Thursday, September 28, 2006

മാജിക്... മാജിക്.

ഒരു ബുധാനാഴ്ച ഞാന്‍ ഒരു സുഹൃത്തിന് ഫോണ്‍ ചെയ്തപ്പോഴാണ്‌ അല്‍നാസര്‍ ലഷര്‍ലാന്റില്‍ നടക്കുന്ന മുതുകാടിന്റെ മാജിക്‌ഷോ യെ കുറിച്ച്‌ അറിഞ്ഞത്‌. സംഘാടകരുമായി ബന്ധമുള്ള അദ്ദേഹം രണ്ട്‌ ടിക്കറ്റും ഓഫര്‍ ചെയ്തു. ഞാനും എന്റെ ഇരട്ടിയിലധികം പ്രായമുള്ള കുഞ്ഞുട്ടിഹാജിയും കൂടിയാണ്‌ മാജിക്കിന്‌ പോയത്‌. പരിപാടിയുടെ അവസാനം ഒരു അനൌണ്‍സ്‌മന്റ്‌. മാജിക്ക്‌ പഠിക്കാനായി ഒരു പുസ്തകം ഞങ്ങള്‍ ശരിയാക്കിയിട്ടുണ്ട്‌. താല്‍പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപെട്ടാല്‍ ലഭിക്കുന്നതാണ്‌.

ഹാജിക്കാ നമുക്കൊരു കോപ്പി വാങ്ങിയാലോ ?

പൊന്നുമോനേ എന്നെവിട്‌... ഞാനൊരിക്കല്‍ പഠിക്കാന്‍ ശ്രമിച്ചതിന്റെ ക്ഷീണം ഈ അമ്പതാം വയസ്സിലും തീര്‍ന്നിട്ടില്ല.

പറ പറ കേള്‍ക്കട്ടേ

തിരിച്ച്‌ വരുമ്പോള്‍ കാറിലുരുന്ന് പുള്ളി കഥപറയാന്‍ തുടങ്ങി.

നിനക്കറിയില്ലേ അന്നത്തെ ജീവിതരീതി,

മൂന്ന് മുറിയും ഒരു അടുക്കളയുമുള്ള വീട്‌. കൃഷിക്കാരനായ ബാപ്പയും ഹൌസ്‌ വൈഫായ ഉമ്മയും പിന്നെ ഞങ്ങളും (ആറ്‌ മക്കള്‍ മൂന്ന് പെണ്ണും അവരുടെ താഴെ ഏറ്റവും ഇളയവനായ ഞാനടക്കം മൂന്നാണും.) കൂടാതെ ഭര്‍ത്താവ്‌ ബോബെയിലായതിനാല്‍ ഞങ്ങളോടൊപ്പം താമസിക്കുന്ന മൂത്തപെങ്ങളുടെ രണ്ടുമക്കള്‍ (ജമീല, അസ്മ. ജമീലയും ഞാനും ഏകദേശം സമപ്രായം).

കൃഷിക്കാരനായ ബാപ്പയുടെ സന്തതസഹചാരികളായ രണ്ടു മൂരികള്‍, വീട്ടില്‍ മില്‍ക്‌ സപ്ലൈ ചെയ്യുന്ന ഒരു പശുവും അവളുടെ കിടാവും, പിന്നെ മൂത്ത പെങ്ങളുടെ സ്വാകര്യ സമ്പാദ്യമായ, മനോഹരമായ തൂവെള്ളത്താടിയുള്ള അജസുന്ദരിയും അവളുടെ രണ്ടുമക്കളും, അവരുടെ ചുറ്റും കറങ്ങി നടക്കാന്‍ ഉമ്മയുടെ ഇഷ്ടക്കാരികളായ കുറെ കോഴികളും.

അങ്ങനെ ഒരുപാട്‌ അംഗങ്ങള്‍ സുഖസമൃദ്ധിയോടെ വീടിനകത്തും പുറത്തുമായി കഴിയുന്ന കാലം.


ഒരു ദിവസം അയല്‍വാസി കുട്ടന്‍നായരുടെ മകന്‍ അരണരാഘവന്‍ (നാരായണന്‍ മാഷ്‌ അരണയുടെ ബുദ്ധിയാണൊ നിനക്ക്‌ എന്ന് ചോദിച്ച സ്വാതന്ത്ര്യത്തില്‍ സ്കൂള്‍ മുഴുവനും അവനെ അരണ എന്ന് വിളിക്കുന്നു) എന്നെ തേടിവന്നു, വലിയൊരു ന്യൂസുമായി.

എടാ നീയറിഞ്ഞോ നമ്മുടെ ചെട്ട്യരുടെ പീടികയുടെ അടുത്തുള്ള പാടത്ത്‌ സര്‍ക്കസ്സ്‌.

ഒന്ന് പോടാ അരണേ... പുളുവടിക്കാതെ.

വേണമെങ്കില്‍ വിശ്വസിച്ചൊ... ഇന്ന് രാത്രി കളിയുണ്ടാവും.

അപ്പോള്‍ തന്നെ ടെക്കോഫ്‌ ചെയ്ത ഞങ്ങള്‍ ചെട്ടിയാരുടെ പീടികയുടെ സമീപം കെട്ടിയുണ്ടാക്കിയ കൊച്ചു ടെന്റിനടുത്ത്‌ നിമിഷങ്ങള്‍ക്കകം ലന്റ്‌ ചെയ്തു. സംഭവം കേട്ടറിഞ്ഞ്‌ പത്ത്‌ വയസ്സിന്‌ താഴേയുള്ള സകല ചില്ലറകളും സ്ഥലത്ത്‌ ഹജര്‍ വെച്ചിട്ടുണ്ട്‌. ടെന്റിനുമുമ്പില്‍ നിരത്തിയിട്ട വടങ്ങള്‍, കസേരകള്‍, മേശകള്‍ തുടങ്ങിയ സര്‍ക്കസ്സ്‌ സാമഗ്രികളില്‍ തോട്ടും തലോടിയും അവര്‍ നിര്‍വൃതി കൊള്ളുന്നു. കുറച്ചപ്പുറത്ത്‌ രണ്ട്‌ തമിഴന്മാര്‍ ചെറിയ പന്തല്‍ നിര്‍മാണത്തിലാണ്‌. അകത്ത്‌ നിന്ന് ഏതോ ഒരു കുട്ടി തേങ്ങികരയുന്നു. അതിലേറെ ഉച്ചത്തില്‍ തമിഴില്‍ അതിനെ ഒരു സ്ത്രീ ചീത്തപറയുന്നു.

ഇതെല്ലാം കണ്ടും കേട്ടും കുറേ സമയം വായിനോക്കി നിന്ന് തിരിച്ച്‌ വീട്ടിലേക്ക്‌ നടന്നു.


വൈകുന്നേരം പള്ളിയില്‍ പോവാന്‍ എന്നും മടി കാണിക്കാറുള്ള ഞാന്‍ അന്ന് നേരത്തെ ചൂട്ടുമായി ഇറങ്ങി.


എങ്ങോട്ടാ ഇപ്പോള്‍ തന്നെ എന്ന് ചോദിച്ച ഉമ്മയോട്‌ ഇപ്പോള്‍ പോയില്ലങ്കില്‍ മഗ്‌രിബ്‌* ജമാഅത്ത്‌* നഷ്ടപെടും എന്ന് നുണപറഞ്ഞു. എനിക്കറിയാം, ആ ചെട്ട്യരെ കണ്ടത്തില്‍ ആയിരിക്കും ഇന്നത്തെ ജമാഅത്ത്‌ അല്ലേ... എന്ന ചോദ്യം കേട്ടില്ലന്ന് നടിച്ച്‌ എന്നെ കാത്തിരിക്കുന്ന രാഘവന്റെ അടുത്തേക്ക്‌ ഓടി.


കത്തിച്ചുവെച്ച റാന്തലുകള്‍ക്ക്‌ മധ്യേ നിലത്ത്‌ പടിഞ്ഞിരിക്കുന്ന ഞങ്ങള്‍ക്ക്‌ മുമ്പില്‍ അവര്‍ അഭ്യാസങ്ങള്‍ കാണിച്ചു. നൃത്തം, സര്‍ക്കസ്സ്‌, മാജിക്ക്‌... അങ്ങനെ പല പരിപാടികള്‍ അവതരിപ്പിച്ചെങ്കിലും എനിക്കിഷ്ടപ്പെട്ടത്‌ കൂട്ടത്തില്‍ ഒരാള്‍ അവതരിപ്പിച്ച മാജിക്ക്‌ ആയിരുന്നു. ചെറിയ ഒരു കല്ല് കയ്യിലെടുത്ത്‌ കാണികളില്‍ ഒരാളെ വിളിച്ച്‌ അത്‌ കല്ലാണെന്ന് ഉറപ്പ്‌ വരുത്തുന്നു. പിന്നെ നീണ്ടൊരു പ്രസംഗം അത്‌ കഴിഞ്ഞ്‌ ഒരു മന്ത്രം ചൊല്ലി കയ്യിലെ കല്ല് പ്രവായി മാറ്റുന്നു.


ഞാന്‍ വീട്ടില്‍ ഉമ്മയോട്‌ ഇക്കാര്യം പറഞ്ഞപ്പോള്‍ അത്‌ കണ്‍ങ്കെട്ട്‌ വിദ്യയാണ്‌ എന്ന് പറഞ്ഞു. അപ്പോള്‍ കൂടുതല്‍ ചോദിച്ചാല്‍ ചിലപ്പോള്‍ ചോറ്‌ വാര്‍ക്കാനുപയോഗിക്കുന്ന കൊട്ടകൈയിലിന്റെ പാട്‌ എന്റെ തുടയില്‍ വീഴും എന്നറിയുന്നത്‌ കൊണ്ട്‌ കൂടുതല്‍ ഗവേഷണം പിന്നീടാവാം എന്ന് തീരുമാനിച്ചു.


അടുത്ത ദിവസം നനച്ച തെങ്ങോലയില്‍ നിന്ന് ചൂല്‌ നിര്‍മ്മണം പുരോഗമിച്ചു കൊണ്ടിരിക്കേ പതുക്കെ അടുത്ത്‌ കൂടി മാന്ത്രികവിദ്യയുടെ വിശദവിവരങ്ങള്‍ അന്വേഷിച്ചു. അപ്പോഴാണ്‌ കണ്‍കെട്ട്‌ വിദ്യയുടെ അനന്ത സാധ്യതകള്‍ എനിക്ക്‌ മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടത്‌. കണ്‍കെട്ട്‌ വിദ്യയാല്‍ ഒരു അമ്പലം മുഴുവന്‍ വിഴുങ്ങിയ ഒരു മാന്ത്രികനായ ചെട്ടിയാരുടെ കഥയും പറഞ്ഞു. ഈ വിദ്യ കാണിക്കുമ്പോള്‍ തൊട്ടടുത്ത പനയിലിരുന്ന് കള്ളുചെത്തിയിരുന്ന വേലുവിനെ ശ്രദ്ധിക്കാതിരുന്നതിനാല്‍ അയാളുടെ കണ്ണ്‍കെട്ടാന്‍ മാന്ത്രികന്‌ കഴിഞ്ഞില്ലെത്രെ. ചെട്ടി അമ്പലം വിഴുങ്ങീ... എന്ന് ജനം ഉച്ചത്തില്‍ വിളിച്ച്‌ കൂവി. എന്നല്‍ പനയുടെ മുകളിരിക്കുന്ന വേലുവിന്‌ അമ്പലം വിഴുങ്ങിയതായി തോന്നിയില്ല. പുള്ളി അതിലേറെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്രെ. മുഴുവന്‍ വിഴുങ്ങിയിട്ടോന്നുമില്ലാ.... അയാള്‍ വെറുതെ ഒരുവക്കില്‍ കടിച്ചിട്ടുള്ളൂ എന്ന്.


അപ്പോഴാണ്‌ മാന്ത്രികന്‍ വേലുവിനെ കാണുന്നത്‌. ഈ രഹസ്യം വിളിച്ചു പറഞ്ഞ വേലുവിന്റെ ചുറ്റും മറ്റൊരു കണ്‍കെട്ട്‌ വിദ്യയിലൂടെ വെള്ളം നിറച്ചെന്നും വേലു വെള്ളമെന്ന് വിചാരിച്ച്‌ ചാടിയത്‌ തൊട്ടടുത്ത കരിമ്പാറ കൂട്ടത്തിലേക്കായിരുന്നെന്നും, അതോടെ വേലുവിന്റെ ചാപ്റ്റര്‍ ക്ലോസ്‌ എന്നും ഉമ്മ വിശദീകരിച്ചു


എന്നെ അലട്ടികൊണ്ടിരുന്ന 'ഭാവിയില്‍ ആരായിതീരണം' എന്ന ചോദ്യത്തിന്റെ ഉത്തരം അവിടെ വെച്ച്‌ കിട്ടി. ലോകത്തെ ഏറ്റവും വലിയ ഒരു മാന്ത്രികന്‍.

ഇക്കാര്യം അരണയുമായി ഡിസ്കസ്‌ ചെയ്തു.

എടാ... നമുക്ക്‌ മാജിക്ക്‌ പഠിച്ചാലോ ?

പഠിക്കുക എന്ന പദം കേട്ടത്‌ കൊണ്ടാവും 'എന്തിന്‌' എന്ന് ഉടന്‍ മറുചോദ്യം വന്നു.

പിന്നെ അത്‌ പറഞ്ഞു സ്ഥാപിക്കാന്‍ ഞാന്‍ പാട്‌പെട്ടു

അറിഞ്ഞാല്‍ ഒരുപാട്‌ കാര്യമുണ്ട്‌. ഞാന്‍ വാചാലനായി. എടാ കഴിഞ്ഞദിവസം നമ്മെ തല്ലിതോല്‍പ്പിച്ച ആ കുരുവി ഭാസ്കരനടക്കം സകലരുടെയും മുമ്പില്‍ നമുക്ക്‌ ആളാവാം. പിന്നെ ഒരുപാട്‌ പണവും ഉണ്ടാക്കാം.


പണമോ..... അതെങ്ങനെ... ? അവന്‍ ചാടിവീണു.

അബദ്ധത്തില്‍ വന്ന പണം എന്ന പദം വരുത്തിയ വിന. ഞാന്‍ പുതിയ ബിസ്‌നസ്‌ വിശദീകരിച്ചു കൊടുത്തു.

ആഴ്ചത്തോറും മീറ്റിംഗ് ശ്രവിക്കുന്ന സെയില്‍സ്‌ എക്സിക്യൂട്ടിവുകളെ പോലെ അവന്‍ വായടച്ച്‌ ഇമയനക്കാതെ എന്നെ നോക്കി ശ്രദ്ധിച്ചിരുന്നു. ഞാന്‍ എന്റെ പ്രഭാഷണം ഇങ്ങിനെ ആരംഭിച്ചു


ഉദാഹരണമായി മാജിക്ക്‌ അറിയാമെങ്കില്‍ നമുക്ക്‌ കല്ല് പ്രാവാക്കി മറ്റിക്കൂടെ..

ആ... അത്‌ പറ്റും


ഇങ്ങിനെ കല്ലുകള്‍ കണ്‍വേര്‍ട്ട്‌ ചെയ്ത പ്രാവുകളെ നമുക്ക്‌ വിറ്റ്‌ കാശാക്കാം.

ആ അതു കൊള്ളാമല്ലോ... നല്ല ഐഡിയ...


നമുക്ക്‌ കുറച്ച്‌ കല്ലിന്റെ ചെലവല്ലേ ഉള്ളൂ. അത്‌ റയില്‍വേ ലൈനില്‍ നിന്ന് അടിച്ചുമാറ്റാം.

ഇത്‌ ഇപ്പോള്‍ ആരോടും പറയേണ്ട എന്ന തീരുമാനത്തില്‍ ഞങ്ങള്‍ പിരിഞ്ഞു.


അങ്ങനെ ഒരു ദിവസം രാവിലെ ഞാന്‍ അവരോട്‌ നേരിട്ട്‌ അന്വേഷിച്ചു.

എനിക്ക്‌ മാജിക്ക്‌ പഠിക്കണം. നിങ്ങള്‍ പഠിപ്പിച്ച്‌ തരുമോ...

അത്‌ പഠിക്കാന്‍ ബുദ്ധിമുട്ടാണ്‌.

എന്നാല്‍ ഏതെങ്കിലും ഒന്ന്.

പറ്റില്ലെന്ന് പറഞ്ഞില്ലേ...

ഞാന്‍ പൈസ തരാം.

എത്ര പൈസയുണ്ട്‌ കയ്യില്‍.

കോണ്ടോട്ടിനേര്‍ച്ചക്ക്‌ പോവാനായി കൂട്ടിവെച്ചിരുന്ന ഒമ്പത്‌ രൂപ മനസ്സില്‍ കണ്ട്‌ ഞാന്‍ ചോദിച്ചു. ഒമ്പത്‌ രൂപ മതിയോ...

അതൊന്നും പോര, ഇരുപത്‌ രൂപവേണം, അത്രയും കാശുമായി വന്നാല്‍ പഠിപ്പിച്ചു തരാം.


പിറ്റേന്ന് മുതല്‍ ഇരുപത്‌ രൂപയുണ്ടാകാനുള്ള ഓട്ടപാച്ചിലായി. ആകെയുള്ള സമ്പാദ്യം ഒമ്പത്‌ രൂപ ഞാന്‍ പുറത്തെടുത്തു. പിന്നെ എന്റെ കയ്യിലുണ്ടായിരുന്ന മിന്നുന്ന തുര്‍ക്കിതൊപ്പി 3 രൂപക്ക്‌ വിറ്റു. അരണ രാഘവന്‍ അഞ്ചു രൂപയുടെ ഒരു ഷെയര്‍ എടുത്തു. പിന്നീട്‌ ഒരു മൂന്ന് രൂപ ഉമ്മയോട്‌ ഒരായിരം നുണ പറഞ്ഞ്‌ അടിച്ചുമാറ്റി. അങ്ങനെ ദക്ഷിണക്കുള്ള പണമായി.


പിറ്റേന്ന് രാവിലെ ഞാന്‍ ദക്ഷിണ നല്‍കി. അന്ന് ഉച്ചക്ക്‌ ശേഷം വന്നാല്‍ എല്ലാം ശരിയാക്കമെന്ന് പറാഞ്ഞു. ഞാന്‍ പതിനെന്നിന്‌ വീണ്ടും എത്തി. പുള്ളി അകത്ത്‌ പോയി ഒരു പാക്കറ്റ്‌ കയ്യിലെടുത്ത്‌ തിരിച്ചുവന്നു.

എന്നിട്ട്‌ ടേംസ്‌ ആന്‍ഡ്‌ കണ്ടീഷന്‍സ്‌ വിശദീകരിച്ചു.

മാജിക്ക്‌ പഠിക്കണമെങ്കില്‍ എട്ട്‌ ദിവസം കാത്തിരിക്കണം. അത്രയും ദിവസം പാക്കറ്റിലുള്ള പൌഡര്‍ ആട്ടിന്‍പാലില്‍ കലക്കി സൂക്ഷിക്കണം ഇക്കാര്യം ആരും കാണാനോ ആരൊടെങ്കിലും പറയാനോ പാടില്ല. പത്താം ദിവസം രാവിലെ മൂന്നരക്ക്‌ ഒറ്റതോര്‍ത്ത്‌ മാത്രം ധരിച്ച്‌ ഇത്‌ ശരീരത്തില്‍ തേച്ചുപിടിപ്പിച്ച ശേഷം മുങ്ങികുളിക്കുക. പത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം കുളിക്കാനിറങ്ങുമ്പോള്‍ മനുഷ്യനോ മൃഗങ്ങളോ നിങ്ങളെ കാണാന്‍ പാടില്ല. അവര്‍ നിങ്ങളേയും കാണാന്‍ പാടില്ല. ഇതിനെല്ലാം ശേഷം കല്ലെടുത്ത്‌ കയ്യില്‍ അടക്കി പിടിച്ച്‌ ഏതു പക്ഷിവേണം എന്ന് സങ്കല്‍പ്പിച്ച്‌ അഞ്ചു പ്രാവശ്യം പക്ഷിയുടെ പേര്‌ ഉരുവിട്ട്‌ കല്ലില്‍ ഊതിയാല്‍ അത്‌ ആ പക്ഷിയായി മാറും.


തന്ന പൌഡര്‍ പാലില്‍ ചേര്‍ക്കുമ്പോല്‍ കുളിക്കണോ എന്ന് ചോദിക്കാന്‍ മറന്നതിനാല്‍ വീട്ടില്‍ വന്ന് ആദ്യം ഒന്ന് കുളിച്ചു. പിന്നീട്‌ നല്ലൊരു കണ്ണന്‍ ചിരട്ടയെടുത്തു. അതില്‍ ആരും കാണാതെ ആടിന്റെ പാല്‍ കറന്നെടുത്തു. പിന്നെ അടുക്കളയുടേ മുകളില്‍ തേങ്ങയും വിറകും ഉണക്കനിടുന്ന തേങ്ങാകൂട്ടില്‍ ഒളിപ്പിച്ചു.


അന്ന് മുതല്‍ എനിക്ക്‌ മാഹാമാന്ത്രികനാവുന്ന മഹത്ഭുതം ചിന്തിച്ചും വീട്ടുകാര്‍ക്ക്‌ പാല്‍ പഴകുന്തോറും ഉണ്ടാവുന്ന ദുര്‍ഗന്ധം സഹിച്ചും ഉറക്കം നഷ്ടപെട്ടു.

ഒരു ദിവസം വൈകുന്നേരം ബാപ്പ വിളിക്കുന്നു.

എടാ... നീ ആ തേങ്ങാ കൂട്ടിലൊന്ന് കേറിനോക്ക്‌. വല്ല എലിയോ മറ്റൊ ചത്ത്‌ കിടക്കുന്നുണ്ടാവും...

കേട്ടതുപാതി ഞാന്‍ ഓടി കേറി. അവിടെ മുഴുവനും നോക്കി. പാല്‍ ചിരട്ട ഒന്ന് കൂടി മറച്ചുവെച്ച്‌ തിരിച്ചിറങ്ങി.

അവിടെ ഒന്നും ഇല്ല... ഇനി വേറെയെവിടെ നിന്നെങ്കിലും ആവും.

അന്നുമുതല്‍ എന്നും വീട്ടില്‍ ഇത്‌ തന്നെ പ്രശ്നം. വല്ലാത്ത നാറ്റം. അതിന്റെ ഉത്ഭവത്തെക്കുറിച്ച്‌ ഒരു വിവരവും ഇല്ല. എനിക്കാണെങ്കില്‍ പറയണമെന്നുണ്ട്‌. പറഞ്ഞാന്‍ രണ്ടാണ്‌ പ്രശ്നം, ഒന്ന് ലോകത്തിലെ ഏറ്റവും വലിയ മാജിഷ്യന്‍ എന്ന സ്വപ്നം അതോടെ അവസാനിക്കും. രണ്ട്‌ അതിനായി ചെലവാക്കിയ ഇരുപത്‌ രൂപയടക്കം പലതിന്റെയും കണക്ക്‌ ബോധിപ്പിക്കേണ്ടി വരും. ഞാന്‍ മിണ്ടാതെ കഴിഞ്ഞു.


അങ്ങനെ ഏഴാം ദിവസം ഞാന്‍ പ്ലാന്‍ തയ്യാറാക്കി. വീടിന്റെ മുന്‍വശത്തുകൂടെ രാവിലെ മൂന്ന് മണിക്ക്‌ ഇറങ്ങാന്‍ ബുദ്ധിമുട്ടാണ്‌. ഒന്ന് ബാപ്പകാണും. ഇനി കണ്ടില്ലെങ്കില്‍ തന്നെ തൊഴുത്തില്‍ നില്‍ക്കുന്ന ഏതെങ്കിലും സ്ഥിരാംഗങ്ങളെ കാണും. ഇനി പിന്‍ വശമായാലോ അപ്പോഴും പ്രശ്നമുണ്ട്‌. അവിടെയും പണ്ടാരടങ്ങാന്‍ ഒരു ആട്ടിന്‍ കൂട്‌.

ഞാന്‍ ആകെ കണ്‍ ഫ്യൂസ്‌ ആയി.


അന്ന് വൈകുന്നേരം ആടിനെ കൂട്ടിലാക്കും മുമ്പ്‌ പെങ്ങളുടെ മകളോട്‌ ഞാന്‍ പറഞ്ഞു. ഇന്ന് ആടിനെ തൊഴുത്തില്‍ കെട്ടിയാല്‍ മതി.

അതെന്തിനാ...

അതൊന്നും നീയറിയണ്ട. പറഞ്ഞതു കേട്ടാല്‍ മതി.

പറ്റില്ലന്ന് അവള്‍.

ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഉമ്മയെ വിളിച്ചു. അതോടെ ഞാന്‍ അവിടെ നിന്ന് മുങ്ങി.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ രാത്രിയുടെ ഒരോ നിമിഷവും ഞാന്‍ അറിഞ്ഞു. ഇടയ്ക്കിടേ പഴകിയ ക്ലോക്കില്‍ നോക്കി. അവസാനം സമയം മൂന്ന്. പെങ്ങളുടെ മകളെ വിളിച്ചുണര്‍ത്തി പറഞ്ഞു.

നീ ആടിനെ ഒന്ന് തെടിയിലേക്ക്‌ കെട്ടുമോ...

പാതിയുറക്കത്തില്‍ അവള്‍ എനിക്ക്‌ വയ്യാ... നേരം വെളുക്കട്ടേ എന്ന് പറഞ്ഞു.

ഞാന്‍ ഒരു രൂപതരാം.

അതിലവള്‍ വീണു.

പിന്നെ പതുക്കെ തേങ്ങാകൂടില്‍ കയറി ആ ദുര്‍ഗന്ധമുള്ള ദ്രാവകം ശരീരത്തില്‍ തേച്ച്‌ പതുക്കെ തോട്ടത്തിലേ കുളം ലക്ഷ്യമാക്കി നടന്നു. എത്ര മുങ്ങിയിട്ടും വൃത്തികെട്ട മണം പോവാതെ നില്‍ക്കുന്നു. ഏകദേശം മണം പോയി എന്ന് തോന്നിയ ശേഷംതിരിച്ച്‌ നടന്നു...


വഴിയില്‍ നിന്ന് ഒരു കല്ല് കയ്യിലെടുത്തു. വീണ്ടും ഉറങ്ങാന്‍ തുടങ്ങിയിരുന്ന ഇത്താത്തയുടെ മകളെ വിളിച്ചുണത്തി. പാതിയുറക്കത്തില്‍ തലയും ചൊറിഞ്ഞിരിക്കുന്ന അവളോട്‌ ഞാന്‍ ചോദിച്ചു.

എന്റെ കയ്യില്‍ എന്താ....

അവള്‍ പാതിയുറക്കത്തില്‍ എന്താ....

എന്റെ കയ്യിലെ പ്രാവിനെ കാണുന്നുണ്ടോ...

പ്രാവോ...

അതെ ശരിക്ക്‌ നോക്ക്‌ ..

ഈ ഇക്കക്ക്‌ എന്താ... ഇത്‌ പ്രാവോ..

അവള്‍ ഉറക്കം മറന്നുചിരിച്ചു. എനിക്ക്‌ കലി കയറി. അവളുടെ തോളില്‍ ഞാന്‍ ആഞ്ഞടിച്ചതും അവള്‍ ഉച്ചത്തില്‍ കരഞ്ഞതും ഒന്നിച്ചായിരുന്നു.


എല്ലാവരും ഓടിവന്നു. അവള്‍ ഓരോന്നായി വിശദീകരിച്ചു. തലേന്ന് ആടിനെ മാറ്റാന്‍ പറഞ്ഞത്‌. രാവിലെ അതിനെ തൊടിയില്‍ കൊണ്ടുപോയി കെട്ടിച്ചത്. രാവിലെ മൂന്ന് മണിക്ക്‌ കുളിക്കാന്‍ പോയത്‌. കുളിച്ചുവന്ന് കല്ലെടുത്ത്‌ പ്രാവാണൊ എന്ന് ചോദിച്ചത്‌...

എല്ലാം കേട്ടപ്പോള്‍ ബാപ്പ കുഞ്ഞുട്ട്യേ... എന്താടാ പറ്റിയത്‌ എന്ന് ചോദിച്ചു.


ഞാന്‍ കാത്തിരുന്നു, സത്യം കുറച്ചുകൂടി കഴിഞ്ഞു പറയാം. ഇനി മരുന്ന് ഫലിക്കാന്‍ സമയമായിട്ടില്ലെങ്കില്‍ ഇത്രയും ദിവസത്തെ അധ്വാനവും കൂടെ ഇരുപത്‌ രൂപയും വെള്ളത്തിലാവും. എന്ന് തീരുമാനിച്ച്‌ എനിക്കൊന്നുമില്ലന്ന് പറഞ്ഞ്‌ ഞാന്‍ ഒഴിഞ്ഞു.


വീട്ടിലെ കരച്ചില്‍ കേട്ട്‌ ഓടിയെത്തിയ അയല്‍വാസികള്‍ ബാപ്പയോട്‌ കാര്യങ്ങള്‍ അന്വേഷിച്ചു. അവരില്‍ ചിലര്‍ തിരിച്ച്‌ പോവുമ്പോള്‍ അവരോടും ചോദിച്ചു. ഇത്‌ പ്രാവല്ലേ എന്ന്. പലരും എന്നെ ദയനീയ മായി നോക്കി. ഒരാള്‍ പറഞ്ഞു അതെ പ്രാവുതന്നെ. എനിക്ക്‌ സന്തോഷമായി.


എന്നെ വിളിച്ചു വരുത്തി ചായ തരുമ്പോള്‍ ഉമ്മ വല്ലതെ കരഞ്ഞ പോലെ. ഞാന്‍ പുട്ടില്‍ പഞ്ചസാര ചേര്‍ത്ത്‌ അതില്‍ ചായ ഒഴിച്ച്‌ കോരിക്കുടിക്കുന്നതിനിടയില്‍ വീണ്ടും തേങ്ങല്‍ കേട്ട്‌ തിരിഞ്ഞപ്പോള്‍ ഉമ്മ നിന്ന് കരയുന്നു. എന്തിനാ കരയുന്നതെന്ന് ചോദിച്ചപ്പോള്‍ ഒന്നും ഇല്ല. നീ ചായ കുടിക്ക്‌ എന്ന് പറഞ്ഞു. ഒമ്പത്‌ വയസ്സാവും വരെ ഇല്ലാത്ത സല്‍കാരം കണ്ടപ്പോള്‍ എനിക്ക്‌ സംശയം മണത്തു.


മൂന്ന് കഷ്ണം പുട്ട്‌ തീര്‍ത്ത്‌ കൈ കഴുകാന്‍ കിണറ്റിന്‍ കരയില്‍ വന്ന് തിരിച്ച്‌ പോവുമ്പോള്‍ ഉപ്പ അരോടോ പിറുപിറുക്കുന്നു. അയല്‍ വാസികളോടായിരിക്കും. കൂട്ടത്തില്‍ എന്റെ പേര്‌ കേട്ടതോടെ ഞാന്‍ ശ്രദ്ധിച്ചു.

ബാപ്പ പറയുന്നു.

കുറച്ചു ദിവസമായിട്ട്‌ അവന്‌ ഒരു ക്ഷീണം ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം ആടിനെ കൂട്ടില്‍ നിന്ന് മാറ്റിക്കെട്ടണം എന്ന് പറഞ്ഞിരുന്നത്രെ. രാത്രി ഉറങ്ങിയിട്ടില്ലന്നും തോന്നുന്നു. പിന്നെ ഇന്ന് രാവിലെ മൂന്ന് മണിക്ക്‌ മോളെ കൊണ്ട്‌ ആടിനെ കൂട്ടില്‍ നിന്ന് തൊടിയിലേക്ക്‌ മറ്റികെട്ടിച്ചു. പിന്നെ അന്നേരത്ത്‌ ഒരിക്കലും ഇല്ലാത്ത കുളിയും. ഇതിനെല്ലാം പുറമേ ഒരു കഷ്ണം കല്ലെടുത്ത്‌ പ്രാവല്ലേ എന്ന് ചോദിക്കുന്നു... എനിക്കറിയില്ല എന്താണുണ്ടായത്‌ എന്ന്
അവസാനമായപ്പോഴേക്കും ഉപ്പയുടെ തൊണ്ട ഇടറിയപോലെ.


ഇത്‌ കേട്ട്‌ തൊട്ടടുത്ത വീട്ടിലെ അഹമ്മദ്‌ കുട്ടികാക്ക പറയുന്നു.

പോക്കരേ ചെലപ്പോള്‍ ഇങ്ങോട്ട്‌ വരുന്ന വഴിയില്‍ ആ ചുടലയില്‍ നിന്നോ മറ്റോ പേടിച്ചതായിരിക്കും. ആ പൂങ്കുളമോ മറ്റോ കൊണ്ട്‌ പൊയ്കോ. ഇപ്പോള്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ മൂച്ചിപിരാന്ത്‌* ആവും.

എല്ലാവരും കൂടി എന്നെ ഭ്രന്തനാക്കനുള്ള പുറപ്പാട്‌. അതോടെ ഞാന്‍ സര്‍വ്വം തളര്‍ന്നു. ഓടിചെന്ന് ഉപ്പയോട്‌ പറഞ്ഞു. ഉപ്പാ എനിക്ക്‌ ഒന്നും ഇല്ല. എനിക്ക്‌ ഒന്നും ഇല്ല. തലയിലെ മുടിയില്‍ വിരലോടിച്ച്‌ ഉപ്പ പറഞ്ഞു ഹേയ്‌... ഒന്നുമില്ല... ആരാ പറഞ്ഞത്‌ അങ്ങനെ, സാരമില്ലാട്ടോ...

എല്ലാവരും എന്നെ ദയനീയമായി നോക്കുന്നു. അതോടെ എനിക്ക്‌ ഉറപ്പായി. ഇനിയും തുറന്ന് പറാഞ്ഞില്ലെങ്കില്‍ എന്നെ എല്ലാവരും കൂടി ഭ്രാന്താനാക്കും എന്ന്. ഞാന്‍ എല്ലാം തുറന്ന് പറഞ്ഞു. വീട്ടില്‍ കൂട്ടച്ചിരി.


കുറച്ച്‌ കഴിഞ്ഞ്‌ ഞാനും അരണയും കൂടി തമിഴനെ അന്വേഷിച്ചു ചെന്നു. അവിടെ കൂടാരം ഉണ്ടായിരുന്നില്ല. തൊട്ടടുത്ത കടയിലെ കുഞ്ഞാലികാക്കയോട്‌ ചോദിച്ചപ്പോള്‍ അവര്‍ ഇന്നലെ പോയി എന്ന് പറഞ്ഞു. അതോടെ എല്ലാം മനസ്സിലായി. പോവുന്ന ദിവസം കൂടി കണക്കാക്കിയായിരുന്നു അവര്‍ എന്നെ മജീഷ്യനാക്കാന്‍ തീരുമാനിച്ചിരുന്നത്‌.


അതിന്‌ ശേഷം മാജിക്ക്‌ പഠിക്കാന്‍ മോഹം തോന്നിയിട്ടില്ല. ഇനി അങ്ങനയൊരു മോഹം ഉണ്ടാവുമെന്ന് തോന്നുന്നുമില്ല. ഇതും പറഞ്ഞ്‌ അദ്ദേഹം മിണ്ടാതിരുന്നു.


* മഗ്‌രിബ് : സന്ധ്യ സമയത്തുള്ള നമസ്കാരം.
* ജമാ‌അത്ത് : ഒന്നിച്ചുള്ള നമസ്കാരം
* മൂച്ചിപിരാന്ത് : ചിത്തഭ്രമം.

51 comments:

മുസ്തഫ|musthapha said...

“...ഓടിചെന്ന് ഉപ്പയോട്‌ പറഞ്ഞു. ഉപ്പാ എനിക്ക്‌ ഒന്നും ഇല്ല. എനിക്ക്‌ ഒന്നും ഇല്ല. തലയിലെ മുടിയില്‍ വിരലോടിച്ച്‌ ഉപ്പ പറഞ്ഞു ഹേയ്‌... ഒന്നുമില്ല... ആരാ പറഞ്ഞത്‌ അങ്ങനെ, സാരമില്ലാട്ടോ...”

ഇത്തിരിയേ, ഇതു കിടിലന്‍... തകര്‍ത്തു... ഇങ്ങനത്തെ പീസൊക്കെ കയ്യിലുണ്ടായിട്ട... വെറുതെ വായനക്കാരെ കരയിക്കേം ഞെട്ടിക്കേമൊക്കെ ചെയ്തോണ്ടിരുന്നത്.


ഇത്തിരിവെട്ടത്തിന്‍റെ സ്വഭാവം വെച്ച് കുഞ്ഞുട്ട്യാജിയെ വല്ല വണ്ടിയും ഇടിപ്പിച്ച് കൊല്ലോന്നൊരു പേടിയുണ്ടായിരുന്നു :)

ഇതെന്തേ മൊത്തം ബോള്‍ഡാക്കിയത്... ആദ്യത്തെപോലെ തന്നെയായിരുന്നു നല്ലതെന്ന് തോന്നുന്നു.

സൂവിനിട്ടെറിയാനെടുത്ത തേങ്ങ ഇതാ ഇവിടെ കിടക്കട്ടെ :)

Rasheed Chalil said...

ഒരു പുതിയ പോസ്റ്റ്.

വല്യമ്മായി said...

നല്ല അനുഭവം.പറ്റുകളിങ്ങനെ ഒരു പാട് പറ്റിയിട്ടുള്ളതു കൊണ്ട് അയാളുടെ മനസ്സ് കാണാന്‍ കഴിയുന്നു.

അഗ്രജാ,വീട്ടിലെ തേങ്ങയൊക്കെ ബ്ലോഗില്‍ കൊണ്ടുടച്ചാല്‍ നോമ്പ് തുറന്ന് ഒന്നും കഴിക്കാന്‍ കിട്ടില്ലാട്ടോ.

സു | Su said...

ഹിഹിഹി. കഥ കേട്ടതോടെ മാജിക് പുസ്തകം വാങ്ങി മാജിക് പഠിക്കാനുള്ള മോഹം ഉപേക്ഷിച്ചില്ലേ?

അലിഫ് /alif said...

നല്ല പോസ്റ്റാണല്ലോ.
അഗ്രജാ, ഞാനും പേടിച്ചു പേടിച്ചാ വായിച്ചത്, ഇനി ഇതിലെപ്പഴാ അതിഥി ആതിഥേയനാവുകയെന്നു; കാരണം ആ പോസ്റ്റ് അത്രയ്ക്ക് മനസില്‍ തട്ടിയിരുന്നു.
‘പഠിക്കുക എന്ന പദം കേട്ടത്‌ കൊണ്ടാവും 'എന്തിന്‌' എന്ന് ഉടന്‍ മറുചോദ്യം വന്നു‘, കൊള്ളാം അരണയുടെ അവതരണവും.

ഇടിവാള്‍ said...

ഹ ഹ ഹ..
അവസാനം ഇത്തിരിവെട്ടത്തില്‍ നിന്നൊത്തിരി വ്യത്യസ്ത കഥ. നന്നായി

magnifier said...

ഇത്തിരീ ഇദ് കലക്കീട്ടൊ..ഇത് ഇത്തിരി അല്ല ഒത്തിരി നന്നായി

ഏറനാടന്‍ said...

ഇത്തിരിയേ ഇത്തരം തമാശയില്‍ ചാലിച്ച മാസ്‌മരികകഥകളും വശമുണ്ടല്ലേ! ഒത്തിരിയിഷ്‌ടമായിട്ടോ. തുടര്‍ന്നും ഇത്തരം തമാശകള്‍ പ്രതീക്ഷിക്കുന്നു.

Anonymous said...

കൃഷിക്കാരനായ ബാപ്പയുടെ സന്തതസഹചാരികളായ രണ്ടു മൂരികള്‍, വീട്ടില്‍ മില്‍ക്‌ സപ്ലൈ ചെയ്യുന്ന ഒരു പശുവും അവളുടെ കിടാവും, പിന്നെ മൂത്ത പെങ്ങളുടെ സ്വാകര്യ സമ്പാദ്യമായ, മനോഹരമായ തൂവെള്ളത്താടിയുള്ള അജസുന്ദരിയും അവളുടെ രണ്ടുമക്കളും, അവരുടെ ചുറ്റും കറങ്ങി നടക്കാന്‍ ഉമ്മയുടെ ഇഷ്ടക്കാരികളായ കുറെ കോഴികളും.

ഇത്തിരിയേ സംഭവം അടിപൊളീ. ഗ്രമീണതയുടെ ബിംബങ്ങള്‍. അപ്പോള്‍ ഹാസ്യവും വഴങ്ങും അല്ലെ

Anonymous said...

"എടാ... നമുക്ക്‌ മാജിക്ക്‌ പഠിച്ചാലോ ?
പഠിക്കുക എന്ന പദം കേട്ടത്‌ കൊണ്ടാവും 'എന്തിന്‌' എന്ന് ഉടന്‍ മറുചോദ്യം വന്നു".

ഇത് നല്ല തമ്മാശ.

Sreejith K. said...

കുട്ടികള്‍ കാണിക്കുന്ന തമാശകളും മണ്ടത്തരങ്ങളും മുതിര്‍ന്നവര്‍ ഭ്രാന്തായി വരെ കണ്ടേക്കാം എന്ന സത്യം ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. നന്നായി വിവരണം. നല്ല കഥ. എന്നാലും ഇത്തിരി നീളം കുറയ്ക്കാമായിരുന്നു എന്നൊരു തോന്നല്‍

Kalesh Kumar said...

സൂപ്പര്‍ ചേട്ടായീ!
വായിച്ചിരുന്ന് പൊട്ടി ചിരിച്ചു!

ഒഴുക്കുള്ള വായന!!!

Mubarak Merchant said...

“ഉപ്പ പറഞ്ഞു ഹേയ്‌... ഒന്നുമില്ല... ആരാ പറഞ്ഞത്‌ അങ്ങനെ, സാരമില്ലാട്ടോ...”
എത്ര വലിയ രഹസ്യത്തിന്റെയും പൂട്ടുപൊളിക്കാന്‍ പോന്ന വാക്കുകള്‍! ഒരായുസ്സിന്റെ മുഴുവന്‍ സ്നേഹവും ഈ വാക്കുകളിലുണ്ട്.

Unknown said...

ഇത്തിരിവെട്ടം,
ഇന്ന് ഏത് വണ്ടിയാ ഇടിച്ചത് എന്ന്‍ നോക്കാന്‍ വന്നതാ.:-)

കുറച്ച് കാലമായി പത്രത്തിലെ ചരമ കോളം നോക്കുന്നത് പൊലെയായിരുന്നു ഇത്തിരിവെട്ടം ബ്ലോഗ് നോക്കുക എന്ന് പറഞ്ഞാല്‍.

ഒന്ന് മാറ്റിപ്പിടിച്ചത് നന്നായി. മാജിക്കൊക്കെ അറിയാമല്ലെ? എനിക്കൊരു ചുട്ടകോഴിയെ വരുത്തി തരുമോ? :)

(ഓടോ:കഥ നന്നായിരിക്കുന്നു)

വേഡ് വെരി:ബിജെപി ടെക്സ്റ്റ് ബുക്ക് (bjptxbk)

thoufi | തൗഫി said...

ഇത്തിരിയേ,കൊള്ളാം
നന്നായിരിക്കുന്നു.
കഥക്കൊരു മലബാര്‍ ടച്ചുണ്ടല്ലോ.
ഹാസ്യവും വേണം,എന്നു വെച്ച്‌ പതിവുശൈലി വിടണ്ടാട്ടൊ,ഞങ്ങളൊക്കെ ഇവിടെ കരയാന്‍ കാത്തിരിക്ക്യാണു

ലിഡിയ said...

നല്ല ശേലുള്ള കഥ.എനിക്കും മാജിക്ക് വലിയ ഇഷ്ടമാണ്.ഇപ്പോഴും..അത് കൊണ്ട് അത് പഠിക്കാന്‍ പുള്ളി നടത്തിയ ശ്രമങ്ങളുടെ ആത്മാര്‍ത്ഥത മനസ്സിലാവുന്നു.

നന്നായി എഴുതുകയും ചെയ്തു.

-പാര്‍വതി.

ശിശു said...

ഇത്തിരീ, കഥ അസ്സലായി,

സൂര്യോദയം said...

നല്ല സംഭവം.... ചെറുപ്പകാലത്ത്‌ ആരോ പറഞ്ഞതോര്‍മ്മയുണ്ട്‌.. 'മാജിക്ക്‌ നടത്താന്‍ ഒരു മുട്ടയെടുത്ത്‌ ഒരു കുപ്പിയിലാക്കി 10 ദിവസം കുഴിച്ചിട്ട്‌ അതെടുത്ത്‌ കയ്യില്‍ പുരട്ടി എന്തുവേണേലും കയ്യില്‍ വരുത്താം എന്ന്...' അതിന്‌ മുതിര്‍ന്നാല്‍ കൈയ്യില്‍ അച്ഛന്റെ ചൂരലിന്റെ പാട്‌ വരുത്താം എന്ന് മനസ്സിലായതിനാല്‍ മെനക്കെട്ടില്ല.

അഡ്വ.സക്കീന said...

ഏത് രക്ഷസ്സാടാ എന്ടെ മോന്ടെ ദേഹത്ത് വിലസണത്,നിന്നെ ഞങ്ങള്‍ പുകച്ചോടിക്കുമെന്ന് പറഞ്ഞ് തീ വെച്ചില്ലല്ലോ. കൊണ്ടോട്ടിക്കാര്‍ ക്കന്നും
വിവരമുണ്ടല്ലേ. ഞങ്ങടെ നാട്ടുകാരെപ്പോലല്ല.

Anonymous said...

"എല്ലാവരും എന്നെ ദയനീയമായി നോക്കുന്നു. അതോടെ എനിക്ക്‌ ഉറപ്പായി. ഇനിയും തുറന്ന് പറാഞ്ഞില്ലെങ്കില്‍ എന്നെ എല്ലാവരും കൂടി ഭ്രാന്താനാക്കും എന്ന്. ഞാന്‍ എല്ലാം തുറന്ന് പറഞ്ഞു. "

പേടി കാരണം അപ്പോഴും തുറന്നുപറയാന്‍ തോന്നിയില്ലെങ്കില്‍, എന്തൊക്കെ പുകിലുകള്‍ ഉണ്ടായേനേ..
കുട്ടികളെ മനസ്സിലാക്കാന്‍ പറ്റുന്നവര്‍ തീരെ ചുരുക്കം!

കരീം മാഷ്‌ said...

നല്ല ഗ്രാമീണതയും നൈസര്‍ഗികമായ നിഷ്‌കളങ്കതയും ദര്‍ശിച്ച ഒന്നാംതരം ഓര്‍മ്മക്കുറിപ്പ്‌.
മരണകഥകളില്‍ നിന്ന്‌ ഒരു മോചനം ഞങ്ങളില്‍ ചിലരൊക്കെ ആഗ്രഹിച്ചതിതിനായിരുന്നു. അഭിനന്ദനങ്ങള്‍

കരിന്തിരി said...

Rasikan ezhuthum, athilum rasikan sambhavavum.

Iniyum ithupole ulla kadhakalkku vendi njaan kaathirikkum . Jose chettane kaathirikkunna thressiammaye pole. (kadappad: Sudhakar Mangalodayam)

Visala Manaskan said...

ആ ഡബിള്‍ എക്സപയറിയായ ആട്ടും പാല്‍ തേച്ച് നടന്നുപോണ പോക്ക് എനിക്കിഷ്ടായി!

ആ പോക്കില്‍ അദ്ദേഹം തന്റെ ശരീരത്തില്‍ നിന്നും ബഹിര്‍ഗമിക്കുന്ന സ്മെല്ലിനെക്കുറിച്ചെന്തൊക്കെ ആത്മഗതം നടത്തിയിരിക്കും? ആള്‍ടെ മുഖത്തിന്റെ ഭാവം എന്തായിരുന്നിരിക്കും?

ഒരു ഗ്രാമീണനിഷകളങ്കന്റെ കഥ!

ഇഷ്ടപ്പെട്ടു.

വേണു venu said...

മൂന്ന് മുറിയും ഒരു അടുക്കളയുമുള്ള വീട്‌. അതിലേ അന്തേവാസികള്‍. നിഷ്ക്കളങ്കമായ വിവരണങ്ങള്‍.

ഓര്‍മ്മക്കുറിപ്പിഷ്ടപ്പെട്ടു.

ബിന്ദു said...

കൊള്ളാം നല്ല രസമുണ്ട്.:) കൂടുതല്‍ അപകടങ്ങള്‍ വരുത്തുന്നതിനു മുന്‍പ് തന്നെ സത്യം പറഞ്ഞത് നന്നായി.

Adithyan said...

ഇത്തിരീ, കലക്കന്‍!
:)

പുള്ളി said...

ഇത്ര സുന്ദരമായി എഴുതുന്ന ഇത്തിരിയാണോ കഴിഞ്ഞ പോസ്റ്റില്‍ കരളലിയിപ്പിക്കുന്ന ദുരന്ത നാടകമെഴുതിയത്. ഇത് അസ്സലായി...

Areekkodan | അരീക്കോടന്‍ said...

ഇത്തിരിച്ചേട്ടാ....
കലക്കി.....വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ പത്രത്തില്‍ പോസ്റ്റ്‌ ചെയ്ത ഒരു മിഡില്‍പീസ്‌ ഓര്‍മ്മയില്‍ വരുന്നു....
സമയം കിട്ടിയാല്‍ പോസ്റ്റ്‌ ചെയ്യാ.....ം

Areekkodan | അരീക്കോടന്‍ said...

ഇത്തിരിച്ചേട്ടാ....
കലക്കി.....വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ പത്രത്തില്‍ പോസ്റ്റ്‌ ചെയ്ത ഒരു മിഡില്‍പീസ്‌ ഓര്‍മ്മയില്‍ വരുന്നു....
സമയം കിട്ടിയാല്‍ പോസ്റ്റ്‌ ചെയ്യാ.....ം

Anonymous said...

ഇത്തിരിവെട്ടമേ ഇത് സൂപ്പര്‍. ലളിതമായ അവതരണം. വരട്ടേ. ഇനിയും

Anonymous said...

അപ്പോള്‍ തന്നെ ടെക്കോഫ്‌ ചെയ്ത ഞങ്ങള്‍ ചെട്ടിയാരുടെ പീടികയുടെ സമീപം കെട്ടിയുണ്ടാക്കിയ കൊച്ചു ടെന്റിനടുത്ത്‌ നിമിഷങ്ങള്‍ക്കകം ലന്റ്‌ ചെയ്തു. സംഭവം കേട്ടറിഞ്ഞ്‌ പത്ത്‌ വയസ്സിന്‌ താഴേയുള്ള സകല ചില്ലറകളും സ്ഥലത്ത്‌ ഹജര്‍ വെച്ചിട്ടുണ്ട്‌. ടെന്റിനുമുമ്പില്‍ നിരത്തിയിട്ട വടങ്ങള്‍, കസേരകള്‍, മേശകള്‍ തുടങ്ങിയ സര്‍ക്കസ്സ്‌ സാമഗ്രികളില്‍ തോട്ടും തലോടിയും അവര്‍ നിര്‍വൃതി കൊള്ളുന്നു. കുറച്ചപ്പുറത്ത്‌ രണ്ട്‌ തമിഴന്മാര്‍ ചെറിയ പന്തല്‍ നിര്‍മാണത്തിലാണ്‌. അകത്ത്‌ നിന്ന് ഏതോ ഒരു കുട്ടി തേങ്ങികരയുന്നു. അതിലേറെ ഉച്ചത്തില്‍ തമിഴില്‍ അതിനെ ഒരു സ്ത്രീ ചീത്തപറയുന്നു.

ഇത്തിരീ മനോഹരമായ വിവരണം. വരട്ടേ ഇനിയും ഇത്തരം കഥകള്‍.

നിറം said...
This comment has been removed by a blog administrator.
റീനി said...

ഇത്തിരിവെട്ടം, എഴുത്തിന്റെ സ്റ്റൈയില്‍ ആകെക്കൂടി മാറ്റിക്കളഞ്ഞല്ലോ? പല സ്റ്റൈയ്‌ലില്‍ എഴുതുവാന്‍ കഴിയുന്നതൊരു കഴിവാണ്‌.

എനിക്കിഷ്ടം ഇത്തിരിയുടെ വികാരഭരിതമായ കഥകളോടാണ്‌. അങ്ങനെയുള്ള കഥകള്‍ വായിച്ചുകഴിയുമ്പോള്‍ വരുന്ന ബിംബങ്ങള്‍ മനസ്സില്‍ വളരെനേരം പതിഞ്ഞു കിടന്ന്‌, പലതിനെക്കുറിച്ചും ചിന്തിപ്പിക്കുന്നു.

sreeni sreedharan said...

കണ്‍കെട്ട്‌ വിദ്യയാല്‍ ഒരു അമ്പലം മുഴുവന്‍ വിഴുങ്ങിയ ഒരു മാന്ത്രികന്റ്റെ കഥ എന്‍റമ്മയും പറഞ്ഞു തന്നിട്ടുണ്ട്,
എന്തായാലും കൊള്ളാം!

(പാവം ഹാജിക്കാനെ ബലിയാടാക്കിയല്ലെ ;) എനിക്ക് മനസ്സിലായ് ഹാജിക്കയല്ല ഇത്തിരിയാണ് മാജിക്ക് പഠിക്കാന്‍ നോക്കിയതെന്ന്...ഗൊച്ച് ഗള്ളാ..

ടി.പി.വിനോദ് said...

നന്നായിരിക്കുന്നു ഇത്തിരീ....
“ഇങ്ങിനെ കല്ലുകള്‍ കണ്‍വേര്‍ട്ട്‌ ചെയ്ത പ്രാവുകളെ നമുക്ക്‌ വിറ്റ്‌ കാശാക്കാം.....” എങ്ങനെ ചിരിക്കാതിരിക്കും...?
പിന്നെ പാലില്‍ കലക്കാന്‍ തന്ന ആ പൊടി എന്തായിരിക്കും..?

NASI said...

ഇത്തിരീ ഒത്തിരി നന്നായിട്ടുണ്ട് ഈ കഥയും. ലളിതമായി കഥപറയുന്ന ഈ പുതിയ ശൈലി മനോഹരം. ഹാസ്യവും വഴങ്ങും അല്ലേ.

എങ്കിലും എനിക്കിഷ്ടം ഇത്തിരിയുടെ ഒത്തിരി നൊമ്പരമുണ്ടാക്കുന്ന കഥകള്‍ തന്നെ. നന്നായിരിക്കുന്നു

മുല്ലപ്പൂ said...
This comment has been removed by a blog administrator.
മുല്ലപ്പൂ said...

ലളിതമായ ശൈലി. കൊള്ളാം.

എല്ലാവരും എന്നെ ദയനീയമായി നോക്കുന്നു
ഹി ഹി ഹി

Kumar Neelakantan © (Kumar NM) said...

ഇത്തിരിയേയ്, ഇതൊരു ഇത്തിരി വ്യത്യസ്തമായ രീതിയാണല്ലൊ!.
നന്നായി. ഒഴുക്കില്‍ എഴുത്ത്.

അരവിന്ദ് :: aravind said...

നന്നായിരിക്കുന്നു ഇത്തിരി...
പ്രെഡിക്റ്റബിള്‍ സ്റ്റോറി ലൈന്‍ ആയിട്ടുകൂടി വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കുന്നു , എഴുത്തിന്റെ ശൈലി.

നിറം said...

ഇത്തിരീ ഇത്രയും കയ്യിലുണ്ടായിട്ടാണൊ വെറുതെ മനുഷ്യനെ വിഷമിപ്പിക്കന്‍ മാത്രം ശ്രമിച്ചത്.

സൂപ്പര്‍. ആസ്വദിച്ചു വായിച്ചു.

Anonymous said...

ഇത് ആസ്വദിച്ചു വായിച്ചു. പുതിയ ശൈലി നന്നായിട്ടുണ്ട്. അപ്പോള്‍ ഹാസ്യവും വഴങ്ങും അല്ലേ.
എനിക്ക് ഇഷ്ടമായി. എന്റെ ചെറുപ്പത്തിലും ഇത്തരം അബദ്ധത്തില്‍ പെട്ടിട്ടുണ്ട്.

Rasheed Chalil said...

അഗ്രജാ നന്ദി,

ഇത്തിരിവെട്ടത്തിന്‍റെ സ്വഭാവം വെച്ച് കുഞ്ഞുട്ട്യാജിയെ വല്ല വണ്ടിയും ഇടിപ്പിച്ച് കൊല്ലോന്നൊരു പേടിയുണ്ടായിരുന്നു

അഗ്രജന്‍ ഞാന്‍ കാണുന്നതില്‍ അധികപേരും സന്തോഷിക്കുന്നവരേക്കള്‍ ദുഃഖിക്കുന്നവരാണ്. അത് കൊണ്ട് ഒരു പക്ഷേ എന്റെ പോസ്റ്റുകളേയും അതു ബാധിച്ചിരിക്കാം. അല്ലാതെ കരുതികൂട്ടി ആരേയും കൊന്നതല്ല.

പിന്നെ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ ഒത്തിരി തേങ്ങയുമായാണ് വരാറുള്ളത് എന്ന് തോന്നുന്നല്ലോ ... പിന്നെ ഒത്തിരി നന്ദി.

വല്ല്യമ്മായി നന്ദി.

സു നന്ദി കെട്ടോ, അതിന്‌ ശേഷം മാജിക്കെന്ന് കേട്ടാല്‍ ചിരിവരും.

ചെണ്ടക്കരാ നന്ദി. ആ പോസ്റ്റ്‌ ഒത്തിരിപേരെ വിഷമിപ്പിച്ചു എന്ന് എനിക്ക്‌ ബോധ്യമായി. എന്റെ ഖേദം ഇവിടെ അറിയിക്കുന്നു.

ഇടിവാള്‍ജീ... നന്ദി, ഫോട്ടൊ വീണ്ടും കഴിഞ്ഞകാലത്തിലേക്ക്‌ തിരിച്ച്‌ പോയോ

മഗ്നിഫയര്‍ : നന്ദി.

ഏറനാടന്‍ മഷേ നന്ദി.

നിയാസ്‌ ഹാസ്യം എഴുതാനുള്ള ഒരു ശ്രമം, അത്രമാത്രം.

കാളിയന്‍ നന്ദി.

ശ്രീജിത്ത്‌ ഒത്തിരി നന്ദി. എനിക്കും തോന്നി. നോക്കട്ടേ

കലേഷ്ഭായ്‌ നന്ദി കെട്ടോ.

ഇക്കാസ്‌ നന്ദി. തീര്‍ച്ചയായും.

ദില്‍ബൂ ഒത്തിരി നന്ദി. ആ പെട്ടിോട്ടോ വല്ലാത്ത ഉപകാരമാണ്‌.

മിന്നാമിനുങ്ങേ നന്ദി. ഇത്‌ ഒരു മലബാര്‍ കഥ തന്നെ.

പാര്‍വ്വതീ നന്ദി. എനിക്കും ഇഷ്ടമാണ്‌.

ശിശൂ നന്ദി കെട്ടോ.

സുര്യോദയമേ നന്ദി. അത്‌ നന്നായി. ഇല്ലങ്കില്‍ ഈ കഥക്ക്‌ ഒരു വേര്‍ഷന്‍ കൂടി ഉണ്ടാവുമായിരുന്നു.

ഭാരതാംബ നന്ദി.

നവന്‍ നന്ദി. തീര്‍ച്ചയായും.

കരീംമാഷേ നന്ദി.

കരിന്തിരീ നന്ദി. ഞാന്‍ അത്‌ വായിച്ചിട്ടില്ല.

വിശാല്‍ജീ നന്ദി, കമന്റ്‌ വായിച്ച്‌ ഞാനും ഒന്ന് സങ്കല്‍പ്പിച്ച്‌ ചിരിച്ചു.

വേണു നന്ദി.

ബിന്ദു നന്ദി.

ആദീ നന്ദി.


പുള്ളീ നന്ദികെട്ടോ... വായിച്ചതിനും നല്ലവാക്കുകള്‍ക്കും.

ആബിദ്‌ നന്ദി, പോസ്റ്റ്‌ ചെയ്യൂ.

സാലിഹ്‌ നന്ദി.

സലാം നന്ദി

റീനി നന്ദി, അങ്ങനെയൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. കീബോര്‍ഡ്യന്റെ മുമ്പിലിരിക്കുമ്പോള്‍ മനസ്സില്‍ വരുന്നത്‌ പോസ്റ്റാവുന്നു. അതില്‍ ചിലത്‌ ഇത്തിരി നൊമ്പരമുള്ളത്‌ ആയിത്തീരുന്നു.

പച്ചാളമേ നന്ദി. അത്‌ എല്ലാ അമ്മമാരും മക്കളോട്‌ പറഞ്ഞിരിക്കും എന്നാണ്‌ എന്റേയും വിശ്വാസം. പിന്നെ വെറുതെ എന്തിനാ എന്നെ...

ലാപുട നന്ദി. ആര്‍ക്കറിയാം.

നസീ നന്ദി. മുകളില്‍ പറഞ്ഞത്‌ വായിക്കുമല്ലോ

മുല്ലപ്പൂ നന്ദി കെട്ടോ

കുമാര്‍ജീ ഒത്തിരി നന്ദി

അരവിന്ദ് നന്ദി കെട്ടോ

സലാം ഒത്തിരി നന്ദി

നിറം നന്ദികെട്ടോ. ഇനിയും വിഷമിപ്പിക്കതിരിക്കാന്‍ ശ്രമിക്കാം.

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും ഒത്തിരി നന്ദി

Anonymous said...

നല്ല കഥ. ഇത്തിരീ നന്നായിരിക്കുന്നു

Anonymous said...

എങ്ങോട്ടാ ഇപ്പോള്‍ തന്നെ എന്ന് ചോദിച്ച ഉമ്മയോട്‌ ഇപ്പോള്‍ പോയില്ലങ്കില്‍ മഗ്‌രിബ്‌* ജമാഅത്ത്‌* നഷ്ടപെടും എന്ന് നുണപറഞ്ഞു. എനിക്കറിയാം, ആ ചെട്ട്യരെ കണ്ടത്തില്‍ ആയിരിക്കും ഇന്നത്തെ ജമാഅത്ത്‌ അല്ലേ... എന്ന ചോദ്യം കേട്ടില്ലന്ന് നടിച്ച്‌ എന്നെ കാത്തിരിക്കുന്ന രാഘവന്റെ അടുത്തേക്ക്‌ ഓടി.

ഇത്തിരീ ഇത് എന്റേയും അനുഭവം. വിവരണം അസ്സലായി

ദിവാസ്വപ്നം said...

ലിറ്റില്‍ ലൈറ്റ്,

ഇത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നീട് വായിക്കാന്‍ വച്ചിരുന്നതുകൊണ്ടാണ് കമന്റാന്‍ താമസിച്ചത്.

ശരിക്കും ഹൃദ്യമായി, വിവരണം. ഇത്തിരിയുടെ വളര്‍ച്ചയില്‍ ഞാനത്ഭുതം കൂറുന്നു.

സസ്നേഹം

അനംഗാരി said...

ഇത്തിരിയുടെ ചില കൃതികള്‍ ഞാന്‍ കാണാതെ പോയോ എന്നെനിക്ക് സംശയം. ഇത്തിരിയുടേത് മാത്രമല്ല, അഗ്രജന്‍, സൂ, അങ്ങിനെ ഒരു പാട് ബൂലോഗന്‍‌മാരുടെ എഴുത്തുകള്‍ ഞാന്‍ കാണാതെ പോയി. നിത്യേനയെന്നോണം നൂറ് കണക്കിന് കൃതികള്‍ വരുന്നത്കൊണ്ടുള്ള ഒരു കുഴപ്പമാണിത്. ദിവസവും ഒരു പത്ത് കൃതികള്‍ തനിമലയാളത്തില്‍ വരുകയാണെങ്കില്‍ വായിക്കാന്‍ കഴിയും എന്ന് തോന്നുന്നു.ഉറങ്ങിയെഴുന്നേറ്റ് വരുമ്പോള്‍ ഒരു പാടെണ്ണം നഷ്ടപ്പെടുന്നു. എണ്ണം കൂടിയാല്‍ പിന്നെ ആകെ താളം തെറ്റല്‍.
ഈ ഓര്‍മ്മകുറിപ്പ് ഇഷ്ടപ്പെട്ടു ഇത്തിരി.

റീനി said...

അനംഗാരി പറയുന്നത്‌ ശരിയാണ്‌. കൃതികളുടെ എണ്ണം കൂടുന്നതുകൊണ്ട്‌ പലതും കാണാതെ പോവുന്നു. keep up ചെയ്യുവാന്‍ പറ്റുന്നില്ല.

Rasheed Chalil said...

അനോണീ, നിയാസ്‌, ദിവാസ്വപ്നം, അനംഗരീ,റീനി എല്ലവര്‍ക്കും നന്ദി. വായിച്ചതിനും നിങ്ങളുടെ നല്ല വാക്കുകള്‍ക്കും

മുസ്തഫ|musthapha said...

ങേ... അവിടത്തേപോലെ ഇവിടേയും...
അമ്പതേ... അമ്പസ്താനി :)

കുഞ്ഞന്‍ said...

എന്റെ ഇത്തിരി മാഷെ..

ഇപ്പോഴെങ്കിലും ഇതു വായിക്കാന്‍ കഴിഞ്ഞത് പെരുത്ത് ഭാഗ്യം..!

മാജിക്കിന്റെ കഥ ഒരു മാജിക്ക് കാണുമ്പോലെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

കുഞ്ഞുട്യാജിയുടെ രാത്രിയിലെ ആ വിശുദ്ധ പാലും തേച്ചുള്ള പോക്ക്..ഹഹഹ

ലക്‍ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത് ഈ കുഞ്ഞൂട്ട്യാജിയെ കണ്ടിട്ടായിരിക്കും..!