Sunday, July 16, 2006

ഇതാ വാതിലും തുറന്നു.



കര്‍ണ്ണാന്ദകരമായ കൂര്‍ക്കം വലിയെ കുറിച്ചു പറയും മുമ്പ്‌ ഞങ്ങളുടെ വില്ലയുടെ ഭൂമിശാസ്ത്രവും കെമിസ്ട്രിയും ഫിസിക്സും എല്ലാം ഒന്നു പറഞ്ഞു കളയാം..

ഐക്യ അറബ്‌ നാടുകളിലെ ദുബൈയില്‍ സത്‌-വ എന്ന സ്ഥലത്ത്‌ ജയില്‍ റോഡിന്റെ ഓരത്തുനിന്ന് അല്‍പം മാറി ഒന്നുരണ്ടു കച്ച താണ്ടിയശേഷം (കച്ച: യു.യെ.യി യിലെ പ്രാവസികളയ ഞങ്ങള്‍ റോഡല്ലാത്ത എന്നല്‍ ഇഷ്ടിക പാകാത്ത മണല്‍ ഏരിയക്കാണ്‌ കച്ച എന്നു പറയുന്നത്‌. അപ്പോള്‍ അല്ലത്തസ്ഥലത്തിനു പക്ക എന്നു പറയുമോ എന്നു നിങ്ങള്‍ക്ക്‌ സംശയം കാണും.അന്വേഷിപ്പിന്‍ കണ്ടെത്തും എന്നല്ലേ..,ഈ കച്ചകാരണം ദിനേന ഷൂപോളീഷ്‌ ചെയ്യെണ്ടിവരുന്നു.. അതു മറ്റൊരു കഥ പിന്നെ പറയാം..) ഒന്നു വെട്ടിതിരിഞ്ഞ്‌ ഏതങ്കിലും ബല്‍ദിയവാല (മുന്‍സിപാലിറ്റി ജീവനകാരന്‍) ഉണ്ടോ എന്ന് നന്നയിപരിശോധിച്ച്‌ ഇല്ല എന്ന ഉറപ്പ്‌ വരുത്തിയ ശേഷം ഞങ്ങളുടെ പാലസിന്റെ കവാടത്തില്‍ എത്തുക. ചാവിയെടുത്ത്‌ (ഉണ്ടെങ്കില്‍ - ഇല്ലങ്കില്‍ ജനലില്‍ ആഞ്ഞുമുട്ടുക, മുട്ടുവീന്‍ തുറക്കപ്പെടും എന്നല്ലേ.. പ്രമാണം) വെളുത്തനിറത്തിലുണ്ടായിരുന്ന (അത്‌ ഒരു ഭൂതകാല യാഥാര്‍ത്ഥ്യം - എനിക്ക്‌ ഇതുവരെ ആ നിറം കാണാനുള്ള സൌഭാഗ്യം ഉണ്ടായിട്ടില്ല, കേട്ടറിവ്‌ മാത്രം) വാതില്‍ ഇത്തിരിബുദ്ധിമുട്ടി തുറക്കുകയും പെട്ടൊന്നടച്ച്‌ ലോക്കയിട്ടുണ്ടോ എന്നു നന്നായി പരിശോധിച്ച്‌ ഉറപ്പ്‌ വരുത്തുകയും ചെയ്യുക. ഇതോടെ നിങ്ങള്‍ ഒരു പ്രത്യേകസ്ഥലത്ത്‌ എത്തിപ്പെടുന്നു.

നീട്ടികെട്ടിയ നാല്‌ അയകളില്‍ വര്‍ണ്ണാഭമായ സ്വപ്നങ്ങള്‍ പോലെ നിറവും തരവും വ്യത്യസ്തമായ ഒരു വസ്ത്രവൈവിധ്യങ്ങളുടെ ലോകം (സംസ്കാരങ്ങളുടെ സംഗമം എന്നൊക്കെ പറയാറില്ലേ അതുപോലെ). അവിടെനിന്നു ഇത്തിരി നടന്ന് ലെഫ്റ്റിലേക്കു കട്ട്‌ ചെയ്ത്‌ വീണ്ടും കുറച്ചുകൂടി നടന്നാല്‍ ലെഫ്റ്റില്‍ കാണുന്ന ഒരു വാതില്‍ ഉണ്ട്‌. ആവാതില്‍ തുറക്കുന്നതോടെ നിങ്ങള്‍ക്കുമുമ്പില്‍ ഞങ്ങളുടെ റൂമിനകത്താവുന്നു.

നീളത്തിലും കുറുകയും നിരത്തിയിരിക്കുന്ന അഞ്ച്‌ കട്ടിലുകള്‍ പിന്നെ ഒരു കട്ടിലിന്റെ മുകളില്‍ സുഖമായി സുന്ദരമായി വിശ്രമിക്കുന്ന മറ്റൊരുവന്‍. അങ്ങനെ ആകെ മൊത്തം ടോട്ടാല്‍ ആറ്‌ കട്ടിലുകള്‍.. അതിനിടയില്‍ ഇത്തിരിസ്ഥലം, അവിടെ ഒതുക്കിയിട്ടിരിക്കുന്ന ഒരു മേശ അവന്റെ പുറത്ത്‌ വിശ്രമിക്കുന്ന ഒരു പിസി (പോലീസ് കോണ്‍സ്റ്റബള്‍ അല്ല)‍, പിന്നെ മറ്റൊരു മേശ അത്‌ ഇസ്തിരി ചെയ്യനുള്ളത്‌, പിന്നെ അല്ലറ ചില്ലറ സാധനങ്ങള്‍.. ഇതെല്ലം അടങ്ങിയ ഒരു വിചിത്രലോകം... ഇതാണു ഞങ്ങളുടെ കിടപ്പാടം. എല്ലാവര്‍ക്കും സ്വാഗതം..

ഇനി ഞങ്ങളുടെ മെമ്പേഴ്‌-സിനെ പരിചയപ്പെടാം.. ആകെ‍ ആറ്‌ അന്തേവാസികള്‍... അതില്‍ വീറ്റോ അധികാരമുള്ള മൂന്ന് പേര്‍.. നമുക്ക്‍ പരിചയപ്പെടുത്താം. നമ്പര്‍ വണ്‍ : ഒര്‍ജിനല്‍ പേര്‌ അബു എന്നാണൊ അതോ ഹനീഫയെന്നാണൊ ഇനി ഇതുരണ്ടുമല്ല അബൂഹനീഫയാണോ എന്നു ഇതുവരെ തീരുമാനിച്ചിട്ടില്ലാത്ത, ഞങ്ങള്‍ എല്ലാവരും യൂനാനി(പുള്ളിയുടെ വാമഭാഗത്തിന്റെ ഫദര്‍ ഒരു യൂനാനി വൈദ്യന്‍ ആണെന്നുള്ള ഒറ്റ ബന്ധമേ ഈ പേരുമായൊള്ളൂ) എന്നു വിളിക്കാറുള്ള ( കേള്‍ക്കെവിളിക്കാനുള്ള പെര്‍മിഷന്‍ ഇനിയും എനിക്ക്‌ കിട്ടിട്ടില്ല-അതിനായുള്ള അശ്രാന്തപരിശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു‍) റുമിലെ വീറ്റൊ അധികാരമുള്ള ചെയര്‍മാന്‍ കുഞ്ഞോന്‍ ആണ്‌ . രണ്ടാമന്‍ ദുബൈ ട്രാന്‍സ്പോര്‍ട്ട്‌ കമ്പനി കോര്‍പറേഷനില്‍ ജോലിചെയ്യുന്ന, ഒരാളും എന്നോട്‌ പരിചയത്തിന്റെ പേരില്‍ ഒരു ഡ്രോപ്പ്‌ ചെയ്യാന്‍ പോലും പറയില്ലന്നു (ടാക്സിമീറ്റര്‍ പേടിച്ചാണേ..) വളരെ അഭിമാനത്തോടെ സഹമുറിയരായ ഞങ്ങളൊട്‌ പറയാറുള്ള, ചിട്ടി നടത്തി ചിട്ടിനടത്തി (ചിട്ടിമാഹാത്മ്യം മറ്റൊരു പോസ്റ്റില്‍)ചിട്ടിക്കാരുടെ സുല്‍ത്താനായതിനാല്‍ ഞങ്ങള്‍ 'അഖിലലോക ചിട്ടിശ്രീമാനായി' (ആദ്യം പത്മശ്രീ,പത്മഭൂഷണ്‍ പോലെ' ചിട്ടിശ്രീ' യോ 'ചിട്ടിഭൂഷണോ ഏതുനല്‍കണം എന്നു ഒരു അഭിപ്രായവ്യത്യാസം ഉണ്ടായതിനാല്‍ സമവായത്തിലൂടെ ‘ചിട്ടിശ്രീമാന്‍‘ എന്നു തിരഞ്ഞെടുത്തു.) ഐക്യകണ്ഠേനതിരഞ്ഞെടുക്കപ്പെട്ട, പച്ചപനന്തത്തേ എന്ന പാട്ടിനെ വല്ലാതെ ഇഷ്ടപ്പെടുന്ന(ലീഗുകാരനായതിനാല്‍) അപരനാമത്തില്‍ മാത്രം അറിയപ്പെടുന്ന വേങ്ങര സ്വദേശി ശ്രീമാന്‍ മുഹമ്മദ്‌ കുട്ടി (ഇത്രയും വിശേഷണങ്ങളുണ്ടെങ്കിലും അതിന്റെ യാതൊരു അഹങ്കാരവും ഇല്ലാത്ത) എന്ന ബപ്പുട്ടി.
(തുടരും....)

ബാക്കിയുളള മഹാന്മാരെ അടുത്തപോസ്റ്റില്‍ പരിചയപ്പെടുത്താം ...

10 comments:

Visala Manaskan said...

വിവരണം കേമമാകുന്നുണ്ട്.

വീറ്റോ അധികാരമില്ലാത്ത ബാക്കി മൂവരെപ്പറ്റിയും പറഞ്ഞാലും.

ദേവന്‍ said...

ചിത്രവും ഇത്തിരിവെട്ടം വരച്ചതാണോ? എങ്കില്‍ സാക്ഷിക്കൊരു കൂട്ടായല്ലോ.

വിശാലാ,
ബാക്കി മൂന്നില്‍ ഒരാളിനെ ഞാന്‍ പരിചയപ്പെടുത്താം. പേരു റഷീദ്‌. കോട്ടക്കലിനടുത്താണു മാറാക്കരയാണു വീട്‌. പഴയ ഹിന്ദിപ്പാട്ടുകള്‍ വലിയ ഇഷ്ടമാണ്‌.

Rasheed Chalil said...

ദേവേട്ടാ ചിത്രം ഞാന്‍ വരച്ചതല്ല..
നെറ്റില്‍നിന്നു അടിചുമാറ്റിയതാ...
ആരോടും പറയല്ലേ ..

ദേവന്‍ said...

ഹേയ്‌ ന്നാ ഞാന്‍ ചോദിച്ചിട്ടേയില്ല.

myexperimentsandme said...

ഞാനും ഒന്നും കണ്ടിട്ടില്ല

കുറുമാന്‍ said...

എത്താന്‍ വൈകിപോയി, പോസ്റ്റുകള്‍ വായിച്ചു തീര്‍ക്കണം, എങ്കിലും, വൈകിയവേളയില്‍ ഒരു ചെറിയ

സ്വാഗതം

Anonymous said...

പ്രവാസിയുടെ ജീവിതം സരസമായി അവതരിപ്പിച്ചിരിക്കുന്നു.അടുത്തഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ഇടിവാള്‍ said...

ഇത്തിരി വെട്ടത്തിനു, നല്ല വെളിച്ചത്തിലുള്ള ഒരു ഇടിവെട്ട്‌ സ്വാഗതം ! ഇനി വെളിച്ചത്തിന്റെ ഒരു കുറവു വേണ്ടേ വേണ്ട ;) !

പരിചയപ്പെടുത്തല്‍ വായിച്ചു ! ഇനി ബാക്കീം പോന്നോട്ടേ !

സലാമലൈക്കും !

sami said...

എഴുത്തിലെ ‘നര്‍മ്മത്തിന്‍റെ അംശം‘ എവിടെയോ വിങ്ങലുണ്ടാക്കുന്നു.........നന്നായിരിക്കുന്നു.......
സെമി

Rasheed Chalil said...

വിശാലമനസ്കാ നന്ദി..
വക്കരിമഷ്ടാ കാണാന്‍ പാടില്ലത്തത് കാണത്തതില്‍ നന്ദി..
ദേവേട്ടാ‍.. ചോദിക്കാന്‍ പാടില്ലാത്തത് ചോദിക്കാതിരുന്നതിനും നന്ദി..

നസി/നിയാസ് നന്ദി
കുറുമന്‍ ജീ/ഇടിവാള്‍/സമി എല്ലാവര്‍ക്കും ഒത്തിരി നന്ദി..തുടക്കകാരനാണേ...

അഭിപ്രായങ്ങള്‍,നിര്‍ദേശങ്ങള്‍,വിമര്‍ശനങ്ങള്‍ അറിയിക്കുമല്ലോ...