Wednesday, June 06, 2007

ഓര്‍മ്മകള്‍.

ഓർമ്മകൾ....

ബാല്യകാല ഓര്‍മ്മകളില്‍ പ്രധാനം മാറാക്കര എ.യു.പി സ്കൂള്‍ തന്നെ. ഒത്തിരി മാറ്റം വന്നിരിക്കുന്നു ഇന്ന്... ആദ്യം ശ്രദ്ധയില്‍ പെട്ടത്‌ സ്കൂളിന്റെ ഗേറ്റും 'ബെല്ല്മുട്ടി' എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഇരുമ്പ്‌ വളയത്തിന്റെ സ്ഥാനത്തെ ഓട്ടുമണിയും ആയിരുന്നു. അന്ന് മഴവെള്ളം ഒലിച്ചിരുന്ന ഗ്രൌണ്ട്‌ മണ്ണിട്ട്‌ നിരത്തി ചുറ്റുവട്ടവും കല്ല് കെട്ടി വിശാലമാക്കിയിരിക്കുന്നു. ഗ്രൌണ്ടില്‍ പൊളിഞ്ഞ്‌ വീഴാറായി നിന്നിരുന്ന കെട്ടിടത്തിന്റെ സ്ഥനത്ത്‌ പുതിയ കമ്പ്യൂട്ടര്‍ ലാബ്‌. ഗ്രൌണ്ടിലെ വലിയ ചീനി മരം അപ്രത്യക്ഷമായിരിക്കുന്നു... അരച്ചുമര് വേര്‍തിരിച്ചിരുന്ന ചെങ്കല്ലിന്റെ പഴയ ക്ലാസ്‌ റൂമുകള്‍ സിമെന്റ്‌ തേച്ച്‌ പുതുക്കിയിരിക്കുന്നു.

അകത്ത്‌ കയറിയപ്പോള്‍ പ്രിയപ്പെട്ട അധ്യാപകരില്‍ അധികവും ചുവരില്‍ ചിത്രമായിരിക്കുന്നു. സഹപാഠികളില്‍ ചിലര്‍ സ്കൂളിലെ അധ്യാപകരും അധ്യാപികമാരും ആയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ട്‌ ഒത്തിരി മാറ്റം... ഗ്രൌണ്ടില്‍ ഓടിക്കളിക്കുന്നവരോ അരച്ചുവരിലും ജനൽ പടിയിലും ഇരുന്ന് സമയം കളയുന്നവരോ, വരാന്തയില്‍ കൂട്ടം കൂടിയിരുന്ന് കൊത്തംകല്ല്  കളിക്കുന്നവരോ ഉണ്ടായിരുന്നില്ല. എല്ലാവരും വായനാ മൂലയിലും കമ്പ്യൂട്ടര്‍ ലാബിലും ആണ്‌ അധിക സമയവും എന്ന് ഒരു പഴയ അധ്യാപകന്‍ പറഞ്ഞു. പഴയ വര്‍ക്ക്‌റും എന്ന് ഞങ്ങള്‍ വിളിക്കുന്ന റൂമോക്കെ ഇപ്പോള്‍ ക്ലാസ്സ്‌ റൂമായിരിക്കുന്നു. അവിടെയായിരുന്നു വര്‍ക്ക്‌ എന്ന് പറഞ്ഞിരുന്ന പിരിയഡില്‍ നെയ്ത്ത് പഠിച്ചിരുന്നത്‌. താഴെ രണ്ട്‌ ദണ്ഡീല്‍ ചവിട്ടുകയും തൂങ്ങിക്കിടക്കുന്ന കയറില്‍ വലിക്കുകയും ചെയ്യുമ്പോള്‍ ക്‍ടം... ക്‍ടം... എന്ന് ശബ്ദത്തോടോപ്പം രണ്ട് വശത്തേക്കും പായുന്ന ഇരു വശവും കൂര്‍ത്ത മരക്കഷ്ണം ഇപ്പോഴും മനസ്സിലുണ്ട്‌. ഒന്നാം ക്ലാസ്സ് മുതൽ അത്ഭുതത്തോടെ നോക്കിയിരുന്നിട്ടും ഏഴു വർഷത്തിൽ ഒരിക്കൽ പോലും നെയ്ത് പഠിക്കാൻ പറ്റാത്തതിന്റെ കാരണം എന്റെ ഉയരക്കുറവ് ആയിരുന്നു.

ഓർമ്മളുടെ കുത്തൊഴുക്കുണ്ടാവുമ്പോൾ ആദ്യം മുമ്പിലെത്തുന്ന മുഖങ്ങളെല്ലാം സമ്മാനിച്ചത് ഈ സ്കൂളും അതിന്റെ ചുറ്റും ഓടിത്തീർത്ത കുട്ടിക്കാലവും തന്നെ. ഒന്നാം ക്ലാസ്സിലെ വാസുദേവൻ മാഷ്, കണ്ണിലെപ്പോഴും വാത്സല്യം സൂക്ഷിക്കാറുള്ള ശ്യാമളട്ടീച്ചർ, പ്രിയപ്പെട്ട പരമേശ്വരൻ മാഷ്... ഗണിതം കവിത പോലെത്തനെയാണ് എന്ന് ബോധ്യപ്പെടുത്തിയ കൃഷ്ണൻ നമ്പൂതിരി മാഷ്...  കൃഷ്ണൻ നായർ മാഷ്, ഹിന്ദിട്ടീച്ചർ, ഹംസ മാഷ്, ഗൗരിട്ടീച്ചർ കുഞ്ഞിക്കോമു മാഷ്... അങ്ങനെയങ്ങനെ വാത്സല്യത്തിന്റെ മുഖങ്ങളെല്ലാം സ്കൂൾ മുറ്റത്തേക്ക് കയറുമ്പോൾ തന്നെ മുമ്പിലെത്തിയിരുന്നു.

വെറുതെ പഴയ ഒന്നാം ക്ലാസ്സിന്റെ ജനലിലൂടെ അകത്ത്‌ നോക്കിനിന്നു. ഒരു കൌതുകം. അന്ന് ആറ്‌ കാലും സാധാരണ ബെഞ്ചിന്റെ ഇരട്ടി നീളവുമുള്ള രണ്ട്‌ ബെഞ്ചും സാധാരണ ബെഞ്ചുകള്‍ മൂന്നും ആയിരുന്നു ക്ലാസ്സില്‍. അധ്യാപകന്‌ ഇരിക്കാന്‍ കൈയൊടിഞ്ഞ മരക്കസേരയുണ്ടായിരുന്നു. മാഷുടെ ഇരുവശത്തും നീണ്ട ബെഞ്ചുകളില്‍ പെണ്‍കുട്ടികളും ബാക്കി മൂന്ന് ബെഞ്ചില്‍ ആണ്‍ കുട്ടികളും. ആ ഒറ്റകയ്യന്‍ കസേരയ്ക്‌ ചുറ്റും ഞങ്ങള്‍ എപ്പോഴും കൂട്ടം കൂടി നിന്നു. ചുവരില്‍ ചാരിവെച്ച മരക്കാലുകളിലെ മഞ്ഞ നിറത്തിലുള്ള ബ്ലാക്ക്‌ ബോര്‍ഡിന്റെ ചുറ്റുവട്ടവും ഞങ്ങള്‍ ഒരോ വാക്കും ഒരോ അക്ഷരവും ഉച്ചത്തില്‍ ഉരുവിട്ട്‌ പകര്‍ത്തി എഴുതുന്നത്‌ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.

ആ ജനലിനോടും കടപ്പാടുണ്ട്‌... പലപ്പോഴും അതിലുടെ ക്ലാസിലേക്കും പുറത്തേക്കും കടന്നിരുന്നത്‌ ആ അഴിയില്ലാ ജനലിലൂടെയായിരുന്നു... കേട്ടഴുതാനുള്ള വാക്കുകള്‍ ഉച്ചത്തിൽ പറഞ്ഞുതന്ന്‌, പിന്നീട് ഒരോരുത്തരെ വിളിച്ച് മാര്‍ക്കിടുന്ന മാഷുടെ ചിത്രവും ഓർമ്മകളിൽ മായാതെ കിടക്കുന്നു. ഏറ്റവും കൂടുതൽ മാര്‍ക്ക്‌ കിട്ടുന്നവര്‍ക്ക്‌ ലഭിച്ചിരുന്ന ചോക്ക്‌ പൊട്ടിന്‌ വല്ലാത്ത മൂല്യമുണ്ടായിരുന്നു. വീട്ടിലും നാട്ടിലും മുഴുവന്‍ അത്‌ കാണിക്കാം... 'ഒന്നാനാം കുന്നിന്മേല്‍ ഓരടി മണ്ണിന്മേല്‍ ഒരായിരം കിളി കൂട്‌ വെച്ചു...' എന്ന് ചൊല്ലിത്തരുന്ന മാഷോടൊപ്പം ഉച്ചത്തില്‍ അലറി പാടുന്ന ആ അഞ്ചുവയസ്സുകാരനെ കണ്ണടച്ചാൽ മനസ്സിലെത്തിക്കാൻ ഇപ്പോഴും ഒരു പ്രയാസവും ഇല്ല.

ഒഴിവാക്കുന്ന ചോക്ക്‌ പെട്ടിയ്ക്‌ വേണ്ടി വലിയ മത്സരമായിരുന്നു. ഒരു പുതിയ ചോക്ക്‌ ബോക്സ്‌ ഓഫീസില്‍ ഓപ്പണ്‍ ചെയ്താല്‍ ഞങ്ങള്‍ അറിയും. പിന്നെ പ്യൂണിനേയോ മാഷേയോ സോപ്പിട്ട്‌ അത്‌ സ്വന്തമാക്കാനുള്ള ശ്രമം ആയിരിക്കും. അങ്ങനെ ചോക്ക്‌ കഴിയാന്‍ ആറ്റ്‌ നോറ്റിരുന്ന് അത്‌ തീരുന്ന ദിവസം അത്‌ വേറെയാരെങ്കിലും കൊണ്ട് പോയാൽ പിന്നെ അടുത്ത ബോക്സ് തിരാനുള്ള കാത്തിരുപ്പായി...

ഒരിക്കല്‍ സഹപാഠിയായ ഹുസൈന്‍, വാസുദേവന്‍ മാഷോട്‌ ചോക്ക്‌ പെട്ടി ചോദിക്കാന്‍ പോവുന്നതിന് എന്നേയും കൂട്ട്‌ പിടിച്ചു. വാസുദേവന്‍ മാഷോടുള്ള ഇഷ്ടത്തെക്കാള്‍ അദ്ദേഹത്തിന്റെ കയ്യിലെ മുറത്തിന്റെ കോലിനെ വല്ലാത്ത ഭയമായിരുന്നു ഞങ്ങള്‍ക്ക്‌. അന്ന് ഹുസൈന്‌ ചോക്കുപെട്ടി കിട്ടിയേ തീരു... കാരണം അവന് ഒരു അണ്ണാന്‍ കുഞ്ഞിനെ കിട്ടിയിട്ടുണ്ട്‌... അതിന്‌ കൂടൊരുക്കാനാണ്‌. ഈ ആവശ്യത്തിന്‌ കൂടെ പോയാല്‍ ഇനി കിട്ടുന്ന അണ്ണാന്‍ കുഞ്ഞിനെ എനിക്ക് തരാം എന്ന് അവന്‌ ദൈവത്തെ പിടിച്ച്‌ സത്യം ചെയ്തു. അങ്ങനെയാണ്‌ പേടിച്ച്‌ പേടിച്ച്‌ ഓഫീസിനടുത്തെത്തിയത്‌.

മാഷേ കണ്ടപ്പോള്‍ തന്നെ മനസ്സിലായി മൂഡ്‌ അത്രശരിയല്ലന്ന്... ഞാന്‍ ഓഫീസിന്‌ പുറത്ത്‌ നിന്നു. അപ്പോള്‍ ഒരു അണ്ണാന്‍ കുഞ്ഞല്ല ഒരു ഡസന്‍ തരാം എന്ന് പറഞ്ഞാല്‍ പോലും കൂടെ പോവല്ലേ എന്ന് മനസ്സ്‌ പറഞ്ഞു. ഹുസൈന്‍ അകത്ത്‌ കയറി... ഞാന്‍ വരാന്തയില്‍ നോക്കിനിന്നു.

അവന്‍ പരുങ്ങി നില്‍ക്കുന്നത്‌ കണ്ട്‌ മാഷ്‌ "ന്തേ..." ന്ന് അന്വേഷിച്ചു. അപ്പോൾ തന്നെ അവന്റെ പാതി ധൈര്യം ചോര്‍ന്ന് പോയിരിക്കും. പുള്ളി ഒന്നും മിണ്ടാതെ നിന്നു. ഭയം കാരണം സംസാരിക്കാനും വയ്യ... തിരിച്ച്‌ പോരാനും വയ്യ... ' അവന്റെ അവസ്ഥ അതായിരുന്നു. എന്താ നിനക്ക്‌' മാഷ്‌ വീണ്ടും ചോദിച്ചു... "പനിയുണ്ടോ... വയറ്‌ വേദനയുണ്ടോ... വീട്ടില്‍ പോണോ... ?" മാഷ്‌ തിരിച്ചും മറിച്ചും ചോദിച്ചു... ഒന്നും മിണ്ടാതായപ്പോള്‍ പതുക്കെ മുറകോല്‌ കയ്യിലെടുത്തു.

അതോടെ ഹുസൈന്റെ നാവ്‌ ചലിച്ചു... "മഷേ ആ ചോക്കപ്പെട്ടി"

മാഷ്‌ എഴുന്നേറ്റു... അവന്റെ രണ്ട്‌ കൈകളും കൂട്ടിപ്പിടിച്ച് 'എന്നാ അത്‌ നേരത്തെ പറഞ്ഞൂടെ... നിനക്ക്‌' എന്ന് പറഞ്ഞതും മുറക്കോല്‍ അവന്റെ തുടയില്‍ വീണതും ഒരു മിച്ചായിരുന്നു. അവന്‍ അട്ടഹസിച്ച്‌ കരഞ്ഞു ... കൈ വിടാതെ മാഷുടെ ചോദ്യം.. "ഇപ്പ ന്താ  മനസ്സിലായത്‌"

കരഞ്ഞ് കൊണ്ട് തന്നെ അവന്‍ പറഞ്ഞു "ചോക്കപ്പെട്ടി ചോയ്ച്ചാൻ പാടില്യ ന്ന്" ഞാന്‍ വരാന്തയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ആ വാചകത്തിലെ നര്‍മ്മം മനസ്സിലാക്കാന്‍ അന്ന് കഴിഞ്ഞിരുന്നില്ല. കുറച്ച്‌ കഴിഞ്ഞ്‌ അവന്‍ ചോക്ക്‌ ബോക്സുമായി ക്ലാസ്സിലെത്തിയതും ഒരു കാലത്തും എനിക്ക്‌ അണ്ണാന്‍ കുഞ്ഞുങ്ങളെ തരില്ലെന്ന പ്രതിജ്ഞയും..... കാലത്തിന്റെ തീരത്തെവിടെയോ വെച്ച് നഷ്ടമായ ബാല്യത്തിന്റെ ചില നല്ല ഓര്‍മ്മകള്‍... ഇന്ന് എന്റെ മക്കളോടൊപ്പം അതേ സ്കൂൾ വരാന്തയിൽ...

30 comments:

Rasheed Chalil said...

കാലത്തിന്റെ തീരത്തെവിടെയോ വെച്ച് നഷ്ടമായ ബാല്യത്തിന്റെ ചില നല്ല ഓര്‍മ്മകള്‍... ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിലും വെറുതെ ഓര്‍ത്ത് പോയി.

ഒരു പുതിയ പോസ്റ്റ്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഒരു ചോക്ക് പെട്ടി ചോദിച്ചേനു തല്ലേ!!!
അത് ഇത്തിരി കള്ളം പറഞ്ഞ് പരത്തീതല്ലേ.. ചുമ്മാതല്ല കുട്ടുകാരന്‍ അണ്ണാനെ കൊണ്ടത്തരില്ലാന്ന് പറഞ്ഞത്.

Unknown said...

ഇത്തിരീ,
ഓര്‍മ്മകളേ 1975ലേക്ക് കൂട്ടിക്കൊണ്ടു പോയി ഇത്തിരിയുടെ പോസ്റ്റ്.

ശിശു said...

ഓര്‍മ്മകള്‍, ഓര്‍മ്മകള്‍, കുട്ടിക്കാലത്തേക്ക് കൊണ്ടുപോകുന്ന ഓര്‍മ്മകള്‍.. സ്കൂളും, സ്കൂളിലേക്കുള്ള പോക്കും ഒക്കെ ആര്‍ക്ക് മറക്കാനാകും ഇല്ലെ?

thoufi | തൗഫി said...

ബാല്യകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഓര്‍മ്മകള്‍
മനസ്സിലെന്നും നോവാല്‍ജിയയുണര്‍ത്തുന്നു.
ഒരീക്കല്‍ കൂടി ആ കാലുപൊട്ടിയ ബെഞ്ചിലിരിക്കാന്‍
കഴിഞ്ഞെങ്കിലെന്ന് പലവട്ടം ആഗ്രഹിച്ച് പോയിട്ടുണ്ട്.

ഇത്തിരീ..നന്നായി.
ഓര്‍മ്മകളെ തിരികെത്തന്നതിന്.

ഓ.ടോ)അപ്പൊ,ന്ത്യെ മനസ്സിലായി..?
ചോക്കപ്പെട്ടി ചോയിക്കാന്‍ പാടില്ല്യാന്ന്..
ഇതായിരിക്കും,അല്ലെ.ആദ്യ ബാലപാഠം..?

സുല്‍ |Sul said...

ഇത്തിരിയേ
ഇതൊത്തിരി നൊവാള്‍ജിക്ക് ആണല്ലോ
ഞാന്‍ പഠിച്ച ബോധാനന്ദ വിലാസം എല്‍ പി സ്കൂള്‍ കണ്മുന്നില്‍ കണ്ടതുപോലെ.
നന്നായിരിക്കുന്നു ഇത്തിരീ :)
-സുല്‍

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ .. നല്ല ഓര്‍മ്മകള്‍. ഞാനും ഇതുപോലെ ഒന്ന് എഴുതാന്‍ തുടങ്ങീട്ട് രണ്ടു ദിവസമായി. പൂര്‍ത്തിയായാല്‍ പോസ്റ്റാം.

വേണു venu said...

ഇത്തിരിയുടെ ഓര്‍മ്മകളിലെ മധുരം ഇപ്പോള്‍ ഞാനെന്റെ സ്കൂള്‍ മുറ്റത്തു നിന്നാസ്വദിക്കുന്നു.:)

സാജന്‍| SAJAN said...

ഇത്തിരി നന്നായി ഈ പോക്ക്..
പഴയകാലത്തേക്കുള്ള തിരിച്ചു പോക്ക്..
ഒപ്പം ഞങ്ങളേയും കൂട്ടി ഇല്ലേ:)

ചുള്ളിക്കാലെ ബാബു said...

NOSTALGIA!
NOSTALGIA!
NOSTALGIA!

ദേവന്‍ said...

ജീവിതം റീവൈന്‍ഡ് ചെയ്ത് പ്ലേ ചെയ്ത് നൊവാള്‍ജിയയില്‍ പണ്ടാറടങ്ങി!

എനിക്കിപ്പം വീമ്പു പറയണം! അണ്ണാന്‍ എനിക്കില്ലായിരുന്നു, പക്ഷേ എനിക്കു പ്രാവുണ്ടായിരുനല്ലോ. ബസ്സില്‍ കയറാതെ രഹസ്യ സമ്പാദ്യം ഉണ്ടാക്കി എഴുപത്തഞ്ചു പൈസക്ക് വാങ്ങിയ വണ്ണമത്സ്യവും ഉണ്ടായിരുന്നല്ലോ!

കരീം മാഷ്‌ said...

ബാല്യത്തിന്റെ ചില നല്ല ഓര്‍മ്മകള്‍...
നന്നായി.
യു.പി.സ്കൂള്‍ മുറ്റവും
ഡിഗ്രി പഠന സമയത്തെ ലൈബ്രറിയും ഗുല്‍മോഹറിന്റെ തണലിലെ സന്ധ്യകളുമാണെന്റെ നൊസ്റ്റാള്‍ജിയ.

Sona said...

ബാല്യത്തിന്റെ ഓര്‍മ്മകള്‍ക്കെന്നും കൊതിപ്പിക്കുന്ന സുഗന്ധം തന്നെയാ..ഒരു ചോക്ക് പൊട്ടും, ചോക്കുപെട്ടിയും കിട്ടുമ്പോള്‍ ഒത്തിരി സന്തോഷിക്കുകയും,സംതൃപ്തിയടയുകയും ചെയ്തിരുന്ന ബാല്യം ഇന്ന് വെറും പുസ്തകതാളുകളിലും ബ്ലൊഗിലും മാത്രമെ കാണുന്നുള്ളു...

മുസാഫിര്‍ said...

ഇത്തിരി,

ഈ കുറിപ്പു വായിക്കുന്നവരെല്ലാം കുറച്ചു നേരത്തേക്കെങ്കിലും സ്വയം പണ്ടത്തെ ആ നല്ല കാലത്തേക്കു തിരിച്ചു പോകാതിരിക്കില്ല.നന്നായി.

Siju | സിജു said...

പല നിറങ്ങളിലുള്ള ചോക്കുകളുമായി മോശമല്ലാത്തൊരു ചോക്ക് കളക്ഷന്‍ എനിക്കും ഉണ്ടായിരുന്നു..

ധ്വനി | Dhwani said...

'ഒന്നാനാം കുന്നിന്മേല്‍ ഓരടി മണ്ണിന്മേല്‍ ഒരായിരം കിളി കൂട്‌ വെച്ചു...'

യാത്ര പറഞ്ഞതിനു ശേഷം ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത ചില പ്രിയ സത്യങ്ങള്‍ ഓര്‍മ്മ വന്നിപ്പോള്‍ :)
ഹൈറേഞ്ചിലെ ചെമ്മണ്‍ വഴി സൈഡിലെ ഓടിട്ട എല്‍ പി സ്കൂള്‍, മുറ്റത്തെ പുന്നമരം, ഇടത്തുള്ള അമ്പലം, എന്റെ കൂട്ടുകാരന്‍ വിനുക്കുട്ടന്‍, ഇടവപ്പാതി ഒടിച്ചു തൂക്കാറുണ്ടായിരുന്ന ചുവപ്പുനിറത്തിലുള്ള കുട, നനഞ്ഞ താളു മറിയ്ക്കുമ്പൊള്‍ പിഞ്ഞാറുള്ള പുസ്തകങ്ങള്‍....

asdfasdf asfdasdf said...

ഇത്തിരി, നന്നായി ഓര്‍മ്മകള്‍ പങ്കുവെച്ചതിനു. പുതിയ സ്ലേറ്റും പെന്‍സിലുമൊക്കെ പിടിച്ച് സ്കൂളില്‍ പോയപോലെ ..

Khadar Cpy said...

തക്കാളിപ്പെട്ടിയും ചോക്കപ്പെട്ടിയുമൊക്കെ അന്നെത്ര വിലപ്പെട്ടതായിരുന്നു, ഇന്നലകളിലേക്ക് വിളിച്ചുകൊണ്ടുപോകുന്ന എഴുത്ത്, എനിക്കൊത്തിരിഷ്ടയി ഇക്കാ.....
അണ്ണാന്‍ കുഞ്ഞ് എന്‍റെ ഒരു വീക്ക് നെസ്സായിരുന്നു, തത്തയെ ആയിരുന്നു എനിക്കിഷ്ടക്കൂടുതലെങ്കിലും, ഓടിട്ടവീടിന്‍റെ മൂലോടിനകത്തു കൂടുണ്ടാക്കുന്ന അണ്ണാനെ പിടിക്കാന്‍ എളുപ്പായിരുന്നു, താഴോട്ട് വീണാല്‍ രക്ഷപ്പെടാന്‍ നിവൃത്തി ഇല്ലത്തോണ്ട് എന്‍റെ കയ്യിലാണ് വന്നു പെടാറ്, രക്ഷപ്പെടാന്‍ ഓടുന്ന അണ്ണാന്‍റെ പിന്നാലെ ഓടി മരത്തിന്‍റെ മുകളിലോട്ട് കുരുമുളക് വള്ളിയില്‍ പിടിച്ചു വലിഞ്ഞുകേറി പോയതിനേക്കാള്‍ സ്പീഡില്‍ താഴോട്ട് പോന്നതൊക്കെ ഇപ്പൊ ഓ‍ര്‍ക്കുമ്പോള്‍ ചിരി വരുന്നു.... തെങ്ങും കഴുങ്ങുമല്ലാത്ത ഏതു മരത്തിലും വലിഞ്ഞുകേറാന്‍ അപാര മിടുക്കായിരുന്നു.....
ഇക്കാ, രസികന്‍ പോസ്റ്റ്...

ഇട്ടിമാളു അഗ്നിമിത്ര said...

ഇത്തിരി .. കട്ടു കേറിയതാ.. അപ്പൊ ദേ കിടക്കിന്നു ഇത്തിരിയുടെ പോസ്റ്റ്... കേറിയാലും കമന്റ് ഇടാറില്ല... പക്ഷെ ഇത്... എനിക്ക് പെരുത്തിഷ്റ്റായി... വെറുതെ വല്ല്യെടവഴിയിലെ വെള്ളം മുഴുവന്‍ തെറുപ്പിച്ച് നനച്ച കുട്ടിപ്പാവാട ഒരിക്കലും ഉണങ്ങാറില്ലായിരുന്നു.. അതില്‍ വൈകുന്നേരം ആവുമ്പൊഴേക്കും ഗ്രൌണ്ടിലെ മണ്ണും ചെളിയും ചിത്രം വരച്ചിരിക്കും ... പിന്നെ അമ്മയുടെ വടിപ്രയോഗം .. സ്കൂളില്‍ കളിച്ചതിന്റെ കണക്കു കൊടുക്കാന്‍ ടീച്ചര്‍ ചേച്ചിയും.. എന്നാലും ആ കാലം തന്നെയാ എനിക്കിഷ്ടം.. തിരിച്ചു കിട്ടില്ലെന്നു ഉറപ്പുള്ളതോണ്ടാവാം അല്ലെ..

സു | Su said...

ഓര്‍മ്മകളിലേക്ക് എന്നെയും ഓടിച്ച പോസ്റ്റ് എനിക്ക് വളരെ ഇഷ്ടമായി. സ്കൂള്‍ കാലം എത്ര പ്രിയപ്പെട്ടതായിരുന്നെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. ചോക്ക് കിട്ടിയാലും, പെട്ടി കിട്ടിയാലും, അടി കിട്ടിയാലും.

മുസ്തഫ|musthapha said...

കാലത്തിന്റെ തീരത്തെവിടെയോ വെച്ച് നഷ്ടമായ ബാല്യത്തിന്റെ ചില നല്ല ഓര്‍മ്മകള്‍... നന്ദി ഇത്തിരി സാര്‍ ഈ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക്

നന്നായി എഴുതിയിട്ടുണ്ട്!

ഓ.ടോ:
ഉപദേശങ്ങള്‍ക്ക് എപ്പോ വേണമെങ്കിലും സമീപിക്കാം :)

വിഷ്ണു പ്രസാദ് said...

ഇത്തിരീ,ഈ പോസ്റ്റ് എനിക്ക് ഇഷ്ടമായി.

ആവനാഴി said...

പ്രിയ ഇത്തിരി വെട്ടം,

മധുരോദാത്തമായ ബാല്യകാലസ്മരണകളിലേക്കു “ഒത്തിരി വെട്ടം” തെളിച്ചു അനുവാചകനെ നയിക്കുന്ന സുന്ദരമായ പോസ്റ്റ്.

അഭിനന്ദനങ്ങള്‍!

സസ്നേഹം
ആവനാഴി

Rasheed Chalil said...

ഓര്‍മ്മകള്‍ വായിച്ച അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

കുട്ടിച്ചാത്തന്‍.
പൊതുവാള്‍.
ശിശു.
മിന്നാമിനുങ്ങ്.
സുല്‍.
അപ്പു.
വേണു.
സാജന്‍.
ചുള്ളിക്കാല ബാബു.
ദേവന്‍.
കരീം മാഷ്.
സോന.
മുസാഫിര്‍.
സിജു.
ധ്വനി.
കുട്ടമ്മേനോന്‍.
പ്രിന്‍സി.
ഇട്ടിമാളു.
സു.
അഗ്രജന്‍.
വിഷ്ണുപ്രസാദ്.
ആവനാഴി...

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഒത്തിരി നന്ദി.

സാല്‍ജോҐsaljo said...

അവസാനം കാലുവാരി!


കൊള്ളാം മാഷെ.. വായിച്ചിരുന്നുപോയി...

Rasheed Chalil said...

സല്‍ജോ ഒത്തിരി നന്ദി.

Dinkan-ഡിങ്കന്‍ said...

കാണാന്‍ വൈകി. എങ്കിലും നന്നായി എന്ന് പറയാതിരിക്കാന്‍ വയ്യ.
ഒഫ്.ടൊ
ഇത്തിരിയും ചാല് മാറി കീറിയോ?

ഇടിവാള്‍ said...

ഇത്തിരിയേ.. തിരിച്ചുപോകാന്‍ കൊതിക്കുന്ന ബാല്യത്തിലേക്കൊരു ഫ്ലാഷ്! നന്നായിരിക്കുന്നു


ആശംസകള്‍.

ജനശബ്ദം said...

ബാല്യത്തിന്റെ ഒളിമങ്ങാത്ത ഓര്‍മ്മകള്‍

Anonymous said...

ഞാനെന്താ ഇപ്പൊള്‍ പറയുക.... കണ്ണു നിറഞ്ഞു പോയി. നന്ദിയുണ്ട് ഒരുപാട്.... ഒരുപാട് നന്ദിയുണ്ട്....

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മംകൂടി എനിക്കിനിയൊരു ജന്മം കൂടീ...

ഷിബു മുതുവാംങ്കോട്ട്