Wednesday, June 28, 2017

20. സ്നേഹസ്പര്‍ശം

ഭാഗം : ഇരുപത്.

“ഞമ്മള് ആരേം ബുദ്ധിമുട്ടാക്കീട്ട് ഇല്ല്യല്ലോ... പടച്ചോന്‍ കാക്കും... “ അടുത്തിരിക്കുന്ന സൈനു ആശ്വസിപ്പിച്ചു. എണീറ്റിരുന്ന് ചൂടുള്ള കഞ്ഞി കുടിക്കുമ്പോള്‍ സല്‍മു കുടിച്ചോ എന്ന് അന്വേഷിച്ചു. “ഓള് നജ് മൂന്റെ അട്ത്ത് ണ്ട്.” ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ ആകെ തകര്‍ന്നിരുന്നു. സൈനുവാണ് ധൈര്യം തന്നത്. “ആറ് വയസ്സില്‍ യത്തീമായ ഇങ്ങള് ഇത്ര കാലും ജീവിച്ചത് നമ്മളൊന്നും തീര്മാനിച്ചിട്ട് അല്ലല്ലോ... എല്ലാം കാണുന്ന ഒരാള്‍ മേലെ ഇരിപ്പുണ്ട്. യത്തീമായിരുന്ന ഞങ്ങളെ പോറ്റാന്‍ മനസ്സ് ണ്ടായ ഇങ്ങക്ക് ഒന്നും വരൂല്ല.”

“അതല്ല സൈനൂ... ഞമ്മളെ മക്കള്... അയ്റ്റ്ങ്ങക്ക് തിന്നാനും കുടിച്ചാനും കൊടുക്കണ്ടെ... ഒരു പണീം ഇട്ക്കാന്‍ പറ്റാതെ ഞാന്‍ ഇബ്ടെ കെടാന്ന എങ്ങനാ..”
“അതിനും ഒരു വയിണ്ടാവും... ഇന്ന് വരെ ഞമ്മള് കണക്കാക്യ പോലെ അല്ലല്ലോ എല്ലാം ണ്ടായത്. അയ് നും ഒരു മാര്‍ഗ്ഗം അല്ലഹു കണ്ടിട്ട് ണ്ടാവും. ഇനിക്ക് പണിക്ക് പോവാന്‍ ആരോഗ്യണ്ടല്ലോ... ഞമ്മളെ മക്കള് പട്ടിണി കെട്ക്കാതെ നോക്കാന്‍ അത് മതി” ആ ആത്മവിശ്വാസമാണ് പതറിയ മനസ്സിന് പഴയ കരുത്ത് തിരിച്ചു നല്‍കിയത്.

അന്ന് മിഷന്‍ ആശുപത്രിയിലെ ഡോക്ടറുടെ വാചകങ്ങള്‍ കേട്ട് പുറത്തിറങ്ങുമ്പോള്‍ മനസ്സ് നിറയെ സംശയങ്ങളായിരുന്നു. ഈ മാരക രോഗം കുറച്ച് പേര്‍ക്ക് മാത്രമേ ജീവിതം തിരിച്ച് നല്‍കിയിട്ടുള്ളൂ. കിടപ്പിലായാല്‍ കുടുബത്തിന്റെ സ്ഥിതി അലോചിച്ച് എത്തും പിടിയും കിട്ടുകയില്ല. “കൊഴപ്പൊന്നും ണ്ടാവൂല്ല അള്യാ... ഞമ്മക്ക് വണ്ടൂര് ഒന്ന് പോയി നോക്കാ... പിന്നെ ‘അല്ലാഹു‘ വിനോട് പറയാ... അവനല്ലേ സുഖപ്പെടുത്തുന്നവന്‍.” എന്ന് അബ്ദു സമാധാനിപ്പിക്കുന്നുണ്ട്. പക്ഷേ അതൊന്നും മനസ്സിനെ സ്പര്‍ശിച്ചില്ല. ചളിനിറഞ്ഞ റോഡിലൂടെ നടക്കുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നത് ജോലികഴിഞ്ഞെത്തുമ്പോള്‍ കൊണ്ട് വരുന്ന അരി വേവിക്കാന്‍, വെള്ളം തിളപ്പിച്ച് കാത്തിരിക്കുന്ന വിശന്ന വയറുകളായിരുന്നു. “ ഞമ്മക്കൊരു ചായ കുടിച്ചാ...” എന്ന് പറഞ്ഞ് അവന്‍ ചായാപ്പീടികയിലേക്ക് കയറിയപ്പോഴാണ് കോട്ടപ്പടി എത്തിയ വിവരം തന്നെ അറിഞ്ഞത്.

“ഇപ്പോ ഇഞ്ഞ് വണ്ടൂര് പോയിട്ട് വല്ല കാര്യും ണ്ടാവോ... പിന്നെ പോവാന്‍ കായി ഒന്നും ഇല്ല്യല്ലോ... ന്താ ചെയ്യാ..” ചായ കുടിക്കുമ്പോള്‍ അന്വേഷിച്ചു. “അയ്ന് ഒരു പണിണ്ട്... ഞമ്മളെ ഉസൈന്‍ കുട്ടിന്റെ പെര ഇവ്ടെ ഒവ്ടേ ആണ് ... ഓനെ കണ്ടാല്‍ മതി. തല്‍ക്കാലത്തിന് കൊറച്ച് പൈസ ഒപ്പിക്കാ ‘.വെറ്റിലക്കച്ചവടക്കാരന്‍ ഉസൈന്‍ കുട്ടിയെ കോട്ടക്കല്‍ ചന്തയില്‍ വെച്ചുള്ള പരിചയമാണ്. മൈലപ്പുറത്താണ് അവന്റെ വീട്. നൂറടി പുഴയോട് ചേര്‍ന്നുള്ള വെറ്റിലത്തോട്ടത്തില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ വെറ്റിലകുണ്ട അവിടെ തന്നെ വെച്ച് “അയ് ന് ഇങ്ങള് ബേജാറാവണ്ടാ.... ബെരീ എന്നും പറഞ്ഞ് കൂടെ ഇറങ്ങി.” പത്ത് രൂപ എടുത്ത് തരുമ്പോള്‍ ‘ഞാന്‍ കൂടെ പോരണോ...’ എന്ന് പ്രത്യേകം ചോദിച്ചു.

മലപ്പുറത്തെ ഡോക്ടറുടെ കത്ത് വായിച്ച് ആദ്യ പരിശോധനക്ക് ശേഷം രക്തവും കഫവും പരിശോധക്ക് അയക്കണമെന്നും അതിന്റെ ഫലം കിട്ടിയ ശേഷം അസുഖത്തെ കുറിച്ച് ഉറപ്പിച്ച് എന്തെങ്കിലും പറയാന്‍ പറ്റൂ എന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം. ആദ്യ പരിശോധനയില്‍ ക്ഷയം ആണെന്ന് തന്നെയാണ് നിഗമനം എന്നും, ഇഞ്ചക്ഷന്‍ എടുക്കാനും നാല് ദിവസം കഴിഞ്ഞ് വരാനും അദ്ദേഹം പറഞ്ഞു. നാല് ദിവസം കഴിഞ്ഞ് ഇന്നലെയാണ് വീണ്ടും പോയത്. സുബഹിക്ക് മുമ്പ് ചൂട്ടുമായി ഇറങ്ങി. രാവിലെ വെയില് മൂക്കും മുമ്പ് വണ്ടൂരെത്തിയിരുന്നു. പരിശോധന ഫലത്തില്‍ നോക്കി ഡോക്ടര്‍ അസുഖം സ്ഥിരീകരിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം ഇഞ്ചക്ഷന്‍, കൂടാതെ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന മരുന്നും വിശ്രമവും ആണ് ഡോക്ടര്‍ വിധിച്ചത്. മൂന്ന് വര്‍ഷം ചികിത്സിക്കണം എന്നും പകരുന്ന അസുഖമായതിനാല്‍ കുട്ടികളും വീട്ടുകാരും സൂക്ഷിക്കണമെന്നും പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

**** ***** **** **** ****
അരപ്പട്ടിണിയില്‍ കഴിഞ്ഞിരുന്ന കുടുബത്തെ ആ അസുഖം കൂടുതല്‍ യാതനയിലാക്കി. സൈനു അല്ലറച്ചില്ലറ പണികള്‍ക്ക് പോയിരുന്നെങ്കിലും അത് കൊണ്ട് ഒന്നിനും തികയില്ലായിരുന്നു. അന്നത്തിന് പുറമെ മരുന്നിനും കൂടി ചിലവ് വന്നതോടെ സാമ്പത്തിക അടിത്തറ പാടെ തകര്‍ന്നു. തൊടിയിലുള്ള കപ്പയും കഞ്ഞിയുമായി കഴിച്ച് കൂട്ടി. സല്‍മു ഇടയ്ക്ക് ബീത്താത്താന്റെ വീട്ടില്‍ പോയി വല്ലതും കഴിക്കും. “എന്തെങ്കിലും ണ്ടാക്ക്യോ...” എന്ന് സൈനൂനോട് ആരെങ്കിലും ചോദിച്ചാല്‍ “ചോറ് അടുപ്പാത്താണെന്നോ ഊറ്റിവെച്ചിരിക്കുന്നു എന്നോ മറുപടി കിട്ടും. പട്ടിണി മറ്റുള്ളവരെ അറിയിക്കാതെ കഴിയുമ്പോഴും ഇടയ്ക്ക് ബീത്താത്തയും ഖദറും സഹായത്തിനെത്തി.

അസുഖത്തിന്റെ ആദ്യക്ഷീണത്തില്‍ നിന്ന് രക്ഷപ്പെട്ടതോടെ കുഞ്ഞു ചെറുജോലികള്‍ക്ക് പോയിത്തുടങ്ങി. വട്ടപ്പറമ്പ് സ്കൂളിന്റെ കിണര്‍ പണി മൂസയും കൂട്ടരും ആയിരുന്നു കരാറെടുത്തത്. പകല്‍ കൂലിപ്പണി കഴിഞ്ഞെത്തി മഗ് രിബ് നമസ്കാരം കഴിഞ്ഞ് ഭക്ഷണവും കഴിച്ചാണ് എല്ലാവരും പണിക്കെത്തിയിരുന്നത്.. ഒരു ദിവസം കൈക്കോട്ടുമായി കുഞ്ഞുവും വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സൈനു സമ്മതിച്ചില്ല. അവരുടെ കൂടെ നിന്ന് ഭാരം കുറഞ്ഞ വല്ലതും എടുത്താല്‍ മതിയെന്നും രാത്രി ആയത് കൊണ്ട് അധികം ക്ഷീണമുണ്ടാവില്ലന്നും വിശദീകരിച്ചാണ് അന്ന് ജോലിക്ക് പുറപ്പെട്ടത്‍. പിന്നീട് സ്ഥിരം ജോലിക്ക് പോയിത്തുടങ്ങി. ജോലി കഴിഞ്ഞെത്തിയാല്‍ തോന്നുന്ന തളര്‍ച്ചയും ക്ഷീണവും ആരെയും അറിയിക്കാതിരിക്കാന്‍ കുഞ്ഞു പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെ കൂലിപ്പണിയും ഹോസ്പിറ്റലുമായി ആ കുടുംബം മുന്നോട്ട് നീങ്ങി.

ആയിടയ്ക്കാണ് നാടുവിട്ട സൈയ്തുവും അലീമുവും മകളുമായി അലീമുവിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. അന്തിയുറങ്ങാന്‍ സ്ഥലം നല്‍കിയെങ്കിലും ആ വീട്ടില്‍ ആരും അവരോട് അടുപ്പം കാണിച്ചില്ല. നാട്ടുക്കാര്‍ക്ക് അത് അത്ഭുതമായിരുന്നു. ചിലരൊക്കെ അവരെ കാണാനെത്തി. വന്നവരില്‍ അധിക പേരും പരസ്യമായി വിമര്‍ശിച്ചു. പരിഹസിച്ചു. കദീജുവിനെ ഒന്ന് കാണാന്‍ അലീമുവിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.

പിറ്റേന്ന് സൈയ്തു മാത്രം ഉമ്മയെ കാണാനെത്തി. അവരുടെ തിരോധാനത്തോടെ പഴയ പ്രസരിപ്പ് നഷ്ടമായ ബീത്താത്ത, ഹംസയുടെയും അയമുദുവിന്റെയും വിവാഹം കഴിഞ്ഞതോടെ പൂര്‍ണ്ണമായും വീട്ടില്‍ ഒതുങ്ങിയിരുന്നു. സൈയ്തു ചെന്നപ്പോള്‍ “ന്താ മരിച്ചോന്ന് അറിയാന്‍ വന്നതാണോ... ?" എന്നായിരുന്നു ആദ്യ പ്രതികരണം. പലവട്ടം ‘തെറ്റുപറ്റിയതാണെന്ന്’ പറഞ്ഞിട്ടും അവര്‍ അംഗീകരിച്ചില്ല. മരിക്കുന്നവരെ ഈ തൊടിയിലേക്ക് കേറരുതെന്ന് അവര്‍ തീര്‍ത്ത് പറഞ്ഞപ്പോള്‍ സംസാരത്തിന്റെ ശൈലി തന്നെ മാറി. അവസാനം “അങ്ങനെയാണെങ്കില്‍ എന്റെ മോളെ ഞാന്‍ കൊണ്ടോവും...” എന്നൊരു വെല്ലുവിളിയുമയാണ് സൈയ്തു വീട്ടില്‍ നിന്നിറങ്ങിയത്.

6 comments:

Rasheed Chalil said...

സ്നേഹസ്പര്‍ശം...

വല്യമ്മായി said...

“അങ്ങനെയാണെങ്കില്‍ എന്റെ മോളെ ഞാന്‍ കൊണ്ടോവും...”

:(

Mubarak Merchant said...

ഒരു സംശയം, മതാചാരപ്രകാരം സൈനൂന്റെ മോളെ ആരാണു നിക്കാഹ് ചെയ്ത് കൊടുക്കേണ്ടത്?
അല്ലെ, കാര്യങ്ങള്‍ ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഒരു മൂന്നാലെപ്പിസോഡും കൂടി കഴിഞ്ഞാല്‍ അതും നടക്കും. അതുവരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തോണ്ടാ ഇപ്പൊ ചോദിച്ചത്.

മാണിക്യം said...

"എന്‍റെ ബദ്‌രീങ്ങളേ!" എന്തെങ്കിലും പ്രശ്നം ഒന്നല്ലങ്കില്‍ ഒന്ന് വയിച്ചു കഴിയുമ്പോള്‍ ആകെ ഒരു പിരിമുറുക്കം. എന്നാലും പച്ചയായ ജീവിതം ആണിവിടെ വരച്ചു കാണിക്കുന്നത്

വളരെ നന്നായി

Unknown said...

വായിച്ചു

ആര്‍ബി said...

“അതിനും ഒരു വയിണ്ടാവും... ഇന്ന് വരെ ഞമ്മള് കണക്കാക്യ പോലെ അല്ലല്ലോ എല്ലാം ണ്ടായത്. അയ് നും ഒരു മാര്‍ഗ്ഗം അല്ലഹു കണ്ടിട്ട് ണ്ടാവും. ഇനിക്ക് പണിക്ക് പോവാന്‍ ആരോഗ്യണ്ടല്ലോ..ithaaanu pennu
enthoru thantedam...


nannaayi