Sunday, April 29, 2007

ജീവതാളത്തിന്റെ മരണതാളം.

'ഗതകാലത്തിന്റെ ഗര്‍ഭത്തില്‍ ഒടുങ്ങിയ നിമിഷങ്ങളുടെ മൂല്യമളക്കാന്‍ വര്‍ത്തമാന കാലത്തിനേ കഴിയൂ... ജീവിക്കുന്ന ഈ നിമിഷവും ഭൂതകാലത്തില്‍ ലയിക്കുമ്പോള്‍ അതിന്റെ മൂല്ല്യത്തെക്കുറിച്ച്‌ നാം ബോധവാന്മാരാവും.' റേഡിയോയില്‍ നിന്നുയരുന്ന കനമുള്ള പ്രഭാഷക സ്വരം വെറുതേ കേട്ടിരുന്നു.


കാല്‍ത്തുടകളില്‍ മുറുകിയിരുന്ന മരക്കാലിന്റെ തോല്‍വാറേല്‍പ്പിക്കുന്ന നീറ്റല്‍, വര്‍ഷം രണ്ട്‌ കഴിഞ്ഞിട്ടും കാലിലും മനസ്സിലും ഇനിയും ബാക്കിയാണ്‌. ശാരി ഉറങ്ങിയാല്‍ വീടുറങ്ങി എന്നര്‍ത്ഥം. അവളുടെ ശബ്ദവും ചലനങ്ങളുമാണ്‌ ഈ വീടിനും എന്റെ ജീവിതത്തിനും ജിവനേകിയത്‌.

ഇരുവശവും നിരപ്പലകളില്‍ തീര്‍ത്ത ഇടനാഴി പോലുള്ള തെരുവും, ചളിപിടിച്ച സിമന്റ്‌ തറയും, ഉറങ്ങാനായുള്ള സിനിമാ പോസ്റ്റുകളും രാത്രിജ്ജരരായ കാലികളും മാത്രമാണ്‌ ബാല്യത്തിന്റെ ഓര്‍മ്മ. അതിനെ യാത്രപറഞ്ഞ സുവര്‍ണ്ണകാലം എന്ന് പ്രഭാഷകന്‍ വിശേഷിപ്പിച്ചപ്പോള്‍ എന്റെ മനസ്സ്‌ പരിഹസിച്ചു.


എന്നായിരിക്കും ആദ്യമായി ആയുധമെടുത്തത്‌. ബുദ്ധിമുട്ടിക്കുന്ന ചിന്ത തന്നെ. പൂപ്പലിന്റെ പച്ച നിറവുമായി കുപ്പത്തൊട്ടിക്കരികില്‍ കിടന്നിരുന്ന ഒരു കഷ്ണം റൊട്ടിക്ക്‌ വേണ്ടിയായിരുന്നു ആദ്യ യുദ്ധം എന്ന് തോന്നുന്നു. അന്ന് വരേ അകലെ നിന്ന് ഇത്തിരി ഭയത്തോടെ മാത്രമേ തെരുവിന്റെ മക്കളെ ശ്രദ്ധിച്ചിരുന്നുള്ളൂ... എന്നാല്‍ അന്ന് ഉള്ളിലെ കത്തുന്ന വിശപ്പാണ്‌ കൈയ്യിന്‌ കരുത്ത്‌ നല്‍കിയത്‌. ആദ്യ നിമിഷം അവരുടെ നേതാവിന്റെ കണ്ണില്‍ വിരിഞ്ഞ അമ്പരപ്പ്‌ പ്രതിരോധത്തിലെത്തും മുമ്പ്‌ തന്നെ എന്റെ കൈകള്‍ അവന്റെ നെഞ്ചിന്‌ നേരെ നീണ്ടിരുന്നു.

അവനെ തള്ളിയകറ്റി കൈപ്പും പുളിപ്പുമുള്ള റൊട്ടിക്കഷ്ണം കടിച്ച്‌ വലിക്കുമ്പോള്‍, ആ കണ്ണുകള്‍ ആ റൊട്ടി കഷ്ണത്തിലായിരിക്കുമെന്ന് അറിയാമായിരുന്നു. അവസാന തരിമ്പും വയറിലെത്തിയ ശേഷമാണ്‌ അവനും ഒരു കഷ്ണം കൊടുക്കാമായിരുന്നു എന്ന് ഓര്‍ത്തത്‌. അപ്പോള്‍ അത്‌ അസാധ്യമാണെന്ന ബോധം മനസ്സില്‍ കയറിയപ്പോള്‍ പതുക്കേ തിരിച്ച്‌ നടന്നു.


ആ ഒരു കഷ്ണം റൊട്ടിയായിരിക്കും ഒരു പക്ഷേ എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത്‌. പിന്നീട്‌ പ്രതികാരത്തിനായെത്തിയ അവനേയും കൂട്ടുകാരേയും കണ്ടപ്പോള്‍ ഓടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അതോടെ മനസ്സ്‌ ഭയം എന്ന വികാരത്തെ എവിടെയോ ഒളിപ്പിച്ചതാണോ അതോ ഭയത്തിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിട്ടാണോ എന്നറിയില്ല. അപാരമായ നെഞ്ചുറപ്പോടെ അവരിലേക്കിറങ്ങിയതോടെ ഞാന്‍ ഞാനല്ലാതായി. ഓരോ നിമിഷവും വീണ്‌ പോവും എന്ന് തോന്നിയിരുന്നു. എല്ലാവരും ഓടിയ ശേഷം തളര്‍ന്ന് വീണപ്പോഴാണ്‌ അങ്ങിങ്ങ്‌ പൊട്ടിയൊലിക്കുന്ന രക്തം ശ്രദ്ധിച്ചത്‌. ശത്രുവിന്റെ ഭയത്തിനെ നമ്മുടെ ഭയം അതിജയിച്ചാല്‍ നമുക്ക്‌ ജയിക്കാം എന്ന പാഠം ഞാനറിഞ്ഞത്‌ അന്നായിരുന്നു.


അന്ന് ജയിച്ച്‌ കയറിയത്‌ മറ്റൊരു ജീവിതത്തിലേക്കായിരുന്നു. പിന്നീട്‌ തെരുവ്‌ പിള്ളേരുടെ നേതൃത്വത്തില്‍ നിന്ന് തെരുവ്‌ ഗുണ്ടയിലേക്കുള്ള വളര്‍ച്ച ത്വരിതഗതിയിലായിരുന്നു. ചളിപുരണ്ട ജീവിതം പട്ടുടയാട കൊണ്ട്‌ മൂടി വെയ്കാനായി ഞങ്ങള്‍ വണ്ടിക്കാളകളായി. കൂട്ടത്തില്‍ പെട്ടവരാണെങ്കിലും അല്ലെങ്കിലും ശത്രു തുടച്ച്‌ നീക്കപ്പെടേണ്ടവര്‍ എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയം. ദരിദ്രന്റെ ദാരിദ്ര്യമാണെന്റെ വരുമാനം എന്ന് വിശ്വസിക്കുന്ന സമ്പന്നവര്‍ഗ്ഗം. കൊന്നാലും ചാത്താലും അത്‌ സമൂഹത്തെ ഗ്രസിക്കുന്ന തീയായി പടരണം എന്ന് കരുതുന്ന വര്‍ഗ്ഗീയ നേതാക്കന്മാര്‍. അങ്ങനെ പലര്‍ക്കും ഞങ്ങളെ ആവശ്യമുണ്ടായിരുന്നു. അവര്‍ തളിര്‍ക്കാനായി വെള്ളവും വളവും നല്‍കിയപ്പോള്‍ പകരം രക്തവും മജ്ജയും നല്‍കി ഞങ്ങള്‍ നന്ദിയുള്ള വളര്‍ത്തുമൃഗങ്ങളായി.


ശത്രുവിന്റെ മുഖത്തെ ഭാവചലനങ്ങള്‍ ഞങ്ങളില്‍ ഭ്രാന്തമായ അവേശമായി പടരുമ്പോഴേക്കും അത്‌ വരേ ഞങ്ങളില്‍ കുടികൊണ്ടിരുന്ന മനുഷ്യാംശം കുടിയൊഴിഞ്ഞിരിക്കും. പിന്നീട്‌ ഇരയുടെ വാരിയെല്ലുകളുടെ സംഗമ സ്ഥാനത്ത്‌ കാല്‍മുട്ട്‌ ആഞ്ഞ്‌ പതിപ്പിക്കുമ്പോള്‍, പെരുവിരലിനും ചൂണ്ടാണിവിരലിനും ഇടയിലുള്ള ഭാഗം കഴുത്തില്‍ ഇളകുന്ന അസ്ഥികഷ്ണവുമായി താദാത്മ്യപ്പെട്ട്‌ ശ്വാസോച്ഛാസം അതിന്റെ അവസാനത്തേക്കടുക്കുമ്പോള്‍, മൂര്‍ച്ചയുള്ള കത്തിച്ചുണ്ട്‌ മാംസത്തില്‍ ആഴ്ന്നിറങ്ങി ചുടുചോര കൈകളില്‍ ആദ്യമായി സ്പര്‍ശിക്കുമ്പോള്‍, ശത്രുവിന്റെ ഏറ്റവും വലിയ ദൌര്‍ബല്യമായ കുടുബത്തിന്റെ മാനം ചുട്ടരിക്കാന്‍, അടിമുതല്‍ മുടി വരെ കത്തി നില്‍ക്കുന്ന കാമത്തിന്റെ ചൂട്‌ പ്രവഹിക്കാന്‍ തുടങ്ങുമ്പോള്‍... ഞങ്ങളില്‍ നിന്ന് പുറപ്പെട്ട്‌ പോയ മനുഷ്യാംശം തിരിച്ചറിവിന്റെ വഴികളിലെത്താന്‍ തുടങ്ങും


കൊച്ചുകൊച്ച്‌ കുറ്റങ്ങളിലൂടെ തെരുവില്‍ തിളങ്ങിയ ഞാന്‍ സംഘത്തില്‍ വളരെ പെട്ടൊന്ന് എത്തിപ്പെട്ടു. അന്നേവരെ കയറാന്‍ ധൈര്യമില്ലാതെ ദൂരെ നിന്ന് മാത്രം ശ്രദ്ധിച്ചിരുന്ന കോളേജിന്റെ നീണ്ട ഇടനാഴിയില്‍ വെച്ച്‌ ഒരു പതിനെട്ടുകാരന്‍ പയ്യന്റെ കഴുത്തില്‍ ചോരകൊണ്ട്‌ ഒരു വര വരച്ചത്‌ മുതല്‍ എന്നില്‍ രണ്ട്‌ കാര്യങ്ങള്‍ സംഭവിച്ചു. ഒന്ന് ചോരയോടുള്ള അറപ്പ്‌ തീര്‍ന്നു. രണ്ടാമത്തേത്‌ അതേവരേ എന്നെ സംഘത്തിനാവശ്യമായിരുന്നെങ്കില്‍ അന്ന് മുതല്‍ ആത്മരക്ഷയ്ക്ക്‌ സംഘം എനിക്ക്‌ നിര്‍ബന്ധമായി.


പിന്നീട്‌ തിരിഞ്ഞ്‌ നോക്കാത്ത യാത്ര. കയ്യില്‍ കഠാരികള്‍ മാറി മാറിയെത്തി. ചോരയുടെ കട്ടപിടിച്ച മണം കൈകളില്‍ സ്ഥിരമായി. എത്രയോ വ്യക്തികള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍ എല്ലാം കൈക്കരുത്തില്‍ ഞെരിഞ്ഞമര്‍ന്നു. ജീവിതത്തിന്റെ ബാലന്‍സ്‌ ഷീറ്റില്‍ കൂടുന്ന പാതകങ്ങളുടെ എണ്ണത്തിനനുസരിച്ച്‌ സ്ഥാനം അനുയായിയില്‍ നിന്ന് നേതാവിലേക്ക്‌ മാറി. പിന്നെ ആ സ്ഥാനം നില നിര്‍ത്താനും കൈ കരുത്ത്‌ വേണമെന്നായി.


ഒരു ചാക്ക്‌ മുളക്‌ ബസ്സിന്റെ മുകളില്‍ നിന്ന് ഇറക്കുന്നതിനായി വാശിപിടിച്ച ഒരു ചെറുപ്പകാരനെ യൂണിയന്‍ നേതാവിന്‌ വേണ്ടി കൈകാര്യം ചെയ്യാന്‍ ചെന്നപ്പോഴും സാധാരണ പോലെ എന്റെ കണ്ണിലും മനസ്സിലും നിസംഗ ഭാവം തന്നെയായിരുന്നു. ബസ്റ്റാന്റിന്റെ ഒഴിഞ്ഞ മൂലയില്‍ വെച്ച്‌ അരയിലെ ബെല്‍ട്ടുമായി അയാള്‍ നേരിട്ടപ്പോള്‍ അയാളുടെ കണ്ണിലെ അഗ്നി എന്റെ കരളുറപ്പിനെ അതിജയിക്കുന്നതായി തോന്നി. അടിച്ചൊതുക്കാനായി ഓരു സ്റ്റെപ്പ്‌ പോലും ഉയരാനാകാതെ അയാള്‍ ബല്‍ട്ടിന്റെ സീല്‍കാരത്തിന്‌ മുമ്പില്‍ എന്നെ തളച്ചിട്ടു. സംഘാംഗങ്ങള്‍ ഒന്നിച്ചാക്രമിച്ച്‌ അയാളെ ഒതുക്കിയെങ്കിലും എന്റെ മനസ്സില്‍ ആ ചെറിയ ശത്രുവില്‍ നിന്നേറ്റ ആദ്യ പരാജയം കയ്പ്പുനീരായി.


അതിനും ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ റെയില്‍വേ സ്റ്റേഷനടുത്ത ഇരുണ്ട ലോകത്ത്‌ നിന്ന് ആറ്‌ വയസ്സുകാരി ശാരി ജീവിതത്തില്‍ എത്തിയത്‌. അവള്‍ മനസ്സില്‍ വീഴ്‌ത്തിയ സ്നേഹം എന്ന പുതുമയുള്ള വികാരത്തിന്റെ വിത്ത്‌ മുളയായി കൂമ്പായി മാറുന്നതനുസരിച്ച്‌ അതേവരെ എന്നില്‍ കുടികൊണ്ടിരുന്ന മറ്റൊരാള്‍ പതുക്കേ പടിയിറങ്ങാന്‍ തുടങ്ങിയിരുന്നു. ഭൂതകാലത്തെ ഇരുട്ട്‌ വര്‍ത്തമാന കാലത്തെ ബാധ്യതയായതിനാല്‍ കുടിയിറങ്ങാന്‍ വെമ്പുന്ന അയാളെ ഉള്ളില്‍ തന്നെ സൂക്ഷിക്കാന്‍ ഞാന്‍ പരാമാവധി ശ്രമിച്ചു.


പതുക്കേ പതുക്കെ സംഘത്തില്‍ നിന്ന് മോചനം ആഗ്രഹിച്ചപ്പോള്‍ ആദ്യം വീട്‌ നഷ്ടമായി. അറിയാമായിരുന്നു ആരാണ്‌ നശിപ്പിച്ചതെന്ന്. തരിക്കുന്ന കൈവള്ള പിച്ചാത്തി പിടിയില്‍ മുറുകിയപ്പോള്‍ ശാരി മനസ്സില്‍ ചോദ്യമായി. പിന്നീട്‌ നഷ്ടമായത്‌ ആരോഗ്യമായിരുന്നു. ഇരുട്ടില്‍ ആളറിയാതെ നാല്‌ ഭാഗത്ത്‌ നിന്നും ചോരയ്കായി ആയുധങ്ങളുടെ സീല്‍കാരം ഉയര്‍ന്ന അന്നായിരുന്നു പൂര്‍ണ്ണമായി ഞാന്‍ ഭയത്തിന്‌ കീഴ്‌പ്പെട്ടത്‌. ഉച്ചത്തില്‍ അലറിയപ്പോള്‍ അത്തരം ഘട്ടങ്ങളില്‍ മുമ്പ്‌ ഞാന്‍ ചിരിച്ചവസാനിപ്പിച്ച ശബ്ദത്തിന്റെ തുടര്‍ച്ച മറ്റാരോ ഏറ്റെടുത്തിരുന്നു. ജീവച്ഛവവമായി ആശുപത്രി വരാന്തയില്‍ അഭയമായപ്പോള്‍, ആയിടെ അയല്‍വാസിയായെത്തിയ വര്‍ഗീസ്‌ ചേട്ടന്‍ മാത്രമായിരുന്നു സഹായം.

മുട്ടിന്‌ താഴേ വെച്ച്‌ പഴുത്തിരുന്ന കാല്‍ മുഴുവനായും ആശുപത്രിയില്‍ ഉപേക്ഷിച്ച്‌, പാതി ചത്ത ശരീരവും മരിച്ച മനസ്സുമായി വീടണഞ്ഞ ദിവസവും ആക്രമിക്കപ്പെട്ടു. നിരന്തരം ശത്രു വേട്ടായാടാന്‍ തുടങ്ങിയപ്പോഴാണ്‌ എന്റെ സാമ്രാജ്യം എന്ന് ഞാന്‍ വിശ്വസിച്ചിരുന്ന നാട്‌ ഉപേക്ഷിച്ച്‌ ഇങ്ങോട്ട്‌ കുടിയേറിയത്‌.


'സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള പ്രധാന വ്യത്യാസം സ്വാര്‍ത്ഥതയാണ്‌. എല്ലാവരുടേയും ചിന്തകളും വികാരങ്ങളും വിചാരങ്ങളും സ്വാര്‍ത്ഥതയാല്‍ ബന്ധിച്ചിരിക്കുന്നു. അതില്‍ മനുഷ്യനോട്‌ ഏറ്റവും അധികം ചേര്‍ന്ന് നില്‍ക്കുന്ന സ്വാര്‍ത്ഥത സ്വജീവന്‍ തന്നെ. അതിനായി അടുത്ത വലയത്തിനകത്ത്‌ വരുന്ന ശരീരം വരേ അവന്‍ ബലി കഴിക്കും. പിന്നെ കുടുംബം, ധനം, വീട്‌, നാട്‌, മതം, വര്‍ഗ്ഗം രാജ്യം, ലോകം... എന്നിങ്ങനെ വലയങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു. പല ഘട്ടങ്ങളിലും ഒന്നിനെ നിലനിര്‍തുന്നതിനായി മറ്റൊന്ന് ബലികൊടുക്കാന്‍ സൃഷ്ടി ബാധ്യസ്ഥനാവുന്നു. ഒരു പക്ഷേ സ്രഷ്ടാവ്‌ അനുഗ്രഹ വര്‍ഷത്തില്‍ വിശ്വാസിയേയും അവിശ്വാസിയേയും വേര്‍ത്തിരിക്കുന്നില്ല." റേഡിയോ നാടകത്തിലെ ഏതോ കഥാപാത്രം സംസാരിച്ച്‌ കൊണ്ടിരിക്കുന്നു. എപ്പൊഴാണാവോ ഈ നാടകം ആരംഭിച്ചത്‌.


മുറ്റത്തെ ഇലയനക്കത്തില്‍ നിന്നാണ്‌ അയാളെ ശ്രദ്ധിച്ചത്‌. ഏകദേശം മുപ്പത്‌ വയസ്സ്‌ പ്രായം. മുഖത്ത്‌ അലസമായി വളര്‍ത്തിയ താടി. മങ്ങിയ ഇരുട്ടിലായതിനാല്‍ കണ്ണിലെ ഭാവം ഊഹിക്കാനാവുന്നില്ല. തോളിലെ ബാഗ്‌ താഴെ വെച്ച്‌ പതുക്കെ വരാന്തയിലേക്ക്‌ കയറിയപ്പോഴും ആരെന്ന് ചോദിക്കാന്‍ നാവ്‌ പൊന്തുന്നില്ല.


കുറഞ്ഞ വെളിച്ചത്തിലും മുഖപരിചയമില്ലാത്ത അയാളുടെ കണ്ണുകളിലെ രക്തദാഹം എന്റെ മനസ്സിലെത്തി. പലായനത്തിന്‌ ശേഷവും ഭൂതകാലത്തിന്റെ ശേഷിപ്പ്‌ തേടിയെത്തിയിരിക്കുന്നു. അയാള്‍ സ്വയം പരിചയപ്പെടുത്തി "ഞാന്‍ കുഞ്ഞായി... എന്നെ മുമ്പ്‌ എല്ലാവരും എബി തോമസ്‌ എന്ന് വിളിച്ചിരുന്നു."


'എന്താ വേണ്ടത്‌' എന്ന എന്റെ ഭാവം അയാള്‍ മനസ്സിലാക്കിയെന്ന് തോന്നുന്നു. നിസംഗനായി ചുമരിലെ നിഴലും നോക്കി അയാള്‍ സംസാരിക്കാന്‍ തുടങ്ങി.

"നിങ്ങളുടെ ജീവനാണെനിക്ക്‌ വേണ്ടത്‌. അതിനായാണ്‌ ഞാന്‍ ഇത്രകാലം ജീവിച്ചത്‌. പാലച്ചേരിയിലെ കുര്യച്ചനെ താന്‍ ഓര്‍ക്കുന്നുണ്ടോ... എന്റെ അപ്പച്ചനെ. അവിടെ നീ നശിപ്പിച്ച എന്റെ പെങ്ങന്മാരെ നീ ഓര്‍ക്കുന്നുണ്ടോ... ? പിറ്റേന്ന് നിരത്തി കിടത്തിയ ശവമഞ്ചങ്ങള്‍ക്കിടയില്‍ ഒന്നിനുമാവാതെ മിണ്ടാതിരുന്ന ഒരു പതിനേഴുകാരനുണ്ടായിരുന്നു. എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയ നീയെന്ന ഗുരുവിന്‌ ഗുരുദക്ഷിണയുമായാണ്‌ ഞാനെത്തിയിരിക്കുന്നത്‌. എന്റെ അപ്പന്റേയും പെങ്ങന്മാരുടെയും മാനത്തിനും ജീവനും പകരമാവില്ലങ്കിലും എനിക്ക്‌ നിന്നെ വേണം."


പതുക്കേ തുടങ്ങി ഉണര്‍ന്ന് ഉയര്‍ന്ന അയാളുടെ ശബ്ദവും റേഡിയോയില്‍ നിന്ന് മുഴങ്ങുന്ന നാടകത്തിലെ കഥാപാത്രത്തിന്റെ ശബ്ദവും ഇഴപിരിഞ്ഞപ്പോള്‍ അത്‌ വേര്‍ത്തിരിച്ചെടുക്കാന്‍ ഞാന്‍ പാട്‌ പെട്ടു. അയാള്‍ക്കായി ഒരു വാചകം പോലും നാവില്‍ ജനിക്കുന്നില്ല. ഉച്ചത്തില്‍ അലറുന്ന മനസ്സ്‌ ശരീരത്തിലാകമാനം ചെറു വിറയലായിരിക്കുന്നു. നാവിലെത്തിയ വാക്കുകള്‍ വിക്കുന്ന ശബ്ദമായി മരിച്ചു.


പുഞ്ചിരിക്കും ഇത്രയും ക്രൂരമാവാനാവുമോ ... ബാഗില്‍ നിന്നെടുത്ത രണ്ട്‌ കഷ്ണം കയര്‍കഷ്ണങ്ങളില്‍ എന്നെ തളച്ചു. ഇരു കവിളുകളിലും അമര്‍ത്തി തുറന്ന വായയില്‍ ചീഞ്ഞ മണമുള്ള എന്തോ നിറച്ചു... മനസ്സ്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരുന്നത്‌ എന്റെ മകളെക്കുറിച്ച്‌ അയാള്‍ക്ക്‌ അറിയാതിരുന്നാല്‍ മതിയായിരുന്നു എന്നുമാത്രമായിരുന്നു.


മുറിച്ച്‌ മാറ്റിയ കാലിന്റെ കൂര്‍ത്ത അറ്റത്ത്‌ കയ്യിലെ പിച്ചാത്തിടെ പിടികൊണ്ട്‌ പതുക്കെ മുട്ടികൊണ്ട്‌ അയാള്‍ സംസാരിച്ച്‌ കൊണ്ടിരുന്നു... എന്നോടായിരുന്നില്ല... അയാളോട്‌ തന്നെ. ആര്‍ത്തലച്ചെത്തി, നില്‍ക്കുന്നിടം ഭസ്മാമാക്കേണ്ട പ്രതികാരാഗ്നി ജ്വലിപ്പിക്കാനാണെന്ന് തോന്നുന്നു... അയാള്‍ സ്വന്തം ജീവിതത്തിന്റെ കെട്ടഴിച്ചു. കൊടുത്ത കടം തിരിച്ചടക്കാനാവത്തിനാല്‍ ഞാന്‍ ഞെരിച്ചെരിഞ്ഞ ആ കുടുബാംഗങ്ങളുടെ പ്രേതങ്ങള്‍ എനിക്ക്‌ ചുറ്റും നൃത്തമാടി. ഓടിനടിയില്‍ തിരുകി വെച്ചിരുന്ന എന്റെ തന്നെ എഴുത്താണിക്കത്തികൊണ്ട്‌ കണ്ണിന്‌ താഴേ പതുക്കെ പോറി... കൂടെ ഗുഹയില്‍ നിന്നോണം അയാളുടെ ശബ്ദവുമെത്തി.


അയാള്‍ എണീറ്റ്‌ അകത്തേക്ക്‌ നടന്നതോടെ എല്ലാ നിയന്ത്രണങ്ങളുമറ്റ്‌ ഉച്ചത്തില്‍ അലറിയെങ്കിലും അത്‌ തൊണ്ടയില്‍ തന്നെയമര്‍ന്നു. അകത്ത്‌ നിന്ന് ശാരിയുടെ പിടച്ചില്‍ എന്റെ നെഞ്ചകത്തിലെത്തി. മനസ്സില്‍ അവനോടുള്ള പ്രതികാരത്തിലധികം ആത്മരക്ഷയേക്കുറിച്ചുള്ള ആധിയയിരുന്നു.


ശാരിയുടെ ശബ്ദം നേര്‍ത്ത്‌ നേര്‍ത്ത്‌ വന്നു. ഞാനും ഒരു മയക്കത്തിലേക്ക്‌ നീങ്ങി എന്ന് തോന്നുന്നു. എല്ലുകളെ ഉരുക്കുന്ന ശാരിയുടെ അലര്‍ച്ചയാണ്‌ ഞെട്ടിയുണര്‍ത്തിയത്‌. ഞാനും അലറിയെങ്കിലും ശബ്ദം തൊണ്ടയ്ക്ക്‌ പുറത്തെത്തിയില്ല. അയാള്‍ പുറത്തിറങ്ങി കൈകള്‍ വൃത്തിയാക്കുമ്പോള്‍ തിരിഞ്ഞ്‌ നോക്കാതെ തന്നെ പറഞ്ഞു... 'അവളെ ഞാന്‍ അവസാനിപ്പിച്ചു. നിനക്ക്‌ പകരം. നിന്റെ ജീവന്‍ തിരിച്ച്‌ തരുന്നു. അല്ലെങ്കിലും നീയെന്ന ശവത്തില്‍ നിന്ന് ഊറ്റിയെടുക്കാന്‍ ഒന്നും ശേഷിപ്പില്ലല്ലോ."


തിരിച്ച്‌ വന്ന് അതേ എഴുത്താണിക്കത്തി കൊണ്ട്‌ കെട്ടഴിച്ചു... എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തൊട്ടടുത്തിരുന്നുണ്ടായിരുന്ന മരക്കാലും ഊന്ന് വടിയും അയാള്‍ തട്ടിത്തെറിപ്പിച്ചു... അയാളുടെ കണ്ണുകളിലെ ഉന്മാദം എനിക്ക്‌ ശരിക്കറിയാം. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എന്റെ കണ്ണില്‍ പലപ്പോഴും വിരുന്നെത്തിയ അതേ ഭ്രാന്ത്‌. ഞാന്‍ തന്നെയാണ്‌ അയാളെന്ന് ഒരു നിമിഷം തോന്നി.


തിരിച്ച്‌ ബാഗുമെടുത്ത്‌ അയാള്‍ പടിയിറങ്ങി... അപ്പോഴും ഉച്ചത്തില്‍ ചിരിച്ചിരുന്നു. ഞാന്‍ പതുക്കെ തിരിഞ്ഞ്‌ നോക്കി. തുറന്ന് കിടക്കുന്ന വാതിലിലൂടെ ശാരിയുടെ പാദസരമണിഞ്ഞ കാലുകള്‍ പുറത്ത്‌ കാണുന്നുണ്ട്‌. നിരങ്ങി നിരങ്ങി അവളുടെ അടുത്തെത്തി. കഴുത്തില്‍ നിന്ന് ചോരപുഴയൊഴുകുന്ന ശരീരത്തിലേക്ക്‌ അയയില്‍ തൂങ്ങുന്ന ഒരു വസ്ത്രം വലിച്ചിട്ടു.


എന്റെ ദൌത്യം തീര്‍ന്നിരിക്കുന്നു. ഇനി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. പതുക്കെ തിരിച്ച്‌ വരാന്തയിലേക്ക്‌ നിരങ്ങിയെത്തി. എഴുത്താണിക്കത്തി കയ്യിലെടുത്ത്‌. ഇടത്‌ കൈകൊണ്ട്‌ വലത്‌ കൈയ്യില്‍ കൈപ്പത്തിയുടെ തുടക്കത്തില്‍ അമര്‍ത്തി വരച്ചു... സ്വാധീനം കുറഞ്ഞ വലത്‌ കൈയ്യിലൂടെ എന്റെ ജീവന്‍ പതുക്കേ ചോര്‍ന്ന് തുടങ്ങി... കണ്ണുകളില്‍ മൂടുന്ന ഇരുട്ടിലൂടേ ആലിംഗനവുമായെത്തുന്ന മരണത്തിന്റെ കാല്‍പാടുകള്‍ക്കായി ചെവിയോര്‍ത്ത്‌ കാത്ത്‌ കിടന്നു.

40 comments:

Rasheed Chalil said...

ജീവതാളത്തിന്റെ മരണതാളം... ഒരു കഥ പോസ്റ്റുന്നു.

asdfasdf asfdasdf said...

ഇത്തിരി, കഥയുടെ ക്രാഫ്റ്റ് നന്നായിരിക്കുന്നു. (ഓടോ : ഈ താളം കുറെ കാലമായി ഇത്തിരിയെ ചൂഴ്ന്നു നില്ക്കുന്നുണ്ടല്ലോ..)

Rajeeve Chelanat said...

ജാഡകളില്ലാത്ത വിവരണം. വലിയ ഒരു ക്യാന്‍വാസ്സിലേക്ക്‌ പകര്‍ന്നാടേണ്ട കഥ..ഒരു ചിമിഴില്‍..ചുരുക്കം വാക്കുകളില്‍..ഒതുക്കിയവതരിപ്പിച്ചതിന്റെ ശ്രദ്ധക്കും, ഭംഗിക്കും, കൈത്തഴക്കത്തിനും ആശംസകള്‍.

Unknown said...

ഇത്തിരീ,

വളരെ നന്നായിരിക്കുന്നു.

Mubarak Merchant said...

അവതരണശൈലി നന്നായിട്ടുണ്ട് ഇത്തിരീ.
സംഭവബഹുലമായ ജീവിതത്തിനവസാനം റേഡിയോ നാടകത്തിന്റെ സംഭാഷണങ്ങള്‍ പശ്ചാത്തലമാക്കി ഭൂതത്തെയും വര്‍ത്തമാനത്തെയും ഇഴ ചേര്‍ക്കുന്ന ചിന്തകള്‍ പ്രമേയത്തിനു പുതുമ നല്‍കി. എന്നാലും പറയട്ടെ, ഒരുപാടു സിനിമാ സംവിധായകര്‍ പലരീതിയില്‍ ക്രാഫ്റ്റ് ചെയ്ത ഒരേ ജീവിത കഥയെത്തന്നെയാണ് മറ്റൊരു രീ‍തിയില്‍ ഇത്തിരിയും ക്രാഫ്റ്റ് ചെയ്തിട്ടുള്ളത്. ഒരു ഗുണ്ട ജനിക്കുന്ന രീതി, വളരുന്ന രീതി, തളരുന്ന രീതി, അവസാനിക്കുന്ന രീതി.. ഇതെല്ലാ കഥയിലും ഒന്നു തന്നെ. ഇതില്‍ നിന്നൊക്കെ ഒരുപാട് വ്യഥ്യസ്തമായ ഗുണ്ടാ ജനനവും വളര്‍ച്ചതളര്‍ച്ചകളും സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നാല്‍ (ഭാവന കൊണ്ടല്ല) കാണാന്‍ കഴിയും. അല്പം കൂടി ഇന്‍ വെസ്റ്റിഗേറ്റീവ് ആകൂ. എന്നിട്ടിതുപോലുള്ള രചനകള്‍ പുതിയൊരൂര്‍ജ്ജത്തോടെ വീണ്ടുമെഴുതൂ.. ഗുഡ് ലക്ക്.

Sona said...

നന്നായിരിക്കുന്നു

വേണു venu said...

വലിയ ക്യാന്‍‍വാസ്സിനുള്ള ഒരു കഥ കുറച്ചു വാക്കുകളില്‍‍ മനോഹരമായി പറഞ്ഞിരിക്കുന്നു.:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “വാളെടുത്തവന്‍ വാളാ‍ല്‍” എന്ന് വിളിക്കാനിഷ്ടപ്പെടുന്നു.

ഓടോ:
“വാളു വെച്ചവന്‍ വാളാല്‍” ന്ന് തെറ്റി വായിക്കല്ലേ..:)

ഏറനാടന്‍ said...

ഇത്തിരിയുടെ കൈയ്യടക്കം ഉള്ളടക്കത്തിന്റെ 'ക്ലീഷേ" മായിച്ചുകളഞ്ഞിരിക്കുന്നു. പഴയ ജയന്‍, രജനീകാന്ത്‌, അമിതാഭ്‌ ബച്ചന്‍ സിനിമകളുടെ ആവര്‍ത്തനവിരസമായ 'തീം' ഇത്തിരിയുടെ എഴുത്തുശൈലിയില്‍ ബോറടിയില്ലാതെ, എന്നാല്‍ ഭീകരവികാരം സ്പുലിപ്പിക്കും വിധം വായിക്കാനുതകുന്നുണ്ട്‌.
ഒരു വലിയ നോവലിനോ മറ്റ്‌ കാന്‍വാസിനോ ചേര്‍ന്നത്‌ ചെറുകഥയുടെ ചട്ടക്കൂടില്‍ ആക്കുന്ന ആ രസതന്ത്രം ഒന്നു പറഞ്ഞുതരണം. (ആരും കേള്‍ക്കൂല)

അപ്പോള്‍ പറഞ്ഞപോലെ, ഞാനിവിടൊക്കെ തന്നെയുണ്ടാവും.

:)

ഗുപ്തന്‍ said...

നന്നായി.. ആ ഒടുക്കം നൊമ്പരപ്പെടുത്തിയെങ്കിലും.. എല്ലാപാപങ്ങളും അതേ രൂപത്തില്‍ തിരിച്ചുവന്നാല്‍ ജീവിതം ഭയങ്കരമല്ലേ.

നിമിഷ::Nimisha said...

ഇത്തിരി, എഴുത്ത് നന്നായി എന്നാലും വേദനിപ്പിച്ചു വല്ലാതെ :(

ചീര I Cheera said...

ഒന്നും പറയാന്‍ വാക്കുകളില്ല..
എന്നാലും, മനസ്സിലേയ്ക്ക് കയറി ചെല്ലുന്ന ഈ എഴുത്തിന് എല്ലാ ആശംസകളും..

thoufi | തൗഫി said...

മുന്നും പിന്നും നോക്കാനില്ലാത്തവന് ജീവിതത്തില്‍ നിന്ന് ഒന്നും നേടാനാകുന്നില്ല.
ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന്,
ഒരാളെങ്കിലും കാത്തിരിക്കുന്നുണ്ടെന്ന്
തോന്നുന്ന നിമിഷം ലക്ഷ്യത്തെക്കുറിച്ച്,
സ്വത്വബോധത്തെക്കുറിച്ച് വീണ്ടുവിചാരമുണ്ടാകുമ്പോള്‍
ജീവിതത്തിലേക്ക് മടങ്ങാതിരിക്കാനും അവനാകില്ല.

കൈവിട്ടുപോയ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ ശ്രമിച്ച്
പരാജയപ്പെടുന്ന ഒരാളുടെ വ്യര്‍ത്ഥജീവിതം,ഇവിടെ
ഒട്ടനവധി ഗുണപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നു.

വേറിട്ടവഴിയിലൂടെ കഥപറയുന്ന
ഇത്തിരിസ്റ്റൈല്‍ പ്രശംസനീയം തന്നെ.

Inji Pennu said...

ഈശ്വരാ, ഭയങ്കര വയലന്‍സ് ആണല്ലൊ. :(

പിന്നെ “ഭയത്തിനെ നമ്മുടെ ഭയം അതിജയിച്ചാല്‍ “ - അതിജയിച്ചാല്‍ എന്നൊരു വാക്കുണ്ടൊ? എന്റെ ഡിക്ഷ്ണറിയില്‍ തപ്പിയിട്ട് കണ്ടില്ല. അതിജീവിച്ചാല്‍ എന്നല്ലേയുള്ളൂ? അല്ല ഇനിയിപ്പൊ അങ്ങിനെയുണ്ടെങ്കിലും എനിക്കറിയില്ലാന്ന് പറയുവായിരുന്നു.:)

ശെഫി said...

ഇത്തിരീ നന്നായിരിക്കുന്നു.
ഇത്തിരിയുടെ പോസ്റ്റുകളുടെ ഭാവം എപ്പോഴും വിഷാദവും നൊമ്പരവുമാണല്ലോ?

കരീം മാഷ്‌ said...

നന്നായി എഴുതിയിരിക്കുന്നു.
തിന്മകള്‍ അതിന്റെ തീവ്രഭാവത്തില്‍ ബൂമറാങ്ങാവുമെന്നതു അച്ചട്ടം.
സമയവ്യത്യാസമുണ്ടാവുമെന്നു മാത്രം.
വലിയ ക്യാന്‌വാസു ശ്രിങ്കു ചെയ്യാന്‍ താങ്കളുടെ കഴിവിനു നമോവാകം

Unknown said...

പൊട്ട കഥ. വയലന്‍സ് എന്ന സിനിമ പോലെ. എനിക്കിഷ്ടായ്യില്യാ

കുറുമാന്‍ said...

ഇത്തിരീ, ഈയിടേയായി തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ വളരെ നല്ലത്, എഴുതുന്ന രീതി അതിലേറെ നല്ലത്. എല്ലാ വിധ ഭാവുകങ്ങളും....ഇനീയുമാ വിരല്‍തുമ്പില്‍ നിന്നും ഇത്തരം അനവധി, നിരവധി കഥകള്‍ ഉതിരട്ടെ.

Unknown said...

മനസ്സു നിറയെ ഭയം ജനിപ്പിക്കുന്ന ഒരു സ്രിഷ്ട്ടി!ആകെ ഒരു മൂകത! കുറച്ചു കഠിനം ആയിപ്പോയി!

sandoz said...

വ്യത്യസ്ഥതക്കുള്ള ശ്രമം നന്നായി......
പക്ഷേ ഇത്തിരിക്ക്‌ ഇതിലും നന്നായിട്ട്‌ ഈ കഥ പറയാന്‍ കഴിയും........

സഞ്ചാരി said...

അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍.
ശാരിമോളെ വെറുതെ വിടാമയിരുന്നു.

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ....എല്ലാവരും പറഞ്ഞതു കേട്ടല്ലോ? അതു തന്നെ എനിക്കും പറയാനുള്ളത്. :-))

Visala Manaskan said...

നന്നായിട്ടുണ്ട് ഇത്തിരി.

സു | Su said...

കുറച്ച് കടുത്തുപോയി. എന്നാലും എഴുത്ത് നന്നായിരിക്കുന്നു.

സുല്‍ |Sul said...

ഇത്തിരീ
ഇതൊരൊത്തിരിയായി പോയി.
കഥയില്‍ ചില നല്ല മെസ്സേജുകള്‍ ഉണ്ടെങ്കിലും, കഥയുടെ മൊത്തം ഘടന ആ നല്ല വശം കൂടി ഇല്ലാതാക്കുന്നോ എന്നൊരു ശങ്കയില്ലാതില്ല.

എഴുത്ത് നന്നായിരിക്കുന്നു.

-സുല്‍

അപ്പൂസ് said...

ഇത്തിരി വെട്ടം കണ്ടിട്ടാ അപ്പു ഇവിടേക്കു വന്നത്.. വായിക്കേണ്ടിയിരുന്നില്ലെന്നു തോന്നി..
കത്തിവേഷങ്ങളുടെ ഈ താണ്ഡവം അപ്പൂനെ വല്ലാതെ പേടിപ്പിക്കുന്നു..ഈ വഴി ഇനി വരാന്‍ കൂടി..

ചേച്ചിയമ്മ said...

നന്നായി എഴുതിയിരിക്കുന്നു.

മുസ്തഫ|musthapha said...

ഇത്തിരിയുടെ അവതരണ ശൈലി ഒത്തിരി കേട്ട ഈ വിഷയത്തിന് വിത്യസ്ഥത നല്‍കുന്നു.

എപ്പോഴും ചിരിച്ച് കാണാറുള്ള ഇത്തിരിയില്‍ നിന്നും പ്രവഹിക്കുന്ന ഇതിലെ ചില വരികള്‍ കാണുമ്പോള്‍... ഒരു പക്ഷെ അതായിരിക്കാം കഥാകാരന്‍റെ വിജയം - അല്ലേ!

നന്നായിരിക്കുന്നു

പാതിരാമഴ said...

ജീവിതം നഷ്ടപെട്ടിട്ടു തിരിച്ചു പിടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നു വിചാരിക്കാറുണ്ട്. .. പക്ഷേ ഈ കഥ.. വല്ലാതെ നൊമ്പരപെടുത്തുന്നു. ശാരി വേദന പടര്‍ത്തുന്ന ഒരു ചിത്രമായി മനസ്സില്‍... നന്നായി എഴുതിയിരിക്കുന്നു,,, മനകണ്ണില്‍ പോലും ആ വേദന പിന്തുടരുന്നു..... ശക്തമായ ഭാഷ....

Pramod.KM said...

കഥ നൊമ്പരപ്പെടുത്തി.

Anonymous said...

നല്ല പോസ്റ്റ്. എങ്കിലും അവസാ‍നം ഒരു നൊമ്പരം ബാക്കിവെക്കുന്നു

Ziya said...

നല്ല കഥ.
അവതരണം കുറച്ചുകൂടി ചടുലമാകാമായിരുന്നു.

Rasheed Chalil said...

ജീവതാളത്തിന്റെ മരണതാളം കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

കുട്ടമ്മേനോന്‍... നന്ദി, അവതാളമാണോ ?

രാജീവ്‌ജീ ഒത്തിരി നന്ദി.

പൊതുവാള്‍ നന്ദി കെട്ടോ.

ഇക്കാസ് നന്ദി. ശരിയാണ്. ഒത്തിരിപേര്‍ പറഞ്ഞവസാനിപ്പിച്ച ഒരു വിഷയം എന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കാന്‍ ഒരു ശ്രമം. തീര്‍ച്ചയായും ശ്രമിക്കാം.

സോനാ നന്ദി.

വേണുമാഷേ നന്ദി കെട്ടോ.

ചാത്തോ ഒത്തിരി നന്ദി. എല്ലായ്പ്പോഴും അങ്ങനെ സംഭവിക്കണം എന്ന് നിര്‍ബന്ധമില്ല. ചില സാഹചര്യങ്ങള്‍. തെറ്റി വായിച്ചില്ല.

ഏറനാടന്മാഷേ നല്ലവാക്കുകള്‍ ഒത്തിരി നന്ദി. അതിന്റെ ഇക്കണോമിക്സ് വേണമെങ്കില്‍ പറഞ്ഞ് തരാം. രസതന്ത്രം എനിക്കറിയില്ല.

മനു നന്ദി. എല്ലാപാപങ്ങളും അതേ രൂപത്തില്‍ തിരിച്ചുവന്നാല്‍ ... എല്ലാം തിരിച്ച് വരുന്നില്ലല്ലോ. എങ്കിലും ചിലതെങ്കിലും തിരിച്ചെത്താറില്ല... എറിഞ്ഞതിലും ഇരട്ടിവേഗത്തില്‍.

നിമിഷ നന്ദി. :(

പി ആര്‍ : ഒത്തിരി നന്ദി കെട്ടോ.

മിനുങ്ങേ ഒത്തിരി നന്ദി. സത്യം.

ഇഞ്ചിയേ നന്ദി. ഒന്ന് നോക്കട്ടേ. പക്ഷേ പലേടത്തും വായിച്ച ഓര്‍മ്മയുണ്ട്. ശരിയല്ലങ്കില്‍ തിരുത്താം. സൂചിപ്പിച്ചതിന് ഒരു പ്രത്യേക താങ്സ്.

ശെഫീ നന്ദി. വിഷാദവും നൊമ്പരവും ജീവിതത്തിന്റെ ഭാഗമല്ലേ. പിന്നെ ചുറ്റുവട്ടവും ജീവിക്കുന്നവരില്‍ അധികവും ചിരിക്കുന്നതിലധികം മനസ്സ് കൊണ്ടെങ്കിലും കരയുന്നവരല്ലേ.

കരീം‌ മാഷേ ഒത്തിരി നന്ദി. നല്ല വക്കുകള്‍ക്ക് നന്ദികെട്ടോ.

ഡാലീ ഒത്തിരി നന്ദി. :(, ഈ അഭിപ്രായം ഞാന്‍ വിലമതിക്കുന്നു.

കുറുമാന്‍ ഒത്തിരി നന്ദി. നല്ലവാക്കുകള്‍ക്ക് സ്പെഷ്യല്‍ താങ്ക്യൂ.

വയാഗ്ര (ഹെന്റമ്മച്ചിയേ...)യേ നന്ദി കെട്ടോ.

സന്‍ഡോ ഒത്തിരി നന്ദി. ശ്രമിക്കാം.

സഞ്ചാരി. നന്ദി...

അപ്പൂ എല്ലാവരോടും പറഞ്ഞത് തന്നെ പറയൂന്നു. ഒരു പാട് നന്ദിയുണ്ട്.

വിശാലമനസ്കന്‍ നന്ദിയുണ്ടേ.

സുചേച്ചി ഒത്തിരി നന്ദി.

സുല്‍ ഒത്തിരി നന്ദി. അഭിപ്രയത്തെ ഞാന്‍ വിലമതിക്കുന്നു.

അപ്പൂസെ നന്ദി കെട്ടോ. അയ്യോ അതൊരു വല്ലാത്ത തീരുമാനമാണല്ലോ.

ചേച്ചിയമ്മ നന്ദി കെട്ടോ.

അഗ്രജന്‍ നന്ദി. എപ്പോഴും ചിരിക്കുമ്പോള്‍ ചിരി നഷ്ടപെടുന്ന ഒരു ലോകം ഞാന്‍ കാണുന്നു. എനിക്ക് ചുറ്റും.

പാതിരാമഴ ഒത്തിരി നന്ദി.

പ്രമോദ് നന്ദി.

സെമി നന്ദി.

സിയ നന്ദി.

വായിച്ചവരേ കമന്റിയവരേ എല്ലാവര്‍ക്കും ഒത്തിരി നന്ദി.

മയൂര said...

ഉള്ളില്‍ ഒരു നൊമ്പരമുണര്‍ത്തി...നന്നായിരിക്കുന്നു അവതരണശൈലി...

മഴത്തുള്ളി said...

ഇത്തിരീ, വളരെ നന്നായിരിക്കുന്നു കഥ. എല്ലാ കഥകളിലും വായിക്കുന്നവര്‍ക്ക് ചിന്തിക്കാനായി എന്തെങ്കിലുമൊക്കെ നീക്കിവച്ചിട്ടുണ്ടാകും. അത് ഇത്തിരിയുടെ കഥകളെ മഹത്തരമാക്കുന്നു.

Khadar Cpy said...

വൈകി എത്തിയതില്‍ ക്ഷമിക്കുക.... നേരത്തെ വായിച്ചെങ്കിലും, ഇതുവരെ ബ്ലോഗ്ഗില്‍ എത്തിയില്ല അതാണ് കമന്‍റാതിരുന്നത്.. നന്നായിരിക്കുന്നു, മനസ്സില്‍ ഒരു പോറല്‍ ഏല്‍പ്പിച്ച പ്രതീതി....
ഇടക്കെപ്പോഴൊക്കെയോ താളം നഷ്ടപ്പെട്ടപോലെ തോന്നി.

വല്യമ്മായി said...

പേടി കോണ്ടു തന്നെയാണ് ഇതു വരെ വായിക്കാതിരുന്നത്.ട്രാജടിയാണെങ്കിലും നല്ലോരു സന്ദേശമുണ്ട് കഥയില്‍.കഥാസന്ദര്‍ഭത്തിനു യോജിച്ച ഭാഷയും മാറ്റു കൂട്ടുന്നു.ആശംസകള്‍.

Anonymous said...

'ഗതകാലത്തിന്റെ ഗര്‍ഭത്തില്‍ ഒടുങ്ങിയ നിമിഷങ്ങളുടെ മൂല്യമളക്കാന്‍ വര്‍ത്തമാന കാലത്തിനേ കഴിയൂ... ജീവിക്കുന്ന ഈ നിമിഷവും ഭൂതകാലത്തില്‍ ലയിക്കുമ്പോള്‍ അതിന്റെ മൂല്ല്യത്തെക്കുറിച്ച്‌ നാം ബോധവാന്മാരാവും'

super story. athilere super avatharanam

തമനു said...

ഇപ്പോഴാണ് വായിച്ചത്,

ഇത്തിരീ ... വളരെ നന്നായിരിക്കുന്നു. ഒത്തിരി കേട്ട കഥയാണ്. എങ്കിലും നന്നായി പറഞ്ഞിരിക്കുന്നു.

അഭിനന്ദനങ്ങള്‍...

Rasheed Chalil said...

മയൂര,മഴത്തുള്ളി, പ്രിന്‍സി, വല്ല്യമ്മായി, ശാഫി, തമനു... എല്ലാവര്‍ക്കും ഒത്തിരി നന്ദി.