Wednesday, June 28, 2017

22. തിരയും തീരവും.

ഭാഗം : ഇരുപത്തിരണ്ട്.

കണ്ണില്‍ കയറിയ കടല്‍ വെള്ളത്തിന്റെ നീറ്റലാണ് ആദ്യം അറിഞ്ഞത്. വായില്‍ നിറഞ്ഞ ഇളം ചൂടുള്ള ഉപ്പ് വെള്ളം തുപ്പിക്കളയും മുമ്പ് ശരീരം മുഴുവനായി വെള്ളത്തിലേക്ക് ആഴ്ന്ന് പോയി. മണ്ണില്‍ കാല് മുട്ടി തിരിച്ചുയര്‍ന്ന് വെള്ളത്തിന് മുകളില്‍ മുഖമുയര്‍ന്നതോടെ വീണ്ടും താഴേക്ക്. മങ്ങിയ നിലാവില്‍ കര കുറച്ചു മുമ്പ് കണ്ടതാണ്. ബോട്ടില്‍ നിന്ന് ഇറങ്ങാന്‍ ഊഴം കാത്തിരിക്കുമ്പോള്‍ മൊയ്തീന്‍ ചോദിച്ചിരുന്നു “ഇങ്ങക്ക് നീന്താനറിയുമോ എന്ന്” ഇല്ലെന്ന് തലായാട്ടിയപ്പോള്‍ “പിന്നെങ്ങനെ” എന്നന്വേഷിച്ചു.
“മോളില്‍ ഒരാളിലേ... ഓന്റെ വിധി പോലെ വരും” അതായിരുന്നു സമാധാനം.
“നിന്താനറീല്ലങ്കി ഞമ്മക്ക് ഒന്നിച്ച് എറങ്ങാ... കര അട്ത്തേനെ ണ്ടാവും... കൊറച്ചങ്ങട്ട് എത്ത്യാ കാല് നെലത്ത് മുട്ടും.. ഇജ്ജ് ആദ്യം എറങ്ങ്.. “

എല്ലാം അല്ലാഹുവില്‍ തവക്കുലാക്കി (ദൈവത്തില്‍ സമര്‍പ്പിച്ച്) വെള്ളത്തിലേക്ക് ഇറങ്ങുമ്പോള്‍ കണ്മുമ്പില്‍ കരയും ഉള്ളില്‍ കണ്ണെത്താ ദൂരത്തെ കുടുബവും ഉണ്ടായിരുന്നു. ശ്വാസത്തിന് വേണ്ടി ഉള്ളുരുകി, പുറത്തെ തുണികെട്ടിന്റെ ഭാരം പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു, കണ്ണില്‍ ഇരുട്ട് കയറി, വെള്ളം തൊണ്ടയില്‍ തടഞ്ഞിരിക്കുന്നു. ഇതാ അവസാന ശ്വാസവും നിലയ്കാന്‍ പോവുന്നു എന്ന് തീര്‍ച്ചയായി.

പെട്ടന്ന് ചലനത്തിന്റെ വേഗത കൂടി. പിന്നിലെ തുണിക്കെട്ടില്‍ ആരോ പിടിച്ച് വലിക്കുന്നുണ്ട്. കൈയെത്തിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടി തരാതെ വലിച്ച് നീക്കുന്നു. തല പുറത്ത് എത്തുമ്പോള്‍ പാതി ബോധം നഷ്ടപ്പെട്ടിരുന്നു. എങ്കിലും താഴെ കാലിനിടയില്‍ പുതയുന്ന തറയുണ്ടെന്ന് മനസ്സിലയി... മുഴുവന്‍ ഉണരുമ്പോള്‍ താടിക്കൊപ്പം വെള്ളമുണ്ട്. മൊയ്തീന്‍ തട്ടി വിളിക്കുന്നുണ്ട്... “ഇഞ്ഞ് നടക്കാനേ ഒള്ളൂ.. ബാ...” അവന്‍ കൈ പിടിച്ച് നടക്കുമ്പോഴും കാലിന്റെ തളര്‍ച്ച മാറിയിരുന്നില്ല. വെള്ളത്തിലൂടെ ആടിയുലഞ്ഞ് കരയില്‍ ചെന്ന് വീണു.

വീട് വിട്ടിറങ്ങിയിട്ട് ഒരു മാസത്തിലധികമായി. ബസ്സില്‍ കോഴിക്കോടെത്തി, ജയന്തി ജനതയില്‍ ബോംബയിലേക്ക് പുറപ്പെടുമ്പോഴും മുമ്പിലെ ജീവിതത്തെ കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. ദിവസങ്ങള്‍ നീണ്ട തീവണ്ടി യാത്രയില്‍ വെച്ചാണ് പുത്തനത്താണിക്കാരന്‍ മൊയ്തീനെ പരിചയപ്പെട്ടത്. അവനും അറബി നാട് തേടി ഇറങ്ങിയവന്‍ തന്നെ. യാത്ര തീര്‍ന്ന് പുറത്തിറങ്ങുമ്പോഴേക്കും നല്ല ചങ്ങാതിയായിരുന്നു. ഇസ്മാഈല്‍ അയച്ച ആളുടെ കൂടെ സ്റ്റേഷനില്‍ നിന്ന് നടക്കുമ്പോഴും മെയ്തീനെ കൂടെ കൂട്ടി.

ഇസ്മാഈലിനെയും കൂട്ടി ഉരു മുതലാളിയെ കണ്ട് നാനൂറ് രൂപ ഏല്‍പ്പിച്ചു. ഇരുപതാം ദിവസം ഉരുവിലേക്ക് പുറപ്പെടാന്‍ ചെറിയ ബോട്ടില്‍ കയറുന്നതിന് മുമ്പ് ഇരുപത്തി അഞ്ച് രൂപ ഏല്‍പ്പിച്ച് “ഒക്കെ നന്നായി വരും... ഇങ്ങനെ പോയാണ് കൊറേ ആള് കള്‍ രച്ചപ്പെട്ടത്. അതോണ്ട് ഒരു വെസമവും വേണ്ട.” എന്ന് പറഞ്ഞ് അവന്‍ ആശ്വസിപ്പിച്ചു. ഹസ്തദാനത്തില്‍ നിന്ന് കൈ പിന്‍വലിക്കുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു. തൊണ്ടയിലെന്തോ തടഞ്ഞ പോലെ. “ന്റെ കുട്ട്യേള്... “ എന്ന് പറഞ്ഞപ്പൊഴേക്ക് ശബ്ദം അടഞ്ഞു.

“അതൊന്നും ഇങ്ങള് വെസമിക്കണ്ട.. ഞാന്‍ അള്യാന് ഇന്നേന്നെ കത്ത് എയ്ത്ണ്ട്. ഇങ്ങള് സമാദാനായി പൊയ്ക്കോളി... ഒക്കെ അല്ലാഹുവില്‍ തവക്കുലാക്കിക്കോളീ...” ഇനിയും നിന്നാല്‍ കണ്ണ് നിറഞ്ഞൊലിക്കും എന്നോര്‍ത്തപ്പോള്‍ തിരിഞ്ഞ് നോക്കാതെ ബോട്ടില്‍ കയറി.

കരയില്‍ നിന്ന് അകലെയുള്ള ഉരുവിലെത്തുമ്പോള്‍ വേറെയും ബോട്ടുകളില്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. മണിക്കൂറുകള്‍ കഴിഞ്ഞ് ഉരു അനങ്ങിത്തുടങ്ങി. ഭണ്ഡങ്ങളുമായി തടിച്ച് കൂടിയവരോട് ഞങ്ങളോട് യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓരോന്നായി വിശദീകരിച്ചു. പിന്നീടാണ് കിടക്കാനുള്ള സ്ഥലത്തെത്തിയത്. ചരക്ക് കയറ്റുമതിക്കുള്ള ഉരുവില്‍ യാത്രക്കാര്‍ക്കുള്ള സൌകര്യങ്ങള്‍ ഒന്നും ഇല്ലായിരുന്നു. എണീറ്റ് നിന്നാല്‍ മുകളില്‍ മുട്ടുന്ന അറയില്‍ കല്‍ക്കരിച്ചാക്കും ഉള്ളിച്ചാക്കും അടുക്കിവെച്ചതിനിടലാണ് മുന്നൂറോളം ആളുകള്‍ കഴിയേണ്ടത്.

അന്ന് രാത്രി ആര്‍ക്കും കഴിക്കാനൊന്നും ലഭിച്ചില്ല. രാവിലെ പുറപ്പെടുന്നതിന് മുമ്പ് കഴിച്ചത് കൊണ്ടാണ് എല്ലാവരും വിശപ്പമര്‍ത്തി കഴിഞ്ഞത്. ഉരുവിന്റെ ഉലച്ചിലും ടാറിന്റെ മണവും അകത്ത് തളം കെട്ടിയ ചൂടും എല്ലാമായി ചിലരൊക്കെ ചര്‍ദ്ദിച്ച് തുടങ്ങി. അധികം വൈകാതെ എല്ലാവരിലേക്കും അത് പകര്‍ന്നു. വലിയ വീപ്പയില്‍ കുടിക്കാനായി ഒരുക്കിയ ഉപ്പുരസമുള്ള വെള്ളം അകത്തെത്തിയതോടെ വീണ്ടും ചര്‍ദ്ദിച്ചു. കല്‍ക്കരിച്ചാക്കിനടുത്ത് തളര്‍ന്ന് കിടക്കുമ്പോള്‍ ഉറ്റവരായിരുന്നു മനസ്സ് നിറയെ. അകത്ത് അന്നം ഇല്ലാതായപ്പോല്‍ കുടിക്കുന്ന വെള്ളം ചര്‍ദ്ദിച്ചുതള്ളി. എണീക്കാന്‍ പോലും ആരോഗ്യമില്ലാത്ത പലരും തളര്‍ന്ന് കിടന്ന് ചര്‍ദ്ദിച്ചു.

പിറ്റേന്ന് ഉച്ച സമയത്ത് ഭക്ഷണത്തിനായി മൊയ്തീനെയും കൂട്ടി വേച്ചുവേച്ചാണ് നടന്നത്. ആരും ആദ്യ ദിവസത്തെ ക്ഷീണത്തില്‍ നിന്ന് ഉണര്‍ന്നിട്ടില്ല. രണ്ട് ചാക്ക് ഉണ്ടക്കിഴങ്ങ് (മധുരക്കിഴങ്ങ്) ചെരിഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് രണ്ട് മൂന്നെണ്ണം തിക്കിത്തിരക്കി സ്വന്തമാക്കി തൊലിപൊളിച്ച് പച്ചക്ക് തിന്നപ്പോഴാണ് വിശപ്പിന് ആശ്വാസമായത്. തിരിച്ച് താഴേക്ക് ചെന്നപ്പോഴേക്ക് ചിലരൊക്കെ വീണ്ടും ചര്‍ദ്ദിച്ച് തുടങ്ങിയിരുന്നു.

പിറ്റേന്ന് മുതലാണ് ദിവസം ഒരു നേരം ഗോതമ്പു കഞ്ഞിയോ റൊട്ടിയൊ കിട്ടിത്തുടങ്ങിയത്. അത് കൊണ്ടു പാതി വിശപ്പ് പോലും അടങ്ങിയില്ല. അവസാനം അടുക്കിവെച്ച ചാക്ക് തുരന്ന് ഉള്ളിയെടുത്ത് തൊലിപൊളിച്ച് തിന്നു തുടങ്ങി. ഉപ്പ് ചുവയുള്ള വെള്ളം കുടിച്ചു. യാത്ര തുടങ്ങി രണ്ടാം ദിവസം ചിലര്‍ക്ക് പനി തുടങ്ങി. ജോലിക്കാരോട് സങ്കടം പറഞ്ഞാല്‍ ‘അടുത്ത തീരത്ത് ഇറക്കിവിടാം...’ എന്നാണ് മറുപടി. ബോംബെയില്‍ നിന്ന് ദുബായിലേക്കെന്ന് പറഞ്ഞ് യാത്ര പുറപ്പെട്ട ചിലരെ കോഴിക്കോട് ചാലിയത്ത് ഇറക്കിവിട്ട കഥ ഒരിക്കല്‍ ഇസ്മാഈല്‍ പറഞ്ഞിരുന്നു. അത് കൊണ്ട് എല്ലാം സഹിച്ച് മിണ്ടാതിരുന്നു.

നാലാം ദിവസമാണ് കടലിന് കലിയിളകിയത്. ഉരു മുഴുവന്‍ ഉലഞ്ഞാടുന്ന കാറ്റ്... ജീവിതം അന്ന് അവസാനിച്ചെന്ന് ഉറപ്പിച്ചു. ഒരോരുത്തരും സ്വന്തം വിശ്വാസമനുസരിച്ച് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു. ചിലരൊക്കെ കുടുബത്തെ വിളിച്ച് കരഞ്ഞു... അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന ആധിയോടെ ഉണര്‍ന്നിരുന്ന ദിവസം. പിറ്റേന്ന് ഉച്ചക്കാണ് കാറ്റൊഴിഞ്ഞത്. പിന്നെ നാല് ദിവസം കൂടി ദുരിത യാത്ര. എട്ടാം ദിവസം എല്ലാവരും ഇറങ്ങാന്‍ തയ്യാറായിക്കൊള്ളാന്‍ പറഞ്ഞു. ഒരോ ബോട്ടുകളിലായി കൊണ്ടുപോയി പലയിടത്തായി ഇറക്കും. അവിടെ നിന്ന് പിടി കൊടുക്കാതെ ഏജന്‍സിയുടെ ഓഫീസില്‍ എത്തിയാല്‍ അവര്‍ ദുബൈയില്‍ എത്തിക്കും.

ബോട്ടില്‍ കയറും മുമ്പ് വസ്ത്രങ്ങള്‍ തുണിയില്‍ പൊതിഞ്ഞ് പുറത്ത് കെട്ടിയുറപ്പിച്ചു. ദൂരെ നിഴലായി കാണുന്നതാണ് കര. ബോട്ടടുപ്പിച്ചാല്‍ പിടിക്കപ്പെടാന്‍ സാധ്യതയുള്ളത് കൊണ്ട് ഉടന്‍ ഇറങ്ങണം. കരപറ്റിയാല്‍ വിശ്രമിക്കാന്‍ നില്‍ക്കരുത്. ഇറക്കുന്ന സ്ഥലത്തിന്റെ പേര് ‘ഖോര്‍ഫുഖാന്‍’ എന്നാണ്. അവിടെ മുതല്‍ ഏജന്‍സിയുടെ ഓഫീസ് ഉള്ള ‘ഖല്‍ബ’ വരെ ഈരണ്ട് പേരായി നടക്കണം. അനധികൃതമായെത്തുന്നവരെ പോലീസ് അന്വേഷിക്കുന്ന സമയമാണ്. അത് കൊണ്ട് റോഡിലൂടെ യാത്ര ചെയ്യാന്‍ ശ്രമിക്കരുത്. വാഹനങ്ങള്‍ കണ്ടാല്‍ ഒളിക്കണം. ജോലിക്കാരന്‍ ഒരോന്നായി വിശദീകരിച്ചു. രണ്ടും കല്‍പ്പിച്ച് കടല്‍ വെള്ളത്തിലേക്ക് ചാടുമ്പോള്‍ ജീവന് വേണ്ടിയുള്ള പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു.

മണലില്‍ തളര്‍ന്ന് കിടക്കുമ്പോള്‍ മൊയ്തീന്‍ തോണ്ടിക്കൊണ്ട് പറഞ്ഞു .. “നീച്ച്... കുഞ്ഞ്വോ .... എല്ലാരും പോവാന്‍ തൊടങ്ങി... ഞമ്മക്കും പോവാം.“

4 comments:

Rasheed Chalil said...

തിരയും തീരവും...

Unknown said...

അങ്ങനെയാണ് ദുഫായിക്കാര് ഉണ്ടായത്‌ ...!

Mubarak Merchant said...

ആഹ! ഈ ഭാഗം ത്രില്ലിംഗ് ആയി. ബാക്കി ഉടന്‍ പ്രതീക്ഷിക്കുന്നു.

പട്ടേപ്പാടം റാംജി said...

വായിച്ചപ്പോള്‍ നേരില്‍ കാണുന്ന കാഴ്ച പോലെ
മനസ്സില്‍ ചിത്രങ്ങള്‍ തെളിഞ്ഞുവന്നു.