Thursday, September 07, 2006

എന്തിനെന്നറിയാത്ത കണ്ണീര്‍

രണ്ട്‌ വര്‍ഷത്തെ പ്രാവസത്തിന്‌ ശേഷം, നിറഞ്ഞ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ഒത്തിരി മനസ്സുകളുടെ ഇത്തിരി ദിവസങ്ങളുടെ സാന്നിധ്യത്തിനായി, കെട്ടിമുറുക്കിയ കാര്‍ട്ടൂണുമായി യാത്രക്കിറങ്ങിയ എന്നെ, ഈ മരുഭൂമി സമ്മാനിച്ച നല്ല സുഹൃത്തുക്കള്‍ നിറഞ്ഞകണ്ണുകളോടെ ആലിംഗനം ചെയ്ത്‌ യാത്രയാക്കി.


എയര്‍പോര്‍ട്ടിലെ തിരക്കില്ലാകൌണ്ടറില്‍ ഇത്തിരി തിരക്കില്‍ പാസ്പോര്‍ട്ടും ടിക്കറ്റും കാണിച്ചപ്പോള്‍ അറബിതരുണിയുടെ ചോദ്യം. താങ്കള്‍ ആദ്യമായാണോ നാട്ടിലേക്ക്‌. അതേയെന്ന് കേട്ടപ്പോള്‍ ഒരുനിമിഷം അവരുടെ ചുണ്ടില്‍ കരുണരസം നിറച്ച മന്ദഹാസം വിടര്‍ന്നുപൊഴിഞ്ഞു. അതോടൊപ്പം 'മനോഹരമാണ്‌ നിങ്ങളുടെ നാട്‌, ഞാന്‍ കണ്ടിട്ടുണ്ട്‌' എന്ന് പറയുകയും ചെയ്തു. തീര്‍ച്ചയായും, പച്ചക്കുന്നുകളും, പുഴയും പൂക്കളും മഴയും മരങ്ങളും... പാസ്പോര്‍ട്ടില്‍ പതിക്കാന്‍ സ്റ്റാമ്പെടുക്കുന്ന അവരുടേ മുമ്പില്‍ ഞാന്‍ ഒരു നിമിഷം വാചാലനായി. അത്ഭുതത്തോടെ തലയുയര്‍ത്തി എനിക്ക്‌ ആശംസകള്‍ പറഞ്ഞ്‌ എന്റെ ബോര്‍ഡിംഗ്‌ പാസ്സും പാസ്പോര്‍ട്ടും തിരികെ തരുമ്പോള്‍ വീണ്ടും പഴയ നിസംഗമായ പുഞ്ചിരി അവരുടെ ചുണ്ടില്‍ തിരിച്ചെത്തിയിരുന്നു



വിമാനത്തിലെ ജനാലയോട്‌ ചാരിയിരുന്ന് വെളിച്ചത്തില്‍ മുങ്ങിനില്‍ക്കുന്ന ദുബൈനഗരത്തോട്‌ തല്‍ക്കാലത്തേക്ക്‌ യാത്രപറയുമ്പോള്‍, ആ വെളിച്ചത്തിന്റെ പ്രളയത്തിനിടയിലെ ഇരുളിന്റെ തുരുത്തുകളില്‍ ഒളിഞ്ഞിരിക്കുന്ന പ്രതീക്ഷകളായിരുന്നു മനസ്സ്‌ നിറയെ. ഉറ്റവരുടെ ഉന്നതിക്കായി സ്വപ്നങ്ങള്‍ ത്യജിച്ച ഒത്തിരി ജീവിത വൈവിധ്യങ്ങള്‍.


ഫ്ലൈറ്റില്‍ മുഴങ്ങുന്ന തട്ടുപൊളിപ്പന്‍ സിനിമയുടെ ശബ്ദഘോഷങ്ങള്‍ക്കിടയിലും ഞാന്‍ നാട്ടിലായിരുന്നു.

സ്നേഹവും സൌഹൃദവും വാത്സല്ല്യവും പ്രണയവും എല്ലാത്തിനുമായി ഏതാനും ദിവസങ്ങള്‍. പിന്നീട്‌ ഓടിമറയുന്ന ദിവസങ്ങള്‍കൊടുവില്‍ മടിയില്‍ തലവെച്ച്‌ കുഞ്ഞായി ചുരുണ്ടുകിടക്കുമ്പോള്‍ തലയിലോടുന്ന വിരല്‍ തുമ്പിലൂടെ ഒഴുകുന്ന ഉമ്മയെന്ന സാന്ത്വനവും, അകത്തെ പൊള്ളുന്ന അഗ്നിയിലും പുറത്ത്‌ പുഞ്ചിരിയുടെ പുറന്തോടണിയുന്ന പിതാവിന്റെ കാരുണ്യവും ഉപേക്ഷിച്ച്‌, വലിയ മിഴികളില്‍ നിറഞ്ഞ് കണ്ണീരുമായി യാത്രയാക്കുന്ന പ്രേയസിയെ വിറക്കുന്ന വിരല്‍ തുമ്പില്‍ അമര്‍ത്തിപ്പിടിച്ചാശ്വസിപ്പിച്ച്‌, ജീവിതത്തിന്റെ പാരുഷ്യം പരിചയമില്ലത്ത മകനെ നെറുകയില്‍ അമര്‍ത്തിച്ചുംബിച്ച്‌ എല്ലാവരേയും ഒന്ന് കൂടി നോക്കി യാത്രപറഞ്ഞ്‌ ഹാന്റ്ബാഗ്‌ എടുക്കുന്നതോടെ മറ്റൊരു വെക്കേഷനായുള്ള കാത്തിരുപ്പ്‌ ആരംഭിക്കുന്നു.


തൂക്കിപ്പിടിച്ച ബാഗുമായി ഒന്ന് തിരിഞ്ഞ്‌ നോക്കാന്‍ പോലും ധൈര്യമില്ലാതെ, കാഴ്ച്ചവട്ടത്തില്‍ നിന്ന് അകലും വരെ തന്നെ പിന്തുടരുന്ന ഒട്ടനവധി നനഞ്ഞ നയനങ്ങളെ അവഗണിച്ച്‌ രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌... ഒന്ന് കരയാന്‍ പോലും സ്വാതന്ത്ര്യമില്ലാതെ... ഇപ്പോഴിതാ ഒരു തിരിച്ച്‌ വീണ്ടും.


എയര്‍പ്പോര്‍ട്ടില്‍ നിന്ന് പുറത്ത്‌ കടന്ന് ചുറ്റും നോക്കി. നരച്ച തൂവെള്ളത്താടിക്കിടയില്‍ ചുണ്ടില്‍ വിരിഞ്ഞ ഒരിക്കലും കണ്ട്‌ കൊതിതീരാത്ത പുഞ്ചിരിയും, ഏതു നിമിഷവും ഒലിച്ചിറങ്ങാന്‍ സാധ്യതയോടെ നിറഞ്ഞുനില്‍ക്കുന്ന കണ്ണീരും, നീട്ടിപിടിച്ച കൈകളുമായി നില്‍ക്കുന്ന പിതാവ്‌. നെഞ്ചോട്‌ ചേര്‍ത്തി അമര്‍ത്തിപ്പിടിച്ചപ്പോള്‍ ഒരു കുഞ്ഞിനേപ്പോലെ തേങ്ങിക്കരയാന്‍ തോന്നി. അമര്‍ത്തിപ്പിടിച്ച എന്റെ തേങ്ങലിനിടയിലും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നാണ്ടായിരുന്നു...

എന്തിനെന്നാറിയാതെ...

54 comments:

വല്യമ്മായി said...

അയ്യോ പ്രവാസികള്‍ കരയരുത്.ചിരിക്കൂ പൊട്ടിപ്പൊട്ടി ചിരിക്കൂ.ദില്ബൂ അടുത്ത കഥയ്ക്കുള്ള സമയമായി

Unknown said...

ഇത്തിരിചേട്ടാ,
കണ്ണ് നനഞ്ഞു.ശരിക്കും വല്ലാത്ത ഒരു വിങ്ങല്‍ തന്നെയാണ് യാത്ര പറയുമ്പോള്‍.

പ്രാവസിയല്ല മോനേ ദിനേശാ... പ്രവാസി.

വല്ല്യമ്മായീ, ഇത് ഏതോ പ്രാവസിയുടെ കഥയാണ്.പ്രവാസികളുടെ ഒറിജിനല്‍ കഥ ഞാന്‍ ഒരു ദുര്‍ബല നിമിഷത്തില്‍ പോസ്റ്റ് ചെയ്ത് പോയിരുന്നല്ലോ.

(ഓടോ:എംബസിയില്‍ നിന്ന് വിളിച്ചിരുന്നു. നീയാണ് മോനേ യഥാര്‍ഥ പ്രവാസി എന്നും ഇത് പോലുള്ള സത്യങ്ങള്‍ തുറന്നെഴുതൂ എന്നും ഇക്കൊല്ലത്തെ ‘ഒട്ടകശ്രീ’ അവാര്‍ഡ് മിക്കവാറും എനിക്ക് തന്നെയാവുമെന്നും പറഞ്ഞു. എനിക്ക് വയ്യ...):-)

viswaprabha വിശ്വപ്രഭ said...

ദാ ഇപ്പൊ വരും വക്കാരിയുടെ കമന്റ്!

ഇപ്പൊ ശരിയാക്കിത്തരും!

asdfasdf asfdasdf said...

പറഞ്ഞു പറഞ്ഞു ഇത്തിരിവെട്ടം പ്രവാസികളെ ഒന്നടങ്കം നാട്ടില്‍ കേറ്റി വിടുമോ ?നല്ല എഴുത്ത്.

റീനി said...

ശ്ശേ...ശ്ശേ...ആണ്‍കുട്ടികള്‍ കരയുകയോ????

മനസ്സിന്റെ വിങ്ങലുകളും വികാരങ്ങളും ഭംഗിയായി എഴുതിയിരിക്കുന്നു.

Anonymous said...

ഈ യാത്ര പറച്ചില്‍ ഒരു മഹാ എടങ്ങേറാണല്ലേ! കൊച്ചും തള്ളേം എല്ലാം കൂടെ ഉണ്ടായിട്ടും കഴിഞ്ഞ തവണ, കണ്ണു നിറഞ്ഞു കവിഞ്ഞു പോയി... നാടെന്നും പ്രവാസിക്കൊരു നോവുതന്നെ...

Anonymous said...

ഈ യാത്ര പറച്ചില്‍ ഒരു മഹാ എടങ്ങേറാണല്ലേ! കൊച്ചും തള്ളേം എല്ലാം കൂടെ ഉണ്ടായിട്ടും കഴിഞ്ഞ തവണ, കണ്ണു നിറഞ്ഞു കവിഞ്ഞു പോയി... നാടെന്നും പ്രവാസിക്കൊരു സുഖമുള്ള നോവുതന്നെ...

Sreejith K. said...

യാത്രാമംഗളങ്ങള്‍ നേരുന്നു ഇത്തിരീ. നാട്ടില്‍ വരുമ്പോള്‍ വിളിക്കുമല്ലോ. നാട്ടില്‍ കുറേ നാളുകള്‍ കൂടി വരുമ്പോള്‍ തോന്നുന്ന ഈ ഒരു വികാരം എനിക്കന്യം.അങ്ങിനെ ഞാന്‍ മാറിനിന്നിട്ടില്ലാത്തത് കൊണ്ട്

പൂര്‍ണ്ണ വിരാമം ഇരട്ടിച്ചാ‍ണല്ലോ പലയിടത്തും കാണുന്നത്. ഒന്നുകില്‍ ഒറ്റയ്ക്ക്, അല്ലെങ്കില്‍ മൂന്നെണ്ണമായി, അങ്ങിനെ അല്ലേ വേണ്ടത്?

ഏറനാടന്‍ said...

കനവിലുള്ള സ്വന്തക്കാരെ കാണുവാന്‍ ആധികൂട്ടുന്ന ഇതിവൃത്തം. ഇത്തിരിവെട്ടമേ കണ്ണുകളെ ഈറനണിയിച്ചല്ലോ..

Anonymous said...

എനിക്കിപ്പം വീട്ടീ പോണം....

ഇത്തിരീ ...അസ്സലായി... ശരിക്കും എനിക്കിപ്പോ നാട്ടില്‍ പോകാന്‍ തോനുന്നു...

ഇടിവാള്‍ said...

അതു ശരി ! റഷീദേ, ഞാണ്‍ കരുതി ഇപ്പ നിങ്ങളു നാട്ടിലാണെന്നു !എഴുത്തു കൊള്ളാം കേട്ടോ !

മുസ്തഫ|musthapha said...

ശരിക്കും നൊന്തു...

പിരിയാന്‍ നേരം നെഞ്ചോട് ചേര്‍ത്തിറുകെപ്പുണര്‍ന്ന് കൂടുതല്‍ കൂടുതല്‍ അമരുന്ന ഉപ്പാടെ കൈകള്‍...

ഇല്ല ഒന്നും പറയാനില്ല...

aneel kumar said...

നെഞ്ഞിന്റുള്ളിലൊരു ഭാരമേറിയ കല്ലെടുത്തു കയറ്റിവച്ച പോലുള്ള ഒരനുഭവം.
നാട്ടില്‍ നിന്നു വന്നാല്‍ കുറേ നാളത്തേയ്ക്ക് അതങ്ങനെ ഉണ്ടാവും...രണ്ടുമൂന്നു ശമ്പളമൊക്കെ കിട്ടി ഒന്നു സെറ്റിലാവുമ്പോഴേയ്ക്ക് ഭാരം അല്പാല്‍പ്പം കുറയും. പിന്നെ അടുത്ത വെക്കേഷന്റെ ലാഘവമേറ്റുന്ന സ്വപ്നങ്ങള്‍.

അഭയാര്‍ത്ഥി said...

അനിയാ
ഇത്തിരിവെട്ടമെ നമ്മുടെ ജീവിതത്തിലുള്ളു.
26 വര്‍ഷങ്ങളോളമായി ഗതികിട്ടാതെ അലയുന്ന അത്മാവാണ്‌ ഗന്ധര്‍വന്റേത്‌. 5 കി മി ചുറ്റളവിലുള്ള എല്ലാ ആഘോഷങ്ങളിലും സജീവ സാനിദ്ധ്യമായിരുന്നു കോളേജ്‌ കാലത്തെ ഗന്ധര്‍വന്‍. ഗന്ധര്‍വന്റെ കമ്പനി കിട്ടാന്‍ അന്നത്തെ യുവതുര്‍ക്കികള്‍ മല്‍സരിച്ചിരുന്നു, സത്കരിച്ചിരുന്നു.
ഉരുള്‍പ്പൊട്ടലിലെ കാല്‍ക്കീഴിലെ മണ്ണു പോലെ ലാവാ പ്രവഹത്തില്‍ കരിയുന്ന പച്ചപ്പു പോലെ എല്ലാം കാലം ഞൊടിയിടകൊണ്ട്‌ പിടിച്ചുവാങ്ങി. അടുത്തവര്‍ക്കൊക്കെ സുഖജീവിതം കൊടുക്കണമെന്ന ആഗ്രഹമൊ ഒട്ടും ഫലപ്രാപ്തി കണ്ടതുമില്ല.

നേടിയത്‌ ഒരു തിരിച്ചറിവ്‌ മാത്രം ഒരു ബന്ധവും ശാശ്വതമല്ല. എല്ലാം താത്ക്കാലികം.

ഓരോ വെക്കേഷന്‍ പോയ്‌ വരുമ്പോഴും ശരീരത്തിലെ സെല്ലുകള്‍ പോലെ ബന്ധങ്ങള്‍ നശിക്കുന്നു. പുതിയവ കീളിര്‍ക്കുന്നു. നെഞ്ചിലേറ്റിയ സൗഹൃദങ്ങള്‍ കൂട്ടിച്ചേര്‍ക്കനാകാത്ത വിദൂരതയിലേക്കു പോകുന്നു. ഇഷ്ടം വെറുപ്പാകുന്നു. പുതിയ പുഞ്ചിരികള്‍ അടുത്ത വേര്‍പാടിനായ്‌ അടുക്കുന്നു.

ചോരയൊലിക്കുന്ന ഹൃദയവും, മുറിപ്പാടുകളുള്ള കൈകളും പാദങ്ങളുമായി കുരിശേലേറ്റപ്പെടേണ്ട നമുക്ക്‌ യാത്ര തുടരാം.
ഈ ലോക ദുഖങ്ങള്‍ക്ക്‌ പരിഹാരം നമ്മുടെ കുരിശിലേറിയ മരണം.
കാകുല്‍ത്താ മലനിരകളിലൂടെ കുരിശും പേറി നമുക്ക്‌ അങ്ങിനെ ഇഴയാം മുള്‍ക്കിരീടങ്ങളുമായി.

"ഏ ലമ്മ റബ്ബി ശബ്ബക്ത്താനി "
"പിതാവെ പിതാവെ ഈ പാനപാത്രം എന്നില്‍ നിന്നെടുക്കേണമെ"
വിലാപം വിലാപം മാനവൊരൊക്കെയും വിലപിക്കുന്നു.

P Das said...

നാട്ടീന്നും വീട്ടീന്നും മാറി നിക്കുമ്പോഴേ അതിന്റെ വില അറിയൂ..ഇത്തിരിവെട്ടമേ വായിച്ചപ്പൊ സങ്കടം തോന്നി..

Rasheed Chalil said...

വല്ല്യമ്മായി തേങ്ങയുടച്ച് ഉദ്ഘാടനം ചെയ്തതിന് ഒരുപാട് നന്ദി. പിന്നെ വേണമെങ്കില്‍ ചിരിക്കാം.. പൊട്ടിച്ചിരിച്ചാല്‍ ആരെങ്കിലും ആശുപത്രി തിരയാന്‍ തുടങ്ങും.. ജാഗ്രതൈ...

ദില്‍ബൂ.. നന്ദി, പിന്നെ ഒട്ടകശ്രീ അവര്‍ഡ് കിട്ടിയ വകയില്‍ ഒരു പാര്‍ട്ടി വേണം. ഇല്ലങ്കില്‍ ഞാന്‍ ഈ വിവരം യൂണിയന്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ തൂക്കും. പിന്നെ കഥയറിയാമല്ലോ...

വിശ്വംജീ : നന്ദി, വക്കാരി കണ്ടില്ലന്ന് തോന്നുന്നു.

മേനോനെ നന്ദി കെട്ടോ. എല്ലാ പ്രവാസികളും നട്ടില്‍ പോയി തേരാ... പാരാ... നടന്ന് ആര്‍മാദിക്കട്ടേ. അത് കണ്ട് രാഷ്ട്രീയ സാംസ്കാരിക നായകന്മാര്‍ പുളകം കൊള്ളട്ടേ. പിന്നെ അവരൊട് പറയനായി എല്ലാ പ്രവാസികളും ദില്‍ബുവിന്റെ കഥ മനഃപാഠമാക്കി പിന്നീട് മറക്കാതിരിക്കാന്‍ ഉരുവിട്ട് ശീലിക്കട്ടേ. പിന്നെ ടിക്കറ്റ് എന്ന് പറയരുത്. ശ്രീനിവാസന്‍ സന്ദേശത്തില്‍ പറഞ്ഞപോലെ അത് എനിക്കിഷ്ടമല്ല.

റീനി നന്ദി, പിന്നെ കരയുന്നതിലും ആണ്‍കരച്ചിലും പെണ്‍കരച്ചിലുമുണ്ടോ (തമാശിച്ചതാണേ).

മോനേ അനോണികുട്ടാ... നന്ദി കെട്ടോ. നാടെന്നും പ്രവാസിക്ക് നോവുതന്നെ. പക്ഷേ എല്ലാവര്‍ക്കും അത്ര സുഖമുള്ള നോവൊനുമല്ല.

ശ്രീജിത്ത് നന്ദി, പിന്നെ നാട്ടിലെത്താന്‍ ഇനിയും മാസങ്ങളുണ്ട്. അതിന് ആയുസ്സുണ്ടങ്കില്‍ തീര്‍ച്ചയായും വിളിച്ചിരിക്കും. കൂട്ടത്തില്‍ ഒരുപാടു നന്ദിയും. വായിച്ചതിനും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനും. ഇനിയും ഹെല്പുമെന്ന പ്രതീക്ഷയോടെ.

ഏറനാടന്‍ മാഷേ നന്ദി.

അന്‍‌വര്‍ നന്ദി, പിന്നെ മേനോന്‍ ജിയോട് പറഞ്ഞത് വായിച്ചിരിക്കുമല്ലോ.

ഇടിവാള്‍ജീ നന്ദി, വെക്കേഷന് ഇനിയും മാസങ്ങള്‍ കഴിയണം. ഇത്തിരി മുമ്പ് എഴുതിവെച്ചതായിരുന്നു. ഇപ്പോള്‍ പോസ്റ്റി.

അഗ്രജാ... നന്ദി, അത് എല്ലാവരും അനുഭവിക്കുന്നു.

അനില്‍ നന്ദി, ഉറ്റവരെ പിരിയുന്നതിന്റെ വേദന. പിന്നെ നാം എല്ലാം മറക്കുന്നു. ഒരു വര്‍ഷത്തേക്ക്.

ഗന്ധര്‍വ്വരേ നന്ദി. ആവറേജ് പ്രവാസി ആ തിരിച്ചറിവെത്തുമ്പോഴേക്ക് ജീവിതത്തിന്റെ നല്ലൊരുഭാഗവും ഹോമിച്ചിരിക്കും. ജീവിക്കാന്‍ മറന്ന് ജീവിച്ച് അവസാനം തിരിഞ്ഞ് നോക്കുമ്പോള്‍ ഒന്നുമില്ലാത്ത, ഒന്നുമല്ലാത്ത ഒരു വല്ലാത്ത അവസ്ഥ. അങ്ങനെ ആര്‍ക്കും സംഭവിക്കാതിരിക്കാതിരിക്കട്ടേ.

ചക്കരേ നന്ദി, തീര്‍ച്ചയായും

myexperimentsandme said...

ഇത്തിരിവെട്ടമേ, നന്നായിരിക്കുന്നു. ഈ വികാരം എഴുപത് കിലോമീറ്റര്‍ അകലെയുള്ള യൂണിവേഴ്‌സിറ്റിയിലേക്ക് എല്ലാ തിങ്കളാഴ്‌ചയും രാവിലെ പോകുമ്പോളും അനുഭവിച്ചിരുന്നു. അന്ന് ഉച്ചകഴിഞ്ഞ് വല്ല ടെസ്റ്റ് പേപ്പറുമുണ്ടെങ്കില്‍ സംഗതി ഒന്നുകൂടി കൂടുതലായിരുന്നു.

ഒരു ദൂരയാത്രയു നമ്മളിലുണ്ടാക്കുന്ന മാനസികവിഷമങ്ങള്‍ നന്നായി പറഞ്ഞിരിക്കുന്നു.

പ്രാവസി എന്ന് വായിച്ചപ്പോള്‍ ദേവസ്സി എന്ന പേരാണ് ഓര്‍മ്മ വന്നത് :)

വിശ്വേട്ടാ, യ്യോ, ഞാന്‍...പാവം അയ്യേ ഐവാച്ചന്‍ :)

Visala Manaskan said...

തീഷ്ണം! സങ്കടം എന്റെ ചങ്കില്‍ വന്നിടിച്ചു.

ഒരു തവണ നാട്ടില്‍ നിന്ന് പോരുമ്പോള്‍ സങ്കടം മാറ്റാന്‍ ഞാന്‍ കാറില്‍ കയറാന്‍ നേരം ഉറക്കെ അമ്മയോട് പറഞ്ഞു.

‘അടുത്ത തവണ വരുമ്പോഴും ഇങ്ങിനെയൊക്കെ തന്നെ ഇവിടെ കാണണം ട്ടാ. മരുന്നുകളൊന്നും മുടക്കരുത്. നമുക്ക് തൃശ്ശൂര്‍ ജംബോ സര്‍ക്കസ് കാണാന്‍ പോകേണ്ടതാണ്‘ എന്ന്.

പിന്നെയൊരിക്കലും അങ്ങിനെ പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ എനിക്ക് കഴിഞ്ഞില്ല.

myexperimentsandme said...

വിശാലാ... :(

തറവാടി said...

എനിക്ക് പലതും ഓര്‍മ്മ വരുന്നു..എന്നാല്‍ കമന്റുന്നില്ല ...ആകട്ടെ ഒരു പോസ്റ്റ് ...എന്ത് പറയുന്നു ..വെട്ടമെ...

Adithyan said...

ഇത്തിരീ
റ്റച്ചിങ്ങ് :(

Rasheed Chalil said...

വക്കാരിമാഷേ നന്ദി, ഉറ്റവരില്‍ നിന്നകന്ന് നില്‍കുക പ്രയാസം തന്നെ.

വിശാല്‍ജീ നന്ദി,

ഒരു തവണ നാട്ടില്‍ നിന്ന് പോരുമ്പോള്‍ സങ്കടം മാറ്റാന്‍ ഞാന്‍ കാറില്‍ കയറാന്‍ നേരം ഉറക്കെ അമ്മയോട് പറഞ്ഞു.
‘അടുത്ത തവണ വരുമ്പോഴും ഇങ്ങിനെയൊക്കെ തന്നെ ഇവിടെ കാണണം ട്ടാ. മരുന്നുകളൊന്നും മുടക്കരുത്. നമുക്ക് തൃശ്ശൂര്‍ ജംബോ സര്‍ക്കസ് കാണാന്‍ പോകേണ്ടതാണ്‘ എന്ന്.
ഈ കമന്റിന് എന്തുപറയണം എന്നെനിക്കറിയില്ല. അസ്സലായി.

തറവാടി മാഷേ നന്ദി... പോസ്റ്റുകള്‍ വരട്ടേ.
അദീ നന്ദി.

മുസ്തഫ|musthapha said...

വിശാലാ... ശരിക്കും നൊന്തു :(

Anonymous said...

ശരിക്കും കണ്ണുനനഞ്ഞു. വല്ലാത്ത വാക്കുകള്‍. മുറുകുന്ന കൈകള്‍ പിന്നെയും വേട്ടയാടുന്നു.

റഷീദേ ഒത്തിരി ഇഷ്ടമായി കെട്ടോ. ഇതൊന്നും ഇത്തിരിവെട്ടമല്ല. ഒത്തിരിവെട്ടം തന്നെ.

ഡാലി said...

ഇത്തിരേയ്, ടൊ മനുഷ്യാ... തനിക്ക് പ്രാന്തണോ... എന്തോന്നു നാട്.... എന്തോന്നു കൂട്...നൊവള്‍ജിയ...കുന്തം...പിന്നെ കൊടചക്രം... ഒക്കെ ഒരു മായല്ലേടൊ... തനിക്കത് ഇതുവരെ മനസ്സില്ലായില്ലായ്ച്ചട്ട് ബാക്കിള്ളോരെ കൂടെ പ്രാന്താക്കാ‍ാ...ഗദ്...ഗദ്...ഗദ്... ഇനി ഒന്നും പറയാന്‍ വയ്യാ.

എന്ന നാട്ടിലേക്ക് ഇത്തിരി?

kusruthikkutukka said...

കഥ ഉള്ളില്‍ തട്ടി..
പിന്നെ വെറെ ഒരു കാര്യം .അകന്നിരിക്കുമ്പൊഴാണു അടുപ്പം കൂടുക അല്ലെ?..എന്തോ എനിക്കങ്ങിനെ തോന്നി ......

കരീം മാഷ്‌ said...

വായിച്ചപ്പോള്‍ വിശാലമനസ്‌കന്റെ ജിമെയില്‍ അഡ്ഡ്രസ്സു ഓര്‍മ്മവന്നു
"എന്റമ്മേ"
"എന്റുമ്മാ"

"രന്റും ഒന്നു തന്നെ. മുലപ്പാലിന്റെ നിറവും ചോരയുടെ നിരവും ഒന്നു തന്നെ"

"കാണാമറയത്തിരിക്കുന്ന മക്കളെ കാത്തോളണെ!"

Anonymous said...

മോനേ ഇത്തിരീ, ഒരു പെണ്ണും പിടക്കോഴിയൊക്കെയാകുമ്പൊ ഇപ്പപ്പറഞ്ഞ ഡയഗോലൊന്നും (ശ്ശെ, ഡയലോഗ്) മറന്നു പോകരുത് കേട്ടോ.

ഇതെന്താ കരീം മാഷെ ഒരു ഉണ്ണിച്ചുട്ടന്‍ ചുവ? "രന്റും ഒന്നു തന്നെ. മുലപ്പാലിന്റെ നിറവും ചോരയുടെ നിരവും ഒന്നു തന്നെ"
ര്‍ന്റും, നിരവും?

കരീം മാഷ്‌ said...

"രന്റും ഒന്നു തന്നെ. മുലപ്പാലിന്റെ നിറവും ചോരയുടെ നിരവും ഒന്നു തന്നെ"
ഇതെന്താ കരീം മാഷെ ഒരു ഉണ്ണിച്ചുട്ടന്‍ ചുവ? "രന്റും ഒന്നു തന്നെ. മുലപ്പാലിന്റെ നിറവും ചോരയുടെ നിരവും ഒന്നു തന്നെ"
ര്‍ന്റും, നിരവും?
-------*-----*---------
ക്ഷമിക്കണം അനോണിമസണ്ണാ..
മനസ്സില്‍ കുറ്റബോധം തോന്നുമ്പോള്‍ ചെയ്യുന്നതെല്ലാം തെറ്റായിരിക്കുമെന്ന് സിനിമാ ഡയലോഗ്‌
ദയവായി തിരുത്തി വായിക്കുക (കീമന്റെ ഫോണ്ടുകള്‍ കണ്ണിനു പിടിക്കുന്നില്ല. വയസ്സായില്ലെ!)

"രണ്ടും ഒന്നു തന്നെ. മുലപ്പാലിന്റെ നിറവും ചോരയുടെ നിറവും ഒന്നു തന്നെ"

Rasheed Chalil said...

നിയാസ് നന്ദി, എല്ലാ പ്രവാസികളും അനുഭവിക്കുന്ന വേദന

ഉമ. നന്ദി, തീര്‍ച്ചയായും, പ്രവാസം തന്നെ അതിനോടുള്ള പൊരുത്തപെടലാണ്.

ഡാലി നന്ദി... പിന്നെ ആ ഗദ്...ഗദ്...ഗദ്.. ഇവിടെ കേട്ടു.

കുസൃതിയേ നന്ദി, അകന്നിരിക്കുമ്പോ അടുപ്പം കൂടും. എങ്കിലും അടുത്തിരിക്കുന്നവര്‍ തമ്മില്‍ അടുപ്പം കുറയില്ല എന്നണെന്റെ അഭിപ്രായം.

കരീം മാഷേ നന്ദി.. താങ്കള്‍ പറഞ്ഞത് സത്യം. മുലപ്പാലിന്റെ നിറവും ചോരയുടെ നിറവും ഒന്നു തന്നെ.

‍അനൊണീകുട്ടാ.. നന്ദി.

നിറമേ... നന്ദി. താങ്കളോട് ഞാനും യോജിക്കുന്നു.
നസി നന്ദി.

Anonymous said...

ആരൊ എവിടെയോ പറയണ കേട്ടു. എപ്പോഴും നാട്ടിലേക്ക് മനസ്സു ചൂണ്ടിയിരിക്കുന്ന ഒരു
വടക്കുനോക്കിയന്ത്രം പോലെയാണ് ഒരോ പ്രവാസിയെന്നും...:-(..ഹും എന്താ ചെയ്യാ? ആയ കാലത്ത് നമ്മളൊക്കെ ജയ് വിളിച്ച് ഒള്ള കമ്പനികള്‍ എല്ലാം പൂട്ടിച്ചില്ലെ?

നാട്ടീ ചെന്നിട്ട് വിശേഷം ഒക്കെ എഴുതണം..
കുഞ്ഞിന്റെ ഫോട്ടോ ഒക്കെ ഇടണം കേട്ടൊ.

പുള്ളി said...

ഇത്തിരിവെട്ടം,

"വിരഹത്തിലല്ലാതെ ലാവണ്യം സമഗ്രമായ്‌, നിരവദ്യമായിട്ടു കാണുവാന്‍ കഴിയീലാ" ന്ന്‌ നെടുമ്പാശ്ശെരിക്കടുത്തുള്ള നായത്തോട്ടുകാരന്‍ ജി ശങ്കരക്കുറുപ്പ്‌ പറഞ്ഞത്‌ ഇതിനെക്കുറിച്ചാണ്‌!

വായിച്ചപ്പോള്‍ എനിക്കും കുറച്ചു വിഷമമായി.

സാരമില്ലഡോ...

മുല്ലപ്പൂ said...

കാലത്തെ കണ്ണൂ നിറച്ചല്ലോ.

കുഞ്ഞാപ്പു said...

ഹ്രുദയത്തില്‍ തന്നെ കൊണ്ടു. വളരെ മനോഹരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
ഞാന്‍ ഒന്നൊന്നായി വായ്ച്ചു വരുന്നതെ യുള്ളൂ.

Anonymous said...

ശരിക്കും കണ്ണുനനഞ്ഞു.

Rasheed Chalil said...

ഇഞ്ചിപ്പെണ്ണേ നന്ദി, തീര്‍ച്ചയായായും.

പുള്ളീ നന്ദി, ജീയുടെ ഈ വരികള്‍ ആദ്യം കേള്‍ക്കുന്നു.

മുല്ലപ്പൂ നന്ദി,

കുഞ്ഞാപ്പു നന്ദി

അനോണീ നന്ദി.

അരവിന്ദ് :: aravind said...

നന്നായി എഴുതിയിരിക്കുന്നു മാഷെ.
ഇഷ്ടപ്പെട്ടു, ഈ പോസ്റ്റും.

അഹമീദ് said...

നാട്ടിലും വീട്ടിലും വെട്ടം പടരുമ്പോള്‍ കരയാനുള്ളതല്ല കണ്ണുകള്‍, ഹൃദയവും.
ചിരിക്കുക..എന്തിനെന്നറിഞ്ഞുകൊണ്ട്‌.

thoufi | തൗഫി said...

വൈകിയാണു സുഹ്രുത്തേ പോസ്റ്റ്‌ കാണാനിടയായത്‌.
പ്രവാസ ജീവിതത്തിന്റെ നോവും നൊമ്പരവും വരികളില്‍ കോറിയിട്ടിരിക്കുന്നു.ഉറ്റവരെയും ഉടയവരെയും വിട്ടുപിരിയുമ്പോഴും വീണ്ടും കണ്ടുമുട്ടുമ്പോഴും നാം അനുഭവിക്കുന്ന വിരഹവേദന ഹൃദയസ്പൃക്കായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു.ചുറ്റുവട്ടത്തെല്ലാം പ്രകാശം പരത്താന്‍ കഴിഞ്ഞെന്ന സംതൃപ്തിയോടെ ഉരുകിയൊലിച്ചില്ലാതാകുന്ന മെഴുകുതിരി കണക്കെ ഓരോ പ്രവാസിയും തന്റെ ആശ്രിതര്‍ക്കായി ജീവിതം ബലിയര്‍പ്പിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ അവര്‍ക്ക്‌ നഷ്ടപ്പെടുത്തേണ്ടി വരുന്ന ഇത്തരം ബന്ധങ്ങളും കൂടിച്ചേരലുകളും പ്രവാസികളായ നമുക്ക്‌ വല്ലാത്തൊരു നെരിപ്പോടു തന്നെയാണു.ഓരോ വരികളും ഉള്ളില്‍ തട്ടിയപ്പോള്‍ ഹൃദയം വല്ലാതെ തേങ്ങി,കണ്ണുകള്‍ ഈറനണിഞ്ഞു.തുടര്‍ന്നും പ്രതീക്ഷിക്കുന്നു.മറ്റൊരു പ്രവാസിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

Anonymous said...

എന്തിനാ ഇത്തിരീ എല്ലാവരെയും വിഷമിപ്പിക്കുന്നത്. ചിരിക്കാനുള്ള വല്ല വിഷയവും എഴുതി ജീവിച്ചുകൂടേ.

എനിക്കും വിഷമമായി.

സു | Su said...

പിറകില്‍ വിട്ട് പോകുന്നവരെക്കുറിച്ച് പ്രവാസികള്‍ ചിന്തിക്കാറുണ്ടോ? അവരെക്കുറിച്ചല്ല. അവരുടെ മനസ്സിനെക്കുറിച്ച്, അതിലെ നീറ്റലിനെക്കുറിച്ച്. ഇനി ഒരു വര്‍ഷം കഴിഞ്ഞ് കാണാം, രണ്ട്‌വര്‍ഷം കഴിഞ്ഞ് കാണാംന്ന് പറയുമ്പോള്‍ പുകയുന്ന അഗ്നിപര്‍വതം കാണുന്നില്ലല്ലോ അല്ലേ? ഇവിടെയുള്ളവര്‍ക്കൊക്കെ സന്തോഷമാണെന്ന് കരുതാറുണ്ടോ പ്രവാസികള്‍.

വിരഹം വേദനയാണ്. യാത്രയും, വിട്ടുപോകലും, ഒക്കെ നൊമ്പരമാണ്. പ്രവാസിയായാലും വാസി ആയാലും.

Anonymous said...

vaaസു | Su said...
പിറകില്‍ വിട്ട് പോകുന്നവരെക്കുറിച്ച് പ്രവാസികള്‍ ചിന്തിക്കാറുണ്ടോ? അവരെക്കുറിച്ചല്ല. അവരുടെ മനസ്സിനെക്കുറിച്ച്, അതിലെ നീറ്റലിനെക്കുറിച്ച്. ഇനി ഒരു വര്‍ഷം കഴിഞ്ഞ് കാണാം, രണ്ട്‌വര്‍ഷം കഴിഞ്ഞ് കാണാംന്ന് പറയുമ്പോള്‍ പുകയുന്ന അഗ്നിപര്‍വതം കാണുന്നില്ലല്ലോ അല്ലേ? ഇവിടെയുള്ളവര്‍ക്കൊക്കെ സന്തോഷമാണെന്ന് കരുതാറുണ്ടോ പ്രവാസികള്‍.


ithokke manasilaavanamenkil oru pravaasi aayi nokkoo.

സു | Su said...

അനോണിയേ ഒരു വിസയുണ്ടെങ്കില്‍ താ. ഒന്ന് പ്രവാസി ആയി നോക്കാം.

വല്യമ്മായി said...

സൂ ചേച്ചി പറഞ്ഞതിലും കാര്യമുണ്ട്.ഇങ്ങോട്ട് വരുന്നവര്‍ക്ക് ഇവിടുത്തെ പുതിയ ലോകവും പുതിയ അനുഭവങ്ങളും. പക്ഷെ അവിടെ ഉള്ളവര്ക്ക് എന്താണുള്ളത്.യാത്രയച്ചപ്പോള്‍ ആ വാപ്പയുടെ വിങ്ങല്‍ നാം കാണാതെ പോയതെന്തേ.ഒരു ഭാര്യയുടെ തേങ്ങല്‍ നിങ്ങള്‍ കേട്ടില്ലെന്ന് നടിച്ചതാണോ.

Anonymous said...

എല്ലാമാസവും ഡ്രഫ്റ്റ് ചെന്നാല്‍ അവരുടെ ദുഃഖം പമ്പകടക്കും വല്ല്യമ്മായി.

വല്യമ്മായി said...

ഒരു പരിധി വരെ മാതാപിതാകളുടെ.പക്ഷെ ഭാര്യമാരുടെ കണ്ണീര്‍ അത് മാറില്ല അനോണീ.

വല്യമ്മായി said...

ഭര്‍ത്താവിന്റെ കൂടെ കാട്ടില്‍ പോയ സീതയുടെ ത്യാഗത്തോടൊപ്പം മറ്റുള്ളവരുടെ രക്ഷക്കായി കൊട്ടാരത്തില്‍ നിന്ന ഊര്മ്മിളയുടെ വിരഹദുഖം നമ്മള്‍ കണ്ടില്ലെന്ന് നടിക്കരുത്.

സു | Su said...

സ്വന്തം വീട്ടുകാരെപ്പറ്റി ഒരാളുടെ അഭിപ്രായം കേട്ടിട്ട് ഞാന്‍ ശരിക്കും ഞെട്ടി. ഇങ്ങനെയുള്ളവര്‍ പിന്നെ പ്രവാസികള്‍ ആകുമ്പോള്‍ എന്തിനെപ്പറ്റിയാണ് ദുഃഖിക്കുന്നത്? ജോലിയും കൂലിയും ഇല്ലാതെ മറ്റുള്ളവരുടെ തണലില്‍ നില്‍ക്കാന്‍ പറ്റാഞ്ഞതിനോ? ജോലിയെടുത്ത് സ്വന്തക്കാരുടെ ഉന്നമനത്തിനു ഒരു സഹായം ആവുന്നതിനോ?


“സ്നേഹവും സൌഹൃദവും വാത്സല്ല്യവും പ്രണയവും എല്ലാത്തിനുമായി ഏതാനും ദിവസങ്ങള്‍. പിന്നീട്‌ ഓടിമറയുന്ന ദിവസങ്ങള്‍കൊടുവില്‍ മടിയില്‍ തലവെച്ച്‌ കുഞ്ഞായി ചുരുണ്ടുകിടക്കുമ്പോള്‍ തലയിലോടുന്ന വിരല്‍ തുമ്പിലൂടെ ഒഴുകുന്ന ഉമ്മയെന്ന സാന്ത്വനവും, അകത്തെ പൊള്ളുന്ന അഗ്നിയിലും പുറത്ത്‌ പുഞ്ചിരിയുടെ പുറന്തോടണിയുന്ന പിതാവിന്റെ കാരുണ്യവും ഉപേക്ഷിച്ച്‌, വലിയ മിഴികളില്‍ നിറഞ്ഞ് കണ്ണീരുമായി യാത്രയാക്കുന്ന പ്രേയസിയെ വിറക്കുന്ന വിരല്‍ തുമ്പില്‍ അമര്‍ത്തിപ്പിടിച്ചാശ്വസിപ്പിച്ച്‌, ജീവിതത്തിന്റെ പാരുഷ്യം പരിചയമില്ലത്ത മകനെ നെറുകയില്‍ അമര്‍ത്തിച്ചുംബിച്ച്‌ എല്ലാവരേയും ഒന്ന് കൂടി നോക്കി യാത്രപറഞ്ഞ്‌ ഹാന്റ്ബാഗ്‌ എടുക്കുന്നതോടെ മറ്റൊരു വെക്കേഷനായുള്ള കാത്തിരുപ്പ്‌ ആരംഭിക്കുന്നു.”

ഇത്തിരിവെട്ടത്തിന്റെ ഈ പോസ്റ്റില്‍ ഇതാണ് ഇത്തിരിവെട്ടം പറഞ്ഞിട്ടുള്ളത്. അതേ സങ്കടം ഇവിടെ വിട്ട് പോകുന്നവര്‍ക്കും ഉണ്ടാകും എന്നേ ഞാന്‍ പറഞ്ഞുള്ളൂ.

എന്തായാലും ഡ്രാഫ്റ്റിലും പൈസയിലും സ്നേഹം അളക്കുന്ന അനോണിയുടെ മനസ്ഥിതി കൊള്ളാം.

ഇത്തിരിവെട്ടം ക്ഷമിക്കണം. നിങ്ങളുടെയൊക്കെ വിചാരങ്ങളും അനോണിയുമായി യോജിക്കുന്നുണ്ടോന്ന് അറിയില്ല. വെറും പണത്തിനുവേണ്ടിയാണോ വീട്ടുകാര്‍ പ്രവാസികളെ സ്നേഹിക്കുന്നത്? ആണെന്നാണ് അഭിപ്രായമെങ്കില്‍ ഞാന്‍ എന്റെ എല്ലാ കമന്റിനും ക്ഷമ ചോദിക്കുന്നു.

Rasheed Chalil said...

അരവിന്ദ്‌ നന്ദി.

അഹ്‌മീദ്‌ : നാട്ടിലും വീട്ടിലും വെട്ടം പരത്തുമ്പോഴും എരിയുന്ന ഒത്തിരി മനസ്സുകളുണ്ട്‌ അഹമീദ്‌. ഞാന്‍ അതാണ്‌ കാണാന്‍ ശ്രമിച്ചത്‌.

മിന്നാമിനുങ്ങേ നന്ദി, തീര്‍ച്ചയായും.

അനോണിഭായ്‌. നന്ദി, ചിരിക്കാനുള്ളത്‌ മാത്രമല്ലല്ലോഭായി ജീവിതം. ഞാന്‍ കണ്ടത്‌ പ്രവാസിയുടെ ചിരിയല്ല. ആ ചിരിയ്കകത്ത്‌ അവന്‍ ആരും കാണാതെ ഒളിപ്പിച്ച ഒരു മനസ്സുണ്ട്‌. ജീവിക്കാന്‍ വേണ്ടി ജീവിക്കാന്‍ മറക്കുന്ന ഒരു മനസ്സ്‌. ഞാന്‍ അതുമാത്രമേ കോറിയിടാന്‍ ശ്രമിച്ചിട്ടുള്ളൂ. അത്‌ മാത്രം. അതില്‍ വിഷമം തോന്നിയെങ്കില്‍ ക്ഷമിക്കണം ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല എന്ന് സത്യസന്ധമായി പറയാന്‍ എനിക്ക്‌ കഴിയില്ല. ഏെതായാലും താങ്കളോട്‌ മാത്രമായി സോറി.

സു ചേച്ചി. നന്ദി, ഓരോ പ്രാവശ്യവും ഉറ്റവരെ വിട്ട്‌ വരുന്നവര്‍ പിന്നെ കുടുംബത്തെ മറക്കാറുണ്ടോ. അവര്‍ക്കും ഞങ്ങളെ പോലെ ഒരു മനസ്സുണ്ട്‌. ആ മനസ്സ്‌ ഞാന്‍ മറന്നിട്ടില്ലല്ലോ. ഒരാള്‍ക്കും മറക്കാനുമാവില്ല. പിന്നെ ഇവിടെ ആ മനസ്സും ഞാന്‍ കണ്ടിട്ടുണ്ടെന്നാണ്‌ എന്റെ വിശ്വാസം. പിന്നെ അവരുടെ സ്നേഹവും സാന്ത്വനവും കാത്തിരിപ്പുമാണ്‌ പ്രവാസിയുടെ ഏറ്റവും വലിയ ഊര്‍ജ്ജം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.


അനോണീ തങ്കള്‍ക്കുകൂടിയുള്ള മറുപടി ഞാന്‍ പറഞ്ഞെന്ന് വിശ്വസിക്കുന്നു.


കൈത്തിരീ നന്ദി, കരയാതിരുന്നാല്‍ കൈത്തിരിക്ക്‌ കൊള്ളാം. അല്ലെങ്കില്‍ തന്നെ കരയിപ്പിച്ച പരാതി ഇപ്പോള്‍ പറഞ്ഞ്‌ തീര്‍ത്തിട്ടേ ഉള്ളൂ.

സൂ ചേച്ചി അനോണിയുടെ വാക്ക്‌ കേട്ട്‌ പ്രവാസിയായി അവസാനം കറിവേപ്പിലേയിലേക്കുള്ള പോസ്റ്റ്‌ മുടക്കരുത്‌.

വല്ല്യമ്മായി നന്ദി, മറുപടിയുടെ ഒരു ഭാഗം മുകളിലുണ്ടെന്ന് വിശ്വസിക്കുന്നു. പിന്നെ ആ കുടുംബത്തിന്റെ വിങ്ങല്‍ തന്നെയാണ്‌ ഈ വരികള്‍ സൃഷ്ടിച്ചത്‌. പിന്നെ ഞാനങ്ങനെ നടിച്ചിട്ടില്ല (ചോദ്യം എന്നോടാണെങ്കില്‍).

അനോണിക്കുട്ടാ... തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ്‌ (അതിന്‌ വേറെ പേരുണ്ടോ ആവോ) ഉപയോഗിക്കല്ലേ... പ്ലീസ്‌... എല്ലാവരേയും ഒരേ അളവുകോല്‍ ഉപയോഗിച്ച്‌ അളക്കരുത്‌.

വല്ല്യമ്മായി ഈ അഭിപ്രായം ശരിയാണെന്ന് എനിക്ക്‌ വിശ്വാസമില്ല. കാശ്‌ കൊണ്ട്‌ സുഭിക്ഷമായി കഴിയാമെന്നല്ലാതെ മനസ്സിന്റെ തേങ്ങലകറ്റാന്‍ അതിന്‌ ശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

സു ചേച്ചീ ഈ അവസാന ചോദ്യത്തിനുള്ള മറുപടി ഞാന്‍ പറഞ്ഞു എന്ന് വിശ്വസിക്കുന്നു.

മുസ്തഫ|musthapha said...

സൂ: അനോണിയുടെ മനസ്ഥിയെ പൂര്‍ണ്ണമായും നമുക്കെതിര്‍ക്കാന്‍ പറ്റോ...!!!.

ഒന്നുകില്‍ സ്വന്തം അനുഭവങ്ങളോ അല്ലെങ്കില്‍ അടുത്തവര്‍ക്കുണ്ടായ അനുഭവങ്ങളോ ആയിരിക്കാം അനോണിയെ അങ്ങിനെ ചിന്തിപ്പിച്ചത്.

അമ്മയെ കൊല്ലുന്ന മകനും, മകളെ പ്രാപിക്കുന്ന അച്ഛനും, ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകന് കൂട്ട് നില്‍ക്കുന്ന ഭാര്യയും, സഹോദരിയെ വില്‍ക്കുന്ന സഹോദരനും വസിക്കുന്ന നമ്മുടെ നാട്ടില്‍ എന്ത് കൊണ്ട് ഡ്രാഫ്റ്റും ചെക്കും മാത്രം കാത്തിരിക്കുന്ന മാതാപിതാക്കളും, ഭാര്യമാരും മക്കളും ഉണ്ടായിക്കൂടാ...!!!

പ്രവാസിക്ക് ലഭിക്കുന്ന ജീവിതാനുഭവങ്ങള്‍ ഒരു പക്ഷേ ഒത്തിരി പഠനങ്ങള്‍ നടത്തിയാലും കിട്ടുമെന്ന് തോന്നുന്നില്ല.

Anonymous said...

അഗ്രജന്‍ പറഞ്ഞത് സത്യം. ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷം പ്രവാസജീവിതത്തിന് ശേഷം ആര്‍ക്കും വേണ്ടാത്ത എത്രയാളുകളെ കേരളത്തില്‍ ഇന്ന് കാണാന്‍ കഴിയും. വിമാന കമ്പനികള്‍ മുതല്‍ സ്വന്തം കുടുംബങ്ങള്‍ക്ക് വരെ പ്രവാസി കറവപ്പശുവാണ്. പാല്‍ വറ്റിയാല്‍ അറവുകാരന് നല്‍കുന്ന കറവപ്പശു.

ഇത്തിരിവെട്ടമേ താങ്കള്‍ പറഞ്ഞ അതേ മറുപടിയാണ് തിരിച്ചും പറയാനുള്ളത്.
തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ്‌ ഉപയോഗിക്കല്ലേ... പ്ലീസ്‌... എല്ലാവരേയും ഒരേ അളവുകോല്‍ ഉപയോഗിച്ച്‌ അളക്കരുത്‌.

ബിന്ദു said...

സാരമില്ല ഇത്തിരി. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇതുമായി പൊരുത്തപ്പെടാന്‍ പറ്റുമായിരിക്കും. :( ഞാനിത് മനസ്സുകൊണ്ട് വായിച്ചില്ല. വെറുതെ എന്തിനാ വിഷമിക്കുന്നത്.

Anonymous said...

make the malyalam in readable form

Unknown said...

സ്നേഹവും സൌഹൃദവും വാത്സല്ല്യവും പ്രണയവും എല്ലാത്തിനുമായി ഏതാനും ദിവസങ്ങള്‍. പിന്നീട്‌ ഓടിമറയുന്ന ദിവസങ്ങള്‍കൊടുവില്‍ മടിയില്‍ തലവെച്ച്‌ കുഞ്ഞായി ചുരുണ്ടുകിടക്കുമ്പോള്‍ തലയിലോടുന്ന വിരല്‍ തുമ്പിലൂടെ ഒഴുകുന്ന ഉമ്മയെന്ന സാന്ത്വനവും, അകത്തെ പൊള്ളുന്ന അഗ്നിയിലും പുറത്ത്‌ പുഞ്ചിരിയുടെ പുറന്തോടണിയുന്ന പിതാവിന്റെ കാരുണ്യവും ഉപേക്ഷിച്ച്‌, വലിയ മിഴികളില്‍ നിറഞ്ഞ് കണ്ണീരുമായി യാത്രയാക്കുന്ന പ്രേയസിയെ വിറക്കുന്ന വിരല്‍ തുമ്പില്‍ അമര്‍ത്തിപ്പിടിച്ചാശ്വസിപ്പിച്ച്‌, ജീവിതത്തിന്റെ പാരുഷ്യം പരിചയമില്ലത്ത മകനെ നെറുകയില്‍ അമര്‍ത്തിച്ചുംബിച്ച്‌ എല്ലാവരേയും ഒന്ന് കൂടി നോക്കി....

ഇത്തിരീ കരയിപ്പിക്കാതെ.