Monday, September 04, 2006

ഒരു ഏറനാടന്‍ നാടോടികഥ..

ഇത്‌ കുറേയേറെ വര്‍ഷം മുമ്പ്‌ നടന്നെന്നു പറയപ്പെടുന്ന ഒരു നാടോടി കഥ. അതിനാല്‍ ഈ കഥയില്‍ ചോദ്യമില്ല.
--------------------------------------------------


ജമാലും ജലാലും കന്നുകാലികച്ചവടക്കാരായിരുന്നു. നല്ല കൂട്ടുകച്ചവടക്കാര്‍. അനാഥരായതിനാല്‍ ഊണും ഉറക്കവും ഒരുമിച്ച്‌. നാട്ടുകാര്‍ക്കെല്ലാം അവരുടെ ഒരുമയെ കുറിച്ചു പറയാനേ സമയമുണ്ടായിരുന്നോള്ളൂ...


അങ്ങനെ ഒരു ബലിപെരുന്നള്‍ കഴിഞ്ഞ സമയം. കച്ചവടത്തില്‍ ഒത്തിരി ലാഭം കിട്ടി. കാര്യമായി ചെലവൊന്നുമില്ലാത്ത അവര്‍ ഒരു തീരുമാനമെടുത്തു. ക്ഷാമകാലമായതിനാല്‍ നാട്ടുക്കാര്‍ക്കെല്ലാവര്‍ക്കും ഒരു ദിവസം ഉച്ചക്ക്‌ കഞ്ഞിയും കപ്പയും വിതരണം ചെയ്യണം.


അങ്ങനെ ഒരു ഒരു വെള്ളിയാഴ്ച ഉച്ചക്ക്‌ ശേഷം ജാതിമത ഭേദമന്യേ നാട്ടുകാരെ നിരത്തിയിരുത്തി ജോലിക്കാര്‍ കഞ്ഞിവിളമ്പുന്നത്‌ രണ്ടാളും നോക്കിനിന്നു. കഴിച്ചവര്‍ നന്ദി പറഞ്ഞു തിരിച്ച്‌ പോയി. ഏറ്റവും അവസാനം പാടത്ത്‌ തണലില്‍ മാറിയിരിക്കുന്ന അവരുടെ മുമ്പില്‍ മണ്‍ചട്ടിയില്‍ വിളമ്പിയകഞ്ഞി ജോലിക്കാരന്‍ കൊണ്ടുവെച്ചു.


അടുത്ത്‌ ഒഴുകുന്ന തോട്ടില്‍ നിന്ന് കയ്യും മുഖവും കഴുകി കഞ്ഞികുടിക്കാനിരുന്നപ്പോഴാണ്‌ ഒരു പ്രശ്നം അവരുടെ ശ്രദ്ധയില്‍ പെട്ടത്‌. കഞ്ഞികുടിക്കാന്‍ കയില്‍ (തവി)യില്ല. ഇനി പ്ലവിലയെടുത്ത്‌ ഒരുഭാഗം മടക്കി ഈര്‍ക്കിള്‍ ഉപയോഗിച്ച്‌ ഒരു കയിലുണ്ടാക്കണം. ജമാല്‍ ജലാലിനോട്‌ പറഞ്ഞു ജലാലെ നീ പോയി രണ്ട്‌ പ്ലാവിലയെടുത്തു വാ..

ജലാല്‍ : എനിക്കുവയ്യ.. നീ ചെല്ല്
ജമാല്‍ : നിനക്കെന്താ കൊണ്ടുവന്നാല്‍
ജലാല്‍ : നിനക്കതിനു പറ്റില്ലേ...


അതോടെ തര്‍ക്കം മുറുകി. അടിയുടെ വക്കിലെത്തിയപ്പോള്‍ അവര്‍ ഒരു തീരുമാനമെടുത്തു ഇനി ആദ്യം മിണ്ടുന്നവന്‍ പ്ലാവില കൊണ്ടുവരണം. രണ്ടാളും രണ്ടുസൈഡിലും മിണ്ടാതിരുന്നു. വൈകുന്നേരം വരെ പാടവക്കിലൂടെ കടന്ന് പോയവര്‍ അവരെ കണ്ടിരുന്നു. പങ്കുകച്ചവടം നടത്തുവരല്ലേ... എന്തെങ്കിലും ഡിസ്കഷനിലായിരിക്കും ശല്ല്യപ്പെടുത്തേണ്ട എന്ന് കരുതി മിണ്ടാതെ കടന്നു പോയി


പിറ്റേന്ന് അതിരാവിലെ പള്ളിയിലേക്ക്‌ ബാങ്ക്‌ വിളിക്കാന്‍ പോവുന്ന അവറാനാണ്‌ രണ്ടാളും പാടത്ത്‌ മരിച്ചുകിടക്കുന്നത്‌ കണ്ടത്‌. അവറാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. നട്ടുകാര്‍ ഓടികൂടി. രണ്ടാളുടെയും മൃതദേഹം അവരുടെ വീട്ടില്‍ കൊണ്ടുവന്നു. അവസാനമായി അവരെ കാണാന്‍ ജനങ്ങള്‍ തിക്കും തിരക്കും കൂട്ടി. ഒന്നിച്ച്‌ ജീവിച്ച്‌ ഒന്നിച്ചുമരിച്ച അവരെ കുറിച്ച്‌ സങ്കടത്തോടെ സംസാരിക്കാന്‍ തുടങ്ങി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പള്ളിയിലേക്കെടുത്തു.


അവസാന പ്രാര്‍ത്ഥനക്കായി പള്ളിയില്‍ കൊണ്ടുവന്ന ഈ നല്ലമനുഷ്യരുടെ പഴയ കാലചെയ്തികളിലോ വാക്കുകളിലോ വല്ല വിഷമവും ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ ക്ഷമിക്കണമെന്ന് പള്ളിപ്രസിഡന്റ്‌ ഉമ്മറാജി ഉദ്ബോധിപ്പിച്ചു. എന്തെങ്കിലും സാമ്പത്തിക ഇടപാടുകളുകള്‍ ബാക്കിയുണ്ടെങ്കില്‍ പിറ്റേന്ന് അദ്ദേഹത്തെ കാണാന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.


പ്രാര്‍ത്ഥനക്ക്‌ ശേഷം പിന്നെ ഖബറക്കത്തിനായി പള്ളിക്കാട്ടിലെത്തി. അടുത്തത്തടുത്ത്‌ കുഴിച്ച ഖബറുകളിലൊന്നില്‍ ജമാലിനെ വെച്ചു. മൃതശരീരത്തില്‍ മണ്ണുവീഴാതിരിക്കാനയി കാല്ലുകളടുക്കുമ്പോഴാണ്‌ കബര്‍ കുഴിക്കുന്ന മമ്മു ഒരു കാഴ്ചകണ്ടത്‌. മൃതശരീരത്തിന്റെ കാലുകളില്‍ ഒന്ന് ഇത്തിരി ഉയര്‍ന്ന് നില്‍ക്കുന്നു. മരിച്ച ഉടന്‍ ശരിക്ക്‌ കിടത്തതിനാല്‍ മരവിച്ചതായിരിക്കും എന്ന് അയാള്‍ കരുതി. ചുറ്റുഭാഗവും നോക്കി ആരും കാണുന്നില്ലന്നുറപ്പുവരുത്തി കയ്യിലിരിക്കുന്ന പിക്കാസ്‌ കൊണ്ട്‌ ചെറുതായി അതില്‍ ഒന്ന് കുത്തി. പെട്ടോന്ന് കബറിനക്കത്തുനിന്ന് ഒരു അട്ടഹാസം ' ഹാവൂ ... ആരാ കാലേയ്‌..........' ആ ശബ്ദം അവസാനിക്കും മുമ്പേ തൊട്ടടുത്തുണ്ടായിരുന്ന ശവമഞ്ചത്തില്‍ നിന്ന് മറ്റൊരു ശബ്ദം മുഴങ്ങി.." എടാ.. ജാമാലേ... നീ തോറ്റു.. വേഗം പോയി പ്ലാവിലയുമായി വാ..."


ഇപ്പോള്‍ നിങ്ങള്‍ക്ക്‌ ഒത്തിരി സംശയങ്ങള്‍ ഉണ്ടെന്നന്നറിയാം... എല്ലാത്തിനും കൂടി ഒരേ ഒരു മറുപടി. കഥയില്‍ ചോദ്യമില്ല... എന്നാലും... എന്നു തോന്നിയെങ്കില്‍ വീണ്ടും അതേ മറുപടി മാത്രം കഥയില്‍ ചോദ്യമില്ല... ഒരിക്കലും..

15 comments:

Rasheed Chalil said...

ഇതാ ഒരു പുതിയ പോസ്റ്റ്.
ഒരു ഏറനാടന്‍ നാടോടികഥ... കഥയില്‍ ചോദ്യമുണ്ടായിരിക്കുന്നതല്ല.

മുസ്തഫ|musthapha said...

ഹഹഹ.. അത് കലക്കി..
ജമാലിനും ജലാലിനും തേങ്ങായടി എന്‍റെ വക...
എല്ലാ ബലാലും മുസീബത്തും ഒഴിഞ്ഞ് പോട്ടേ..


“..എന്തെങ്കിലും സാമ്പത്തിക ഇടപാടുകളുകള്‍ ബാക്കിയുണ്ടെങ്കില്‍ പിറ്റേന്ന് അദ്ദേഹത്തെ കാണാന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു...” ജമാലിനും ജലാലിനും കിട്ടാനുള്ള വക മൂപ്പര്‍ക്ക് നല്ലോണം അറിയായിരിക്കും.

വല്യമ്മായി said...

അത് നന്നായി.ഞാന്‍ വിചാരിച്ചു ഓണം വന്നാലും കോരന് കുമ്പിളില്‍ കഞ്ഞി എന്നത് പോലെ എന്തെങ്കിലും ആയിരിക്കുമെന്ന്

ലിഡിയ said...

ഹും..ഒക്കെ വിശ്വസിച്ചു..

ഇക്കണ്ട നാട്ടുകാരില്‍ ആര്‍ക്കും മരിച്ച ഒരാളേ അറിയില്ല,കുഴീലിട്ട് മൂടാന്‍ നേരത്തും അവര്‍ക്ക് വാശിയില്‍ അനക്കവും ഇല്ല..

എനിക്ക് ചോദ്യമൊന്നും ഇല്ലേ.. :-)

-പാര്‍വതി.

കൈത്തിരി said...

മടിയന്‍ കുഴീല്‍ വയ്കപ്പെടും, പിക്കാസിനാല്‍ ചാമ്പപ്പെടുകയും ചെയ്യും, ജാഗ്രതൈ...

ചുള്ളിക്കാലെ ബാബു said...

"കഥയില്‍ ചോദ്യമുണ്ടായിരിക്കുന്നതല്ല." എന്നതുകൊണ്ടുതന്നെ ചോദിക്കനുദ്ദേശിച്ചതു ചോദിക്കുന്നില്ല. എങ്കിലും എന്റെ കഥയില്ലായ്മ കൊണ്ടണോന്നറിയില്ല ........ഇതില്‍നിന്നായിരിക്കും “മിണ്ടിയാല്‍ പ്ലാവില“ എന്ന പഴഞ്ചൊല്ലുണ്ടായത്.

Unknown said...

ഗുണപാഠം:

1)പാര്‍ട്ട്ണര്‍ ഷിപ്പ് രീതിയില്‍ കച്ചവടം ചെയ്യുന്നവര്‍ പ്ലാവിലയില്‍ കഞ്ഞി കുടിക്കരുത്. (ചോറ് വേണമെങ്കില്‍ ആവാം പക്ഷെ മോര് കറി കൂട്ടരുത്)

2)ആളുകള്‍ എന്തെങ്കിലും കുഴിച്ചിട്ട് അതിന്റെ മുകളില്‍ അടയാളത്തിന് ഒരു വെട്ട്കല്ല് വെക്കണം എന്ന് പറയുന്നത് വെറുതെയല്ല.ശബ്ദങ്ങളെ സൈലന്‍സ് ചെയ്യാനാണ്.

asdfasdf asfdasdf said...

ഇത് ഭയങ്കര എടങ്ങേറായീലോ.. കഥേല് ചോദ്യല്ല്യാന്ന് ള്ളതെ.. നന്നായിട്ടുണ്ട്

Anonymous said...

ഞാന്‍ മിണ്ടുന്നില്ലെ എനിക്കു പ്ലാവിലയിക്കുപോവന്‍ വയ്യ.

ഏറനാടന്‍ said...

നല്ല ചോദ്യമില്ലാകഥ. എനിക്ക്‌ ചില സംശയങ്ങളുണ്ടെങ്കിലും ചോയ്‌ക്കാന്‍ നിവൃത്തിയില്ലാലോ..
എന്നാലും പറഞ്ഞോട്ടെ... ഇവന്മാര്‍ ഏറനാട്ടിലെ മുത്തുമണിക്കുട്ടന്മാരാണേയ്‌..

പല്ലി said...

നല്ല കഥ
കഥയില്‍ ചൊദ്യമില്ലാത്തതുകൊണ്ട്
ചോദ്യങ്ങള്‍ അടക്കുന്നു
ഓണാശംസകള്‍

അനംഗാരി said...

ഇത്തിരിയേ..ചോദ്യമില്ല എങ്കിലും....ഏറനാട്ടുകാര്‍ ഏതു തരക്കാരാണെന്ന് ഇപ്പോ മനസ്സിലായി...നമ്മുടെ അതിരൂപ താ പാര്‍ട്ടിയൊക്കെ ഏറനാട്ട് കാര്‍ ആണോ..അവരുടെ വാശികാണുന്നത് കൊണ്ട് ഒരു സംശയം...
(ഞാന്‍ ഓടുന്നില്ല...എന്റെ കാലു വയ്യേ...)

Kalesh Kumar said...

നല്ല കഥ!

Rasheed Chalil said...

ഈ കഥയുടെ സ്റ്റാന്റേ‍ഡ് എനിക്ക് നന്നായി അറിയാം. എന്നിട്ടും പലരും വായിച്ചു. കമന്റ് നല്‍കി. എല്ലാവര്‍ക്കും നന്ദി.

അഗ്രൂ.. നന്ദി. തേങ്ങായടിക്ക് ഒരു സ്പെഷ്യല്‍ താങ്ക്സിരിക്കട്ടേ... പിന്നെ അതെല്ലേ മൂപ്പര് അങ്ങനെ പറഞ്ഞത്.

വല്ല്യമ്മായി നന്ദി. ജലാലും ജമാലും വിചാരിച്ചപോലെയല്ല സംഭവവും നടന്നത്.

പാര്‍വ്വതി നന്ദി.. ചോദ്യം ചോദിക്കാന്‍ തോന്നിയതിനും അത് ചോദിക്കതിരുന്നതിനും ഒരു ഇമ്മിണി ബല്യ നന്ദി.

കൈത്തിരി. നന്ദി.. ഉങ്കള്‍ക്ക് പുരിഞ്ചിട്ച്ച്..

ബാബൂ നന്ദി.. ചിലപ്പോള്‍ ഇതുകോണ്ടായിരിക്കാം.

ദില്‍ബൂ നന്ദി, ഈ കഥമുഴുവന്‍ ഗുളികരൂപത്തില്‍ കമന്റിയതിന് ഡാങ്സ്.

മേനോനേ നന്ദി..കഥയില്‍ ചോദ്യമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓഫിന് ഓണടിച്ചും ഓണിന് ഒഫ് അടിച്ചും ഞാനൊരു വഴിക്കായേനേ..

അനൊണികുട്ടാ നന്ദികെട്ടോ. മിണ്ടരുതേ. മിണ്ടിയാല്‍ പ്ലാവിലെ. ജാഗ്രതൈ.

ഏറനാടന്മാഷേ.. നന്ദി. സത്യം താങ്കള്‍ മനസ്സിലാക്കി.

പല്ലി നന്ദി, ഓണാശാംസകള്‍.

കുടിയന്‍ മാഷേ നന്ദി. പിന്നെ താങ്കളുടെ സംശയത്തെ കുറിച്ച് ഞാനൊന്നും പറയില്ല. കാരണം ഇതെന്റെ ബ്ലോഗ് . ഓടാന്‍ പറ്റാത്തത് കൊണ്ടാ.

കലേഷ് ഭായി ഒത്തിരി നന്ദി.

myexperimentsandme said...

ഇട്ടപ്പോഴേ വായിച്ചിരുന്നു, കമണ്ടലീസാ റൈസടിക്കാന്‍ മറന്നു പോയി.

ഈ കഥ ഞാന്‍ ആദ്യമായി കേള്‍ക്കുകയാ. നല്ല കഥ. വാശിക്ക് നാശിയായില്ലല്ലോ പാവങ്ങള്‍. ഒരു സെക്കന്റ് കൂടി കഴിഞ്ഞിരുന്നെങ്കില്‍ ആരെങ്കിലും തൂമ്പായ്ക്ക് തലയ്ക്കിട്ട് രണ്ട് തട്ട് കൊടുത്തേനെ-പാവങ്ങള്‍.

ഇത്തിരിയുടെ പ്രൊഫൈല്‍ പടം പൊഴിക്കല്‍ ദിവസം‌പ്രതി എന്ന തോതിലുണ്ടല്ലോ :)