Wednesday, June 28, 2017

21. തീരം തേടി...

ഭാഗം : ഇരുപത്തിഒന്ന്.

‘എന്തിനായിരിക്കും വിളിച്ചത്... ? എന്ന ആധിയോടെയാണ് സൈനു വീട്ടില്‍ നിന്നിറങ്ങിയത്. സാധാരണ ചെറിയ അസുഖം വന്നാല്‍ പോലും ബീത്താത്ത വിളിപ്പിക്കും. കിടപ്പിലാണെങ്കില്‍ ശുശ്രൂഷയ്ക് സൈനു തന്നെ വേണം എന്നത് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. കിടപ്പിലാണെങ്കില്‍ അവരെ കുളിപ്പിച്ച് വസ്ത്രങ്ങള്‍ മാറ്റി ഭക്ഷണവും കഴിപ്പിച്ച ശേഷം അലക്കാനുള്ള വസ്ത്രങ്ങളുമായി മടങ്ങാറാണ് പതിവ്. ഇടയ്ക്ക് ആവശ്യം വന്നാല്‍ അവര്‍ വിളിപ്പിക്കും. എന്ത് ജോലിയുണ്ടെങ്കിലും സൈനു ഓടിയെത്തുകയും ചെയ്യും. “ഞാന്‍ പെറ്റതല്ലാന്നേ ഓള്ളൂ... ഓള് ന്റെ മോളാ...” എന്ന് അഭിമാനത്തോടെ പറയും. സൈനുവിനും പെറ്റുമ്മയേക്കാളും ഇഷ്ടവും അടുപ്പവും ഈ പോറ്റുമ്മയോട് തന്നെ. അവരുടെ സഹായവും സാന്ത്വനവും ആയിരുന്നു ജീവിതത്തിലെ പരീക്ഷണങ്ങള്‍ കരുത്തോടെ നേരിടാനുള്ള ഊര്‍ജ്ജം നല്‍കിയത്. അന്ന് രാവിലെ അയമുദുവിന്റെ മുത്തമകന്‍ വന്ന് “വല്ലിമ്മ വിള്ച്ച്ണ്ട്..” എന്ന് പറഞ്ഞപ്പോള്‍ തന്നെ അസുഖമുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. “ഒന്നും ഇല്ല്യ ..” എന്ന് അവന്‍ പറഞ്ഞെങ്കിലും പുര്‍ണ്ണ വിശ്വാസം വന്നില്ല.

സൈയ്തുവും കുടുബവും തിരിച്ചെത്തിയതും അവരോട് ദേഷ്യപ്പെട്ടതും പിന്നെ അത് വാക്കേറ്റത്തില്‍ അവസാനിപ്പിച്ചതും ബീത്തത്ത കണ്ടപ്പോള്‍ തന്നെ വിശദീകരിച്ചു. “അന്നെ ഇത്രിം ഓദ് രിച്ചത് പോരാഞ്ഞ്ട്ട് ആവും... ഇഞ്ഞ് സല്‍മൂനിം കൂടി ഓന് കൊണ്ടോണേലാ...”അത് സൈനൂന് ഒരു ഞെട്ടലായിരുന്നു. “ഇജ്ജ് ബേജാറാവണ്ട ... ന്തായാലും ഒരു പരിഹാരം ഞമ്മക്ക് കണ്ടെത്താ.. ഇഞ്ഞ് നാട്ട് കാര് പറഞ്ഞ്ട്ട് ഇജ്ജ് അറ്യണ്ടാ ന്ന് കര്തിയാ ഞാന്‍ തന്നെ പറഞ്ഞത്. ”

“ഓളെ ഞാം വിട്ട് കൊട്ത്താലല്ലേ...” അരിശത്തോടെയായിരുന്നു സൈനൂന്റെ പ്രതികരണം.

“ഈജ്ജ് കൊടുത്താലും ഞാന്‍ അയ് ന് സമ്മയ് കൂലാ... ന്റെ സല്‍മൂനെ, ആ അലീമൂന് ട്ട് തട്ടാന്‍ ഞാന്‍ മയ്യത്താകാതെ പറ്റൂല. ന്തായാലും ഇജ്ജ് കുഞ്ഞൂനോട് പറയ്. ഓന്‍ പരിഹാരം കണ്ടെത്തിക്കോളും...”
“അയ് ക്കോട്ടെ മ്മാ... ഞാന്‍ ഓലോട് പറയാം... ഇന്ന്ട്ടും സര്യായില്ലങ്കില്‍ ഇങ്ങള് ബിളിച്ച് ഒന്നും കൂടെ പറ്യണം ന്റെ കുട്ടിനെ കൊണ്ടോവര്ത് ന്ന്..”
“ഞമ്മക്ക് നോക്കാ... ഓന്‍ കൊണ്ടാവാന്‍ തന്നേണ് തീര്മാനിച്ചോ ന്ന്..”

തിരിച്ച് പോരുമ്പോള്‍ മനസ്സ് നിറയെ സംശയങ്ങളും സങ്കടവുമായിരുന്നു. വീട്ടിലെത്തുമ്പോള്‍ കുഞ്ഞു കൊലായില്‍ തന്നെയുണ്ട്. “ന്തിനേ അമ്മായി വിളീപ്പീച്ചത്...” എന്ന് ചോദിച്ചപ്പോഴേക്കും അത് വരെ അമര്‍ത്തി വെച്ചിരുന്ന സങ്കടം അണപ്പൊട്ടി ഒഴുകി. കണ്ണീരിലൂടെ കാര്യം അറിഞ്ഞപ്പോള്‍ ഒരു പോംവഴി കുഞ്ഞുവും അലോചിച്ചു. വൈകീട്ട് പണിക്കിറങ്ങാന്‍ നേരത്തും നിസ്കാരപ്പായയില്‍ സങ്കടപ്പെട്ടിരിക്കുന്ന സൈനുവിനോട് കുഞ്ഞു പറഞ്ഞു. “ ഒരു പണിണ്ട്... ഞമ്മക്ക് രായീന്‍ ഹാജിനോട് പറ്യാം... ഹാജ്യേര് പറഞ്ഞാല്‍ പിന്നെ ഓല് ഒന്നും പറീല്ല. ഇജ്ജ് കരയാതിരി. നാളെ ഞാന്‍ പോയി രായീ‍ന്‍ ഹാജിനെ കാണാ...” അതൊരു നല്ല മാര്‍ഗ്ഗമാണെന്ന് സൈനുവിനും തോന്നി.

പിറ്റേന്ന് രാവിലെ കുഞ്ഞു രായീന്‍ ഹാജിയുടെ വീട്ടിലെത്തി വിവരങ്ങള്‍ പറഞ്ഞു. “ഓന് ന്താ പിരാന്ത് ണ്ടോ... ഇജ്ജ് പേടിച്ചണ്ടാ... അന്റെ കുട്ടിനെ ഒരാളും കോണ്ടോവൂല്ല... “ എന്ന് രായീന്‍ ഹാജി ഉറപ്പ് നല്‍കി. കുഞ്ഞു തിരിഞ്ഞ് നടക്കുമ്പോള്‍ വരാന്തായിലെ വാതിലും ചാരി നില്‍ക്കുന്ന ഭാര്യയോട് ഹാജി പറഞ്ഞു.
“അല്ല ഇജ്ജ് ഒന്ന് നോക്ക് സൈനുമ്മ്വോ... ആ ബലാല് ആ കുട്ടിനെ യത്തീം ആക്കിപോയതാ... അയ്റ്റ്ങ്ങളെ ഈ കുഞ്ഞു വെയ്ക്കും പോലെ നോക്ക്ണ്ട്. ഓന്റെ സൊകക്കെടും കസ്റ്റപ്പാ‍ടും എല്ലാം കൂടി പട്ടിണീല് ആണ് അയ്റ്റ്ങ്ങള്. ഇന്ന്ട്ട് ഇന്നലെ ഓന് ഈണ്ട് ബന്ന് കുട്ടിനെ കൊണ്ടോവും ന്നൊക്കെ പറഞ്ഞാല്‍ ന്താ ഇബ്ടെ ന്താ അഖ് ലും ബുദ്ധിം ള്ള മന്‍സമ്മാര് ഒന്നൂം ല്ല്യേ...”

“വല്യ കസ്റ്റപ്പാടാ ഐറ്റ്ങ്ങക്ക്... ന്നാലോ ന്തേലും കൊട്ത്താലോട്ട് വാങ്ങൂല്ല്യാ... “
“ഇജ്ജ് ഒര് കാര്യം ചെയ്യ്... തൊടൂലെ പണിട്ക്ക് ണോരില്‍ ഒരാളോട് ഈണ്ട് ബരാന്‍ പറ... അ ചെയ്ത്താനെ വിളിക്കാന്‍ ബിടാനാ...“

ഹാജി കഞ്ഞി പാത്രത്തിന് മുമ്പിലിരിക്കുമ്പോഴാണ് സൈയ്തു വരാന്തയില്‍ എത്തിയത്. കണ്ടതും രായീന്‍ ഹാജി പൊട്ടിത്തെറിച്ചു.

“ഇജ്ജ് ന്താ കര്ത്യേത്... അനാവസ്യം കാണിച്ച് ഈ നാട്ടില് കഴിയാന്നോ... ഇജ്ജ് കാണിച്ച് കൂട്ടിയ തോന്ന്യാസത്തിന് ഈ നാട്ട്ക്ക് തന്നെ കടത്താന്‍ പാട് ല്യാ.. പച്ചേ ആ പാവം ബീത്താത്താനെ കര്തി ഞാന്‍ ബെറ്തെ ബിട്ടതാ... ഇപ്പോ ഇജ്ജ് ആ കുട്ടിനെ കൊണ്ടോവും പറഞ്ഞ് നടക്ക്ണ്ണ്ടെന്ന് കേട്ടല്ലോ..”

“ഓള് ന്റെ മോളല്ലേ ഹാജ്യേരെ... പിന്നെ ഞാം നോക്കണ്ടേ”

“അന്യ പെണ്ണിനീം കൊണ്ട് നാട് വിട്മ്പോ ഓള് ന്താ അനക്ക് മോളല്ലാര്ന്നോ...“ ഹാജ്യാരുടെ മുമ്പില്‍ സൈയ്തു ചൂളി. “ഇഞ്ഞ് മേലാല് എന്തെങ്കിലും കുരത്തക്കടില് അന്റെ പേര് കേട്ടാ... അറ്യാലോ രായീന്‍ ആരാന്ന് ... അത് ഇജ്ജും അറീം... ആ കുട്ടി ഓളെ ഇമ്മാന്റെ ഒപ്പം ജീവിക്കും. കെട്ടിച്ചയക്കാന്‍ നേരം ആവുമ്പോ കയ്യ് കൊടുക്കാന്‍ ഇജ്ജെന്നെ വേണം ... അതോണ്ട് അപ്പോ ഞങ്ങള് പറയാ... മനസ്സിലായോ.... ഇഞ്ഞ് അന്റെ മോളെ കാണ്ന്നതിനൊന്നും ഇബ്ടെ ആര്‍ക്കും ബിരോധം ഇല്ല്യാ... പക്ഷേ ഓള് ഓന്റെ കുടീല് വളരട്ടേ...അതാ അനക്കും ആ കുട്ടിക്കും നല്ലത്... മനസ്സിലായ അനക്ക്...” തലയാട്ടാന്‍ മാത്രമേ സെയ്തൂന് കഴിഞ്ഞുള്ളൂ.. രണ്ടാം ദിവസം സൈയ്തുവും അലീമുവും വന്നപോലെ തിരിച്ച് പോയി.

അടിസ്ഥന വരുമാനമായ കൃഷി മഴ കാരണം നശിച്ചതോടെ നാട്ടുമ്പുറം പട്ടിണിയില്‍ നിന്ന് പട്ടിണിയിലേക്ക് എന്നത് സ്ഥിതിയിലെത്തി. മെതിച്ചെടുത്ത നെല്ല് , നിറച്ച പതിനഞ്ച് പറക്ക് വടിച്ച ഒരു പറയായിരുന്നു കൃഷിക്കാരന്റെ കൂലി. വിളവിലെ ഭീമമായ കുറവ് ഒരു വര്‍ഷത്തേക്കുള്ള അന്നത്തെയാണ് ബാധിച്ചത്. കൂലിപ്പണിക്കാരന് പണം കൊടുത്ത് വാങ്ങാവുന്നതിന്റെ അപ്പുറമയിരുന്നു അരിയുടെ വില. തൊഴില്‍ ലഭിക്കാനില്ല, ചെയ്യുന്ന ജോലിക്ക് തന്നെ കൂലി കിട്ടുന്നില്ല. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. പത്തില്‍ താഴെയുള്ള കുടുബങ്ങളൊഴിച്ചാല്‍ ബാക്കിയുള്ളവര്‍ക്കെല്ലാം ജീവിതം മിക്ക ദിവസങ്ങളിലും മുഴുപ്പട്ടിണിയില്‍ തന്നെ. കുഞ്ഞു വിന്റെ കുടുബവും ഇതില്‍ നിന്ന് ഭിന്നമായിരുന്നില്ല.

ആയിടയ്ക്ക് ഒരു ദിവസം കുഞ്ഞുവും അബ്ദുവും ഫാത്തിമയുടെ വീട്ടിലേക്ക് പുറപ്പെട്ടു. രാവിലെ രണ്ട് ചാക്ക് കപ്പയുമായി ഇറങ്ങി ഉച്ചകഞ്ഞി സമയത്താ‍ണ് രണ്ടാളും പുതിയങ്ങാടി എത്തിയത്. കഞ്ഞി കുടി കഴിഞ്ഞ് വെയിലാറിയ ശേഷം തിരിച്ചിറങ്ങാം എന്ന് കരുതി ഫാത്തിമയുടെ സഹോദരന്‍ ഇസ്മാഈലുമായി സംസാരിച്ചിരുന്നു. ആ കുടുബം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ ഒരു സമയമുണ്ടായിരുന്നു. നാട്ടിലെ അറിയപ്പെട്ട തറവാട്ടുകാരയത് കൊണ്ട് ഇല്ലായ്മ അറിയിക്കാതെ കഴിഞ്ഞു. ഒരു നിവൃത്തിയുമില്ലാതായപ്പോഴാണ് ഇസ്മാഈല്‍ നാടുവിട്ടത്. കറങ്ങിത്തിരിഞ്ഞ് എത്തിപ്പെട്ടത് ബോബെയില്‍ ആയിരുന്നു. അറിയാത്ത ഭാഷയും സംസ്കാരവും ആയിരുന്നെങ്കിലും തോറ്റ് പിന്മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തെരുവ് കച്ചവടത്തില്‍ തുടങ്ങി ഇന്ന് അത്യവശ്യത്തിന് വരുമാനം ലഭിക്കുന്ന ഒരു സ്ഥാപനം സ്വന്തമായുണ്ട്. ആറ് വര്‍ഷം കഴിഞ്ഞ് തിരിച്ചെത്തിയ ഇസ്മാഈലിന്റെയും പെങ്ങള്‍ ഫാത്തിമയുടെയും വിവാഹം ഒരേ ദിവസമായിരുന്നു.

നാട്ടിലെ ഇല്ലായ്മയുടെ കഥപറഞ്ഞപ്പോഴാണ് ഉരു വഴി ദുബൈ എന്ന അറബി നാട്ടിലേക്ക് ആളുകളെ എത്തിക്കുന്നവരെ കുറിച്ച് ഇസ്മാഈല്‍ സൂചിപ്പിച്ചത്. ബോംബെയില്‍ നിന്ന് ചരക്കിനൊപ്പം ആളുകളേയും കടത്തുന്നുണ്ടെന്നും താല്പര്യമുണ്ടെങ്കില്‍ ആലോചിക്കമെന്നും ഇസ്മാഈല്‍ പറഞ്ഞപ്പോള്‍ കുഞ്ഞുവിന് സമ്മതമായിരുന്നു. ഏകദേശം നാനൂറ് രൂപ ലോഞ്ച്കാര്‍ക്ക് കൊടുക്കേണ്ടി വരും എന്ന് പറഞ്ഞപ്പോള്‍ ആഗ്രഹം മങ്ങി. ആവശ്യമുള്ള പണം ഇസ്മാഈല്‍ സംഘടിപ്പിച്ച് തരാമെന്നേറ്റു. ദുബൈയിലെത്തി ജോലി കിട്ടിയ ശേഷം തിരിച്ച് നല്‍കിയാല്‍ മതി. പ്രതീക്ഷയുടെ വിളക്ക് തെളിഞ്ഞു. “ആദ്യം അള്യാന്‍ പോട്ടേ... ഇബ്ടെ ഇപ്പോ കൊടിം കൃഷിം ഒക്കെ കൂടെ ഞാന്‍ ഇല്ലങ്കി സര്യാവൂല്ല... അതോണ്ട് ഞാന്‍ ഇപ്പോ ഇല്ല്യ...“ എന്നായിരുന്നു അബ്ദുവിന്റെ തീരുമാനം.

രണ്ട് മാസത്തിന് ശേഷം തുണിസഞ്ചിയില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായി കുഞ്ഞു പടിയിറങ്ങുമ്പോള്‍ ആ കുടുബം നിറ കണ്ണുകളോടെ നോക്കിനിന്നിരുന്നു. അന്ന് രാത്രിയിലേക്ക് അന്നത്തിനുള്ള അരി അപ്പോഴും ആ വീട്ടില്‍ ഇല്ലായിരുന്നു.

11 comments:

Rasheed Chalil said...

തീരം തേടി...

എറക്കാടൻ / Erakkadan said...

ഹൃദയത്തിൽ തട്ടിട്ടോ

Unknown said...

പുതിയ പ്രതീക്ഷകള്‍!
ഒരു കാലഘട്ടത്തിന്റെ കഥ.

മാണിക്യം said...

പ്രതീക്ഷകള്‍! ‘ചുട്ടു പഴുക്കുന്ന മണലാരണ്യത്തില്‍ നിന്നു പൊന്നുവാരാന്‍ ഇതാ ഞാനും വരുന്നു’ എന്നു കുഞ്ഞു മനസ്സില്‍ പറയുന്നുണ്ടാവും .... ഈ യാത്ര ശുഭയാത്രയാവട്ടെ! ഇത്തിരി നന്നായി അവതരിപ്പിച്ചു ഈ ഭാഗവും...

shams said...

ദുബായില്` എത്ത്യാലെങ്കിലും ഓല്‌ രക്ഷപ്പെട്ടാ മത്യേര്ന്ന് ..

ആര്‍ബി said...

“അന്യ പെണ്ണിനീം കൊണ്ട് നാട് വിട്മ്പോ ഓള് ന്താ അനക്ക് മോളല്ലാര്ന്നോ...“ ഹാജ്യാരുടെ മുമ്പില്‍ സൈയ്തു ചൂളി. “ഇഞ്ഞ് മേലാല് എന്തെങ്കിലും കുരത്തക്കടില് അന്റെ പേര് കേട്ടാ... അറ്യാലോ രായീന്‍ ആരാന്ന് ... അത് ഇജ്ജും അറീം... ആ കുട്ടി ഓളെ ഇമ്മാന്റെ ഒപ്പം ജീവിക്കും. കെട്ടിച്ചയക്കാന്‍ നേരം ആവുമ്പോ കയ്യ് കൊടുക്കാന്‍ ഇജ്ജെന്നെ വേണം ... അതോണ്ട് അപ്പോ ഞങ്ങള് പറയാ... മനസ്സിലായോ....ithaanu ee adhyaayathil ishtaayath
naatile kaaranavanmaarude powerm karuthum,, theerumaamedukkunnathile dridathayum...


ishtaayi, ithiri mashe, aduthath pravaasammaavumo entho... atho ee thakkam nokki sainooone saithu thirichedukkumo?

CKLatheef said...

ഇവിടെ ഇങ്ങനെയും ഒരു വെട്ടമുണ്ടായിരുന്നോ. ഒരു പുലിയെ അറിയാന്‍ കഴിഞ്ഞതില്‍ വിചാരത്തിന് നന്ദി.

kambarRm said...

ആദ്യമായാണു ഇവിടെ വരുന്നതും വായിക്കുന്നതും..
നല്ല ഹ്രദയസ്പർശിയായ ഭാഷ..,
പലപ്പോഴും എന്റെ തന്നെ ബാപ്പ പറയാറുള്ള കഥകളും ഇത്‌ പോലുള്ളത്‌ തന്നെയായിരുന്നു..
ഉടപ്പിറന്നോരുടെയും കുട്ട്യോൾടെയും പട്ടിണി മാറ്റാൻ സ്വന്തം ജീവിതം തന്നെ ബലി കഴിച്ച്‌ നാടും വീടും വിട്ടുള്ള പ്രവാസത്തിന്റെ ആരംഭകാലം...
ബാക്കി ഭാഗത്തിനായ്‌ കാത്തിരിക്കുന്നു..

പട്ടേപ്പാടം റാംജി said...

പുത്തന്‍ പ്രതിക്ഷകളുമായുള്ള യാത്ര.....

G.MANU said...

Nice mash.

Manoraj said...

ആദ്യമായാ ഇവിടേ വരുന്നെ.. നല്ലൊരു പോസ്റ്റ്.. അഭിനന്ദനങ്ങൾ