Wednesday, June 28, 2017

23. തുരുത്ത്

ഭാഗം : ഇരുപത്തിമൂന്ന്.

പാണക്കാട് വീടിന്റെ വരാന്തയും മുറ്റവും സാധാരണക്കാരെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. അത്ഭുതത്തോടെ അന്വേഷിച്ചപ്പോള്‍ ബാപ്പ പറഞ്ഞു ‘ ഇവിടെ എന്നും ഇങ്ങനെത്തന്നെ ആണ്.‘ രാപകലെന്ന വ്യാത്യാസമില്ലാതെ ആളുകള്‍ ഓടിയെത്തുന്ന സ്ഥലം. ഒരിക്കല്‍ ആരോ കാണാന്‍ വന്നത് അകത്ത് ഉറക്കത്തിലായിരുന്ന തങ്ങള്‍ അറിഞ്ഞില്ലെത്രെ. കാണാനാവാതെ തിരിച്ച് പോയ സന്ദര്‍ശകനെ കുറിച്ച് അറിഞ്ഞ അന്ന് മുതലാണെത്രെ കിടപ്പ് വരാന്തയുടെ തൊട്ടടുത്തേക്ക് മാറ്റിയത്.

വരാന്തയിലെ മേശയുടെ ഒരു വശത്ത് പുരുഷന്മാരും മറ്റേ വശത്ത് സ്ത്രീകളും കൂടി നില്‍ക്കുന്നുണ്ട്. സ്ത്രീകളുടെ കൂട്ടത്തിലേക്ക് കയറി നിന്നു. എല്ലാവര്‍ക്കും പറയാന്‍ ഒരോ കഥകളുണ്ട്. രോഗങ്ങള്‍ക്ക് ഔഷധം‍, തര്‍ക്കങ്ങള്‍ക്ക് ശരിയായ തീര്‍പ്പ് ‍, കുടുബത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം‍, വ്യക്തിപരമായ വിഷയങ്ങളില്‍ സമാധാനം... അങ്ങനെ മത ജാതി ഭേദമന്യേ എല്ലാവരും ശരിയായ സാന്ത്വനം ആഗ്രഹിച്ച് എത്തിയതാണ്. രഹസ്യങ്ങളോ പരസ്യങ്ങളോ ഇല്ല. ഓരോരുത്തരും പ്രശ്നങ്ങളുടെ കെട്ടഴിക്കുമ്പോള്‍ ശ്രദ്ധയോടെ ശ്രവിച്ച് പരിഹാരം നിര്‍ദ്ദേശിച്ച് സമാധാനിപ്പിച്ച് തിരിച്ചയക്കുന്ന പൂക്കോയത്തങ്ങള്‍.

അന്നത്തിനുള്ള വക തേടി പുറപ്പെട്ട ഭര്‍ത്താവിന്റെ വിവരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോള്‍ ‘ഞമ്മക്ക് തങ്ങള്‍പാപ്പാനെ ഒന്ന് കാണാം എന്ന് പറഞ്ഞത് ബാപ്പയാണ്. രണ്ടാഴ്ച മുമ്പ് ബാപ്പാക്ക് ഇസ്മാഈലിന്റെ ഒരു കത്ത് വന്നാതാണ്. ബോബെയില്‍ എത്തി ഒരു മാസമെങ്കിലും കഴിഞ്ഞേ ഉരുവില്‍ പുറപ്പെടൂ എന്ന് നേരത്തെ പറഞ്ഞിരുന്നത് കൊണ്ട് ആ കത്ത് വൈകിയതില്‍ വിഷമം ഒന്നും തോന്നിയിരുന്നില്ല. ബോംബെയില്‍ നിന്ന് അന്ന് പുറപ്പെട്ടെന്നും ഒരാഴ്ച കൊണ്ട് തീരമണയുമെന്നും പ്രത്യേകം ദുആ ചെയ്യണം എന്നും ആയിരുന്നു ആ കത്തിലെ വിശേഷങ്ങള്‍. രണ്ടാഴ്ച കഴിഞ്ഞും ഒരു വിവരവും കാണാതായപ്പോള്‍ ആധിയായി. സാധാരണ ഉരുവിന് പുറപ്പെടുന്നവരില്‍ പലരും തീരത്ത് എത്താറില്ലെന്ന് ചിലരൊക്കെ പറഞ്ഞതോടെ ഭയം ഇരട്ടിച്ചു.

യാത്ര പുറപ്പെടുമ്പോള്‍ അന്ന് രാത്രി കഞ്ഞിക്കുള്ള അരി പോലും ഇല്ലായിരുന്നു. കണ്ണ് നിറച്ച് പുറത്തിറങ്ങുമ്പോള്‍ ഒന്നും പറഞ്ഞില്ല. “കുട്ട്യേക്ക് കഞ്ഞി കൊടുക്കണ്ടേ..” എന്ന് ചോദിച്ചപ്പോള്‍ “ങ്ങള് ബേജാറാവണ്ട ഞാന്‍ ഇമ്മാന്റെ അട്ത്ത്ന്ന് കൊറച്ച് അരി വാങ്ങികോളാം...” എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. പക്ഷേ അത് പറയുമ്പോള്‍ അവിടെയും അരപ്പട്ടിണി ആണെന്ന് അറിയാമായിരുന്നു. ഇനി എന്ത് എന്ന് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ഒരു പാത്രം അരിയുമായി ഹംസയുടെ ഭാര്യ വന്നത്. “സൈന്വോ ഇമ്മ പറഞ്ഞ് ... കുട്ട്യേക്ക് ഇത് വെച്ച് കൊട്ക്കാന്..”

പിറ്റേന്ന് ഒരു ചാക്ക് നെല്ലുമായി വന്ന കുഞ്ഞാലി കാക്കാന്റെ കൂടെ ഭര്‍ത്താവിന്റെ അമ്മാവനും ഉണ്ടായിരുന്നു. “ന്റെ കുട്ടിനെ ഞാന്‍ കസ്റ്റപ്പെട്ത്തീട്ട്ണ്ട്. അറിവ് ഇല്ല്യാത്ത കാലം ആയത് കൊണ്ടാണെന്ന് കൂട്ടിക്കോ... ഏതായാലും ഈ നെല്ല് ഇബ്ടെ കെടക്കട്ടേ... ഒന്നും ഇല്ല്യെങ്കിലും അത് കുത്തി കഞ്ഞി മക്കള്‍ക്ക് കൊടുക്കാലോ...” കുട്ടിക്കാലത്തെ ദുരിതങ്ങളുടെ കഥകള്‍ പലവട്ടം കേട്ടത് കൊണ്ട് വിശദീകരണം ആവശ്യമില്ലായിരുന്നു.

“ന്തേ...” ചോദ്യത്തിന് ബാപ്പ തങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചു. എല്ലാം ശ്രദ്ധിച്ച് കേട്ട്, “സാരല്ല്യാ... രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിവരം കിട്ടും. നാടും വീടും വിട്ട് പോയതല്ലേ... അതോണ്ട് പെട്ടൊന്ന് കത്തയകാനൊന്നും പറ്റിയിട്ടുണ്ടാവില്ല. ഇങ്ങള് വെഷമിക്കണ്ട. എപ്പോഴും ദുആ ചെയ്യുക. റബ്ബ് കാത്തോളും...” എന്നായിരുന്നു മറുപടി. തിരിച്ച് പോരുമ്പോള്‍ ബാപ്പ ആശ്വസിപ്പിച്ചു “ഇഞ്ഞ് ഒന്നോണ്ടും പേട്ച്ചണ്ട, തങ്ങള്‍പ്പാപ്പ പറഞ്ഞാ പറഞ്ഞതാ... ഇന്‍ഷാ അല്ലാ രണ്ടീസം കൊണ്ട് ഓന്റെ വിവരം കിട്ടും.”

*** **** *** *** *** *** ***

നനഞ്ഞ വസ്ത്രങ്ങള്‍ പിഴിഞ്ഞ് ധരിച്ച് പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ മൊയ്തീന്‍ പറഞ്ഞു “ഒന്ന് വയി ചോയ്ക്കാന്‍ പോലും ആര്‍ക്കും അറീല്ലല്ലോ..” “അറിമ്പോലെ ചോയ്ച്ച് നോക്കാം... “ എന്ന് സമാധാനിച്ചു.

യാത്രതുടരാന്‍ പറഞ്ഞ വഴിലൂടെ നടന്നു. വിശപ്പ് അസഹ്യമായിരുന്നു. “ന്തേലും കയിച്ചില്ലങ്കി ഇഞ്ഞ് ഞമ്മക്ക് നടക്കാന്‍ പറ്റൂല്ല...” മനസ്സ് അറിഞ്ഞപോലെയാണ് മൊയ്തീന്‍ സംസാരിച്ചത്. നിലമ്പൂരിലെ അറിയപ്പെട്ട തറവാട്ടിലാണ് അവന്റെ ജനനം. പിന്നീട് പുത്തനത്താണിയിലേക്ക് മാറി പാര്‍ത്തതാണ്. പണ്ട് മലബാര്‍ കലാപ സമയത്തെ വാഗണ് ദുരന്തത്തില്‍ നിന്ന് ജീവിനോടെ രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ മൊയ്തീന്റെ വല്യാപ്പയും ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് ബീവിഅമ്മായി ആ കഥകളൊക്കെ പലവട്ടം പറഞ്ഞു തന്നിട്ടുണ്ട്. പൂക്കോട്ടൂര് യുദ്ധത്തില്‍ പങ്കെടുത്തവരും കോട്ടക്കല്‍ ചന്തയില്‍ നിന്ന് മമ്പുറത്തേക്ക് പുറപ്പെട്ടവരുമൊക്കെ നാട്ടുമ്പുറത്തെ ജീവിച്ചിരുന്ന കഥാപാത്രങ്ങളായിരുന്നു.

1921 ലെ ഒരു നവംബര്‍ മാസത്തില്‍ ആയിരുന്നെത്രെ മൊയ്തീന്റെ വല്യാപ്പയടക്കം നാട്ടിലെ പല ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്ത അറനൂറോളം ആളുകളെ, വെള്ളക്കാര്‍ തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. നൂറോളം ആളുകളെ ചരക്ക് കയറ്റുന്ന വാഗണില്‍ കാല് കുത്തി നില്‍ക്കാന്‍ പോലും ഇടമില്ലാതെ കുത്തിനിറച്ച് വാഗണ്‍ അടച്ചു. വായു കടക്കാത്ത അറയില്‍ മനുഷ്യര്‍ ശ്വാസം മുട്ടിപ്പിടഞ്ഞു. വാഗണില്‍ അടിച്ച് അവര്‍ അലറിക്കരഞ്ഞു... നിലതെറ്റിയവര്‍ മേല്‍ക്കു മേല്‍ വീണു... ആണി ഇളകിയ ദ്വാരത്തിലേക്ക് മൂക്ക് ചേര്‍ത്ത് വെച്ച് ചിലര്‍ ശ്വാസത്തിന് വേണ്ടി ശ്രമിച്ചു. മൊയ്തീന്‍ സംസാരിക്കുമ്പോള്‍ അലറിക്കരച്ചിലിന്റെ ശബ്ദം കാതില്‍ മുഴങ്ങുന്ന പോലെ തോന്നി.

കോയമ്പത്തൂരിനടുത്ത് പോത്തനൂരില്‍ എത്തി വാഗണ്‍ തുറന്നപ്പോള്‍ നിറയെ അട്ടിയട്ടിയായി കിടക്കുന്ന മയ്യിത്തുകളായിരുന്നു. കണ്ണ് തുറിച്ച് നാക്ക് കടിച്ച് പരസ്പരം മാന്തിപ്പറിച്ച് മരിച്ച് കിടക്കുന്ന മനുഷ്യരെ കണ്ട് ആ ബോഗി സ്റ്റേഷന്‍ മാസ്റ്റര്‍ സ്വീകരിച്ചില്ല. തിരൂരില്‍ തന്നെ തിരിച്ചെത്തുമ്പോള്‍ ഇരുപത്തിയെട്ട് പേരൊഴിച്ച് ബാക്കിയുള്ളവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അന്ന് രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ മൊയ്തീന്റെ വല്യാപ്പയും ഉണ്ടായിരുന്നു.. പിന്നെയു വര്‍ഷങ്ങള്‍ ജീവിച്ചെങ്കിലും അധിക കാലവും കിടപ്പ് തന്നെ ആയിരുന്നെത്രെ.

“വാ നോക്കാം.. അവ്ടെ ഒരു വെളിച്ചം ണ്ട്..” മൊയ്തീന്‍ ആണ്. ഒന്നിച്ചല്ലെങ്കിലും അടുത്ത് തന്നെ ബോട്ടില്‍ നിന്നും കൂടെ ഇറങ്ങിയ എല്ലാവരും ഉണ്ട്. അതൊരു പള്ളിയായിരുന്നു. പുറത്തെ ഹൌദില്‍ (ടാങ്ക്) നിന്ന് വുദു (അംഗശുദ്ധി) ചെയ്തു. സുബ് ഹി നിസ്കരിച്ച് മുറ്റത്തിറങ്ങി. കൂട്ടത്തില്‍ മുസ് ലിം അല്ലാത്ത വേലായുധനും കറുപ്പനും രാമനും അകത്ത് കയറാതെ മുറ്റത്ത് പടിഞ്ഞ് ഇരിപ്പുണ്ട്. ഇനി എന്ത് എന്ന് പരസ്പരം സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഒരു വെള്ള വസ്ത്രധാരി മുറ്റം കടന്നെത്തിയത്.

മെലിഞ്ഞൊട്ടിയ വൃദ്ധന്‍, വെളുത്ത നീളം കുപ്പായവും തലപ്പാവും ആണ് വേഷം. വടി കുത്തി വേച്ചുവേച്ച് എത്തിയ അദ്ദേഹം അറബിയില്‍ എന്തോക്കെയോ അന്വേഷിച്ചു. കൈകള്‍ മലര്‍ത്തി എന്തു വേണം എന്ന് ആംഗ്യ ഭാഷയില്‍ ചോദിച്ചപ്പോള്‍ വയറില്‍ കൈ വെച്ച് ഭക്ഷണം കഴിക്കുന്നതായി ആംഗ്യത്തില്‍ മറുപടി പറഞ്ഞു. അവിടെത്തന്നെ ഇരിക്കാന്‍ പറഞ്ഞ് അദ്ദേഹം പോയി. തിരിച്ച് വരുമ്പോള്‍ കൂടെ മറ്റൊരാളും അയാളുടെ കയ്യില്‍ ഒരു സഞ്ചിയും തളികയും ഉണ്ടായിരുന്നു. പള്ളി മുറ്റത്ത് വട്ടത്തില്‍ ഇരുന്നു. ചാക്കിലെ ഈന്തപ്പഴം തളികയിലേക്ക് ചരിഞ്ഞ് അവരും കൂടെ ഇരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വയറുനിറയെ ആഹാരം കഴിച്ച്, ഉപ്പ് രസമുള്ള വെള്ളവും കുടിച്ച ശേഷമാണ് “ഖല്‍ബ’ യിലേക്ക് എങ്ങനെ പോവും എന്ന് ആംഗ്യ ഭാഷയില്‍ അദ്ദേഹത്തോട് അന്വേഷിച്ചു.

കുറച്ച് സമയം കൂടി അവിടെ ഇരിക്കാന്‍ പറഞ്ഞു. നാലഞ്ച് കഴുതകളുടെ പുറത്ത് തുണിക്കെട്ടുമായി അതുവഴി ഒരാളെ തടഞ്ഞ് നിര്‍ത്തി എന്തൊക്കെയോ സംസാരിച്ചു. വെയില് പരക്കും മുമ്പ് അയാളോടൊപ്പം ‘ഖല്‍ബ’ യിലേക്ക് യാത്ര തുടങ്ങി.

**** **** **** **** ****
ഇസ്മാഈലിന്റെ കത്തുമായി പോസ്റ്റുമാന്‍ ഖാദറിന്റെ വീട്ടിലെത്തി. അതില്‍ കുഞ്ഞു പുറപ്പെട്ട ഉരു സുരക്ഷിതമായി എല്ലാ യാത്രക്കാരെയും ഇറക്കിയിട്ടുണ്ടെന്നും അത് ഏജന്‍സിയുടെ ഓഫീസില്‍ നിന്ന് അറിഞ്ഞതാണെന്നും ആയിരുന്നു പ്രധാന വിവരം. പിന്നെ എത്തിയ ഉടന്‍ അവര്‍ക്ക് കത്തയക്കാന്‍ പറ്റില്ല. ജോലി ശരിയായ ശേഷം പ്രതീക്ഷിച്ചാല്‍ മതി എന്നും ഇസ്മാഈല്‍ പ്രത്യേകം എഴുതിയിരുന്നു. കത്തുമായി ഖാദര്‍ മകളുടെ വീട്ടിലേക്ക് അപ്പോള്‍ തന്നെ പുറപ്പെട്ടു.

6 comments:

Rasheed Chalil said...

തുരുത്ത്...

Mubarak Merchant said...

നല്ലത്. അപ്പൊ സംഗതികള്‍ ഒരു കരയ്ക്കടുക്കുന്ന ലക്ഷണം കാണുന്നുണ്ട്.

വല്യമ്മായി said...

:)

ബഷീർ said...

എല്ലാം വായിക്കുന്നുണ്ട്.

കഥയും കാര്യവും സമ്മേളിക്കിരിക്കുന്നു ഇവിടെ

തുടരട്ടെ

ആര്‍ബി said...

havooo kalbayilethi,, ini sharjah, dubai,,,

evidelum oru kaftheeriyayil joli kittiyaa mathiyaayirunnu,,

adutha baagam varatte.

Unknown said...

പഴയ കാലഘട്ടത്തിന്റെ-ജീവിതത്തിന്റെ ഒരു നേര്‍ചിത്രം കാണുന്നു ഇവിടെ.
ആശംസകള്‍ .