Wednesday, May 16, 2007

എനിക്ക് മാത്രമായി...

കാതിലെത്തുന്ന ചുവരിലെ സമയത്തോടൊപ്പം ഒരു വാഹനത്തിന്റെ ഇരമ്പലുമുണ്ടെന്ന് തോന്നി. അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. തുറന്ന ജനാലയ്കപ്പുറം നിശ്ശബ്ദതയുടെ കരിമ്പടത്തിന്‌ താഴെ നനുത്ത മഞ്ഞില്‍ നിലാവ്‌ പരന്ന് കിടക്കുന്നു. കണ്ണെത്തും ദൂരത്ത്‌ കാണുന്ന വിജനമായ റോഡ്‌. ആ ശബ്ദം തോന്നലായിരിക്കും. ഉറക്കമില്ലാത്ത കണ്ണുക്കള്‍ക്ക്‌ പിന്നില്‍ ഉറങ്ങുന്ന മനസ്സിന്റെ തോന്നല്‍.


എല്ലാം മറന്നുറങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ കഴിയുന്നു. ആദ്യമാദ്യം സീലിംഗില്‍ കണ്ണുനട്ട്‌ രാത്രി തള്ളിനീക്കുമ്പോള്‍ പലപ്പോഴും, 'രാത്രിയ്ക്‌ ഇത്ര നീളമുണ്ടോ." എന്ന് മനസ്സില്‍ പറഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ മനസ്സ്‌ നീണ്ട രാത്രികളോട്‌ സമരസപ്പെട്ടിരിക്കുന്നു. ചുവരിലെ ക്ലോക്കിലേക്ക്‌ നോക്കാതെത്തന്നെ രാത്രിയുടെ ആഴമളക്കാനാവുന്നു. ഓര്‍മ്മകളുടെ മേല്‍ നിദ്ര അരിച്ചെത്തുമ്പോഴേക്കും 'സുബഹി' ബാങ്ക്‌ മുഴങ്ങും.

കൂടെ 'മോളേ...' എന്ന ഉമ്മയുടെ വിളിയും.

എണീറ്റ്‌ ഉമ്മയ്ക്‌ വേണ്ടി വെള്ളം ചൂടാക്കി വെച്ച്‌, കൈപിടിച്ച്‌ 'വുദു' എടുപ്പിച്ച ശേഷം, അംഗശുദ്ധി വരുത്തി നിസ്കാരപ്പായയില്‍ അഭയം തേടുന്നു. പിന്നെ ദൈവത്തിന്റെ മുമ്പില്‍... എല്ലാം മറക്കാന്‍ കുറച്ച്‌ സമയം. സ്തോത്രങ്ങളും സ്തുതികള്‍ക്കും ശേഷം മനസ്സ്‌ പ്രാര്‍ത്ഥനാ നിരതമാവുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരിക്കും. തൊണ്ടയില്‍ ചൂടുള്ള എന്തോ തടയും... ആവശ്യങ്ങളുടെ പട്ടികയില്‍ ഒരിക്കലും മനസ്സ്‌ മടുക്കാത്തവന്റെ മുമ്പില്‍ ആവലാതികളുടെ കെട്ടഴിക്കും... അതോടെ രാത്രി മുഴുവന്‍ കത്തിയമര്‍ന്ന മനസ്സില്‍ ജനിക്കുന്ന ഇത്തിരി ആശ്വാസവുമായി അടുക്കളയിലിറങ്ങുമ്പോഴേക്കും കിഴക്ക്‌ സൂര്യന്‍ തലകാണിക്കാന്‍ തുടങ്ങിയിരിക്കും.

ശൂന്യമായ മുറ്റം ഒന്ന് കൂടി ശ്രദ്ധിച്ച്‌ പതുക്കേ തിരിച്ചുനടന്നു. കിഴക്ക്‌ വെള്ളകീറാന്‍ ഇനിയും കാത്തിരിക്കണം.


ഞങ്ങളുടെ കുടുംബജീവിതത്തില്‍ കിട്ടിയ നിധിയായിരുന്നു ഹഫീസ്‌ മോന്‍. അവന്റെ വളര്‍ച്ചയുടെ പടവുകളില്‍ ഞങ്ങള്‍ അഭിമാനിച്ചു. പലപ്പോഴും പ്രായത്തേക്കാള്‍ വലിയ പക്വത കാണിച്ചപ്പോള്‍ ആഹ്ലാദിച്ചു. ഓരോ വര്‍ഷവും അവന്‍ വഴി വീട്ടിലേക്കൊഴുകിയ സമ്മാനങ്ങളില്‍ ഞങ്ങള്‍ അഹങ്കരിച്ചു.


ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്‌ ഒരു ആയുസ്സ്‌ ജീവിച്ച തിര്‍ത്ത ഞങ്ങളുടെ മകന്‍. ഡിഗ്രി അവസാന വര്‍ഷത്തിലേക്ക്‌ പ്രവേശിച്ച ശേഷമാണ്‌ വിട്ട്‌ മാറാത്ത തലവേദനയെക്കുറിച്ചും ഇടയ്കിടേ മൂക്കിലൂടെ ഒഴുകിയെത്തുന്ന കറുത്ത രക്തത്തെക്കുറിച്ചും വീട്ടില്‍ അവന്‍ അറിയിച്ചത്‌. ഇക്ക വീട്ടിലുള്ള കാലം.


തലച്ചോറില്‍ പെരുകുന്ന ക്യാന്‍സറിനെക്കുറിച്ച്‌ ഡോക്ടര്‍ വളരേ സൌമ്യമായണ്‌ സംസാരിച്ചത്‌. അവനില്‍ വേദനയുടെ ബീജങ്ങള്‍ പെരുകുന്നത്‌ തടയാന്‍ സര്‍ജറി ഒരു പരിഹാരമായേക്കും എന്ന് നിര്‍ദ്ദേശവും അദ്ദേഹത്തിന്റേതായിരുന്നു. വീടൊഴിച്ചെല്ലാം അവന്റെ ജീവനായി ചിലവഴിച്ചു. വീടും ജീവനും അവന്‌ നല്‍കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. പക്ഷേ വിധി അവന്റെ അമര്‍ത്തിപ്പിടിച്ച കൈകള്‍ ഞങ്ങളില്‍ നിന്ന് ഊരിയെടുത്തു.


അവന്റെ ഓപ്പറേഷനും കഴിഞ്ഞ്‌ വീടെത്തി ഒരാഴ്ചയ്ക്‌ ശേഷം ഇക്ക തിരിച്ച്‌ പോയി. അഫിയുടെ അടുത്തുനിന്ന് കണ്ണുകള്‍ അമര്‍ത്തിത്തുടച്ച്‌ യാത്ര പറയാനെത്തിയപ്പോള്‍ വിരല്‍ തുമ്പില്‍ അമര്‍ത്തിപ്പിടിച്ചു... പതുക്കെ പുറത്ത്‌ ഒന്ന് തട്ടി പടിയിറങ്ങുമ്പോള്‍ ഒരിക്കലും തിരിഞ്ഞ്‌ നോക്കാതിരിക്കാന്‍ ഇക്ക ശ്രദ്ധിച്ചിരുന്നു എന്ന് തോന്നി.

ഒരു വര്‍ഷം കഴിഞ്ഞ്‌ അഫി വീണ്ടും തലതല്ലി കരയാന്‍ തുടങ്ങിയപ്പോള്‍ ഇക്കയെക്കുറിച്ച്‌ ഒരു വിവരവും ഉണ്ടായിരുന്നില്ല. വീട്ടിലെ അവസാന സമ്പാദ്യവും വിറ്റുപെറുക്കി അവന്റെ ജീവനുവേണ്ടി അധ്വാനിക്കുമ്പോള്‍ മരുഭൂമിയിലെവിടെയോ ജയിലിനകത്ത്‌ അദ്ദേഹം വീര്‍പ്പ്‌ മുട്ടി കഴിയുകയാണെന്ന് അറിഞ്ഞിരുന്നില്ല.


അഫിമോന്റെ മയ്യത്തുക്കട്ടില്‍ മുറ്റത്ത്‌ നിന്ന് ഉയരുമ്പോഴും ഞാന്‍ ഒരു പാട്‌ ആഗ്രഹിച്ചിരുന്ന ഇക്കയുടെ സാന്ത്വനം വിധിച്ചിട്ടില്ലായിരുന്നു...


അകത്ത്‌ നിന്ന് ഉമ്മയുടെ ചുമയുടെ ശബ്ദം. ഇക്ക വരുന്നു എന്നറിഞ്ഞ ശേഷം ഉമ്മക്കും ഉറക്കമില്ല. ചോദിക്കാനുള്ള ഒരു പാട്‌ ചോദ്യങ്ങള്‍ കണ്ണിലുണ്ടെങ്കിലും ഒന്നും കണാതെ നടക്കാറാണ്‌ പതിവ്‌. പക്ഷേ ഇന്നലെ വല്ലാതെ പൊട്ടിപ്പോയി. കട്ടിലില്‍ കാല്‌ നീട്ടിയിരിക്കുന്ന അവരുടെ മടിയില്‍ തലവെച്ച്‌ തേങ്ങി തേങ്ങി കരഞ്ഞപ്പോള്‍ ചുളിഞ്ഞ വിരലുകള്‍ സാന്ത്വനമായി തലയിലലഞ്ഞു. ഈ വീട്ടില്‍ വന്ന് കയറിയ അന്ന് മുതല്‍‍ 'ഉമ്മ' എന്ന് വിളി തുടങ്ങി ഇന്നേ വരേ ഉമ്മയും മകളുമായി കഴിഞ്ഞെങ്കിലും ഞങ്ങള്‍ക്കിടയില്‍ എന്റെ മനസ്സ്‌ ഉണ്ടാക്കിയെടുത്തിരുന്ന ചെറിയ അകലം, കൊച്ചു കുഞ്ഞായി ചുരുണ്ട്‌ തേങ്ങിയപ്പോള്‍ അലിഞ്ഞ്‌ തീര്‍ന്നു.

"മോളേ..." ഉമ്മയാണ്‌.

മറുപടി പറയാതെ അടുത്തേക്ക്‌ നടന്നു.

"നീ ഉറങ്ങിയില്ലേ ഇത്‌ വരേ..."

ഒന്നും പറയാതെ വിളര്‍ത്ത്‌ ചുളിഞ്ഞ വൃദ്ധകരങ്ങള്‍ മുറുകേ പിടിച്ചിരുന്നു...


*** *** *** *** *** ***

താടി രോമങ്ങളില്‍ വിരലോടുമ്പോള്‍, കുറ്റിരോമങ്ങളുള്ള കവിളില്‍ കവിളുരസി 'ഉപ്പ വയസ്സനായി' എന്ന് കൊഞ്ചിയിരുന്ന അഫി ഓര്‍മ്മയായെത്തി. അടുക്കിപ്പിടിച്ച്‌ യാത്ര പറയുമ്പോള്‍ അമര്‍ത്തിക്കരഞ്ഞ അവനില്‍ നിന്ന് നിറകണ്‍ ചിരിയുമായി പടിയിറങ്ങിയപ്പോള്‍ അത്‌ അവസാന കാഴ്ചയാണെന്ന് അറിഞ്ഞിരുന്നില്ല. പുതുവസ്ത്രങ്ങളില്‍ പൊതിഞ്ഞ്‌ പുതുമണ്ണിന്‌ നല്‍കിയ അവന്റെ കുസൃതിച്ചിരിയുടെ ചിത്രം മാത്രം ഇനി ബാക്കി.


രണ്ട്‌ പതിറ്റാണ്ട്‌ നീണ്ട പ്രവാസത്തിന്റെ നീക്കിയിരുപ്പിനായുള്ള കണെക്കെടുപ്പായിരുന്നു കഴിഞ്ഞ നാലുവര്‍ഷത്തെ പ്രധാന ജോലി. അതില്‍ കാലദൂരങ്ങളുടെ കൈപ്പിടിയിലൊതുങ്ങാത്ത വൃദ്ധനയനങ്ങളും റസിയയെന്ന ആശ്വാസവും ഏതാനും സുഹൃത്തുക്കളും ബാക്കിയായി.

മലയാളികളായ ഞാനും ജമാല്‍ക്കയും ഗോവക്കാരന്‍ ജോര്‍ജ്ജും തമിഴനായ നാഗരാജും ബംഗാളിയായ റഫീഖും സുഡാനിയയ ആക്കിഫും, ഇണങ്ങിയും പിണങ്ങിയും ഒരു കുടുംബം പോലെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍. ഒരിക്കല്‍ 'ആര്‍ക്കെല്ലാമോ വേണ്ടി എരിഞ്ഞ്‌ തീരുന്ന ജീവിതങ്ങളാണ്‌ പ്രവാസി' എന്ന എന്റെ വാചകം ജമാല്‍ക്കയെ ചൊടിപ്പിച്ചു.

"ആര്‍ക്കെല്ലാമോ എന്നത്‌ ശരിയാണോ നിസാം... നമ്മുടെ കുടുംബം പട്ടിണിയറിയാതെ ജീവിക്കുന്നതിലുമില്ലേ ഒരു സുഖം."

വെറുതെ തലയാട്ടി മിണ്ടാതിരുന്നു.

എരിയാന്‍ വിധിക്കപ്പെട്ട മെഴുകുതിരിയ്ക്‌ വെളിച്ചത്തോടെപ്പം സ്നേഹവും പടര്‍‍ത്താനായാല്‍ ഉരുകിയൊലിക്കുന്ന ദുഃഖത്തിന്‌ അത്‌ ആശ്വാസമാവും. സ്നേഹം 'നുകരാന്‍' വേണ്ടി 'പകരണം' എന്ന തിരിച്ചറിവാണ്‌ പ്രവാസിയ്ക്‌ ആവശ്യം. കുടുംബം നമ്മുടെ വരുമാനം നശിപ്പിക്കാനുള്ള യൂണിറ്റും പാരാധീനതകള്‍ 'ഇന്‍വോയ്സും' മാത്രമാവുമ്പോള്‍ അവിടെ കാശിന്റെ വിനിമയം മാത്രമാണ്‌ നടക്കുന്നത്‌. സ്വന്തം കുടുംബത്തില്‍ പോലും തുറന്ന പുസ്തകമാകാന്‍ കഴിയാത്തവരാണ്‌ നമ്മളില്‍ അധികവും.

ഒരു മാസം നാട്ടില്‍ നില്‍ക്കാന്‍ ഒരു വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ ചിലവഴിക്കുന്ന പ്രവാസി സ്ഥിരം പറായാറുള്ള ഒരു വാചകമുണ്ട്‌. "ഹൊ... നാട്ടില്‍ ജീവിക്കാന്‍ പറ്റില്ല... എന്താ ചെലവ്‌." എന്നാല്‍ ബാക്കിയുള്ള പതിനൊന്ന് മാസവും വീട്ടിലേക്കയക്കുന്ന ഡ്രാഫിറ്റിനോടൊപ്പം വീട്ടുകാര്‍ ചിലവ്‌ കണ്ട്രോള്‍ ചെയ്യുന്നില്ല എന്ന ആവലാതി ആവര്‍ത്തിക്കുകയും ചെയ്യും.


ജമാല്‍ക്ക പറഞ്ഞ്‌ നിര്‍ത്തി... പുസ്തകങ്ങളുടെ വിശാല ലോകവുമായി അടുത്ത ബന്ധമുള്ള അദ്ദേഹം ഞങ്ങള്‍ക്ക്‌ ഗുരുവായിരുന്നു. ഒരേ സ്ഥലത്ത്‌ ജോലിചെയ്യുന്ന ഞങ്ങള്‍ രാവിലെ അഞ്ചിന്‌ രാത്രി എട്ടിന്‌ റുമെത്തിയാല്‍ പിന്നെ ഭക്ഷണം. ഉറക്കം... ഇതാണ്‌ പതിവ്‌. ഞാനും ജമാല്‍ക്കയും എര്‍ത്ത്‌ മൂവറിന്റെ ഡ്രൈവര്‍... മറ്റുള്ളവര്‍ നിര്‍മാണ തൊഴിലാളികള്‍.


കത്തുന്ന സൂര്യനും പൊള്ളുന്ന മണലിനുമിടയിലെ ജോലിതുടങ്ങി ഏതാനും സമയം കൊണ്ട്‌ തന്നെ ഹെല്‍മെറ്റിനകത്ത്‌ തലയും സേഫ്റ്റി ഷൂവിനകത്ത്‌ കാലും വിങ്ങാന്‍ തുടങ്ങും. ഉച്ചയ്ക്‌ തൈര്‌ കൂട്ടി ഊണ്‌ കഴിച്ച്‌ നിര്‍ത്തിയിട്ട വാഹനങ്ങളുടെ നിഴലില്‍ പൂച്ചയുറക്കം. രണ്ട്‌ വര്‍ഷത്തെ ജോലിയ്ക്‌ ശേഷം രണ്ട്‌ മാസത്തെ വിശ്രമം വെക്കേഷനാവുന്നു. രണ്ട്‌ വര്‍ഷം ശരീരത്തിലൊട്ടിയ കട്ടിയുള്ള വര്‍ക്ക്‌ ഡ്രസ്സില്‍ നിന്നും ഊറിക്കൂടിയ വിയര്‍പ്പില്‍ നിന്ന് രണ്ട്‌ മാസത്തേക്കുള്ള മോചനത്തിനായെത്തുന്ന നാട്ടില്‍ പുത്തന്‍ പണക്കാരനും ബൂര്‍ഷ്വയും ഗള്‍ഫ്‌ ജാഡകളുമാവുന്നു.


നിമിഷങ്ങളുടെ വേഗതയില്‍ പായുന്ന ദിവസങ്ങള്‍ക്കവസാനം നിറഞ്ഞ കണ്ണുകളും മുറിവേറ്റ മനസ്സുകളും മറന്ന് ആകാശത്തേക്ക്‌ ഉയരുമ്പോള്‍ പുറം കാഴ്ചകളില്‍ കണ്ണ്‍ നട്ടിരിക്കും. മനസ്സില്‍ അടുത്ത വെക്കേഷന്റെ മുമ്പ്‌ തീര്‍ക്കേണ്ട കട ബാധ്യതകളുടെ കണക്കുമായി.


അന്ന് രാവിലെത്തന്നെ പ്രധാന സൈറ്റിനപ്പുറമുള്ള സ്ഥലത്തെ കുറച്ച്‌ ജോലി തീര്‍ക്കലായിരുന്നു ഞങ്ങളുടെ ആദ്യ ജോലി. മണ്‍കൂനകളിലൂടെ ചാഞ്ഞും ചരിഞ്ഞും എര്‍ത്ത്‌ മൂവര്‍ നീങ്ങവേ സൈഡുകളില്‍ മുറുക്കിപിടിച്ചിരിക്കുന്ന നാഗരാജനോടും റഫീഖിനോടുമായി പറഞ്ഞു. "ഇത്‌ അപകടം പിടിച്ച പണിയാ... നടന്നാല്‍ മതിയായിരുന്നു നിങ്ങള്‍."


റഫീഖ്‌ ഉറക്കെ ചിരിച്ചു.


പണി തീര്‍ത്ത്‌ തിരിച്ച്‌ പോരുമ്പോള്‍ മണ്‍കൂനയില്‍ കയറിയ എര്‍ത്ത്‌മൂവര്‍ ഒന്നുലഞ്ഞ്‌ മറ്റൊരു ചരിവിലേക്ക്‌ ഇറങ്ങിയതോടെ റഫീഖും നാഗരാജും മുമ്പിലേക്ക്‌ വീണു. നിയന്ത്രിക്കാനാവും മുമ്പ്‌ ഭീമന്‍ ടയറുകള്‍ അവരിലൂടെ കേറിയിറങ്ങിയിരുന്നു. ശരീരത്തിന്റെ പാതിഭഗം ടയറിനടിയില്‍ മറഞ്ഞ റഫീഖിന്റെ കോടുന്ന ചുണ്ടിലേക്ക്‌ നോക്കി ഉച്ചത്തില്‍ കരഞ്ഞതേ ഓര്‍മ്മയുള്ളൂ.


ഓര്‍മ്മ തെളിഞ്ഞപ്പോള്‍ രണ്ടാളും അവിടെ വെച്ച്‌ തന്നെ മരണപ്പെട്ട വിവരം അറിഞ്ഞു. പിന്നെ പോലീസ്‌, ജയില്‍, കോടതി... തെറ്റ്‌ എന്റെ ഭാഗത്തായിരുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിനവാശപ്പെട്ട ബ്ലഡ്‌മണി നല്‍കും വരേ ജയില്‍വാസം വിധിക്കപ്പെട്ടു. എര്‍ത്ത്‌ മൂവറില്‍ യാത്രചെയ്യാന്‍ പെര്‍മിഷന്‍ ഇല്ലാത്തതിനാല്‍ ഇന്‍ഷൂറന്‍സും കയ്യൊഴിഞ്ഞു.


ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം. അഫിയുടെ ജീവനുവേണ്ടി വാങ്ങിക്കൂട്ടിയ കടം തലക്ക്‌ മേലെ നില്‍ക്കവേ അടുത്ത പരീക്ഷണം. മനമുരുകി പ്രാര്‍ത്ഥിക്കാനല്ലാതെ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. വിവരമറിഞ്ഞെത്തിയ സുഹൃത്തുക്കളാണ്‌ മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിക്കാന്‍ മുന്‍കയ്യെടുത്തത്‌. റഫീഖിന്റെ സഹോദരന്‍ ജയിലില്‍ എന്നെ കാണാനെത്തി. ദരിദ്രമായ ആ കുടുംബത്തിന്റെ ആശ്വാസമായിരുന്നു റഫീഖ്‌. അദ്ദേഹത്തോട്‌ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. പരുക്കന്‍ കൈകള്‍ അമര്‍ത്തിപ്പിടിച്ചപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.


നാഗരാജിന്റെ കുടുംബത്തോട്‌ സംസാരിക്കാന്‍ പോയവര്‍ ഒന്നും പറയാനാവാതെ മടങ്ങിയെത്രെ. പകരം ആ കുടുംബത്തിന്‌ അവകാശപ്പെട്ട സംഖ്യ സുഹൃത്തുക്കളും നാട്ടുകാരും കൂടി സ്വരൂപിച്ച്‌ നല്‍കി. അങ്ങനെ മോചനം പ്രതീക്ഷിച്ച്‌ കഴിയുകയായിരുന്നു ഇന്നലെ വരെ.


ഫ്ലൈറ്റിന്റെ പടികളില്‍ നിന്ന് വെറുതെ ശരീരത്തില്‍ നുള്ളി നോക്കി. നീണ്ടക്യൂവില്‍ മനസ്സിന്‌ മനസ്സിന്‌ വല്ലാത്ത ധൃതിയായിരുന്നു.


കാറില്‍ നിന്നിറങ്ങുമ്പോള്‍ വേച്ച്‌ പോയി. ഒരുപാട്‌ രാത്രിയിലെ സ്വപ്നത്തിലെ അസ്വസ്ഥത മുമ്പിലുണ്ട്‌. നനവ്‌ മാറാത്ത മുറ്റവും കടന്ന് വാതിനടുത്തേക്ക്‌ നടന്നു. കാലുകള്‍ക്ക്‌ പറയാവാത്ത ഭാരം. നെഞ്ചിനകത്ത്‌ എന്തോ നിറയുന്ന പോലെ... തോണ്ടയില്‍ ശബ്ദം കുരുങ്ങിയിരിക്കുന്നു. കണ്ണിലെ പൊള്ളുന്ന ചൂട്‌ പൊട്ടി കവിളിലൂടെ ഒലിച്ചിറങ്ങി.


ആരോ വാതില്‍ തുറക്കുന്നുണ്ട്‌. നിറഞ്ഞ കണ്ണിലെ മങ്ങിയ കഴ്ചയില്‍ ആ ഇത്തിരി വളഞ്ഞ രൂപം നിറഞ്ഞു നിന്നു. കറുത്ത തുണിയും വെളുത്ത കുപ്പായവും ധരിച്ച എന്റെ സ്വപ്നം... 'ഉമ്മാ...' എന്ന് ആര്‍ത്ത്‌ വിളിച്ചു... പക്ഷേ നാവ്‌ മൌനമായിരിക്കുന്നു. കൈയ്യിലൂന്നിയ വടി താഴേവീണു... ശൂന്യമായ കരങ്ങള്‍ മുറുക്കെ പുണര്‍ന്നു... ഒന്നും പറയാതെ തന്നെ ഞാന്‍ എല്ലാം പറഞ്ഞു... എത്ര സമയം നിന്നു എന്നറിയില്ല. തല ഉയര്‍ത്തിയപ്പോള്‍ വതിലില്‍ റസിയ. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്‌. ഞങ്ങളുടെ നനഞ്ഞ കണ്ണുകളിടഞ്ഞു... അവളുടെ ചുണ്ടില്‍ എനിക്ക്‌ മാത്രമായി ഒരു പുഞ്ചിരി വിടര്‍ന്നു. എനിക്ക്‌ മാത്രമായി.

28 comments:

Rasheed Chalil said...

എനിക്ക് മാത്രമായി...

ഒരു പുതിയ പോസ്റ്റ്.

സു | Su said...

ആദ്യം നൊമ്പരവും, ഒടുവില്‍ അല്‍പ്പം സന്തോഷവും തന്ന ഒരു കഥ.

നന്നായിട്ടുണ്ട്.

ഏറനാടന്‍ said...

ഇത്തിരിക്കഥകളുടെ തനത്‌ ശ്രേണിയിലെ മറ്റൊരു നല്ല കഥ. ഇങ്ങനെ ശുഭപര്യവസായിയായ ഇതിവൃത്തമാണ്‌ ഇത്തിരികൂടി നല്ലതെന്ന്‌ തോന്നുന്നു.. (അഭിപ്രായമാണേ..)

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ....പതിവുപോലെ നന്നായി. ആദ്യ പകുതി പ്രത്യേകിച്ചും.

Unknown said...

ഇത്തിരീ,

വളരെ നന്നായിരിക്കുന്നു.ഇതൊത്തിരി പ്രവാസികളുടെ കരള്‍ പിടയുന്ന വേദനയാണിവിടെ പകര്‍ത്തി വെച്ചിരിക്കുന്നത്.

"എരിയാന്‍ വിധിക്കപ്പെട്ട മെഴുകുതിരിയ്ക്‌ വെളിച്ചത്തോടെപ്പം സ്നേഹവും പടര്‍‍ത്താനായാല്‍ ഉരുകിയൊലിക്കുന്ന ദുഃഖത്തിന്‌ അത്‌ ആശ്വാസമാവും. സ്നേഹം 'നുകരാന്‍' വേണ്ടി 'പകരണം' എന്ന തിരിച്ചറിവാണ്‌ പ്രവാസിയ്ക്‌ ആവശ്യം. കുടുംബം നമ്മുടെ വരുമാനം നശിപ്പിക്കാനുള്ള യൂണിറ്റും പാരാധീനതകള്‍ 'ഇന്‍വോയ്സും' മാത്രമാവുമ്പോള്‍ അവിടെ കാശിന്റെ വിനിമയം മാത്രമാണ്‌ നടക്കുന്നത്‌. സ്വന്തം കുടുംബത്തില്‍ പോലും തുറന്ന പുസ്തകമാകാന്‍ കഴിയാത്തവരാണ്‌ നമ്മളില്‍ അധികവും."

ഇതില്‍ ഞാനെന്റെ കവിതയെ കണ്ടു.

മൊത്തത്തില്‍ വായിച്ചപ്പോള്‍ ചാരുകേശിയുടെ അനുഭവങ്ങളിലൂടെയും മനസ്സ് പിറകോട്ടു നടന്നു.

ഇതു കഥയല്ല ജീവിതം തന്നെയാണ് ഏതൊക്കെയോ ഹതഭാഗ്യരായ മനുഷ്യാത്മാക്കളുടെ‍.....ഈ ഞാനുള്‍പ്പെടെ....

ചേച്ചിയമ്മ said...

കഥ ഇഷ്ടപ്പെട്ടു.

മഴത്തുള്ളി said...

ഇത്തിരീ, ദുഖങ്ങളുടെ ഒരു സാഗരത്തില്‍ നീന്തി നീന്തി അവസാനം ഒരു ചെറിയ തുരുത്തിലെത്തിയ പ്രതീതി. കൊള്ളാം, എഴുത്ത് വളരെ വളരെ നന്നാവുന്നു.

വേണു venu said...

ഇത്തിരീ എഴുത്തു നന്നാവുന്നു.:)

Anonymous said...

ഇത്തിരീ നല്ല കഥ. നല്ല അവതരണവും തുടരുക.

thoufi | തൗഫി said...

പരീക്ഷണങ്ങളുടെ തീക്കൂനയിലൂടെ
ചവിട്ടി നടക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യനായ
ഒരു പ്രവാസിയുടെ നൊമ്പരപ്പെടുത്തുന്ന കഥ
ഉള്ളം പിടിച്ചുലക്കുന്നു.
ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍
അന്യനാട്ടിലെ കാരിരുമ്പിനകത്ത് കഴിയേണ്ടി
വരുമ്പോഴും നാട്ടിലെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ അയാളെ വേട്ടയാടുന്നുണ്ടാകണം.

എന്റെ മനസ്സിപ്പോഴും ജയില്‍വാസം തട്ടിയെടുത്ത
അയാളുടെ തിരികെക്കിട്ടാത്ത
ആ ജീവിതവസന്തത്തിലാണ്.

--മിന്നാമിനുങ്ങ്

സാരംഗി said...

മനസ്സില്‍ ഒരു നൊമ്പരത്തിന്റെ ചൂട്‌ പകരുന്ന കഥ..വളരെ ഇഷ്ടമായി..കണ്ണു നനയിക്കുന്ന എത്രയെത്ര കഥകളാണു മണല്‍ക്കാടുകള്‍ക്ക്‌ പറയാനുള്ളത്‌..

വേണു venu said...

മണല്‍‍ക്കാടുകളുടെ നൊമ്പരങ്ങള്‍‍ എത്രയോ നിശ്ശബ്ദതകളുടെ തടവറകളില്‍‍ കുഴിച്ചു മൂടപ്പെടുന്നു. ഇത്തിരി, എഴുത്തു നന്നാകുന്നു.:)

ശെഫി said...

ഇത്തിരീ നിങ്ങളുടെ കഥ പറച്ചിലിന്റെ രീതിയുൊ ഒതുക്കവുമാണെന്നിക്കിഷ്ടം ഈ കഥയിലുമതേ

ak47urs said...

കണ്ണുനീരിനു മറ്റൊരു പര്യായപദം “പ്രവാസി”
എന്റെ വരികള്‍ തന്നെ ഓര്‍മ്മ വരുന്നു...
“ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും
അത്തറുമായ് വരുമ്പോള്‍
അവര്‍ ചക്കയും മാങ്ങയും അച്ചാറും
ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!”
ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍

ദേവന്‍ said...

ഒരുപാടു നാളു കഴിഞ്ഞാണ്‌ ഇത്തിരി വെട്ടത്തിന്റെ ബ്ലോഗിലെത്തിയത്‌. അന്നത്തെ പോലെ തന്നെ ഇന്നും നന്നായിരിക്കുന്നു.

കരീം മാഷ്‌ said...

എരിയാന്‍ വിധിക്കപ്പെട്ട മെഴുകുതിരിയ്ക്‌ വെളിച്ചത്തോടെപ്പം സ്നേഹവും പടര്‍‍ത്താനായാല്‍ ഉരുകിയൊലിക്കുന്ന ദുഃഖത്തിന്‌ അത്‌ ആശ്വാസമാവും. സ്നേഹം 'നുകരാന്‍' വേണ്ടി 'പകരണം' എന്ന തിരിച്ചറിവാണ്‌ പ്രവാസിയ്ക്‌ ആവശ്യം. കുടുംബം നമ്മുടെ വരുമാനം നശിപ്പിക്കാനുള്ള യൂണിറ്റും പാരാധീനതകള്‍ 'ഇന്‍വോയ്സും' മാത്രമാവുമ്പോള്‍ അവിടെ കാശിന്റെ വിനിമയം മാത്രമാണ്‌ നടക്കുന്നത്‌. സ്വന്തം കുടുംബത്തില്‍ പോലും തുറന്ന പുസ്തകമാകാന്‍ കഴിയാത്തവരാണ്‌ നമ്മളില്‍ അധികവും.

സത്യം സത്യമായി പറയുമ്പോള്‍ ഇത്തിരിയെ ഒത്തിരി ഇഷ്ടമാകുന്നു. വായിക്കാന്‍ കൊതിയാവുന്നു.എഴുത്തുകാരന്‍ വായനക്കാരന്റെ പ്രതിബിംബമാകുന്നു.
നന്നായിരിക്കുന്നു.

സുല്‍ |Sul said...

ഇത്തിരീ
കഥ നന്നായിരിക്കുന്നു പതിവുപോലെ.
-സുല്‍

:: niKk | നിക്ക് :: said...

ഇത്തിരിവട്ടം .. ആദ്യത്തെ പകുതി വളരെ നന്നയിട്ടുണ്ട്‌...

ഇഷ്ടായി, നല്ല എഴുത്ത്‌ :)

Sona said...

നൊമ്പരപ്പെടുത്തുന്ന വരികള്‍..”ജീവിക്കാന്‍ വേണ്ടി ജീവിതം കളയുന്നവന്‍ പ്രവാസി” അല്ലെ!

Rajeeve Chelanat said...

കഥ വായിച്ചു എന്നു മാത്രം പറയട്ടെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
പൊതുവാളു മാഷുടെ വാക്കുകള്‍ കടമെടുക്കുന്നു
"മൊത്തത്തില്‍ വായിച്ചപ്പോള്‍ ചാരുകേശിയുടെ അനുഭവങ്ങളിലൂടെയും മനസ്സ് പിറകോട്ടു നടന്നു."

sandoz said...

ഇത്തിരീ...വായിച്ചു.....ഈ പ്രവാസികളുമായി ബന്ധപ്പെട്ട കഥകള്‍ പറയുമ്പോഴൊക്കെ ദുഖം ഒരു സൈഡ്ട്രാക്കായി ഇടണമെന്ന് നിര്‍ബന്ധമുണ്ടോ.....
ആരോക്കെ ഏത്‌ രീതിയില്‍ പറഞ്ഞാലും കണ്ണീര്‍ തന്നെ.....
പ്ലാറ്റ്‌ഫോം സെയിം ആണെങ്കിലും ഇതില്‍ ഒരു വ്യത്യസ്ഥക്ക്‌ ശ്രമിച്ചിട്ടുണ്ട്‌.....

[വേണുജി..ബിന്ദു..ഇത്തിരി..കിരണ്‍സ്‌...ഇവരുടെ ടെമ്പ്ലേറ്റുകള്‍ ഞാന്‍ കത്തിക്കും.....ഏത്‌ സിസ്റ്റം വഴി ഇവരുടെ ബ്ലോഗ്‌ തുറന്നാലും തഥൈവ...എപ്പൊ ഹാങ്ങ്‌ ആയീന്ന് ചോദിച്ചാ മതി...]

Anonymous said...

:)

കുറുമാന്‍ said...

ഇത്തിരീ വളരെ നന്നായിരിക്കുന്നൂ. പറഞ്ഞപ്പോള്‍ ഇതു പോലെ മനോഹരമായി എഴുതി ഫലിപ്പിക്കാന്‍ കഴിയൂമെന്ന് കരുതിയില്ല. ആശംസകള്‍

ചീര I Cheera said...

മുന്‍പേ വായിച്ചിരുന്നു..
അപ്പോള്‍ ഒന്നും പറയാn ഉണ്ടായിരുന്നില്ല..
ഇത്തരം ജീവിതങ്ങള്‍, ഓരോ ഉദാഹരണങള്‍ പോലെ ജീവിച്ചുകൊണ്ടിരിയ്ക്കുന്നതു കണ്ടിട്ടും, ഈ പ്രവാസസ്വപ്നങ്ങളുമായി വരുന്നവരുടെ എണ്ണം എന്തേ കുറയുന്നില്ല? എന്നു എപ്പോഴും തോന്നാറുണ്ട്.
ഇതിലെ എല്ലാ കഥാപാത്രങ്ങളും മനസ്സിനോടു ചേര്‍ന്നു നില്‍ക്കുന്നുണ്ട് ഇപ്പോഴും..

Rasheed Chalil said...

ഇക്കാസ്.
സു.
ഏറനാടന്‍.
അപ്പു.
പൊതുവാള്‍.
ചേച്ചിയമ്മ.
മഴത്തുള്ളി.
വേണു.
സലാം.
മിന്നാമിനുങ്ങ്.
സാരംഗി.
വേണു.
ശെഫി.
എകെ47(ന്റമ്മോ).
ദേവന്‍.
കരീം മാഷ്.
സുല്‍.
നിക്ക്.
സോന.
രാജിവ്.
കുട്ടിച്ചാത്തന്‍.
സന്‍ഡോസ്.
കാളിയന്‍.
കുറുമന്‍.
പി ആര്‍... എല്ലാവര്‍ക്കും ഒത്തിരി നന്ദി.

കൂടാതെ വായിച്ചവര്‍ക്കും അഭിപ്രയാം അറിയിച്ചവര്‍ക്കും ഒത്തിരി നന്ദി.

വല്യമ്മായി said...

കഥ കൊള്ളാം,പതിവ് ഇത്തിരി കഥകളുടെ അത്ര ഇഷ്ടമായില്ലെങ്കിലും.ഹഫിയും അഫിയും മാറി മാറി വരുന്നുണ്ടല്ലോ.

മുസ്തഫ|musthapha said...

ഒരു മാസം നാട്ടില്‍ നില്‍ക്കാന്‍ ഒരു വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ ചിലവഴിക്കുന്ന പ്രവാസി സ്ഥിരം പറായാറുള്ള ഒരു വാചകമുണ്ട്‌. "ഹൊ... നാട്ടില്‍ ജീവിക്കാന്‍ പറ്റില്ല... എന്താ ചെലവ്‌." എന്നാല്‍ ബാക്കിയുള്ള പതിനൊന്ന് മാസവും വീട്ടിലേക്കയക്കുന്ന ഡ്രാഫിറ്റിനോടൊപ്പം വീട്ടുകാര്‍ ചിലവ്‌ കണ്ട്രോള്‍ ചെയ്യുന്നില്ല എന്ന ആവലാതി ആവര്‍ത്തിക്കുകയും ചെയ്യും.

പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു വശമാണിത്!

ഇത്തിരി, വളരെ നന്നായിട്ടുണ്ട് ഈ പോസ്റ്റും.

qw_er_ty