Monday, September 25, 2006

ആതിഥേയനാവുന്ന അതിഥി.

അങ്ങകലെ ആഴിയും ആകാശവും സംഗമിക്കുന്ന ചായക്കൂട്ടിലേക്ക്‌ അലസമായി നോക്കി അയാള്‍ അവളുടെ മടിയില്‍ തലവെച്ച്‌ കിടന്നു.ഈറന്‍ മണലില്‍ പതിഞ്ഞ്‌ കിടക്കുന്ന ശരീരത്തിനകത്തെ മനസ്സ്‌ എവിടെയോ നഷ്ടപെട്ടിരുന്നു. ചിന്തയുടെ ഒരു വാത്മീകം തീര്‍ത്ത്‌ ഏകാന്തനായിരുന്ന അയാള്‍, തന്റെ തലയിലൂടെ ചലിക്കുന്ന നനുത്ത വിരലുകളും തന്നെമാത്രം ഇമവെട്ടാതെ ശ്രദ്ധിക്കുന്ന കണ്ണുകളും അറിഞ്ഞിരുന്നില്ല. നെറ്റിയില്‍ പതിഞ്ഞ അവളുടെ ചൂടുള്ള വാക്കുകളാണ്‌ അയാളെ ഉണര്‍ത്തിയത്‌.


'രാജേഷ്‌... എന്ത്‌ പറ്റി... വല്ല തലവേദനയോ മറ്റോ... കുറേ സമയമായി ഞാന്‍ ശ്രദ്ധിക്കുന്നു'

തല വെട്ടിച്ച്‌ ഒന്നുമില്ലന്ന് ഒഴിഞ്ഞുമാറി.

'എനിക്കൊന്നുമില്ല. നീ പറ.'

അവള്‍ വാചാലയായി.

'എന്തുപറയാന്‍... അഛന്‍ ഒരിക്കലും ഈ വിവാഹത്തിന്‌ അനുവദിക്കില്ല. ഇനി നാം എന്തുചെയ്യും രാജേഷ്‌.'

'ഉം... സമയമാകട്ടേ എല്ലാറ്റിനും വഴിയുണ്ടാകും' അയാള്‍ പറഞ്ഞൊഴിഞ്ഞു.


അവള്‍ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു.


'അച്ഛന്‍ സമ്മതിക്കില്ലന്നുറപ്പായ സ്ഥിതിക്ക്‌ ഇനിയും നീട്ടിവെക്കണോ... നമുക്ക്‌ ഈ നഗരത്തില്‍ തന്നെ ഫ്ലാറ്റ്‌ കിട്ടും, രണ്ടാള്‍ക്കും ജോലി ഇവിടെ തന്നെയല്ലേ... പിന്നെ ഭാവിയില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്ലത്‌ ഈ നഗരം തന്നെ. എനിക്ക്‌ കുറച്ച്‌ കാശ്‌ കിട്ടാനുണ്ട്‌, അതില്‍ കുറച്ചുകൂടി കൂട്ടിയാല്‍ ഒരു ഫ്ലാറ്റിന്‌ തികയും. പിന്നെ എന്റെ കൈനറ്റിക്ക്‌ ഹോണ്ട വില്‍ക്കാം. തല്‍ക്കാലം നമുക്ക്‌ രജേഷിന്റെ ബൈക്ക്‌ പോരെ. ഡെയിലി എന്നെ ഡ്രോപ്പ്‌ ചെയ്യേണ്ടിവരും രാജേഷ്‌...'


ചിന്തയില്‍ നഷ്ടപെട്ടിരിക്കുന്ന അയാളെ അവള്‍ കുലുക്കിയുണര്‍ത്തി. അയാള്‍ ഞെട്ടിയുണര്‍ന്നു. 'റിനീ നമുക്ക്‌ പിന്നീട്‌ സംസാരിക്കാം. എനിക്കെന്തോ നല്ല സുഖം തൊന്നുന്നില്ല.'

എന്തേ. ആ തലവേദന വീണ്ടും വന്നോ.


ഹേയ്‌ അതല്ല, മനസ്സിനൊരു സ്വസ്ഥതയില്ല ...

എന്തേ...


എനിക്കറിയില്ല. എന്റെ അകത്തിരുന്ന് ആരോ എന്നെ നിരന്തരം ശല്ല്യം ചെയ്യുന്നു.

മുഖത്ത്‌ മറഞ്ഞിരുന്ന ചിരിമറക്കാന്‍ ശ്രമിക്കാതെ അവള്‍ പറഞ്ഞു.. 'ഓ... അതാണോ കാര്യം. എപ്പോള്‍ ഹാര്‍ഡ്‌ വര്‍ക്ക്‌ ചെയതാലും എന്റെ മനസ്സ്‌ എന്നോടും സംസാരിക്കാറുണ്ട്‌. അത്‌ ഇന്ന് ചടഞ്ഞിരുന്ന് തീര്‍ത്ത പ്രൊജക്ടിന്റെ ബാക്കിയാവും... ഫോര്‍ഗറ്റ്‌'

'ഇത്‌ അങ്ങനെയല്ല റിനി, എനിയ്കകത്ത്‌ കുടികെട്ടിപ്പാര്‍ക്കുന്ന അരോ പറയുന്നു. അവിചാരിതമായെത്തുന്ന, ആതിഥേയനാവുന്ന ഒരു അതിഥിയെക്കുറിച്ച്‌. ആ ശബ്ദത്തിന്‌ അസാമാന്യ ശക്തിയാണ്‌. അത്‌ ശരീരമാസകലം പടര്‍ന്നുപിടിക്കുന്നു, ചിന്തയില്‍ നൂണ്ട്‌ കയറുന്നു. കേള്‍വിയേയും കാഴ്ചയേയും സ്വാധീനിക്കുന്നു. രക്തത്തിലഞ്ഞില്ലാതാവുന്ന ആ ശബ്ദതരംഗം രോമകൂപങ്ങളില്‍ പോലും ചലനം സൃഷ്ടിക്കുന്നു... എന്റെ സകല അംഗങ്ങളും തളര്‍ത്തി സകല സിരകളിയും കുളിര്‍ കോരിയിട്ട്‌ മനസ്സിന്റെ കണ്ണാടി തൂത്ത്‌ തുടച്ച്‌ ആ ശബ്ദം അകന്നകന്ന് പോവുന്നു. അതോടെ ആ വീര്‍പ്പ്‌ മുട്ടല്‍ അവസാനിക്കുന്നു.'

വാചാലനായ അയാളെ അവള്‍ ഇമയനക്കാതെ നോക്കിനിന്നു.

'ഹേയ്‌ ... അത്‌ സാരമില്ല... രണ്ടുദിവസമായി ശരിക്ക്‌ ഉറങ്ങാത്തത്‌ കോണ്ടാ... അല്ലാതെ ശ്രീബുദ്ധന്‌ ലഭിച്ച ജ്ഞാനോദയം ഒന്നുമല്ല. നീ വാ...'

അവളൊടൊപ്പം എണീറ്റ്‌ റോഡിന്റെ എതിര്‍വശത്ത്‌ പാര്‍ക്ക്‌ ചെയ്ത ബൈക്കിനടുത്തേക്ക്‌ നടന്നു. അയാളുടെ കൈയ്യില്‍ തൂങ്ങി നടക്കുമ്പോള്‍ കുട്ടിയകളെ പോലെ അവള്‍ സംസാരിച്ച്‌ കൊണ്ടേയിരുന്നു. പക്ഷേ ഒന്നും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല... ബൈക്കില്‍ അവളെയും ഇരുത്തി റോഡിലേക്കിറങ്ങി. നിന്നെ ഹോസ്റ്റലിലാക്കി വീട്ടിലെത്തിയിട്ട്‌ വേണം ഒന്ന് വിശ്രമിക്കാന്‍. അയാള്‍ പിറുപിറുത്തു.


അവളുടെ അലറിക്കരച്ചിലാണയാളെ ഉണര്‍ത്തിയത്‌. തന്റെ നേരെ പാഞ്ഞ്‌ വരുന്ന ലോറി. പെട്ടൊന്ന് സൈഡിലേക്ക്‌ തിരിച്ചതോടെ നിയന്ത്രണം നഷ്ടപെട്ട്‌, റോഡിന്റെ സൈഡിലിടിച്ച്‌ ഉയര്‍ന്ന് പൊങ്ങിയ ബൈക്കില്‍ നിന്ന് തെറിച്ച അയാള്‍ വീണ്ടും റോഡില്‍ തന്നെ വീണു.


ചീറിപ്പാഞ്ഞെത്തിയ ബസ്സ്‌ അയാള്‍ക്ക്‌ മേല്‍ അധികാരത്തോടെ കയറിയിറങ്ങി. തന്നില്‍ നിന്ന് വാര്‍ന്നൊഴുകുന്ന ചോരച്ചാലിലേക്ക്‌ നോക്കി കിടക്കവേയാണ്‌ അയാള്‍ ആ അതിഥിയെ കണ്ടത്‌... തന്റെ നെഞ്ചില്‍ കയറിനില്‍ക്കുന്ന ബസ്സിന്റെ പിന്‍ ചക്രത്തിനടിയില്‍ വെച്ച്‌... മരണമെന്ന ആതിഥേയനെ...

42 comments:

Rasheed Chalil said...

ഒരു പുതിയ പോസ്റ്റ്.

sreeni sreedharan said...

ഓരോന്നെഴുതി വച്ചോളൂം, മനുഷ്യനെ പേടിപ്പിക്കാന്‍!
(തമാശയാണേ)

കൊള്ളാട്ടോ.
അവള്‍ക്ക് എന്തെങ്കില്ലും നഷ്ടപ്പ്പ്പെട്ടോ???

പുള്ളി said...

നല്ലൊരു കഥ.
ദുരന്തപര്യവസായിയായിയൊയെന്നോര്‍ത്ത്‌ (എത്ര യായാണല്ലേ :) ഒരു സങ്കടവും

സു | Su said...

എന്നാലും ഒറ്റയടിയ്ക്ക് തീര്‍ക്കേണ്ടായിരുന്നു. എന്തൊക്കെ തീരുമാനിച്ചതാ അവര്‍.

വല്യമ്മായി said...

ദേ പിന്നേം കരയിപ്പിച്ചു.സമാന അനുഭവത്തില്‍ ജീവന്‍ വെടിഞ്ഞ എന്റെ സഹപാഠിയെ ഓര്‍ത്തു ഞാന്‍.

ദുഃഖത്തിന്റെ വാല്മീകത്തില്‍ നിന്നും പുറത്തു വരൂ,രാവിലെ വിരിഞ്ഞൊരു പൂവ് നിങ്ങളെ നോക്കി ചിരിക്കുന്നത് കണ്ടില്ലേ

:: niKk | നിക്ക് :: said...

സമാധാനത്തോടെങ്ങനെയവളെ ഞാനിനി ബൈക്കില്‍ കയറ്റും മാഷേ? ശ്ശോ! ഒരോന്നെഴുതി വെച്ചോളും... ചുമ്മാ ;)

അതേ പച്ചാളം വാസൂ, കഥയില്‍ ചോദ്യമില്ലെന്നല്ലേഡെ. അവള്‍ക്ക് നഷ്ടങ്ങളെ ഉള്ളൂ...പാവം. എനിക്ക് സങ്കടായീട്ടോ.

ഇടിവാള്‍ said...

ഇത്തിരി , സെന്റിക്കഥകളുടെ കോണ്ട്രാക്റ്റെടുത്തിരിക്കുവാ അല്ലേ ?

അല്ലാ, ആക്ചുവലി, അവന്തായിരുന്നു ഇത്ര ഡെസ്പാവാന്‍ കാരണം ?

ലിഡിയ said...

പാവം പെണ്ണ്..മോഹങ്ങളും പേടീസ്വപ്നങ്ങളും മറക്കുമ്പോഴേയ്ക്കും ആ ജീവിതം തീര്‍ന്നിട്ടുണ്ടാവും..

ആത്മാവിന്റെ ശബ്ദം പോലും,..അല്ലെങ്കിലും അങ്ങനെയാ,കണ്ണുള്ളപ്പോഴാരും അതിന്റെ വിലയറിയില്ല,പിന്നെ ഓര്‍ത്ത് സങ്കടപെടാന്‍ തലയിരുന്നാല്‍ അത് നിര്‍ഭാഗ്യം,ഇല്ലെങ്കില്‍ ഭാഗ്യവും..

-പാര്‍വതി.

Peelikkutty!!!!! said...
This comment has been removed by a blog administrator.
Peelikkutty!!!!! said...

റിനിയെ ഇത്രയും സങ്കടപ്പെടുത്തേണ്ടായിരുന്നു..എന്തായാലും ജീവനോടെയുള്ള നഷ്ടത്തേക്കാള്‍ ഭേദമല്ലേ മരണം മൂലമുള്ള നഷ്ടം!!!...

ഓ ഞാന്‍ മറന്നു ഇതു വെറും കഥയല്ലേ!!!.നല്ല കഥ ഇത്തിരീ..

Unknown said...

ഇത്തിരിവെട്ടം,
കരയിപ്പിച്ചേ അടങ്ങൂ. അല്ലേ?
നല്ല കഥ.

(ഓടോ: ആ ബൈക്ക് തമിഴ്നാട് രജിസ്റ്റ്രേഷനായിരുന്നോ?)

Mubarak Merchant said...

പണ്ടൊക്കെ ഉമ്മ ചിലദിവസങ്ങളില്‍ അസ്വസ്ഥയാകാറുണ്ടായിരുന്നു. ‘എന്തുപറ്റി ഉമ്മാ’ എന്നു ചോദിച്ചാല്‍ പറയും ‘എന്തോ ആപത്ത് സംഭവിക്കാന്‍ പോകുന്ന പോലെ.’
പലപ്പോളും അത് ശരിയാകാറുമുണ്ട്. എന്തോ, ഈ പോസ്റ്റ് വായിച്ചപ്പോള്‍ ചെറിയൊരു പേടി തോന്നുന്നു!

കരീം മാഷ്‌ said...

അയാള്‍ പിറുപിറുത്തു.
"ദുരന്തപര്യവസായി"

ചന്തു said...

കൊള്ളാം ഇത്തിരീ.’ന്നാലും..’ :-(

സൂര്യോദയം said...

ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെയും ഇതില്‍ കാണാം.... എന്തെല്ലാം പ്ലാനിംഗ്‌ നടത്തിയാലും ഒരു സെക്കന്റ്‌ മതിയല്ലോ എല്ലാം തകര്‍ത്തെറിയാന്‍... പലരുടെയും ജീവിതങ്ങളില്‍ ഇതെല്ലാം സംഭവിക്കാറുണ്ട്‌.. ഇതിനെക്കാള്‍ ക്രൂരമായിപ്പോലും....

കണ്ണൂരാന്‍ - KANNURAN said...

ദുരന്തപര്യവസായിയായ കഥ.... എന്തേ ഇങ്ങനെ ആക്കിയെ?? എന്തായാലും ഈ കഥ ഇത്തിരിവെട്ടം പരത്തില്ല....

മുസാഫിര്‍ said...

മരണം എപ്പോഴും മനുഷ്യന്റെ
കുടെയുണ്ടു,അതു ആലോചിച്ച് വിഷമിക്കാതിരിക്കാനാണു ദൈവം അതില്‍ ഒരു സര്‍പ്രൈസ് എലിമെന്റ് (ആശ്ചര്യ ഘടകം ?)വെച്ചിരിക്കുന്നത് എന്നു തൊന്നുന്നു.
നല്ല കഥ,വെട്ടം.

thoufi | തൗഫി said...

എന്താ ഇത്തിരീ ഇത്‌...?
ഞങ്ങളെ എന്നുമിങ്ങിനെ കരയിപ്പിക്കാനാണോ ഭാവം...?
ഇത്തിരിക്കുള്ളില്‍ നൊമ്പരങ്ങളാണല്ലോ കൂടുതലും

എന്നാലും,എന്തൊക്കെ മോഹങ്ങളായിരുന്നു?ഒറ്റയടിക്ക്‌ എല്ലാം തീര്‍ന്നില്ലേ,അതിഥിയായെത്തിയ ആ ആതിഥേയന്‍..?

നന്നായിരുക്കുന്നൂ,ട്ടൊ.അഭിനന്ദനങ്ങള്‍

മുസ്തഫ|musthapha said...

നല്ല ആശയം, അല്ല സത്യം

അതിഥിയായി വന്ന് നമുക്ക് ആതിഥ്യമരുളുന്നു.

ഏറനാടന്‍ said...

ഇതൊത്തിരി കടുത്തതായിപോയി. എന്തൊരു രൗദ്രം. ഭീബല്‍സം! എനിക്കിങ്ങനെയുള്ള കഥകള്‍ വല്ലാതെ പിന്തുടരും അസമയങ്ങളിലെല്ലാം.. ഇത്തിരിവെട്ടമേ ബൂലോഗത്തിലെ ദുര്‍ബലഹൃദയര്‍ക്ക്‌ ഇത്തരം കഥകള്‍ക്കൊരു മുന്നറിയിപ്പ്‌ നല്‍കുന്നത്‌ നന്നായിരിക്കും. പ്രേതസിനിമകളും വയലന്‍സ്‌ ആംഗലേയപടങ്ങളും തുടങ്ങുമ്പോള്‍ എഴുതികാണിക്കുന്നതുപോലെ..

ഡാലി said...
This comment has been removed by a blog administrator.
ഡാലി said...

ആതിഥേയനാകുന്ന അതിഥി - മരണം. അതൊരു വ്യതസ്ത ആശയമാണല്ലോ ഇത്തിരി.

പട്ടേരി l Patteri said...

സ്ഥായിയായ് ദു:ഖഭാവം " കളയാനേ മനസ്സില്ല അല്ലേ,
ഇനി ഈ പുണ്യ മാസത്തില്‍ വീണ്ടും ഇങ്ങനെ എഴുതിയാല്‍ ഇഫ്ത്തര്‍ വിരുന്നിനു ഞാന്‍ വരില്ല :(
സങ്കടം വന്നതു കൊണ്ടു കഥ നല്ലതാണൊ , ചീത്തയാണൊ എന്നു നോക്കിയില്ല :|

Santhosh said...

എന്തായിരുന്നു അവന്‍റെ ദുഃഖ കാരണം? പെര്‍ഫോമന്‍സ് റിവ്യൂ കിട്ടിയ ദിവസമായിരുന്നോ?

നല്ല എഴുത്ത്, ഇത്തിരിവെട്ടമേ.

കുഞ്ഞിരാമന്‍ said...

ഒരുപാട് മോഹങള്ളും പ്രതീക്ഷകളും കൊണ്ടു വനൊള്ളം ഉയരുംബൊള്ളൂം മരണമെന്ന സത്യം കൂടെയുണ്ടെന്ന ഒ‍ാര്‍മ്മപ്പെടുത്തല്‍.....നന്നായിരിക്കുന്നു

റീനി said...

ഇത്തിരിവെട്ടമേ, ഇത്തിരിസമയംകൊണ്ട്‌ ഒത്തിരി ദുരന്തകഥ എഴുതാമെന്ന് നേര്‍ച്ചവല്ലതും എടുത്തിട്ടുണ്ടോ? തുടങ്ങിവന്നപ്പോഴേക്കും കഥ പെട്ടന്നു അവസാനിച്ചുവല്ലോ?
വാക്കുകളുടെ ഒരു ഉത്സവമാണല്ലോ കഥയിലുടെനീളം. നല്ലവണ്ണം എഴുതിയിരിക്കുന്നു.
പിന്നൊരുചോദ്യം...എന്റെ അമ്മ കോപ്പി റൈറ്റ്‌ ചെയ്ത പേരെന്താ നായികക്ക്‌ ഇട്ടിരിക്കുന്നത്‌? നായിക 'റിനി' യാണല്ലേ? 'റീനി'യല്ലല്ലോ?

ദിവാസ്വപ്നം said...

ഇത്തിരിവെട്ടം ഭായീ,

നന്നായി പറഞ്ഞിരിക്കുന്നു. ശരിക്കും ടചിംഗ്.

സത്യത്തില്‍ എനിക്കിപ്പോള്‍ ഇത്തിരിയോട് ബഹുമാനം തോന്നുന്നു, ഇത്രയും നന്നായി എഴുതുന്നതിന്.

ഒരു ആരാധകന്‍ എന്ന നിലയില്‍ ഒരു സജഷന്‍ : തലയില്‍ കൈ വച്ചുള്ള ആ ഇരിപ്പ് ഒന്ന് മാറ്റി നല്ലൊരു കിടിലന്‍ ഫോട്ടോ ഇടൂ... ഇപ്പോളെഴുതുന്ന കഥകളുടെ സ്റ്റൈല്‍ വച്ച് ഇത്തിരി ബുദ്ധിജീവി ടച്ചുള്ള ലുക്കായാലും ഓക്കേ :-)

Adithyan said...

റഷീദിക്കാ, ഇങ്ങളെന്താ ദുഃഖകഥ ഉണ്ടാ‍ക്കുന്ന ഫാക്ടറിയോ... (തല്ലല്ലേ :)

പതിവു പോലെ നല്ല കഥ.
ലിഖ്‌തേ രഹോ!

Anonymous said...

ദുഃഖമൊടുക്കുന്ന തമ്പുരാനേ - കൃഷ്ണ
തൃക്കഴല്‍ ഞാനിതാ കുമ്പിടുന്നേന്‍

ദുഃഖമെടുത്തതിനെന്തേ മൂലം - കൃഷ്ണ
ദുഃഖമെടുത്തതു ജന്മമൂലം

ജന്മമെടുത്തതിനെന്തേ മൂലം - കൃഷ്ണ
ജന്മമെടുത്തതു കര്‍മ്മമൂലം

കര്‍മ്മമെടുത്തതിനെന്തേ മൂലം - കൃഷ്ണ
കര്‍മ്മമെടുത്തതു രാഗമൂലം

രാഗമെടുത്തതിനെന്തേ മൂലം - കൃഷ്ണ
രാഗമെടുത്തതു മാനം മൂലം

മാനമെടുത്തതിനെന്തേ മൂലം - കൃഷ്ണ
തന്നെ നിനയായ്കമാനമൂലം

തന്നെ നിനയായ്‌വാനെന്തേ മൂലം - കൃഷ്ണ
അജ്ഞാനമാമവിവേകം മൂലം

അജ്ഞാനം പോവതിനെന്തേ മൂലം - കൃഷ്ണ
അജ്ഞാനം പോവതു ജ്ഞാനംകൊണ്ടേ

ജ്ഞാനമുണ്ടാവതിനെന്തേ മൂലം - കൃഷ്ണ
ഞാനമുണ്ടാവതു ഭക്തികൊണ്ടേ

ഭക്തിയുണ്ടാവതിനെന്തേ മൂലം - കൃഷ്ണ
ഭക്തിയുണ്ടാവൂ വിരക്തികൊണ്ടേ

സക്തിപോയിടുവാനെന്തേ മൂലം - കൃഷ്ണ
ചിത്തത്തില്‍ നല്ലൊരു ശുദ്ധികൊണ്ടേ

ചിത്തശുദ്ധിക്കു ഞാനെന്തു ചെയ്‌വൂ - കൃഷ്ണ
നല്ല വഴിക്കുള്ള ശ്രദ്ധ ചെയ്‌വൂ

ശ്രദ്ധയുണ്ടാവതിനെന്തു ചെയ്‌വൂ - കൃഷ്ണ
പുണ്യകതകളെ കേട്ടുകൊള്‍വൂ

സത്കത കേള്‍പ്പതിനെന്തു ചെയ്‌വൂ - കൃഷ്ണ
സജ്ജനസംഗതി ചെയ്തുകൊള്‍വൂ

സജ്ജനസംഗതിക്കെന്തു ചെയ്‌വൂ - കൃഷ്ണ
വായുപുരേശനെസ്സേവചയ്യൂ

വായുഗൃഹാധിപ! വാസുദേവ! - കൃഷ്ണ
ബാലഗോപാലക! പാലയമാം

കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ! ജയ
കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ..


ee 'kadha' , 'paadheyam' , avasdha ..... etc words nte 'DHa' engineya varamozheel type cheyyunnathu??

അനംഗാരി said...

നൂറേ നൂറ്റിപത്തില്‍ വന്ന വണ്ടി പെട്ടെന്ന് ചവിട്ടി നിര്‍ത്തിയപോലെ!ആളെ പേടിപ്പിച്ച് കളഞ്ഞല്ലോ? എനിക്ക് അപകടങ്ങളെ കുറിച്ചോര്‍ക്കാന്‍ വയ്യ ഇത്തിരീ.. ഇവന്‍ ഇങ്ങനെയാണ്. ഓര്‍ക്കാപുറത്ത് ഒറ്റവരവാണ്.പിന്നെ കൊണ്ടേ പോകൂ.
കഥ കൊള്ളാം.

സുല്‍ |Sul said...

നന്നായിരിക്കുന്നു ഇത്തിരിവെട്ടം. ഇതെന്റെ ആദ്യ കമെന്റ് ആണുകേട്ടോ. തട്ടികളയല്ലെ. സുല്‍‌വു

Rasheed Chalil said...

പച്ചാളം നന്ദി, അവള്‍ക്ക്‌ ഏറ്റവും വലിയ നഷ്ടമല്ലേ സംഭവിച്ചത്‌.

പുള്ളീ നന്ദി കെട്ടോ... എപ്പോഴോ മനസ്സില്‍ കുറിച്ച ഒരു കഥയായിരുന്നു. എല്ലാവര്‍ക്കും ഇത്രയും സങ്കടമാവുമെന്ന് പോസ്റ്റിട്ടപ്പോള്‍ കരുതിയില്ല.

സു ചേച്ചി.. നന്ദി, പിന്നെ എന്നെ കൊണ്ട്‌ നീണ്ട കഥയെഴുതാന്നുള്ള പദ്ധതിയാണോ.

വല്ല്യാമ്മയി നന്ദി, താങ്കളെ വിഷമിപ്പിച്ചതില്‍ ഖേദിക്കുന്നു.

നിക്കേ നന്ദി.

ഇടിവാള്‍ജീ നന്ദി, മനസ്സില്‍ മുമ്പെങ്ങോ കേറിക്കൂടിയ ഒരു ആശയം അത്‌ കഥയാക്കി അത്രമാത്രം. കഥയില്‍ ചോദ്യമില്ല.

പാര്‍വ്വതീ നന്ദി, സത്യം

പീലിക്കുട്ടീ നന്ദി, ജീവന്റെ നഷ്ടം തന്നെയാണ്‌ പീലിക്കുട്ടീ ഏറ്റവും വലിയ നഷ്ടം. കാലത്തിന്റെ കരവിരുതില്‍ എല്ലാം മറക്കാനാവും. മറക്കണം. പലതും മറന്നേ പറ്റൂ.

ദില്‍ബൂ നന്ദി, എനിക്കും ഒരു അങ്ങനെ ഒരു സംശയമുണ്ട്‌.

ഇക്കാസ്‌. നന്ദി കെട്ടോ, ഞാനും കണ്ടിട്ടുണ്ട്‌ സംഭവിക്കാന്‍ പോവുന്ന അപകടം മുന്‍കൂട്ടികണ്ട്‌ ആശങ്കപെടുന്നവരെ. പലപ്പോഴും അവരുടെ ആശങ്കസത്യമാവാറുണ്ട്‌ എന്നത്‌ മറ്റൊരു യഥാര്‍ത്ഥ്യം...

കരീം മാഷേ നന്ദി, ഉമ്മുല്‍ഖ്വൈനില്‍ നിന്നുള്ള താങ്കളുടെ പിറുപിറുക്കല്‍ എനിക്ക്‌ ഇവിടെ കേള്‍ക്കാനാവുന്നു.

ചന്തൂ നന്ദി, എനിക്കും തോന്നി ഇത്തിരി കൂടിപോയി എന്ന്.

സൂര്യോദയം നന്ദി, തീര്‍ച്ചയായും... മനുഷ്യന്റെ പ്ലാനിങ്ങിനപ്പുറം വിധി മറ്റൊരു പ്ലാന്‍ തയ്യാറാക്കുന്നു. അതിന്‌ നിസ്സഹായരാവുകയല്ലാതെ മറ്റെന്ത്‌ ചെയ്യാന്‍.

കണ്ണൂരാന്‍ നന്ദി കെട്ടോ.


മുസാഫിര്‍ഭായ്‌ നന്ദി, തീര്‍ച്ചയായും.

മിന്നമിനുങ്ങേ നന്ദി, ജീവിതം അങ്ങിനെയെല്ലാമല്ലേ... ചുറ്റും നടക്കുന്ന സന്തോഷങ്ങളോടൊപ്പം ദുഃഖവും നാം ഏറ്റെടുക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ഒരു സുഹൃത്ത്‌ ഇടക്ക്‌ പറയുമായിരുന്നു സന്തോഷം മാത്രമാണെങ്കില്‍ ഇത്‌ സ്വര്‍ഗ്ഗമാവും... ദുഃഖമാണ്‌ ഭൂമിയേയും സ്വര്‍ഗ്ഗത്തേയും വേര്‍ത്തിരിക്കുന്നത്‌.

അഗ്രജാ നന്ദി,

ഏറനാടന്‍ മഷേ നന്ദി, താങ്കളെ വിഷമിപ്പിച്ചെങ്കില്‍ ഖേദമുണ്ട്‌. പക്ഷേ നമ്മുടെ ചുറ്റുവട്ടത്ത്‌ നടക്കുന്നതല്ലേ ഞാന്‍ പറഞ്ഞൊള്ളൂ.

ഡാലീ. എപ്പോഴോ മനസ്സില്‍ കേറിവന്നോരു ആശയം. അവിചാരിതമയി അതിഥിയായെത്തി അവസാനം കൂടെ കൂട്ടി ആതിഥേയവുന്ന മരണമെന്ന സത്യം. അത്‌ പകര്‍ത്തിയപ്പോള്‍ ഇങ്ങിനെയെല്ലാമായി.

പട്ടേരിമാഷേ നന്ദി.

സന്തോഷ്ജീ നന്ദി, അത്‌ അവര്‍ക്ക്‌ മാത്രമായ രഹസ്യമായിരിക്കട്ടേ.

കുഞ്ഞിരാമന്‍ : നന്ദി, മോഹങ്ങളൂടെയും മോഹഭംഗങ്ങളുടെയും ഇടയില്‍ നാം അത്‌ മനഃപുര്‍വ്വം മറക്കുന്നു.

റീനി നന്ദി, അങ്ങനെ ഒരു ഉദ്ദേശവും ഇല്ല. ടൈപ്പ്‌ ചെയ്യാനിരിക്കുമ്പോള്‍ എന്താണൊ മനസ്സില്‍ വരുന്നത്‌ അത്‌ പോസ്റ്റുന്നു അത്രമാത്രം. പിന്നെ റിനിയായിരിക്കട്ടേ... കോപ്പിറൈറ്റ്‌ തന്നെ പ്രശ്നം.

ദിവന്‍ജീ നന്ദി, നല്ലവാക്കുകള്‍ക്ക്‌ ഒത്തിരിനന്ദി. പിന്നെ ഞാന്‍ ഫോട്ടോ മറ്റി.

ആദീ നന്ദി,

അനോണികുട്ടാ നന്ദി, പിന്നെ ഥ എഴുതാന്‍ thha ഉപയോഗിച്ചാല്‍ മതി.

അനംഗരിമാഷേ നന്ദികെട്ടോ... വിഷമിപ്പിച്ചെങ്കില്‍ അതില്‍ ഖേദമുണ്ട്‌.

സീറോ പോയിന്റ് നന്ദി.

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.

Visala Manaskan said...

ചുള്ളാ പേടിപ്പിക്കല്ലേ..!!

രസായിട്ട് പറഞ്ഞിട്ടുണ്ട്..
കഥാകാരാ..!

എന്നാലും കൊല്ലേണ്ടിയിരുന്നില്ല. വല്ല കാലോ കയ്യോ ഒടിച്ചിരുന്നെങ്കില്‍....

sahayaathrikan said...

മരണം - രംഗബോധമില്ലാത്ത കോമാളി എന്ന് പണ്ട് വായിച്ചത് ഓര്‍മ്മവന്നു. എന്നാലും ഇത്തീരീ, ഇത് കുറച്ച് കൂടിപ്പോയി. മനസ്സിന്‍ കട്ടിയില്ലാത്തത് കൊണ്ട് തോന്നിയതാകും. ന്നാലും നന്നായി എഴുതി എന്ന് പറയാതെ വയ്യ.

മീനാക്ഷി said...

എന്നാലും എന്‍റെ ഇത്തിരി...

നിറം said...

ഇത്തിരിയേ കഥ അസ്സലായി ... ആതിഥേയനാവുന്ന അതിഥി നല്ല പ്രയോഗം...

എന്നാലും കൊല്ലേണ്ടായിരുന്നു.

ഇഡ്ഡലിപ്രിയന്‍ said...

ഭായീ നന്നായിട്ടുണ്ട്‌...
ഉള്ളിലൊരു നേര്‍ത്ത നൊമ്പരം..

NASI said...

അങ്ങകലെ ആഴിയും ആകാശവും സംഗമിക്കുന്ന ചായക്കൂട്ടിലേക്ക്‌ അലസമായി നോക്കി അയാള്‍ അവളുടെ മടിയില്‍ തലവെച്ച്‌ കിടന്നു.ഈറന്‍ മണലില്‍ പതിഞ്ഞ്‌ കിടക്കുന്ന ശരീരത്തിനകത്തെ മനസ്സ്‌ എവിടെയോ നഷ്ടപെട്ടിരുന്നു. ചിന്തയുടെ ഒരു വാത്മീകം തീര്‍ത്ത്‌ ഏകാന്തനായിരുന്ന അയാള്‍, തന്റെ തലയിലൂടെ ചലിക്കുന്ന നനുത്ത വിരലുകളും തന്നെമാത്രം ഇമവെട്ടാതെ ശ്രദ്ധിക്കുന്ന കണ്ണുകളും അറിഞ്ഞിരുന്നില്ല. നെറ്റിയില്‍ പതിഞ്ഞ അവളുടെ പതിഞ്ഞ ചൂടുള്ള വാക്കുകളാണ്‌ അയാളെ ഉണര്‍ത്തിയത്‌.

ഇത്തിരിവെട്ടം കഥ അസ്സലായി. അയാളെ കൊല്ലേണ്ടിയിരുന്നില്ല എന്ന് കമന്റുകള്‍ വന്നെങ്കില്‍ ഒരു കഥാകാരനെന്ന നിലയില്‍ അത് നിങ്ങളുടെ വിജയം തന്നെ.

നന്നായിരിക്കുന്നു. നൊമ്പരപെടുത്തുന്ന ഒരു കഥ.

മനോജ് കുമാർ വട്ടക്കാട്ട് said...

എപ്പോഴും മരണം നിന്‍ കൂടെയുണ്ട്‌, മറക്കാതെ. (അല്ലേ)

Unknown said...

ഇത്തിരിയേ..
എല്ലാ പോസ്റ്റും വായിക്കാറുണ്ട്‌. പക്ഷെ, കമന്റാന്‍ സാധിക്കാറില്ല എന്ന് മാത്രം. കാരണം ഞാന്‍ പറഞ്ഞിരുന്നല്ലൊ. :)
പക്ഷെ, ഇതിനു കമന്റാതെ വയ്യ. വളരെ നന്നായിരിക്കുന്നു.

Anonymous said...

ഒരു സോപ്പുകുമിള പോലെ മനുഷ്യജീവിതത്തിന്റെ നിരര്‍ത്ഥകത കഥാകാരന്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

ഇത്തിരിവെട്ടത്തിരുന്ന് ഒത്തിരിക്കാര്യങ്ങള്‍ പറയുന്ന ഇത്തിരിക്ക് ഒത്തിരി അഭിനന്ദനങ്ങള്‍.

നിയാസ്

Rasheed Chalil said...

വിശാല്‍ജി, സഹയാത്രികന്‍, മീനാക്ഷി, നിറം, ഇഡ്ഢിലിപ്രിയന്‍, നസി, പടിപ്പുര, ഡ്രിസില്‍, നിയാസ്‌ എല്ലാവര്‍ക്കും ഒത്തിരി നന്ദി.

ഞാന്‍ ഇവിടെ കോറിയിടാന്‍ ശ്രമിച്ചത്‌ നമ്മുടെ ചുറ്റുവട്ടത്തും ദിനേന പത്രകോളങ്ങളിലും കാണുന്ന കാര്യം മാത്രമാണ്‌. അതിന്റെ ഭാഷ നിങ്ങളെ വിഷപ്പിച്ചെങ്കില്‍ അതില്‍ ഖേദമുണ്ട്‌. അത്‌ ഇവിടെ അറിയിക്കുന്നു.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.