഞതിന്റെ താഴെ എന്റെ വക ഒരു ഒപ്പ്.. :)

ഇത്തിരിവെട്ടം said...

എല്ലാ വായനക്കാര്‍ക്കും, അഭിപ്രായം അറിയിച്ച അനോണിമാഷ്, കുഞ്ഞന്‍, കൈതമുള്ള്, ഖാന്‍പോത്തനകോട്, വല്യമ്മായി, തെച്ചിക്കോടന്‍, സുല്‍, മാണിക്യം, ആര്‍ബി, ഇട്ടിമാളു... എല്ലവര്‍ക്കും ഒത്തിരി നന്ദി.

ഉപാസന || Upasana said...

എനിക്കും പരിചിതമായ സന്ദര്‍ഭങ്ങള്‍ ആണല്ലോ ഇത്തിരി ഇവയെല്ലാം.
അവതരണം ഇഷ്ടമായി.

വര്‍ത്തമാനത്തില്‍ നിന്ന് കാരി / വേലു ഭൂതകാലത്തേക്ക് ഇത്തിരി സുഗമമായി ചാടുകയും തിരിച്ചു വരുകയും ചെയ്തു. മനോഹരം
:-)
സുനില്‍ || ഉപാസന

jayarajmurukkumpuzha said...

gambeeram,,,,,, aashamsakal.........