Monday, March 12, 2007

മരിക്കാത്ത ഓര്‍മ്മകളുടെ ഓര്‍മ്മയ്ക്കായി...

ഇരുവശങ്ങളിലെ മുഖങ്ങള്‍ക്ക്‌ മുഖം നല്‍കാതെ കുട്ടമ്മാവന്റെ പിന്നില്‍ വേച്ചുവേച്ച്‌ നീങ്ങവേ, എന്നില്‍ കേന്ദ്രീകരിച്ച ഒട്ടനവധി കണ്ണുകളെ ഞാനറിയുന്നുണ്ടായിരുന്നു. പെയ്തൊഴിഞ്ഞ മഴയുടെ തണുപ്പുമായി നരച്ച ഒതുക്കുകളില്‍ കാലുകളുടെ ഭാരം ഇരട്ടിച്ചിരിക്കുന്നു. അകത്ത്‌ നിന്ന് ഒഴുകിയെത്തുന്ന രാമായണത്തിലെ വരികള്‍ക്ക്‌ മനസ്സ്‌ കൊടുക്കാതെ പതുക്കെ അകത്ത്‌ കയറി.

തേങ്ങാമുറികളില്‍ മുനിഞ്ഞ്‌ കത്തുന്ന തീനാളം മരണത്തിന്റെ മണം പടര്‍ത്തിയ മുറിയിലെ, വെളുത്ത ദീര്‍ഘവൃത്തത്തിനകത്ത്‌, കരിവാളിച്ച ചുണ്ടുകളില്‍ ഇനിയും മായാത്ത പുഞ്ചിരിയുമായി അവള്‍ മയങ്ങുന്നു. നീണ്ട പുരികങ്ങള്‍ക്ക്‌ മുകളില്‍ വീതിയുളള നെറ്റിമറച്ച വെളുത്ത തുണിയില്‍ അരിച്ചിരുന്ന ഈച്ചയെ പതുക്കെ ആട്ടിയകറ്റവേ, അവളില്‍ അസ്തമിച്ച ചൂട്‌ പകര്‍ന്ന തണുപ്പ്‌ സിരകളിലൂടെ എനിയ്ക്കകത്ത്‌ മരണത്തിന്റെ കൈപ്പുനീരായി. അകത്ത്‌ നുരഞ്ഞുയര്‍ന്ന സങ്കടം കണ്ണീരായി പെയ്തൊഴിഞ്ഞെങ്കില്‍ എന്നാഗ്രഹിച്ചു.

"ന്റെ മോളെ കൊന്നാതാ..."

തിരിഞ്ഞ്‌ നോക്കും മുമ്പേ അറിയാമായിരുന്നു അത്‌ സുചിയുടെ അമ്മയാണെന്ന്. പാറിപ്പറന്ന മുടിയും കവിളിലൂടെ കവിഞ്ഞൊഴുകുന്ന കണ്ണീരുമയി ആര്‍ത്തുകരഞ്ഞ്‌ നെഞ്ചില്‍ ആഞ്ഞടിക്കുന്ന അവരെ പിടിച്ച്‌ നിര്‍ത്തിയിരിക്കുന്ന സുചിയുടെ അച്ഛന്‍‍. കുതറിമാറാന്‍ ശ്രമിക്കുന്ന അവരുടെ അടുത്തേക്ക്‌ പതുക്കേ ചെന്നു. എന്നെക്കണ്ടത്‌ കൊണ്ടാവും അദ്ദേഹം‍ പിടിവിട്ടു. സ്വതന്ത്രമായ കൈകളിലേക്കും പിന്നെ എന്റെ മുഖത്തേക്കും ഒരു നിമിഷം നോക്കി അലറിക്കരച്ചിലോടെ എന്റെ നെഞ്ചിലേക്ക്‌ വീണു.

ചൂടുള്ള കണ്ണീര്‍ നെഞ്ചിനകവും പുറവും ഒരുപോലെ നനയ്ക്കുന്നുണ്ടായിരുന്നു. ആശ്വസിപ്പിക്കാനാവതെ തളര്‍ന്നിരുന്ന എന്റെ കണ്ണുകളും നിറഞ്ഞൊഴിയത്‌ അപ്പോഴാണ്‌. അവരുടെ തേങ്ങലിന്റെ ശക്തി കുറഞ്ഞെങ്കിലും അപ്പോഴും എന്റെ ഉള്ള്‌ ഉരുകിയൊലിക്കുന്നുണ്ടായിരുന്നു. തോളില്‍ മുഖം ചായ്ച് വിതുമ്പിയപ്പോള്‍ പുറത്ത്‌ ആ പരുക്കന്‍ കൈകള്‍ സാന്ത്വനത്തിന്റെ താളമായി. അപ്പോഴാണ്‌ മനസ്സും ശരീരവും യാഥാര്‍ത്ഥ്യത്തിലേക്ക്‌ തിരിച്ചെത്തിയത്‌.

തണ്ടുയര്‍ന്ന വാഴയിലയിലെ അവളുടെ അവസാന ഉറക്കം കാണാനാവത്തതിനാല്‍ പതുക്കേ തൊട്ടടുത്ത മുറിയിലേക്ക്‌ നീങ്ങി. വരേണ്ടായിരുന്നു എന്ന് ആ നിമിഷം തോന്നി. വന്നില്ലായിരുന്നെങ്കില്‍ എപ്പോഴും മുഖത്ത് കുസൃതി സൂക്ഷിക്കാറുള്ള സുചിയായിരിക്കും മനസ്സ്‌ നിറയേ. എന്നാല്‍ ഇപ്പോള്‍ വിളര്‍ത്ത മുഖവും കരിവാളിച്ച ചുണ്ടുകളുമുള്ള മറ്റൊരാള്‍ ആ സ്ഥാനം കൈയേറിയിരിക്കുന്നു.

തല ഉയര്‍ത്തിനോക്കിയപ്പോള്‍ ചീര്‍ത്ത കവിളും കറുത്ത കണ്‍തടങ്ങളുമായി അമ്മയുണ്ട്‌ മുമ്പില്‍. എപ്പോഴാണാവോ അടുത്ത് വന്ന് നിന്നത്‌. പറയാനുള്ളതെല്ലാം ആ നിറഞ്ഞ കണ്‍കളിലൂടെ വായിച്ചെടുത്തു. കൈയ്യിലെ വെളുത്ത തുണികെട്ടിലെ അനങ്ങുന്ന രൂപത്തെ ശ്രദ്ധിച്ചു. മുറുക്കിയടച്ച കൈകളും പാതി തുറന്ന കണ്ണുകളുമായി ഒന്നുമറിയാതെ മയങ്ങുന്ന കൊച്ചുരൂപത്തിന്റെ ചോരതുടിക്കുന്ന മുഖത്ത്‌ പുതിയ ലോകം പൂര്‍ണ്ണമായും ഉള്‍കൊള്ളാനാവാത്ത ഒരു പരിഭ്രമം ഞാന്‍ വായിക്കാന്‍ ശ്രമിച്ചു.

പലരൂപങ്ങളില്‍ ഇവളായിരുന്നു അടുത്ത കാലങ്ങളില്‍ എന്റെ സ്വപ്നങ്ങളെ നിറച്ചത്‌. ‘ആദ്യത്തേത്‌ മോള്‌ തന്നെ‘ എന്നകാര്യത്തില്‍‍ ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. അല്ലെങ്കിലും ഒരുകാര്യത്തിലും ഞങ്ങള്‍ക്ക്‌ അഭിപ്രായാന്തരം ഉണ്ടായിട്ടില്ലല്ലോ. നിറഞ്ഞ വയറിനകത്തെ ഇവളുടെ ചെറുചലനങ്ങള്‍‍ പോലും സുചിയിലൂടെ ഞാന്‍ അറിഞ്ഞിരുന്നു. കൂടുതല്‍ ശ്രദ്ധയും പരിചരണവും കൊതിച്ചാണ് അവളുടെ വീട്ടിലയക്കാതിരുന്നത്.

മൂന്ന് ദിവസം മുമ്പ്‌ വിളിച്ചപ്പോഴാണ്‌ സുചി പറഞ്ഞത്‌. "മൂന്ന് ദിവസം കൂടി കഴിഞ്ഞാല്‍ ഡേറ്റ്‌ ആവും." നീണ്ടപോയ കൊച്ചുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ എവിടെയോ വെച്ച്‌ പരിഭ്രമം വാക്കുകളില്‍ കയറിയപ്പോള്‍ അന്വേഷിച്ചു."

"എന്തേ... സുചീ... ഞാനങ്ങോട്ട്‌ വരണോ... ?"

"വേണ്ട ഏട്ടാ... പിന്നെ ഇന്നലെ നമ്മുടെ കൃഷ്ണപണിക്കരുടെ അടുത്ത്‌ അമ്മയും ചേച്ചിയും കൂടെ പോയിരുന്നു."

"എന്തിന്‌"

വാക്കുകള്‍ ഞാനറിയാതെ തന്നെ ഇത്തിരി കനത്തെന്ന് തോന്നി

"പ്രശ്നം ഒന്നും ഇല്ലന്നേ... അവര്‍ കുഞ്ഞിന്റെ ജന്മനക്ഷത്രത്തെക്കുറിച്ച്‌ അറിയാനായി പോയതാ."

"എന്നിട്ട്‌..." എല്ലാം നിഷേധിക്കുന്നവനെങ്കിലും ഒരു നിമിഷം ഞാന്‍ അക്ഷമനായി.

"ശരിക്കും ഡോക്ടര്‍ പറഞ്ഞ ഡേറ്റിനാണെങ്കില്‍ അന്ന് ചീത്ത നക്ഷത്രമായിരിക്കുമെത്രെ. അതിന്‌ മുമ്പുള്ള ദിവസങ്ങള്‍ക്ക്‌ കുഴപ്പമില്ല."

"അതൊക്കെ വെറുതെ പറയുന്നതാ സുചി... നീ ടെന്‍ഷനാവാതെ." ഞാന്‍ ആശ്വസിപ്പിച്ചു.

"അല്ല ഏട്ടാ... ഇവിടെ അമ്മയും ചേച്ചിയും പറയുന്നത്‌ നമുക്ക്‌ ഇന്ന് തന്നെ ഹോസ്പിറ്റലില്‍ പോവാം എന്നാണ്‌"

"എന്നിട്ട്‌"

"നാളെയും മറ്റെന്നാളും പ്രസവം ഉണ്ടായില്ലെങ്കില്‍ പിന്നെ സിസേറിയന്‍ നടത്താം... "

അടക്കാനാവത്ത അമര്‍ഷമായിരുന്നു മനസ്സ്‌ നിറയേ.

"അതിന്‌ ഡോക്ടര്‍ സമ്മതിക്കണ്ടേ...?"

പതുങ്ങിയ ഒരു ചിരിയോടെയാണ്‌ അവള്‍ സംസാരം തുടര്‍ന്നത്‌.

"പിന്നെ... ഡോക്ടറാണ്‌ ഈ ഐഡിയ പറഞ്ഞത്‌ തന്നെ. അത്‌ മാത്രവുമല്ല സിസേറിയന്‍ ആയാല്‍ വേദന സഹിക്കേണ്ട ഏട്ടാ... പിന്നെ കുഞ്ഞിനും അതാണത്തത്രെ നല്ലത്‌."

ഞാന്‍ അത്ഭുതപെട്ടു ചോദിച്ചു. "ഉം... മാത്രമല്ല ഡോക്ടര്‍ക്കും. എങ്ങനെ... ?"

"പ്രസവത്തിന്റേതായ ക്ഷീണങ്ങള്‍ കുഞ്ഞിനെ ബാധിക്കില്ലല്ലോ... അത്‌ കൊണ്ട്‌ തന്നെ ബുദ്ധിയും ഓര്‍മ്മശക്തിയും അത്തരം കുട്ടികള്‍ക്ക്‌ കൂടുതലായിരിക്കും എന്നും ഡോക്ടര്‍ പറഞ്ഞു.... എല്ലാം നമുക്ക്‌ വേണ്ടിത്തന്നെയല്ലേ ?"

"എന്നിട്ട്‌ നീയും ഞാനും അമ്മയും ചേച്ചിയും ഒന്നും ജനിക്കുന്നതിന്‌ മുമ്പ്‌ നക്ഷത്രം നോക്കിയിരുന്നോ... ?" അറിയാതെ ശബ്ദമുയര്‍ന്നു.

"അന്ന് അതിനൊന്നും സൌകര്യമുണ്ടാവില്ലന്നേ... പിന്നെ ഇങ്ങനെയാണ്‌ അമ്മയും ചേച്ചിയും തീരുമാനിച്ചിരിക്കുന്നത്‌. അത്‌ ഏട്ടനെ പറഞ്ഞ്‌ സമ്മതിപ്പിക്കാന്‍ എന്നെ ഏല്‍പ്പിച്ചതാ..."

"എന്നിട്ട്‌ അവരെവിടെ..."

"അമ്പലത്തില്‍ പോയി... എന്തോ വഴിപാട് നടത്താനാ... എനിക്ക് വേണ്ടി."

പിന്നെ പതിവ്‌ പോലെ വാക്കുകള്‍ കൊണ്ട് ഞങ്ങളുടേതായ ഒരു ലോകം തീര്‍ത്ത് അവിടെയായിരുന്നു കുറേ സമയം.

പിന്നീട്‌ അലോചിച്ചപ്പോള്‍ സിസേറിയന്‍ തന്നെയാണ്‌ നല്ലതെന്ന് എനിക്കും തോന്നി. അന്ന് തന്നെ സുചി ഹോസ്പിറ്റലില്‍ ആയി. ഞാന്‍ ഇടയ്കിടേ ഹോസ്പിറ്റലിലേക്ക്‌ വിളിച്ച്‌ അന്വേഷിച്ചു. അറിയാവുന്ന സകല ദൈവങ്ങളോടും മനമുരുകി പ്രാര്‍ത്ഥിച്ചു.

ഇന്നലെ ഉച്ചക്ക്‌ ലേബര്‍ റൂമില്‍ കൊണ്ട്‌ പോയെന്ന് അമ്മ വിളിച്ച്‌ പറഞ്ഞപ്പോള്‍ വലിയ ആശ്വസമായിരുന്നു. പിന്നീട്‌ പല പ്രാവശ്യം വിളിച്ചപ്പോഴും ആരും ഒന്നും പറഞ്ഞില്ല. രാത്രിയിലെപ്പോഴോ ഫോണ്‍ ബെല്‍ മുഴങ്ങി. ഏട്ടനായിരുന്നു വിളിച്ചത്‌. "സുധാകരാ... വേഗം പുറപെടണം. സുചിത്രയ്ക്‌ സുഖമില്ല."

"എന്തേ..." ആദ്യ വാക്കുകളില്‍ തന്നെ ഉറക്കം അവസാനിച്ചിരുന്നു.

"സിസേറിയന്‍ കഴിഞ്ഞു... ധാരാളം ബ്ലഡ്‌ നഷ്ടപെട്ടിട്ടുണ്ട്‌. വേറെ കുഴപ്പമൊന്നും ഇല്ല... നീ വേഗം പുറപെട്ടോളൂ..."

ഫോണ്‍ കട്ടായപ്പോഴേക്കും വാതിലില്‍ മുട്ട്‌ കേട്ടു. നോക്കിയപ്പോള്‍ അമ്മാവന്റെ മകന്‍ സുധി.

"ഏട്ടാ... ഡല്‍ഹിയില്‍ നിന്ന്‍ പുലര്‍ച്ചേയുള്ള ഫ്ലൈറ്റിന്‌ പോവാം ... എനിക്കും ഹരിയേട്ടന്‍ വിളിച്ചിരുന്നു. നമുക്ക്‌ ഇപ്പോള്‍ തന്നെ ഇറങ്ങാം."

എയര്‍പോര്‍ട്ടില്‍ വെച്ച്‌ അവന്‍ കുറച്ച്‌ കാശ്‌ കൈയ്യില്‍ തന്നു.

"ഏട്ടന്‍ ഇത്‌ വെച്ചോളൂ... ഇനി എന്തെങ്കിലും അത്യാവശ്യം വന്നാലോ..?"

മരിച്ച മനസ്സുമായാണ്‌ കൊച്ചിയിലെത്തിയത്‌. പിന്നെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് സുചിയ്ക്‌ പിന്നീട്‌ ഉണരാനായില്ലെന്നും ഞങ്ങള്‍ എത്താന്‍ പോവുന്നത്‌ ഒരു മരണവീട്ടിലേക്കാണെന്നും സുഹൃത്ത്‌ പറഞ്ഞറിഞ്ഞത്‌. വാക്കുകള്‍ കനം കുറച്ച്‌ ലാഘവത്തോടെ തന്നെ രാജീവ്‌ സംസാരിക്കുമ്പോള്‍ ഒന്നുമാറിയാതെ പാഞ്ഞ്‌ പോവുന്ന റോഡിലേക്ക്‌ നോക്കിയിരിക്കുകയായിരുന്നു കുട്ടമ്മാവന്‍. മനസ്സ്‌ കത്തുന്നുണ്ടെങ്കിലും ഞാന്‍ നിസംഗഭാവം മുഖത്തണിഞ്ഞു.

കൈയ്യിലെ തുണിക്കെട്ട്‌ മടിയില്‍ വെച്ച്‌ അമ്മ നടന്നകന്നു. അകത്ത്‌ ഈണത്തിലുയരുന്ന രാമായണ വരികള്‍ ശ്രദ്ധിച്ചിരിക്കേ അവള്‍ ചിണുങ്ങിക്കരയാന്‍ തുടങ്ങി. ആ നിമിഷം അവളുടെ സിരകളില്‍ പ്രവഹിക്കുന്ന എന്റെ രക്തത്തെ ഞാന്‍ തിരിച്ചറിഞ്ഞു. അകത്തെവിടെയോ എന്നിലെ അച്ഛന്റെ വാത്സല്യം ഉണരാന്‍ തുടങ്ങി. നനുത്ത തുണിക്കുള്ളില്‍ കൈകാലുകളിളക്കുന്ന അവളെ പതുക്കെ ഞാന്‍ മുഖത്തിന്‌ നേരെ ഉയര്‍ത്തി. ഒരിക്കലും മറക്കാനാവാത്ത എന്റെ കൂട്ടുകാരി എനിക്കായ് ബാക്കിവെച്ച മരിക്കാത്ത ഓര്‍മ്മയുടെ നെറ്റിയില്‍ പതുക്കേ ചുണ്ടമര്‍ത്തി. ഒരച്ഛന്റെ അധികാരത്തോടെ...

ഇതിന്റെ അടുത്ത ഭാഗം

44 comments:

Rasheed Chalil said...

‘മരിക്കാത്ത ഓര്‍മ്മകളുടെ ഓര്‍മ്മയ്ക്കായി...’ ഒരു പുതിയ പോസ്റ്റ്.

സുല്‍ |Sul said...

ഇത്തിരീ,

അന്ധവിശ്വാസങ്ങളിലമര്‍ന്ന ഒരു ജനതക്കു നേരെ വിരല്‍ ചൂണ്ടുന്ന ഇത്തരം കൃതികള്‍ ഇത്തിരിയുടെ തൂലികയില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു.

ഓരോ പോസ്റ്റുകളും സമൂഹത്തിന്റെ വികല വീക്ഷണങ്ങള്‍ക്കു നേരെയുള്ള കടുത്ത വെല്ലുവിളികളാക്കുന്ന താങ്കള്‍ക്ക് അഭിവാദ്യങ്ങള്‍.

ഇനിയും എഴുതുക.

-സുല്‍

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ, പതിവുപോലെ അതിഗംഭീരം എന്നേ പറയാനാവൂ. പൂച്ചെണ്ടുകള്‍....
സുല്ലിന്റെ കമന്റ്‌ അക്ഷരംപ്രതി ശരിയാണ്‌. ഇനിയും എഴുതുക. ഭാവുകങ്ങള്‍.

മുസ്തഫ|musthapha said...

ഇത്തിരീ,

വിത്യസ്ഥമായ ഒരു വിഷയം വളരെ നന്നായി പറഞ്ഞിരിക്കുന്നു.

തിരഞ്ഞെടുത്ത വിഷയവും ആഖ്യാന രീതിയും അഭിനന്ദനമര്‍ഹിക്കുന്നു.

താങ്കളുടെ ഈ വേറിട്ട അന്വേഷണങ്ങള്‍ക്ക് ഒരിക്കല്‍ കൂടെ അഭിനന്ദങ്ങള്‍ അറിയിക്കട്ടെ.

സ്നേഹത്തോടെ,

അഗ്രജന്‍

Areekkodan | അരീക്കോടന്‍ said...

സുല്ലിന്റെ കമന്റ്‌ അക്ഷരംപ്രതി ശരി....

Unknown said...

ഇത്തിരീ,
കഥയുടെ വഴിയില്‍ ഒത്തിരി യാത്ര ചെയ്യാനുണ്ട് താങ്കള്‍ക്ക്.
സുല്ലിന്റെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിക്കുന്നതോടൊപ്പം ഈ കഥ വായിച്ചപ്പോഴുള്ള എന്റെ അനുഭവം കൂടി പറയാതെ പോകുന്നത് നീതികേടാകും എന്നു കരുതുന്നു.

വായനക്കാരന്റെ എല്ലാ ശ്രദ്ധയേയും സ്വരുക്കൂട്ടി അനുസരണയുള്ള ആട്ടിന്‍ കുട്ടികളാക്കി തന്റെ കഥാപാത്രത്തിനെ പിന്തുടരാന്‍ പ്രേരണയാകുന്ന ഇത്തിരിയുടെ രചനയുടെ കൈയടക്കത്തെ പ്രശംസിക്കാതെ വയ്യ.

ഒരു സാധാരണ ഓര്‍മ്മക്കുറിപ്പാണൊ എന്ന സംശയത്തോടെ വായിച്ചു തുടങ്ങിയ എന്റെ ഉള്ളില്‍ ,ഒരു ഖണ്ഡിക കഴിയുമ്പോഴേക്കും കഥാ തന്തുവിനേക്കുറിച്ചുള്ള വ്യാകുലതകള്‍ മുള പൊട്ടിത്തുടങ്ങി.

“കൈയ്യിലെ വെളുത്ത തുണികെട്ടിലെ അനങ്ങുന്ന രൂപത്തെ ശ്രദ്ധിച്ചു. മുറുക്കിയടച്ച കൈകളും പാതി തുറന്ന കണ്ണുകളുമായി ഒന്നുമറിയാതെ മയങ്ങുന്ന കൊച്ചുരൂപത്തിന്റെ ചോരതുടിക്കുന്ന മുഖത്ത്‌ പുതിയ ലോകം പൂര്‍ണ്ണമായും ഉള്‍കൊള്ളാനാവാത്ത ഒരു പരിഭ്രമം ഞാന്‍ വായിക്കാന്‍ ശ്രമിച്ചു.“
ഈ വാക്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചിലൊരു കൂന തീക്കനലായി മാറിയപ്പോള്‍ പിന്നീടുള്ളത് വായിക്കാന്‍ പറ്റാതെ അല്പസമയം സിസ്റ്റത്തീനു മുന്നില്‍ നിന്നും മാറിയിരുന്ന് സമാശ്വാസാത്തിനു വേണ്ടി ചിന്തകളെ വഴി തിരിച്ചു വിട്ടു മനസ്സു തണുപ്പിച്ച് തിരിച്ച് വന്ന് ബാക്കി വായിച്ചു തീര്‍ത്തപ്പോഴും, ഇപ്പൊഴും നെരിപ്പോടു പോലെ ആ കനല്‍ക്കൂമ്പാരം എന്നെ ചുട്ടെരിക്കുന്നു.

വല്യമ്മായി said...

പതിവ് ഇത്തിരി ശൈലിയില്‍ നിന്നും മാറ്റമുള്ള രചനാരീതി.നൊമ്പരത്തോടെ ഒരുള്ക്കിടിലത്തോടെയാണ്‌ വായിച്ചു തീര്‍ത്തത്.അഭിനന്ദനങ്ങള്‍.

സു | Su said...

ഈ ബ്ലോഗിലെ പല കഥകളേയും പോലെ നന്നായിട്ടുണ്ട്.

asdfasdf asfdasdf said...

ഇത്തിരി, ഈ പോസ്റ്റ് ശരിക്കും മനസ്സില്‍ തട്ടി. കാരണം ഞാന്‍ വേറൊരു പോസ്റ്റില്‍ പിന്നീട് എഴുതാം.
അവതരണവും നന്നായി.
കുട്ടന്മേനൊന്‍.

ലിഡിയ said...

ഇത്തിരീ കഥയ്ക്കായി തിരഞ്ഞെടുത്ത വിഷയവും അതവതരിപ്പിച്ചിരിക്കുന്ന രീതിയും ഒക്കെ തന്നെ പ്രശംസനീയം.

-പാര്‍വതി.

Anonymous said...

ഒരിക്കലും മറക്കാനാവാത്ത എന്റെ കൂട്ടുകാരി എനിക്കായ് ബാക്കിവെച്ച മരിക്കാത്ത ഓര്‍മ്മയുടെ നെറ്റിയില്‍ പതുക്കേ ചുണ്ടമര്‍ത്തി.

manasil thattunna ezhuth. othiri ishtam aayi.

simi.

അപ്പു ആദ്യാക്ഷരി said...

പൊതുവാളേ....നന്നായി പറഞ്ഞു താങ്കള്‍ വായനക്കാരുടെ അഭിപ്രായം.

krish | കൃഷ് said...

ഇത്തിരി...ഈ കഥ വളരെ ഇഷ്ടപ്പെട്ടു.
നന്നായിരിക്കുന്നു.

മഴത്തുള്ളി said...

ഇത്തിരീ, വായിക്കാന്‍ അല്പം വൈകി. ശരിക്കും മനസ്സില്‍ തട്ടുന്ന പോസ്റ്റ്. ദുഖഭരിതമായ ഒരു അന്തരീക്ഷത്തെ അതുപോലെ തന്നെ കണ്മുന്നില്‍ കണ്ടു ഇതു വായിച്ചപ്പോള്‍. :(

അഡ്വ.സക്കീന said...

ഇത്തിരീ, ചിന്തിപ്പിക്കുന്ന കഥ.

Unknown said...

ഇത്തിരി ഭായീ,
താങ്കളുടെ രചനകളില്‍ മനോഹരമായ മറ്റൊന്ന് കൂടി. ഇതിന് മുമ്പ് ഒരു ഗള്‍ഫ് കാരന്‍ മടങ്ങി വരുന്ന കഥയും എനിക്കിഷ്ടമായിരുന്നു. ഇനിയും എഴുതുമെന്ന് പ്രതീക്ഷിക്കട്ടെ.

ഓടോ: ഒരു മാപ്പ് വേണോ? ചുമ്മാ.. ഇരിക്കട്ടെന്നേ..

Khadar Cpy said...

ഹൃദയത്തെ തൊടുമ്പോള്‍ അറിയാതെ മനസ്സ് വിതുമ്പുന്നു..

Doney said...

പറയാതെ വയ്യ മനസ്സിനെ ആകെ പിടിച്ചുലച്ചു കളഞ്ഞു.. “എന്റെ ദൈവമേ“ ഞാന്‍‌ അറിയാതെ പറഞ്ഞുപൊയി ഈ കഥ വായിച്ചപ്പോള്‍‌...

sandoz said...

ഇത്തിരീ....വിഷമിപ്പിച്ചു കളഞ്ഞല്ലോ മാഷേ........നന്നായിട്ടുണ്ട്‌

ഒരു ഓഫ്‌ അടിച്ചോട്ടെ........

ദില്‍ബന്റെ മാപ്പ്‌ ഇഷ്ടപ്പെടാഞ്ഞിട്ടണെങ്കില്‍ എന്റെ മാപ്പ്‌ ഒരെണ്ണം എടുക്കട്ടെ.....ഓ..എന്തൊരു ഗമ....നിങ്ങളാരാ കോര്‍പറേറ്റ്‌ ഭീമനാ.....

കരീം മാഷ്‌ said...

വിദ്യാസമ്പന്നരെന്നവകാശ്പ്പെടുന്നവര്‍ക്കിടയിലെ അന്ധവിശ്വാസത്തിന്റെ തോതിപ്പോള്‍ കൂടി വരികയാണ്.
അതിലേക്കു വെളിച്ചം വീശുന്ന ഒരു നല്ല പോസ്റ്റ്.
സാന്‍ഡോസെ, ശാന്തമായി ഒഴുകുന്ന ഈ നല്ല പോസ്റ്റുകളില്‍ ഇത്തരം ഓഫുകള്‍ ആദരവു കുറക്കുകയല്ലേ ചെയ്യുക.
അതിനായി തുറന്നുവെച്ച ബ്ലോഗുകളില്‍ പോരെ!
ഒരഭ്യര്‍ത്ഥനയാണ്.

sandoz said...

കരീം മാഷേ ക്ഷമിക്കുക.

വേണു venu said...

ഇത്തിരീ,
ഞാനിതിന്നു രാവിലെ വായിച്ചിരുന്നു. ഒരു നൊമ്പരം.പൊതുവാള്‍‍ പറയാന്‍ ശ്രമിച്ചതു തന്നെ ഞാനും പറയുന്നു.

Kumar Neelakandan © (Kumar NM) said...

പക്ഷെ രാവിലെ ഇത് വായിക്കണ്ടായിരുന്നു. വെറുതെ ഒരു നിമിഷം എങ്കിലും മൂഡ് ഓഫ് ആയി.

ഇത്തിരി പതിവുപോലെ നന്നായിട്ടുണ്ട്.

കണ്ണൂസ്‌ said...

ഇത്തിരി, ഇന്നലെ തന്നെ വായിച്ചിരുന്നു. നന്നായി എഴുതിയിരിക്കുന്നു.

Anonymous said...

വന്നില്ലായിരുന്നെങ്കില്‍ എപ്പോഴും മുഖത്ത് കുസൃതി സൂക്ഷിക്കാറുള്ള സുചിയായിരിക്കും മനസ്സ്‌ നിറയേ. എന്നാല്‍ ഇപ്പോള്‍ വിളര്‍ത്ത മുഖവും കരിവാളിച്ച ചുണ്ടുകളുമുള്ള മറ്റൊരാള്‍ ആ സ്ഥാനം കൈയേറിയിരിക്കുന്നു.

പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് ഇങ്ങനെ. മരിച്ച് കിടക്കുന്നവരേ കാണുന്നതോടെ അവര്‍ നമ്മുടെ മനസ്സിലും മരിക്കുന്നു. പൊതുവാളും സുലും പറഞ്ഞതിനോട് യോജിക്കുന്നു.

രാജീവ്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇന്നലെ വായിക്കാന്‍ മറന്നു പോയി.. അതേതായാലും നന്നായീ...ഒരു ദിവസം മുന്‍പേ മൂഡ് ഓഫായില്ലാലോ.. ഇനീപ്പോ വിശാലേട്ടനോ മറ്റോ ഒരു പോസ്റ്റിടണം..ഇത്തിരീ ചാത്തനോടീച്ചതി വേണ്ടായിരുന്നു...ങീ ങീ ...

Anonymous said...

നന്നാ‍യിരിക്കുന്നു.

മനോജ് കുമാർ വട്ടക്കാട്ട് said...

ഇത്തിരീ,
കഥ നന്നായിരിക്കുന്നു.

Anonymous said...

നല്ല കഥ.

Rasheed Chalil said...

സുല്‍.
അപ്പു.
അഗ്രജന്‍.
അരീക്കോടന്‍.
പൊതുവാള്‍.
വല്ല്യമ്മായി.
സു.
കുട്ടമ്മേനോന്‍.
പാര്‍വതി.
സിമി.
അപ്പു.
കൃഷ്‌.
മഴത്തുള്ളി.
അഡ്വ.സക്കീന.
ദില്‍ബന്‍.
പ്രിന്‍സി.
ഡോണി.
സന്‍ഡോസ്‌.
കരീം മാഷ്‌.
വേണു.
ജ്യോതിര്‍മയി.
കുമാര്‍ജി.
കണ്ണൂസ്‌.
രാജീവ്‌.
കുട്ടിച്ചാത്തന്‍.
അനോണി.
പടിപ്പുര.
രാജു.

വായിച്ചവരേ അഭിപ്രായം അറിയച്ചവരേ എല്ലാവര്‍ക്കും ഒത്തിരി നന്ദി.

ഏറനാടന്‍ said...

പതിവുപോലെ ദു:ഖസാന്ദ്രമാം കഥ നന്നായിട്ടുണ്ട്‌.

ടി.പി.വിനോദ് said...

പ്രസക്തമായ പ്രമേയം, ആത്മാര്‍ത്ഥമായ അവതരണം...നന്നായിരിക്കുന്നു...

മയൂര said...

വിവരണം ഗംഭീരം:)

വിചാരം said...

സമകാലിക പ്രസക്തിയും ജീവഗന്ധിയുമുള്ളൊരു കഥ ഇതൊരു കഥമാത്രമായി ഒതുക്കി നിര്‍ത്താനാവില്ല കാരണം നാളും തനിക്കിഷ്ടമുള്ള ജാതകവും നോക്കി മാസം തികയാതെ പോലും സിസേറിയനിലൂടെ ജനിപ്പിക്കുന്ന ഇന്നത്തെ പ്രവണതക്കൊരു താക്കീത് കൂടിയാണീ കഥ വിശ്വാസമാകാം എന്നാലത് അന്ധമായാവരുതെന്ന് ഈ കഥ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു കൂടാതെ നല്ല ഒഴുക്കുള്ള രചനയും

Rasheed Chalil said...

ഏറനാടന്‍ നന്ദി.
ലാപുട നന്ദി കെട്ടോ.
മയൂര നന്ദി.
വിചാരം നന്ദി.

വായിച്ച എല്ലാവര്‍ക്കും നന്ദി.

മുല്ലപ്പൂ said...

ഇത്തിരീ,
മന്‍സ്സിനു വല്ലാത്ത ഘനം ആണ് ഇതു വായ്ച്ചു കഴിഞ്ഞപ്പോള്‍.

അമല്‍ | Amal (വാവക്കാടന്‍) said...

മനസ്സില്‍ തൊട്ട കഥയും അവതരണവും..

കാണാന്‍ വൈകിയതിന് ആരോടെന്നില്ലാത്ത ഒരു ക്ഷമാപണം

തമനു said...

നേരത്തേ പ്രിന്റെടുത്ത്‌ വച്ചിരുന്നെങ്കിലും ഇന്നലെ രാത്രിയിലാണ് വായിക്കാന്‍ കഴിഞ്ഞത്‌. ഇത്രയും താമസിച്ചെങ്കിലും കമന്റാതെ പോകുന്നത്‌ ശരിയല്ല എന്നു തോന്നുന്നു.

ഇത്തിരി വേദനിപ്പിച്ചു ഇത്തിരീ...

ഒരു സംശയം .. അടക്കിപ്പിടിച്ച അട്ടഹാസം എന്ന പ്രയോഗം ശരിയാണോ ..?

ഇളംതെന്നല്‍.... said...

ഇത്തിരീ....
പതിവില്‍ നിന്നും വ്യത്യസ്തമായ ഈ ഓര്‍മ്മകള്‍ മനസ്സില്‍ നൊമ്പരമായി അവശേഷിക്കുന്നു...
കഥയുടെ പ്രസക്തിയും വൈകാരികതയും എടുത്തുപറയാന്‍ സുല്ലിന്റേയും പൊതുവാളിന്റേയും കമന്റുകള്‍ മാത്രം മതി.....
വളരെ നന്നായിരിക്കുന്നു

Anonymous said...

ഇത്തിരി... ശരിക്കും മനസ്സില്‍ തട്ടി.

കുറുമാന്‍ said...

ഇത്തിരി, തന്റെ വിരലുകളിലൂടെ മറ്റൊരു മനോഹരമായ കഥ കൂടി വിരിഞ്ഞിരിക്കുന്നു. മനോഹരം. വായിച്ചു തീര്‍ന്നപ്പോളോ നെഞ്ചിലൊരു കനം

Rasheed Chalil said...

മുല്ലപ്പൂ നന്ദി.

വാവക്കാടന്‍ നന്ദി കെട്ടോ.

തമനു നന്ദി... അക്കാര്യം ഓര്‍മ്മിപ്പിച്ചതിന് സ്പെഷ്യല്‍ താങ്സ്.

ആരിഫേ നന്ദി കെട്ടോ.

സുമി നന്ദി.

കുറുമന്‍‌ജീ ഒത്തിരി നന്ദി.

വായിച്ച എല്ലാവര്‍ക്കും ഒത്തിരി നന്ദി.

ശാലിനി said...

ഇന്നാണ് ഈ കഥ വായിച്ചത്. നന്നായി എഴുതിയിരിക്കുന്നു. അടുത്തയിടയില്‍ ഒരു മരണം കണ്ടതുകൊണ്ട്, കൂടുതല്‍ വിഷമമായി.

Rasheed Chalil said...

ശാലിനി നന്ദി.