Tuesday, April 24, 2007

ജീവിതയാത്ര.

ഇതൊരു ഓര്‍മ്മക്കുറിപ്പ്. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ബന്ധുവീട്ടില്‍ വെച്ച് കേള്‍ക്കേണ്ടി വന്ന കഥ അപ്പടി ഇവിടെ പോസ്റ്റുന്നു.


ബന്ധുവീടിന്റെ വരാന്തയിലിരുന്ന് അദ്ദേഹത്തോടൊപ്പം ബിസ്കറ്റും ചായയും കഴിക്കുമ്പോഴാണ്‌, തോളില്‍ മുഷിഞ്ഞ തുണിസഞ്ചിയും വിളര്‍ത്ത്‌ വെളുത്ത മുഖവും കീറിയ വസ്ത്രങ്ങളുമുള്ള ഒരു പയ്യന്‍. ഏകദേശം എട്ട്‌ വയസ്സ്‌ പ്രായം തോന്നും. ബെല്ലടിച്ചപ്പോള്‍ വീടിനകത്തുള്ളവര്‍ പുറത്ത്‌ വന്ന് എന്തോ ചില്ലറ കൊടുത്തു. കിട്ടിയ ചില്ലറ തുട്ടുമായി അവന്‍ തിരിഞ്ഞ്‌ നടക്കുമ്പോഴാണ്‌ അദ്ദേഹം അവനെ വിളിച്ചത്‌.

"മോനേ..."

ജീവിതത്തില്‍ ആദ്യമായി ആയിരിക്കും ആരെങ്കിലും അവനെ അങ്ങനെ വിളിക്കുന്നത്‌ എന്ന് തോന്നി തിരിഞ്ഞ്‌ നിന്ന അവന്റെ മുഖം കണ്ടപ്പോള്‍.

"നിനക്ക്‌ ചായ വേണോ...?"

വേണോ വേണ്ടയോ എന്ന് പറയാനാവാതെ അവന്‍ ഇത്തിരി ശങ്കിച്ചു. അദ്ദേഹം എഴുന്നേറ്റ്‌ ചെന്ന് വിളിച്ച്‌ കൊണ്ട്‌ വന്നു. വരാന്തയുടെ തിണ്ണയിലിരുന്ന് ചായയും ബിസ്കറ്റും വല്ലാത്ത ആര്‍ത്തിയോടെ വാരി വലിച്ച്‌ തിന്നുന്നത്‌ ഞങ്ങള്‍ രണ്ടാളും നോക്കി നിന്നു. ചായ കുടിച്ച്‌ തിരിച്ച്‌ പോവാനൊരുങ്ങിയ ആ പയ്യന്റെ കയ്യില്‍ അദ്ദേഹം എന്തോ വെച്ച്‌ കൊടുക്കുന്നതും കണ്ടു.


അദ്ദേഹവും ആ വീട്ടില്‍ എന്നെ പോലെ തന്നെ അതിഥിയായെത്തിയതാണ്‌. ഏകദേശം അമ്പത്‌ വയസ്സ് പ്രായം തോന്നിക്കും. നല്ല ആരോഗ്യമുള്ള ശരീരം. സ്നേഹമുള്ള പെരുമാറ്റം. ഇത്‌ വരേ ഞങ്ങള്‍ ഒരു പാട്‌ കാര്യങ്ങള്‍ സംസാരിച്ചിരുന്നു.

ആ ഭിക്ഷക്കെത്തിയ പയ്യന്‍ നടന്നകന്നു. ഞാന്‍ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കിയിരുന്നു. ഒരു പക്ഷേ എന്റെ കണ്ണില്‍ തിളങ്ങിയ ഒത്തിരി ചോദ്യങ്ങള്‍ അദ്ദേഹം വായിച്ചിരിക്കണം. ഒന്നും ചോദിക്കാതെ തന്നെ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങി. അത്‌ എന്നോടായിരുന്നില്ല... അദ്ദേഹത്തോട്‌ തന്നെ.


എനിക്ക് ശരിക്കും ഓര്‍മ്മയുണ്ട്. അന്ന് രാവിലെ ഉമ്മ പെങ്ങളോട് പറഞ്ഞിരുന്നു... ‘ഇന്ന് വല്ല്യുപ്പാന്റെ (ഉമ്മയുടെ ഉപ്പ) വീട്ടില്‍ പോവണമെന്ന്.‘ ഞങ്ങളുടെ വീടിനടുത്തുള്ള പാടം കഴിഞ്ഞ് ഒരു തെങ്ങിന്‍ തോപ്പും കഴിഞ്ഞാല്‍ റെയില്‍ പാളമായി. അതിലൂടെ കുറച്ച് നടന്നാല്‍ റെയില്‍ വേസ്റ്റേഷന്‍ എത്തും. അവിടെ നിന്ന് തീവണ്ടിയിലാണ് ഉമ്മയുടെ വീട്ടിലേക്ക് പോവാറുള്ളത്. അങ്ങോട്ട് പോവുമ്പോഴെല്ലാം ഉമ്മയുടെ കൂടെ നാല് വയസ്സുള്ള ഞാനും കൂടാറുണ്ടായിരുന്നു.


മുഴുവന്‍ നരച്ച മുടിയും പല്ലില്ലത്ത ചിരിയുമുള്ള വല്ല്യുമ്മയെയായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. പിന്നെ വരാന്തയുടെ ഓരത്തിരുന്ന് അടക്കയില്‍ കത്തികൊണ്ട്‌ അതിന്‌ നോവാതെ വിരണ്ടുന്ന വല്ല്യുപ്പ, അവിടെ ചെല്ലുമ്പോഴെല്ലാം തൊട്ടടുത്തിരിക്കുന്ന മുറുക്കാന്‍ പാത്രത്തിലെ അറയില്‍ നിന്ന് ചില്ലറ എടുത്ത് തരുമായിരുന്നു. കൂടാതെ ഞങ്ങള്‍ വല്ല്യാക്ക എന്ന് വിളിക്കാറുള്ള അമ്മാവന്‍. വളരെ പതുക്കെ മാത്രം സംസാരിക്കുന്ന അമ്മയി. കൂടാതെ എന്റെ സമപ്രായക്കാരയി അമ്മാവന്റെ മക്കള്‍ റഹീമും റസിയയും.


എല്ലാവര്‍ഷവും റമദാനിന് ഓത്തുപള്ളിയടക്കുമ്പോള്‍ രണ്ടോ മൂന്നോ ആഴ്ചയ്ക്ക് വിരുന്നിന്‌ പോവും. പിന്നെ വല്ലപ്പോഴും ഉമ്മ പോവാറുണ്ടായിരുന്നു. അപ്പോഴൊക്കെ ഒരു ചേറിയ സഞ്ചിയില്‍ വീട്ടില്‍ കൃഷി ചെയ്ത പച്ചക്കറികളൊ ചേമ്പോ ചേനയോ എന്തെങ്കിലും കൂടെ കാണും. രണ്ടൊ മൂന്നോ ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ച് പോരും. അപ്പൊഴൊക്കെ ഞാനും ഉമ്മയോടൊപ്പം പോവാറുണ്ടായിരുന്നു.


ചിലപ്പോള്‍ എന്നെ കാണാതെ ഉമ്മ പോവാറുണ്ട്‌. അന്ന് അങ്ങനെ സംഭവിക്കാതിരിക്കാനായി നേരത്തെ തന്നെ പെരുന്നാളിന്‌ വാങ്ങിച്ച കള്ളിമുണ്ടും ബനിയനും ഇട്ടാല്‍ തയ്യാറായി നിന്നു. പക്ഷേ ഇടയ്ക്കെപ്പോഴോ ഞാനറിയാതെ ഉമ്മ പുറപ്പെട്ടിരുന്നു.


പിന്നെ ആരൊടും പറയാതെ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. പാടവും തെങ്ങിന്‍ തോപ്പും കടന്ന് റയില്‍വേ സ്റ്റേഷനിലെത്തി. പക്ഷേ അവിടെ ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ അവിടെയുണ്ടായിരുന്ന തീവണ്ടിയില്‍ കയറി. ഓരോസീറ്റിലും അന്വേഷിച്ചങ്കിലും ഉമ്മയെ കണ്ടില്ല. ഓടുന്ന വണ്ടിയില്‍ കരഞ്ഞ്‌ നടക്കുന്ന എന്നെ പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഉമ്മയെ കാണാതായപ്പോള്‍ ഞാന്‍ അവിടെയിരുന്ന് അട്ടഹസിച്ച്‌ കരഞ്ഞു.

പിന്നിടെപ്പോഴോ ഞാന്‍ ഉണര്‍ന്നപ്പോള്‍ വണ്ടി നിന്നിരുന്നു. താങ്ങാനാത്ത വിശപ്പ്.
ഒന്നും ചോദിക്കാനറിയാതെ ഞാന്‍ വീണ്ടും വീണ്ടും കരഞ്ഞു. പിന്നെ എങ്ങനെയോ തെരുവ് പിള്ളേരുടെ കൂടെ കൂടി. ചില ദിവസങ്ങളില്‍ വല്ലതും കിട്ടും. ചില ദിവസങ്ങളില്‍ മുഴു പട്ടിണി. അങ്ങനെയാ വളര്‍ന്നത്.

ഇടയ്ക്കെപ്പൊഴോ അടുത്തുള്ള ചായ പീടികയില്‍ സഹായായി നിന്നു. പകരം ഭക്ഷണം കിട്ടും. അയാളുടെ വീടിന്റെ വരാന്തയില്‍ ഉറങ്ങാം... അങ്ങനെ ഒരു കാലം.

“അങ്ങനെയൊക്കെ ആയിരുന്നു മോനെ എന്റെ ചെറുപ്പം... അതാ ആ കുട്ടിയെ കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നിയത്.” ഒരു നെടുവീര്‍പ്പോടെ അദ്ദേഹം പറഞ്ഞ് നിര്‍ത്തി.

“എന്നിട്ട് കുടുംബത്തെ കുറിച്ച് വല്ല വിവരവും കിട്ടിയോ...?” ഞാന്‍ അന്വേഷിച്ചു.

അത് വേറെരു കഥ... ചുണ്ടില്‍ നിറഞ്ഞ പുഞ്ചിരിയുമായി അദ്ദേഹം പിന്നേയും സംസാരിക്കാന്‍ തുടങ്ങി.

പിന്നെ പിന്നെ ഞാനും ആ വീട്ടിലെ അംഗമായി. അവിടെ അദ്ദേഹത്തിന്റെ ഭാര്യയും ഒരു മകനും മകളും ഉണ്ടായിരുന്നു. അവര്‍ക്കോപ്പം ഞാന്‍ അവിടെ വളര്‍ന്നു. അദ്ദേഹത്തെ ഞാന്‍ ഇക്കാക്ക എന്ന് വിളിച്ചു. അവരെ ഞാന്‍ ഉമ്മയെന്നും. പിന്നെ എനിക്ക്‌ അബ്ദുല്‍ കരീം എന്ന് പേരുനല്‍കിയതും അയാളാണ്‌. ഓത്തുപള്ളിക്ക്‌ പകരം അവിടെ മദ്രസയായിരുന്നു. ഒരു കൊച്ചുസ്കൂളും. കൃഷിക്കാരായ ആ കുടുംബത്തോടോപ്പം ഞാനും കഴിഞ്ഞു. എന്നെ നാലാം ക്ലാസ്സ്‌ വരെ സ്കൂളിലയച്ചു.

വേനലില്‍ പാടത്ത്‌ പച്ചകറി കൃഷിചെയ്യുമ്പോള്‍ ഞങ്ങള്‍ മൂന്ന് പേരും കൂടെ കൂടും. വെള്ളം നനക്കാനും വളമിടാനും എല്ലാത്തിനും ... അങ്ങനെ ഞാന്‍ അവിടെ മുഴുവന്‍ അംഗമായി. എന്റെ വീട്ടുപേര്‍ അയാളുടെ വീട്ടുപേരായിരുന്നു. ഞാനും ഹബീബും സമപ്രായക്കാരായിരുന്നു. ഞങ്ങളേക്കാള്‍ അഞ്ചുവയസ്സ്‌ കൂടിയ ഫത്തിമയെ കല്ല്യാണം കഴിച്ച്‌ അയച്ചു. പിന്നെ ഞാനും ഹബീബും ഇടക്ക്‌ കൃഷിപ്പണിക്ക്‌ പോവാന്‍ തുടങ്ങി.

എനിക്ക്‌ ഏകദേശം ഇരുപത്‌ വയസ്സ്‌ ഉള്ളപ്പോള്‍ ആണ്‌ നാട്ടിലെ അറിയപ്പെട്ട മരംവെട്ടുകാരന്‍ കുമാരന്റെ കൂടെ കൂടിയത്‌. ഞാന്‍ വേഗം പണി പഠിച്ചു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ തനിച്ച്‌ ജോലിക്ക്‌ പോവാന്‍ തുടങ്ങി. ഇതിനിടയിലാണ്‌ എനിക്ക്‌ ഒരു കല്ല്യാണാലോചന വന്നത്‌. ഒരു പാവം പെണ്‍കുട്ടി, വീട്ടില്‍ ഉമ്മമാത്രമേ ഉണ്ടായിരുന്നുള്ളൂ, ഉപ്പ നേരത്തേ മരിച്ചിരുന്നു. ഉമ്മ തീരെ കിടപ്പിലും. വല്ലാതെ വൈകാതെ അവരും മരിച്ചു.

അങ്ങനെ സുഹ്‌റ എന്റെ ജീവിതത്തിലേക്ക്‌ കടന്ന് വന്നു. പിന്നെ നല്ല ജീവിതം, അഞ്ചു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് ഇക്ക മരിച്ചു. എന്നാലും ഹബീബിന്റെ അധ്വാനം കൊണ്ട്‌ ആ കുടുംബം അല്ലലില്ലാതെ കഴിയുന്നു. ഞാന്‍ ഒരു വീട്‌ വെച്ചു. ആ വീട്‌ പുതുക്കി പണിതു... ഇപ്പോള്‍ സുഖമായി കഴിയുന്നു.

ഞാന്‍ ഒരു സിനിമാ കഥ കേള്‍ക്കുമ്പോലെ പോലെ അത്ഭുതപ്പെട്ടിരുന്നു....

അദ്ദേഹം തുടര്‍ന്നു.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു വീട്ടില്‍ മരം വെട്ടാനായി പോയി... ആ വീടിലേക്കുള്ള പടികള്‍ കയറുമ്പോള്‍ തന്നെ എന്റെ മനസ്സിന് ആ അന്തരീക്ഷവുമായി വല്ലാത്ത പരിചയം തോന്നിയിരുന്നു. ഉയര്‍ന്ന മുറ്റത്തേക്ക് കയറുന്ന പടികള്‍ ചവിട്ടി കയറുമ്പോള്‍ പണ്ടെങ്ങോ ഇതേ പടികള്‍ ഇറങ്ങിയോടിയത് സ്വപ്നം പോലെ മനസ്സില്‍ തെളിഞ്ഞു. പിന്നെ വീടിന്റെ ഇടതു വശത്തെ വലിയ പുളിമരവും അതിനപ്പുറം കാണുന്ന ഇടിവെട്ടേറ്റ തെങ്ങും എല്ലാം മനസ്സിലുണ്ട്. കൂടാതെ ഈ വീടുമായി വിദൂരമായ ഒരു ബന്ധം മനസ്സ് പറയുന്നു.

ഇത് തന്നെയാവുമോ എന്റെ വീട് എന്ന് സംശയം തീര്‍ക്കാന്‍ കൂടെയുണ്ടായിരുന്ന പണിക്കാരാനെ വിവരങ്ങല്‍ അന്വേഷിക്കാന്‍ അയച്ചു. അവിടെ അന്വേഷിക്കാന്‍ ഒരു സ്ത്രീ മത്രമേ ഉണ്ടായിരുന്നുള്ളൂ.

‘ഇക്കാ ഇവിടെ നിന്ന് ചെറുപ്പത്തില്‍ ഒരു കുട്ടിയെ കാണാതായിട്ടുണ്ടത്രെ... അത്രയേ അവര്‍ക്ക് അറിയൂ.‘ അവര്‍ ഈ വീ‍ട്ടിലെ ഇളയമകന്റെ ഭാര്യായാണ്. ഇതും പറഞ്ഞ് അവന്‍ തിരിച്ചെത്തി.

എനിക്ക് എന്നിട്ടും സംശയം ബാക്കിയായി. പക്ഷേ തീര്‍ക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ടായിരുന്നു. ഞാന്‍ അന്വേഷിച്ചു “ ഇവിടെ ഓട് വിളക്കുണ്ടോ... പഴയത് ഏതെങ്കിലും...?” “ഒന്ന് ഉണ്ടായിരുന്നു... എവിടെയാണെന്ന് അറിയില്ല. നാളെ വരുമ്പോള്‍ തരാം എന്ന് പറഞ്ഞു.”

അന്ന് പുലരുവോളം ഉറങ്ങാതെ കിടന്നു. പിറ്റേന്ന് ചെന്ന ഉടനെ അന്വേഷിച്ചു... “ആ വിളക്ക് കിട്ടിയോ എന്ന്” അവര്‍ അകത്ത് പോയി മുകള്‍ ഭാഗം കരിപ്പിടിച്ച രണ്ട് സൈഡിലേക്കും തിരിയിടുന്ന ഒരു പഴയ ഓട് വിളക്ക് കോണ്ട് വന്നു... അതെ... അതേ ഓട് വിളക്ക് തന്നെ. ഒരിക്കല്‍ ഞാന്‍ എടുത്തെറിഞ്ഞ് തിരിയിടുന്ന കുഴല്‍ ചുളുങ്ങിയ അതേ വിളക്ക്... പിന്നെ വിവരങ്ങള്‍ പറഞ്ഞു. തൊട്ടടുത്ത ടൌണീല്‍ ജോലിചെയ്യുന്ന അനിയന്‍ ഓടി വന്നു.

എന്നെ നഷ്ടപ്പെട്ട ശേഷം ഉമ്മയും ഉപ്പയും മരിച്ചതും അതിന് മുമ്പ് അന്വേഷിച്ചതും വര്‍ഷങ്ങളായിട്ട് ബന്ധമില്ലാത്തതിനാല്‍ സ്വത്തൊക്കെ ഓഹരി വെച്ചതും എല്ലാം അറിഞ്ഞത്. അവര്‍ എല്ലാവരും കൂടി എനിക്ക് അവകാശപ്പെട്ട അനന്തരവാകാശ സ്വത്ത് തരികയും ചെയ്തു.... ഇതൊക്കെയാണ് മോനെ എന്റെ കഥ.

അത്ഭുതത്തോടെ ആദ്ദേഹത്തെ നോക്കിയപ്പോള്‍ പതുക്കെ ചിരിച്ച് കൊണ്ട് പറഞ്ഞു... “അത്ഭുതം തോന്നുന്നുണ്ടല്ലേ... ?” ഞാനും പുഞ്ചിരിച്ചു. ഒരു അനുഭവത്തിന്റെ ചൂടുമായി.

35 comments:

Rasheed Chalil said...

ഇതൊരു ഓര്‍മ്മക്കുറിപ്പ്. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ബന്ധുവീട്ടില്‍ വെച്ച് കേള്‍ക്കേണ്ടി വന്ന കഥ അപ്പടി ഇവിടെ പോസ്റ്റുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

ഞാ‍ന്‍ വായിച്ചു.. എന്താ പറയണ്ടെ എന്നറിയില്ല.. വല്ലാതെ അനുഭവിപ്പിക്കുന്ന വിവരണം

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ, ശരിക്കും അത്ഭുതം തന്നെ. ഇതൊരു കഥയുടെ രീതിയിലെഴുതിയിരുന്നെങ്കില്‍ എത്ര നന്നായേനേ..

സുല്‍ |Sul said...

ഇത്തിരീ
ഇത്തരം പൊള്ളുന്ന അനുഭവങ്ങളിലൂടെ ജീവിതം ഹോമിച്ചു തീര്‍ക്കുന്നവര്‍ എത്ര പേര്‍....

നന്നായി എഴുതി.
-സുല്‍

K.V Manikantan said...

ഗംഭീരം ഇത്തിരീ ഗഭീരം
-സങ്കുചിതന്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വായിച്ച് വായിച്ച് അവസാനമെത്തുമ്പോഴേക്ക് മേലാകെ ഒരു തരിപ്പ്...:)

Unknown said...

ഇത്തിരീ... താങ്കളുടെ എല്ലാ സൃഷ്ടികളും വളരെ അധികം വായിക്കാനുണ്ടാകും അതുകൊണ്ട് പിന്നെത്തേക്ക് വയ്ക്കുകയാണ് പതിവ്. എന്നിട്ടും ഞാന്‍ ‘ജീവിത യാത്ര’ വായിച്ചു.
അനുഭവത്തിന്‍ റെ ചൂട് ഉള്ളതിനാലാവണം തീരെ കൃതൃമത്വം തോന്നിയില്ല.
അഭിനന്ദനങ്ങള്‍

Anonymous said...

ഓര്‍മ്മ ക്കുറിപ്പ് ഇഷ്ടമായി .
ഹേമ

asdfasdf asfdasdf said...

ഗംഭീരം.

മഴത്തുള്ളി said...

ഇത്തിരീ, വികാരഭരിതമായ ഈ ഓര്‍മ്മക്കുറിപ്പ് വളരെയേറെ ഇഷ്ടമായി. ഒരു സിനിമാക്കഥ പോലെ തോന്നിക്കുന്ന ജീവിതമുഹൂര്‍ത്തങ്ങളുടെ പച്ചയായ ആവിഷ്കാരം തന്നെ. ഇത് പങ്കുവച്ച ഇത്തിരിക്കൊരായിരം അഭിനന്ദനങ്ങള്‍.

അരവിന്ദ് :: aravind said...

നന്നായിരിക്കുന്നു.

(ബ്ലോഗിന്റെ മണ്ടക്ക് ഇത്തിരിവെട്ടം എന്നെഴുതിയിരിക്കുന്നതിലെ ‘ര’ ആമമാര്‍ക്ക് കൊതുകുതിരിയെ ഓര്‍മിപ്പിക്കുന്നു. നൊസ്റ്റാള്‍ജിയ)

ചേച്ചിയമ്മ said...

ഇത്തിരീ..നന്നായി എഴുതിയിരിക്കുന്നു.
വായിച്ചുകഴിഞ്ഞപ്പോള്‍ ഉള്ളിലൊരു വിങ്ങല്‍.ആ ഉപ്പയും,ഉമ്മയും അന്നേരം ജീവിച്ചിരുന്നിരുന്നെങ്കിലെന്ന് വെറുതെ....

Rajeeve Chelanat said...

നന്നായിട്ടുണ്ട്‌ റഷീദ്‌. എങ്കിലും, അതില്‍ അല്‍പംകൂടി കഥാംശം കൂട്ടാമായിരുന്നു എന്ന ഒരു അഭിപ്രായവും ഉണ്ട്‌. അഥവാ, മറ്റൊരു ആങ്കിളില്‍ നിന്നുള്ള കാഴ്ച്ച.

വസ്തുകഥനത്തെ (നറേഷന്‍)കഥയാക്കുന്നത്‌ (ഫിക്‌ഷന്‍)അത്തരം ഒരു വളച്ചൊടിക്കലിലൂടെയാണ്‌

Pramod.KM said...

നല്ല ഓറ്മ്മകള്‍.

വല്യമ്മായി said...

ഒരു കഥ പോലെ വിസ്മയിപ്പിച്ച ഓര്‍മ്മ. നന്നായിരിക്കുന്നു.

തറവാടി said...

ഇഷ്ടമായി

വിചാരം said...

ഇത്തിരി ഇങ്ങനെയുള്ള കഥകള്‍ കേട്ടാല്‍ എന്‍റെ കണ്ണില്‍ കണ്ണുനീര്‍ നിറയും അതിവിടേയും സംഭവിച്ചു ( വിചാരം കരയുമോ എന്ന് ചോദിച്ച് ഏതെങ്കിലും വര്‍മ്മ ഇവിടെ ഇപ്പോ എത്തും അവര്‍ക്ക് ശവത്തില്‍ കുത്തി നല്ല പരിചയമാ) സംഭവം നന്നായില്ല പക്ഷെ എഴുത്ത് വളരെ നന്നായി

Sona said...

നല്ലൊരു ഓര്‍മ്മ കുറിപ്പ്..

സാജന്‍| SAJAN said...

ഇത്തിരി.. അത്ഭുദമായിരിക്കുന്നല്ലോ....നന്നായി എഴുതിയിരിക്കുന്നു...:)

വേണു venu said...

ഇത്തിരി,

അനുഭവത്തിന്റെ ചൂടുമായി ഓര്‍മ്മകള്‍‍ വിധിയായി രുപാന്തരണം പ്രാപിച്ചു് ജനുസ്സകളാകുന്ന ചില അടയാളങ്ങള്‍‍ മാത്രം.:)

മനോജ് കുമാർ വട്ടക്കാട്ട് said...

ജീവിതം അങ്ങിനെ ഓരോരുത്തരെ എവിടെയൊക്കെ കൊണ്ടു ചെന്നെത്തിക്കുന്നു!

(ഇത്തിരീ, നല്ല കുറിപ്പ്‌)

മുസ്തഫ|musthapha said...

കുട്ടിച്ചാത്തന്‍റെ അനുവാദത്തോടെ കുട്ടിച്ചാത്തന്‍റെ വരികള്‍ കടമെടുക്കട്ടെ:

“വായിച്ച് വായിച്ച് അവസാനമെത്തുമ്പോഴേക്ക് മേലാകെ ഒരു തരിപ്പ്...“

അതെ, അതാണ് ശരിക്കും എനിക്ക് തോന്നിയ ഫീലിങ്ങ്!

നന്നായി എഴുതിയിരിക്കുന്നു ഇത്തിരീ...

Unknown said...

ഇത്തിരീ..
അനുഭവത്തിന്റെ ചൂടുള്ള ഓര്‍മ്മക്കുറിപ്പ്.
മരിക്കുന്നതിന് മുമ്പായിരുന്നു
മകനെ തിരിച്ചു കിട്ടിയിരുന്നതെങ്കില്‍
ആ മാതാപിതാക്കളുടെ സന്തോഷം എത്രത്തോളമുണ്ടാകുമായിരുന്നു,അല്ലെ..?

ശരിയാ..കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ലല്ലൊ..!

thoufi | തൗഫി said...

ഇത്തിരീ..
അനുഭവത്തിന്റെ ചൂടുള്ള ഓര്‍മ്മക്കുറിപ്പ്.
മരിക്കുന്നതിന് മുമ്പായിരുന്നു
മകനെ തിരിച്ചു കിട്ടിയിരുന്നതെങ്കില്‍
ആ മാതാപിതാക്കളുടെ സന്തോഷം എത്രത്തോളമുണ്ടാകുമായിരുന്നു,അല്ലെ..?

ശരിയാ..കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ലല്ലൊ..!

Mubarak Merchant said...

സംര്^ദ്ധിയുടെയും സുഖലോലുപതയുടെയും ലോകം മാത്രം കണ്ട് ജീവിക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന കഥ.
നന്നായി പറഞ്ഞിരിക്കുന്നു. കാല്പനികതകളില്ലാത്ത ഇത്തരം അനുഭവ സാക്ഷ്യങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

ഏറനാടന്‍ said...

ഇത്തിരിജീ.. ആകെപ്പാടെ ഒരു ഉള്‍ക്കിടിലവും കോരിത്തരിപ്പുമായി ഒടുവിലെ വരിവരെ..

ആയിരത്തൊന്നുരാവുകള്‍ കഥയില്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ വായിച്ചറിവുള്ളൂ.. ഇതും രസകരമാം വിധം നന്നായി.

ഒരുപക്ഷെ, കാണാനാശിക്കുന്നത്‌ പലതും പലരും കണ്ണടയും മുമ്പെങ്കിലും മുന്നില്‍ ഒരു വട്ടമെങ്കിലും എത്തുമെന്നാവാം അല്ലേ, ചിലരുടെ കാര്യത്തിലെങ്കിലും..?

താങ്കളോട്‌ പലപ്പോഴും പറഞ്ഞതുവീണ്ടും സൂചിപ്പിച്ചോട്ടെ. അച്ചടിമാധ്യമങ്ങളിലും കൂടെ ഒന്ന്‌ ശ്രദ്ധിക്കുക. കമ്പ്യൂട്ടര്‍ സാക്ഷരതയില്ലാത്തവരും ഇതൊക്കെ ആസ്വദിച്ചോട്ടെ.

കുടുംബംകലക്കി said...

കനിവു വറ്റാത്ത ലോകം കാട്ടിത്തന്നതിന് നന്ദി.

Khadar Cpy said...

വളരെ ഇഷ്ടായി ഇത്തിരീ...
എന്തോ ഒരു വല്ലായ്മ വായിച്ചു കഴിഞ്ഞപ്പോ...

ആഷ | Asha said...

എനിക്കും അറിയില്ല എന്താ പറയേണ്ടതെന്ന്
വിസ്മയിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അല്ലേ :)

കരീം മാഷ്‌ said...

ഒറ്റയിരിപ്പിനു വായിച്ചു.
ഹൌ വല്ലാത്തൊരു സന്ദര്‍ഭം.വിവരണം കഥക്കും കളിക്കും ഇടം കൊടുക്കാതെ പറച്ചിലാക്കിയതു വസ്തുതയുടെ യാഥാര്‍ത്ത്യ ബോധം സൃഷ്ടിച്ചു. നന്നായി.

തമനു said...

അവിശ്വസനീയമായ ഒരനുഭവം ..

ഇത്തിരീ... കൃത്രിമത്വമില്ലാത്ത എഴുത്ത്‌. നന്നായിരിക്കുന്നു.

മുല്ലപ്പൂ said...

ഓട്ടു വിളക്കു
വായിച്ചു , ഒരു നാടകം പോലെ.

എന്നലു ഭാഗ്യമായി. അറിയാതെ വണ്ടിയില്‍ കയറിയ കുട്ടി, ആപത്തില്‍ ഒന്നും ചെന്നു പെടാത്തത്

Rasheed Chalil said...

ഇട്ടിമാളു.
അപ്പു.
സുല്‍.
സങ്കുചിതമനസ്കന്‍.
കുട്ടിച്ചാത്തന്‍.
രാജുഇരിങ്ങല്‍.
ഹേമ.
കുട്ടമ്മേനോന്‍.
മഴത്തുള്ളി.
അരവിന്ദ്.
ചേച്ചിയമ്മ.
രാജീവ്.
പ്രമോദ്.
വല്ല്യമ്മായി.
തറവാടി.
വിചാരം.
സോന.
സാജന്‍.
വേണു.
പടിപ്പുര.
അഗ്രജന്‍.
മിന്നാമിനുങ്ങ്.
ഇക്കാസ്.
ഏറനാടന്‍.
കുടുബംകലക്കി.(ഇങ്ങനെ വിളിക്കാന്‍ ഒരു മടി മാഷേ)
പ്രിന്‍സി.
ആഷ.
കരീം മാഷ്.
തമനു.
മുല്ലപ്പൂ.

വായിച്ച എല്ലാവര്‍ക്കും ഒത്തിരി നന്ദി.

പാതിരാമഴ said...

ജീവിതാനുഭവത്തിലെ ഒരു ഏട്‌ വായിച്ചു.. മനസിലെവിടയോ ഒരു കൊളുത്തി വലിഞ്ഞ പോലെ....... ഒരു നൊമ്പരം തന്ന ഈ "കഥക്കു" നന്ദി

സജീവ് കടവനാട് said...

നന്നായിരിക്കുന്നു.