Sunday, September 03, 2006

അറിയാതെ പോയ ആദ്യ പ്രണയം..

എനിക്ക്‌ അവളെ ഇഷ്ടമായിരുന്നു. അത്‌ പ്രണയത്തിന്റെ ഗണത്തില്‍ പെടുത്താമോ എന്നറിയില്ല. ഏഴാം ക്ലാസ്സില്‍ പഠിക്കുന്നസമയം. അധ്യായന വര്‍ഷത്തിലെ മൂന്നാല്‌ മാസം കഴിഞ്ഞ ശേഷമാണ്‌ പുതിയൊരു ഡിവിഷന്‍ ഉണ്ടാവുന്നത്‌. ഉര്‍ദു ഭാഷ പഠിക്കുന്ന ഞങ്ങള്‍ ഏതാനും കുട്ടികളും സംസ്കൃതം പഠിക്കുന്ന ആറോ ഏഴോ വിദ്യാര്‍ത്ഥികളേയും ചേര്‍ത്ത്‌ ഏഴ്‌-ഇ എന്നൊരു പുതിയ ബാച്ച്‌.


അന്ന് ഞങ്ങള്‍ പുതുതായി ചേക്കേറിയ ക്ലാസിനോട്‌ ചേര്‍ന്ന് ഡസ്കിനോളം ഉയരത്തില്‍ അരചുമര്‌ വെച്ച്‌ വേര്‍തിരിച്ച മറ്റൊരു ക്ലാസുണ്ടായിരുന്നു. ആറ്‌ - സി. അതായിരുന്നു അവളുടെ തട്ടകം. സഹപാഠികളിലധികവും തടിമിടുക്ക്‌ കൊണ്ട്‌ എന്നെക്കാള്‍ മുതിര്‍ന്നവരായതിനാല്‍ ഞാന്‍ എപ്പോഴും വിനീതനായി കഴിഞ്ഞു. ബാലരമ, ബാലമംഗളം, മലര്‍വാടി... തുടങ്ങി കിട്ടുന്ന സകല ബാലപ്രസിദ്ധീകരണങ്ങളും വായിച്ചു തിര്‍ക്കുക എന്നൊരു അസ്കിതയൊഴിച്ച്‌ മറ്റൊരുദുസ്വഭാവവും ഇല്ലാത്ത ശുദ്ധപാവം. നല്ലോരു വായനക്കാരിയായിരുന്ന അവളെ അങ്ങനെ പരിചയപ്പെട്ടു. പിന്നീട്‌ കിട്ടുന്ന എല്ലാപുസ്തങ്ങളും ഞങ്ങള്‍ രണ്ടാളും വായിച്ചു.


ഭൂമിയില്‍ ഏറ്റവും ഇഷ്ടവിഷമേതെന്ന് ചോദിച്ചാല്‍ കണക്ക്‌ എന്ന് പറഞ്ഞിരുന്ന ഒരു കാലമായിരുന്നു അത്‌. കണക്കിലായിരുന്നു ഇത്തിരിയെങ്കിലും മാര്‍ക്ക്‌ കൂടുതല്‍ കിട്ടിയിരുന്നത്‌ എന്നതു തന്നെ കാരണം. അവള്‍ക്കാണെങ്കില്‍ കണക്കെന്ന് കേള്‍ക്കുന്നത്‌ തന്നെ വിറയലോടെ. അങ്ങനെ ഏഴാം ക്ലാസ്സിലായിരിക്കേ ഞാന്‍ ആറാം ക്ലാസ്സുകാരിയും കണക്കില്‍ വളരെ മോശവുമായിരുന്ന അവളെ കണക്ക്‌ പഠിപ്പിക്കാന്‍ തുടങ്ങി. പഠിപ്പിക്കാനായി പഠിച്ചപ്പോള്‍ എനിക്കും മാര്‍ക്ക്‌ കൂടി. അങ്ങനെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.


ഞാന്‍ എട്ടാം ക്ലാസ്സിലായപ്പോള്‍ ഒരു വര്‍ഷം അവളെ കണാറുണ്ടായിരുന്നില്ല. അടുത്ത വര്‍ഷം അവള്‍ അതേ സ്കൂളിലെത്തിയതോടെ പഴയ സുഹൃത്തുക്കളായ ഞങ്ങള്‍ ആ സൌഹൃദം തുടര്‍ന്നു. ഹൈസ്കൂളിലിലെ രണ്ടുവര്‍ഷം കൊണ്ട്‌ ഞങ്ങള്‍ കൂടുതല്‍ അടുത്തു. എനിക്ക്‌ ഇഷ്ടമായിരുന്നു അവളെ, നല്ല സുഹൃത്തായി. അവള്‍ക്ക്‌ തിരിച്ചും. അതിനു പ്രണയം എന്ന് വിളിക്കമോ എന്നറിയില്ല. പക്ഷേ മറ്റുപെണ്‍കുട്ടികളോട്‌ ഞാന്‍ സംസാരിക്കുന്നത്‌ അവള്‍ ഇഷ്ടപെട്ടിരുന്നില്ല. സ്കൂള്‍ വിദ്യാഭ്യാസം തീര്‍ന്നതോടെ രണ്ടാളും രണ്ട്‌ വഴിക്കായി. പിന്നെ യാദൃശ്ചികമായി വല്ലപ്പോഴും കണ്ടെങ്കിലായി.


കഴിഞ്ഞ വ്യാഴാഴ്ച കരാമ ലുലു സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരാഴ്ചക്കുള്ള പര്‍ച്ചേസിനായി നടക്കുമ്പോള്‍ മുമ്പില്‍ ഒരു സ്ത്രീ.. ഇത്തിരി തടിച്ച്‌ കൈയ്യില്‍ തൂങ്ങുന്ന ഒരു കൊച്ചുപെണ്‍ക്കുട്ടിയുമായി അടുത്തുവന്ന് സൂക്ഷിച്ച്‌ നോക്കുന്നു. പിന്നെ ഒരു ചോദ്യവും 'എടാ നീ എന്താ ഇവിടെ'. ഞാന്‍ വല്ലാതെയായി എത്ര ഓര്‍മ്മയിലെവിടെയും ഇങ്ങിനെ ഒരു മുഖം ഉണ്ടായിരുന്നില്ല. ഞാന്‍ നിന്ന് പരുങ്ങി. ഉടനെ അടുത്ത ചോദ്യം നിനക്കന്നെ മനസ്സിലായില്ല അല്ലേ.. ഇത്തിരി അലോചിച്ച്‌ സൈക്കളില്‍ നിന്ന് വീഴുമ്പോള്‍ ചിരിക്കാനായി സ്റ്റോക്ക്‌ ചെയത ഒരെണ്ണം മുഖത്ത്‌ ഫിറ്റ്‌ ചെയ്ത്‌ ഞാന്‍ ഓര്‍ക്കുന്നില്ല.. എന്നു പറഞ്ഞു. എനിക്കുതോന്നി.. ഞാന്‍ റൂബി. ഇപ്പോള്‍ ഓര്‍ക്കുന്നോ..


ഒരു നിമിഷം പഴയ ആ ഏഴാം ക്ലാസും കൃഷ്ണന്‍ നമ്പൂതിരി മാഷുടെ കണക്ക്‌ ക്ലാസ്സും സ്കൂളും എല്ലാം ഒരുനിമിഷം ഓര്‍മ്മയില്‍ മിന്നിമറഞ്ഞു. കൊച്ചു വര്‍ത്താനങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കേ അവളുടെ ഭര്‍ത്താവ്‌ വന്നു. പിന്നെ എന്നെ ഇങ്ങിനെയാണ്‌ പരിചയപ്പെടുത്തിയത്‌.


ഞാന്‍ പറഞ്ഞിട്ടില്ലേ.. ഇതാണ്‌ ആ ആദ്യത്തെ കാമുകന്‍. ഞാന്‍ ശരിക്കും ഞെട്ടിപോയി. തികഞ്ഞ ചമ്മലോടെ ലുലുവില്‍ നിന്ന് പുറത്തിറങ്ങവേ പുള്ളിക്കാരന്‍ വിശദീകരിച്ചു ഇവള്‍ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌ നിങ്ങളെ കുറിച്ചും പിന്നെ ഒരു വണ്‍ വേ പ്രണയത്തെ കുറിച്ചും. അതിലെ ഹീറൊ നിങ്ങളായിരുന്നു. ഞങ്ങള്‍ ഒന്നിച്ച്‌ ചിരിച്ചു.


പിന്നെ ഒന്നിച്ചു ഭക്ഷണം. അവള്‍ ഭര്‍ത്താവും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം സന്തോഷമായി ദുബൈയില്‍ കഴിയുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ സ്കൂള്‍ ജീവിതവും ഗള്‍ഫും ഞങ്ങളുടെ കുടുംബവും എല്ലം ചാര്‍ച്ച വിഷയമായി. ഇനിയൊരിക്കല്‍ വീട്ടില്‍ വരാം എന്ന എന്റെ ഉറപ്പിന്മേല്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ചു പിരിഞ്ഞു.


അറിയാതെ പോയ ആദ്യ പ്രണയത്തിന്റെ ഓര്‍മ്മക്ക്‌.. ഇതിവിടെ ഒരു കിടക്കട്ടേ..

40 comments:

Rasheed Chalil said...

അറിയാതെ പോയ ആദ്യ പ്രണയത്തിന്റെ ഓര്‍മ്മക്കായി ഒരു പോസ്റ്റ്.

വല്യമ്മായി said...

ഓ ഇതിനാണല്ലെ മഞ്ഞക്കിളിയിലൊരു മെമ്പര്‍ഷിപ്പിനായി നടന്നിരുന്നത്.നിഷ്കളങ്കയായ ആ കൂട്ടുകാരിയേയും നല്ല മനസ്സുള്ള അവളുടെ ഭര്‍ത്താവിനേയും ദൈവം അനുഗ്രഹിക്കട്ടെ

മുസ്തഫ|musthapha said...

അതെ ചില പ്രണയങ്ങളങ്ങിനെയാണ്.

ചിലതൊരിക്കലും അറിയാതെ പോകും,
മറ്റ് ചിലത് ഓര്‍മ്മകള്‍ക്ക് നിറം വെയ്ക്കുമ്പോള്‍ അത് പ്രണയമായിരുന്നെന്ന് തിരിച്ചറിയും.

വല്യമ്മായി പറഞ്ഞതാണ് ശരി...

കൈത്തിരി said...

നിര്‍മ്മലം, നിര്‍ദ്ദോഷം... സുന്ദരം...

ശാലിനി said...

പറയാതെ പോയ ഒരു പ്രണയത്തെ കുറിച്ചോര്‍ത്തു. കമലിന്റെ മേഘമല്‍ഹാര്‍ എന്ന സിനിമ കണ്ടപ്പോഴും ഓര്‍ത്തു. പ്രണയിച്ചു തന്നെയാണ് വിവാഹം കഴിച്ചത്. അഗ്രജന്‍ പറഞ്ഞതുപോലെ ചിലത് തിരിച്ചറിയുമ്പോള്‍ വൈകും. വല്യമ്മായി പറഞ്ഞ ആശംസ ഞാനും നേരുന്നു.

ഏറനാടന്‍ said...

"മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..
മനസ്സിലെന്നും മാരിക്കാവടിയാടുന്നുണ്ടേയ്‌.." - മഞ്ഞക്കിളിയില്‍ താങ്കള്‍ക്കൊരു അംഗത്വത്തിന്‌ ശ്രമിച്ചൂടേ?

വളയം said...

അറിയാതെ പോവുന്ന പ്രണയവും, പറയാതെ പോവുന്ന പ്രണയവും (രണ്ടും ഒന്നല്ല!) കാലം കഴിയുമ്പോള്‍ നല്ലൊരു ഫലിതമാവുന്നു. (ചിലപ്പോള്‍ നീറുന്ന ഫലിതം).

Unknown said...

ഇത്തിരിവെട്ടം,
പറയാതെ പോകുന്ന പ്രണയങ്ങള്‍ പിന്നീട് അറിയുന്നത് രസകരം തന്നെ. അവ നോവിക്കുമോ? എനിക്ക് അറിയില്ല.

(ഓടോ: ഇങ്ങനെയാണെങ്കില്‍ എത്ര പ്രണയങ്ങള്‍ ഞാന്‍ അറിയാതെ പോയിരിക്കും?) :-(

അത്തിക്കുര്‍ശി said...

ഇത്തിരിവെട്ടം,

പ്രണയം... നഷ്ടവസന്തങ്ങള്‍

സൌഹൃദത്തിനും പ്രണയത്തിനുമിടയിലെ ഒരു നേര്‍ത്ത അതിര്‍ത്തി.. അതലിഞ്ഞില്ലതാവുന്നതു നമ്മള്‍പലപ്പോഴും അറിയാറില്ല. കൌമാരത്തില്‍ പോലും

Radheyan said...

പ്രണയം കുറെ അറിയാതെ പോയി,
അറിഞ്ഞിട്ടും ചിലത് പറയതെ പോയി
പറഞ്ഞിട്ടും ചിലത് കേള്‍ക്കതെ പോയി
കേട്ടവരില്‍ ചിലര്‍ ആട്ടിയിട്ട് പോയി
ഇഷ്ടം കൂടിയവള്‍ ഒരുവള്‍ മാത്രം
ഒറ്റാലില്‍ ഉള്ളതിനെക്കാല്‍ മുഴുത്തതൊന്നു
കിഴക്കുന്ന് വരുന്നത് കണ്ടിട്ടൊ മറ്റൊ
ഒരുദിനം അവളങ്ങിട്ടിട്ട് പോയി

Rasheed Chalil said...

വല്ല്യമ്മാ‍യി നന്ദി.. ഇതിനുതന്നെയായിരുന്നു മഞ്ഞക്കിളി അന്വേഷിച്ചത്. താങ്കളുടെ പ്രാത്ഥനയില്‍ ഞാനും പങ്കുചേരുന്നു.

അഗ്രൂ നന്ദി.. ഇതിനെ പ്രണയമെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല. എന്റെ മനസ്സില്‍ സ്വപ്നത്തില്‍ പോലും അങ്ങനെ തോന്നിയിട്ടില്ല. ഞാനെവിടെയോ വായിച്ചിട്ടുണ്ട്. ആണ്‍കുട്ടികളേക്കാള്‍ വേഗത്തിലാണ് പെണ്‍കുട്ടികളുടെ വളര്‍ച്ചയെന്ന്. ചിലപ്പോള്‍ അതായിരിക്കാം. ആ എനിക്കറിയില്ല. അറിയുന്നവര്‍ പറയട്ടേ..

കൈത്തിരി. നന്ദി, അത്രയേ ഉള്ളൂ..

ശാലിനി നന്ദി, അഗ്രൂവിനോട് പറഞ്ഞത് ചേര്‍ത്തുവായിക്കണ മെന്ന അപേക്ഷയോടെ.. പിന്നെ എത്ര കൂട്ടിക്കിഴിച്ചിട്ടും ഇപ്പോഴു എനിക്ക് അവിടെയൊന്നും ഒരു പ്രണയത്തിന്റെ തരിപോലും കാണാന്‍ കഴിയുന്നില്ല. ചിലപ്പോള്‍ എന്റെ കുഴപ്പമാവാം.

ഏറനാടന്‍ ഭായി, നന്ദി. ഇന്നലെ മുഴുവന്‍ മഞ്ഞക്കിളീ പൂയ്.. മഞ്ഞക്കിളീ പൂയ്.. എന്ന് ബൂലോഗം മുഴുവന്‍ വിളിച്ചുനടന്നിട്ടും ഒരാളും തിരിഞ്ഞുനോക്കിയില്ല. പിന്നെ രണ്ടും കല്‍പ്പിച്ച് ഇവിടെ തന്നെ പോസ്റ്റി. എന്തുചവറും പോസ്റ്റാമല്ലോ.. ഇത് നമ്മുടെ സ്വന്തം സ്ഥലമല്ലേ.. ഹ.. ഹ.. എങ്ങനെയുണ്ടെന്റെ ബുദ്ധി.

വളയമേ നന്ദി,പ്രണയത്തോടൊപ്പം വിരഹവും നൊമ്പരവും കാണും അതാണുസത്യം. പിന്നെ അറിയാതെ പോവുന്ന പ്രണയവും, പറയാതെ പോവുന്ന പ്രണയവും പിന്നെ ഈ പോസ്റ്റും മൂന്നണന്നെല്ലേ... എനിക്കുമനസ്സിലായി.. ഡാങ്ക്സ്.

ദില്‍ബൂ നന്ദി, എന്നെ നോവിച്ചിട്ടില്ല. ചിലരെയെങ്കിലും നോവിച്ചിട്ടുണ്ടായിരിക്കാം. എനിക്കറിയാം ഒരു തര്‍ക്കം ഉണ്ടാക്കാനെല്ലേ.. ആ കച്ചോടത്തിനു ഞാനില്ല മാഷേ (ഒന്നു തമാശിച്ചതാ.. ചിരിച്ചു വിജയിപ്പിക്കണേ)

അത്തികുര്‍ശി മാഷേ നന്ദി, താങ്കള്‍ പറഞ്ഞാതാവും ഇവിടെയും സംഭവിച്ചത്.

രധേയരേ.. നന്ദി.. കമന്റിലാകെ ഒരു നിരാശകാമുകന്റെ മങ്ങിയ മുഖം. കാത്തിരിക്കൂ. കൈപിടിക്കാനാളുവരും. കാത്തിരിക്കാനുള്ള ക്ഷമയാണു പ്രധാനം (ഞാന്‍ വെറുതെ പറഞ്ഞതാ)

ഡാലി said...

ഇത്തിരി, വായിച്ചപ്പോള്‍ മനസ്സില്‍ അറിയതെ ഓടി കയറി വന്നത് മേഘമല്‍ഹാര്‍ എന്ന സിനിമ. അതും ഇതുമായി യാതൊരു ബന്ധവുമില്ല. ബാല്യകാല സുഹൃത്തുക്കള്‍(?) കണ്ടുമുട്ടി എന്നതൊഴിച്ച്. അത് ട്രാജഡി. ഇത് ശുഭപര്യവസായി.
ഒരിക്കല്‍ അവളുടെ വീട്ടില്‍ ഭാര്യയേയും കൂട്ടി പോകണേ, ക്ഷണിക്കാതെ.

Rasheed Chalil said...

ഡാലീ കണ്ടതില്‍ സന്തോഷം. ഒത്തിരി നാളായെന്നു തോന്നുന്നു. പിന്നെ യുദ്ധവും ബോംബുമല്ലാമായി തിരക്കില്ലല്ലായിരുന്നൊ.(ഇങ്ങിനെ ലാഘവത്തോടെ സംസാരിച്ചാണ് ഇപ്പോള്‍ യുദ്ധാത്തിനെതിരെയുള്ള രോഷം ഞാന്‍ തീര്‍ക്കറുള്ളത്.. ക്ഷമിക്കണേ..)സുരക്ഷിതായാണെന്നറിഞ്ഞതില്‍ സന്തോഷം.

കമന്റിയതില്‍ നന്ദി
പിന്നെ അവര്‍ ഇന്ന് നാട്ടില്‍ പോവുന്നു. രണ്ടൊ മൂന്നോ ദിവസത്തിനകം എന്റെ വീട്ടിലുമെത്തും. എന്നാണു പറഞ്ഞത്

പട്ടേരി l Patteri said...

ലുലുവില്‍ പോയാല്‍ ഇങനെ കുറെ കാര്യങലും അറിയാം അല്ലെ?.... ദേ ഞാനും ലുലുവില്‍ ...:)
എനിട്ടിവിടെവന്നു 1, 2, 3, 4, 5, 6, 7, 8, 9, 10 ക്ലാസ്സിലെ ഒക്കെ കഥകല്‍ പറയാം :)

Rasheed Chalil said...

പട്ടേരിമാഷേ നന്ദി, വെറുതെ ചടഞ്ഞിരിക്കാതെ വല്ലപ്പോഴും ഒന്ന് ലുലുവില്‍ കയറാന്‍ നോകൂ... അപ്പോഴറിയാം കാര്യങ്ങളുടെ കിടപ്പ്

myexperimentsandme said...

ഇത്തിരിവെട്ടമേ, അടിപൊളി. ഒരു പ്രത്യേക രസത്തോടെ വായിച്ചു. വളരെ ഹൃദ്യമായി എഴുതിയിരിക്കുന്നു.

ഇങ്ങിനത്തെ സ്റ്റോക്കുകള്‍ ഓരോന്നായി പോരട്ടെ. ഇഷ്ടപ്പെട്ടു.

Radheyan said...

പിടിക്കനുള്ള കൈ കിട്ടിക്കഴിഞ്ഞു.എങ്കിലും മഹാകവി Eastcoast Vijayan പറയുന്ന പോലെ “ആദ്യത്തെ പ്രേമം ഓര്‍മ്മയില്ലെ” എന്ന് ചോദിക്കുമ്പൊള്‍ ഇത്രയും കുറിച്ചു എന്നേ ഉള്ളൂ.

റീനി said...

ഇത്തിരിവെട്ടം, രസിച്ചു വായിച്ചു. story hourന്‌ ലുലുവില്‍ ഞാനും വരാം.

അറിയാതെ പോയ പ്രേമവും അറിഞ്ഞിട്ടും അറിഞ്ഞില്ലന്ന്‌ ഭാവിച്ച പ്രേമവും ...ഒരിക്കലും അറിയിക്കാന്‍ പറ്റാതെ പോയ പ്രേമവും, ഓരോരൊ പ്രശ്നങ്ങളേ...

ഇടിവാള്‍ said...

നന്നായി ഗെഡീസ്...
എന്നിട്ട്, അന്നേ ഇതറിയാതിരുന്നതില്‍ വല്ല നിരാശയും ?

ലിഡിയ said...

പറഞ്ഞ് പാളിപോയ പല പ്രണയങ്ങളേക്കാളും നന്നായിരുന്നു പറയാതെ പോയ പലതും എന്ന് തോന്നുന്നു...

നന്നായി.

-പാര്‍വതി.

രാജാവു് said...

അറിയാതെ പോയ,പറയാതെ പോയ,കേള്‍ക്കാതെ ‍പോയ പ്രണയ നൊമ്പരം ‍ നിങ്ങള്‍ക്കു് വരച്ചുകാട്ടാനായി.അതു് മനോഹരവുമായിരുന്നു മാഷേ.
രാജാവു്.

അനംഗാരി said...

പ്രണയകഥകള്‍ എനിക്ക് വേദനിക്കുന്ന ഒരു ഓര്‍മ്മയാണ്. എന്റെ ജീവിതം മാറ്റിമറിച്ച ഒരു പ്രണയത്തിന്റെ നീറുന്ന ഓര്‍മ്മയിലാണ് ഞാനിന്നും..

റീനി said...

കുടിയാ, ഭാര്യക്കറിയാമോ?

അനംഗാരി said...

തീര്‍ച്ചയായും.എന്റെ കഥകള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.

Rasheed Chalil said...

വക്കാരിമാഷേ നന്ദികെട്ടോ.. പിന്നെ ഇത്തരം സ്റ്റോക്കുകള്‍ അധികമില്ല. ഇതു തന്നെ കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിപോയതാണ്.

രധേയാ നന്ദി, വിജയന് അങ്ങനെ പലതും പറയാം, കേള്‍ക്കുന്ന നമ്മള്‍ക്കല്ലേ സത്യമറിയൂ.

റീനി നന്ദി, ലുലുവിലേക്ക് വന്നോളൂ.. അരെങ്കിലും എന്നെ മനസ്സിലായോ എന്ന് ചോദിച്ചാല്‍ ഒന്നു പരുങ്ങിയാല്‍ മതി - സ്റ്റോറീ ഹവര്‍ അവിടെ സ്റ്റാര്‍ട്ട് ചെയ്യും. ഉങ്കള്‍ക്കും നല്‍വരവ് (സ്വാഗതം).

ഇടിവാള്‍ജീ നന്ദി.. എങ്ങനെ വെക്കേഷന്‍ മാമാങ്കം. പിന്നെ നിരാശയോ എനിക്കോ... വെറുതെയോരോന്ന് പറഞ്ഞ് കുടുംബകലഹം ഉണ്ടാക്കല്ലേ ഗഡീ.

പാര്‍വ്വതീ നന്ദി, ആ ശരിയായിരിക്കും.

രാജാവേ നന്ദി,ഈ പ്രണയത്തില്‍ നൊമ്പരമില്ലെന്നു തോന്നുന്നു.

വായിച്ചവരേ കമന്റിയവരേ എല്ലാവര്‍ക്കും ഒത്തിരി നന്ദി.

എല്ലവര്‍ക്കും ഇത്തിരിവെട്ടത്തുനിന്ന് ഒത്തിരി ഓണാശംസകള്‍.

തറവാടി said...

സ്കൂളില്‍ ഞാന്‍ ആരെയും പഠിപ്പിച്ചിട്ടില്ലാ...എഞ്ചിനീയറിങ്ങ് കോളെജില്‍ പഠിപ്പിച്ചു....ഫലം...14 വര്‍ഷമായി..ഇന്നും കാലില്‍ ചുറ്റിയിരിക്കുന്നു.........

മുസ്തഫ|musthapha said...

തറവാടി:
ഇതാ പറഞ്ഞത് പഠിപ്പിക്കുമ്പോള്‍ ചൊവ്വിനും ചേലിനും പഠിപ്പിക്കണമെന്ന്. അല്ലാതെ പിള്ളാരുടെ വായില്‍ നോക്കിയിരിക്കരുതെന്ന്.

Rasheed Chalil said...

മോനേ അഗ്രൂ വല്ല്യമ്മായി ചൂരലുമായി വരും ഓടിക്കോ..

Peelikkutty!!!!! said...

വായിക്കുമ്പോൾ മനസ്സിൽ കാണുകയായിരുന്നു കൈയ്യില് തൂങ്ങുന്ന ഒരു കൊച്ചു പെൺകുട്ടിയുമായി കൂട്ടുകാരി….. ചെറുപുഞ്ചിരിയുമായി ചിന്തയിലാണ്ടു നില്ക്കുന്ന ഇത്തിരിവെട്ടം! cute ആയിട്ടുണ്ട് !!!

ദിവാസ്വപ്നം said...

അത് ഭംഗിയായി വിവരിച്ചു.

ഇഷ്ടപ്പെട്ട ഒരു ഭാഗം ഇതാ ക്വോട്ടുന്നു :

“സൈക്കളില്‍ നിന്ന് വീഴുമ്പോള്‍ ചിരിക്കാനായി സ്റ്റോക്ക്‌ ചെയത ഒരെണ്ണം മുഖത്ത്‌ ഫിറ്റ്‌ ചെയ്ത്‌“

Rasheed Chalil said...

പീലിക്കുട്ടീ നന്ദി,
ദിവാസ്വപ്നമേ. നന്ദി, അപ്പോള്‍ അങ്ങനെ ചിരിക്കനേ പറ്റുമായിരുന്നുള്ളൂ

Khadar Cpy said...

എന്‍റെ ഇക്കാ ഇങ്ങളൊരു പുലിയാണ് കെട്ടാ.....
എനിക്കിഷ്ടായി ശ്ശോ.. ഇനി പഴയ പോസ്റ്റെല്ലാം തപ്പിപ്പിടിച്ചു വായിക്കണമല്ലോ..

അഫ്ഗാര്‍ (afgaar) said...

കാലം മാറുമ്പോള്‍ വേഷങ്ങളും മാറുന്നൂ അല്ലേ...

annyann said...

ഞാനെന്താ പറയാ?
ഇതൊന്നു വായിക്കു

http://annyann.blogspot.com/2008/06/blog-post.html

annyann said...

ഞാനെന്താ പറയാ?
ഇതൊന്നു വായിക്കു

http://annyann.blogspot.com/2008/06/blog-post.html

POINTnet said...
This comment has been removed by the author.
POINTnet said...

Ithirivettam?????? 1 story

അനൂപ് അമ്പലപ്പുഴ said...

kollam, nannayittundu

ഇലകള്‍ said...

അനുഭവങ്ങളുടെ കാല വര്‍ഷം ബ്ലോഗ്‌ ആയി പെയ്തിറങ്ങുകയാണ്‌ ഇവിടെ

ZULOOS said...

പാലിനോട് പഞ്ചസാര ചേര്‍ന്നാല്‍ രുചി കൂടുന്നത് പോലെ പ്രണയത്തോട് വിരഹം കൂടി ചേരുമ്പോള്‍ മാത്രമേ മധുരം ഉണ്ടാകൂ ...... അല്പം നോവുള്ള മധുരം ...ആദ്യ സംഗമത്തിന് ശേഷം ഉണ്ടാവുന്നത് പോലുള്ള നോവുള്ള സുഖം ....