Sunday, June 03, 2007

അബൂദാബിക്കാരന്‍...

മുമ്പൊരിക്കല്‍ ദില്‍ബന്‍ എഴുതിയ തികച്ചും വ്യത്യസ്തമായ പ്രവാസിക്കഥയ്ക്‌ ഒരു വാല്‍ കഷ്ണം.

പ്രവാസിയുടെ കണ്ണീര്‍ കഥകള്‍ മാത്രം എഴുതുന്നു എന്ന് പരാതിപ്പെട്ടാ‌‌ സാന്‍ഡോയ്ക്കായി സമര്‍പ്പിക്കുന്നു.

ഇന്നൊരു വെള്ളിയാഴ്ച... ഇന്നെങ്കിലും എന്തെങ്കിലും ചെയ്യണം എന്ന് കരുതിയാണ്‌ ഉണര്‍ന്നത്‌. ആഴ്ചയിലെ ബാക്കിയുള്ള ദിവസങ്ങളിലും അതിരാവിലെ പത്തിന്‌ ഉണര്‍ന്ന ഉടനെ ജോലിക്കാരന്‍ കൊണ്ട്‌ വരുന്ന ഒരു ഗ്ലാസ്‌ പാല്‌ കുടിച്ച ശേഷമാണ്‌ പത്രം നോക്കുന്നത്‌. ഒന്ന് ഓടിച്ച്‌ നോക്കി കുളിച്ച്‌ ഫ്രഷായി റോഡിലിറങ്ങുന്നു.

ട്രാക്കുകളില്‍ നിറഞ്ഞോടുന്ന വാഹനങ്ങള്‍ രണ്ട്‌ സൈഡിലേക്കും മാറ്റി ഒരു ട്രാക്ക്‌ എനിക്കായി മാറ്റിവെക്കുന്നു. ആ ഒഴിഞ്ഞ ട്രാക്കിലൂടെ മണിക്കുറില്‍ അഞ്ഞൂറ്‌ കിലോമീറ്റര്‍ സ്പീഡില്‍ ഓഫീസിലേക്ക്‌...

അവിടെ എത്തിയാല്‍ ആദ്യം അറബി മുതലാളിയും പിന്നാലെ വെള്ളക്കാരന്‍ അസിസ്റ്റന്റും റൂമിലെത്തുന്നു... കുശലാന്വേഷണങ്ങള്‍ക്ക്‌ ശേഷം 'എന്നാ ഞാന്‍ ഒന്ന് പുറത്ത്‌ പോയി വരാം... നിങ്ങള്‍ കളിച്ചിരിക്കൂ...' എന്നും പറഞ്ഞ്‌ പുള്ളി ഇറങ്ങുന്നു.

അതോടൊപ്പം ചീട്ടികളിക്കാനും മദ്യപിക്കാനും ഒരു കമ്പനി നകാനായുള്ള ജോലിക്കാരാന്‍ എഡ്വിന്‍ സായിപ്പ്‌ എത്തും. പിന്നെ വൈകുന്നേരം വരെ അയാള്‍ തോറ്റ്‌ തന്നും അയാളെ തോല്‍പ്പിച്ചും ഒരു ഇരുപതിനായിരം ദിര്‍ഹംസ്‌ കിട്ടുന്നു.

വൈകുന്നേരം മുന്നിന്‌ തിരിച്ച്‌ പോകുമ്പോള്‍ വഴിയിലെ വേസ്റ്റ്‌ ബോക്സിനടുത്ത്‌ ആ കാശ്‌ ഒഴിവാക്കാറാണ്‌ പതിവ്‌. അത്‌ കാണുമ്പോള്‍ ആര്‍ത്തിപിടിച്ചെത്തുന്ന അറബി പയ്യന്മാരുടെ മുഖഭാവം കണുമ്പോള്‍ എപ്പോഴും മനസ്സില്‍ കരയും... പാവങ്ങള്‍.

സോഫയില്‍ അമര്‍ന്നിരുന്ന് ഒരോ കവറുകളായി പൊട്ടിച്ചു തുടങ്ങി... രണ്ട്‌ വര്‍ഷമായി മാസാമാസം പോക്കറ്റ്‌ മണിയായി അറബി തരുന്ന കവറുകള്‍... എല്ലാറ്റിലും ആയിരത്തിന്റെ അമ്പത്‌ നോട്ടുകള്‍. ഇയാളെ കൊണ്ട്‌ തോറ്റു... വേണ്ട വേണ്ട എന്ന് പറഞ്ഞാലും വീണ്ടും വീണ്ടും പിന്നേം തരും... ബാങ്കില്‍ നിന്ന് വിളിച്ചതും ഇതേ പ്രശ്നം. മാസാമാസം ശമ്പളമായി എത്തുന്ന സംഖ്യ കൊണ്ട്‌ അവര്‍ക്കും ബുദ്ധിമുട്ട്‌... ഇനി എന്താണാവോ ചെയ്യുക...

ഇനി ഇതെല്ലാം ഉപേക്ഷിച്ച്‌ നാട്ടില്‍ പോവാം എന്ന് കരുതിയാല്‍ ഇവര്‌ വിടില്ല... ഇനി എന്തെങ്കിലും തരികിട പറഞ്ഞ്‌ ഇവിടെ നിന്ന് രക്ഷപ്പെട്ടാല്‍ പിന്നെ പ്രവസി പെന്‍ഷന്‍ എന്നും പറഞ്ഞ്‌ അവിടെ കാശിന്റെ ഒഴുക്കായി... എന്തൊരു കഷ്ടം.


ഫോണ്‍ റിംഗ്‌ ചെയ്യുന്നു... 'നോകിയ' യുടെ ഏറ്റവും പുതിയ മോഡല്‍... ഈ അറബിയുടെ ഒരു കാര്യം...

"ഹലോ സര്‍..."

"യെസ്‌..."

"ഞാന്‍ വിളിക്കുന്നത്‌ എയര്‍ ഇന്ത്യ ഓഫീസില്‍ നിന്നാണ്‌‌."

"ഓ.കെ..."

"ഹോ... സാറ്‌ മറന്നോ... ?. അടുത്ത ആഴ്ച സാറിന്റെ വെക്കേഷനാണ്‌..."

"അതിന്‌"

"രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക്‌ വഹിക്കുന്ന താങ്കളെ പോലുള്ള പ്രവാസികളെ ഞങ്ങള്‍ ശ്രദ്ധിക്കേണ്ടതല്ലേ..."

"വേണം"

"അതിനായി ഗവണ്‍മന്റ്‌ നടത്തുന്ന ഒരു പാക്കേജാണ്‌ 'പ്രവസി വെക്കേഷന്‍ ടൂര്‍ പാക്കേജ്‌' "

"ഓഹോ..."

"അതേ സര്‍... താങ്കളുടെ വെക്കേഷന്‍ ദിനങ്ങളില്‍ താങ്കള്‍ക്ക്‌ ലോകത്തെവിടെയും വെക്കേഷന്‍ ദിനങ്ങള്‍ ചെലവഴിക്കാം... ടിക്കറ്റ്‌ ചാര്‍ജ്ജും അവിടെ താമസ ചിലവും തികച്ചും ഫ്രീയായിരിക്കും... കൂടാതെ പുറപ്പെടും മുമ്പ്‌ ഒരു മാസത്തെ ചിലവിനായി ഇന്ത്യ ഗവണ്‍മന്റ്‌ തരുന്ന രണ്ട്‌ ലക്ഷം ഡോളര്‍ ഇന്ത്യന്‍ എമ്പസിയില്‍ നിന്ന് നേരിട്ട്‌ കൈപറ്റാം..."

"അയ്യോ കാശ്‌ വേണ്ടായിരുന്നു..."

"എങ്കില്‍ ആ പൈസ ലോകത്തിലെ പട്ടിണി പാവങ്ങള്‍ക്ക്‌ ദാനം ചെയ്യാം സര്‍... നേരിട്ട്‌ സമയം കിട്ടില്ലങ്കില്‍ ഞങ്ങള്‍ ചെയ്യാം... റസീപ്റ്റും അങ്ങോട്ട്‌ അയക്കാം..."

"വെരി ഗുഡ്‌"

"ഇത്‌ കൂടാതെ മറ്റൊന്ന് കൂടി ഞങ്ങള്‍ പ്രവാസികള്‍ക്കായി ചെയ്യുന്നുണ്ട്‌ സര്‍."

"അതെന്താ..."

"എല്ലാ വ്യാഴഴ്ചയും വൈകുന്നേരം എട്ടിന്‌ ശേഷം നാട്ടിലെക്ക്‌ സ്പെഷ്യല്‍ ഫ്ലൈറ്റ്‌ ഉണ്ടായിരിക്കും. ശനിയാഴ്ചയോ ഞായറാഴ്ചയോ രാവിലെ തിരിച്ച്‌ എത്തിച്ച്‌ തരും... കൂടാതെ നാട്ടിലെ എയര്‍പോര്‍ട്ടില്‍ നിന്ന് നിങ്ങള്‍ക്ക്‌ വീട്ടിലേക്ക്‌ പെട്ടെന്ന് എത്താനായി ഹെലികോപറ്റര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌."

"വെരി ഗുഡ്‌"

"അടുത്ത ആഴ്ച സാര്‍ ഉണ്ടാവണം... ഈ ആഴ്ച വരാതിരുന്നത്‌ ശരിയായില്ല."

ഇവരോട്‌ എന്ത്‌ മറുപടി പറയണം എന്ന് അലോചിക്കവേ വീണ്ടും ശബ്ദം കാതില്‍ മുഴങ്ങി...

"കൂടാതെ എല്ലാ പ്രവസികള്‍ക്കും മൂന്നാറ്‌ നൂറ്‌ ഏക്കര്‍ സ്ഥലവും ഒരു ജെ സി ബിയും തികച്ചും സൌജന്യമായി ഗവണ്‍മന്റ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌."

"ആലോചിച്ച്‌ വിവരം അറിയിക്കാം" ഇതും പറഞ്ഞ്‌ ഫോണ്‍ വെച്ചു....

വീണ്ടും ബെല്ല് മുഴങ്ങുന്നു... ഫോണെടുത്തു... അത്‌ എമിരേറ്റ്‌സ്‌ എയര്‍ ലൈന്‍സിന്റെ ഓഫീസില്‍ നിന്നായിരിക്കും.

43 comments:

Rasheed Chalil said...

മുമ്പൊരിക്കല്‍ ദില്‍ബന്‍ എഴുതിയ തികച്ചും വ്യത്യസ്ഥമായ പ്രവാസിക്കഥയ്ക്‌ ഒരു വാല്‍കഷ്ണം.

പ്രവാസിയുടെ കണ്ണീര്‍ കഥകള്‍ മാത്രം എഴുതുന്നു എന്ന് പരാതിപ്പെട്ടാ‌‌ സാന്‍ഡോയ്ക്കായി സമര്‍പ്പിക്കുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

തുടരുമോ?

ആരെങ്കിലും ഒരു ടിക്കറ്റെടുത്ത് തരാമോ ആമസോണ്‍ വനാന്തരങ്ങളിലേക്ക്. രക്ഷപ്പെടാന്‍ അവസാന വഴിയാ...:)

Sona said...

വൈകുന്നേരം മുന്നിന്‌ തിരിച്ച്‌ പോകുമ്പോള്‍ വഴിയിലെ വേസ്റ്റ്‌ ബോക്സിനടുത്ത്‌ ആ കാശ്‌ ഒഴിവാക്കാറാണ്‌ പതിവ്‌. അത്‌ കാണുമ്പോള്‍ ആര്‍ത്തിപിടിച്ചെത്തുന്ന അറബി പയ്യന്മാരുടെ മുഖഭാവം കണുമ്പോള്‍ എപ്പോഴും മനസ്സില്‍ കരയും... പാവങ്ങള്‍.
mmmmm......ദാനശീലന്‍!!!കണ്ടു പഠിക്കട്ടേ എല്ലാരും..

മുസ്തഫ|musthapha said...

ദാ... നിന്‍റെ നോകിയയുടെ പുതിയ മോഡല്‍ ഫോണ്‍ റിങ്ങ് ചെയ്യുന്നു... വേഗം എടുക്ക്... ഞാനാ... ഫ്രീ ആയിട്ട് നിന്നെ കുറച്ച് തെറി വിളിക്കാനാ :)

വല്യമ്മായി said...

ഓഫീസിലിരുന്ന് സ്വപ്നം കാണാതെ പണിയെടുക്കാന്‍ നോക്ക് :)

കരീം മാഷ്‌ said...

എന്റെ ഹാന്‍ഡ്‌ സോംഗിലു (കൈപ്പാട്ടില്‍) നിന്നെയൊന്നു കിട്ടാന്‍ എന്നാ അടുത്ത യു.എ.ഇ. മീറ്റ്‌?

സുല്‍ |Sul said...

"ആ ഒഴിഞ്ഞ ട്രാക്കിലൂടെ മണിക്കുറില്‍ അഞ്ഞൂറ്‌ കിലോമീറ്റര്‍ "
അതെനിക്കിഷ്ടായി :)
-സുല്‍

Unknown said...

ഇത്തിരീ:)

ഒന്നുകില്‍..........അല്ലെങ്കില്‍.........


ഏതായാലും കൊള്ളാം.

ഷെയര്‍ ചെയ്യാന്‍ ആരുമുണ്ടാവില്ല ഒറ്റയ്ക്കു നിന്നു കൊണ്ടോളൂട്ടോ

ആഷ | Asha said...

പ്രിയപ്പെട്ട യു.എ.ഈ ബ്ലോഗേഴ്സിന്,

വളരെ വിഷമത്തോടു കൂടിയാണിതു എഴുതുന്നത്.
നിങ്ങളെല്ലാം അടിയന്തിരമായി യോഗം ചേര്‍ന്ന് ഈ ഇത്തിരിയുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കണം.

ആ ആനയും ഉറുമ്പിനേയും ചോദ്യം തൊട്ടേ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയതാ. ദിനം പ്രതി കാര്യങ്ങള്‍ വഷളായി വരുന്നു.

നിങ്ങള്‍ വേണ്ടതു ചെയ്യുമെന്നു പ്രതീക്ഷിച്ചു കൊണ്ട് കത്തു ചുരുക്കുന്നു.

എന്ന്
സസ്നേഹം
ഇന്ത്യയില്‍ ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്നു ഒരു ബ്ലോഗര്‍

മുസ്തഫ|musthapha said...

ആശ,

താങ്കളുടെ ഉത്കണ്ഠ, ഞങ്ങള്‍ക്കെല്ലാം മനസ്സിലാവുന്നുണ്ട്. കാര്യങ്ങള്‍ ഇനിയും കൈവിട്ട് പോയിട്ടില്ല എന്ന് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ.

ഇഷ്ടമുള്ളതെന്തും ചെയ്യാന്‍ അനുവദിക്കുക എന്നൊരു പരീക്ഷണത്തിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ മൌനം കൊണ്ട് ഞങ്ങള്‍ അര്‍ത്ഥമാക്കുന്നത്.

ഇതും ഫലിച്ചില്ലെങ്കില്‍ അമ്മച്ചിയാണേ... ഇദ്ദേഹത്തിന്‍റെ തന്നെ പോക്കര്‍ സീരീസ് മൊത്തമായി ഇദ്ദേഹത്തെ വായിച്ചു കേള്‍പ്പിക്കാനുള്ള ആലോചന പുരോഗമിക്കുന്നുണ്ട്.

നന്ദി വീണ്ടും ഈ പംക്തിയിലേക്ക് കത്തുകളയക്കുക.

:)

ഇത്തിര്യേ... എന്നെക്കൊണ്ട് ഇത്രയൊക്കേ പറ്റൂ :)

മുസ്തഫ|musthapha said...

ആശയല്ല ആഷ...

ഇനി തെറ്റിക്കരുത് - എഴുത് നൂറെട്ടം

സാജന്‍| SAJAN said...

ഇത്തിരി, വായിച്ചു ഉള്ളത് പറയാമല്ലോ.. ഇത്രയും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള അധികം രചനകള്‍ ബ്ലോഗില്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല.. ആ റോഡിലൂടെ ഓടുന്ന വണ്ടികളൊക്കെ മാറ്റിത്തരുന്നത് ജിം കേരിയുടെ ഏതോ തമാശപ്പടത്തില്‍ കണ്ടതായി ഓര്‍ക്കുന്നു..
പക്ഷേ എന്നിട്ടും മുതലാളി അറബി ആയി പോയതിലൊരു വിഷമം...:):)

ഗുപ്തന്‍ said...

ഇത്തിരീ:)

ithu thakartthu....
Sando Egyptil poyekkuvaa...
jeevanode vannaal ithu vaayichu bodham kettolum :p

Kaithamullu said...

മൂന്നാറില്‍ “ക്ലൌഡ് 9“ പൊളിച്ചൂന്ന് കേട്ടപ്പോ ഇത്ര കരുതീല്ലാ ട്ടോ! എല്ലാരേയും ഒഴിപ്പിച്ചശേഷമാന്നാ സുരേഷ്കുമാര്‍ ഇന്നും മുഖ്യമന്ത്രിയോട് പറഞ്ഞത്. ഈ ഇത്തിരി അതിനുമുകളിലുണ്ടായിരുന്ന വിവരം മീഡിയാക്കാരൊന്നും അറിഞ്ഞില്ലെന്നോ?

മാവേലികേരളം(Maveli Keralam) said...

ഇതൊക്കെ കേട്ടപ്പോല്‍ ഒരു തോന്നല്‍ അബുദാബിലോട്ടെങ്ങാന്‍ ഒരു ജോലിയ്ക്കു ശ്രമിച്ചാലോ എന്ന്. ഇവിടെയൊന്നും ഇന്‍ഡ്യാക്കരീല്ലെന്നു വിചാരിച്ചാകും എയര്‍ ഇന്‍ഡ്യ ഇങ്ങോട്ടു വിളിയ്ക്കാത്തത്. ഹും ഓരൊ ഭാഗ്യങ്ങളേ

Sathees Makkoth | Asha Revamma said...

ഇത്തിരി,
ഭാവന മത്തിഷ്കത്തില്‍ കിടന്ന് തിളച്ച് മറിഞ്ഞ് ഉരുകിയൊലിക്കുമ്പോഴാണ് ഉദാത്ത സൃഷ്ടികളുണ്ടാകുന്നത്.
ഭംഗി വാക്കു പറയുകയല്ല.ഇത്തിരിയുടെ മസ്തിഷ്കവുംഅതിനുള്ള പുറപ്പാടാണന്ന് തോന്നുന്നു.ഇത്തിരിപ്പോന്ന പിള്ളാരു പറയുന്ന വിടുവായിത്തരമൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അഞ്ഞൂറ് മൈല്‍ വേഗതയില്‍ ആ പേന(കീബോര്‍ഡ്) അങ്ങോട്ട് ചലിപ്പിച്ചോളൂ.ജാലിക്കാരനുള്ള സ്ഥിതിക്ക് അങ്ങോരെ കൊണ്ട് ചെയ്യിച്ചാലും മതി.
ഭാവുകങ്ങള്‍!

അതുല്യ said...

അപ്പോ ഇത്തിരിയേയ്, അപ്പോ ഇവിടുത്തേ ഷേയ്ക് ഇന്നലെ എസ്.എം.എസ് അയച്ച്, ബുര്‍ജ് ദുബായിലേ 98ആമത്തെ നില എടുത്തോളാന്‍ പറഞത് നീ മറന്നോ?

ഇടിവാള്‍ said...

കഷ്ടം!
നല്ലോരു പയ്യനായിരുന്നു......

asdfasdf asfdasdf said...

"കൂടാതെ എല്ലാ പ്രവസികള്‍ക്കും മൂന്നാറ്‌ നൂറ്‌ ഏക്കര്‍ സ്ഥലവും ഒരു ജെ സി ബിയും തികച്ചും സൌജന്യമായി ഗവണ്‍മന്റ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌"
അവസാനം കലമുടയ്ക്കാന്‍ ഇത്തിരിയേക്കാള്‍ മിടുക്കന്‍ ആരുണ്ട്. ഭാവന കൊള്ളാം.

സഞ്ചാരി said...

അപ്പോള്‍ അഞ്ഞൂറ് കി.മി.വേഗതയില്‍ എന്നെ ഓവര്‍ടെക്ക് ചെയ്ത് ആളെ എനിക്കിപ്പം പിടികിട്ടി.

ദിവാസ്വപ്നം said...

പാവം. പ്രതീക്ഷയുള്ള ഒരു എഴുത്തുകാരനായിരുന്നു.


എഴുത്തുകാരുടെ കാര്യം ഇത്രയൊക്കെയേ ഉള്ളൂ.


:))

സുല്‍ |Sul said...

ദിവാ
ആ കമെന്റ് ഒരൊന്നൊന്നരയാണല്ലോ.
:))
-സുല്‍

ഞാന്‍ ഇരിങ്ങല്‍ said...

ഇപ്പോഴെന്താ..ഈ യു. എ. ഇ കാരൊക്കെ സ്വപ്നം കണ്ട് കഴിയുകയാണൊ>?
കഴിഞ്ഞ ദിവസം ഒരാള്‍ ഇഞ്ചിയെ സ്വപ്നം കണ്ടു.
ദാ ഇപ്പോള്‍ ഇത്തിരി ‘ ഒരിക്കലും നടകാത്ത സ്വപ്നം കണ്ട് ബോധം കെട്ട് കിടക്കുന്നു.
എന്തു പറ്റി എല്ലാവര്‍ക്കും>?

ഓ.. ഈ ‘ചൂട്’ ആയിരിക്കും അല്ലേ...

തമനു said...

അതറിഞ്ഞില്ലേ ദിവാ,

ഇത്തിരിക്കു കഥ എഴുതിക്കൊടുക്കുന്ന കക്ഷി നാട്റ്റില്‍ പോയിരിക്കുവാ. ഇനി അയാള്‍ തിരികെ വരുന്നതു വരെ ഇതു പോലുള്ള സാധനങ്ങള്‍ വന്നോണ്ടിരിക്കും... :)

ജാഗ്രതൈ..!!!!

ചുള്ളിക്കാലെ ബാബു said...

ഇത്തിരീ....
അല്ലെങ്കില്‍ വേണ്ട, ഞാനൊന്നും പറയുന്നില്ല...

ചീര I Cheera said...

ഏതായാലും സാന്‍ഡോയ്ക്കുള്ള മറുപടി ഗംഭീരായി..

Rasheed Chalil said...

ഇരിങ്ങല്‍ജീ ഇത് സ്വപ്നം ആയാല്‍‍ തന്നെ എല്ലാവരും ഭ്രാന്തനെന്ന് വിളിക്കും... അത് കൊണ്ടല്ലേ അങ്ങനെ പറയാതിരുന്നത്.

ഇത് നമ്മുടെ സാന്‍ഡോയ്ക്ക് വേണ്ടിയുള്ളതല്ലേ...

Siju | സിജു said...

ആ വേസ്റ്റ് ബോക്സെവിടെയാണൊന്നൊന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരു വിസയെടുത്തങ്ങോട്ട് വരാമായിരുന്നു..

sandoz said...

എനിക്കാ നാട്ടിലെ വിമാനത്താവളത്തീന്ന് വീട്ടിലേക്ക്‌ ഹെലികോപ്റ്ററില്‍ പോണതാ ഇഷ്ടപ്പെട്ടത്‌....

ഞമ്മന്റെ ഇത്തിരീനെ കണ്ടില്ലല്ലാ...
എന്ന് ഇത്തിരീടെ വീട്ടുകാര്‍ പറയുന്ന സമയത്ത്‌...
ഞാനെത്തി ഉമ്മാ എന്നും പറഞ്ഞ്‌ .....
ഹെലികോപ്റ്ററില്‍ നിന്ന് കയറില്‍ തൂങ്ങി ഓടും പൊളിച്ച്‌ നടുമുറീല്‍ ലാന്‍ഡ്‌ ചെയ്യണ ഇത്തിരീനെ ഒന്ന് ഓര്‍ത്ത്‌ നോക്കിയേ.....

[ഇത്‌ എനിക്ക്‌ സമര്‍പ്പിച്ചത്‌....എനിക്കും ഒരു 10 പൈസേടെ കുറവുണ്ടെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനല്ലേ ..ദുഷ്ടാ..]

thoufi | തൗഫി said...

ഞാനന്നെ പറഞ്ഞതല്ലെ.,
വേണ്ടാ വേണ്ടാന്ന്..,ഇപ്പോഴെന്തായി..

ഇതിനൊക്ക കാരണം ആ കൈപ്പള്ളിയാ..
അങ്ങേരങ്ങനെ പലതും പറയും.എന്ന് കരുതി
സ്ഥിരമായി ബീ.ബീ.സി.ന്യൂസ് കാണാനിരുന്നാല്‍
ഇതല്ല,ഇതിലപ്പുറവും സംഭവിക്കും.അതും എട്ടുമണിക്കൂര്‍ ജോലിയും രണ്ടര മണിക്കൂര്‍
യാത്രയും കഴിഞ്ഞ് റൂമിലെത്തുന്ന ഒരാള്‍ ഇതൊക്കെ
കാണാനിരിക്കുമ്പോ...പ്രത്യേകിച്ചും..

ഓ.ടോ)ഏറനാടന്‍ ആ വെയിസ്റ്റ്ബോക്സ് തപ്പി അബുദാബിയിലേക്ക് തിരിച്ചിട്ടുണ്ട്..

Inji Pennu said...

ഹൃദയത്തെ തൊട്ട് ഇത്തിരിമാഷേ. നെഞ്ചുരുക്കുന്ന കഥ ;)
ആ വേസ്റ്റ് ബാസ്കറ്റ് എവിട്യാന്നാ പറഞ്ഞെ?

myexperimentsandme said...

ഇഞ്ചി നെഞ്ചുരുക്കുന്ന കഥയെന്നൊക്കെ പറഞ്ഞപ്പോള്‍ രണ്ട് കപ്പ് ഐസും നെഞ്ചത്ത് വെച്ചാണ് വായിക്കാനിരുന്നത്. നെഞ്ചുരുകുന്നതിനു പകരം അവസാനം ഐസുരുകി.

ഇത് തിരിയേ, എവിടെന്ന് കിട്ടുന്നൂ ഇത്തരം കദാതന്തുക്കള്‍ :) ഭാവന അടിപൊളി.

ആഷയുടെ വ്യഥയും അഗ്രൂന്റെ മറുപടിയും ഉള്‍പ്പടെ കമന്റുകളും അടിപൊളി.

Rasheed Chalil said...

പ്രവസികളുടെ കണ്ണീര്‍ കഥകള്‍ കേട്ട് കാതും മനസ്സും തഴമ്പിച്ച... നാട്ടിലെത്തുന്ന പ്രവസികളെ കണ്ട് ഇവര്‍ക്ക് അവിടെ പരമ സുഖമാ... ബാക്കിയെല്ലാം ശുദ്ധ നുണ എന്ന് മനസ്സില്‍ പറയുന്നവര്‍ക്കായാണ് ഈ സുഭിക്ഷമായ പ്രവാസി കഥ ഇവിടെ പബ്ലിഷ് ചെയ്തത്. (സാന്ഡോയുടെ വാണിംഗും ഉണ്ടായിരുന്നു). ഇത് സ്വപ്നം കണ്ടാല്‍ പോലും ഭ്രാന്തന്‍ എന്ന് വിളിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയാവുന്നതിലാണ് സ്വപ്നമാണെന്ന് പറയാതിരുന്നത്.

ഏതായാലും വന്ന് വായിച്ച് എല്ലാവര്‍ക്കും നന്ദി.

അഭിപ്രായം അറിയിച്ചവര്‍ക്ക് സ്പെഷ്യല്‍ താങ്ക്‍സ്.


ചാത്തോ : നന്ദി. ഇത് തുടര്‍ന്നാല്‍ പിന്നെ ഹോസ്പിറ്റല്‍ ഉറപ്പാ... നിര്‍ബന്ധിക്കല്ലേ.

സോന നന്ദി. പിന്നെല്ലാതെ... അങ്ങോര് ദാനശീലന്‍ തന്നെയാ... പ്രവാസിയല്ല്യോ.

അഗ്രൂ നന്ദിട്ടാ... മ്മ്ടെ കയ്യില്‍ സോണി എറിക്സണ്‍ ആണ്.

വല്ല്യമ്മയി നന്ദി. സ്വപ്നംകാണുന്നതിലും ഒരു പരിധിയില്ലേ... ഇത് അതിലും കൂടിയ ഡോസാ.

കരീം മാഷെ നന്ദി. ഹേയ് മീറ്റ് ദിവസം പനിയായിരിക്കും.

സുല്‍ നന്ദിണ്ട് ട്ടാ...

പൊതുവാള്‍ നന്ദി. ഉം ഉം അങ്ങനെ തന്നെ. വേണ്ടത്ര കിട്ടി.

ആഷ നന്ദി... ആ ആധിയ്ക് സ്പെഷ്യല്‍ താങ്ക്സ്. ഹേയ് അത്രയൊന്നും ഇല്ലന്നേ... ചൂടിന്റേ പ്രോബ്ലം ആയിരിക്കും.

അഗ്രൂ... ആത്മാര്‍ത്ഥത... ആത്മാര്‍ത്ഥത എന്നാല്‍... മനസ്സിലായി...

സാജാ നന്ദി. എന്ത് ചെയ്യാന്‍ സാജാ... നമ്മക്ക് ഇനി മൊതലാളീന്ന് മാത്രം പറയാം... അറബിന്ന് വെട്ടി.

മനു. നന്ദിട്ടോ... സാന്ഡോ പോയ ക്ഷീണത്തില്‍ തന്നെയാണെന്ന് തോന്നുന്നു.

കൈതമുള്ളേ... നന്ദി. ഹേയ്... അറിഞ്ഞിട്ടുണ്ടാവില്ല.

മാവേലികേരളമേ നന്ദി... അബൂദാബിയില്‍ ശ്രമിച്ചോളൂ നല്ലതാ...

സതീശേ... നന്ദി. പിന്നെ പിന്നെ (ചക്കിക്കൊത്ത ചങ്കരന്‍.. എന്ന പഴഞ്ചൊല്ല് എന്താവും ഇപ്പോള്‍ ഓര്‍മ്മ വന്നത്. ഹേയ് വെറുതെയാവും അല്ലേ)

അതുല്യേച്ചീ... നന്ദി. ആ സ്വപ്നത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത് പറഞ്ഞില്ലല്ലോ... ഇനി ചേര്‍ക്കണോ ?.

ഇടിവാള്‍ഗഡീ നന്ദിട്ടോ... ഹാവൂ എന്തൊരു ആശ്വാസം (ബ്രൂട്ടസേ നീയും...)

കുട്ടമ്മേനോനെ നന്ദി... പിന്നെല്ലാതെ. നാല് ജെ സി ബി യുണ്ടായിരുന്നെങ്കില്‍ രക്ഷപെടുമായിരുന്നു.

സഞ്ചാരി അത് അഗ്രജനാ‍യിരുന്നു എന്ന് ഉറപ്പായില്ല.

ദിവ നന്ദി... ഈ സ്നേഹം കാണുമ്പോഴാ... ഗദ്.. ഗദ്...

ഇരിങ്ങല്‍ ജീ... നന്ദി. ചൂട് തന്നെയാവും.

തമനുവേ നന്ദി... ദുഷ്ടാ... ഇത് വരേ കാത്തിരുന്നത് ഇത് പറയാനായിരുന്നു അല്ലേ... (ദൈവം ആ കഷണ്ടി നിലനിര്‍ത്തി അസൂയ ഇല്ലാതാക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.)

ബാബൂ നന്ദി... ടാങ്യൂ ടാങ്യൂ..

സിജു... നന്ദി. ആ ബോക്സിന്റെ അടുത്ത സുല്ലും അഗ്രജനും താമസം.

സാന്ഡോസേ നന്ദിണ്ട് ട്ടാ... ആ പത്ത് പൈസയുടെ കുറവ് എല്ലാര്‍ക്കും അറിയാമഡേയ്.. ഡോണ്ട് വറി.

മിനുങ്ങേ... നന്ദി. കൈപ്പള്ളി ഇത് കണ്ടാല്‍ നിന്റെ കാര്യം പോക്കാമോനെ.

ഇഞ്ചിസേ നന്ദി... അനാവശ്യമായി ഇഞ്ചി കഴിച്ചാല്‍ നെഞ്ചുരുകും... വേണ്ടായിരുന്നു...

വക്കാര മച്ചാനേ നന്ദി... അവസാനം കൊള്ളിവെക്കാനെത്തി അല്ലേ... ഞാന്‍ അന്ന് ഓടിയതാ... കിട്ടൂല്ല.

വായിച്ച എല്ലാവര്‍ക്കും നന്ദി. ഇത് വായിച്ച് ഇഞ്ചിയേപോലെ നെഞ്ചുരുകിയ പ്രവാസികളേ ക്ഷമി.

അജി said...

ഇത്തിരി.. ഒരു നിര്‍ദ്ദേശം, ഇതൊരിക്കലുമൊരു കഥയല്ല, ഇതിനെ ഞാന്‍ കാണുന്നത്, ഒരു ആക്ഷേപഹാസ്യമായിട്ടാണ്. സാന്‍ഡോക്ക് ഇതില്‍ എഴുതാതെ എഴുതുന്ന ഒരു സന്ദേശവുമുണ്ട്, അതു ഞാനിങ്ങനെ വായിച്ചു.. എടോ സന്‍ഡോ.. ഞങ്ങളിവിടെ ഇങ്ങനെയാ (ഇത്തിരി പറഞ്ഞത് മുഴുവന്‍) കഴിയുന്നത് എന്ന ധാരണയും, ഞങ്ങള്‍ക്ക് ലോകത്തോട് പറയാം. പക്ഷെ അതിലെല്ലാം കമന്റുകള്‍ പറഞ്ഞത് പോലെയാവും(ഭ്രാന്ത് എന്നല്ലാം). പ്രവാസി എന്നാല്‍ കണ്ണീ‍ര്‍ തന്നെയാണ് സന്‍ഡോ, അതറിയണമെങ്കില്‍ ഒരു വട്ടം ഗള്‍ഫിലെത്തുക, ഇവിടത്തെ ചൂ‍ടും അതിശൈത്യംവും അനുഭവച്ചറിയണം.

ആവനാഴി said...

പ്രിയ ഇത്തിരീ,

വളരെ വളരെ നല്ല ഒരു പോസ്റ്റ്. ഉദാത്തമായ ഹാസ്യം. വായിച്ചു കുലുങ്ങി കുലുങ്ങി ചിരിച്ചു.

പിന്നെ കഥ ( കഥയല്ലല്ലോ, സത്യമായ പൊന്നു പതിനെട്ടാം പടിയേ ശരണമയ്യപ്പാ, ഇതു ആല്‍മകഥയാ‍ണല്ലോ. അതുകൊണ്ടു തന്നെ ഇതില്‍ അല്പം പോലും അസത്യമോ പൊടിപ്പും തൊങ്ങലുകളോ അത്യുക്തിയോ ഇല്ലല്ലോ)യില്‍ നിന്നു ഒരു ഉദ്ധരിപ്പ് താഴെ:

“ആ ഒഴിഞ്ഞ ട്രാക്കിലൂടെ മണിക്കുറില്‍ അഞ്ഞൂറ്‌ കിലോമീറ്റര്‍ സ്പീഡില്‍ ഓഫീസിലേക്ക്‌...”

ഇതു വായിച്ച് പല ബ്ലോഗ്‌നിര്‍‌മാതാക്കളും അല്‍ഭുതപരതന്ത്രരാവുകയും ബോധം കെട്ടു വീഴുകയും ചെയ്യുന്നത് കണ്ടു.

എന്തിനാണെന്നു മനസ്സിലായില്ല.

ഇവിടെ സൌത്ത് ആഫ്രിക്കയില്‍ ഞാന്‍ വീട്ടില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണു ജോലി നോക്കുന്നത്.

കാറില്‍ കയറി മണിക്കൂറില്‍ 1000 കിലോമീറ്ററില്‍ സ്പീഡില്‍ കത്തിച്ചു വിടും. വെറും 198 സെക്കന്റുകൊണ്ട് അവിടെ എത്തിയിരിക്കും.

സസ്നേഹം
ആവനാഴി

ഇളംതെന്നല്‍.... said...

ഇത്തിരീ ചൂട് കൂടിയതിന്റെ ആകും അല്ലേ... നെല്ലിക്കത്തളം ഓഡര്‍ ചെയ്യണോ? ....
സ്വപ്‌നം കാണുന്നത് നല്ലതാ.. എന്നാലും ഇമ്മാതിരി വേണോ പഹായാ.............

Rasheed Chalil said...

അജി, ആവാനാഴി മാഷേ, ഇളംതെന്നല്‍... എല്ലാവര്‍ക്കും നന്ദി.

Khadar Cpy said...

അപ്പോ ഇക്കാ ഇങ്ങക്കു മുഴുവട്ടാണല്ലേ..
:O
:(

memories said...

അഹങ്കാരത്തിനു കൈയ്യും കാലും വെച്ചെന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ...... ഇപ്പോള്‍ അത്‌ വായിച്ചറിഞ്ഞു.... കഴിയുമെങ്കില്‍ ആ തല കാറ്റുകൊള്ളിക്കാതെ നോക്കണം......

മഴത്തുള്ളി said...

ഇത്തിരീ, ഇപ്പോഴാ മനസ്സിലായേ എഡ്വിന്‍ സായിപ്പിന്റെ കൂടെ ചീട്ടു കളിക്കാനാണില്ലേ ആപ്പീസില്‍ പോകുന്നത്. അങ്ങനെ കിട്ടുന്ന പണം മുഴുവനും വേസ്റ്റ് ബോക്സിലും. :)

കഷ്ടം... ചൂട് ഇനിയും കൂടുമോ?

Sapna Anu B.George said...

ഇത്തിരി............... ഒന്നൂമില്ല, പറഞ്ഞാ കൂടിപ്പോകും, നല്ല അവതരണ ശൈലി.

Rasheed Chalil said...

പ്രിന്‍സീ... ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ. നന്ദി കെട്ടോ.
എന്നെന്നും നന്ദി... കാറ്റ് കൊള്ളല്‍ നിര്‍ത്തി.
മഴത്തുള്ളി നന്ദി. ചൂട് ഇനിയും കൂടും... ജൂണ്‍ ആയിട്ടല്ലേ ഉള്ളൂ...
സ്വപ്ന നന്ദി.
വായിച്ച എല്ലാവര്‍ക്കും നന്ദി.

(ഡാ... സാന്‍ഡോസേ നിനക്കുള്ളത് നേരിട്ട് തരാം)

Anonymous said...

"അതേ സര്‍... താങ്കളുടെ വെക്കേഷന്‍ ദിനങ്ങളില്‍ താങ്കള്‍ക്ക്‌ ലോകത്തെവിടെയും വെക്കേഷന്‍ ദിനങ്ങള്‍ ചെലവഴിക്കാം... ടിക്കറ്റ്‌ ചാര്‍ജ്ജും അവിടെ താമസ ചിലവും തികച്ചും ഫ്രീയായിരിക്കും... കൂടാതെ പുറപ്പെടും മുമ്പ്‌ ഒരു മാസത്തെ ചിലവിനായി ഇന്ത്യ ഗവണ്‍മന്റ്‌ തരുന്ന രണ്ട്‌ ലക്ഷം ഡോളര്‍ ഇന്ത്യന്‍ എമ്പസിയില്‍ നിന്ന് നേരിട്ട്‌ കൈപറ്റാം..."

ഹ ഹ ഹ എയര്‍ ഇന്ത്യയ്ക്കിട്ടും കൊടുത്തല്ലേ... ഇതാണ് പ്രവാസി. ഒര്‍ജിനല്‍ പ്രവാസി. പ്രവാസി ബൂര്‍ഷ്വാ.