Tuesday, June 07, 2011

കുഞ്ഞാടുകള്‍

മുകളില്‍ കണ്ണെത്തും ദൂരെ ആകശച്ചെരുവിലെങ്ങും നക്ഷത്രങ്ങളില്ല, താഴെ അഴികള്‍ക്ക് പുറത്ത് ചെമ്മണ്ണില്‍ നിലാവ് പരന്നിട്ടുണ്ട്. കണ്‍വെട്ടത്തില്ലെങ്കിലും പുര്‍ണ്ണ ചന്ദ്രന്റെ തിളക്കം പുറത്തെ സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ നിന്ന് ഊഹിക്കാവുന്നതേയുള്ളൂ. സിമിന്റ് തറയില്‍ നിന്ന് തണുപ്പ് അരിച്ചെത്താന്‍ തുടങ്ങിയിരിക്കുന്നു. കനം കുറഞ്ഞ പുതപ്പിന്റെ വശങ്ങള്‍ കൊണ്ട് കൈകാലുകള്‍ ഒന്നുകൂടെ ചുറ്റിപ്പൊതിഞ്ഞു . എത്ര സൂക്ഷിച്ചാലും ഉറക്കത്തിനിടയില്‍ കണങ്കാലിലെ പേശികള്‍ പ്രതിഷേധിച്ച് തുടങ്ങും. ഉരുണ്ടുയരുന്ന വേദന കൈകള്‍ കൊണ്ട് തടഞ്ഞ്, അമര്‍ത്തി ഉഴിഞ്ഞ് ഇറക്കിയാലും ആ നൊമ്പരത്തിന്റെ ശേഷിപ്പ് കണങ്കാലില്‍ തന്നെ കാണും. പിന്നീട് തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കണം.

സത്യേട്ടന്‍ ഇന്ന് കൊണ്ടുവന്ന വാര്‍ത്ത എല്ലാവര്‍ക്കും വെറും സധാരണ സംഭവം മാത്രമായിരുന്നു. സ്വജീവിതത്തില്‍ അതിന് വലിയ സ്വാധീനമില്ലെന്നതും സത്യം. എന്നിട്ടും അപ്പോള്‍ തീപ്പിടിച്ച രോഷം ഇനിയും അടങ്ങിയിട്ടില്ല. “അയാള്‍ എന്തായാല്‍ എനിക്കെന്ത്... !” എന്ന് പലവട്ടം നിസംഗനാവാന്‍ ശ്രമിച്ചിട്ടും കണ്ണുകളിലേക്ക് പടരാന്‍ മടിച്ച് ഉറക്കം പുറത്ത് പതുങ്ങുന്നു.

രാത്രി കനത്താല്‍ ആരവമടങ്ങിയ പൂരപ്പറമ്പ് പോലെ ഈ മതില്‍ കെട്ടിനകം നിശ്ശബ്ദമാണ്. വല്ലപ്പോഴും ഉയരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളോ വരാന്തയിലൂടെ അടുത്തെത്തി അകന്ന് പോവുന്ന ബൂട്ടിന്റെ ഞരക്കമോ മാത്രമാണ് അതിന് അപവാദം. മുഷിഞ്ഞ തുണി മുഖത്ത് വലിച്ചിട്ട് റജിയും, സത്യേട്ടനും സ്വസ്ഥമായി ഉറങ്ങുന്നു. ചരിഞ്ഞ് കിടന്നുറങ്ങുന്ന സതീശ് ഇന്ന് പതുക്കെ കൂര്‍ക്കം വലിക്കുന്നുണ്ട്. ചെവിക്ക് ചുറ്റും കൊതുകിന്റെ മൂളല്‍ ഉയര്‍ന്നപ്പോള്‍ എണീറ്റിരുന്നു. പറന്നുയര്‍ന്ന് ചുവരില്‍ ചേര്‍ന്നിരുന്നപ്പോള്‍ ആഞ്ഞടിച്ചെങ്കിലും കൈ പതിയുന്നതിന് തൊട്ട് മുമ്പെ അത് പറന്ന് പോയി.

"ഇവറ്റകൾക്ക് ചോര കുടിച്ചാല്‍ പോരെ... ഇങ്ങനെ മൂളി ശല്യം ചെയ്യണോ..." മുമ്പൊരിക്കല്‍ സതീശ് പറഞ്ഞത് ഓര്‍ത്തു.

“അധ്വാനിച്ച് നേടിയ അന്നത്തിന്റെ മഹത്വം പ്രസംഗിക്കുകയാവും... അന്യന്റെയാണെങ്കിലും.” തമാശയ്ക്കാണ് പറഞ്ഞത്.

“അവര്‍ക്കിടയില്‍ രക്തസാക്ഷികള്‍ക്ക് വലിയ മാര്‍ക്കറ്റ് ഇല്ലായിരിക്കും ... അല്ലെങ്കില്‍ ......‍” അവന്‍ ചിരിച്ചു.

“അന്നത്തിന് വേണ്ടി ആത്മാവ് നല്‍കിയവന് സ്വന്തം വീട്ടിലേ വില കാണൂ..... അതും ചിലപ്പോള്‍....” - ഞാന്‍.

“കാളപെറ്റെന്ന് കേട്ട് കയറെടുക്കുന്നവര്‍ ഇല്ലാത്തത് കൊണ്ട് അവര്‍ക്കിടയില്‍ രക്തസാക്ഷികള്‍ കുറവായിരിക്കാനാണ് സാധ്യത.” സത്യേട്ടന്റെ പരിഹാസം.

“അന്നം മാത്രമാണ് ജീവിതം എന്ന് ചിന്തിച്ചവര്‍ക്ക് എന്നും ഈ മഞ്ഞക്കണ്ണട ഉണ്ടായിരുന്നു...” റജിയുടെ ഫിലോസഫി.

“അങ്ങനെയല്ല... കൊണ്ടാടപ്പെടുന്ന പല രക്തസാക്ഷികളും ഏതെങ്കിലും നന്മക്ക് വേണ്ടി ത്യാഗം ചെയ്തവരായിരുന്നോ...” സത്യേട്ടന്‍

“തത്വശാസ്ത്രം വയറ് നിറയ്ക്കില്ല എന്ന സിദ്ധാന്തത്തോടൊപ്പം ഞാനും നില്‍ക്കുന്നില്ല. എങ്കിലും ചിലരുടെ ആര്‍ത്തിക്ക് വേണ്ടി നഷ്ടപ്പെടുന്ന ജീവിതങ്ങള്‍ ധാരാളമില്ലേ നമുക്ക് മുമ്പില്‍...” ഞാന്‍ എന്റെ ഭാഗം വിശദീകരിച്ചു.

“അതെ... അതാണ് അതിന്റെ ശരി. ഭ്രമിപ്പിക്കുന്ന എന്തിനോടും മനുഷ്യന് ആര്‍ത്തികാണും. അതിലേക്ക് ഓടിയെത്താന്‍ അന്യന്റെ ജീവനും ജീവിതവും പരവതാനിയാക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും.”

“നാണയങ്ങള്‍ക്കെല്ലാം ഇരുവശങ്ങള്‍ ഉണ്ടെന്ന് സാരം...” സംസാരം അവസാനിപ്പിച്ചത് സതീശനാണ്.

നാല് വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട് ഇവിടെയെത്തുമ്പോള്‍ അന്തേവാസികളായി അവരുണ്ടായിരുന്നു. സീലിംഗ് നോക്കി കിടക്കലും ഇടയ്ക്ക് തനിച്ച് ചിരിക്കലുമായിരുന്നു സത്യേട്ടന്റെ സന്തോഷം. സതീശ് തടവുകാലം മുഴുവന്‍ ഉറങ്ങിത്തീര്‍ക്കാന്‍ തീരുമാനിച്ചവന്‍. ആവശ്യത്തിനും അനാവശ്യത്തിനും സംസാരിക്കാന്‍ മടിയുള്ള റജി.

ഇടയ്ക്കൊരിക്കല്‍ റജിയും സതീശും തമ്മില്‍ വാക്കേറ്റമുണ്ടായി. ലോകത്തിലെ സകല പ്രശ്നങ്ങള്‍ക്കും കാരണം മതം ആണെന്നും അല്ല മതനിരാസമാണെന്നും ആയിരുന്നു തര്‍ക്കത്തിന്റെ അടിസ്ഥാനം. മതത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് സതീശ് ആവേശത്തോടെ നിരത്തിയപ്പോള്‍, ‘മതമാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന ഹേതു’ എന്ന സിദ്ധാന്തത്തില്‍ കെട്ടി ഉയര്‍ത്തിയ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് വേണ്ടി കൊന്ന് തള്ളിയവരുടെ എണ്ണം റജി ഓര്‍മ്മിപ്പിച്ചു. ഇതിഹാസങ്ങളും പുരാണങ്ങളും ഹൈന്ദവതയും ക്രൈസ്തവതയും ഇസ് ലാമും ബാബരി മസ്ജിദും കുരിശു യുദ്ധങ്ങളും എല്ലാം വിഷയമായപ്പോള്‍ റഷ്യന്‍ വിപ്ലവവും ഫ്രഞ്ച് വിപ്ലവവും സ്റ്റാലിനും മാവോ സേ തൂങും തുടങ്ങി ടിയാനന്‍ മന്‍ സ്വകയറിലെ കൂട്ടക്കൊല വരെ വേദിയില്‍ നിറഞ്ഞാടി. തര്‍ക്കങ്ങള്‍ക്ക് അവസാനം രണ്ടാള്‍ക്കും കൂട്ടിക്കിഴിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥയിലാണ് സത്യേട്ടന്‍ സംസാരിച്ച് തുടങ്ങിയത്.

“ആരുടെയോ, അല്ലെങ്കില്‍ എന്തിന്റെയോ കയ്യിലെ കളിപ്പാട്ടമായിട്ടാവും നമ്മളില്‍ പലരും ഇവിടെ എത്തിയത്. അത് പോലെ തന്നെയാണ് പ്രത്യയ ശാസ്ത്രങ്ങളും... പക്വമായ കൈകളില്‍ ആയിരിക്കുമ്പോഴെല്ലാം അതിന് അമുല്യമായ സ്ഥാനമുണ്ടാവും. അല്ലെങ്കിലോ നമ്മളെ പോലെ കുറ്റവാളിയായി സമൂഹത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടി വരും... തെറ്റ് ചെയ്താലും ഇല്ലെങ്കിലും.” അന്നത്തെ ചെറുപ്രസംഗമാണ് ഞങ്ങള്‍ക്കിടയില്‍ സൌഹൃദത്തിന് തുടക്കമിട്ടത്. ആദ്യമായി ഒന്നിച്ചിരുന്ന് സംസാരിച്ചതും പൊട്ടിച്ചിരിച്ചതും അന്നായിരുന്നു.

രണ്ട് പെണ്മക്കളുടെ പിതാവാണ് സത്യേട്ടന്‍. തൊട്ടടുത്ത ടൌണിലെ നാലുമുറി കോട്ടേഴ്സാണ് ആകെ സമ്പാദ്യം. അവിടെ ആദ്യം ടൈപ്പിംഗ് സെന്ററും എസ് ടി ഡി ബൂത്തുമായി ജീവിച്ച് പോന്ന സാധാരണക്കാരന്‍. ബന്ധുവായ നേതാവിന് വേണ്ടപ്പെട്ട ഒരാള്‍ക്ക് താമസ സൌകര്യം ഒരുക്കിയതാണ് ഇവിടം വരെ എത്തിച്ചത്. നേതാവിന്റെ വ്യക്തിവിദ്വേഷം തീര്‍ക്കാനെത്തിയ ഗുണ്ട പിടിക്കപ്പെട്ടതോടെ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവനായി. അവന്റെ മോചനത്തിന് ലക്ഷങ്ങള്‍ വാരിയെറിയുമ്പോഴും പ്രതിക്ക് അഭയം നല്‍കിയ കേസില്‍ സത്യേട്ടന്‍ അകത്തായിരുന്നു. “ഒരു പാര്‍ട്ടിയും ഇല്ലാത്തത് കൊണ്ട് കിട്ടിയത് അനുഭവിച്ച് തിരിച്ച് പോയി സുഖമായി ജീവിക്കാം എന്ന് കരുതി.. കുടുബ ബന്ധം നിലനിര്‍ത്താനുള്ള ത്യാഗം...” പറയുമ്പോള്‍ രോഷമായിരുന്നോ നിസംഗതയായിരുന്നോ എന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞില്ല.

സതീശ് കാമ്പസിലെ കൊടുങ്കാറ്റായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആദ്യ അധ്യായന ദിനത്തില്‍ എതിര്‍ ചേരിക്കരെ ഒതുക്കേണ്ട ഉത്തവാദിത്വം അവനായിരുന്നു... വര്‍ഗ്ഗ ശത്രുവിനെ മുളയിലെ നുള്ളുക എന്ന രാഷ്ടീയ തത്വശാസ്ത്രം ശത്രുവിന്റെ തലയില്‍ ഹോക്കി സ്റ്റിക്ക് ആയി പതിഞ്ഞ ശേഷമാണ് വീണ്ടു വിചാരങ്ങള്‍ ഉണ്ടായിത്തുടങ്ങിയത്. ആ സഹപാഠിയെ കുറിച്ച് ഓര്‍ത്ത് വേവാലാതിപ്പെടുമ്പോഴെല്ലാം കൈയ്യില്‍ കത്തി തന്ന് കയ്യൊഴിഞ്ഞവരെ അവന്‍ തെറി വിളിച്ചു. യുദ്ധത്തിനെത്തിയപ്പോള്‍ ഇര യുദ്ധമുഖത്ത് നിന്ന് ഓടിയിരുന്നെങ്കില്‍ രണ്ടാളും രക്ഷപ്പെട്ടേനെ എന്ന് ചിലപ്പോഴൊക്കെ ആത്മഗതം ചെയ്തു. എന്നാലും തൊണ്ട തൊടാതെ വിഴുങ്ങിയ സിദ്ധാന്തങ്ങള്‍ വെച്ച് മനുഷ്യനെ അളക്കാന്‍ ഇപ്പോഴും മടിയൊന്നുമില്ല.

സത്യേട്ടന്‍ കഥ കേട്ടപ്പോള്‍ ചിരിച്ചു... “അക്രമിയും അക്രമിക്കപ്പെട്ടവനും നല്ല ഭാവി സ്വപ്നം കാണേണ്ടവരാണ്... പക്ഷേ യുദ്ധത്തിലെ ശരി തെറ്റകളോര്‍ത്ത് കാലം കഴിയുന്ന ഇവന്‍ ഒരിക്കലും ഒരു നല്ല രാഷ്ട്രീയക്കാരനാവില്ല... ഇനി അടികൊണ്ടവന്റെ അവസ്ഥ എന്താണാവോ.. ?” എടുത്തടിച്ച പോലെ പറഞ്ഞപ്പോള്‍ സതീശ് ഒന്ന് ചൂളി, പിന്നെ അരാഷ്ട്രീയ വാദിയുടെ പരിഹാസമായി പുച്ഛിച്ച് തള്ളി.

ഒരേ മതവിശ്വാസികള്‍കിടയിലെ ആരാധനലയ തര്‍ക്കത്തില്‍ അകത്തായതാണ് റജി. ‘പള്ളിമുറ്റത്ത് നടന്നത് കൂട്ടത്തല്ലാണെങ്കിലും കണ്ടാലറിയാവുന്നവരുടെ പേരില്‍ കേസ് എടുത്തപ്പോള്‍ കലഹം കാണാനെത്തിയ ഞാനും ലിസ്റ്റില്‍ ഉണ്ടായിരുന്നു. , പരിമിതമായ വാചകങ്ങളില്‍ റജി കഥ പറഞ്ഞു.

“ഈ ത്യാഗികളുടെ സെല്ലിലേക്ക് താങ്കള്‍ എങ്ങനെയെത്തി.” നാടകീയമായി സതീശ് അന്വേഷിച്ചു.

നാട്ടുമ്പുറത്തെ സാധരണക്കാരന്റെ ഓര്‍ക്കാന്‍ സുഖമുള്ള ബാല്യം. മൂല്യബോധത്തോടെയുള്ള ജീവിതത്തിലൂടെ ‘നല്ല മനുഷ്യനാവുക‘എന്നതാവണം ലക്ഷ്യം എന്ന് ബോധ്യപ്പെടുത്തിയ ബാല്യകാല അധ്യാപനങ്ങള്‍‍. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളും, അതിലെ വേട്ടക്കാരും ഇരകളും, ആര്‍ത്തി തീരാതെ ഫണമുയര്‍ത്തുന്ന വര്‍ഗ്ഗീയതയും, കളങ്കം മാത്രം നിറഞ്ഞ രാഷ്ട്രീയ സംവിധാനവും എല്ലാം തീപ്പൊരിയായി ഉള്ളിലേക്ക് പകര്‍ന്ന പ്രഭാഷണം ആദ്യം കേള്‍ക്കുന്നത് സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജിലെത്തിയ ആദ്യ ആഴ്ചകളിലായിരുന്നു. അവിടെ വെച്ചാണ് അതുവരെ കേട്ട പതിവ് പാഠങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിച്ച് തുടങ്ങിയത്.

അകത്ത് വീണ കണല്‍ ജ്വലിപ്പിച്ചെടുക്കാന്‍ ആവശ്യമായ വാക്കുകള്‍ പിന്നെയും പിന്നെയും എന്നെത്തേടി വന്നു. കണ്ണും കാതും തുറന്ന് ശ്രദ്ധിക്കുമ്പോള്‍ ചിന്ത ആവശ്യമില്ലായിരുന്നു. പകരം എനിക്ക് വേണ്ടി ചിന്തിച്ചൊരുക്കിയ തിരകഥയിലൂടെ സഞ്ചരിച്ചാല്‍ മതിയായിരുന്നു. അകത്ത് മുളച്ച വിഷ വിത്തുകള്‍ ‘ഒരാളെ വെറുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അയാളുടെ സമുദായം നോക്കണം എന്ന തിരിച്ചറിവിലെത്തി.

ആയുധമെടുക്കുന്നവര്‍ക്ക് എതിരെ ആയുധം എന്ന സിദ്ധാന്തം ആണ് ശരി എന്ന വര്‍ഗ്ഗീയത ഉള്ളില്‍ ഫണം വിടര്‍ത്തിയാടി. അറിഞ്ഞതെല്ലാം കാണുന്നവരിലേക്ക് പകര്‍ന്നു. അതിന് ഊടും പാവും നല്‍കാന്‍ ചരിത്ര സംഭങ്ങള്‍ക്ക് പുതിയ വ്യഖ്യാനങ്ങള്‍ നല്‍കി. സമാധാനത്തിന്റെ പര്യായമായ പ്രവാചകനെ അക്രമങ്ങളുടെ പ്രേരകനാക്കി വ്യാഖ്യാനിച്ചു. ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ... മനസ്സില്‍ അഗ്നിയും നാവില്‍ വിഷലിപ്ത വാക്കുകളുമായി ഊരുചുറ്റി. നേതാക്കല്‍ മുക്തകണ്ഠം പ്രശംസിച്ചു. ‘എന്നെ കുറിച്ച് സംഘടന ചിന്തിച്ച് തുടങ്ങിയിട്ടുണ്ടെന്നും എപ്പോഴും അവരുടെ സംരക്ഷണയില്‍ എന്റെ ജീവന്‍ ഭദ്രമാണെന്നും‘ എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച ആദ്യ ദിവസമാണ് ഞാനും ചിന്തിച്ച് തുടങ്ങിയത്.

“എന്റെ ജീവന്റെ ഭീഷണി“ യിലേക്ക് തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ണുരുട്ടി കഠാരയുമായി എനിക്ക് നേരെ പാഞ്ഞടുക്കുന്നത്, ഞാന്‍ തന്നെ കുപ്പിയില്‍ നിന്നിറക്കിയ ഭൂതമാണെന്ന് തിരിച്ചറിവുണ്ടായി. അവിടെ വെച്ചാണ് എനിക്ക് വേണ്ടി വ്യാഖ്യാനിക്കപ്പെട്ട ചരിത്ര വസ്തുതകളെ പഠനവിധേയമാക്കാന്‍ ശ്രമിച്ചത്. ഇന്നലെ വരെ ഞാനടക്കം കേട്ടറിഞ്ഞ് മാതൃകയാക്കാന്‍ പുറപ്പെട്ട സംഭവ വികാസങ്ങളുടെ നിജസ്ഥിതി അന്വേഷിച്ചതോടെ വന്ന വഴിയുടെ അബദ്ധം കൂടുതല്‍ കൂടുതല്‍ ബോധ്യമായി. പറ്റിപ്പോയ അബദ്ധത്തെ കുറിച്ച് ആദ്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ നേതാവില്‍ ഭീഷണി വന്നു. “നിശ്ശബ്ദനായിരിക്കണം... ആദ്യം അവസാനിപ്പിക്കേണ്ടത് അകത്തെ ശത്രുവിനെയാണ്...“.

പിന്നെ വഴിമാറി നടന്നു. അറിയാവുന്ന സത്യങ്ങള്‍ പലരേയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു... ചിലര്‍ മനസ്സ് മാറി, മറ്റു ചിലര്‍ സന്ദേഹികളായി. എന്റെ സംശയങ്ങള്‍ അപ്പടി പാര്‍ട്ടി ക്ലാസുകളില്‍ മറ്റു ചിലരും കൂടി ആവര്‍ത്തിച്ചപ്പോള്‍ ‘പുകഞ്ഞ കൊള്ളി‘ ഏതെന്ന് തീരുമാനമായി. അനുനയവും ഭീഷണിയും ഒരു പോലെ പരാചയപ്പെട്ടപ്പോള്‍ ‘നിഷ്കാസനം’ എന്ന പതിവ് പല്ലവിയിലേക്ക് കാര്യങ്ങള്‍ നീങ്ങിത്തുടങ്ങിയിരുന്നെത്രെ.

പക്ഷേ അവര്‍ പദ്ധതി നടപ്പാക്കും മുമ്പ് നാട്ടില്‍ പൊട്ടി പുറപ്പെട്ട കലാപത്തിന്റെ ഗൂഢാലോചന കേസില്‍ ഞാന്‍ അകത്തായി. അതോടെ സംഘടനക്ക് ‘കുലംകുത്തി‘യെ നേരിട്ടൊതുക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസം. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എന്നോടുള്ള ബന്ധത്തിന്റെ പേരില്‍ രാജ്യദ്രോഹി ആവേണ്ടി വന്നില്ലല്ലോ എന്ന സമാധാനം. പേലീസുകാര്‍ക്കും നിയമത്തിനും ജനത്തിന് മുമ്പില്‍ നിര്‍ത്താന്‍ ഒരു പ്രതിയെ ലഭിച്ചതിലുള്ള സന്തോഷം. നീതിയുടെ മുമ്പില്‍ സംരക്ഷകരില്ലാത്തത് കൊണ്ട് ശിക്ഷിക്കപ്പെട്ട് ഇവിടെയെത്തി.

ഇന്ന് രാവിലെ ജയിലില്‍ എത്തിയ പത്രവുമായാണ് സത്യേട്ടന്‍ അന്വേഷിച്ച് വന്നത്. തന്നെ പോലുള്ളവരുടെ മനസ്സില്‍ തീവ്രചിന്തയുടെ വിത്തെറിഞ്ഞ നേതാവിന്റെ കുമ്പസാരമായിരുന്നു പത്രത്താളുകളില്‍. നേതാക്കളെയും ജനക്കൂട്ടത്തെയും സാക്ഷി നിര്‍ത്തി അദ്ദേഹം പ്രഖ്യാപിച്ചു ‘ഇന്നലെ വരെ നടന്ന വഴി ഭീമാബദ്ധമായിരുന്നെന്ന്’. പുതിയ വഴിയിലെത്തിയ ഇടയെനെ വാനോളം പുകഴ്ത്തിയ നേതാക്കളുടെ വാചകങ്ങളുമായി വാര്‍ത്ത അവസാനിച്ചപ്പോള്‍ മനസ്സിലേക്ക് രോഷം ഇരച്ചു കയറിയിരുന്നു. പത്രം ചുരുട്ടിയെറിയുമ്പോള്‍ എല്ലാം ശ്രദ്ധിച്ചിരുന്ന സത്യേട്ടന്‍ തോളില്‍ കൈയ്യമര്‍ത്തി.“നേതാവ് തിരിച്ച് വന്നെന്ന് വെച്ച് വഴിതെറ്റിയ കുഞ്ഞാടുകള്‍ തിരിച്ച് കൂടണയില്ല... അവര്‍ക്ക് പുതിയ ഇടയന്മാര്‍ രക്ഷകരായി എത്തിക്കാണും. പഴയ മേച്ചില്‍ പുറങ്ങളില്‍ തന്നെ അവര്‍ക്ക് ഇഷ്ട ഭക്ഷണം ലഭിക്കുന്നുണ്ടാവും... ഇരുട്ടും മുമ്പ് തിരിച്ചെത്തിയാല്‍ അവര്‍ക്ക് നല്ലത്.... നമുക്കും.” തിരിഞ്ഞ് നടക്കുമ്പോള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.

അടുത്തെ സെല്ലില്‍ നിന്നാരോ ചുമക്കുന്ന ശബ്ദം... റജി ഉറക്കത്തിലെന്തോ സംസാരിക്കുന്നുണ്ട്. തണുപ്പോടിയ സിമിന്റ് തറയില്‍ കണങ്കാലിനെ തേടിയെത്തുന്ന വേദനയും കാത്തുകിടക്കുമ്പോള്‍ കലിയടങ്ങിയ മനസ്സില്‍ “കൂട്ടം തെറ്റിയ കുഞ്ഞാടുകള്‍ തിരിച്ചെത്തട്ടേ...” എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു.

5 comments:

Rasheed Chalil said...

കൂട്ടം തെറ്റിയ കുഞ്ഞാടുകള്‍....

ഇട്ടിമാളു അഗ്നിമിത്ര said...

കൂട്ടം തെറ്റിനടന്ന കുഞ്ഞാട് വീണ്ടും എഴുതാൻ തുടങ്ങി ല്ലെ.. നന്നായി..

പട്ടേപ്പാടം റാംജി said...

ചെയ്തതും ചെയ്യുന്നതും ശരിയാണോ തെറ്റാണോ എന്ന് തിരിച്ചറിയാനാകാതെ......

Unknown said...

കൂട്ടം തെറ്റിയ കുഞ്ഞാടുകള്‍ തിരിച്ചെത്തട്ടേ..

ajith said...

ചുവരുകള്‍ക്കുള്ളിലെ കഥ നന്നായി