Sunday, April 15, 2007

പുതുനാമ്പ്

പുതുനാമ്പ്
തുഷാരം ഓണ്‍ലൈന്‍ മാസികയുടെ
വിഷുപ്പതിപ്പില്‍‍ പ്രസിദ്ധീകരിച്ച ഒരു ഒരു കഥ.
എല്ലാ ബ്ലോഗേഴ്സിനും എന്റെ നന്മ നിറഞ്ഞ വിഷു ആശംസകള്‍.


സ്വീകരണമുറിയില്‍ അടുക്കിവെച്ച ഫര്‍ണിച്ചറുകളില്‍ നിന്ന് ഒറ്റപ്പെട്ട്‌ കിടന്ന ടീപോയി മേല്‍ പരന്ന് കിടന്ന സുതാര്യമായ ഗ്ലാസ്സിനടിയിലെ നീലിമയില്‍ മനസ്സ്‌ കറങ്ങുമ്പോഴും, വിരലുകളില്‍ എരിയുന്ന സിഗരറ്റുമായിരിക്കുന്ന മേനോനങ്കിളിന്റെ കണ്ണും കാതും പൂര്‍ണ്ണമായും എന്നിലായിരുന്നു. ഡസ്റ്റിനേഷന്‍ നമ്പര്‍ ഔട്ട്‌ ഓഫ്‌ റേഞ്ച്‌ എന്ന് മൊബെയില്‍ ആവര്‍ത്തിച്ചെങ്കിലും ഇളം പച്ച നിറത്തില്‍ ഫോണിന്റെ ചിത്രം അടയാളപ്പെടുത്തിയ ബട്ടണില്‍ ഞാന്‍ ആര്‍ത്തിയോടെ വീണ്ടും വീണ്ടും വിരലമര്‍ത്തി.

വസുവടക്കം നാല്‌ വിദ്യാര്‍ത്ഥികള്‍ സിറ്റിയിലെ ബാങ്കില്‍ നിന്ന് ആയുധം കാണിച്ച്‌ പണം തട്ടാന്‍ ശ്രമിച്ചെന്ന് അറിഞ്ഞപ്പോള്‍ തന്നെ സ്വാതിയെ വിളിച്ചിരുന്നു. ഔദ്യോഗിക തിരക്കുകളില്‍ ആണെന്ന് തീര്‍ത്ത്‌ പറഞ്ഞപ്പോള്‍ 'ഐ വില്‍ മാനേജ്‌ ഇറ്റ്‌' എന്ന് പറഞ്ഞ്‌ ഡിസ്കണക്ട്‌ ചെയ്തു. അല്ലെങ്കിലും സംസാരം അവസാനിപ്പിക്കാനുള്ള അവസരം അവള്‍ എപ്പോഴും എനിക്കായി മാറ്റി വെക്കാറുണ്ട്‌.

ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ആശ്ലേഷിച്ച്‌ അവസാനിപ്പിച്ച സ്വാതി, ഒരു പുണ്യമായിരുന്നെന്നറിയാന്‍ ഇത്രയും കാത്തിരിക്കേണ്ടി വന്നു. മൃദുല വികാരങ്ങളെ ഒരു തരം അവജ്ഞയോടെ മാത്രം കണ്ടിരുന്ന ഞാന്‍ അവളേയും ആ ഗണത്തില്‍ പെടുത്തിയത്‌ യാദൃച്ഛികമല്ല. എങ്കിലും പിണങ്ങാതെ പിരിഞ്ഞവരായിരുന്ന ഞങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന സൌഹൃദത്തിന്റെ അധികാരത്തില്‍ അവള്‍ക്ക്‌ വല്ലപ്പോഴും വിളിക്കുമായിരുന്നു. സൌഹൃദത്തില്‍ തുടങ്ങി പിന്നെ ഒന്നിച്ച്‌ ജീവിച്ച്‌ വീണ്ടും സൌഹൃദത്തിലേക്ക്‌ മടങ്ങിയ ബന്ധത്തെ അവള്‍ ഒരിക്കലും കുറ്റപ്പെടുത്തിയില്ല. സാധാരണ ഫോര്‍മാലിറ്റിക്ക്‌ മാത്രമായി വിളിക്കാറുള്ള ഞാന്‍ ഇന്നലെ വിളിക്കുമ്പോള്‍ പക്ഷേ അവളുടെ സാന്ത്വനം വല്ലാതെ മോഹിച്ചിരുന്നു.

മേനോന്റെ വാചകപ്രവാഹത്തിന്‌ മുമ്പില്‍ ഒത്തിരി സത്യങ്ങള്‍ നഗ്നമായി. ഭാഷയുടെ മനോഹാരിതയും ആശയങ്ങള്‍ വാചകങ്ങളിലൊതുക്കിയ രീതിയും ആസ്വദിച്ച ആദ്യനിമിഷങ്ങളില്‍ മനസ്സിലെത്തിയത്‌ മാര്‍ക്ക്‌ ആന്റണിയായിരുന്നു. 'ജൂലിയസ്സ്‌ സീസറി'ല്‍ ബ്രൂട്ടസിന്റെ സ്ഥാനോഹരണ ചടങ്ങിനെത്തിയ ആയിരങ്ങളെ ബ്രൂട്ടസിനെതിരെ കല്ലെടുക്കാന്‍ പ്രേരിപ്പിക്കുന്ന വാക്ചാതുരിയുമായി, ശ്രോതാക്കളുടെ മനസ്സിനെ ചോദ്യങ്ങള്‍ കൊണ്ട്‌ വേട്ടയാടിയ മാര്‍ക്ക്‌ ആന്റണി.

സജീവുമൊത്ത്‌ ഇന്ന് ഈ വീട്ടിലെത്തുമ്പോള്‍ എന്റെ മനസ്സ്‌ പ്രതിസ്ഥാനത്ത്‌ പ്രതിഷ്ഠിച്ചിരുന്ന വസുവിനും സ്വാതിക്കും പകരം, പ്രഭാകരമേനോന്റെ അണമുറിയാത്ത ചോദ്യങ്ങളിലൂടെ ഞാന്‍ എന്നെ പ്രതിക്കുട്ടില്‍ കയറ്റേണ്ടി വന്നു. അതോടെ തകര്‍ന്നടിഞ്ഞ മനസ്സിന്റെ നിസ്സഹായത വേട്ടയാടാന്‍ തുടങ്ങി. നേട്ടങ്ങളുടെ കണക്കെഴുത്തിനിടയില്‍ നഷ്ടമായ സ്വാതി എന്ന സ്നേഹം അടക്കാനാവാത്ത മോഹമായി.

'ശരത്‌ എന്ത്‌ നേടി എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ... ?' എന്ന പ്രഭാകര മേനോന്റെ ചോദ്യത്തിന്‌ മുമ്പില്‍ മനസ്സ്‌ പതറിയപ്പോള്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇതേ ചോദ്യം ചോദിച്ച സഹപാഠിയായ നിസാറാണ്‌ മനസ്സിലെത്തിയത്‌.

അയുസ്സില്‍ അപൂര്‍വ്വമായെത്തുന്ന അവസരങ്ങളും ഇനിയും ഉയര്‍ത്തേണ്ട ജീവിത നിലവാരവും അക്കങ്ങളും ഗ്രാഫുകളുമായി എന്റെ നാവില്‍ ജനിച്ചപ്പോള്‍ കുറ്റിരോമം നിറഞ്ഞ മുഖത്തെ കട്ടിക്കണ്ണടയ്ക്‌ പിന്നിലെ നിസാറിന്റെ കണ്ണുകളില്‍ അവജ്ഞയായിരുന്നു.

"ശരത്‌ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ത്‌ നേടിയെന്ന്..."

അതേ വാചകങ്ങള്‍... വര്‍ഷങ്ങളുടെ വ്യത്യാസം മാത്രം.

"നിസ്സാര്‍ ഞാന്‍ ഭൂതകാലത്തിന്റെ കണക്കെടുപ്പില്‍ വിശ്വസിക്കുന്നില്ല. പകരം വര്‍ത്തമാനം എനിക്കായി കണ്ടെത്തേണ്ട ഭാവിയിലാണ്‌ എന്റെ ചിന്ത." എന്ന് അന്ന് കൊടുത്ത മറുപടി ഇവിടെ ആവര്‍ത്തിക്കാനാവുന്നില്ല. കാലത്തിന്റെ തേരോട്ടത്തിനിടയില്‍ ആ മറുപടി സ്വന്തം കഴുത്തില്‍ മുറുകുന്നു.

"മനുഷ്യന്‌ ലഭിക്കാവുന്ന ഏറ്റവും വലിയ ധനം സമാധാനമാണ്‌ ശരത്‌. അത്‌ ലഭിക്കുന്ന കാലത്തോളം ഞാന്‍ സംതൃപ്തനുമാണ്‌. ഇന്നിന്റെ ഒരു ഭാഗം നാളേക്കായി മാറ്റി വെക്കാം... എന്നാല്‍ ഇന്ന് മുഴുവന്‍ നാളെയുടെ സ്വപ്നങ്ങള്‍ക്കായി ത്യജിക്കാന്‍ ഞാന്‍ വിഡ്ഢിയല്ല. എല്ലാം നേടിയവനായി കീഴടക്കപ്പെട്ട ലോകത്തെത്തുമ്പോള്‍ പിന്തിരിഞ്ഞ്‌ നോക്കാന്‍ നിര്‍ബന്ധിതനാവും. അപ്പോള്‍ എന്നെ വേട്ടയാടുന്ന നഷ്ടങ്ങളുടെ നീണ്ട പട്ടികയും ലാഭങ്ങളുടെ നിസ്സാരതയും ഞാനിപ്പോഴേ കാണുന്നു."

എന്ന് പറഞ്ഞ നിസാറിനോട്‌ "തത്വശാസ്ത്രം വയറുനിറക്കില്ല" എന്ന എന്റെ അന്നത്തെ മറുപടിയും നിറഞ്ഞ വയറില്‍ ഒതുങ്ങുന്നതാണോ ജീവിതം എന്നൊരു ചോദ്യത്തോടെ തിരിച്ചെത്തിയിരിക്കുന്നു.

സ്വാതിക്കായി ഒന്ന് കൂടി ഡയല്‍ ചെയ്തു.

വസുവിന്‌ വേണ്ടി ആരെ കാണണം എന്ന് സംശയത്തില്‍ കഴിയുന്ന എന്നെത്തേടി ഇന്ന് രാവിലെയെത്തിയ മൊബയില്‍ സന്ദേശമാണ്‌ ഈ രാത്രിയില്‍ ഇവിടെ എത്തിച്ചത്‌.

"ഞാന്‍ സജീവ്‌ കുമാര്‍... ഇപ്പോള്‍ ഇവിടെ സിറ്റി പോലീസ്‌ കമ്മീഷണറാണ്‌. സാറിന്‌ എന്നെ ഓര്‍മ്മയുണ്ടോ എന്നറിയില്ല. സാര്‍ തൃശൂര്‍ കലക്ടറായിരുന്നപ്പോള്‍ ഞാന്‍ അവിടെ സര്‍ക്കിളായിരുന്നു. പിന്നെ വസുദേവ്‌ പറഞ്ഞപ്പോഴാണ്‌ അവന്‍ സാറിന്റെ മകനാണെന്ന് അറിഞ്ഞത്‌."

"ആ... സജീവ്‌ ഞാന്‍ മറന്നിട്ടില്ല. അവന്‍ എങ്ങനെയിരിക്കുന്നു."

"സുഖമായിരിക്കുന്നു. പെട്ടെന്ന് ഇങ്ങനെ ഒരു സിറ്റുവേഷനില്‍ വന്ന് പെട്ടതിന്റെ ഒരു അങ്കലാപ്പുണ്ട്‌. വേറെ കുഴപ്പങ്ങളൊന്നും ഇല്ല. സാറിപ്പോള്‍ എവിടയാ ഉള്ളത്‌."

"ഞാന്‍ ഏകദേശം ഒരു പതിനഞ്ചുമിനുട്ട്‌ കൊണ്ട്‌ ഗസ്റ്റ്‌ ഹൌസില്‍ എത്തും"

"ഞാന്‍ അവനുമായി അങ്ങോട്ട്‌ വരാം..."

"ഒകെ സജീവ്‌..."

"ശരി സര്‍" ഫോണ്‍ ഡിസ്കണക്ട്‌ ആയ ശേഷം വസുവിനോടും ഒന്ന് സംസാരിക്കാമായിരുന്നു എന്ന് തോന്നി. എന്തിനും 'ഒരുമുഴം നീട്ടിയെറിയുന്ന'വന്‍ എന്ന് സര്‍വ്വീസ്‌ റെക്കോര്‍ഡിന്റെ ഭാരം പേറുന്നവന്‌ സ്വജീവിതത്തില്‍ പലതും സമയത്തിന്‌ ചെയ്യാനാവത്തതിന്റെ വിമ്മിഷ്ടത്തോടെയാണ്‌ ഗസ്റ്റ്‌ ഹൌസിലെത്തിയത്‌. ഏത്‌ പ്രശ്നങ്ങളേയും ലാഘവത്തോടെ കൈകാര്യം ചെയ്യാറുള്ള സര്‍വ്വീസ്‌ മിടുക്ക്‌ ഇവിടെ എന്നെ കൈവിട്ടിരിക്കുന്നു.

പതിനഞ്ച്‌ മിനുട്ടിന്‌ ശേഷം എതിര്‍വശത്ത്‌ കസേരകളിലൊന്നില്‍ സജീവിന്റെ കൂടെ ഇരിക്കുന്ന തോളിലേക്ക്‌ മുടി നീട്ടിയിട്ട എല്ലാത്തിനേയും ധിക്കാരത്തോടെ നോക്കുന്ന കൌമാരക്കാരനിലെ വസു, ഒരു വര്‍ഷം മുമ്പ്‌ കണ്ട കണ്ണില്‍ കുസൃതിയുള്ള പയ്യനില്‍ നിന്ന് തീര്‍ത്തും അപരിചിതനായിരുന്നു.

"സര്‍... അറിയാല്ലോ.. ?. ഇത്‌ ഇത്തിരി കുഴപ്പം പിടിച്ച കേസാണ്‌. ഒതുക്കി തീര്‍ക്കാന്‍ ഞങ്ങളും ശ്രമിക്കുന്നുണ്ട്‌. മിനിമം ഇവനെയെങ്കിലും രക്ഷിച്ചെടുക്കാന്‍."

എന്റെ മറുപടി ഞാന്‍ മൂളലില്‍ ഒതുക്കി.

കുറച്ച്‌ സമയത്തെ മൌനത്തിന്‌ ശേഷം ഞാന്‍ തന്നെ മുന്‍കയ്യെടുത്തു. "വസൂ... എന്താ സംഭവിച്ചത്‌. ഡാഡിയോട്‌ പറ.?"

കൌമാരത്തിന്റെ അന്ത്യത്തില്‍ ലഭിച്ച യൌവ്വനവുമായി അടുത്ത സ്വരത്തില്‍ അവന്‍ വിശദീകരിച്ചു. ഞങ്ങള്‍ക്ക്‌ കാശ്‌ വേണമായിരുന്നു. അതിന്‌ ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണെന്ന് തോന്നി.

"എന്നിട്ട്‌...?" എന്നെ ശ്രദ്ധിക്കുന്ന സജീവിന്റെ മുഖത്ത്‌ ശ്രദ്ധപറ്റാതിരിക്കാന്‍ ശ്രദ്ധിച്ച്‌ നിസംഗതയോടെ ചോദിച്ചു.

ആദ്യം ബാങ്ക്‌ സന്ദര്‍ശിച്ച്‌ പ്ലാനുകളുടെ കരട്‌ തയ്യാറാക്കിയ ആദിത്യന്‍ എന്ന സഹപാഠി മുതല്‍ പോലീസില്‍ ഇന്‍ഫോം ചെയ്ത ബാങ്ക്‌ ജീവനക്കാരന്‍ വരെ എത്തിയ നീണ്ട വിവരണത്തിനവസാനം അവന്‍ മൌനിയായി. മനസ്സിലെത്തിയ കുറ്റപ്പെടുത്തലുകള്‍ അടക്കി അവനെ ചേര്‍ത്ത്‌ പിടിച്ച്‌ ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അവന്‍ അത്‌ പ്രതീക്ഷിക്കുന്നില്ല എന്ന് മനസ്സിലായപ്പോള്‍ ഒരു തരം ലജ്ജ എന്നെ അലട്ടി.

എല്ലാ കാര്യങ്ങള്‍ക്കും സജീവ്‌ മുന്‍കയ്യെടുത്തു. "സര്‍ വസു തല്‍ക്കാലം എന്റെ വീട്ടിലിരിക്കട്ടേ... അവിടെ അച്ഛനുണ്ട്‌. നമുക്ക്‌ ഈ പ്രശ്നത്തിന്‌ ഒരു പരിഹാരം കാണാനാവുമോ എന്ന് അന്വേഷിക്കാം."

"ഉം."

വസുവിനെ വീട്ടിലാക്കാന്‍ കോണ്‍സ്റ്റബിളിനെ ഏല്‍പ്പിച്ച്‌ സജീവിന്റെ കൂടെ ഞാനും ഇറങ്ങി. എല്ലാം ശരിയാക്കി സജീവിന്റെ വീട്ടിലെത്തിയപ്പോള്‍ രാത്രിയായിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പലപ്രാവശ്യം സന്ദര്‍ശിച്ച വീടാണെങ്കിലും ഇന്ന് ഒരു അപരിചതത്വം ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു. മുമ്പ്‌ എപ്പോഴും പുഞ്ചിരിയോടെ സ്വീകരിക്കാറുള്ള അമ്മയുടെ ചിത്രം മുന്‍ വശത്ത്‌ തന്നെ തൂക്കിയിട്ടുണ്ട്‌. സജീവിന്റെ അച്ഛന്‍ പ്രഭാകരമേനോന്‍ ഒരു പുസ്തകവുമായി സ്വീകരണമുറിയില്‍ തന്നെയുണ്ട്‌. കണ്ടപ്പോള്‍ ഒറ്റയടിക്ക്‌ ആളെ മനസ്സിലായി.

"ശരത്‌... ഈ വഴിയൊക്കെ മറന്നോ നീയ്‌... ഇരുപതോളം വര്‍ഷങ്ങളാവുന്നു നമ്മള്‍ തമ്മില്‍ കണ്ടിട്ട്‌."

ഉത്തരം ഒരു പുഞ്ചിരിയിലൊതുക്കി. ഭക്ഷണം കഴിക്കുമ്പോള്‍ എന്റെ മനസ്സ്‌ വായിച്ചെന്നോണം മേനോനങ്കിള്‍ പറഞ്ഞു.

"ഹേയ്‌... അത്ര വിഷമിക്കണ്ട കാര്യമില്ല മോനെ... ഇതൊക്കെ ഇന്ന് പതിവാണ്‌.ഈ തലമുറയെ ബാധിച്ച കണ്‍സ്യൂമര്‍ സൊസൈറ്റി എന്ന ശാപം ജീവിതത്തെ അടിമുടി ബാധിക്കാന്‍ തുടങ്ങുന്നു. അതിന്റെ ഭാഗമാണ്‌ ഇതെല്ലാം. ഞാനിന്ന് മോനോട്‌ സംസാരിച്ചിരുന്നു.അവനെ ഇനി ശ്രദ്ധിച്ചില്ലങ്കില്‍ ആപത്താണ്‌."

"ഉം"

അദ്ദേഹത്തിന്റെ പരുക്കന്‍ കൈകളില്‍ ഒതുങ്ങിയ എന്റെ കൈകളിലേക്ക്‌ പ്രവഹിക്കുന്ന നനുത്ത ചൂട്‌ ഞാനറിയാതെ തന്നെ എന്റെ മനസ്സ്‌ തുറക്കുന്നു. എന്റെ കാഴ്ചപ്പാടുകള്‍. സ്വാതിയുമായുണ്ടായിരുന്ന ബന്ധങ്ങള്‍. രണ്ടാളുടെയും ഈഗോകള്‍. പരസ്പരം ചളിവാരിയെറിയേണ്ടി വരും എന്നൊരു ഘട്ടത്തില്‍ മാന്യമായുള്ള വേര്‍പിരിയല്‍. കരാറനുസരിച്ച്‌ വസുവിനെ എനിക്ക്‌ കിട്ടിയത്‌. അവന്റെ ജീവിതം എന്റെ തിരക്കുകള്‍ കവര്‍ന്നെടുത്തത്‌. അവസാനം ബോര്‍ഡിംഗ്‌ സ്കൂളിനെ വീടിനേക്കാള്‍ അവന്‍ സ്നേഹിച്ച്‌ തുടങ്ങിയത്‌... അങ്ങനെയങ്ങനെ ഒരു കേള്‍വിക്കാരനുവേണ്ടി കാത്ത്‌ കിടന്നിരുന്ന മനസ്സ്‌ അണപൊട്ടിയൊഴുകി... എവിടെയൊക്കെയോ സന്തോഷവും സങ്കടവും സമ്മാനിച്ച്‌ കണ്ണിലൂടെ നാവിലൂടെ പൊയ്‌പോയ കാലം പ്രവഹിച്ച്‌ കൊണ്ടിരുന്നു. എല്ലാറ്റിനും സാക്ഷിയായി അദ്ദേഹവും കുറച്ചകലെ എല്ലാം ശ്രദ്ധിക്കുന്ന സജീവും.

"അങ്കിളെ അവനാവശ്യമുള്ളത്‌ എല്ലാം ഞാന്‍ നല്‍കിയിരുന്നു... പിന്നെന്തിനായിരുന്നു ഇങ്ങനെ..." എന്റെ തൊണ്ടയിടറിയെന്ന് തോന്നുന്നു.

ഉയരത്തില്‍ കറങ്ങുന്ന ഫാനില്‍ കണ്ണ്‍ നട്ട്‌ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങി.

"ഇല്ല... ശരത്‌. അവന്‌ അത്യാവശ്യമുള്ളത്‌ നല്‍കാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. അത്‌ തുറന്ന സ്നേഹവും നിറഞ്ഞ സാന്ത്വനവുമാണ്‌. എന്നെങ്കിലും മനസ്സ്‌ തുറന്ന് ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ എന്ന് അലോചിച്ച്‌ നോക്കൂ...?"

എനിക്ക്‌ ചിന്തിക്കാനെന്നോണം അദ്ദേഹം മൌനിയായി.

"എനിക്കറിയില്ല... ഇല്ലായിരിക്കും. എനിക്ക്‌ ബാല്യത്തെക്കുറിച്ച്‌ അത്ര നല്ല ഓര്‍മ്മകളൊന്നും ഇല്ല അങ്കിള്‍."

"നഷ്ടമായ ബാല്യം എന്ത്‌ കൊണ്ട്‌ വസുവിന്‌ നല്‍കാനായില്ല എന്ന് ഒന്ന് ചിന്തിച്ച്‌ നോക്കൂ"

"അതിന്‌ അത്‌ ഒരു നഷ്ടബാല്യമായിരുന്നു എന്ന് എനിക്ക്‌ തോന്നിയിട്ടില്ല..." ഒരു തരം തര്‍ക്കത്തിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുന്നു.

"അതാണ്‌ യഥാര്‍ത്ഥ പ്രശ്നം. ലഭിക്കാത പോയ നിധിയുടെ മൂല്യത്തെക്കുറിച്ചുള്ള ബോധമില്ലായ്മ... അതിന്റെ മൂല്യം അറിയുമായിരുന്നെങ്കില്‍ ആ വിലപ്പെട്ട നിധി തന്റെ ഇഷ്ടപ്പെട്ടവര്‍ക്കായി മാറ്റിവെക്കുവാന്‍ ശരത്‌ തിടുക്കം കാട്ടുമായിരുന്നു. നല്‍കുന്നവനും ലഭിക്കുന്നവനും സന്തോഷകരമാവുന്ന ഒരു ബിസ്‌നസ്സ്‌."

"നാം ഇനിയും മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്‌... വസു ഇപ്പോള്‍ താങ്കളുടെ കൈകളില്‍ നിന്ന് നഷ്ടമായികൊണ്ടിരിക്കുന്നു... തിരിച്ച്‌ വരാന്‍ അവനും ആഗ്രഹമുണ്ട്‌. പക്ഷേ അവന്‍ അര്‍ഹിക്കുന്നു എന്ന് അവന്‍ വിശ്വസിക്കുന്ന അച്ഛന്റെ സാന്ത്വനവും അമ്മയുടെ ലാളനയും നഷ്ടമാവുന്ന ഒരു ഘട്ടത്തില്‍ മനസ്സില്‍ ഉടലെടുക്കുന്ന ഒരു നിരാശ ബോധമുണ്ട്‌... ലക്ഷ്യത്തെക്കുറിച്ച്‌ വ്യക്തമായ ബോധമില്ലായ്മ. വസുദേവിനെ ഇന്നേവരെ വ്യക്തമായ ഒരു മാര്‍ഗ്ഗരേഖ കാണിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അവനവന്റെ വഴി സ്വയം കണ്ടെത്തണം എന്ന പൊട്ട ന്യായത്തിന്റെ പിന്നിലായിരുന്നു നിങ്ങള്‍. അവനവന്റെ വഴികള്‍ കണ്ടെത്തും വരെ വഴികളുടെ സമീപമെത്തിക്കേണ്ടത്‌ സമൂഹമാണ്‌... ആ സമൂഹത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവര്‍ മാതാപിതാക്കളും. അത്‌ കൊണ്ട്‌ തന്നെ നിങ്ങള്‍ ഉപേക്ഷിക്കുന്ന മക്കള്‍ എന്ന അഡ്രസ്‌ നിങ്ങളെ പിന്തുടരും... നല്ലതാണെങ്കിലും മോശമാണെങ്കിലും."

അദ്ദേഹത്തിന്റെ വികാരങ്ങളുടെ മുമ്പില്‍ ഞാന്‍ മുഖം കുനിച്ചു. "മനസ്സ്‌ പലപ്പോഴും ഇതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടുത്തിയിട്ടും സ്വാര്‍ത്ഥതയ്ക്ക്‌ വേണ്ടിയായിരുന്നു ഹൃദയം പുതിയ കരുക്കള്‍ കണ്ടെത്തിയിരുന്നത്‌ എന്ന് മനസ്സിലാവുന്നു."

"സ്വഭാവ രൂപീകരണത്തിന്റെ പ്രഥമ ഘട്ടത്തില്‍ മാതാപിതാക്കള്‍ക്ക്‌ ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. ബേബി സിറ്റിംഗില്‍ തുടങ്ങി ബോര്‍ഡിംഗ്‌ സ്കൂളിലെത്തി നില്‍ക്കുന്ന വസുവിന്റെ ഏറ്റവും വലിയ മാതൃകകള്‍ വെള്ളിത്തിരയിലെ ഫാന്റസിയായതിന്റെ പിന്നിലെ പ്രധാന ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശരത്തിനോ സ്വാതിക്കോ കഴിയുമോ...?"

"ഇന്നേവരെ ഞാന്‍ ജീവിച്ചത്‌ എനിക്ക്‌ വേണ്ടി മാത്രമാണെന്നും അതില്‍ എനിക്കുണ്ടായിരുന്ന ഏറ്റവും വലിയ ഉത്തരവാദിത്വത്തില്‍ ഞാന്‍ ഒരുപാട്‌ പിന്നിലാണെന്നും തിരിച്ചറിഞ്ഞാല്‍ വസു മിടുക്കനായി വളരും. അതിന്‌ സ്വാതിയുടെ സഹായം തീര്‍ച്ചയായും ഉണ്ടാവും. ഞാന്‍ സംസാരിക്കാം. ശരത്‌ ഒറ്റക്കാര്യം ചെയ്താല്‍ മതി... എല്ലാം മറന്ന് സ്നേഹിക്കൂ. അത്‌ വസുവിനെപ്പോലെ ശരതിനും ആസ്വാദ്യകരമായിരിക്കും.

"ഹലോ... മനസ്സിന്റെ അടിത്തട്ടിലെവിടെയോ ഒരു സന്തോഷം മുളപൊട്ടി. സാവധാനം വിശദീകരിച്ചു എല്ലാം. സജീവിന്റെ വീട്ടില്‍ നിന്നാണ്‌ വിളിക്കുന്നതെന്ന് പറഞ്ഞ്‌ തുടങ്ങി... വസു കൂടെയുണ്ടെന്ന് പറഞ്ഞപ്പോഴും ഒരു മൂളലായിരുന്നു മറുപടി. പിന്നെ ഞാന്‍ സംസാരിച്ചു... എനിക്ക്‌ വേണ്ടി. എന്റെ വസുവിന്‌ വേണ്ടി. അവള്‍ മൌനിയായിരുന്നു...

അദ്ദേഹം വീണ്ടും മൌനത്തിലേക്ക്‌ മടങ്ങി. സാവധാനം എഴുന്നേറ്റ്‌ പുറത്തേക്ക്‌ നടന്നു. വരാന്തയുടെ അറ്റത്ത്‌ വസു ഇരിപ്പുണ്ട്‌. അവനും ഉറങ്ങിയിട്ടില്ല. എല്ലാം കേട്ടിരിക്കും. തോളറ്റം വരേ ഇറങ്ങിക്കിടക്കുന്ന മുടി. നിറം മങ്ങിയ ടീഷര്‍ട്ട്‌...മുഖത്ത്‌ അങ്ങിങ്ങ്‌ പൊട്ടി മുളച്ച രോമങ്ങള്‍... പതുക്കെ നടന്നടുത്തപ്പോള്‍ അവന്‍ എഴുന്നേറ്റു... ഞാനറിയാതെ എന്റെ കൈകള്‍ വിടര്‍ന്നു... അവനും പ്രതീക്ഷിച്ചിരുന്നെന്ന് തോന്നുന്നു... ഒരു ചെറുചൂടായി അവന്‍ മാറില്‍ അമര്‍ന്നു... അവന്റെ പുറത്തൂടെ ഓടുന്ന എന്റെ കൈകളിലൂടെ എന്നില്‍ ഒരു അച്ഛന്‍ പുനര്‍ജനിക്കുകയായിരുന്നു.

മൊബയിലിന്റെ മുഴക്കമാണ്‌ സ്ഥലകാല ബോധത്തിലേക്ക്‌ തിരിച്ചെത്തിച്ചത്‌.

മാറില്‍ നിന്നവനെ മാറ്റാതെ പതുക്കേ ഫോണെടുത്തു. അകലെ നിന്നെങ്ങോ ഇനിയും മറക്കാനാവത്ത അവളുടെ പതുങ്ങിയ സ്വരം എന്നെത്തേടിയെത്തി.

"സ്വാതീ..." അത്രയേ ഉച്ചരിക്കാന്‍ കഴിഞ്ഞുള്ളൂ.

"ശരത്‌... മേനോനങ്കിള്‍ വിളിച്ചിരുന്നു. എല്ലാം പറഞ്ഞു."

കാത്ത്‌ കാത്തിരുന്ന ശബ്ദം കാതിലെത്തിയപ്പോള്‍ തിരിച്ച്‌ നല്‍കാനായി അടുക്കി വെച്ചിരുന്ന വക്കുകള്‍ നഷ്ടമായി. തൊണ്ടയില്‍ എന്തോ തടഞ്ഞ പോലെ.

"ശരത്‌..." അവളുടെ ശബ്ദത്തിനും ഇടര്‍ച്ച വന്നിരിക്കുന്നു.

"സ്വാതീ... നിന്നെ ഞങ്ങള്‍ക്ക്‌ വേണം." അത്രയേ പറയാന്‍ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും കണ്ണുകള്‍ നിറഞ്ഞിരുന്നു. എങ്കിലും വീണ്ടും കാതില്‍ മൌനം നീണ്ട്‌ നിന്നപ്പോള്‍ അറിയാതെ ഒന്ന് കൂടി തൊണ്ടയിടറി... "സ്വാതീ..."

മറുപടി വീണ്ടും ഇത്തിരി വൈകിയായിരുന്നു... ഒരു നീണ്ട നിശ്വാസത്തിന്‌ ശേഷം... അവളുടെ നനഞ്ഞ കണ്ണുകളും എനിക്ക്‌ കാണാനാവുന്നുണ്ട്‌.

"ശരത്ത്‌ ഞാന്‍ എന്നെ എന്നേ നിങ്ങള്‍ക്ക്‌ തന്നതല്ലേ... ശരത്തല്ലേ വേണ്ടന്ന് വെച്ചത്‌. ഞാന്‍ അങ്ങോട്ടുള്ള വഴിയിലാണ്‌. എവിടെ എന്റെ വസു..." പതുക്കേ ഫോണ്‍ വസുവിനായി നീട്ടി...

"മമ്മീ..." പതറുന്ന ശബ്ദത്തോടെ അവന്‍ അവളോട്‌ കൊഞ്ചാന്‍ തുടങ്ങി. അപ്പോഴും എന്നില്‍ മുറുകിയ അവന്റെ കൈകളിലൂടെ ഞാന്‍ എന്നിലെ അച്ഛനെ അറിഞ്ഞു.

19 comments:

Rasheed Chalil said...

പുതുനാമ്പ്
തുഷാരം ഓണ്‍ലൈന്‍ മാസികയുടെ വിഷുപ്പതിപ്പില്‍‍ പ്രസിദ്ധീകരിച്ച ഒരു ഒരു കഥ. എല്ലാ ബ്ലോഗേഴ്സിനും എന്റെ നന്മ നിറഞ്ഞ വിഷു ആശംസകള്‍.

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ... വലിയൊരു ക്യാന്‍‌വാസില്‍ വരയ്ക്കേണ്ട ഈ കഥ, താങ്കള്‍ വളരെ ഭഗിയായി കാച്ചിക്കുറിക്കി എഴുതിയിരിക്കുന്നു. നല്ല കൈയ്യടക്കം. അഭിനന്ദനങ്ങള്‍.

സുല്‍ |Sul said...

ഇത്തിരീ
നല്ല ഒരു പ്രമേയം വൃത്തിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.
-സുല്‍

മുസ്തഫ|musthapha said...

ഇത്തിരി, അഭിനന്ദനങ്ങള്‍...

വളരെ മനോഹരമായി പറഞ്ഞിരിക്കുന്ന, എവിടെയൊക്കെയോ കണ്ട ചിലര്‍, കഥാപാത്രങ്ങളായി നിരന്നിരിക്കുന്ന നല്ലൊരു കഥ!

അഭിനന്ദനങ്ങള്‍, ഒരിക്കല്‍ കൂടെ...

തിരിച്ചും വിഷു ആശംസകള്‍

വല്യമ്മായി said...

പണത്തിനും പദവിക്കും വേണ്ടി മാനുഷിക മൂല്യങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ക്കും വില കല്‍‌പ്പിക്കാത്ത വര്‍ത്തമാന സമൂഹത്തിന് നേരെ നല്ലൊരു ചോദ്യമാണ് ഈ കഥയുയര്‍ത്തുന്നത്. രചനാരീതിയും നന്നായി. അഭിനന്ദനങ്ങള്‍.

തറവാടി said...

നല്ല കഥ.

നല്ല ഭാഷ , നന്നായിരിക്കുന്നു

വേണു venu said...

കഥ നന്നായി. സംഭാഷണങ്ങള്‍‍ ചെല നേരങ്ങളില്‍‍ ക്യാന്‍‍വാസ്സിനു് വെളിയിലേയ്ക്കു് പോകുന്നതു പോലെ.
കഥന രീതിയും ഇഷ്ടപ്പെട്ടു.
വിഷു ആഏഅംസകള്‍.!

ഏറനാടന്‍ said...

ഇത്തിരി-കഥകളില്‍ എന്റെ ഹൃദയത്തില്‍ ആഴ്‌ന്നിറങ്ങിയ, എന്നുമെന്നും ഓര്‍മ്മിക്കാനുള്ള കഥ ഇതാണെന്ന്‌ തോന്നുന്നു.

salim | സാലിം said...

ഇത്തിരീ... നല്ലകഥ. ഉള്‍ക്കൊള്ളാന്‍ നല്ലൊരു പാഠവും അവതരണത്തിലെ വശ്യതയും എല്ലാം കൊണ്ടും നല്ല കഥ. അഭിനന്ദനങ്ങള്‍.

Unknown said...

നന്നായിട്ടുണ്ട്.

Anonymous said...

ഇത്തിരീ വളരേ കാലികമായൊരു വിഷയം കൈയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദങ്ങള്‍.

thoufi | തൗഫി said...

ചുറ്റുപാ‍ടുകള്‍ക്കു നേരെ തുറന്നുപിടിച്ച
കണ്ണാടിയായിരിക്കണം ഒരെഴുത്തുകാരന്റെ
തൂലികയുടെ ധര്‍മ്മം.ചുറ്റിലും അനീതിയും അധര്‍മ്മവും കൊടികുത്തിവാഴുമ്പോള്‍
സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരെഴുത്തുകാരന്
നിസ്സംഗനായിരിക്കാന്‍ വയ്യ.താന്‍ ജീവിക്കുന്ന സമൂഹത്തിലെ അരുതായ്മകള്‍ക്കെതിരെ പേനയുന്താന്‍
ഒരെഴുത്തുകാരന് കഴിഞ്ഞാല്‍,അത് വായനക്കാരില്‍
ഒരിത്തിരിയെങ്കിലും ഗുണഫലങ്ങള്‍ സൃഷ്ടിക്കാനായാല്‍
തന്റെ ശ്രമം വിഫലമായില്ലെന്ന് എഴുത്തുകാരന് ആശ്വസിക്കാം.അക്കാര്യത്തില്‍ ഇത്തിരി വിജയിച്ചിരിക്കുന്നു.കലര്‍പ്പില്ലാത്ത അഭിനന്ദനങ്ങള്‍

കരീം മാഷ്‌ said...

വായിച്ചു. വലിയ ക്യാന്വാസിലെഴുതേണ്ടതു ചുരുക്കിയെഴുതിയതില്‍ ഇത്തിരി വിജയിച്ചു.

മഴത്തുള്ളി said...

ഇത്തിരീ, വളരെ നല്ലൊരു കഥയും കഥാപാത്രങ്ങളും. ഓരോ തവണയും അതിഗംഭീരമായ വിഷയങ്ങള്‍ വളരെ നന്നായി അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് വളരെ പ്രശംസനീയം തന്നെ.

അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

കുട്ടിച്ചാത്തന്‍ said...

ഇത്തിരി ബോറടിച്ചു. ഒന്നൂടെ ചെറുതാക്ക്വായിരുന്നില്ലേ?

മുല്ലപ്പൂ said...

ഇത്തിരീ ,

മനസ്സില്‍ വിങ്ങുന്ന സ്നേഹം,
വാ‍ക്കുകളിലൂടെ വെളിയിലേക്ക്

എല്ലാ കഥകളിലും...

അതു കൊണ്ടു തന്നെ, ഈ രീതി മനോഹരം.

Anonymous said...

"നിസ്സാര്‍ ഞാന്‍ ഭൂതകാലത്തിന്റെ കണക്കെടുപ്പില്‍ വിശ്വസിക്കുന്നില്ല. പകരം വര്‍ത്തമാനം എനിക്കായി കണ്ടെത്തേണ്ട ഭാവിയിലാണ്‌ എന്റെ ചിന്ത." എന്ന് അന്ന് കൊടുത്ത മറുപടി ഇവിടെ ആവര്‍ത്തിക്കാനാവുന്നില്ല. കാലത്തിന്റെ തേരോട്ടത്തിനിടയില്‍ ആ മറുപടി സ്വന്തം കഴുത്തില്‍ മുറുകുന്നു.

oru paad chodiyangal manassil avashepich ii story ivide theerumpbozhum ariyaade onn thirinju nokkunnu jiivithatilekk. suhrthe nalla kathayum avatharanavum.

Rasheed Chalil said...

അപ്പു.
സുല്‍.
അഗ്രജന്‍.
വല്ല്യമ്മായി.
തറവാടി.
വേണു.
ഏറനാടന്‍.
സാലിം.
ദില്‍ബാസുരന്‍.
റിയാസ്.
മിന്നാമിനുങ്ങ്.
കരീം മാഷ്.
മഴത്തുള്ളി.
കുട്ടിച്ചാത്തന്‍.
മുല്ലപ്പൂ.
ശിബു.
എല്ലാവര്‍ക്കും ഒത്തിരി നന്ദി.

Sona said...

നല്ല കഥ.വളരെ നല്ല അവതരണം