Wednesday, June 28, 2017

25. പെയ്തൊഴിയുമ്പോള്‍...

ഭാഗം : ഇരുപത്തിഅഞ്ച്.


ഗേറ്റ് തുറന്ന് മുറ്റത്ത് കാല് കുത്തിയപ്പോള്‍ ഉള്ള് പിടഞ്ഞു. ചെറുപ്പം മുതല്‍ പരിചയമുള്ള അന്തരീക്ഷമാണെങ്കിലും അകത്തെവിടെയോ ഒരു ഭയം ജനിക്കുന്നുണ്ട്. ജീവിതത്തില്‍ ഒരിക്കലും ഈ ഒരു സന്ദര്‍ഭം പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം നജ് മു പറഞ്ഞു. “ഇമ്മാ ഹജ്ജിന് പോവുമ്പോ എല്ലരോടും എല്ലാം പൊരുത്തപ്പെടീക്കണം. ആരോടും വാക്കോണ്ടോ മറ്റോ ഒരു കടപ്പാടും ബാക്കി ണ്ടാവര്ത്..” ഉമ്മയുടെ മരണശേഷം ഒന്നോ രണ്ടോ പ്രാവശ്യമാണ് ഇവിടെ വന്നത്. ഇവിടെ എത്തിയാല്‍ കണ്ണ് നിറയും. ഉമ്മുറത്ത് നിന്ന് ‘സൈനൂട്ട്യേ ...” എന്ന്‍ വിളിക്കുന്നുണ്ടെന്ന് തോന്നും.മരിക്കുന്നതിന് തലേന്ന് നഖം വെട്ടി, കുളിപ്പിച്ച് മുടി ചീകിമ്പോള്‍ പെട്ടന്നാണ് ചോദിച്ചത്.
“സൈന്വോ ഞാന്‍ അന്നെ കസ്റ്റപ്പെട്ത്തീണ്ട് ണ്ടോ...”
“ഒന്നും ഇല്ല്യല്ലോ ഇമ്മാ.. ഇങ്ങള് ന്താ ഈ പറയ് ണത്...”
“അല്ല കുട്ട്യേ.. ന്റെ സെയ്തു അന്നെ കൊറേ കണ്ണീര് കുടിപ്പിച്ച് ക്ക്ണ്... “
“അതൊക്കെ കയിഞ്ഞ കാര്യല്ലേ... ഇനിക്ക് ഇപ്പോ ആരോടും ദേസ്യം ഒന്നും ഇല്ല.. പിന്നെ അതോണ്ടൊക്കെ അവസാനം ഇനിക്ക് ഖൈറ് (നന്മ) അല്ലേ ണ്ടായിട്ടുള്ളൂ ഇമ്മാ...”
“ ഇന്ക്ക് പടച്ചോന്‍ പെമ്മക്കളെ തന്നിട്ടില്ല്യ... ഇജ്ജാണ് ഇന്റെ മൂത്ത മോള്... ഞാന്‍ മരിച്ചാല്‍ ഇജ്ജ് വേണം ന്റെ മയ്യത്ത് കുള്പ്പിച്ചാന്‍...“
“ന്താ ഇമ്മാ ഈ പറിണത്... “ എന്ന് പറഞ്ഞപ്പോള്‍ ശബ്ദം ഇടറിയിരുന്നു. അന്ന് രാത്രി അസുഖം കൂടി. പിറ്റേന്ന് രാവിലെ കണ്ണടയുമ്പോള്‍ അവസാന തുള്ളി വെള്ളവും നല്‍കി തൊട്ടടുത്ത് തന്നെ ഇരുന്നു.

“സൈനു താത്താ... വെരി..“ കണ്ണുയര്‍ത്തിയപ്പോള്‍ ഹംസയുടെ ഭാര്യയാണ്.
“എവിടേടീ താത്താ....”
“അവുത്ത്ണ്ട്... കിടക്കാണ്.. ”

ഉമ്മ മരിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ സെയ്തുക്കയും കുടുബവും വയനാട്ടില്‍ നിന്ന് ഇടയ്ക്കിടേ വരാറുണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പായിരുന്നു അറ്റാക്ക് വന്ന് സൈയ്തുക്കയുടെ മരണം. അതിന് ശേഷമാണ് സുഖമില്ലാത്ത അലീമു ഇവിടെ താമസമായത്. മക്കളൊക്കെ വയനാട്ടില്‍ തന്നെയാണ്. ഇപ്പോള്‍ ഹംസയുടെ ഭാര്യയും മക്കളും ആണ് അവളുടെ കാര്യങ്ങള്‍ നോക്കുന്നത്... തമ്മില്‍ സംസാരിച്ചിട്ട് വര്‍ഷങ്ങളായി. ഇന്നലെ പൊരുത്തപ്പെടീക്കേണ്ട കാര്യം പറഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് ഏറ്റവും അടുത്ത കൂട്ടുകാരിയും പിന്നീട് ഏറ്റവും വലിയ ശത്രുവും ആയ അലീമുവിന്റെ മുഖമാണ്.

തൈലം മണക്കുന്ന റൂമിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍ തന്നെ, മെലിഞ്ഞുണങ്ങിയ രൂപം കട്ടിലില്‍ എഴുന്നേറ്റ് ഇരിക്കുന്നത് കണ്ടു. കണ്ട നിമിഷം തൂക്കിയിട്ട കയറില്‍ പിടിച്ച് എണീറ്റു.. ഒരു നിമിഷം കൊണ്ട് കാലിന് ഭാരം വര്‍ദ്ധിച്ചപ്പോലെ... അടുത്തെത്തിയതും കെട്ടിപ്പിടിച്ചതും പൊട്ടിക്കരഞ്ഞതും സ്വപ്നത്തിലെന്നപോലെ ആയിരുന്നു. കുറെ കഴിഞ്ഞിട്ടും പിടി വിടാതെ തോളില്‍ മുഖം ചേര്‍ത്ത് കരച്ചിലടക്കിപ്പറഞ്ഞു... “ഞാന്‍ അന്നെ കുറിച്ച് പലതും പറഞ്ഞിട്ട് ണ്ട്.. അന്നത്തെ ദേസ്യം കൊണ്ടായിരുന്നു... ഇജ്ജ് ഇനിക്ക് പൊറുത്ത് തരണം...” മറുപടി ഒരു തേങ്ങലായിരുന്നു. എല്ലിച്ച കൈകള്‍ ഒന്നുകൂടെ മുറുകി. “ഞാന്‍ അല്ലേ അന്നെ എടങ്ങേറാക്കിയത്... ഇജ്ജ് ഇന്നോട് പൊറ്ക്കണം... അന്ന് അങ്ങനെ ഒക്കെ ചെയ്തതോണ്ടാവും ഇനിക്ക് ഇപ്പൊ ഇങ്ങനെ വിദി വന്നത്..“ അവള്‍ മുള ചിന്തുപോലെ കരഞ്ഞു. അടുത്തുണ്ടായിരുന്ന ഹംസയുടെ ഭാര്യയുടെ കണ്ണും നിറഞ്ഞൊഴുകിയിരുന്നു.

മണിക്കൂറുകള്‍ അവിടെ ചിലവഴിച്ചാണ് സൈനു ഇറങ്ങിയത്. സംസാര മധ്യേ ചെയ്ത തെറ്റുകള്‍ ക്ഷമിക്കാന്‍ മരണക്കിടക്കയില്‍ വെച്ച് സൈയ്തു വസിയ്യത്ത് ചെയ്തിരുന്ന കാര്യവും അലീമു ഓര്‍മ്മിപ്പിച്ചു. വൈകുന്നേരം വാഹനവുമായി നജ് മുവിനെ അയക്കാം എന്നും വീട്ടിലേക്ക് വരണമെന്നും സൈനു പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചു. തിരിച്ചിറങ്ങുമ്പോള്‍ രണ്ട് പേര്‍ക്കും പറയാനാവത്ത സന്തോഷമായിരുന്നു.

*** **** **** **** ****

“വല്ലിപ്പ പോണ കലത്ത് ഞമ്മളെ പെര ഓല ആയിര്ന്നോ...” ചാരി നില്‍ക്കുന്ന അസ് ലം ചോദിച്ചു.
“ആ... അന്ന് നമ്മളെ പെരന്റ ചോര് (ചുമര്) മണ്ണ് കൊണ്ടായിരുന്ന്... മേലെ ഓല കെട്ടി പുല്ല് മേഞ്ഞതും... ഈ റോഡ് അന്ന് എടവയി ഏര്ന്ന്..”
നജ് മുവിന്റെ മുത്തമകനാണ് അസ് ലം. വയസ്സ് ഏഴ് കഴിയുന്നു. സ്ക്കൂള്‍ കഴിഞ്ഞെത്തി കുളിച്ച് ഭക്ഷണം കഴിച്ചാല്‍ അവന്‍ ഓടിയെത്തും. പിന്നെ കഥകള്‍ കേള്‍ക്കണം... കഴിഞ്ഞ കാലത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇമയനക്കാതെ കേട്ടിരിക്കും. അവന് സംശയം തോന്നിയാല്‍ അപ്പോള്‍ തന്നെ ചോദ്യം വരും. അതിന് കിട്ടുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ ‘വല്ലിമ്മാ...’ എന്ന് വിളിച്ച് സൈനുവിനെ അന്വേഷിച്ച് ഇറങ്ങും.

“വല്ലിപ്പ ന്താ അലോയ്ച്ച്ണ്...”
“ഒന്നൂല്ല്യാ....”
“വല്ലിപ്പ ഇഞ്ഞ് അജ്ജിന് പോവാന്‍ എത്ര ദിസണ്ട്...”
“മറ്റന്നാള് രാവിലെ പോണം... ”
“ഞാം ഇപ്പോ വരാ...” അവനോട് സംസാരിച്ചിരിക്കാത്തത് കൊണ്ടാവും ... സൈനുവിനെ വിളിച്ച് അകത്തേക്ക് പോയി. പെങ്ങള്‍ കദീജുവിന്റെ ഛായയാണ് അസ് ലമിന് ആ കൊഞ്ഞിയുള്ള സംസാരവും കൂര്‍ത്ത നോട്ടവും കിട്ടിയിട്ടുണ്ട്. ചുണ്ടിന്റെ കോണ് കൊണ്ടുള്ള ചിരി കാണുമ്പോള്‍ പള്ളിക്കാട്ടില്‍ മൈലാഞ്ചി കാടിന് താഴെ അന്ത്യവിശ്രമം കൊള്ളുന്ന അവളുടെ ചിരി ഒരു നീറ്റലായി ഉള്ളിലെത്തും. അമ്മാവന്റെ വീട്ടില്‍ നിന്ന് ബീവി അമ്മായിയുടെ കൂടെ ഇറങ്ങിയത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. കാലം ഒരു പാട് കഴിഞ്ഞു... വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മായി മരണപ്പെട്ടുപോയി... മരണ കിടക്കയിലും സൈനുവിനോട് അന്വേഷിച്ചിരുന്നെത്രെ... “ന്റെ കുട്ടി വരൂല്ലേ...” ന്ന്. എല്ലാം അറിയിച്ച് കത്ത് വരുമ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞിരുന്നു.ഇന്നും ആ വീട്ടിലേക്ക് കയറുമ്പോള്‍ ആ അസാന്നിധ്യം അനുഭവിക്കുന്നുണ്ട്.

നാടിനൊപ്പം എല്ലാവരും ഒത്തിരി മാറി. പാടത്ത് പണിക്ക് ആളെ കിട്ടാത്തതിന്റെ വിഷമം സൈനു പറയുമ്പോള്‍ പണ്ട് ഒരു പണി കിട്ടാന്‍ വേണ്ടി പാടവരമ്പത്ത് കാത്ത് നിന്ന കാലം ഓര്‍ത്തുപോയി‍. ജോലി കഴിഞ്ഞെത്തുന്നവര്‍ വാങ്ങിക്കൊണ്ട് വരുന്ന അരിക്ക് വേണ്ടി വെള്ളം തിളപ്പിച്ച് കാത്തിരുന്ന വീട്ടുകാരുടെ കഥകള്‍ ഈ തലമുറക്ക് അവിശ്വസനീയമാണ്. ഇന്ന് എല്ലാവിട്ടിലും വൈദ്യുതി എത്തി. പട്ടിണി എന്താണെന്ന് അറിയാത്ത കാലം... ദീര്‍ഘയാത്രകളില്‍ മാറി മാറി വരുന്ന ഭൂപ്രകൃതി പോലെ മാറുന്ന ലോകവും മാറുന്ന മനുഷ്യരും...

ഇരുപത്തിഅഞ്ച് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു ആഗ്രഹം ബാക്കിയുണ്ടായിരുന്നു. ഒരു ഹജ്ജ് ചെയ്യണം. പുണ്യ സ്ഥലങ്ങളായ മക്കയും മദീനയും ഒന്ന് സന്ദര്‍ശിക്കണം. പലവട്ടം ശ്രമിച്ചതാണെങ്കിലും പല കാരണങ്ങളാല്‍ നീണ്ടുനീണ്ടു പോയി. മറ്റെന്നാള്‍ വൈകീട്ട് പുറപ്പെടേണ്ടത്... കഴിഞ്ഞ ദിവസങ്ങളിലൊക്കെ യാത്ര പറച്ചിലിന്റെ തിരക്കിലായിരുന്നു. ഇന്ന് അയല്‍ വാസികളെയും കുടുബങ്ങളേയും ക്ഷണിച്ചിട്ടുണ്ട്. എല്ലവര്‍ക്കും ഒരു നേരം ഭക്ഷണം കൊടുത്ത് സന്തോഷിപ്പിച്ച് വേണം യത്ര പുറപ്പെടാന്‍...

“കുഞ്ഞു കാക്കാ... ചൂടി മുറിച്ചാന്‍ കത്തി വേണം...” പന്തല്‍ പണിക്കാരാണ്.
“സല്‍മ്വോ... ഒരു കത്തി ഇങ്ങട്ട് കൊടുത്താ...” പന്തല്‍ പണിക്കാര്‍ ടാര്‍പ്പായ വലിച്ച് കെട്ടാനുള്ള പുറപ്പാടിലാണ്. നജ് മു മുറ്റത്ത് തന്നെയുണ്ട്. ആകാശം കറുത്തിരിക്കുന്നു. തൂങ്ങി നില്‍ക്കുന്ന മഴ എപ്പോള്‍ വേണമെങ്കിലും പെയ്തു തുടങ്ങും.

“വല്ലിപ്പാ വല്ലിമ്മ എവ്ടെ...” അസ് ലം ആണ്... കൂടെ സല്‍മൂന്റെ മകളുമുണ്ട്...
“വല്ലിമ്മ പൊറത്ത്ക്ക് എറങ്ങ്ണ് കണ്ടു.. ന്തേ...”
‘ഒന്നൂല്ല്യാ‘ എന്ന് പറഞ്ഞ് രണ്ടും കൂടെ മുറ്റത്തേക്ക് ഇറങ്ങി.

സല്‍മൂന് മക്കള്‍ രണ്ടായി. മറ്റുള്ളവര്‍ക്കെല്ലാം ഓരോന്നും. എല്ലാവരും ഒന്നിച്ച് കൂടുന്ന ദിവസം വലിയ സന്തോഷമാണ്. “ഇപ്പാ കൊറച്ച് കഞ്ഞി കുടിച്ചോളീ...” സല്‍മു അകത്ത് വിളിക്കുന്നു. സംസാരിച്ച് തുടങ്ങുന്ന പ്രായം മുതല്‍ അവള്‍ വിളിക്കുന്നത് ഉപ്പാ എന്നാണ്. സൈയ്തുക്ക ബാപ്പയും.
“ന്നാ ഇമ്മ വരട്ടേ ന്ന്ട്ട് കുടിച്ചാം...” പിന്നെ അവളൊന്നും പറഞ്ഞില്ല.

**** **** **** **** ****
അസറിന് ഉദു ചെയ്യുമ്പോഴാണ് മഴയുടെ ആരവം കേട്ടത്. ഉണക്കാനിട്ടത് എടുക്കാന്‍ സല്‍മു ഓടുന്നത് കണ്ടു. അസറിന് പള്ളിയിലേക്ക് ഇറങ്ങുമ്പോള്‍ കുടയെടുക്കാന്‍ പറഞ്ഞിരുന്നു. തിരിച്ച് വരുമ്പോഴേക്ക് ചായ ഒരുക്കണം. ഓടിന് മുകളില്‍ ആരവത്തോടെ പതിച്ച് തഴോട്ടൊഴുകി മുറ്റം കവിഞ്ഞ് റോഡിലേക്കൊഴുകുന്ന കലങ്ങിയവെള്ളം നോക്കിയിരുന്നപ്പോള്‍ ഓത്തുപള്ളി പ്രായം ആണ് ഓര്‍മ്മയില്‍ എത്തിയത്. തോട്ടിലൂടെ പതഞ്ഞൊഴുകുന്ന വെള്ളത്തിലെ ചുഴികളെ പണ്ട് ഭയമായിരുന്നു. തോടിന് മുകളിലെ തെങ്ങുമുട്ടിക്ക് പകരം ഇന്ന് കോണ്‍ക്രീറ്റ് പാലം ഉണ്ട്. അന്നത്തെ പാടവരമ്പ് ഇന്ന് ടാറിട്ട റോഡായി.. കാവി തേച്ച വാരാന്തയിലെ നനവില്‍ എന്തൊക്കെയോ എഴുതുകയാണ് അസ് ലം... കടലാസ് മടക്കി കപ്പല്‍ ഉണ്ടാക്കുകയാണ് സല്‍മുവിന്റെ മകള്‍ റിദ് വാന. അവരെ തന്നെ ശ്രദ്ധിച്ചിരുന്നു. “മ്മാ ആരോ കൊലായീല് വന്ന്ട്ട്ണ്ട്...” മരുമകളാണ്. അടുക്കള വരാന്തയില്‍ നിന്ന് ഏണീറ്റ് ഉമ്മുറത്തേക്ക് നടന്നു.

വളഞ്ഞ കാലുള്ള കുട പുട്ടി ചാരിവെക്കുന്ന വൃദ്ധന് നല്ല മുഖപരിചയം. സലാം മടക്കി ഗ്രിത്സ് തുറന്ന് കൊടുക്കുമ്പോഴും ആളെ പിടി കിട്ടിയില്ല. “ മുഖത്തേക്ക് നോക്കി ‘സൈനബ യല്ലേ...” എന്ന് ചോദിച്ചപ്പോള്‍ ശബ്ദവും പരിചയമുണ്ട്. മക്കളോട് ചായ എടുക്കാന്‍ പറഞ്ഞ് വീണ്ടും വരാന്തയില്‍ വന്നു. അദ്ദേഹം വിശേഷങ്ങളൊക്കെ അന്വേഷിച്ചു. തിരിച്ച് ആരെന്ന് അന്വേഷിക്കാന്‍ പറ്റാത്ത അവസ്ഥയിലായി.
“ഇന്നെ അനക്ക് മനസ്സിലായോ.. ?" എന്ന ചോദ്യം കേട്ടു.
“നല്ല പരിചയം ണ്ട് ന്നാലും മറന്ന്ക്ക്ണ്..”
“മൂസ മുസ് ല്യാര്... പണ്ട് ഇങ്ങളെയൊക്കെ ഓത്തുപള്ളീല്‍ പഠിപ്പിച്ചിട്ടുണ്ട്..” ഒരു നിമിഷം കൊണ്ട് വര്‍ഷങ്ങള്‍ പിറകിലേക്ക് പറന്നു. ചോര്‍ന്നൊലിക്കുന്ന ഓത്തുപള്ളിയും കൂട്ടുകാരികളും നീട്ടിയുള്ള ഖുര്‍ ആന്‍ പാരായണവും... അങ്ങനെയങ്ങനെ...
അദ്ദേഹത്തിന്റെ മക്കളും ഗള്‍ഫില്‍ ആണ്. കുടുബം സുഖമായി കഴിയുന്നു. “ഈ വയസ്സാന്‍ കാലത്ത് പണ്ടെത്തെ കുട്ട്യേളെ ഒക്കെ ഒന്ന് കാണാന്‍ തോന്നി.. അങ്ങനെ എറങ്ങീതാ...”
“അത് നന്നായി.. അതോണ്ടല്ലേ ഞങ്ങക്കും കാണാന്‍ പറ്റ്യേത്... ഒരീസം എല്ലാരൂം കൂടെ വെരി....”
“ഇങ്ങളെയൊക്കെ കുട്ടിക്കാലത്ത് കൊറേ തച്ച്ട്ട്ണ്ട്... ”
“അത് പടിച്ചാത്തീന് അല്ലേ...”
“മ്മാ ചായ...” അകത്ത് നിന്ന് മരുമകളാണ്.
മക്കളെ കുറിച്ചും കുടുബത്തെ കുറിച്ചും അന്വേഷിച്ചു. പേരമക്കളെ അടുത്തിരുത്തി ലാളിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ഹജ്ജിന് പുറപ്പെടുന്ന കാര്യവും പറഞ്ഞപ്പോള്‍ അദ്ദേഹം ദുആ ചെയ്തു. പുണ്യസ്ഥലങ്ങളില്‍ വെച്ച് ദുആ ചെയ്യണം എന്ന് വസിയ്യത്ത് ചെയ്ത് തിരിച്ചിറങ്ങി. കാലന്‍ കുട നിവര്‍ത്തി ഏന്തിയേന്തി പോവുന്ന അദ്ദേഹത്തെ നോക്കി നിന്നപ്പോള്‍ പഴയ സൈനു മനസ്സില്‍ കുറച്ച് സമയത്തേക്ക് പുനര്‍ജനിച്ചു.
“വല്ലിമ്മാ... ആരാ അത്... “ അസ് ലം ആണ്..
“അത് ന്നെ പഠിപ്പിച്ച ഉസ്താദാ...”
“അയന് നല്ലാം വയസ്സായി ല്ലേ...”
“ന്റെ ഉസ്താദ് അല്ലടാ...”
“അന്ന് ഒവ്ടേര്ന്ന് ഇങ്ങളെ മദറസ്...”
അവനെ അടുത്തിരുത്തി കഥ പറഞ്ഞ് തുടങ്ങി... ആര്‍ത്തിരമ്പി പെയ്തിരുന്ന ഒരു മഴക്കാലത്തിന്റെ... ചോര്‍ന്നൊലിക്കുന്ന ഓത്തുപുരയുടെ... മഴവെള്ളത്തിന്റെ ഗന്ധമുള്ള മുസ് അഫിന് മുമ്പില്‍ സ്വപ്നം കണ്ട് ഇരുന്നിരുന്ന സൈനു എന്ന നിഷ് കളങ്ക ബാല്യത്തിന്റെ... ചോര്‍ന്നൊലിക്കുന്ന വീട് വീട്ട് വിട്ട് നനഞ്ഞൊലിച്ച് എത്താറുള്ള കദീശുവിന്റെ .... ജീവിതത്തിലെ വാറോലകള്‍ പരതിത്തുടങ്ങി... മറ്റൊരു ലോകത്തിന്റെ ഓര്‍മ്മ പോലെ പൊയ് പോയ ബാല്യം കോര്‍ത്തെടുക്കുന്നതും നോക്കി ഇമയക്കാതെ അസ് ലമും റിദ് വാനയും ഇരിപ്പുണ്ട്... കാലത്തിന്റെ തീരത്തൂടെ ആ തിരിച്ചു നടത്തത്തില്‍ എന്നത്തെയും പോലെ ചുറ്റുവട്ടം മറന്നിരുന്നു.... ചുറ്റുള്ളവരെയും.



അവസാനിച്ചു.



കുറിപ്പ് :-
ഒരു വര്‍ഷത്തിലധികമായി ഇത് എഴുതിത്തുടങ്ങിയിട്ട്.പഴയമയുടെ ഗന്ധമുള്ള കഥകള്‍ കേള്‍ക്കുമ്പോഴൊക്കെ അതൊന്ന് വെറുതെ എഴുതിയാലോ എന്ന് തോന്നിയിട്ടുണ്ട്. അതിനുള്ള ഒരു ശ്രമം നടത്തിയതാണ്. അത് വിജയിച്ചോ ഇല്ലേ എന്ന് തീര്‍ത്ത് പറയേണ്ടത് വായനക്കാരായ നിങ്ങളും; അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..

ഇത് വരെ കൂടെ നിന്ന എല്ലാവര്‍ക്കും ഒത്തിരി നന്ദി... :)
സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം

21 comments:

Rasheed Chalil said...

ഇത് ഇവിടെ അവസാനിക്കുന്നു.

കൂടെ നിന്ന എല്ലാവര്‍ക്കും ഒത്തിരി നന്ദി... :)

സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം

കരീം മാഷ്‌ said...

ഇടക്കൊരുപാടു മിസ്സായിട്ടുണ്ട്. എല്ലാം ഒന്നു കൂടെ നോക്കട്ടെ!
ഇന്നു സമയം ഒരുപാടു ബാക്കിയുണ്ട്.
താങ്ക്യൂ..
ഇത്തിരി.

ഇട്ടിമാളു അഗ്നിമിത്ര said...

“പണ്ട് പണ്ട് ഒരിടത്തൊരിടത്തൊരു കുഞ്ഞുണ്ടാരുന്നു..“

ഒരു പഴങ്കഥ പോലെ തന്റെ കഥ പറഞ്ഞു തീർക്കുമ്പോൾ ഇങ്ങനെ ഒരു അവസാനം കൊടുക്കാൻ തോന്നുന്നു- അല്ല തുടക്കം.. കാരണം ഇത് മറ്റേതോ കഥയുടെ തുടക്കം പോലെ...

എല്ലാം പറഞ്ഞു തീർത്ത് പൊരുത്തപ്പെടീച്ച് പോവാൻ അത്ര എളുപ്പമാണോ.. എന്തോ മനസ്സുകളുടെ വ്യത്യാസമാവാം.. കഴിയുമെങ്കിൽ നല്ലത്.. എന്നാലും ഒരു കാറ്റടിച്ച് തീരും പോലെ മഴ പെയ്തൊഴിയും പോലെ എല്ലാം മറക്കാൻ കഴിയൊ...

അങ്ങിനെ കാറ്റു മഴയോട് കഥപറഞ്ഞു തീരുകയാണല്ലെ.. മറ്റൊരു തുടക്കമാവട്ടെ..

ജിപ്പൂസ് said...

കരീം മാഷ് പറഞ്ഞ പോലെ എനിക്കും ഇത്തിരി മിസ്സായിട്ടുണ്ട് ഇത്തിരി ഇക്കാ.എല്ലാം വായിക്കണം.തത്ക്കാലം ഒരു ആശംസ വച്ചേക്ക്.ബാക്കി വന്നിട്ട് തരാം :)

Mubarak Merchant said...

പല കഥാപാത്രങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ബാക്കിയാക്കി ഇത്തിരിവെട്ടത്തിന്റെ ‘രാമഴ’ അവസാനിച്ചിരിക്കുന്നു! എന്നാല്‍ ഇത് അവസാനിക്കുന്നില്ല.. കുഞ്ഞുവിന്റെ ഓര്‍മ്മകളായി ഇതിലെ വിട്ടുപോയ കണ്ണികള്‍ പുനരാവിഷ്കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍!

കുഞ്ഞന്‍ said...

ഇത്തിരി മാഷെ..

നല്ലൊരു ശ്രമത്തിന് നല്ലൊരു സല്യൂട്ട്, ശ്രമമെന്ന് സൂചിപ്പിച്ചത് താങ്കളുടെ സൂക്ഷ്മ നിരീക്ഷണത്തെയാണ്. ഒരു കാലഘട്ടത്തിന്റെ, ആ കാലഘട്ടത്തിലെ ചില ജീവിക്കുന്ന ഓർമ്മകൾ, എന്റെ ബാല്യത്തെയാണെനിക്കീ കഥയിൽ നിന്നും ലഭിച്ചത്. നന്ദി. (ചോർന്നൊലിക്കുന്ന മദ്രസ്സയിൽ ചെറിയ മണ്ണണ്ണ വിളക്കുമായി ഓത്തുപഠിക്കുന്ന എന്റെ കൂട്ടുകാർ,അവരുടെ കൂടെ കൊതികൊണ്ട് ഞാനും ചില ദിവസങ്ങളിൽ അവിടെപ്പോയി ഇരുന്നിട്ടുണ്ട്. എന്നാൽ ഉസ്താദ് വരുന്നതിനുമുമ്പ് എന്തൊകൊണ്ടൊ വീട്ടിലേക്ക് മടങ്ങും. എന്നാലും മിക്യ ദിവസങ്ങളിലും ഉസ്ദാദ് വരുന്നതുവരെ മദ്രസ്സയിൽ കളിച്ചിരുന്നു. പക്ഷെ ഇന്നാണെങ്കിൽ....)

ഒരു തലമുറയിലെ ജീവിതരീതികൾ അതി സൂക്ഷ്മതയോടെ പകർത്തിയ, അവ നനുത്തമഞ്ഞുകണങ്ങളായി വായനക്കാരുടെ മനസ്സിലേക്ക് പെയ്തിറക്കിയ റഷീദ് മാഷെ ഈ നോവലും ബൂലോഗചരിത്രത്തിലെ താളുകളിൽ മുൻ നിരയിൽ സ്ഥാനം പിടിക്കും തീർച്ച. ഇന്നത്തെ ബൂലോഗത്തിലെ വഴിവിട്ട അവസ്ഥയിൽ നിന്നും എന്നെ വീണ്ടും ബൂലോഗത്ത് പിടിച്ചുനിർത്തുന്ന ഇത്തിരിമാഷിന്റെ സൃഷ്ടികൾ ഇനിയും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ..

സ്നേഹപൂർവ്വം
കുഞ്ഞൻ

ആര്‍ബി said...

illa,, enikk miss aayittilla,,

ennum oro postinaayi kaathirikkaarullath kond :)


pazhama kelkkaanum, "aslam" ne pole kettum chodhichum irikkaanum orupaadishtamaanu.. athond ithiriyude oro vaachakangalum manassiruthi vaayikaarundaayirunnu,,,


namukkevideyo nashtamaaya aa naadum naattukaarum kan munil ethukayo, avariloraalaayi jeevikkukayo aayirunnu,, ee varikalil kannodikkumbol

avasaana baagam entho, mansiil udakkunnu,, kaalangalkku shesham thettukal porutha pedeekkunnnavarum, shishyaye marakkaatha,,vaalsalyathode aa pazhaya kadha ormippikkunna, moosa muslyaarum, manasil thottu,,,

oru kaalagattathinte kadha parayunnathil ithiri thonnoooru shadhamaanavum vijayichu,,

ingane oru vaayanaanubhavam thannathinu ithirikku, othi othiri nanni,,,

aduthath thudangatte,..

jamal|ജമാൽ said...

ഇത്തിരിമാഷെ...തുടക്കം മുതൽ ഒപ്പം തന്നെ ഉണ്ടായിരുന്നു വല്ലപ്പോഴുമെ കമന്റിയിട്ടൊള്ളൂ അവസാനമായപ്പോൾ പെട്ടന്ന് തീർക്കാൻ ശ്രമിച്ചപോലെ ഒരു തോന്നൽ (എന്റെതോന്നൽ മാത്രാണ്ട്ടാ)ഇത്രയും മനോഹർമായ ഈ കഥ ഒരു പുസ്തകമാക്കണം ആദ്യത്തെ കൊപി ഇത്തിരിയുടെ കയ്യോപ്പോട് കൂടീ ബുക്ക് ചെയ്യുന്നു

ബഷീർ said...

മിക്കതും വായിച്ചു. ചിലതിലൊക്കെ സാന്നിദ്ധ്യം അറിയിക്കാൻ കമന്റിട്ടു. എല്ലാം കൂടി ഒരു പുനർ വായന ആവശ്യമെന്ന് തോന്നുന്നതിനാൽ അതിനായി ശ്രമിയ്ക്കും .ആവശ്യമെന്ന് ഞാൻ പറഞ്ഞത്‌ ഇഷ്ടപ്പെട്ടത്‌ ഒരിക്കൽ കൂടി വായിക്കുക എന്ന അർത്ഥത്തിൽ.. അഭിനന്ദനങ്ങൾ

വല്യമ്മായി said...

:)

Unknown said...

തുടക്കം മുതല്‍ വായിച്ചിരുന്നു, ഒന്നും വിടാതെ.
ഒരു കാലഘട്ടത്തിന്റെ, തലമുറകളുടെ ഇക്കഥയില്‍ നിന്ന് ഒരു പാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.

വ്യക്തികളുടെ കഥ എന്നതിലുപരി ഇത് കാലഘട്ടത്തിന്റെ കഥ എന്ന് പറയാനാണ് എനിക്കിഷ്ടം. കഥാപാത്രങ്ങളുടെ ജീവിതാവസ്ഥ കൊണ്ട് ഹൃദയഹാരിയായ ഇക്കഥ പക്ഷെ അവസാനം ധൃതി പിടിച്ചു നിര്‍ത്തിയപോലെ തോന്നി.

അഭിനന്ദനങ്ങള്‍! ഇത്തരം സംരംഭങ്ങള്‍ ഇനിയുമുണ്ടാവട്ടെ എന്നാശംസിക്കുന്നു

വാഴക്കോടന്‍ ‍// vazhakodan said...

ഇത്തിരീ,,,,
വിട്ട് പോയ അദ്ധ്യായങ്ങള്‍ വായിക്കാന്‍ പോയത് കാരണമാണ് വൈകിയത്.ഇതില്‍ താങ്കള്‍ ഉപയോഗിച്ച ഭാഷ,കഥ നടക്കുന്ന കാലഘട്ടം,കഥന രീതി എല്ലാം കൊണ്ടും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നു.മലപ്പുറത്തെ ഉള്‍നാടുകളില്‍ ഇപ്പോഴും ഇതിലെ ഭാഷാ പ്രയോഗങ്ങള്‍ നിലവിലുണ്ടെങ്കിലും പരിഷ്കാരം കൊണ്ട് എല്ലാം മാറി എന്ന തോന്നല്‍ വരുത്തുവാന്‍ വേണ്ടിയെങ്കിലും ഈ തനതായ ശൈലി ഇന്ന് കൈമോശം വന്നു പോയി എന്നാണ് ഞാന്‍ കരുതുന്നത്.

ഇത്തരം സംരംഭങ്ങള്‍ ഇനിയും ‘ഇത്തിരി‘യില്‍ നിന്നും പ്രതീക്ഷിക്കുന്നു.കഴിയുമെങ്കില്‍ ഇതും ഒരു പുസ്തകമാക്കാന്‍ ശ്രമിക്കുമല്ലോ.ആശംസകളോടെ,,,,,,
വാഴക്കോടന്‍

rizwan said...

good ithirivettam

shams said...

ഇത്തിരീ..
കുറച്ചു വൈകിപ്പോയി ഇവിടെ എത്താന്‍
ഇത് കഴിഞ്ഞു ല്ലെ..
ഒരു കാലഘട്ടത്തിലേക്ക്, സ്വന്തം ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ വായനാനുഭവം.
അഭിനന്ദനങ്ങള്‍..

ഉപാസന || Upasana said...

കാണുന്നു, അറിയുന്നു
:-)

ഏറനാടന്‍ said...

തീര്‍ന്നോ? :) പലതും മിസ്സായിരുന്നു. തുടരന്‍ മുടങ്ങാതെ ഇത്രകാലം ഒക്കെ കൊണ്ടുപോകാന്‍ സാധിക്കുക എന്നത് ചില്ലരക്കാര്യം ഒന്നുമല്ല!

മാണിക്യം said...

ഇത്തിരി മനസ്സ് നിറഞ്ഞോരു അഭിനന്ദനം .. ഒരു കൊല്ലം പോയത് അറിഞ്ഞില്ലാ കൈ വിട്ടു പോയ ഇനി ഒരിക്കലും തിരികെ വരാത്ത ഒരു കാലഘട്ടത്തിന്റെ ചുരുളുകൾ നിവരുകയായിരുന്നു ഈ "ഇത്തിരിവെട്ടത്തിൽ" ഒരോ അദ്ധ്യായവും വായിച്ചു തീരുമ്പോൾ മനസ്സറിയാതൊരു നിശ്വാസം ! അതെ പച്ചയായ ജീവിതത്തിന്റെ നേർപകർപ്പ് കളങ്കലില്ലാതെ പറഞ്ഞു. പലപ്പോഴും വായിക്കുന്നത് ഒരു കഥയാണെന്ന് സ്വയം പറഞ്ഞ് ഉറപ്പിക്കണ്ടി വന്നു .. അനാഥത്വവും ദാരിദ്ര്യവും ഉണ്ടാക്കുന്ന വൈഷമ്യങ്ങൾ , ജാഡകളില്ലാത്ത കഥ ..ഒത്തിരി ഇഷ്ടമായി ...

നന്മകൾ നേരുന്നു !!

ARK said...

ഇത്തിരി,
നല്ലൊരു ഉദ്യമമായിരുന്നു. കുറെ ദു:ഖസംഭവങ്ങളുണ്ടായിരുന്നു എങ്കിലും നല്ലൊരു വായനാനുഭവമായിരുന്നു.
പലരും പറഞ്ഞ പോലെ പെട്ടെന്ന് അവസാനിപ്പിച്ച പോലെ തോന്നുന്നു.

Anonymous said...

vaikeetanengilum kadhakal vaikan kazhinchu....... "sarthavahaka sangathodoppam" pusthakamakiyadhu pole ee kadhayum pusthakamakikkoode... snehathode... ithiri ashamsakal nerunnu.

Anvar Ali said...

sarthavahaka sangathodoppam pusthaka roopathil vaayichu. islaminte velichavum nanmayum ithupole anubhavicha oru pusthakam njan vaayichittila.

muje said...

സത്യത്തില്‍ അമ്മ എന്ന വാക്ക് ഗൂഗിളില്‍ തെരഞ്ഞാണ് ഞാന്‍ ഇവിടെ ഈ ഇത്തിരിവെട്ടത്തില്‍ എത്തിയത്, അഞ്ചാറ് ബ്ലോഗുകള്‍ വായിച്ചു....എല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു, എന്നിട്ടും ടൈപ്പാനുള്ള മടികൊണ്ട് കമന്ടിടാതെ പോന്നു, പക്ഷെ ഇത് വായിച്ചപ്പോള്‍ കമന്റിടാതിരിക്കാന്‍ ഒരു നിവിര്‍ത്തിയുമില്ല....താങ്കളുടെ രചനക്ക് ഒരു കാന്തിക ശക്തിയുള്ളതുപോലൊരു തോന്നല്‍, ആ തറവാടും കുട്ടികളും മക്കളും മരുമക്കളും സൈനുവുമല്ലാതെ മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല ഇത് വായിക്കുമ്പോള്‍.....ഇത്രത്തോളം ചിരകാലസ്മരനകളിലേക്ക് കൊണ്ടുപോകാന്‍ ഞാന്‍ മുമ്പ് വായിച്ചിട്ടുള്ള ഒരു രചനക്കും കഴിഞ്ഞിട്ടില്ല എന്നതിന് ഞാന്‍ നന്ദിപറയുന്നു.
............All the best.........