Wednesday, June 28, 2017

17. വിസ്മയം.

ഭാഗം : പതിനേഴ്.

സുബ് ഹി നിസ്കാരം കഴിഞ്ഞ് പതിവ് പാരായണത്തിനായി ഖുര്‍ആന്‍ തുറക്കുമ്പോഴും മനസ്സില്‍ അലയടങ്ങിട്ടില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്നിതിനിടയില്‍ എപ്പഴോ ഒന്ന് കണ്ണ് വെട്ടിയിരുന്നു. കണ്ണടച്ചാല്‍ തെളിയുന്നത് സല്‍മൂന്റെ ചിരിയാണ്. അല്ലെങ്കിലും എന്റെ ജീവിതത്തില്‍ സമാധാനവും സന്തോഷവും അധികം വിധിക്കപ്പെട്ടിട്ടില്ലല്ലോ. പറക്കമുറ്റാത്ത മക്കളെ ഏല്‍പ്പിച്ച് ഭര്‍ത്താവിന്റെ വിയോഗവും, പിന്നെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള പെടാപാടും. ഇടയ്ക്ക് വെച്ച് നഷ്ടമായ ആങ്ങളയും നാത്തൂനും... അവര്‍ പിന്നിലുപേക്ഷിച്ച രണ്ട് യത്തീമുകള്‍... പോറ്റി വളര്‍ത്തുന്നതിനിടെയില്‍ പിന്നെയും കൈ വഴുതി നഷ്ടമായ കദീജൂ. തിരിഞ്ഞ് നോക്കുമ്പോള്‍ നഷ്ടങ്ങളുടെ ഒരു നിര തന്നെയുണ്ട്. . സൈനു വന്ന് കേറിയപ്പോള്‍ അവളൊടൊപ്പം പൊയ്പ്പോയ സന്തോഷവും സമാധാനവും തിരിച്ചെത്തിത്തുടങ്ങി. സല്‍മുവിന്റെ ജനനത്തോടെ അത് പൂര്‍ണ്ണമാവുകയും ചെയ്തു. പക്ഷേ പ്രതീക്ഷിക്കാത്ത വേഗത്തില്‍ അത് നഷ്ടമാവുകയും ചെയ്തു.

ജീവിതത്തില്‍ എല്ലാ പരീക്ഷണങ്ങളിലും ഉറച്ച് നിന്നെങ്കിലും ഇപ്പോള്‍ ശരിക്കും അടിതെറ്റി. ദൈനദിന ജീവിതത്തെപ്പോലും അവരുടെ അസാന്നിധ്യം സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കുഞ്ഞു വന്നപ്പോള്‍ മുറ്റവും തൊടിയും കാട് കെട്ടിക്കിടക്കുന്നതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു. “ഞ് ഞാന്‍ ആര്‍ക്ക് വേണ്ട്യാ കുട്ട്യേ... ആയക്കാലത്ത് നയിച്ച് ണ്ടാക്കി (അധ്വാനിച്ച്) മക്കളെ പോറ്റി. ജീവിതത്തിലെ സുഗന്താന്ന് അന്റെ അമ്മായി അറ്ഞ്ഞ്ട്ട്ല്ല്യാ.. ന്ന്ട്ടും ആ ബാലാല് കാട്ട്യ പണി നോക്കാ ജ്ജ്..” എന്ന് പറഞ്ഞൊഴിഞ്ഞു. അവനും മറുപടി ഉണ്ടായിരുന്നില്ല. അവളെ തിരിച്ച് കൊണ്ട് വന്നാലോ എന്ന് പലവട്ടം ആലോചിച്ചതാണ്. ഒരു പക്ഷേ അവള്‍ക്ക് ഇനിയും ലഭിച്ചേക്കാവുന്ന നല്ല ജീവിതത്തെ നശിപ്പിക്കലാവും എന്ന് കരുതി. തിരിച്ചെടുക്കാന്‍ നിര്‍ബന്ധിക്കാനായി അന്വേഷിച്ചു പോയ ഹംസ തിരിച്ചെത്തിയതോടെ അത് വരെ ഉണ്ടായിരുന്ന പ്രതീക്ഷയും അസ്തമിച്ചു. തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പറഞ്ഞ് തീര്‍ക്കായിരുന്നു. പക്ഷേ ഒന്നുമില്ലാ‍തെ പിന്നെന്തിന് എന്ന് അവനെ കണ്ട മുതല്‍ ചോദിച്ച് തുടങ്ങിയതാണ്. മൌനം മാത്രമയിരുന്നു മറുപടി.

രാത്രി തിമര്‍ത്ത് പെയ്ത മഴയില്‍ നനഞ്ഞൊലിച്ചെത്തിയ അവനെ കണ്ടപ്പോള്‍ പലതും ചിന്തിച്ച് കൂട്ടിയിരുന്നു. അവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കണം. അവളെ തിരിച്ച് കൊണ്ടുവരണം. ഞാന്‍ പറഞ്ഞാല്‍ വിട്ടുവീഴ്ചയ്ക്ക് അവന്‍ തയ്യാറായിരിക്കും. ആദ്യ കാഴ്ചയില്‍ ഇറങ്ങിപ്പോവാന്‍ പറയാനാണ് തോന്നിയത്. കണ്ടപ്പോള്‍ ദേഷ്യത്തെ ജയിച്ച സങ്കടം ശബ്ദമടക്കി. “ഈ വയസ്സ് കാലത്തും ഇന്നെ സുഖായി ജീവിക്കാന്‍ മക്കള് സമ്മയ്ക്കൂലാ ല്ലേ...“ എന്ന് പരിഭവിച്ചപ്പോഴും, “അനക്ക് ന്താ പറ്റ്യേത് ന്റെ സൈയ്തോ...” എന്ന് ആശങ്കപ്പെട്ടപ്പോഴും മറുപടി ഇല്ലായിരുന്നു. കാരണം കൂടാതെ തലാഖ് പാടില്ല. അതല്ലാതെ മറ്റൊരു പരിഹാരവും ഇല്ലങ്കില്‍ മാത്രമുള്ള ആയുധമാണ് വിവാഹ മോചനം. അനുവദനീയമാണെങ്കിലും അല്ലാഹുവിന് ഏറ്റവും കോപമുള്ള വിഷമാണ് ദാമ്പത്യബന്ധം പിരിയുന്നത്. മനുഷ്യന്റെ കാര്യമാണ്... എപ്പൊഴാണ് മരണം എന്നറിയില്ല, നാളെ എല്ലാറ്റിനും മറുപടി പറയേണ്ടി വരേണ്ട ഒരു സമയം വരും... ആ കണ്ണീരിന്റെ ശക്തിമതി ജീവിതത്തിലെ എല്ലാ സൌഭാഗ്യങ്ങളും കരിച്ച് കളയാന്‍.. എന്നൊക്കെ പറഞ്ഞപ്പോള്‍ അവന്റെ ചുണ്ടനങ്ങി. “സൈനൂന്റെ കൊയപ്പം കൊണ്ടല്ല ഓളെ വേണ്ടെന്ന് വെച്ചത്. തെറ്റ് ന്റതാ... “ ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങള്‍ ബാക്കി വെച്ച് അവന്‍ വീണ്ടും മൌനത്തിലേക്ക് മടങ്ങി.

മൂന്നാല് ദിവസം കൊണ്ട് ഒരുപാട് ആഗ്രഹങ്ങള്‍ മുളപൊട്ടിയ മനസ്സ് വീണ്ടും ശവപ്പറമ്പ് ആയിരിക്കുന്നു. കണ്ണില്‍ ഉറക്കം അരിച്ചെത്തിയപ്പോള്‍ ഖുര്‍ആന്‍ അടച്ചു. രണ്ട് ദിവസമായി മാറി നിന്ന ഉറക്കം പതുക്കെ അടുത്തെത്തിയപ്പോള്‍ നിസ്കാരക്കുപ്പായം അഴിച്ച് നിസ്കാരപ്പായയില്‍ തന്നെ ചെരിഞ്ഞു.

“മ്മാ... മ്മാ...” ഹംസയുടെ നീട്ടിയുള്ള വിളി കേട്ടാ‍ണ് ഞെട്ടിയുണര്‍ന്നത്. നേരം നന്നായി വെളുത്തിരിക്കുന്നു.
“ന്തേ...”
“ഇങ്ങളോന്ന് വന്നാണീ‍...”
നിസ്കാരപ്പായ നടുമടക്കി, മുണ്ട് (തട്ടം) ശരിയാക്കി പുറത്തിറങ്ങി.അവന്‍ കോലായിലേക്ക് കേറുകയാണ്.
“അലീമു താത്തനെ കാണാല്ല്യേലാ...”
“കാണാല്യാന്നോ... ഓക്ക് ന്തേ പറ്റ്യേ... ആരാ അന്നോട് പറഞ്ഞത്.”
“ഓലെ പെരീല് ആള് കൂടീക്ക്ണ്..”
“ന്താടാ ഇജ്ജ് ഈ പറീണത്... ഓള് ഏണ്ട് പോവാനാ... “
“ങ്ങള് പോയി നോക്കീ... “

ഓടിച്ചെല്ലുമ്പോള്‍ അവിടെ മുറ്റം നിറയെ ആള് കൂടിയിരിക്കുന്നു. അവളുടെ ഭര്‍ത്താവ് അസൈന്‍ പിന്തറയില്‍ തല താഴ്ത്തി ഇരിപ്പുണ്ട്. അടുത്തെ വീട്ടിലെ ആയിശു തേങ്ങിക്കരയുന്ന കദീജുവിനെ തോളിലിട്ടിട്ടുണ്ട്. കണ്ടപ്പോള്‍ ആയിശു അടുത്തേക്ക് വന്നു.
“ന്തേ ണ്ടായി...”
“അറീലാ... ഇന്നലെ അസൈന്‍ ഇബ്ടെ ണ്ടായിര് ന്ന് ല്യാ...”
“ഒനേണ്ടേ പോയീന്ന്..”
“രായിന്‍ ഹാജിക്ക് അട്ത്ത കാളൂട്ടിന് (കാളപൂട്ടിന്) ള്ള മൂരിനെ കൊണ്ട്രാന്‍ ഇന്നലെ രാവിലെ മാണ്യാങ്കുളം ചന്തക്ക് പോയീനേലാ... ഒക്കെ കയിഞ്ഞ് ഓന്‍ രാവിലെ വന്നപ്പോ കദീജു തൊട്ടീക്കെടന്ന് കരയേര്ന്നെത്രെ. ന്തേലും ആവുസ്യത്തിന് തൊടൂക്ക് എറങ്ങ്യേതാവും ന്നാ ഓന്‍ കര്ത്യേത്. കൊറെ കയിഞ്ഞ് കാണാന്‍ ല്ല്യാതായപ്പോ അവ്ടെ അന്വേസിച്ച് വന്ന്.. അപ്പളാ ഞാന്‍ തെര്യാന്‍ കൂട്യേത്.”
“ഈ പെണ്ണ് എവ്ടെ പോയി...”
“കേറ്റിലും (കിണറില്‍) കൊളത്തിലും ഒക്കെ നോക്ക്ണ്ട്... കേറ്റില്‍ എറങ്ങാന്‍ കയറിന് വേലു പോയീറ്റ്ണ്ട്...”

കയറുമായി വേലു എത്തിയതോടെ എല്ലാവരും കിണറ്റുകരയിലേക്ക് നീങ്ങി. ആലസ്സന്‍ കിണറ്റിലിറങ്ങി... പലവട്ടം മുങ്ങിത്തപ്പിയെങ്കിലും ഒന്നും കിട്ടിയില്ല. തൊട്ടുടുത്തുള്ള കിണറുകളും കുളങ്ങളും അരിച്ചു പെറുക്കി. അലീമുവിന്റെ ബാപ്പയും രണ്ട് ആങ്ങളമാരും സംഭവം കേട്ടറിഞ്ഞെത്തി. കദീജുവിനെ അലീമുവിന്റെ ഉമ്മ വാങ്ങി തോളിലിട്ടു. കരഞ്ഞ് തളര്‍ന്ന അവളെ ഉറക്കാന്‍ അകത്തേക്ക് കയറി. കുറച്ച് കഴിഞ്ഞ് അവര്‍ ഭര്‍ത്താവിനെ വിളിച്ചെന്തോ സംസാരിക്കുന്നത് കണ്ടു. കൂട്ടം കൂടി നിന്നവര്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ അടുത്തേക്ക് നടന്നു. കൈമാറി കൈമാറി പുതിയ വിവരം അടുത്തെത്തി. അലീമുവിന്റെ വസ്ത്രങ്ങളും ആഭരണങ്ങളും അകത്തില്ലെന്നായിരുന്നു ആദ്യ വാര്‍ത്ത. ആഭരണങ്ങളുമായി അവള്‍ എങ്ങോട്ട് അപ്രത്യക്ഷമായി എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് സൈയ്തുവും രാവിലെ മുതല്‍ വീട്ടിലില്ലല്ലോ എന്ന ബോധം ഉണ്ടായത്. ഉള്ളംകാല് പോ‍ള്ളാന്‍ തുടങ്ങി.

****** ****** ***** ******
പരപുരുഷനോടൊപ്പം ഒരു സ്ത്രീയുടെ ഒളിച്ചോട്ടം നട്ടുമ്പുറത്ത് ആദ്യ സംഭവമായിരുന്നു. അത് വിവാഹിതയും മാതാവുമായ ഒരാള്‍ കൂടി ആയപ്പോള്‍ അവിശ്വനീയമായ വാര്‍ത്തയായി. മൂര്‍ച്ചയുള്ള പരിഹാസത്തിന് ഏറ്റവും കൂടുതല്‍ ഇരയായത് അലീമുവിന്റെ ഭര്‍ത്താവ് അസൈന്‍ ആയിരുന്നു. നാട്ടുകാരും കുടുബങ്ങളും ഒരു പൊലെ അദ്ദേഹത്തെ ആക്രമിച്ചു. ആദ്യമൊക്കെ രണ്ട് വയസ്സ് തികയാത്ത കദീജുവുമായി അയാള്‍ വീട്ടിനകത്ത് ഒതുങ്ങി കൂടി. ആദ്യത്തെ പരിഹാസം അമര്‍ന്നപ്പോള്‍ അതിലേറെ ശക്തിയുള്ള സഹാനുഭൂതിയോടെ അയല്‍ വാസികള്‍ അദ്ദേഹത്തെ സഹായിച്ചു. പകല്‍ കൂലിപ്പണിക്കിറങ്ങുമ്പോള്‍ അവളെ ആയിശുവിനെ ഏല്‍പ്പിച്ചു. അവര്‍ക്ക് ജോലിയുള്ള ദിവസം ബീത്താത്തയുടെ വീട്ടിലായിരുന്നു കദീജു വളര്‍ന്നത്. ഒളിച്ചോടിയവരെ ആറ് മാസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ഇനി ഒരിക്കലും നാട്ടിലേക്ക് ഇല്ലെന്നും, അന്വേഷിച്ച് ആരും ചെല്ലരുതെന്നും അവര്‍ തീര്‍ത്തുപറഞ്ഞു. “വിവരമറിഞ്ഞപ്പോല്‍ ഇഞ്ഞ് ഇങ്ങോട്ട് വന്നാല്‍ ന്റെ പറമ്പ്ക്ക് ഞാന്‍ കേറ്റൂലാ ... “എന്നായിരുന്നു ബീത്താത്താന്റെ പ്രതികരണം.

ദിവസങ്ങള്‍ക്ക് ശേഷം ബീത്താത്ത ഖാദറിനെ കാണാനെത്തിയത് മറ്റൊരു ആവശ്യവും കൊണ്ടായിരുന്നു.

4 comments:

Rasheed Chalil said...

വിസ്മയം...

shams said...

ഇത്തിരീ..
ഞെട്ടിക്കല്‍ ഇങ്ങിനെയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല.
good

Unknown said...

അപ്രതീക്ഷിതമായ ഒരു ട്ടേര്‍നിംഗ്, കൊള്ളാം

ആര്‍ബി said...

അപ്പൊ ഇതായിരുന്നു കാരണാം ല്ലെ...
ന്നാലും ന്റെ പഹയാ,,, ആ സൈനൂനെ കളഞ്ഞ് ഇങ്ങനെ ഒന്നു മേണ്ടീര്ന്നില്ല,,,


ഇത്തിരീ.. ഈ ടേണിങ്ങ് ..
ഇനിയിപ്പോ എന്താവും??